നുറുങ്ങു കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നുറുങ്ങു കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഓഗസ്റ്റ് 20, ശനിയാഴ്‌ച

നല്ല അയല്‍ക്കാര്‍

 കഥ

അങ്ങേവീടിനും ഇങ്ങേ വീടിനുമിടയിലെ നിശ്ശബ്ദത ചോദിച്ചു:
ഒരു കപ്പുപ്പു തര്വോ ...
ഒരു കഷ്ണം ഇഞ്ചി?
തീപൂട്ടാനൊരു തീപ്പെട്ടിക്കൊള്ളി?
ഒരു വിളക്കെണ്ണ?
അത് കേള്‍ക്കെ അങ്ങേ വീട്ടിലെയും ഇങ്ങേ വീട്ടിലെയും അടുക്കള കോപിച്ചു.
'മിണ്ടിപ്പോവരുത്‌..!'
പിന്നീട് ഒരിക്കലും നിശബ്ദതക്കു നാക്ക്‌ പോങ്ങിയിട്ടില്ല..!
00



2010 ഡിസംബർ 23, വ്യാഴാഴ്‌ച

കഥ / അവകാശികള്‍

ആദ്യ രാത്രി. അറിഞ്ഞു തുടങ്ങുന്നതിന്റെയും അലിഞ്ഞു തീരുന്നതിന്റെയും ആദ്യ മുഹൂര്‍ത്തം. അവള്‍ ആദ്യമായി സ്വതന്ത്രയായത് ആഭരണങ്ങളുടെ കൊളുത്തുകളില്‍ നിന്നാണ്. വളരെ സൂക്ഷ്മതയോടെ, ഓരോന്നോരോന്നു അഴിച്ചെടുക്കുമ്പോള്‍ , അവള്‍ പറഞ്ഞു തുടങ്ങി:
- ഇത് മൂത്താപ്പാന്റെ വക..
- ഇത് എളാപ്പാന്റെ..
- മഹല്ല് കമ്മിറ്റിയുടെ..
- ഗള്‍ഫ്‌ കമ്മിറ്റിയുടെ...
പൊടുന്നനെ, അവന്‍ അവളുടെ വായ പൊത്തി.
'വന്നു കിടക്ക്..'
പിറ്റേന്ന്, പകലുണരുമ്പോള്‍ വധൂ ഗൃഹത്തിന്റെ കോലായില്‍ ഒരു ആഭരണപ്പെട്ടിയും ഒരുപണപ്പൊതിയും; കൂടെ ഒരു കുറിപ്പും..
 'ഇത് അവകാശികള്‍ക്ക് തന്നെ തിരിച്ചു കൊടുക്കുക '

കഥ / ഗൃഹ പ്രവേശം

പുതിയ വീട്ടിലേക്കു പുതിയ സാധനങ്ങള്‍ മാത്രം മതിയെന്ന് അവള്‍.
സാഹചര്യം മനസ്സിലാക്കാതെ സംസാരിക്കരുതെന്ന് അയാള്‍. അതിനൊക്കെ എന്തെങ്കിലും മാര്‍ഗം ഉണ്ടാവുമെന്നും ഇവിടം വരെ എത്തിയില്ലേ എന്നും അവള്‍..
ഒടുവില്‍ ഗൃഹ പ്രവേശത്തിന്റെ തലേന്ന്, സാധനങ്ങള്‍ കൊണ്ട് വന്ന വണ്ടിയില്‍ നിന്ന് , പരസഹായം കൂടാതെ ഒരു പുതിയ വീട്ടുപകരണം അല്പം അധികാരത്തോടെ ,അകത്തേക്ക് കേറിപ്പോകുന്നത്
ഒരു ഞെട്ടലോടെ കണ്ടു അവള്‍..!

കഥ / തിരിച്ചറിയല്‍ കാര്‍ഡ്

മക്കള്‍ വലുതായി. പെണ്‍മക്കളെയൊക്കെ കെട്ടിച്ചു വിട്ടു. ബാക്കിയുള്ള കാലം മക്കളോടും പേരക്കുട്ടികളോടുമൊപ്പം. ഇനി വയ്യ.
അങ്ങനെയാണ് അയാള്‍ ഒരു തിരിച്ചു പോക്കിനെക്കുറിച്ച് ചിന്തിക്കുന്നത്.
വീണ്ടുമൊരു നിറം മങ്ങിയ ആദ്യ രാത്രി കഴിഞ്ഞ്‌ വെയില്ക്കിളികള്‍ ഇറങ്ങിത്തുടങ്ങിയ ഗ്രാമഭംഗിയുടെ മുറ്റത്ത്‌ പത്രം വായിച്ചിരിക്കുമ്പോള്‍,വല്ലാത്ത സന്തോഷത്തിലായിരുന്നു അയാള്‍.

വര്‍ഷങ്ങള്‍ക്കു ശേഷം പറഞ്ഞറിയിക്കനാവാത്ത ആഹ്ലാദത്തോടെ  മക്കളോടൊപ്പം പ്രഭാതഭക്ഷണത്തിന് ഇരിക്കെ, അയാളുടെ ഭാര്യ പറഞ്ഞു: 'നമ്മുടെ റബ്ബര്‍ ഒക്കെ ഷ്ലോട്ടറായി. അതൊക്കെ വെട്ടി കിട്ടിയ കാശിനു കൊടുക്കണം. അവിടെ പുതിയ തൈകള്‍ വെക്കണമെന്ന് കരുതിയിരുന്നു. നിങ്ങളിനി പോകാത്ത സ്ഥിതിക്ക് അത് നടക്കില്ലല്ലോ..'!
പൊടുന്നനെ, വായിലേക്ക് പോയ കൈകളൊക്കെ ഒരു നിമിഷം നിശ്ചലമായി. രസക്കേടില്‍ കുതിര്‍ന്ന പത്തിരിയും കോഴിക്കറിയും കുഴച്ചിട്ട പടി നീക്കി വെച്ച് പ്രതീക്ഷകളോക്കെയും എണീറ്റു...!
അപ്പോള്‍,  നാശ്ത ശീലമില്ലാത്ത പ്രവാസത്തിന്റെ പ്ലേറ്റില്‍ ഒരു പുതിയ തിരിച്ചറിയല്‍ കാര്‍ഡ് കിടന്നു പിടക്കുന്നുണ്ടായിരുന്നു..!

2010 ഡിസംബർ 22, ബുധനാഴ്‌ച

പുരാവസ്തു - കഥ

ഇനി വയ്യ.മറ്റുള്ളവര്‍ക്ക് ഒരു ഭാരമായി കഴിയാനിനി ആവില്ല.
മകനും മരുമകളും പേരക്കുട്ടികളും കണാതെ വൃദ്ധന്‍ പുറത്തിറങ്ങി.
അവള്‍ നേരേത്തെ പോയതു നന്നായി.. വൃദ്ധന്റെ കണ്ണ് നിറഞ്ഞു..
ഈ റോഡ് അവസാനിക്കുന്നത് ഒരു പട്ടണത്തിലാണെന്ന് തോന്നുന്നു. നടന്നു നടന്നു വല്ലാതെ അവശനായപ്പോള്‍ ഒരു പീടികത്തിണ്ണയില്‍ ഒന്ന് വിശ്രമിക്കാമെന്ന് വെച്ചു.
അന്നേരം വൃദ്ധന്റെ കണ്ണുകള്‍ ഒരു പരസ്യപ്പലകയില്‍ പതിഞ്ഞു. വല്ലാത്ത സങ്കടത്തോടെ അതയാള്‍ ഇങ്ങിനെ വായിച്ചെടുത്തു:
'പഴയ സാധനങ്ങള്‍ ഇവിടെ എടുക്കപ്പെടും.'
 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്