2014, മാർച്ച് 10, തിങ്കളാഴ്‌ച

ചിരിച്ചു കൊണ്ട് മരിച്ചു കിടക്കുന്നു



ദ്ദേഹത്തെ കാണുമ്പോഴൊക്കെ ഞാന്‍ ഉപ്പയെ ഓര്‍ക്കും .
ഉപ്പയുടെ മുഖച്ഛായയൊന്നും ഇല്ല അദ്ദേഹത്തിന് .
പക്ഷെ ആ ഊശാന്‍ താടി ഉപ്പയുടെത് പോലെ തന്നെ !
ഒരു മാറ്റവുമില്ല !!

ഉപ്പയുടെ ഓര്‍മ്മകളില്‍ നിറം പകര്‍ന്നാണ് ഓരോവട്ടവും അദ്ദേഹം കടന്നു വരിക .
ഞങ്ങളുടെ കമ്പനിയിലെ ഒരു ഡ്രൈവര്‍ ആണ് . വയസ്സ് അറുപത്തഞ്ചോളം ആയിട്ടുണ്ടാവും .

അദ്ദേഹം വന്നാല്‍ പിന്നെ ഞങ്ങളുടെ ഓഫീസ് ഒന്ന് സജീവമാവും .
ഒച്ചയും ബഹളവും ഉണ്ടാകും .
ആകെ ഒരു ഫ്രെഷ് നെസ് ഓഫീസിലാകെ പരക്കും .

മുഖം നിറയെ സന്തോഷവും ഒരു പാട് ചിരിയുമായിട്ടാവും വരവ് .
പ്രായം ആയെങ്കിലും ഒരു യുവാവിനെ പോലെയാണ് പെരുമാറ്റം , ഇടപെടലുകള്‍ .
ഓരോരുത്തരുടെ അടുത്തും ചെന്നു സലാം പറയും . കെട്ടിപ്പിടിക്കും .

അദ്ദേഹത്തിന്‍റെ ഓരോ വരവിനും എനിക്ക് ഒരു സമ്മാനം കിട്ടും പ്രത്യേകമായി .
ഒരു 'ബോസ' (ഉമ്മ ) !!

ഒരു പിതാവില്‍ നിന്ന് കിട്ടുന്ന സ്നേഹസമ്മാനമായി ഞാന്‍ അത് ഹൃദയ പൂര്‍വ്വം സ്വീകരിക്കും ..

മുഖം നിറയെ ചിരിയുമായിട്ടല്ലാതെ അദ്ദേഹത്തെ കണ്ടത് ഓര്‍മ്മയില്ല . .
ഏതു ഗൌരവക്കാരനെയും ഒന്ന് കുലുങ്ങി ചിരിപ്പിച്ചേ അദ്ദേഹം പോകൂ .
സ്വയം ചിരിക്കുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയും ചെയ്യുന്ന നല്ല ഒരു മനുഷ്യന്‍ .

'അല്‍ഹുബ്ബ് ഫില്ലാഹി വ ല്‍ ബുഗ്ദു ഫില്ലാഹി '
الحب في الله والبغض في الله ( ഇഷ്ടം ദൈവിക കാര്യങ്ങളില്‍ ദേഷ്യവും ദൈവിക കാര്യങ്ങളില്‍ ) എന്ന് അദ്ദേഹം എപ്പോഴും പറയും ...!!

പേര് ഔദ് അബ്ബാസ് . സുഡാനി . പുറമേ കറുപ്പനും അകമേ 'വെളുപ്പനും . '

കെ. പി. കേശവ മേനോന്റെ 'നാം മുന്നോട്ടു' എന്ന പുസ്തകത്തില്‍ ഒരു അധ്യായമുണ്ട് .
'ഒരു പുഞ്ചിരി എന്തൊരു അനുഗ്രഹം 'എന്നാണു അധ്യായത്തിന്റെ പേര് .
അതില്‍ ഒരിടത്ത് പറയുന്നുണ്ട് .

മനുഷ്യന്‍ എത്ര വിരൂപനാണെങ്കിലും പുഞ്ചിരിക്കുമ്പോള്‍ കാണാന്‍ എന്ത് രസമാണ് ! ദൈവത്തിന്റെ സൃഷ്ടികളില്‍ ചിരിക്കാന്‍ കഴിയുക മനുഷ്യന് മാത്രമാകുന്നു .

ഔദ് അബാസും അദ്ദേഹത്തിന്‍റെ ചിരിയും അങ്ങനെയായിരുന്നു ..

ഇന്നലെ ആ ചിരി മാഞ്ഞു പോയ ദിവസമാണ് .
അറ്റാക്ക് ആയിരുന്നു .
ഒരു പാട് രോഗങ്ങള്‍ ഉണ്ടായിരുന്നുവത്രേ അദ്ദേഹത്തിന് ...

ആ വാര്‍ത്ത‍ ഒരു ഞെട്ടലോടെയാണ് അറിഞ്ഞത് .

വല്ലാതെ വിഷമം തോന്നിയ മറ്റൊരു വേര്‍പാടിന്റെ ദിവസം !

എല്ലാവരെയും ചിരിപ്പിച്ചു സ്വയം ചിരിച്ചു കടന്നു പോയ
ആ മനുഷ്യനെ അവസാനമായി ഒരു നോക്ക് കാണാന്‍ ചെന്നപ്പോള്‍
ഞാന്‍ സത്യത്തില്‍ അദ്ഭുതപ്പെട്ടു പോയി !
അങ്ങനെ ഒരു കാഴ്ച എന്റെ ജീവിതത്തില്‍ ആദ്യമാണ് !

അദ്ദേഹം ചിരിച്ചു കൊണ്ട് മരിച്ചു കിടക്കുന്നു !!!!

1 comments:

  1. എന്‍റെ ആദ്യകാലവായനയിലെ പുസ്തകങ്ങള്‍ ശ്രീ.കെ.പി.കേശവമേനോന്‍റെ കൃതികളായിരുന്നു.ആ വിശിഷ്ടഗ്രന്ഥങ്ങള്‍ സുശോഭനമായ ജീവിത പാതയിലേക്ക് നയിക്കാന്‍ തൂവെളിച്ചമായി നിറഞ്ഞുനിന്നിട്ടുണ്ട്.
    ആശംസകള്‍ മാഷെ

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്