2014, മാർച്ച് 10, തിങ്കളാഴ്‌ച

മത്തന്‍ കുത്തിയാല്‍ തണ്ണിമത്തന്‍ മുളക്കില്ല


ഒരു വെക്കേഷന്‍ സമയത്താണ് അവനും കുടുംബവും
വീട്ടിലേക്ക് വന്നത് .

മൂന്നു കുട്ടികള്‍ ആണ് അവന് .
ആദ്യത്തേത് രണ്ടും പെണ്‍കുട്ടികള്‍ .
മൂന്നാമന്‍ മൂന്നു വയസ്സുകാരന്‍ . ആണ്‍കുട്ടി .

മൂന്നു വയസ്സുകാരന്‍ ആണെങ്കിലും ബഡായി കേട്ടാല്‍ ഹൈസ്കൂള്‍ നിലവാരത്തിലുള്ളതാണ്!!!

ഭക്ഷണം കഴിക്കാനിരുന്നു എല്ലാവരും .
ഞാനും ഭാര്യയും അവര്‍ക്ക് വേണ്ടത് വിളിമ്പിക്കൊടുക്കാന്‍ അടുത്തു തന്നെയുണ്ട് .

മൂന്നു വയസ്സുകാരന്‍ 'ബഡായി 'അവന്റെ ഉമ്മയുടെ മടിയില്‍ ഇരിക്കുകയാണ് .

എന്തൊക്കെയോ നിര്‍ത്താതെ വര്‍ത്തമാനം പറയുന്നുമുണ്ട് .

അവന്റെ ബഡായി ആസ്വദിച്ചാണ് എല്ലാവരും ഭക്ഷണം കഴിക്കുന്നത്‌ . ഇടയ്ക്ക് അവന് അവന്റെ ഉമ്മ ഒരുരുള ഉരുട്ടി വായില്‍ വെച്ച് കൊടുത്തു .

പെടുന്നനെ , അവന്‍ ഉമ്മയുടെ കൈ തട്ടി മാറ്റി .
ഉരുള ചിതറിത്തെറിച്ചു അവിടവിടെ തെറിച്ചു വീണു .

അവര്‍ക്ക് അത് ഇഷ്ടമായില്ല .
അവര്‍ കുട്ടിയുടെ തൊള്ളക്ക് ഒരടി വെച്ച് കൊടുത്തു .!!!

ഉടനെ വന്നു കിടിലന്‍ പ്രതികരണം !

''അന്റെ മ്മാന്റെ .......''.!!!

അത് കേട്ട് എല്ലാവരും വല്ലാതായി . അവളുടെ മുഖത്തെ പ്രകാശം കെട്ടു . 
അവനും ആകെ ചമ്മി !!

ആ ചമ്മലില്‍ നിന്ന് രക്ഷപ്പെടാന്‍ കുട്ടിയുടെ ഉമ്മ
ഒരടവെടുത്തു . ''പൂവല്ലേ പൂവ് ഞമ്മക്ക് പോവുമ്പോ
അറുക്കണം ട്ടോ .. മോനെ '' !!

അത് കേട്ട് കുട്ടി അവന്‍ പറഞ്ഞത്കൂടുതല്‍ 'വ്യക്തമാക്കി'പ്പറഞ്ഞു !!

ഒരു വിധം ഭക്ഷണം കഴിച്ചു അവര്‍ യാത്ര പറഞ്ഞു പോകുമ്പോഴും 
അവരുടെ മുഖത്തു ആ ചമ്മല്‍ ഉണ്ടായിരുന്നു .

തെറി പറയുന്ന വീട്ടിലെ കുട്ടികളേ
ഇങ്ങനെ ഒരു സങ്കോചവും കൂടാതെ തെറി പറയൂ .

വീട്ടില്‍ ദേഷ്യം വരുമ്പോള്‍ ഉപയോഗിക്കുന്ന തെറി പ്രയോഗങ്ങള്‍ കുട്ടികള്‍ അനുകരിക്കും . ഉറപ്പാണ് .
ദേഷ്യം വരുമ്പോള്‍ പറയേണ്ടതാണ് ഇതൊക്കെ എന്ന് അവരും ധരിക്കും . 
അതിനു കുട്ടികളെയല്ല കുറ്റം പറയേണ്ടത് .

ഇത്തരം തെറി പ്രയോഗങ്ങള്‍ മുളയിലെ നുള്ളിയില്ലെങ്കില്‍ ഇത് പോലെ മറ്റുള്ളവരുടെ മുമ്പില്‍ ഒരു പക്ഷെ നാണം കെടേണ്ടി വരും . നമ്മുടെ സംസ്ക്കാരമാണ് മക്കള്‍ക്കും ഉണ്ടാവുക .

അത് കൊണ്ട് തെറി പറയാതിരിക്കുക . പ്രത്യേകിച്ച് കുട്ടികള്‍ കേള്‍ക്കെ .
മാന്യമായി സംസാരിക്കുക . ദേഷ്യപ്പെടുമ്പോള്‍ പോലും വൃത്തികെട്ട പദപ്രയോഗങ്ങള്‍ സംസാരത്തിനിടക്ക് കടന്നു വരാതിരിക്കാന്‍ ശ്രദ്ധിക്കുക .

കുട്ടികള്‍ അത്തരം പ്രയോഗങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ശാസിക്കുക . 
വാര്‍ണിംഗ് കൊടുക്കുക . എന്നിട്ടും തുടര്‍ന്നാല്‍ ശിക്ഷിക്കുക .

അതിനു ശാസിക്കാന്‍ നാം ആദ്യം യോഗ്യത നേടുക .

ഇല്ലെങ്കില്‍ മറ്റുള്ളവരുടെ മുമ്പില്‍ ഇത് പോലെ ചമ്മേണ്ടി വരും . നാണം കെടും . 
പോയ മാനം പിന്നെ മാനത്തേക്ക് നോക്കിയാലൊന്നും തിരിച്ചു കിട്ടില്ല .

പിന്നെ നമുക്കില്ലാത്ത സംസ്ക്കാരം നമ്മുടെ മക്കളില്‍ ഉണ്ടാവണമെന്ന് ശഠിക്കുന്നത് വെറുതെയാണ് .

അല്ലെങ്കിലും മത്തന്‍ കുത്തിയാല്‍
തണ്ണിമത്തന്‍ മുളക്കില്ലല്ലോ !

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്