2014, മാർച്ച് 10, തിങ്കളാഴ്‌ച

പ്രകടിപ്പിക്കാതെ പോയ സ്നേഹത്തിന്റെ ഉപ്പു രുചി




പ്രകടിപ്പിക്കാതെ പോയ
സ്നേഹത്തിന്റെ
ഉപ്പു രുചിയായിരുന്നു
ഉപ്പ
എപ്പോഴും
നിലത്തിറങ്ങി പൊട്ടുന്ന
ശകാരത്തിന്റെ
മിന്നല്‍ പിണര്‍

അവിടെ കാണുമ്പോഴേക്കും
ഇവിടെ മാറിപ്പോവുന്ന
എന്നെ
വിടാതെ പിന്തുടരുന്ന
ആ കണ്ണുകളില്‍
സ്നേഹത്തിന്റെ
ഒരു മിന്നാമിന്നിയെ
പരതിയിട്ടുണ്ട്

ചിരിച്ചാല്‍ കരയേണ്ടി വരുമെന്നും
കറുത്ത ചെരുപ്പിട്ടാല്‍
ദുഃഖം കുടിയില്‍ കുടിയേറുമെന്നും
പറഞ്ഞു കൊണ്ടേയിരുന്നു
കണ്ണില്‍ പെടുമ്പോഴൊക്കെയും

എന്നിട്ടും
ആ മുഖത്തു നിന്ന്
ദുഃഖം കുടിയൊഴിഞ്ഞു പോകുന്നത്
കണ്ടതേയില്ല !

ഒടുവില്‍
ഒരു ജന്മം മുഴുവന്‍
ചിരിക്കാതെ പോയ
ചിരി മുഴുവനും
ഉണ്ടായിരുന്നു
അവസാനം
ആ മുഖം ഒരു നോക്ക് കാണുമ്പോള്‍ !!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്