കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015 ഫെബ്രുവരി 14, ശനിയാഴ്‌ച

കഥ / കണ്മഷി



ഉച്ച ഭാഷിണി ഘടിപ്പിച്ച വാഹനങ്ങള്‍ തലങ്ങും വിലങ്ങും ചീറിപ്പായുന്നു .
കൊടി തോരണങ്ങള്‍ കൊണ്ടും ഫ്ലക്സ് ബോര്‍ഡുകള്‍ കൊണ്ടും നഗരം നിറഞ്ഞു കവിഞ്ഞിരിക്കുന്നു .

'സ്ത്രീ അബലയല്ല , ഉപഭോഗ വസ്തുവല്ല , അവള്‍ക്കും ഉണ്ട് പുരുഷനെ പോലെയുള്ള അവകാശങ്ങളും കഴിവുകളും . അവള്‍ വെറും അടുക്കളക്കാരിയല്ല . അവള്ക്കും വ്യക്തിത്വമുണ്ട് . അവള്‍ അമ്മയാണ്, ഭാര്യയാണ് , സഹോദരിയാണ് , മകളാണ് , കാമുകിയാണ് .. ഇനി നമ്മുടെ നാട്ടില്‍ ഒരു ശാരിമാരും ഉണ്ടാവാന്‍ പാടില്ല . ഒരു പെണ്‍കുട്ടിയും അകാലത്തില്‍ അമ്മയാവരുത് . ജാര സന്തതികളെ പ്രസവിക്കരുത് .
ഈ മഹാ സമ്മേളനത്തില്‍ നിങ്ങളും പങ്കാളികളാവുക . അമ്മയും പെങ്ങളും മകളും ഭാര്യയും ഉള്ള എല്ലാവരും പങ്കെടുത്തു പെണ്‍ പക്ഷത്തു നില്ക്കുക . ഈ സംഗമം ചരിത്ര സംഭവമാക്കുക ... !! അനൌണ്സ് മെന്റ് നഗരത്തിലൂടെ ഒഴുകുകയാണ്


പതിനായിരക്കണക്കിന് യുവതീ യുവാക്കള്‍ സംഗമത്തില്‍ പങ്കെടുക്കും എന്നാണു സംഘാടകര്‍ അറിയിച്ചിരിക്കുന്നത് .

ജനം ഇരച്ചെത്തി തുടങ്ങി . നഗരം മനുഷ്യ സാഗരത്തില്‍ വീര്‍പ്പു മുട്ടി .
സമ്മേളനം ആരംഭിച്ചു . വിശിഷ്ടാതിഥി ഉദ്ഘാടന പ്രസംഗത്തിന് എഴുന്നേറ്റു .

മെല്ലെ ഒരു മഴ ചാറി . സദസ്സ് ഒന്നിളകി . പ്രസംഗം ചൂട് പിടിക്കുന്നതിനു അനുസരിച്ച് മഴയും ശക്തി പ്രാപിച്ചു . ഇടയ്ക്ക് സദസ്സിന്റെ ഇടതു ഭാഗത്ത് നിന്ന് ചില ഉന്തലും തള്ളലും ഉണ്ടായി . യുവാക്കളുടെ അകത്തു ചെന്നു കുടുംബ കലഹം ആരംഭിച്ച ലഹരിയുടെ അലയൊലികള്‍ പതഞ്ഞുയര്‍ന്നു പുറത്തേക്ക് പ്രവഹിച്ചു തുടങ്ങി
സ്ത്രീകളുടെ ഭാഗത്ത് നിന്ന് ചില കരച്ചിലും തെറിവിളിയും കേട്ടു .

അപശബ്ദങ്ങളില്‍ പകച്ചു പോയ ഉദ്ഘാടന പ്രാസംഗികനെ മാറ്റി നിര്‍ ത്തി സംഘാടകര്‍
'കള്ള് കുടിച്ചാല്‍ പള്ളയില്‍ കിടക്കണം 'എന്ന് ആക്രോശിച്ചു . പെട്ടെന്ന് ഒന്ന് രണ്ടു കുപ്പികള്‍ വേദിയിലേക്ക് പറന്നു വന്നു പൊട്ടിച്ചിതറി .
ആളുകള് ചിതറിയോടി .
സമ്മേളനം പിരിച്ചു വിട്ടു .

നഗരം രാത്രിയുടെ ചിറകിലേക്ക് ഉള്‍വലിഞ്ഞു . മഴ തോര്‍ന്നു ..

പിറ്റേന്ന് , നഗരം ഉണരുമ്പോള്‍ സാധാരണ കടത്തിണ്ണയില്‍ ഉറങ്ങാറുള്ള തെരുവ് ഭ്രാന്തിയുടെ അഴുക്കു പുരണ്ട വസ്ത്രങ്ങള്‍ക്ക് സ്ഥാന ഭ്രംശം സംഭവിച്ചിരുന്നു .

തൊട്ടപ്പുറത്ത് നെടു നീളത്തില്‍ വിരിച്ചിട്ട കട്ടിക്കടലാസ് തികച്ചും ശൂന്യമായിരുന്നു . അതിന്റെ തല ഭാഗത്ത് , കുറെ മഞ്ഞ കാര്‍ഡുകള്‍ അടുക്കി വെച്ചിട്ടുണ്ടായിരുന്നു . കൂടെ നിറം മങ്ങിയ ഒരു പ്ലാസ്റ്റിക് കവറും കുറച്ചു കുപ്പി വളകളും ഒരു കണ്മഷിക്കൂടും !

O

2013 ഏപ്രിൽ 23, ചൊവ്വാഴ്ച

ശരീഅത്താ നിയമം കുഞ്ഞിമ്മുവാ സാധനം !!!




കുഞ്ഞാണി കുഞ്ഞിമ്മുവിനെ എപ്പോഴും പ്രകോപിപ്പിക്കും .
''ജ്ജ് ഞ്ഞോ ട് വല്ലാതെ കളിക്കണ്ട . ഞാന്‍ വേറെ ഒന്നും കൂടി അങ്ങട്ട് കെട്ടും .
ഇസ്ലാമില്‍ നാലെണ്ണം കെട്ടാം എന്ന് നിയമം ണ്ട് ..'!

അത് കേള്‍ക്കുമ്പോള്‍ കുഞ്ഞിമ്മു മോന്ത കനപ്പിച്ച്‌ അമര്‍ത്തിച്ചവിട്ടി അടുക്കളയിലേക്കു പോകും .

കുഞാണിയുടെ ഈ വര്‍ത്തമാനം കേട്ട് ഒരിക്കല്‍  കുഞ്ഞിമ്മുവിന് കലി കേറി .
അവള്‍ അടുക്കളയില്‍  ചെന്ന് വെട്ടുകത്തിയുമായി വന്നു കുഞ്ഞാണിയോട് പറഞ്ഞു .

''മേലാല്‍  ഈ ഈ വര്‍ത്താനം പറഞ്ഞാല്‍ ങ്ങള് നോക്കിക്കോ ഞാനും ശരീഅത്ത് നടപ്പാക്കും ...
ങ്ങക്ക് മാത്രല്ല ശരീഅത്ത്.." !

കുഞ്ഞാണി ഒന്നയഞ്ഞു ..

'ന്റെ കുഞ്ഞിമ്മ്വോ ജ്ജ് എന്ത് ശരീ അത്താ നടപ്പാക്ക്വാ..' ?

''അല്ല മാന്സാ ങ്ങള് ഇസ്ലാം പറഞ്ഞ പോലെ ആണോ കജ്ജ്ണത് ? ഇസ്ലാമില്‍ അന്യ പെണ്ണുങ്ങളെ നോക്കാന്‍ പാടുണ്ടോ ? ഇന്ന് ട്ട് ങ്ങള് നോക്ക് ണ് ല്ലേ ? എഷണി പറയാന്‍ പറ്റ്വോ ഇസ്ലാമില്‍ ? ങ്ങള് ഒരു ദിവസം എത്തെരെ മനുസമ്മാരെ പച്ച എറച്ചിയാ തിന്നുണത് ?

ബീഡി വലിച്ചാം പാടുണ്ടോ ങ്ങള് ഒരു ദിവസം എത്ത്ര കെട്ട് ബീടിയാ വലിച്ചുണത് വല്ല കണക്കൂം ണ്ടോ ?
ഒന്നും മാണ്ട ഒരു മുസ്ലിമായ മന്സന്റെ നിര്‍ബന്ധമായ കടമയാ അഞ്ചു വഖ്ത്തു നിസ്ക്കാരം . അഞ്ചു പോയിട്ട് ഒരു വഖ്ത്തു നിങ്ങള്‍ നിസ്ക്കരിക്ക്ണ് ണ്ടോ ?
നിസ്ക്കരിക്കാത്തോന് ഈ ഭൂമിയില് ജീവിക്കാനെ അര്‍ഹത ല്ല . ഓനെ വെട്ടി ക്കൊല്ലണം ന്നാ
ഇസ്ലാമില് ! അതോണ്ട് , പറഞ്ഞത് പറഞ്ഞു , മേലാല്‍ ഇതും പറഞ്ഞു ഇങ്ങട്ട് വരരുത് ..
ദാ , ഈ കത്തി കൊണ്ട് ഞാന്‍ ശരീഅത്ത് നേര് ക്ക് അങ്ങട്ട് നടപ്പാക്കും ... ! ങ്ങക്ക് കുഞ്ഞിമ്മൂനെ സരിക്കും മനസ്സിലായിട്ടില്ല !!!!

പിന്നീടൊരിക്കലും കുഞ്ഞാണി ആ കാര്യം മുണ്ടിയിട്ടില്ല !!!

2012 ഒക്‌ടോബർ 30, ചൊവ്വാഴ്ച

ഡെഡ് മണി





കന്നിമൂലയില്‍ നിന്ന് തറ കീറിത്തുടങ്ങുമ്പോള്‍ ജോലിക്കാരോടൊപ്പം നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നു . എങ്കിലും സുഖമുള്ള ഒരു സ്വപ്നത്തിന്റെ ആരംഭം പോലെ കുളിരുണര്‍ത്തുന്ന അദൃശ്യമായ ഏതോ വിരല്‍ത്തലപ്പുകള്‍ ഉള്ളിലെവിടെയോ തഴുകുന്നപോലെ . ദീര്‍ഘകാലത്തെ മോഹ സാഫല്യത്തിന്റെ ഒന്നാം ഘട്ടം തീര്‍ച്ചയായും സന്തോഷത്തിനുമപ്പുറം മറ്റെന്തൊക്കെയോ സമ്മാനിക്കുന്നുണ്ട് .

പണിക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ കൊടുത്തും അവരെ ശ്രദ്ധിച്ചും ഓടി നടക്കുന്നതിനിടെ   ഒരു ബൈക്ക് വീട്ടു പടിക്കല്‍ നിര്‍ത്തുന്നതും ഓര്‍മ്മയിലെവിടെയോ നിറം മങ്ങിക്കിടന്ന ഒരു മുഖം സമൃദ്ധമായ ചിരിയോടെ ഇറങ്ങിവരുന്നതും കണ്ടു.

''അന്‍വറല്ലേ.."
"അതെ "
"മനസ്സിലായിക്കാണില്ല. ഞാന്‍ രാമദാസ് . നിന്റെ പഴയ ക്ലാസ് മേറ്റ്‌ "
"ഞങ്ങളുടെ ആസ്ഥാന ഗായകന്‍ ജൂനിയര്‍ യേശുദാസ് .."?
"അപ്പൊ ഒന്നും മറന്നിട്ടില്ല ..!!"
"മറക്കാനാവുമോ നിന്നെയും നിന്റെ പാട്ടുകളേയും ..."
"നീ ആകെ മാറി "
"നിനക്കുമുണ്ട് ഒരു പാട് മാറ്റം "
"എന്തൊക്കെയുണ്ട് പറ നിന്റെ വിശേഷങ്ങള്‍ "
"ദൈവാനുഗ്രഹം കൊണ്ട് വലിയ അല്ലലൊന്നും കൂടാതെ കഴിഞ്ഞു പോകുന്നു "

"നീ എന്ത് ചെയ്യുന്നു "?
ഒരു പക്കാ വാധ്യാര്‍ . കൂടെ ചില സൈഡ് ബിസിനസ്സുകളും . ഞങ്ങള്‍ മാഷമ്മാരുടെ ഭാഷയില്‍ "എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസ് " ജീവിച്ചു പോണ്ടേ ..?

"സാവിത്രി" ?
"പിന്നീട് ഒന്ന് രണ്ടു തവണ കണ്ടിരുന്നു . ഭര്‍ത്താവ് ഒരു അപകടത്തില്‍ മരിച്ചു . ഇപ്പോള്‍ രണ്ടു പെണ്‍കുട്ടികളുമായി ജീവിച്ചു തീര്‍ക്കുന്നു "
"നിന്റെ ശ്രീമതി ?"
"ഒരു എല്‍ പി സ്കൂളില്‍ ടീച്ചറാണ് "
മക്കള്‍ ?
രണ്ട്‌ ; മോനും മോളും ..
'യഥാര്‍ത്ഥ സന്തുഷ്ട കുടുംബം ..'

"ഇനി നിന്റെ കഥ പറ "
"മക്കള്‍ 2:2"
"ഈ വീട് നിനക്ക് തന്നെയല്ലേ ? പലപ്പോഴും ഇത് വഴി കടന്നു പോവാറുണ്ട് . "
"വാങ്ങിയിട്ട് രണ്ടു വര്‍ഷത്തോളം ആയി . ഇനി ഇതൊരു വീടായിക്കിട്ടണം ''
"നല്ല പ്ലോട്ട് ; സൌകര്യമുള്ള സ്ഥലം . വലിയ വിലയായിക്കാണും . സ്ഥലത്തിനൊക്കെ ഇപ്പൊ എന്താ വില ? ''ഇതൊരു വീടായിക്കിട്ടണമെങ്കില്‍  റിയാല്‍ കുറച്ചെങ്ങാനും കുഴിച്ചിടെണ്ടി വരുമല്ലോ ..''
''നോക്കട്ടെ , അടുത്ത വെക്കേഷനില്‍ കുടിയിരിക്കണം എന്നാണു ആഗ്രഹം . നടക്കുമോ എന്നറിയില്ല ..''
വല്ലാത്ത ഒരാവേശത്തോടെ വീടിന്റെ പ്ലാന്‍ അവനു കാണിച്ചു കൊടുത്തു .

'നിങ്ങള്‍ പ്രവാസികളുടെ ഒരു കുഴപ്പം ഇതാണ് .വീടിനു വേണ്ടി കണ്ടമാനം കാശ് തുളച്ചു കളയും . ഇതൊക്കെ വെറും ഡെഡ് മണിയാണ് .ഡെഡ് മണി . ആഢംബരത്തിനും പൊങ്ങച്ചത്തിനും നിങ്ങളൊക്കെ കത്തിച്ചു കളയുന്ന കാശിനു വല്ല പ്രോപര്‍ട്ടിയും വാങ്ങിയിട്ടാല്‍ അതങ്ങനെ വളരും . പന പോലെ .. 

കൂട്ടത്തില്‍  പറയട്ടെ ,അങ്ങനെ വല്ല  മോഹവുമു ണ്ടെങ്കില്‍ ഒന്നറിയിക്കണേ
ഞാനിപ്പോള്‍  ആ  രംഗത്ത്  കൂടി  ഒരു  കൈ നോക്കുന്നുണ്ടേ .ക്ലിക്കായാല്‍ നിങ്ങളൊക്കെ രണ്ടും  മൂന്നും  കൊല്ലം  കൊണ്ട്  ഉണ്ടാക്കുന്നത്  ഒന്നോ രണ്ടോ ദിവസം കൊണ്ട്  കയ്യിലെത്തും  തീരെ  വിയര്‍ക്കാതെ.."

അല്പം  ജാള്യതയോടെയാന്നെങ്കിലും  ഞാന്‍  പറഞ്ഞു :
'ദാസേ, ഇത്  വളരെ കാലത്തെ   ഒരു സ്വപ്നമാണ്. നിനക്കറിയുമോ,ദാരിദ്രത്തിന്റെയും   തീരാത്ത വിശപ്പിന്റെയും   ചോര്‍ന്നൊലിക്കുന്ന  വൈക്കോല്‍ കൂരക്കു കീഴെ  പത്തുമക്കളുമായി    എന്റെ   ഉമ്മ. ചോരാത്ത  ഇത്തിരിയിടത്ത്  ചുരുണ്ടു കുടിയിരുന്ന്   നേരം  വെളുപ്പിച്ചിരുന്ന  എത്രയെത്ര  മഴക്കാല  രാവുകള്‍ ... കാറ്റും  മഴയും  വരുമ്പോള്‍ , തള്ളക്കോഴി ചിറകുകള്‍ക്കുള്ളിലേക്ക്  കുഞ്ഞുങ്ങളെ  ഒളി പ്പിക്കുന്ന പോലെ  ഉമ്മ  അവരിലേക്ക്
ഞങ്ങളെ  ചേര്‍ത്ത്  പിടിക്കും.ഒരു  ഇമ പോലും   പൂട്ടാതെ, ചോരാത്ത  ഇത്തിരിയിടത്ത്  കീറച്ചാക്കുകള്‍ കൊണ്ട് ഞങ്ങളെയൊക്കെ പുതപ്പിച്ച് കാവലിരിക്കും...

അന്നേ, മനസ്സില്‍  വല്ലാത്തൊരു  മോഹമുണ്ടായിരുന്നു. എല്ലാ  സൗകര്യമുള്ള  ഒരു  വീട്. അതാണിപ്പോള്‍  ദൈവാനുഗ്രഹം  കൊണ്ട്  സഫലമാവാന്‍  പോവുന്നത്. ദാസേ,  ഒരു  കാര്യത്തില്‍  മാത്രമേ  എനിക്ക്  സങ്കടമുള്ളൂ.. ഇതൊന്നും  കാണുകയോ  അനുഭവിക്കുകയോ  ചെയ്യും  മുമ്പേ, ഇല്ലായംയിലൂടെ   നീന്തി  നീന്തി  ആശ്വാസത്തിന്‍റെ  ഒരു  തുരുത്തിലെത്തും  മുമ്പേ  അവരങ്ങ്   പോയി.. ''
'അതൊക്കെ  പോകട്ടെ, നീ  വീടൊക്കെ വെച്ചോ '?

'ഒരു  ചെറിയ  വീട്  ഞാനും  വെച്ചു. രണ്ടു  ബെഡ്  റൂം, അടുക്കള, ഡൈനിങ്ങ്‌  ഹാള്‍ , ഒരു  ബാത്ത്  റൂം .തീര്‍ന്നു. ആ കൊച്ചു സാമ്രാജത്തില്‍  ഭാര്യയും മക്കളുമൊത്ത്  ഞാനങ്ങനെ  സുഖമായി  കഴിയുന്നു...
വലിയ  വീടല്ലല്ലോ  പ്രധാനം .മനസ്സമാധനമല്ലേ...'

'നിന്‍റെ  പഴയ  അസുഖമൊക്കെ  ഇപ്പോഴുമുണ്ടോ? നമ്മുടെ  കൂട്ടത്തിലെ  'കപി'യായിരുന്നല്ലോ  നീ?'
'അതൊക്കെ  ജീനിലുള്ളതല്ലേ? എവിടെപ്പോയാലും  കൂടെക്കാണുമല്ലോ.. ഇടയ്ക്ക്  എന്തെങ്കിലുമൊക്കെ  എഴുതാറുണ്ട്..'

'ചോദിക്കാന്‍ വിട്ടു പോയി.നിന്‍റെ  ഉണ്ടക്കണ്ണി  സുഹ്റയെക്കുറിച്ച്  വല്ല  വിവരവും ഉണ്ടോ'?
'അവളെയൊക്കെ ഏതോ പണച്ചാക്ക് നേരത്തെ കൊത്തിപ്പറന്നില്ലേ?ഇപ്പോള്‍ ഗള്‍ഫിലാണെന്നു  തോന്നുന്നു...?

'നിന്‍റെ  പാട്ടും  സംഗീതവും..'?

''അതൊക്കെ ഞാനന്നേ വിട്ടു.ഇപ്പോള്‍  മോള്‍ നന്നായി പാടുന്നുണ്ട്. നമ്മുടെ കാലത്തെ പോലയോന്നും അല്ലല്ലോ ഇപ്പോള്‍ .  അവസരങ്ങള്‍ക്കൊരു  പഞ്ഞവുമില്ല..'
'തറവാട്  കുറച്ചപ്പുറത്താണ് . വാ, അവിടെയൊന്ന് കേറിയിട്ട്  പോവാം. എന്‍റെ  'താത്ത'യേയും മക്കളേയും  ഒന്ന്  കാണാമല്ലോ..?
'അത് പിന്നീടൊരിക്കലാവാം.ഇത്തിരി  തിരക്കുണ്ട്...?
'സൗകര്യം കിട്ടുമ്പോള്‍ നീയും മക്കളും ഒന്ന്  വരണം..'
''തീര്‍ച്ചയായും ..''
'ഏതായാലും   സന്തോഷം.വളരെക്കാലങ്ങള്‍ക്ക് ശേഷം ഒന്ന് കാണാനായല്ലോ..?

അവന്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി  മുന്നോട്ടെടുക്കുമ്പോള്‍  'പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്കാകാശമുണ്ട് എന്ന രാമദാസിന്റെ  മാസ്റ്റെര്‍പീസ്‌ നാടക  ഗാനം വിദൂരതയില്‍ നിന്ന് ഒഴുകി  വരുന്നത്  പോലെ തോന്നി.

ആരെയൊക്കെ പരിചയപ്പെടുന്നു..സൗഹൃദം  മൊട്ടിടുന്നു ..പിന്നീടെപ്പോഴോ, പല വഴി വേര്‍പിരിയുന്നു..

ഒരു നിയോഗമെന്നോണം   ചിലരെ വീണ്ടും കണ്ടു  മുട്ടുന്നു.മറ്റു ചിലരെ പിന്നീടൊരിക്കലും കാണാതെ.. ജീവിത യാത്രയിങ്ങനെയിങ്ങനെ..



രണ്ടു വര്‍ഷത്തിനു ശേഷമുള്ള ഈ അവധിക്കാലത്തിന്  മുമ്പത്തേക്കാളേറെ മധുരമുണ്ട് .
നാട്ടിലെത്തിയതിന്റെ നാലാം നാള്‍ പാലു കാച്ചല്‍ ചടങ്ങ്. വിളിക്കേണ്ടവരെയും പറയേണ്ടവരെയും നേരത്തെ നിശ്ചയിച്ചു കഴിഞ്ഞു. അടുത്ത സുഹൃത്തുക്കളും  ബന്ധുക്കളും മാത്രം.
പണി മുഴുവനും തീര്‍ന്നില്ല. ഇനിയുമുണ്ട്   ഒരു പാട് ചെയ്ത് തീര്‍ക്കാന്‍ . എല്ലാം  സാവധാനം  പൂര്‍ത്തിയാക്കാം. ഇവിടം വരെ എത്തിയില്ലേ? അതു തന്നെ ഭാഗ്യം.
ഈ അവധിക്കാലം മക്കളോടും ഭാര്യയോടുമൊപ്പം ഞങ്ങളുടേതായ ലോകത്ത്...

നാട്ടിലെത്തിയ പാടെ ക്ഷണിക്കാനിറങ്ങി. അടുത്ത സുഹൃത്തുക്കളുടെ പട്ടികയില്‍ രാമദാസിനെയും ഉള്‍പ്പെടുത്തിയിരുന്നു .  കഴിഞ്ഞ  വെക്കേഷന്‍ തീരും മുമ്പ്  അവന്‍റെ വീട്ടിലൊന്ന്
പോവണമെന്ന് കരുതിയതാണ്. അവന്‍ ക്ഷണിച്ചതുമാണ്. പക്ഷേ, ഒരവധിക്കാലം മുഴുവനും  'തറ പ്പണി'യില്‍
മുങ്ങിപ്പോയി. പുരപ്പണിയെന്നൊക്കെ പറയാനെളുപ്പമാണ്. അതൊന്ന് പൂര്‍ത്തീകരിച്ചു കിട്ടുമ്പോഴേക്കും മനുഷ്യനാകെ നട്ടം തിരിയും. പ്രത്യേകിച്ച് ഇക്കാലത്ത്‌..  ഗള്‍ഫുകാരന്‍റെറതാണെങ്കില്‍ പിന്നെ പറയാനുമില്ല.

അന്ന് നേരില്‍ കണ്ടപ്പോള്‍ രാമദാസ്‌ പറഞ്ഞു തന്ന ഒരേകദേശ ധാരണ വെച്ചാണ് അവന്‍റെ നാട്ടില്‍ ചെന്നത്. പക്ഷെ, അവന്‍ പറഞ്ഞ പോലുള്ള ഒരു കൊച്ചു വീട് അവിടെയെങ്ങും കണ്ടില്ല. എല്ലാം വലിയ വലിയ മണി മാളികകള്‍ .സ്ഥലം മാറിപ്പോയോ? അടുത്തുകണ്ട ഒരാളോട് ചോദിച്ചു:

'രാമദാസിന്റെ വീടേതാണ്..?
'ദാസ്‌ മാഷെയല്ലേ...?
'അതെ..'
'അതാ ആ  കാണുന്നത് തന്നെ... ആ പുതിയ  വീട് ' കഴിഞ്ഞ ആഴ്ച യായിരുന്നു കുടിയിരിക്കല്‍ ...''
'രാമദാസ്‌  നിലയം' എന്ന് സ്വര്‍ണ്ണ ലിപിയിലെഴുതിയ വലിയ ഗേറ്റിനു  മുമ്പില്‍, ആ മണി മന്ദിരം  നോക്കി ഞാന്‍ നിന്നു. വിശ്വാസം വരാതെ.


2012 ഏപ്രിൽ 25, ബുധനാഴ്‌ച

കഥ : പാളങ്ങള്‍


നാലുമണിക്കേ എഴുന്നേല്‍ക്കണമെന്ന അയാളുടെ ആവശ്യത്തോട് അവള്‍ പ്രതികരിച്ചത് ഇങ്ങനെയാണ് . 'അയ്യോ , അത്ര നേരത്തെയോ , അഞ്ചിന് എണീറ്റാല്‍ തന്നെ ധാരാളം സമയമുണ്ട്. വെറുതെയെന്തിനാ സുഖകരമായ ഒരു മണിക്കൂര്‍ വേസ്റ്റാക്കുന്നത്..'?

എന്നിട്ടും അയാള്‍ നാലരയ്ക്ക്  തന്നെ അലാറം വെച്ചു  .
അവളും മക്കളും ഒരുങ്ങിപ്പിടിച്ചു ഇറങ്ങുമ്പോള്‍ എന്തായാലും വൈകും . മൈന ഏതാണ്  നാളെ ഇടേണ്ടത് എന്ന് പോലും നിശ്ചയിട്ടുണ്ടാവില്ല . നൈന  അവള്‍ക്കിടാനുള്ള തൊക്കെ നേരത്തെ ത്തന്നെ ഒരുക്കി വെക്കുന്നത് കണ്ടു .
'നല്ല കുട്ടികള്‍ ഇങ്ങനെയായിരിക്കു'മെന്നു ഒരു കോംബ്ലിമെന്റ് കൊടുത്തു
അയാള്‍ അവള്‍ക്ക്.

ഭാര്യക്കും   മൂത്ത മോള്‍ക്കും തന്നെയാണ് ഒരുങ്ങാന്‍ കൂടുതല്‍ സമയം വേണ്ടിവരിക .  

'നീ ജീരകവെള്ളം എടുത്തുവെച്ചിട്ടുണ്ടോ ? അത് മറന്നാല്‍ പിന്നെ ഏതെങ്കിലും കുപ്പിവെള്ളം കുടിക്കേണ്ടിവരും . അത് നമ്മുടെ പോക്കറ്റിനെ മാത്രമല്ല ആരോഗ്യത്തെയും ബാധിക്കും . ഏതെങ്കിലും വൃത്തികെട്ട പുഴ വെള്ളമോ കുളത്തിലെ അഴുക്കുവെള്ളമോ ഒക്കെയാണ് കുപ്പിയിലാക്കി കൊള്ളാവുന്ന ഒരു പേരും വെച്ച് കൊള്ളലാഭത്തിനു വില്‍ക്കുന്നത് ..'


അയാളുടെ അധികപ്രസംഗത്തിന് ചെവികൊടുക്കാതെ അവള്‍ എപ്പോഴോ ഉറങ്ങിക്കഴിഞ്ഞിരുന്നു .

അയാള്‍ മെല്ലെ കണ്ണടച്ച് കിടന്നു . വെളുപ്പിന് ഏഴിന് മുമ്പേ സ്റ്റേഷനില്‍ എത്തണം .  അതെങ്ങാനും മിസ്സായാല്‍ ഇന്നത്തെ യാത്ര തന്നെ അവതാളത്തിലാവും . രാത്രി ഏഴു മണിയാവും തിരുവനന്ത പുരത്തെത്താന്‍.

രണ്ടു പെണ്‍കുട്ടികളും ഭാര്യയും രാത്രിയും റെയില്‍വേ സ്റ്റേഷനും എല്ലാം കൂടി ഓര്‍ത്തപ്പോള്‍  അയാള്‍ക്ക് ആധി പെരുത്തു. ഒറ്റയ്ക്ക് യാത്ര പോകുന്ന പോലെയല്ല  പെണ്‍മക്കളുമായുള്ള യാത്ര . 

ഈ ആശങ്കകള്‍  അവളുമായി പങ്കുവെച്ചപ്പോള്‍ അവള്‍ അയാളെ കൊച്ചാക്കി പറഞ്ഞു:
'അതിനെന്താ നിങ്ങളില്ലേ കൂടെ ? അങ്ങനെയൊക്കെ പേടിച്ചും സങ്കല്‍പ്പിച്ചും ഇരുന്നാല്‍ വല്ലതും നടക്കുമോ? നിങ്ങള്‍  എങ്ങനെയിങ്ങനെ ഒരു  പേടി ത്തൊണ്ടനായി എന്റെ മാഷെ ? വെറുതെ കട്ടി മീശയും വെച്ച് നടന്നാല്‍  മതിയോ? 
നിങ്ങള്‍ പേടിക്കേണ്ട , ഞാനുണ്ട് കൂടെ കൂള്‍ ഡൌണ്‍ .. ' 

അവളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പോവാമെന്നു വെച്ചത് . കാലമേറെയായി അവള്‍ പറയുന്നു. വസന്തചേച്ചിയെ ഒന്ന് കാണണമെന്ന്. ചേച്ചിക്ക് എന്തോ അസുഖം ഉണ്ടെന്നു കേട്ടത് മുതല്‍ അവള്‍ക്ക് തീരെ ഇരിക്കപ്പൊറുതിയില്ല .

ചേച്ചിയെന്നു പറഞ്ഞാല്‍ അവള്‍ക്ക് ജീവനാണ് . 
കെട്ടിക്കൊണ്ടു വരുമ്പോള്‍ തന്നോട് ഏറ്റവും കൂടുതല്‍ അവള്‍ സംസാരിച്ചത് വസന്തയെ കുറിച്ചാണ്. 
അവളുടെ ടീച്ചര്‍ ആയിരുന്നു വസന്തകുമാരി . വീടിനു തൊട്ടപ്പുറത്തെ വാടക വീട്ടിലെ താമസക്കാരി .

അവളുടെ കല്യാണത്തലേന്നു ബോംബെക്കാരി അമ്മായി രണ്ടുകൈകളിലും കാലുകളിലും മുട്ടോളം മൈലാഞ്ചിയിട്ട് ചുവപ്പിച്ചപ്പോള്‍ അവള്‍ക്ക് ചോറ് വാരിക്കൊടുത്തത് വസന്തേച്ചി യായിരുന്നുവത്രേ. അന്ന് ചേച്ചിയോടൊപ്പം അവരുടെ വാടക വീട്ടില്‍ ആണ് പോലും അവള്‍ കിടന്നത്.


വീട്ടില്‍ കല്യാണ ത്തിന്റെ ഒച്ചയും ബഹളവും ആയിരുന്നു. 
ചേച്ചി തന്നെയാണ് അങ്ങനെയൊരു സജഷന്‍ മുന്നോട്ടു വെച്ചത് . 
'ഇന്ന് ഏതായാലും നീ ഉറക്കമിളക്കണ്ട '
ചേച്ചി അങ്ങനെയാണ് . ചിലപ്പോള്‍  നല്ല ഒരു കൂട്ടുകാരി . മറ്റു ചിലപ്പോള്‍ ഉത്തരവാദിത്തമുള്ള ഒരു ജ്യേഷ്ടത്തി . ചില നേരങ്ങളില്‍ സ്നേഹമുള്ള അമ്മ . ചിലപ്പോള്‍ ഗുണകാംക്ഷിയായ അധ്യാപിക .

അവളുടെ വലിയ വായിലെ വര്‍ണ്ണനകള്‍ കേട്ട് മെല്ലെമെല്ലെ വസന്ത ടീച്ചറെ അയാളും ഇഷ്ടപ്പെട്ടു തുടങ്ങി.

അവളുടെ വീട്ടിലേക്കു പോകുമ്പോള്‍  അവള്‍ ആദ്യം ഓടിച്ചെല്ലുക ടീച്ചറിന്റെ അടുത്തേക്കാണ് . അധികം സംസാരിക്കാനൊന്നും വരില്ല . കുലീനമായ കാണാന്‍ ഭംഗിയുള്ള ഒരു ചിരി തരും എപ്പോഴും. 

അവളോടെ ഉള്ളു തുറക്കൂ . 
'കല്യാണമൊന്നും വേണ്ടേ ഇങ്ങനെ മൂത്ത് നരക്കാന്‍ തന്നെയാണോ പരിപാടി '? എന്ന് അവള്‍ ഒരിക്കല്‍ ചോദിച്ചു പോലും .. 
'നിങ്ങളെ പോലെ മുട്ടയില്‍ നിന്ന് വിരിയും മുമ്പേ യൊന്നും ഞങ്ങളെ കെട്ടിക്കില്ല . ഇനി നിനക്കൊരു കുട്ടിയൊക്കെ  ആവട്ടെ . എന്നിട്ടേ ഞാന്‍ കല്യാണം കഴിക്കുന്നുള്ളൂ.. '

ടീച്ചറെ കുറിച്ച് പറയുമ്പോള്‍ നൂറു നാക്കാണ് അവള്‍ക്ക് . അവളെ ചൊടിപ്പിക്കാന്‍ ഇടയ്ക്ക് അയാള്‍ പറയും .. 
നിന്റെ ആദ്യത്തെ പുത്യാപ്ല ആയിരുന്നോ വസന്ത ? നീയും നിന്റെ ഒരു കോഴിവസന്തയും ..
അത് കേള്‍ക്കെ അവള്‍ക്ക് കലിയിളകും . കോക്രികാട്ടിയും നല്ല മുഴുത്ത നുള്ള് വെച്ച് കൊടുത്തും അവള്‍ അയാളോട് കലി തീര്‍ക്കും .

പിന്നെയും കുറേക്കാലം കഴിഞ്ഞാണ് വിവരം അറിയുന്നത് . വസന്ത ച്ചേച്ചി സുമംഗലിയാവാന്‍ പോകുന്നു . വരന്‍ ആ സ്കൂളില്‍ തന്നെ യുള്ള മുരളി മാഷ്‌ . അവര്‍ പ്രേമത്തിലായിരുന്നുവത്രേ. 

അതറിഞ്ഞപ്പോള്‍ അയാള്‍ അവളെ ശുണ്‍ഠി പിടിപ്പിച്ചു . 
'നിന്റെ വസന്ത ആള് കൊള്ളാമല്ലോ , കണ്ടാല്‍ വെറും പാവം .. പുളിങ്കൊമ്പില്‍ കേറിയങ്ങ് പിടിച്ചല്ലോ ..
'അതിനെന്താ പ്രേമിച്ചു കല്യാണം കഴിക്കുന്നത് തെറ്റാണോ ? ചേച്ചി തെറ്റൊന്നും ചെയ്തിട്ടില്ല .'


മുരളി മാഷും അവളുടെ അധ്യാപകനാണ് . കണക്കു മാഷ്‌. കുട്ടികളുടെ പേടി സ്വപ്നം . 
പക്ഷെ അവള്‍ക്കു മുരളി മാഷെ അത്ര ഇഷ്ടമല്ല . 'അത്ര നല്ല ടീച്ചര്‍ക്ക് എങ്ങനെ അയാളെ ഇഷ്ടമായി ? എനിക്ക് മാഷെ കാണുന്നതെ പേടിയാണ് ..'
'അയാള്‍ നിന്റെ രക്ഷകനല്ലേ . അയാളെ പറ്റി നീ ഇത് തന്നെ പറയണം . അയാള്‍ തക്ക സമയത്ത് ഓടി വന്നില്ലായിരുന്നെങ്കില്‍ നീ ആയിരിക്കില്ല ഇന്ന് എന്റെ ഭാര്യ ..'
'അതോണ്ടെന്ത്യെ ങ്ങക്ക് നല്ലൊരു സുന്ദരിക്കുട്ടീനെ കിട്ടീലെ ..'.
'ഓ , ഒരു സുന്ദരിക്കോത ..'

അയാള്‍ എണീറ്റ് ചെന്ന് മണ്കൂജയില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചു . സമയം പന്ത്രണ്ട് പത്ത്.

നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആള്‍മറയില്ലാത്ത കിണറ്റിലേക്ക് ബക്കറ്റിനോടൊപ്പം അവളും വീണത്‌ . രാത്രിയില്‍ വെള്ളം കോരാന്‍ ഇറങ്ങിയതായിരുന്നു  അവള്‍ . അന്ന് കിണറ്റില്‍ രണ്ടാള്‍ക്ക്‌ വെള്ളമുണ്ട് . അവള്‍ക്കു നീന്തല്‍ അറിയാമായിരുന്നത്  ഭാഗ്യം .  അവള്‍ മുങ്ങിപ്പൊങ്ങി കിണറിന്റെ ഒരു 'പാമ്പേരിയില്‍' പിടിച്ചു നിന്നു. ബഹളവും നിലവിളിയും കേട്ട് ആദ്യം ഓടിയെത്തിയത് മുരളി മാഷ് ആയിരുന്നു. കസേരയിരക്കി കിണറ്റിലിറങ്ങി അവളെ രക്ഷിച്ചതും മാഷ്‌ തന്നെ.
അത് കൊണ്ട് തന്നെ രണ്ടു പേരോടും അവള്‍ക്കു വല്ലാത്ത കടപ്പാടും വിധേയത്വവും ഉണ്ട് .. 


ഓരോ സ്കൂള്‍ വെക്കേഷന്‍ സമയത്തും അവള്‍ പറയും :
'നമുക്കൊന്ന് പോകാം മാഷെ .. ' 


ഭാഗ്യത്തിന് വസന്തക്കും മുരളി മാഷ്ക്കും ഒരുമിച്ചാണ് അവരുടെ നാട്ടിലേക്ക് ട്രാന്‍സ്ഫെര്‍ ശരിയായത് . ഇടയ്ക്കു അവള്‍ ചേച്ചിക്ക് വിളിക്കാറുണ്ട് . വിവരങ്ങളൊക്കെ അവളുടെയടുത്ത് അപ്ടുഡേറ്റ് ആണ്. 


അയാള്‍ക്ക്‌ യാത്ര ഇഷ്ടമേയല്ല . അവള്‍ക്കാണെങ്കില്‍ യാത്ര ജീവനാണ് . യാത്രാ വേളകളില്‍ അവള്‍ പതിവിലേറെ പ്രസന്നവതിയായിരിക്കും . സ്റ്റേഷനില്‍ മുരളി മാഷ്‌ വന്നു നില്‍ക്കാം എന്ന് പറഞ്ഞിട്ടുണ്ട് . പറ്റുമെങ്കില്‍ കോവളം , നാഗര്‍ കോവില്‍ , കന്യാകുമാരി  ഇവിടെയൊക്കെ ഒന്ന് പോകണം . മക്കള്‍ക്കും ഒരു ചേഞ്ച്‌ ആവും . 


സ്കൂളില്‍ നിന്ന് മൂന്നാറിലേക്ക് ടൂര്‍ പോകാന്‍ വാശി പിടിച്ചപ്പോള്‍ നൈന ക്ക് വാക്ക് കൊടുത്തതാണ് കന്യാകുമാരിയിലേക്ക് കൊണ്ട് പോകാം എന്ന് . സത്യത്തില്‍ അയാളുടെ ഉള്‍ഭയം തന്നെയായിരുന്നു അതിനും കാരണം . പെണ്‍കുട്ടികളെ ടൂറിനു പറഞ്ഞയക്കുന്ന രക്ഷിതാക്കള്‍ക്ക് വല്ല മന:സമാധാനവും മുണ്ടാകുമോ അവര്‍ തിരിച്ചെത്തും വരെ ..?


ഇടയ്ക്കെപ്പോഴോ അയാളൊന്നു മയങ്ങി. പിന്നീട് എപ്പോഴോ അയാള്‍ ഞെട്ടിയുണര്‍ന്നു .  സമയം നാല് മണിക്ക് പത്തു മിനിറ്റ് ബാക്കി . തന്റെ കുളിയും പ്രാഥമിക കാര്യങ്ങളും നടത്തിയാലോ ? റയില്‍വേ സ്റ്റേഷന്‍ വരെ കൊണ്ട് വിടാന്‍ ഒരു ഓട്ടോ ക്കാരനെ ഏര്‍പ്പാടാക്കിയിട്ടുണ്ട് . ഇനി അവന്‍ എഴുന്നേറ്റു വരാന്‍ വൈകുമോ എന്തോ? അഞ്ചു മണിക്ക് അവനെ ഒന്ന് വിളിക്കാം . ഒരുറപ്പിന്. അവന്‍ ഉറങ്ങിപ്പോയാല്‍ പോക്ക് കുളമാവും.


ട്രെയിനില്‍ വലിയ തിരക്കൊന്നും കണ്ടില്ല . ജനറല്‍ കമ്പാര്‍ട്ട് മെന്റ് മതിയെന്ന് അവളാണ് പറഞ്ഞത്. പകലല്ലേ യാത്രയുള്ളൂ . രാത്രിയാകുമ്പോഴേക്കും അവിടെ എത്തുകയും ചെയ്യും . അയാള്‍ക്ക്‌ സ്ലീപ്പര്‍ ക്ലാസ് ആയിരുന്നു ഇഷ്ടം . ടെന്‍ഷന്‍ കുറയും . അത് പറഞ്ഞു തര്‍ക്കിക്കാനൊന്നും നില്‍ക്കാതെ അയാള്‍ ടിക്കറ്റ് എടുത്തു . നാല് പേര്‍ക്കും ഒന്നിച്ചിരിക്കാന്‍ സീറ്റ് കിട്ടിയത് ഭാഗ്യം . മക്കളും വല്ലാത്ത സന്തോഷത്തിലാണ് . 
യാത്രക്കാര്‍ ക്രമേണ വര്‍ധിച്ചു കൊണ്ടിരുന്നു . ഓരോ സ്റ്റോപ്പില്‍ നിന്നും കണ്ടമാനം ആളുകള്‍ കേറിത്തുടങ്ങി . 


വട വടെ വട എന്ന കൊതിപ്പിക്കുന്ന വിളിച്ചു പറയലിനോടൊപ്പം അവരുടെ മുമ്പിലെത്തിയ നല്ല ചൂടുള്ള ഉഴുന്ന് വട കണ്ടപ്പോള്‍ അവള്‍ക്കും കുട്ടികള്‍ക്കും വാങ്ങിയെ തീരൂ . 
അയാള്‍ പറഞ്ഞു: ട്രയിനിലെ ആഹാര സാധനങ്ങളൊന്നും കഴിക്കാന്‍ കൊള്ളില്ല . വെറുതെ വയറു കേടാക്കണ്ട . നമുക്ക് ദീര്‍ഘ ദൂരം യാത്ര ചെയ്യാനുള്ളതാണ് .'
ഒടുവില്‍ അവള്‍ ഇടപെട്ടു .
'ഒന്നും സംഭവിക്കില്ലന്നേ .. എത്ര ആളുകള്‍ ആണിതൊക്കെ വാങ്ങിക്കഴിക്കുന്നത് . എന്നിട്ട് അവര്‍ക്ക് വല്ല കുഴപ്പവും ഉണ്ടോ ? 


അയാള്‍ ആവശ്യപ്പെടും മുമ്പേ അവള്‍ നാല് വടക്ക് ഓര്‍ഡര്‍ കൊടുത്തു . 
അയാള്‍ വട വില്പനക്കാരനോട് പറഞ്ഞു : മൂന്നെണ്ണം മതി .


അടുത്ത സ്റ്റോപ്പില്‍ നിന്ന് ഒരു മധ്യ വയ്സ്ക്ക കേറി വന്നു സീറ്റ് കിട്ടാതെ കറങ്ങിത്തിരിഞ്ഞ് ഒടുവില്‍ മൈനയോടു പറഞ്ഞു : 'മോളെ ഒന്ന് 
അഡ്ജസ്റ്റ് ചെയ്യാമോ? അവള്‍ അയാളെ ഒന്ന് നോക്കി , അവര്‍ക്ക് ഇരിക്കാന്‍ സൗകര്യം ചെയ്തു കൊടുത്തു . 
ഏതു തരക്കാരാണെന്ന് ആര്‍ക്കറിയാം . അയാള്‍ മനസ്സില്‍ പറഞ്ഞു.


അവരുടെ കണ്ണുകള്‍ മക്കളുടെ കഴുത്തില്‍ കിടക്കുന്ന സ്വര്‍ണ്ണ ചെയിനിലെക്കും കമ്മലിലേക്കും നീളുന്നുണ്ടെന്നു അയാള്‍ക്ക്‌ തോന്നി.


ദൂരയാത്രയാണ് ആഭരണമൊന്നും വേണ്ടെന്നു എത്ര പറഞ്ഞതാണ് ..
കേള്‍ക്കണ്ടേ . 'ചേച്ചിയൊക്കെ കാണുമ്പോള്‍ മോശമല്ലേ ? വല്ല ചന്ത ക്കമ്മ ലും ഇട്ടു ചെന്നാല്‍ അവരെന്തു വിചാരിക്കും ? കുറച്ചില്‍ നമുക്ക് തന്നെയല്ലേ ? ഇള്ളക്കുട്ടികള്‍ ഒന്നും അല്ലല്ലോ അവര് . അവരുടെ സാധങ്ങളൊക്കെ സൂക്ഷിക്കാന്‍ അവര്‍ക്ക് അറിയാം .. അവള്‍ ഇടപെട്ടത് അന്നേരം അയാള്‍ ഓര്‍ത്തു .


ഇപ്പോള്‍ നാല് ചെറുപ്പക്കാര്‍ ആണ് അവര്‍ക്ക് അഭിമുഖമായി ഇരിക്കുന്നത് . ഒരറ്റത്ത് ഒരു മധ്യവയസ്ക്കന്‍ . അയാള്‍ തൃശൂരില്‍ നിന്നാണ് കേറിയത്‌ . അയാളുടെ സ്യൂട്ട് കേസ് തന്റേതു പോലെയാണല്ലോ എന്ന ദുഷ്ചിന്ത അയാളിലപ്പോള്‍ ഉടലെടുത്തു . 


ത്ന്റെതിനു അടുത്തു തന്നെ കല്പിച്ചു കൂട്ടി അയാള്‍ പെട്ടി വെച്ചത് എന്തിനാവും ? അയാളുടെ മട്ടും ഭാവവും കണ്ടിട്ട് ഒരു കള്ളാ ലക്ഷണം ഉണ്ട് . ഇപ്പോഴത്തെ കാലത്ത് ആരെയാണ് വിശ്വസിക്കുക ? ഏതെല്ലാം വിധത്തിലാണ് തട്ടിപ്പ് നടത്തുകയെന്ന് ഒരു നിശ്ചയവും ഇല്ല . 


ആ പെട്ടിയില്‍ എന്താവും ? കുഴല്‍പ്പണമാകുമോ? അതോ മാരകായുധങ്ങ ളോ ? ഇനി വല്ല ബോംബോ മറ്റോ ആവുമോ? ഭീകര വാദികളുടേയും തീവ്രവാദികളുടേയും കാലമാണ് . എന്തെങ്കിലും അപായം മണത്താല്‍ പെട്ടെന്ന് പെട്ടി മാറ്റി അയാളെങ്ങാനും കടന്നു കളഞ്ഞാലോ ? കുടുങ്ങാനും ആഴിയെണ്ണാനും പിന്നെ അതുമതി . തന്റെ പെട്ടിയില്‍ നിന്ന് എന്തോ എടുക്കാനെന്ന ഭാവേന അയാള്‍ പെട്ടി തനിക്കരികിലേക്ക് കൂടുതല്‍ ചേര്‍ത്തു വെച്ചു .


ചെറുപ്പക്കാര്‍ മക്കളെയും ഭാര്യയേയും ശ്രദ്ധി ക്കുന്നുണ്ടെന്ന് അയാള്‍ കണ്ടു പിടിച്ചത് അപ്പോഴാണ്‌ . അവരൊക്കെ തങ്ങളുടെ വിലകൂടിയ മൊബൈലുകളില്‍ വ്യത്യസ്തങ്ങളായ നേരം പോക്കുകളില്‍ മുഴുകിയിരുപ്പാണ് . അവരുടെ കണ്ണുകള്‍ ഇടയ്ക്കിടെ മക്കളെയും ഭാര്യയെയും ഉഴിയുന്നുണ്ട് . മൈനയുടെ തട്ടം തോളിലേക്ക് ഊര്‍ന്നു വീണു കിടക്കുന്നു . ഈ കുട്ടിക്ക് ഒരു ശ്രദ്ധയുമില്ല .

ബ്ലൂട്ടൂത്തിന്റെയും ഒളി കാമറയുടെയും കാലമാണ് . ബാത്ത് റൂം പോലും ഇന്നത്തെ കാലത്ത് സുരക്ഷിതമല്ല . നാളെ തന്റെ മക്കളുടെയും ഭാര്യയുടെയും നഗ്ന ചിത്രങ്ങള്‍ ഇന്റര്‍ നെറ്റിലൂടെ പ്രചരി ക്കില്ലെന്ന് ആര് കണ്ടു ? തന്റെ ഗ്രാമത്തിലെ ഒരു പ്ലസ്‌ ടു ടീച്ചറുടെ അശ്ലീല ചിത്രങ്ങള്‍ ഇയ്യിടെ നെറ്റിലൂടെ ഒഴുകി നടക്കുന്നുണ്ട് എന്ന് ആരോ പറഞ്ഞത് അയാള്‍ അന്നേരം ഓര്‍ത്തു .
അയാള്‍ ഭാര്യയോടു സ്വകാര്യം പറഞ്ഞു :
'ആ ചെക്കന്മാരെ സൂക്ഷിക്കണം . അവരുടെ ഇരിപ്പും ഭാവവും കയ്യിലിരുപ്പും അത്ര ശരിയല്ല .. '

അവള്‍ അല്പം പുച്ഛം കലര്‍ന്ന ഭാഷയില്‍ അയാളോട് പറഞ്ഞു :
'നിങ്ങള്ക്ക് വെറുതെ ഓരോന്ന് തോന്നുന്നതാ , അങ്ങനെ സംശയിക്കാന്‍ തുടങ്ങിയാല്‍ നമുക്ക് ജീവിക്കാന്‍ പറ്റുമോ? എങ്ങോട്ടെങ്കിലും പോകാന്‍ പറ്റുമോ? നിങ്ങള്‍ ഓരോന്ന് ആലോചിച്ചു ഈ യാത്രയുടെ രസം കളയാതിരുന്നാല്‍ മതി ...' 
അയാള്‍ അവളുടെ മുമ്പില്‍ വീണ്ടും ചെറുതായി .
മക്കളും ഭാര്യയും യാത്ര നന്നായി ആസ്വദിക്കുകയാണ് .

ഇപ്പോള്‍ ട്രെയിന്‍ കുതിച്ചു പായുന്നത് അയാളുടെ മനസ്സിലൂടെയാണ് . തുരങ്കങ്ങളും പാലങ്ങളും വയലുകളും കുന്നുകളും മേടുകളുമൊക്കെ കടന്ന് , അകം നിറയെ കനലെരിഞ്ഞ് , തീതുപ്പി , കുതിച്ച് , 
വല്ലാതെ കിതച്ച്‌ ..!!







2012 മാർച്ച് 19, തിങ്കളാഴ്‌ച

കഥ : ശുഭ്രം

വര : ഇസ്ഹാഖ് നിലമ്പൂര്‍ 


കോളിംഗ്ബെല്‍ ഒന്നുരണ്ടുവട്ടം ചിലച്ചിട്ടും അകത്ത് ആളനക്കമൊന്നും കേള്‍ക്കുന്നില്ല .
'ആരുമില്ലേ' എന്ന് ശങ്കിച്ച് വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ 
മുറ്റത്ത് ഇടതുവശം ചേര്‍ന്ന് അല്പം കെട്ടിപ്പൊക്കിയ കൊച്ചു പൂന്തോട്ടത്തില്‍ പേരറിയാത്ത ഒരുപാട് പൂക്കള്‍ 'ആരാ , എവിടുന്നാ, എന്ന ഉദ്വേഗം   നിറഞ്ഞ കണ്ണുകളാല്‍   തന്നെ നോക്കി നില്‍ക്കുന്നത് കണ്ടു അയാള്‍ . 
പപ്പായ , പേരക്ക , വാഴ , ചേമ്പ് , മുരിങ്ങ ,   തുടങ്ങി ചില കൊച്ചുമരങ്ങളും  കുറച്ചു ചെടികളും. 
ഒക്കത്തും പോരാത്തതിന് കൈകളിലും പലപ്രായത്തിലുള്ള ചക്കക്കുട്ടികളുമായി ഒരു വരിക്കപ്ലാവ് . 
തീ നിറമുള്ള നിറഞ്ഞ മാറിടങ്ങള്‍ പരമാവധി പുറത്തു കാണിച്ചു മൂന്നു നാലു ചെന്തെങ്ങുകള്‍ . 
വട്ടത്തില്‍ പന്തലൊരുക്കി  മണ്ണിനെ വാരിപ്പുണര്‍ന്ന്  
രണ്ടു ഉങ്ങ് മരങ്ങള്‍ .


കാലുകള്‍ കൊണ്ടും കൊക്കുകള്‍ കൊണ്ടും   എന്തൊക്കെയോ ചിക്കിപ്പരതുന്ന, 
നെറ്റിയില്‍ പൂവുള്ള രണ്ടു ഇണ ക്കോഴികള്‍ .  
അതിര്‍ത്തിയിലെ സൈനികനെ പോലെ നാലുപാടും സൂക്ഷ്മ നിരീക്ഷണം നടത്തി ,  ഒരു തള്ളക്കോഴി .. അതിന്റെ പിന്നാലെ പാലപ്പൂ നിറമുള്ള കുറെ കോഴിക്കുഞ്ഞുങ്ങള്‍ .


ഗേറ്റിനപ്പുറത്ത് വീടിനു മുമ്പിലൂടെ പോകുന്ന റോഡില്‍ വാഹനങ്ങളുടെ മരണപ്പാച്ചില്‍ . 
പൈക്കുട്ടിയുടെ കയറും പിടിച്ച് എങ്ങോട്ടോ പോകുന്ന ഒരു പെണ്‍കൊടി .  
അല്പമകലെ ഒരു കൊച്ചുവീടിന്റെ മുറ്റത്ത് മണ്ണുവാരിക്കളിക്കുന്ന വലിയ വയറും മെലിഞ്ഞ കൈകാലുകളുമുള്ള രണ്ടു  കുട്ടികള്‍ .
വിശാലമായ മുറ്റത്തിന്റെ ഒരരികില്‍ അടിമുടി പൂത്തുനില്‍ക്കുന്ന മൂവാണ്ടന്‍ മാവിലെക്കാണ് പിന്നീട് കണ്ണുകള്‍ വലിഞ്ഞു കയറിയത്.
മുഴുവനും  മാങ്ങയാവില്ല . എന്നാലും ..!


അന്ന് വീടുവെക്കാന്‍ മുറിച്ചുമാറ്റേണ്ടി  വന്ന മാവിനെക്കുറിച്ചു അന്നേരം അയാള്‍  ഓര്‍ത്തു .
അതില്‍ നിറയെ ഉണ്ണി മാങ്ങകള്‍ ഉണ്ടായിരുന്നു .  
ജെ.സി.ബിയുടെ തുമ്പിക്കൈകള്‍ 'അവളെ' മുരടോടെ കോരിയെടുത്ത് ദൂരേക്ക്‌ എറിഞ്ഞ രംഗം ഇപ്പോഴും മനസ്സിലുണ്ട്  ; ഒരു മുറിവായി.


ഒരനക്കവും കേള്‍ക്കുന്നിലെന്നായപ്പോള്‍ ബെല്ലില്‍ ഒന്നുകൂടി വിരലമര്‍ത്തി 
സിറ്റൌട്ടിന്റെ ഇടതുവശം ചേര്‍ന്ന കിടപ്പുമുറിയുടെ ജനല്പാളികള്‍ തുറന്നുകിടപ്പുണ്ട്. 
ആളുണ്ടെന്നുറപ്പ്.


സ്വര്‍ണ്ണ വര്‍ണ്ണത്തില്‍ വാതിലിന്റെ മാറിടത്തില്‍ ചേര്‍ന്നുകിടക്കുന്ന മണിച്ചിത്രത്താഴ് അപ്പോഴാണ്‌ ശ്രദ്ധിച്ചത്.
ഇത് കിട്ടാന്‍ മസൂദും ഞാനും കറങ്ങാത്ത സ്ഥലങ്ങളില്ല . കറുത്ത സുന്ദരിയുടെ കഴുത്തിലെ  സ്വര്‍ണ്ണ മാലപോലെ  ഈ താഴ് വാതിലിന് ഒരഴക് തന്നെ. അയാള്‍ മനസ്സില്‍ പറഞ്ഞു.


ഡോറിനടുത്തേക്ക്‌ ആരോ നടന്നു വരുന്ന കാലൊച്ച . 
പ്രതീക്ഷിച്ച പോലെ വാതില്‍ തുറന്നത് അലീന .
'അല്ല ; ഇതാരാ .. കുറെ നേരമായോ വന്നിട്ട് ? ഞാന്‍ കുളിക്കുകയായിരുന്നു ..'
'വന്നതേയുള്ളൂ . ഞാനൂഹിച്ചു . ബാത്ത് റൂമിലോ മറ്റോ ആയിരിക്കും എന്ന്..'
'എന്തേ  സൈറയെയും കുട്ടികളെയും കൂടി കൊണ്ടരാമായിരുന്നില്ലേ..'?
'കുട്ടികള്‍ക്ക് ക്ലാസ് ഉണ്ട് . പിന്നെ അത്യാവശ്യമായി മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ കൂടി പോവുകയും വേണം .'
'മസൂദ് വിളിച്ചിരുന്നില്ലേ..'
'വിളിച്ചിരുന്നു . ദിവസവും രണ്ടു പ്രാവശ്യമെങ്കിലും വിളിക്കും .'
'വന്നിട്ടിപ്പോ...'?
'ഒരാഴ്ച കഴിഞ്ഞു. വെറും നാല്പത്തഞ്ച് ദിവസം മാത്രല്ലേ ഉള്ളൂ..' 
കുട്ടികള്‍ എവിടെ?
സ്കൂളില്‍ പോയി  .. മോന്‍ കോളേജിലും . വരുമ്പോഴേക്കും നാലു നാലര ആവും ..'
'ഉപ്പ എവിടെ'?
' ആ  റൂമിലാണ് ..'
'ഞാന്‍ ചായയെടുക്കാം ..'


അലീന അന്ന് കണ്ടതിലേറെ ഇത്തിരി തടിച്ചിട്ടുണ്ട്. കുറച്ചു കാലം അവര്‍ അവിടെ ഉണ്ടായിരുന്നല്ലോ..
വീടിന്റെ അകസൌന്ദര്യം ആസ്വദിച്ച് മെല്ലെ പിതാജിയുടെ കിടപ്പുമുറിയിലേക്ക് നടന്നു.
മസൂദ് അങ്ങനെയാണ് വിളിക്കാറ് . പിതാജി.
വളഞ്ഞു പുളഞ്ഞു വീടിന്റെ മുകള്‍ത്തട്ടിലേക്ക് കേറിപ്പോവുന്ന സ്റ്റെയര്‍ കേസിലൂടെ കണ്ണുകള്‍ ഒരു നിമിഷം ഓടിക്കേറി.


തൊണ്ണൂറു വയസ്സ് കഴിഞ്ഞ പിതാശ്രീ ഇപ്പോഴും പത്രം വായിക്കുമെന്നും എല്ലാ കാര്യങ്ങളും സ്വന്തം ചെയ്യുമെന്നും മസൂദ് പറഞ്ഞിരുന്നു.


ഒരുള്‍ പ്രദേശത്തായിരുന്നു അവരുടെ തറവാട് . 
വാഹനം പോലും എത്താത്ത സ്ഥലത്ത്. 
മെലിഞ്ഞ ഒരു വയല്‍ വരമ്പാണ്‌ അങ്ങോട്ടുള്ള 'എക്സ് പ്രസ്  ഹൈവേ '.! 
മസൂദ് ഏറ്റവും ഇളയതാണ് . എട്ടു ആണും , രണ്ടു പെണ്ണും .
പത്തു മക്കള്‍ . ഇപ്പോള്‍ പേരക്കുട്ടികളടക്കം കണക്കെടുത്താല്‍ നൂറ്റൊന്നു പേര്‍ . ഇതൊരു സംഭവം തന്നെ ആണല്ലോ മസൂദ് . ഒരിക്കല്‍ അങ്ങനെ കൌതുകപ്പെട്ടത്‌ അയാള്‍ ഓര്‍ത്തു.


ഒച്ചയനക്കി , ചാരിയിട്ട വാതിലില്‍ ചെറുതായി ഒന്ന് മുട്ടി തുറന്നു നോക്കുമ്പോള്‍ കട്ടിലില്‍ ആളില്ല .


എവിടെപ്പോയെന്ന ചോദ്യം മനസ്സിലുണരും മുന്‍പേ വിശാലമായ മുറിയില്‍ തെക്കോട്ട്‌  
തുറന്നു വെച്ച ജനലിനു അഭിമുഖമായി ഒരു കസേരയില്‍ ഇരിക്കുന്നു അദ്ദേഹം . 
മുമ്പില്‍ ഒരു കണ്ണാടി നാട്ടി വെച്ചിട്ടുണ്ട്.


കയ്യുള്ള ബനിയന്‍ . കരയില്ലാത്ത വെള്ളത്തുണി. നിറയെ അറകളുള്ള പച്ച അരപ്പട്ട . മേഘത്തുണ്ടിന്റെ വെണ്മയില്‍ തിങ്ങിയ താടി . മലയാള ഭാഷയിലെ 'ഠ' എന്ന അക്ഷരത്തിന്റെ ആകൃതിയില്‍ , വെട്ടിത്തിളങ്ങുന്ന കഷണ്ടി. അതിന്റെ ഓരം ചേര്‍ന്ന് ഏതാനും മുടിനാരുകള്‍ അനുസരണയോടെ വീണു കിടക്കുന്നു.


വാതില്‍ തുറന്നതും ഒരാള്‍ അകത്തു കടന്നതും അറിഞ്ഞില്ലെന്നു തോന്നുന്നു.
അല്പം കേള്‍വിക്കുറവുണ്ടെന്നു മസൂദ് പറഞ്ഞിരുന്നല്ലോ..
തഴക്കം ചെന്ന ഒരു ബാര്‍ബറുടെ കൈകളിലെതെന്ന പോലെ കത്രിക ചലിച്ചു കൊണ്ടിരിക്കുന്നു! 
അതിശയപ്പെട്ടു പോയി. ഈ പ്രായത്തിലും സ്വയമിങ്ങനെ...!!


താടിയും മീശയും ശരിയാക്കിക്കഴിഞ്ഞിട്ടു സ്വസ്ഥമായി സംസാരിക്കാമല്ലോ എന്ന് കരുതി കട്ടിലിന്റെ ഒരരികില്‍ അയാള്‍ ഇരുന്നു. 
ശ്രദ്ധ തെറ്റി പോറലേല്‍ക്കരുതല്ലോ ..
കത്രിക പണി നിര്‍ത്തിയപ്പോള്‍ സമാധാനമായി .


പക്ഷെ വീണ്ടും വിസ്മയിപ്പിച്ചു കൊണ്ട് പിതാജി ഷേവിംഗ് സെറ്റ് കയ്യിലെടുത്തു. 
ഇനിയെന്താണ് പടച്ചോനെ പരിപാടി?  


ഇപ്പോള്‍ നടക്കുന്നത് സത്യം പറഞ്ഞാല്‍ തലമുണ്ഡനം ആണ്! 
നേരില്‍ കാണുന്ന രംഗം വിശ്വസിക്കാനാവാതെ വീര്‍പ്പടക്കി നിന്നു .
നന്നേ ഇടുങ്ങിയ പോക്കറ്റ് റോഡിലൂടെ കാറോടിച്ചു പോകുന്ന ഒരു ഡ്രൈവറെ പോലെ സൂക്ഷ്മതയോടെ  കൈകള്‍ ചലിക്കുന്നു..


പിതാജിയുടെ തലയില്‍ കൂടുതല്‍ മുടിയൊന്നും ഇല്ലാഞ്ഞത്‌ നന്നായി. മടിത്തട്ടില്‍ വിരിച്ച തോര്‍ത്തു മുണ്ടിലും ഉടുത്ത ബനിയനിലും വെളുത്ത നൂലുപോലെ മുടിത്തുണ്ടുകള്‍ ചിതറി വീണു കിടക്കുന്നു.


എല്ലാം കഴിഞ്ഞു എണീക്കാനോരുങ്ങുമ്പോള്‍ ഒരു കൈ സഹായിക്കാനാഞ്ഞു . അങ്ങനെ ഒരാവശ്യം ഉദി ക്കുന്നെയില്ലെന്ന് ബോധ്യം വന്നപ്പോള്‍ സ്വയമൊഴിഞ്ഞു ..


മുഖാമുഖം കാണുന്നത് അപ്പോഴാണ്‌ .
മുഖം നിറയെ നിലാവ് വീണു കിടക്കുന്നു . കണ്ണുകളില്‍ സംതൃപ്തിയുടെ തടാകം . ഹൃദയം തൊടുന്ന ഒരു ചിരി ചിരിച്ച് 'ദാ പ്പോ വരാം..' എന്ന ഭാവത്തില്‍ മുറിയോട് ചേര്‍ന്നുള്ള ബാത്ത് റൂമിലേക്ക്‌ അദ്ദേഹം കേറിപ്പോയി വാതിലടച്ചു..


അപ്പോഴേക്കും അലീന ചായയുമായി എത്തി.
'എല്ലാം സ്വയം ചെയ്യും അല്ലെ..'
'ങാ , ആരുടേയും സഹായം വേണ്ടി വന്നിട്ടില്ല ഇത് വരെ. അതൊട്ട്‌ ഇഷ്ടോം ല്ല '
'താടി ശരിയാക്കലും മുടി കളയലും ഒക്കെ ...'
ബാര്‍ബര്‍മാരെ വിളിക്കാനൊന്നും സമ്മതിക്കില്ല ..'.


അപ്പോള്‍ കേട്ടു അകത്തു നിന്ന് ഒരു വിളി.
'മളേ  ....'
അതിന്റെ അര്‍ഥം മനസ്സിലായ പോലെ അലീന അലമാര തുറന്ന് ഒരു ജോഡി ബനിയനും തുണിയും എടുത്തു കൊണ്ടുപോയി കൊടുത്തു.
'തണുത്ത വെള്ളത്തിലൊക്കെ കുളിക്കുമോ..?
'പൈപ്പില്‍ ചൂട് വെള്ളവും ഉണ്ട്. ന്നാലും തണുത്ത വെള്ളം കൊണ്ടാ കുളി..'


ഏറിപ്പോയാല്‍ ഒരു പത്തു മിനിറ്റ് . കുളിച്ചു സുന്ദരനായി പിതാജിയെത്തി..
'കാക്കുട്ടിന്റെ ഒപ്പം ഉള്ള ആളാ .. രണ്ടാളും ഒരേ റൂമിലാണ്..'
അലീന നല്ല ശബ്ദത്തില്‍ പരിചയപ്പെടുത്തി.
'എവിടെ അന്റെ വീട്'.?
സ്ഥലം പറഞ്ഞു കൊടുത്തു.
കുറേക്കാലം ആയോ ഗള്ഫില് ?
കൃത്യമായ വര്‍ഷം പറയാനുള്ള വിമ്മിട്ടത്തോടെ പരുങ്ങുമ്പോള്‍ അടുത്ത ചോദ്യം വന്നു.
'നിര്‍ത്തി പോരാനായില്ലേ..' ?
'കുട്ട്യാളെ  കെട്ടിക്കാനൊക്കെയുണ്ട്'


''കുട്ട്യാളെ കെട്ടീക്കാനുന്ടെങ്കി പിന്നെ പോരാനോന്നും പറ്റൂല . ഇപ്പോഴത്തെ കാലത്ത് ഒരു കുട്ടിനെ ഇറക്കി വിടണം എന്നുണ്ടെങ്കി എത്തര ഉറുപ്പ്യ വേണം..സ്വര്‍ണ്ണ ത്തിനു വില കൂടുക തന്നെ അല്ലെ.. ഇന്നലത്തെ പത്രത്തില്‍ കണ്ടിലെ സര്‍വകാല റിക്കാര്‍ഡ് ആണത്രേ .. സ്വര്‍ണ്ണത്തിനു ഇങ്ങനെ കൂടുമ്പോ ന്നാ പെണ്ണിനെ ചോദിക്കാം വരുന്നോര് കൊറക്ക്വോ .. അതൊട്ടില്ല താനും . അവിടേം സര്‍വകാല  റിക്കാര്‍ഡ് തന്നെ..!!
നഷ്ടങ്ങളൊക്കെ നഷ്ടം തന്ന്യാ .. പക്ഷേങ്കില് ചില നഷ്ടങ്ങളൊന്നും ഇല്ലാതെ നേട്ടങ്ങള്‍ ഉണ്ടാകൂല ..''


അപ്പോഴേക്കും പൊടിയരിക്കഞ്ഞിയും പയറുപ്പേരിയുമെത്തി .
'അസുഖം വല്ലതും ഉണ്ടോ പ്പോ.."?
'കാര്യമായി ഒന്നൂല്ല .. ഇത്ര ആയുസ്സ് തര്വ .. ദീനോം കേടും ഒന്നും ഇല്ലാണ്ടിരിക്ക്യാ . അത് തന്നെ വല്യ ഭാഗ്യം അല്ലെ? ഒന്നിനും ഒരു ബുദ്ധിമുട്ടും ഇല്ല . ബാത്ത് റൂം ദാ ആ കാണ് ണതാ . 
അവടെ ചൂട്‌ വെള്ളോം ണ്ട് .. പച്ച വെള്ളോം ണ്ട് .. ഒന്നങ്ങ്ട്ടു തിരിച്ചാ മതി..' 
ഓര്‍മ്മയ്ക്ക്‌ ഒരു കൊറവും ഇല്ല. കാഴ്ചക്കും. 
ഇപ്പൊ കൂടുതല്‍ ആള്‍ക്കാര്‍ക്കും മറവി രോഗാ .. കഴിഞ്ഞ മാസാ ന്റെ പഴേ ചങ്ങായി മമ്മദു മരിച്ചത്. 
ഞങ്ങള്‍ രണ്ടാളും ഒന്നിച്ചാ ഹജ്ജിന് പോയത്. മക്കള് കൊണ്ടോയതാ . 
അല്ലെങ്കി ഞങ്ങക്കൊന്നും ആ ഭാഗ്യം കിട്ടൂലാ..


കുറെ കഷ്ടപ്പെട്ട ആളേര്ന്നു ഓന് . മക്കളൊക്കെ ഗള്‍ഫി പോയി സുഖായി വരേനൂ .. എന്ത് ചെയ്യാനാ അവസാന കാലത്ത് ഒന്നും ഓര്‍മ്മല്ലെയ്നൂ .. പാത്തുണതും തൂറുണതും ഒന്നും . ഈ സുഖങ്ങള്‍ ഒക്കെ അനുഭവിക്കുമ്പോ ഓര്‍മ്മ ഇല്ലാണ്ടായാല്‍ പിന്നത്തെ കാര്യം പറയണോ..


പിതാജി കഞ്ഞികുടിക്കുന്നതിനിടയിലും പറഞ്ഞു കൊണ്ടിരുന്നു ..


'ലോകം ഒക്കെ ഒരു പാട് മാറി. മനുസമ്മാരും . അതിനു ആരീം കുറ്റം പറഞ്ഞിട്ടൊന്നും കാര്യം ല്ല . 
അന്നന്നത്തെ ചുറ്റുപാട് അനുസരിച്ച് ജീവിക്ക്യെ പറ്റൂ..  
കാലത്തിന്റെ മുമ്പില് നടക്കാന്‍ പറ്റീലെങ്കിലും ഒപ്പെങ്കിലും നടക്കണം . 
ചില ആള്‍ക്കാരുണ്ട് .. അവര് എല്ലാത്തിനും വാശി പിടിക്കും .. മക്കള് നല്ല സൗകര്യം ള്ള
പുതിയ പൊരണ്ടാക്കും.. പക്ഷെ , തന്താര് അങ്ങോട്ട്‌ പോകൂല .. 
ഞാന്‍ ജനിച്ചു വളര്‍ന്ന പോരീന്ന് ഞ്ഞി മരിച്ചേ ഇറങ്ങൂ .. എന്ന് വാശി പിടിക്കും .. 
അങ്ങനെ വാശി പിടിക്കേണ്ട വല്ല കാര്യോം ണ്ടോ ..


ആര്‍ക്കും ഒരു ഭാരം ആകാണ്ടേ ജീവിക്കാന്‍ പറ്റ്യാ പടച്ചോന്‍ കണക്കാക്കിയ അത്ര കാലം ജീവിക്കാം .. അവയവങ്ങള്‍ക്ക് ഒരു കൊയപ്പവും ണ്ടാവരുത്. അവര് പണി മുടക്ക്യാ കുടുങ്ങ്യെത് തന്നെ ..
ഒരു മന്സന്റെ ഏറ്റവും വല്യ ഭാഗ്യം അതാ.. '


കഞ്ഞി കുടി കഴിഞ്ഞു കയ്യും വായയും കഴുകി വന്നു കട്ടിലിലിരിക്കുമ്പോള്‍ മൊബൈല്‍ ശബ്ദിച്ചു.. 


തലയണക്കടിയില്‍ നിന്ന് മൊബൈലെടുത്ത് ചെവിയോടു ചേര്‍ത്ത് വെച്ച് ഉറക്കെ സംസാരിച്ചു തുടങ്ങി.. സുഖവിവരങ്ങള്‍ ചോദിച്ചറി യാനുള്ള വിളിയാണ് എന്ന് മനസ്സിലായി..


'ദമ്മാമ്മു ന്ന് വല്യോന്റെ മോനാ .. ഫവാസ് .. കുട്ട്യാള് ഇടക്കിങ്ങനെ വിളിക്കും . 
ഇത് ണ്ടായതോണ്ട് എന്താ ഉപകാരം.. പണ്ടൊക്കെ മരിച്ചവിവരം പറയാനോ, ജനിച്ച വാര്‍ത്ത അറീക്കാനോ   ആളാ പോയിനെ .. ആരെയെങ്കിലും പറഞ്ഞയക്കും..
ന്നാല്‍ ഇപ്പോളോ ? അതിന്റെ ഒന്നും ആവശ്യം ഇല്ല . 
പ്പോ കൊറച്ചു കാലമായിട്ടു കാക്കുട്ടി നെറ്റിലാ വിളി. 
അങ്ങോട്ടും ഇങ്ങോട്ടും കാണൂം ചെയ്യാം .. വര്‍ത്തമാനം പറീം ചെയ്യാം ..
ലോകം അടുത്തുക്ക് ഇങ്ങോട്ട് വര്വാ .. 
ഇതൊക്കെ കാണാനും അനുഭവിക്കാനും കയിഞ്ഞ ത് ഭാഗ്യം തന്നെ ആണ് ന്റെ കുട്ട്യേ ..


'ജ്ജ് വീടൊക്കെ ഉണ്ടാക്കിയോ..'? 
'ങാ .. രണ്ടുകൊല്ലായി കുടിയിരുന്നിട്ട്‌..'


ഈ സ്ഥലമൊക്കെ ഒരു ഷാരഡി ന്റെതായിരുന്നു .. ഏക്കറു കണക്കിന് സ്ഥലം അങ്ങനെ കിടക്കേനൂ.. അന്ന് രാത്രിയിലൊക്കെ ഇതിലെ പോകാന്‍ പേടിയായിരുന്നു.. ഇപ്പോള്‍ കണ്ടില്ലേ വരിവരിയായി വീടുകളാ .. പഴേ പോലെ കൂട്ട് കുടുംബോം ജീവിതോം ഒന്നും ഇപ്പൊ ആര്‍ക്കും പറ്റൂലാ .. അതൊട്ട്‌ നടക്കൂം ല്ല ..


പണ്ട് നല്ലോണം ണ്ടാക്കിയ തന്താരെ മക്കള് പ്പോ അതൊക്കെ വിറ്റ് തിന്ന്യാണ് .. അന്നില്ലാത്തോല് ന്ന് ണ്ടാക്കുണൂം ണ്ട് .


കുട്ട്യാള് ഗള്‍ഫിലൊക്കെ പോയതോണ്ട് പഴയ മാതിരി പട്ടിണി ല്ലാണ്ടായി .. 
മക്കള്‍ക്കൊക്കെ നല്ല വിദ്യാഭ്യാസവും കിട്ടി .. എവിടെ നോക്ക്യാലും പ്പോ കോളേജും സ്കൂളും .. 
ഈ ജനലങ്ങ് ട്ട്  തൊറന്നാ കാണാം .. രാവില അങ്ങോട്ടും ഇങ്ങോട്ടും സ്കൂള്‍ ബസ്സുകള്‍ അങ്ങനെ പോണൂ  .. ഒന്നങ്ങുട്ടു പോകുമ്പോ , ഒന്നിങ്ങുട്ട്..


'അന്റെ ഉപ്പീം ഉമ്മീം ഒക്കെ ഉണ്ടോ..' ?
'ഉമ്മ ഉണ്ട് .. ഉപ്പ നേരത്തെ പോയി ..'


ഒരു മന്സന്റെ ഏറ്റവും വല്യ വെഷമം അതാ .. രണ്ടിലൊരാള്‍ നേരത്തെ പോകുക ന്ന് ള്ളത് .. നബീസു പോയപ്പളാ ഞാന്‍ തളര്‍ന്നത്.. ന്നെ നിര്‍ത്തി പടച്ചോന്‍ ഓളെ കൊണ്ടോയി .. ഒരു കണക്കിന് അത് നന്നായി .. നേരെ തിരിച്ചായിരുന്നെങ്കിലോ ? ഓള്‍ക്ക് ങ്ങനെ ഒന്നും പിടിച്ചു നിക്കാന്‍ കഴിയൂലാ ..
പിതാജിയുടെ സംസാരം കേട്ട് സമയം പോയതറിഞ്ഞില്ല ..


ഇറങ്ങാനൊരുങ്ങുമ്പോഴാണ്‌ അത് ശ്രദ്ധിച്ചത് ! 
പിതാജിയുടെ   വെളുവെളുത്ത താടി രോമങ്ങള്‍  മെല്ലെ മെല്ലെ കറുത്ത്  വരുന്നു.. !!
'ന്നാ ഞാന്‍ ഇറങ്ങട്ടെ .. എന്ന് പറഞ്ഞ് കൈകൊടുത്തു നിവരുമ്പോള്‍ ഒരു നിമിഷം അയാളുടെ കണ്ണുകള്‍ നാട്ടി നിര്‍ത്തിയ കണ്ണാടിയില്‍ ഉടക്കി.. 
വിശ്വാസം വരാതെ അയാള്‍ അയാളെ തന്നെ നോക്കി നിന്നു...!!



2012 ഫെബ്രുവരി 26, ഞായറാഴ്‌ച

മിന്നല്‍പിണര്‍



മഴ കോരിച്ചൊരിയുകയാണ്. കരണ്ട് പോയിരിക്കുന്നു. ശക്തമായ കാറ്റില്‍ തുറന്നു കിടന്ന ഏതോ ജനല്‍ പാളികള്‍ ചേര്‍ന്നടയുന്ന ശബ്ദം കേട്ടാണ് അയാള്‍ ഞെട്ടി ഉണര്‍ന്നത് .
ശക്തമായ മിന്നലുണ്ട്.
കാതടപ്പിക്കും വിധം ഇടി പൊട്ടുന്നുണ്ട്.

ജനല്‍പാളികള്‍ ചേര്‍ത്തടക്കുമ്പോഴാണ് അയാള്‍ ഓര്‍ത്തത്‌: 'മോള്‍ക്ക്‌ ഇടി പേടിയാണല്ലോ.. പ്ലസ്‌ വണ്ണിനു പഠിക്കുന്ന കുട്ടിയാണ് പറഞ്ഞിട്ടെന്തു കാര്യം..'?

അയാള്‍ മകളുറങ്ങുന്ന മുറിയുടെ പാതി ചാരിയ കതകു മെല്ലെ തുറന്നു.
ഭാഗ്യം!
മോളുണര്‍ന്നിട്ടില്ല. ഉണര്‍ന്നിരുന്നുവെങ്കില്‍ രണ്ടു ചെവിയും പൊത്തിപ്പിടിച്ചു ഓടി വരും.. വല്ലാതെ ചേര്‍ന്നിരിക്കും ... ഇടി ശമിക്കും വരെ.

പാവം.. നല്ല ഉറക്കത്തിലാണ്.
ഞെട്ടിയുണര്‍ന്നു അവള്‍ പേടിച്ചേക്കുമോ എന്ന് കരുതി അയാള്‍ അവളുടെ അരികെ കട്ടിലിലിരുന്നു..


ഇടിമിന്നലിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശഞൊറികള്‍ക്കിടയിലൂടെ അവളുടെ ഓമന മുഖം അയാള്‍ അരുമയോടെ നോക്കിക്കണ്ടു.

ഒടുവില്‍ ,
അവളെ ഉണര്‍ത്താതെ,
വാത്സല്യപൂര്‍വ്വം ആ നെറുകയില്‍ ഒരുമ്മ നല്‍കാന്‍ മുതിരവേ,
പെട്ടെന്ന് അവള്‍ ഞെട്ടി യുണര്‍ന്നു.!

മിന്നല്‍ വെളിച്ചത്തില്‍ അവ്യക്തമായി അവള്‍ കണ്ടു.. അച്ഛന്‍ ..!

ഒരു നിമിഷം!

അവള്‍ വല്ലാതാവുന്നതും പേടിച്ചരണ്ട്‌, അവളുടെ അമ്മ കിടക്കുന്ന മുറിയിലേക്ക് ഓടിക്കേറുന്നതും വാതില്‍ വലിച്ചടച്ചു കുറ്റിയിടുന്നതും അയാള്‍ ഒരു ഞെട്ടലോടെ അറിഞ്ഞു..!!!!

ഒരു മിന്നല്‍ പിണര്‍ അയാളുടെ ഹൃദയവും തകര്‍ത്ത് പൊട്ടിച്ചിതറി..

(Re-Post)


2012 ഫെബ്രുവരി 21, ചൊവ്വാഴ്ച

ശലഭയാനം / കഥ




ലാറം ശബ്ദിച്ച ഉടനെ സുപ്രിയ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. 
അത് പതിവില്ലാത്തതാണ്. പുതപ്പ് തലവഴി ഒന്നുകൂടിമൂടി ചുരുണ്ടുകൂടലാണ് അവളുടെ പ്രകൃതം. എന്തുകൊണ്ടോ അന്ന് അവള്‍ക്കതിന് കഴിഞ്ഞില്ല. 


കട്ടിലിന്റെ ഒരുഭാഗത്ത് മൂടിപ്പുതച്ചുകിടക്കുന്ന ലച്ചുമോനെ സ്നേഹപൂര്‍വ്വം ഒന്നുനോക്കി. ഉറക്കത്തില്‍ തിരിഞ്ഞുംമറിഞ്ഞുംകിടന്ന് അവനെവിടെയൊക്കെയോ എത്തിയിട്ടുണ്ട് .  അരികില്‍കിടത്തി കഥ പറഞ്ഞുകൊടുത്ത് ഉറക്കിയതാണ്. ഇപ്പോള്‍ കട്ടിലിന്റെ ഒരറ്റത്ത് വിലങ്ങനെ കിടക്കുന്നു.. 
പാവം...!! അമ്മയോടൊപ്പമല്ലാതെ കിടക്കാത്ത കുട്ടിയാണ്... 

അടുക്കളയില്‍ പാത്രങ്ങളുടെ ശബ്ദം കേള്‍ക്കുന്നുണ്ട്. 
പ്രിയേ ,  എന്ന് നീട്ടിവിളിച്ചു കൊണ്ട് അമ്മ ഇപ്പോള്‍ വരുമെന്നും തന്നെ തട്ടിവിളിക്കുമെന്നും അവള്‍ക്ക് തോന്നി.. അതോര്‍ത്തപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു. 
'മോളെ ഒന്ന് എഴുന്നേല്‍ക്ക്.. ആരാന്റെ വീട്ടില്‍  പോവേണ്ട കുട്ടിയല്ലേ നിയ്യ് .. ഇങ്ങനെ ഉറങ്ങി ശീലിച്ചാലെങ്ങനാ .. എന്നെയാവും എല്ലാരും കുറ്റം പറയുക.. വളര്‍ത്തു ദോഷം ന്ന്..' 


അവള്‍ അഴിഞ്ഞുലഞ്ഞ മുടി മാടിയൊതുക്കി കട്ടിലില്‍ നിന്നിറങ്ങി . അടുക്കളയില്‍ ആരാണാവോ? അമ്മായിയോ, എളേമ്മയോ അതോ അച്ഛമ്മയോ? 


ബ്രഷില്‍ പേസ്റ്റ് പുരട്ടുമ്പോള്‍ , " മോളെ ലച്ചുവിനെ ഒന്ന് വിളിച്ചേ , അവന്റെ സ്കൂള്‍ബസ്സ്‌ ഇതാ ഇപ്പൊ ഇങ്ങെത്തും..." അമ്മ വിളിച്ചു പറയുന്നതായി അവള്‍ക്കു തോന്നി. 
ഇല്ല; ആ വിളിയും ശാസിക്കലും ഇനിയുണ്ടാവില്ലെന്ന തിരിച്ചറിവ് അവളില്‍ വല്ലാത്തൊരു ഭീതി വളര്‍ത്തി. അവള്‍ കണ്ണുകള്‍ അമര്‍ത്തിത്തുടച്ചു.


സ്കൂളില്‍ പോയിട്ട് ദിവസങ്ങളായി.. ഇന്ന് മുതല്‍ പോയി തുടങ്ങണം. അമ്മയില്ലാത്ത വീട്ടില്‍ നിന്നിറങ്ങിപ്പോയി അമ്മയില്ലാത്ത വീട്ടിലേക്കുള്ള തിരിച്ചുവരവ്.. ഓര്‍ക്കാനേ കഴിയുന്നില്ല .


അമ്മയ്ക്ക് എന്തെല്ലാം സ്വപ്നങ്ങളായിരുന്നു.. 'നിന്നെ അത്ര വേഗമൊന്നും കെട്ടിക്കില്യ . നന്നായിപഠിച്ച് വല്യ ഒരുജോലിക്കാരി ആയിട്ടെ കെട്ടിക്കൂ.. പ്ലസ്‌ടു കഴിയുമ്പോഴേക്കും കുട്ട്യാളെ അങ്ങ്ട് കെട്ടിക്കും. അടുത്തകൊല്ലം കുട്ടിയായി.. പ്രരാബ്ധമായി . പിന്നെ എവിടെ കുട്ട്യാള്‍ക്ക് ജീവിക്കാന്‍ നേരം? ഇന്നത്തെ കാലത്ത് സ്വന്തംകാലില്‍ നില്‍ക്കാന്‍ ഒരുയോഗ്യതയൊക്കെ ണ്ടാകുന്നത് നല്ലതാ .. ഒരു ധൈര്യത്തിന്.. 
ആര് കൈവിട്ടാലും ജീവിക്കാമല്ലോ...'


അവള്‍ , ബാത്ത് റൂമിലേക്കു കയറുമ്പോള്‍ 'മോളെ നിന്റെ അടിയുടുപ്പുകളൊക്കെ ഒന്ന് കഴുകിയിട്ടേര്‌ , അതിനി അവിടെയെവിടെയെന്കിലും ചുരുട്ടിക്കൂട്ടിയിടല്ലേ .. '' എന്ന ഓര്‍മ്മപ്പെടുത്തല്‍ മനസ്സില്‍ വന്നു തൊട്ടു വിളിച്ചു.


നല്ലകൂട്ടായിരുന്നു. എല്ലാംപറയാനുള്ള സ്വാതന്ത്ര്യം തന്നിരുന്നു.. ക്ലാസ്സിലും സ്ക്കൂളിലും ഉണ്ടാവുന്ന ചെറിയ വിശേഷംപോലും അമ്മയോട് പറയും. പറഞ്ഞില്ലെങ്കില്‍ ചോദിച്ചറിയും. ഒന്നും മറച്ചു വെച്ചില്ല , മറച്ചുവെക്കാന്‍ ഒന്നും ഇല്ലായിരുന്നു . എന്നാലും ..


കൌമാരം മനസ്സിലും ശരീരത്തിലും ചിത്രംവരച്ചു തുടങ്ങിയപ്പോഴേ അമ്മ ഓര്‍മ്മപ്പെടുത്തിയിരുന്നു . ഒരു മുന്‍ധാരണ ഉണ്ടായിരുന്നു . പതറാതിരുന്നതും പേടിതോന്നാതിരുന്നതും അതുകൊണ്ടാണ് . ഇത്തരം ഘട്ടങ്ങളില്‍ ഏതുകുട്ടിയും ഒന്ന് വിറളും. ഋതുഭേദങ്ങള്‍ പൂവിടുകയാണ് എന്നൊന്നുമറിയാതെ പെട്ടന്നൊരു നാള്‍ ..!!


കൂട്ടുകാരി ആസിഫാക്ക് വല്ലാത്ത അദ്ഭുതമായിരുന്നു . 
'അയ്യേ എനിക്ക് അതൊക്കെ ഉമ്മാനോട് പറയാന്‍ നാണമാണ് . ' അവള്‍ ജ്യേഷ്ഠത്തിയോടാണത്രേ എല്ലാം പറയുക. തനിക്ക് ചേച്ചിയും കൂട്ടുകാരിയും അമ്മയും പിന്നെയും ആരൊക്കെയോ ആയിരുന്നു അമ്മ ..


ഹൗസ്‌ ലീഡര്‍ സൂരജ് കൂടക്കൂടെ തികച്ചും ബാലിശമായ ഓരോ കാരണവും പറഞ്ഞു 
അമിതമായ ഇടപെടലിന് ശ്രമം നടത്തുന്നതു മനസ്സിലായിതുടങ്ങിയപ്പോള്‍ തന്നെ അമ്മയോട് വിഷയം അവതരിപ്പിച്ചു. വലിയ പണക്കാരനാണ്. ബൈക്കിലൊക്കെയാണ്  വരവ്. രക്ഷിതാക്കള്‍ ഗള്‍ഫില്‍ എവിടെയോ ആണ്. ഒരു ബന്ധുവിന്റെ വീട്ടില്‍നിന്ന് പഠിക്കുകയാണ്. 
വിവരങ്ങളൊക്കെ പലരുംപറഞ്ഞു അറിയാം . വലിയവീട്ടിലെ കുട്ടികളുടെ വിശേഷങ്ങള്‍ പറയാനും പ്രചരിപ്പിക്കാനും ആളുകളേറെ ഉണ്ടാകും.


'ആണ്‍കുട്ടികളോട് തീക്കായുംപോലെ നിന്നാമതി . ഇത്തരം അടുത്തുകൂടലും സ്നേഹം ഭാവിക്കലും ഇനി ജീവിതത്തില്‍ ഒരുപാട് ഉണ്ടാകും . ഒരു പെണ്ണിന്റെ മരണം വരെ അത് പ്രതീക്ഷിക്കണം . പ്രലോഭനങ്ങളില്‍ വീണു പോകരുത് .. എങ്ങനെ പോയാലും നഷ്ടം പെണ്ണിന് തന്നെയാവും .. അതിജയിക്കാനുള്ള ത്ന്റെടമാണ് പ്രധാനം..' അമ്മ പറഞ്ഞു തന്നു.


ചില കലാകായിക മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു .  റെഡ്‌ ഹൌസിലെ കുട്ടികളില്‍ കൂടുതല്‍ പോയിന്റ്‌ നേടിയത് താനായിരുന്നു . പലപ്പോഴും അവന്‍ ഓടിവന്നു അഭിനന്ദിച്ചു. അതൊരു പാലമിടലാണ് എന്ന് മനസ്സിലായപ്പോഴാണ് അമ്മയോട് പറഞ്ഞത്. പിന്നീട് അവനോടു വലിയ അടുപ്പം കാണിച്ചില്ല. അവന്‍ മെല്ലെ മറ്റൊരു കുട്ടിയിലേക്ക് ഒരു വികൃതിച്ചാട്ടം ചാടുന്നതാണ് പിന്നെ കണ്ടത്. അമ്മ പറഞ്ഞപോലെ ഇവരൊക്കെ പഠനംപൂര്‍ത്തിയാക്കുന്നതിനിടക്ക് എത്രകുട്ടികളെ ഇങ്ങനെ വലവീശി 
പിടിക്കാന്‍ നോക്കും ?


പിന്നീടാണ് അറിഞ്ഞത് . സൂരജിനെയും മീരയെയും പട്ടണത്തിലെ ഒരു ലോഡ്ജില്‍ വെച്ച് പോലീസ് പിടികൂടിയതും മീര ടി.സി. വാങ്ങി വേറെ സ്കൂളിലേക്ക് പോയതും.


തറവാട്ടിലായിരുന്ന കാലത്ത് അമ്മയെ തിരക്കില്ലാതെ കണ്ടിട്ടേയില്ല . തിരുമ്മലും തുടക്കലും അലക്കലും വെച്ചുണ്ടാക്കലുമൊക്കെയായി ഓടിനടക്കുക തന്നെയാവും. ഇടയ്ക്കു തലവേദനയെന്നും പറഞ്ഞുപോയി കുറച്ചുനേരം കിടക്കും . പലപ്പോഴും നെറ്റിയില്‍ തുണിനനച്ചിട്ട് താനും ഒപ്പം ചെല്ലും . 
''തലേടെ അകത്ത് എന്തോ വല്ലാത്ത ഒരു കൊളുത്തല്‍ . തല രണ്ടു കഷ്ണമായി ഇപ്പൊ പൊട്ടിത്തെറിക്കും ന്നു തോന്നുണൂ ..'' അമ്മ ഇടയ്ക്കിടെ പറയും.. 
കുറച്ചു നേരം കിടന്നു ചെറിയ ഒരു സമാധാനം  കിട്ടുമ്പോള്‍ വീണ്ടും അമ്മ സജീവമാകും .   


സ്വന്തമായി വീടായപ്പോള്‍ അമ്മ പറഞ്ഞു: 
" ഇനി ഞാനങ്ങട് ചത്താലും വേണ്ടില്ല ..' 


ആറു മാസമേ ആയുള്ളൂ  വീട്ടിലേക്കു താമസം മാറിയിട്ട്.. 
പിന്നെപ്പിന്നെ അമ്മയ്ക്ക് തലവേദന ശക്തമായി  വന്നുതുടങ്ങി.. ഒടുവില്‍ താനാണ് അച്ഛനോട് പറഞ്ഞത്.. ''അച്ഛാ അമ്മയെ നല്ല ഒരു ഡോക്ടറെ കാണിക്കണം .. ഇതിങ്ങനെ വെച്ചോണ്ടിരിക്കാന്‍ പറ്റില്ല ..'' 
സുപ്രിയയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അമ്മ ചെക്കപ്പിനു പോയത്.  അന്ന് വൈകിയാണ് അമ്മയും അച്ഛനും വന്നത് .. എത്തിയ പാടെ ഓടിച്ചെന്ന് അമ്മയോട് ചോദിച്ചു. 
 'എന്ത് പറഞ്ഞു ഡോക്ടര്‍ ' 
'സാരമില്ല; ചെന്നിക്കുത്തിന്റെ കുഴപ്പമാണ് . സ്കാന്‍ ചെയ്തു. വെറുതെ കുറെ കാശ്  കളഞ്ഞു.. '
പക്ഷെ, അച്ഛന്റെ മുഖത്തെ പ്രകാശം പറ്റെ കെട്ടിരുന്നു . പിന്നീട് പലപ്പോഴും അച്ഛന്‍ ചിരിക്കാന്‍ പാടുപെട്ടു പരാജയപ്പെടുന്നത് കാണാമായിരുന്നു.


അമ്മ മെല്ലെമെല്ലെ നഷ്ടപ്പെടുകയാണ് എന്നൊരു ആധി മനസ്സിലെങ്ങനെയോ വളരാന്‍ തുടങ്ങി. വിട്ടു കൊടുക്കില്ല . ഹൈസ്കൂള്‍ പോലും പിന്നിടാത്ത തന്നെയും യു.കെ..ജിയില്‍ പഠിക്കുന്ന ലച്ചുവിനെയും തനിച്ചാക്കി അമ്മ ഒറ്റയ്ക്ക് എങ്ങോട്ട് പോകാനാണ്..? സമ്മതിക്കില്ല ഞാന്‍ ...


ഒരുചെറിയ ഓപ്പറേഷന്‍ ഉണ്ടെന്നു പറഞ്ഞാണ് അമ്മയെ കൊണ്ടുപോയത് . കളിച്ചു ചിരിച്ചു തനിക്കു ഉമ്മയൊക്കെത്തന്നാണ് ഇറങ്ങിപോയത്. നല്ലൊരുമ്മ കിട്ടിയിട്ട് കാലമേറെയായിരുന്നു. അന്ന് മുഴുവനും കവിളില്‍ നിന്ന് ആ ഉമ്മ  മാഞ്ഞുപോകാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചു.! 


പിറ്റേന്ന് , ഹൃദയം നടുക്കുന്ന വാര്‍ത്തയാണറിഞ്ഞത്. ചിരിച്ചിറങ്ങിപ്പോയ അമ്മ എല്ലാവരെയും കരയിപ്പിച്ചാണ് തിരിച്ചു വന്നത്. വെള്ളത്തുണിയില്‍ പൊതിഞ്ഞു മായാത്ത പുഞ്ചിരിയുമായി .. ഉറങ്ങിക്കിടക്കുംപോലെ ..!


കുളികഴിഞ്ഞു ബാത്ത്റൂമില്‍ നിന്ന് പുറത്തിറങ്ങി ലച്ചുമോനെ വിളിച്ചുണര്‍ത്താന്‍ ചെല്ലുമ്പോള്‍ അവനെ കാണുന്നില്ല . ഇവനിതെവിടെ പോയി കിടക്കുന്നു എന്ന് വിചാരിച്ചു നോക്കുമ്പോള്‍ മുറ്റത്തെ പൈപ്പിന് കീഴെ കുന്തിച്ചിരുന്നു അവന്‍ ബ്രഷ് ചെയ്യുന്നു.! അമ്മ പേസ്റ്റ് പുരട്ടി ബ്രഷ് കയ്യില്‍ കൊടുത്താലും മടിപിടിച്ച് വാശി കാണിക്കുന്ന അവനും എല്ലാം മനസ്സിലായി തുടങ്ങിയിരിക്കുന്നു. 
ബ്രഷ് ചെയ്തു കഴിഞ്ഞു കുളിമുറിയിലേക്കോടിപോകുന്ന ലച്ചുവിനെ അവള്‍ അദ്ഭുതത്തോടെ നോക്കി നിന്നു..!! 


പതിവിലും നേരത്തെ അവന്‍ സ്കൂളിലേക്ക് പോകാന്‍ റെഡിയായിയിരിക്കുന്നു. അവനെ ബസ്സ്‌ കേറ്റി വിട്ടു സ്വയം ഒരുങ്ങലിലേക്ക് തിരിയുമ്പോഴും അവളുടെ കണ്ണുകള്‍ നനഞ്ഞു തന്നെയിരുന്നു . .
മുടി മെടയുമ്പോള്‍ പിന്നില്‍ നിന്നു ഒരു കൈ അവളെ തലോടുന്നതും 'നീ മെടയാന്‍ നിന്നാല്‍ ബസ്സ് അങ്ങ് പോകും ' എന്നും പറഞ്ഞു അമ്മ വന്നു മുടി മെടഞ്ഞു തരുന്നതായി അവള്‍ക്കു അനുഭവപ്പെട്ടു.


വര : ഇസ്ഹാഖ് നിലമ്പൂര്‍ 


ബസ്സ്റ്റോപ്പിലെത്തുമ്പോള്‍ മൈമൂനത്താത്ത എത്തിയിട്ടില്ല. സാധാരണ താനെത്തും മുമ്പേ അവരെത്തിയിടുണ്ടാവും . ഇന്ന് പക്ഷെ താന്‍ നേരത്തെയാവും.. ബസ്സ്‌ വരാന്‍ ഇനിയുമുണ്ട് ആറേഴു മിനിറ്റ്.. ബസ്സിനു കൊടുക്കാന്‍ ചില്ലറയില്ലെങ്കില്‍ അവരാണ് സഹായിക്കുക..     


മൈമൂനത്താത്ത ദൂരെ നിന്നു നടന്നു വരുന്നത് കണ്ടു. അക്കരപ്പുരത്താണ് അവരുടെ വീട് . പട്ടണത്തിലെ ഒരാശുപത്രിയിലെ ജീവനക്കാരിയാണ് . 
കണ്ടപാടെ അവര്‍ ചോദിച്ചു:  " ഇന്ന് ഇന്റെം മുമ്പിലെത്തിയോ ഇയ്യ്‌... ..?


തലയാട്ടി , തികച്ചും ദുര്‍ബലമായ ഒരു ചിരി ചിരിച്ചു . 
'നാലഞ്ചു ദിവസായിട്ട് അന്നെ കാണണ് ല്ലല്ലോ എന്ത് പറ്റി ? അസുഖം എന്തേലും ഉണ്ടായിരുന്നോ?'


ആ ചോദ്യം അവളില്‍ ഒരു തേങ്ങലാണ് സൃഷ്ടിച്ചത്. 
എത്ര അടക്കിപ്പിടിച്ചിട്ടും  അവള്‍ക്കു നിയന്ത്രിക്കാനായില്ല .
അവള്‍ നിന്നു വിതുമ്പി.
അവര്‍ അവളെ ആശ്വസിപ്പിച്ചു . 
'എന്ത് പറ്റി ന്റെ കുട്ടിക്ക് ..?''
'അമ്മ ..'
'അമ്മ ..?'
'പോയി ..'!


അവരുടെ കണ്ണുകളും  നിറഞ്ഞു.. അവരവളെ ചേര്‍ത്ത് പിടിച്ചു സമാധാനിപ്പിച്ചു .


യാത്രയിലൊക്കെയും അവള്‍ വിതുമ്പുകയായിരുന്നു. കണ്ടക്റ്റ ര്‍ക്ക്  ചാര്‍ജ്ജ് കൊടുത്തത് പോലും സ്വയമറിയാതെയാണ്. 
ഒറ്റയ്ക്കുള്ള ജീവിതയാത്ര തുടങ്ങുകയാണ് ..


ബസ്സില്‍ നിന്നിറങ്ങി സ്കൂളിലേക്ക് നടക്കുമ്പോള്‍ കൂട്ടുകാരികള്‍ സഹതാപത്തോടെ അവളെ നോക്കുന്നത് കണ്ടു. ആരും ഒന്നും ചോദിച്ചില്ല ..
ക്ലാസ് ടീച്ചര്‍ വിജി അവളെ അടുത്ത് വിളിച്ചു പറഞ്ഞു:
'വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ല. നന്നായി പഠിച്ചു ഒരു നിലയിലെത്തണം . എല്ലാം മറന്നേ പറ്റൂ.. ഞങ്ങള്‍ ഉണ്ടാകും കുട്ടിയുടെ കൂടെ..'


ഇന്റര്‍വെല്ലിനു കൂട്ടുകാരി ജമിന അവളുടെ അടുത്തേക്ക് ചേര്‍ന്നിരുന്നു പറഞ്ഞു:
'നീയും ഇപ്പൊ എന്നെപോലെ ആയി .. അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു .
'ഇനി അന്റെ അച്ഛന്‍ പുത്യ പെണ്ണ് കെട്ടും .. പിന്നത്തെ കാര്യം ഒന്നും പറയാണ്ടിരിക്ക്യാ നല്ലത് .. നിനക്ക റിയോ..എനിക്ക് ഇപ്പൊ വീട്ടിലേക്കു ചെല്ലുന്നതെ ഇഷ്ടല്ല ...!! അവള്‍ കണ്ണ് തുടച്ചു പൊട്ടിപ്പൊട്ടിക്കരഞ്ഞു..



ഒരു ദീര്‍ഘ നിശ്വാസത്തോടെ  കഥയ്ക്ക്  'ശലഭായനം ' എന്ന ശീര്‍ഷകമെഴുതി  നീരജ   എഴുന്നേറ്റു.   കഥയുടെ പേര് അത് തന്നെയിരിക്കട്ടെ . അകാലത്തില്‍ വേദനയില്ലാത്ത ലോകത്തേക്ക് പറന്നുപോയ യുവകവയിത്രി രമ്യാആന്റണിയുടെ കവിതാസമാഹാരത്തിന്റെ പേര് തന്നെയാണ് തന്റെ ഈ കഥയ്ക്ക്‌ നല്ലത് .. 


നീരജ അടുക്കളയിലേക്കു നടന്നു . തൊണ്ടയില്‍ ഒരു മുറുകെപ്പിടുത്തം കിടന്നു പിടക്കുന്നുണ്ട് . ഫ്രിഡ്ജില്‍ നിന്ന് തണുത്ത വെള്ളമെടുത്തു കുടുകുടെ കുടിച്ചു . ദാഹം തീരുന്നില്ല . വാഷ്ബേസിനരികെ ചെന്ന് മുഖം കഴുകാന്‍ ഒരു കുമ്പിള്‍ വെള്ളമെടുക്കുമ്പോള്‍ അവള്‍  കണ്ണാടിയില്‍ തന്റെ മുഖം കണ്ടു! 
കണ്ണുകള്‍ കലങ്ങിയിരിക്കുന്നു .. കൊഴിഞ്ഞു തീരാറായ മുടിയികള്‍ അവിടവിടെ ചിതറിക്കിടക്കുന്നു .. തലക്കകത്ത് വല്ലാത്ത ഒരു പുകച്ചില്‍  .. 


മകള്‍ അഷിത വരാന്‍ ഇനിയും സമയമെടുക്കും .. 
നീരജ എഴുത്ത് മുറിയിലേക്ക്  മെല്ലെ നടന്നു . തലക്കകത്ത് പെരുപ്പ്‌ വര്‍ധിച്ചിരിക്കുന്നു .. 
അവള്‍  കസേരയിലേക്ക് ചാഞ്ഞു . അവളുടെ  കണ്ണുകള്‍ മെല്ലെ  അടഞ്ഞു .
അന്നേരം , കോളിംഗ്ബെല്‍ നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു!! 





 .     
     

2012 ഫെബ്രുവരി 5, ഞായറാഴ്‌ച

നീലക്കുപ്പായം



കണ്ണുകള്‍ ഇറുകെ അടച്ചിട്ടും  ഉറക്കം വരുന്നില്ല .
നാളെ നടക്കാന്‍പോകുന്ന രംഗങ്ങള്‍  മിഴിവുള്ള ചിത്രങ്ങളായി മനസ്സിലൂടെ  വന്നുപോയിക്കൊണ്ടിരുന്നു. 
അവന്‍  പഠിച്ചുവെച്ച പ്രസംഗം ഒന്നുകൂടി പറഞ്ഞു നോക്കി.

എത്ര കാണാതെപഠിച്ചാലും ജനങ്ങള്‍ക്ക് മുമ്പില്‍ എഴുന്നേറ്റു  നില്‍ക്കുമ്പോള്‍ ഒരുപക്ഷെ പറ്റെ മറക്കും . ഒരായിരം കണ്ണുകള്‍ ഒരാളെത്തന്നെ തുറിച്ചുനോക്കുമ്പോള്‍ ആരായാലും ഒന്ന് വിരണ്ടു പോകും .
കാല്‍മുട്ടുകള്‍ തമ്മില്‍ കൂട്ടിയിടിക്കും . തൊണ്ട വരളും.
ഇടക്കെങ്ങാനും വല്ലതും മറന്നുപോയാല്‍ പിന്നെ എത്ര റീ അടിച്ചാലും കിട്ടില്ല . ആകെ ചമ്മിപ്പോകും .
ഒടുവില്‍ നാണംകെട്ട് സ്റ്റേജില്‍ നിന്ന് ഇറങ്ങിപ്പോരേണ്ടി വരും.

പാട്ടാണെങ്കില്‍  അത്ര പേടിയില്ല  . നോക്കിപ്പാടാം . കൂടെ പാടാന്‍ ബാപ്പുട്ടിയും ഉണ്ട്.
രണ്ടാളാകുമ്പോള്‍ പേടി പാതിയായി കുറയും . പാടിപ്പാടി പാട്ടും കാണാപ്പാഠം ആയിട്ടുണ്ട്‌. ... .......
'ആനക്കലഹം കഴിഞ്ഞതിന്‍ പിന്‍ 
അമ്പത്തി ഒന്നാം ദിനമതിലെ..'

പ്രസംഗം പഠിച്ചു കിട്ടാന്‍ ഇത്തിരി പാടാണ്‌... ; എന്നാലും ഇപ്പോള്‍ കുറച്ചു ധൈര്യം ഒക്കെ വന്നിട്ടുണ്ട്. 
വീടിനുപിറകിലെ പുളിമരച്ചോട്ടില്‍ , ആനക്കുട്ടികളെ പോലെ കിടക്കുന്ന  പാറക്കൂട്ടങ്ങള്‍ക്കു മീതെ കേറി നിന്ന് തെങ്ങിന്‍ മട്ടലുകൊണ്ട് പ്രത്യേകം സജ്ജമാക്കിയ  'റെഡി മെയ്ഡ് മൈക്കി'നു മുമ്പില്‍ വെച്ച് ആരും കാണാതെ പ്രസംഗിച്ചു  പരിശീലിച്ചിട്ടുണ്ട്; പലവട്ടം .
അത് കൊണ്ടാവും  ഒരാത്മവിശ്വാസം ഒക്കെ വന്നിട്ടുണ്ട് .

തോരണങ്ങളും ഈന്തോലകളും കൊണ്ട് മദ്രസ്സയും പരിസരവും പരമാവധി അലങ്കരിച്ചിട്ടുണ്ട്.
മുറ്റവും ചുറ്റുവട്ടവും ചെത്തിക്കോരി വെടിപ്പാക്കി . കാട് പിടിച്ചു കിടന്ന വരാന്തകളും മുക്കുമൂലകളും അടിച്ചു വാരി വൃത്തിയാക്കി .
എവിടെ നോക്കിയാലും ഒരു പുത്തന്‍ ഉണര്‍വ്വ് ; ഉന്മേഷം .

രാവിലെ ഏഴുമണിക്കുമുമ്പേ എല്ലാവരും എത്തണമെന്നാണ് ഉസ്താദിന്റെ നിര്‍ദേശം .
മിക്ക കുട്ടികള്‍ക്കും ഇന്ന് തന്നെപ്പോലെ ഉറക്കം വരില്ല.
എല്ലാ ആഘോഷങ്ങളുടെയും തലേന്ന് അങ്ങനെയാണ്.

വര്‍ണ്ണക്കടലാസ് പ്രത്യേക ആകൃതിയില്‍ വെട്ടിയെടുത്ത് പൂച്ചെടിക്കമ്പില്‍ പശ തേച്ചു  ഒട്ടിച്ചാണ് കൊടിനിര്‍മ്മാണം . പച്ച, ചുവപ്പ്, നീല , മഞ്ഞ , വയലറ്റ്  നിറങ്ങളില്‍ തീര്‍ത്ത കൊടികള്‍ കാണാന്‍ നല്ല രസമാണ്. കൊടിയുണ്ടാക്കലും അരങ്ങുകെട്ടലും ആയിരുന്നു  ഇന്നത്തെ പ്രധാന പരിപാടികള്‍ ..
മിക്ക ക്ലാസ്മുറികളിലും കലാപരിപാടികളുടെ റിഹേഴ്സലും നടക്കുന്നുണ്ടായിരുന്നു.

നാളെ അതിരാവിലെ കുട്ടികള്‍ കുളിച്ചൊരുങ്ങി പുത്തന്‍ ഉടുപ്പുകളുമിട്ട് എത്തും. ഓരോരുത്തര്‍ക്കും ഓരോ കൊടി കിട്ടും.  പിന്നെ അവയുമേന്തി വരിവരിയായി നീങ്ങും . കൂടെ മുതിര്‍ന്നവരും ഉണ്ടാകും .
മൈക്ക് സെറ്റ് ഘടിപ്പിച്ച വാഹനം ഒച്ചിന്റെ വേഗതയില്‍ ജാഥയോടൊപ്പം മെല്ലെ ചലിക്കും . 
റോഡിനു ഇരുവശത്തും  സ്ത്രീകളുംകുട്ടികളും ജാഥകാണാന്‍ കൌതുകപൂര്‍വ്വം നില്‍പ്പുണ്ടാകും . 
വിവിധ സംഘങ്ങള്‍ തയ്യാറാക്കിയ  അവിലുംവെള്ളവും  പലതരം മിഠായികളും കുട്ടികളെ കാത്തിരിക്കുന്നുണ്ടാവും.

മദ്രസ്സയില്‍ നിന്ന് പുറപ്പെട്ടു കവല വരെയും തിരിച്ചു പുഴക്കല്‍ പാലം വരെയും ജാഥ പോകും . 
എല്ലാം കഴിഞ്ഞു രാത്രിയിലാണ് കലാപരിപാടികള്‍ . പാട്ട്, പ്രസംഗം , സംഘഗാനം, സംഭാഷണം  തുടങ്ങി വിവിധ പരിപാടികള്‍ നേരംപുലരും വരെ നടക്കും . ഉമ്മമാരും രക്ഷിതാക്കളും തങ്ങളുടെ കുട്ടികളുടെ കലാപ്രകടനം കാണാന്‍ നേരത്തെത്തന്നെ എത്തി സ്ഥലം പിടിച്ചിട്ടുണ്ടാവും .

നാളെ  ഒരു പുതുപുത്തന്‍ മണം മദ്രസ്സയാകെ ഒഴുകിപ്പരക്കും . മിക്ക കുട്ടികളും പുത്തന്‍ ഉടുപ്പുകളിട്ടാവും  വരിക. പുതിയ വസ്ത്രങ്ങളുടെ മണം തന്നെ എന്ത് രസമാണ്.

അതോര്‍ത്തപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു.

കൂട്ടത്തില്‍ ഭേദപ്പെട്ട ഒന്ന്  ഉമ്മ അലക്കി ഉണക്കാനിട്ടിട്ടുണ്ട് .
പഴയതാണ് . പറ്റെ നരച്ച , ചുവന്ന നിറമുള്ള ഒരു കള്ളിക്കുപ്പായം .
സ്കൂളിലേക്കും മദ്രസ്സയിലേക്കും മിക്കപ്പോഴും അതുതന്നെയാണ് ഇടാറ്.
ഏറ്റവും അടിയിലെ ഒരു കുടുക്ക് പൊട്ടിപ്പോയിട്ടുണ്ട്.
പുതിയ ഒരെണ്ണം  എവിടെ നിന്നോ സംഘടിപ്പിച്ച്   തത്ക്കാലം തുന്നിപ്പിടിപ്പിച്ചിട്ടുണ്ട് ; ഉമ്മ.

അയല്‍ക്കാരനും കൂട്ടുകാരനും ബന്ധുവും സഹഗായകനുമൊക്കെയായ  ബാപ്പുട്ടിക്ക്  കുപ്പായങ്ങള്‍ ഒരുപാടുണ്ട്. അവന്റെ മിക്ക കുപ്പായങ്ങളും പുതിയത് പോലെയാണ് .
പോരാത്തതിന് നാളേക്കുവേണ്ടി അവനു  പ്രത്യേകം തുണിയും കുപ്പായവും എടുത്തിട്ടുമുണ്ട് .

ബാപ്പുട്ടി  അതൊക്കെ  കാട്ടിത്തന്നിരുന്നു .  ഒന്ന് മെല്ലെ പിടിച്ചു നോക്കി . പിന്നെ ഒന്ന് മണത്തു . നല്ല മിനുമിനുപ്പ് . വല്ലാത്ത തിളക്കം . കൊതിയൂറുന്ന പുത്തന്‍ മണം.
നീല നിറത്തില്‍ മെലിഞ്ഞ കരകളുള്ള  വെള്ളത്തുണി. പിന്നെ പുതിയ മോഡല്‍ വള്ളിചെരുപ്പ്.
'മാണെങ്കി ജ്ജൊന്ന് ഇട്ടു നോക്കിക്കോ ..'
ബാപ്പുട്ടി  പറഞ്ഞു.

ചെളിപുരണ്ട തികച്ചും ദരിദ്രമായ അവന്റെ   കാലുകള്‍  ഒരു പാമ്പ് മാളത്തിലേക്ക്‌ എന്ന പോലെ  ചെരിപ്പിനകത്തേക്ക് കേറിപ്പോയി.
'ഹായ്‌ , എന്ത് ചൊറുക്ക് എന്ത് സുഖം  ..'!! ഊരാന്‍ തന്നെ തോന്നുന്നില്ല .
'മ്മ കണ്ടാ ഞ്ഞെ ചീത്ത പറീം..' ബാപ്പുട്ടിക്ക് പേടി .

മനമില്ലാമനസ്സോടെ  കാലുകള്‍   വലിച്ചെടുത്തു.
ഇങ്ങനെയൊരു ചെരുപ്പ് ഒരിക്കലെങ്കിലും എന്നാണാവോ ഒന്നിടാന്‍ പറ്റുക ..?
എവിടെ നിന്നോ ഒരു നെടുവീര്‍പ്പ് പൊടുന്നനെ വന്നു തൊണ്ടയില്‍ കുരുങ്ങി ശ്വാസം മുട്ടിച്ചു.
ബാപ്പുട്ടി  ചെരുപ്പുകള്‍ വാങ്ങി, അരുമയോടെ പാക്കറ്റില്‍ ഇട്ടു പാത്തുവെച്ചു .
'നാളെ ഇടാനുള്ളതാ.. '


അതൊക്കെയണിഞ്ഞു നല്ല ശുജായി ആയിട്ടായിരിക്കും നാളെ ബാപ്പുട്ടിയുടെ വരവ്. അവന്റെ കൂടെ നിന്ന് പാടേണ്ട ആളാണ്‌ ഞാന്‍ .. വേദനയോടെ ഓര്‍ത്തു.


ബാപ്പുട്ടിയുടെ  ഉപ്പ മാനുക്കാക്കുവിന് ചായക്കച്ചവടം ആണ്.  
അവിടെ ദോശയും ചട്ട്ണിയും കലത്തപ്പവും ഉഴുന്നുവടയും  പുട്ടും പഴവും 
പൊക്കാവടയും  നെയ്യപ്പവുമൊക്കെ  ചില്ലലമാരയിലിരുന്നു കാണികളോട് ചിരിക്കുന്നുണ്ടാവും . പിന്നെ നല്ല വലുപ്പമുള്ള ഉണ്ടയുമുണ്ടാകും. ഒരുണ്ട തിന്നാല്‍ തന്നെ പള്ള നിറയും . ഉണ്ടയോടാണ് ഏറെ ഇഷ്ടം .
പെങ്ങള്‍ മാളുവിന്റെ കോഴികള്‍ ചിലപ്പോള്‍ കൂട്ടില്‍ത്തന്നെ മുട്ടയിടും . മിക്കപ്പോഴും മുട്ടയിടാനാവുമ്പോള്‍ കോഴി വീട്ടിനകത്തൂടെ കൊക്കിപ്പാറി നടക്കും . അന്നേരം മാളു കോഴിയെ പിടിച്ചു ഒരു കൊട്ടക്കടിയില്‍ ഇടും . കാര്യം സാധിച്ചു കഴിഞ്ഞാല്‍ വലിയ ബഹളം കേള്‍ക്കാം . അപ്പോള്‍ കോഴിയെ തുറന്നു വിടും.


കൂട്ടില്‍ മുട്ടയിടുന്നതാണ് അവനിഷ്ടം . അങ്ങനെയാവുമ്പോള്‍ മാളു കാണാതെ മുട്ട കട്ടെടുക്കാം . പീടികയില്‍ കൊണ്ട്പോയി മുട്ട വിറ്റുകിട്ടിയ കാശിനു ഉണ്ട വാങ്ങാം.. മുട്ടതിന്നാല്‍ പള്ള നിറയില്ല . ഉണ്ട തിന്നാല്‍ നിറയും...!!


ബാപ്പുട്ടിയുടെ വല്ലിമ്മയാണ് ഉണ്ട ചുടുക . തിളച്ചു പൊങ്ങുന്ന വെളിച്ചെണ്ണയിലേക്ക് ചുരുട്ടിപ്പിടിച്ച വിരലുകള്‍ക്കിടയിലൂടെ മാവുരുളകള്‍ ഞെങ്ങിഞെരുങ്ങി പുറത്തേക്കു ചാടും. ച്ശീ .. എന്ന ശബ്ദത്തോടെ എണ്ണക്കുളത്തിലേക്ക് ഒന്ന് താഴ്ന്നു പോയി പൊടുന്നനെ മുങ്ങി നിവരും . അപ്പോഴേക്കും വെളുത്ത നിറം മാറി ആളാകെ ചെമന്നിരിക്കും. പൊള്ളച്ചു വീര്‍ത്തു വലുതായി കൊതിപ്പിക്കുന്ന ഗന്ധവുമായി അവന്‍ എണ്ണയില്‍ കിടന്നു പുളയും . അപ്പോഴേക്കും അടുത്ത ഉരുള  എണ്ണക്കുളത്തിലേക്ക്  ചാടാന്‍ വെമ്പി നില്‍ക്കുന്നുണ്ടാവും . പഞ്ചായത്തു കുളത്തിലേക്ക് പിറന്നപടി എടുത്തുചാടാന്‍ കാത്തുനില്‍ക്കുന്ന വികൃതിക്കുട്ടികളെപോലെ .


ബാപ്പുട്ടി സ്നേഹമുള്ളവനാണ്. അവന്റെ ഉപ്പ പള്ളിയിലേക്ക് നിസ്ക്കരിക്കാന്‍ പോകുമ്പോള്‍ മക്കാനിയുടെ ചുമതല ഇത്തിരിനേരം അവനായിരിക്കും . ബാപ്പ പോയാല്‍ പിന്നെ സൂപ്പി മൂപ്പന്‍ ! മഗ് രിബു നിസ്ക്കാരത്തിന് മാനുക്കാക്കു പള്ളിയില്‍ പോകുന്ന തക്കം നോക്കി മെല്ലെ അങ്ങാടിയിലേക്ക് കേറും . ബാപ്പുട്ടിയാണ് മക്കാനിക്കാരന്‍ എങ്കില്‍ അവന്‍ എന്നെ മാടിവിളിക്കും . എന്റെ ഉണ്ടക്കണ്ണുകള്‍ അപ്പോള്‍ ഉണ്ടയിലായിരിക്കും . അത് കണ്ടറിഞ്ഞു അവന്‍ ഒന്നെടുത്തു തരും. എന്നിട്ട് അവന്‍ പറയും :
'പ്പ വരണീന്റെ മുമ്പ് തിന്നോ..' 
നിമിഷനേരംകൊണ്ട് ഉണ്ട എത്തേണ്ടിടത്ത് എത്തും..

മിക്കപ്പോഴും രാവിലെ അരി വറുത്തത്  ആയിരിക്കും .ചായക്ക് കടി. ദോശയും ചട്ട്ണിയും പോരാത്തതിന് ഒരു ഗ്ലാസ് പശുവിന്‍പാലും കുടിച്ചു വലിയ വയറുമായി വരുന്ന ബാപ്പുട്ടിയും അവനും  തമ്മില്‍ ശാരീരികമായി ഒരു ചേര്‍ച്ചയും ഇല്ലായിരുന്നു . നെയ്യൊഴിച്ച കഞ്ഞിയും ചോറും  വിവിധയിനം കൂട്ടാനും ഇറച്ചിയും മീനും ഒക്കെ മതിയാവോളം കഴിച്ചിട്ടും അവന്‍  വെളുത്തിട്ടല്ല . ഒരു കരുമാടിക്കുട്ടന്‍ . കറുത്ത ചുണ്ടുകളും ഇരുണ്ട നിറവും . പക്ഷെ പുറമെ കറുത്തവനാണെങ്കിലും അവന്റെ അകം വെളുപ്പാണ്‌ . 

ഇടക്കെപ്പോഴോ ഒന്ന് മയങ്ങി . ഉപ്പ സുബഹിക്ക് പള്ളിയിലേക്ക് പോകാന്‍ എഴുന്നേറ്റിരിക്കുന്നു . 
ഉമ്മ അടുക്കളയിലാണ് . പെട്ടെന്ന് മുഖവും കൈകാലുകളും കഴുകി വന്നു. ഉണക്കാന്‍ വേലിപ്പുറത്ത് ഇട്ടിരുന്ന കുപ്പായം എടുത്തുകൊണ്ടു വന്നു . 
ഇന്നും ഇത് തന്നെയിട്ടു എങ്ങനെ പോകും ..
മനസിനകത്ത് ഒരു കുഞ്ഞു പക്ഷി തലതല്ലിക്കരഞ്ഞു .


അപ്പോഴാണ്‌ ഒരു ആശയം തോന്നിയത് .
അടുക്കളയിലേക്കു ഓടിച്ചെന്ന് ഉമ്മയോട് പറഞ്ഞു:
'മ്മാ ബാപ്പുട്ടിന്റെ പയേ ഒര് കുപ്പായം തര്വോ ന്നാവോ .. ങ്ങളൊന്നു പോയി നോക്ക്വോ ..?

അത് കേട്ട് ഉമ്മ വല്ലാതായി. പ്രായവും പ്രാരാബ്ദങ്ങളും നിഷ്ക്കരുണം വരച്ചുവെച്ച പ്രയാസങ്ങളുടെ രേഖാചിത്രങ്ങള്‍ക്ക് മായ്ച്ചു കളയാനാവാത്ത മനോഹരമായ ആ മുഖം മെല്ലെ മെല്ലെ ഇരുളുന്നതും ആ കണ്ണുകളില്‍ സ്നേഹവും നിസ്സഹായതയും ഇഴചേര്‍ന്നു തുളുമ്പി തൂവുന്നതും വീര്‍പ്പുമുട്ടലോടെ നോക്കി നിന്നു. അവര്‍ അവനെ  ഇറുകെ പിടിച്ചു ഒരുപാട് ഉമ്മ കൊടുത്തു. എന്നിട്ട് ഉമ്മ ബാപ്പുട്ടിയുടെ വീട്ടിലേക്കു ഓടിപ്പോയി ..
'അവന്റെ പഴയതായാലും മതി . എനിക്ക് അതും പുതിയതാണല്ലോ..' 
മനസ്സില്‍ അത് മാത്രമേ  ഉണ്ടായിരുന്നുള്ളൂ .

ഉമ്മ തിരിച്ചു വരുമ്പോള്‍ ആ മുഖത്തെ പ്രകാശം പറ്റെ കെട്ടിരുന്നു. 
ഒരു നീലക്കുപ്പായം ഉമ്മാന്റെ കൈകളിലിരുന്നു ചിരിക്കുന്നുണ്ട്.
'എത്തര നല്ല കുപ്പായം ണ്ട് ? ന്നിട്ട് ഓള് തന്നതാണിത് ...' 
ഉമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
'റബ്ബേ ജ്ജ് ഇതൊക്കെ കാണുണ് ല്ലേ..' ? 

ഉമ്മാന്റെ കയ്യില്‍  നിന്നു കുപ്പായം വാങ്ങി തിരിച്ചും മറിച്ചും നോക്കി. 
അവിടവിടെ ഒന്നുരണ്ടു ചെറിയ കീറലുണ്ട് ..!! അത്രേയുള്ളൂ .
ആ കീറിയ ഭാഗത്ത്  വിരലുകള്‍ കൊണ്ട് അവന്‍ മെല്ലെ തലോടി.   
'ന്നാലും മ്മാ ഇതെന്നെ നല്ലത് ; ന്റീനെക്കാളും.. '
അന്നേരം കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഉമ്മ വരുന്നത് കണ്ടു. 
കയ്യില്‍ സൂചിയും നൂലുമായി !!




 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്