2014, മാർച്ച് 11, ചൊവ്വാഴ്ച

സൂക്ഷിച്ചില്ലെങ്കില്‍ ഒരു പക്ഷേ ...!



വിദേശ രാജ്യത്തെ എന്റെ ആദ്യത്തെ സെക്ഷന്‍ മാനേജര്‍ ആയിരുന്നു ഉമര്‍ ബഹ്മേല്‍ . യമനി .
വെറും ഒരു പാവം മനുഷ്യന്‍ .

ഒരിക്കല്‍ ശ്രീമതി അയച്ച കത്തില്‍ എന്റെ മോളെ ഒരു ഫോട്ടോ കൂടിയുണ്ടായിരുന്നു .
ഞാന്‍ ആ ഫോട്ടോയിലേക്ക്‌ നോക്കി ഇരിക്കുമ്പോഴാണ് ഉമറിന്റെ വരവ് .

മിന്‍ ഹാദാ ? - ഇത് ആരാണ് ?
എന്ന ചോദ്യവുമായി അദ്ദേഹം അടുത്തു വന്നു ഫോട്ടോ വാങ്ങി അതിലേക്കു തന്നെ നോക്കി നിന്നു !
അല്പം കഴിഞ്ഞു ഞാന്‍ കാണുന്നത് അദ്ദേഹത്തിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതാണ് . !
അദ്ദേഹം കൊച്ചു കുട്ടിയെ പോലെ വിതുമ്പിക്കരയുന്നു !

അന്ന് അറബിയില്‍ സംസാരിക്കാനൊന്നും കൂടുതല്‍ അറിയില്ല .
എന്നാലും ഞാന്‍ അദ്ദേഹത്തോട്
എന്തിനാണ് കരയുന്നത് എന്ന് ചോദിച്ചു .

അദ്ദേഹം ഒരു വിധം സങ്കടം അടക്കി പ്പിടിച്ചു എന്നോട് പറഞ്ഞു :
എനിക്കും ഉണ്ടായിരുന്നു ഈ പ്രായത്തിലുള്ള ഒരു മകള്‍ .
അവളെ അല്ലാഹു നേരത്തെ വിളിച്ചു ..
ഹൃദയത്തിനായിരുന്നു കുഴപ്പം .

കൂടുതല്‍ കാലമൊന്നും അദ്ദേഹം ഞങ്ങളുടെ കമ്പനിയില്‍ തുടര്‍ന്നില്ല .
പലപ്പോഴും ഓഫീസില്‍ വരാന്‍ വൈകുകയും ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാതെ എപ്പോഴും അസ്വസ്ഥനായി മാത്രമേ അദ്ദേഹത്തെ കാണാ റുണ്ടായിരുന്നുള്ളൂ .

ഒരിക്കല്‍ ഞാന്‍ ചോദിച്ചു .
എന്താണ് എപ്പോഴും ഇങ്ങനെ ഒരുവിഷമം ?

അപ്പോള്‍ അദ്ദേഹം നിസ്സംഗനായി പറഞ്ഞു :
മരിച്ച ആ കുട്ടിയുടെ അതെ അസുഖം രണ്ടാമത്തെ മോള്‍ക്കും ഉണ്ട് . എങ്ങനെ സന്തോഷിക്കാന്‍ കഴിയും ?

കഷ്ടി ഒരു വര്‍ഷം മാത്രമേ അദ്ദേഹം ഞങ്ങളുടെ സ്ഥാപനത്തില്‍ തുടര്‍ ന്നുള്ളൂ ..
പിന്നെടെപ്പോഴോ അദ്ദേഹം വരാതായി .

കൂടെക്കൂടെ ഒരു പാട് മാനേജര്‍മാര്‍ വന്നുപോയെങ്കിലും ആദ്യത്തെ പ്രണയിനിയെ മറക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ പോലെ എന്റെ ആദ്യത്തെ മാനേജറെയും മറക്കാന്‍ കഴിയില്ല എന്ന് എനിക്ക് മനസ്സിലായി ..

ഇടക്കൊക്കെ കരഞ്ഞു കലങ്ങിയ ആ മുഖം മനസ്സില്‍ തെളിയും .

വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങളുടെ തന്നെ ഒരു ബ്രാഞ്ചില്‍ ജോലി ചെയ്യുന്ന യൂസുഫ് ബഹ്മേല്‍ നെ കാണാന്‍ ഇയ്യിടെ അവസരമുണ്ടായി .
ഉമര്‍ ബഹ്മേലിന്റെ സഹോദരനാണ് യൂസുഫ് .
വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഞാന്‍ ഉമറിനെക്കുറിച്ച് ചോദിച്ചു ..

ഉമര്‍ ഇപ്പോള്‍ മറ്റൊരു കമ്പനിയില്‍ ആണ് ജോലി ചെയ്യുന്നത് എന്നും സുഖമായിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു . അപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്‍റെ കുട്ടി കളുടെ കാര്യം അന്വേഷിച്ചു , രണ്ടു പെണ്‍കുട്ടികള്‍ ഒരേ രോഗം വന്നു മരിച്ചു . ഒരാള്‍ എട്ടാമത്തെ വയസ്സില്‍ . രണ്ടാമത്തെ കുട്ടി നാലാം വയസ്സില്‍ .. ഇപ്പോള്‍ മൂന്നാമത്തെ കുട്ടിക്കും അസുഖം ഉണ്ട് . തലച്ചോറി നാണ് പ്രശ്നം . മൂന്നു ആണ്‍കുട്ടികള്‍ ഉണ്ട് അവര്‍ക്ക് കുഴപ്പം ഒന്നും ഇല്ല .

അപ്പോള്‍ ഞാന്‍ ചോദിച്ചു . അദ്ദേഹം വിവാഹം കഴിച്ചത് കുടുംബത്തില്‍ നിന്നാണോ ?
എനിക്ക് അറിയാവുന്ന ഒരു പാട് കേസുകള്‍ ഇങ്ങനെയുണ്ടായത് കൊണ്ടായിരുന്നു അങ്ങനെ ചോദിച്ചത് .

യൂസുഫ് പറഞ്ഞു .
അതെ .. പല ഡോക്ടര്‍ മാരും പറഞ്ഞ ഒരു കാരണം അതാണ്‌ .
പക്ഷെ അത് തിരിച്ചറിയാന്‍ വൈകിപ്പോയി !!

***

ഷറഫിയ്യയില്‍ നിന്ന് സാധാരണയായി പച്ചക്കറി വാങ്ങാറുള്ളത് ഒരു പണ്ടിക്കാട്ടുകാരന്‍ പയ്യന്റെ അടുത്ത് നിന്നാണ് .
വെളുത്തു മെലിഞ്ഞു സുന്ദരനായ ചെറുപ്പക്കാരന്‍ .
ഒരിക്കല്‍ ഒരു മൂത്ത കുമ്പളം വേണം എന്ന് പറഞ്ഞപ്പോള്‍ അതെടുത്തു തൂക്കും നേരം ഞാന്‍ അവനോടു പറഞ്ഞു .
ഇവിടെ ഇങ്ങനെ നിന്ന് നരച്ചു കുമ്പളങ്ങ ആവാതെ പോയി ഒരു പെണ്ണ് കെട്ടാന്‍ നോക്ക് ചെക്കാ .. !!

അപ്പോള്‍ അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു :
ഉടന്‍ ഉണ്ടാകും .
അടുത്ത വെക്കേഷനില്‍ .
ഹഹ അപ്പോള്‍ എല്ലാം തീരുമാനിച്ചു കഴിഞ്ഞു അല്ലെ ?
വീട്ടുകാര്‍ ഒക്കെ ഏകദേശം പറഞ്ഞു വെച്ചിരിക്കുന്നു ..

അപ്പോള്‍ ഞാന്‍ ചോദിച്ചു . എവിടുന്നാ ?
അടുത്തു നിന്ന് തന്നെ . കുടുംബത്തില്‍ നിന്നാണ് ..

കൂടുതല്‍ ചോദിച്ചറിഞ്ഞപ്പോള്‍ അടുത്ത കുടുംബത്തില്‍ നിന്ന് തന്നെയാണ് ആലോചന വന്നിരിക്കുന്നത് .
ഒന്നും ഉറപ്പിച്ചിട്ടില്ല . ചെന്ന് കുട്ടിയെ കണ്ടു ഇഷ്ടപ്പെട്ടാല്‍ നടത്തും എന്നിടം വരെ എത്തി നില്‍ക്കുന്നു .
അതറിഞ്ഞപ്പോള്‍ ഞാന്‍ അവനോടു ഉമര്‍ ബഹ്മേലിന്റെ കഥ പറഞ്ഞു .

കുടുംബത്തില്‍ നിന്നല്ലാതെ വിവാഹം കഴിക്കുന്നതാണ് നല്ലത് .
എനിക്ക് അറിയാവുന്ന ഒരു പാട് കേസുകള്‍ ഇങ്ങനെ വേറെയും ഉണ്ട് .. എല്ലാം ഉറപ്പിച്ചു കഴിഞ്ഞെങ്കില്‍ ഒകെ . ഇല്ലെങ്കില്‍ ഒന്ന് പുനരാലോചിക്കുന്നത് നന്നാവും എന്നും പറഞ്ഞു ഞാന്‍ പച്ചക്കറി വാങ്ങി പോന്നു . എല്ലാം തികഞ്ഞ വിവാഹത്തിലും ഉണ്ടാകുന്ന കുട്ടികള്ക്ക് എന്തെങ്കിലും അസുഖം ഒക്കെ വരാം . എന്നാലും ഇങ്ങനെ ഒരു സാധ്യത ഉള്ള സ്ഥിതിക്ക് ഒന്ന് കൂടി ആലോചിക്കുന്നത് നല്ലതാണ് . ഞാന്‍ പറഞ്ഞു .

ഇന്നലെയാണ് പിന്നീട് ഞാന്‍ അവനെ കാണുന്നത് .
കണ്ട പാടെ അവന്‍ പറഞ്ഞു :
അതൊഴിവാക്കി മാഷേ ...!!!

എനിക്ക് പെട്ടെന്ന് വരാന്‍ പറ്റില്ലെന്നും അവരോടു മറ്റേതെങ്കിലും ആലോചന നടത്താന്‍ പറയണം എന്നും
അമ്മാവനെ വിളിച്ചു പറഞ്ഞു ..!!!

എനിക്ക് സന്തോഷം തോന്നി .. സമാധാനവും ..!

അറിഞ്ഞു കൊണ്ട് ഒരു ജീവിതം വെറുതെ എന്തിനു ദുരിത പൂര്‍ണ്ണമാക്കണം .
ഒരു പക്ഷെ ഒന്നും ഉണ്ടാവില്ലായിരിക്കും . എന്നാലും ഇത്തരം അനുഭവങ്ങള്‍ ഒരു പാട് കേട്ടത് കൊണ്ട് , ഡോക്ടര്‍ മാര്‍ പോലും ഇത്തരം വിവാഹങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നത് കൊണ്ട് ഉള്ള ബന്ധം നില നിര്‍ത്തി മുമ്പ് ബന്ധമില്ലാത്ത ഒരു കുടുംബവുമായി ബന്ധം സ്ഥാപിക്കലാണ് എന്ത് കൊണ്ടും നല്ലത് .
ആരോഗ്യപരമായും സാമൂഹ്യപരമായും സമാധാന പരമായും !!!


1 comments:

  1. ഏകാന്തതയുടെ നൂറുവര്‍ഷങ്ങളിലും ഇത് പ്രതിപാദിച്ചിട്ടുണ്ട്...
    ആശംസകള്‍ മാഷെ

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്