2012, ഫെബ്രുവരി 28, ചൊവ്വാഴ്ച

അനുദൈര്‍ഘ്യം



ഒരിക്കല്‍ , 
'പൈ'യുടെ വില ചോദിച്ചാണ് 
ഞാന്‍ അവളുടെയടുത്തു ചെന്നത്.

എനിക്കന്ന്
പൈദാഹത്തിന്റെ വിലയേ
അറിയുമായിരുന്നുള്ളൂ.
അവളപ്പോള്‍ ,
രണ്ടാംലോകമഹായുദ്ധത്തിലായിരുന്നു.

എല്‍സി ടീച്ചര്‍
ഹാജറെടുക്കുമ്പോള്‍ 
ട്വന്റിഫോര്‍ എന്ന് കേള്‍ക്കുമ്പോള്‍
ഒരു അനുദൈര്‍ഘ്യതരംഗം
എന്നിലൂടെ കടന്നുപോകും.
അവളുടെ പ്രസന്റ് സര്‍
ഉള്ളില്‍ കിടന്നു
ഉപരിതല വിസ്തീര്‍ണവും വ്യാപ്തവും
കണ്ടുപിടിക്കുകയാവും
അപ്പോള്‍ ...

മഴവില്ലിന്റെ
ഏഴു നിറങ്ങളില്‍
ഏതിനാണ് സാന്ദ്രത കൂടുതലെന്ന
ചോദ്യത്തിന്
അന്നും ഇന്നും
എന്റെ  ഉത്തരം ഒന്നുതന്നെ...!
ആ ഉത്തരത്തിനു
പാര്‍ത്ഥസാരഥി മാഷ്
കൈവെള്ളയില്‍ പതിച്ചുതന്ന 
ചെമന്ന കയ്യൊപ്പ്
ഏകദിശാപ്രവര്‍ത്തനത്തെക്കുറിച്ച് 
ഞാനെഴുതിയ
ആദ്യത്തെയും
അവസാനത്തെയും കവിതയായി
ഇന്നും
തിണര്‍ത്തു കിടപ്പുണ്ട്.



2012, ഫെബ്രുവരി 26, ഞായറാഴ്‌ച

മിന്നല്‍പിണര്‍



മഴ കോരിച്ചൊരിയുകയാണ്. കരണ്ട് പോയിരിക്കുന്നു. ശക്തമായ കാറ്റില്‍ തുറന്നു കിടന്ന ഏതോ ജനല്‍ പാളികള്‍ ചേര്‍ന്നടയുന്ന ശബ്ദം കേട്ടാണ് അയാള്‍ ഞെട്ടി ഉണര്‍ന്നത് .
ശക്തമായ മിന്നലുണ്ട്.
കാതടപ്പിക്കും വിധം ഇടി പൊട്ടുന്നുണ്ട്.

ജനല്‍പാളികള്‍ ചേര്‍ത്തടക്കുമ്പോഴാണ് അയാള്‍ ഓര്‍ത്തത്‌: 'മോള്‍ക്ക്‌ ഇടി പേടിയാണല്ലോ.. പ്ലസ്‌ വണ്ണിനു പഠിക്കുന്ന കുട്ടിയാണ് പറഞ്ഞിട്ടെന്തു കാര്യം..'?

അയാള്‍ മകളുറങ്ങുന്ന മുറിയുടെ പാതി ചാരിയ കതകു മെല്ലെ തുറന്നു.
ഭാഗ്യം!
മോളുണര്‍ന്നിട്ടില്ല. ഉണര്‍ന്നിരുന്നുവെങ്കില്‍ രണ്ടു ചെവിയും പൊത്തിപ്പിടിച്ചു ഓടി വരും.. വല്ലാതെ ചേര്‍ന്നിരിക്കും ... ഇടി ശമിക്കും വരെ.

പാവം.. നല്ല ഉറക്കത്തിലാണ്.
ഞെട്ടിയുണര്‍ന്നു അവള്‍ പേടിച്ചേക്കുമോ എന്ന് കരുതി അയാള്‍ അവളുടെ അരികെ കട്ടിലിലിരുന്നു..


ഇടിമിന്നലിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശഞൊറികള്‍ക്കിടയിലൂടെ അവളുടെ ഓമന മുഖം അയാള്‍ അരുമയോടെ നോക്കിക്കണ്ടു.

ഒടുവില്‍ ,
അവളെ ഉണര്‍ത്താതെ,
വാത്സല്യപൂര്‍വ്വം ആ നെറുകയില്‍ ഒരുമ്മ നല്‍കാന്‍ മുതിരവേ,
പെട്ടെന്ന് അവള്‍ ഞെട്ടി യുണര്‍ന്നു.!

മിന്നല്‍ വെളിച്ചത്തില്‍ അവ്യക്തമായി അവള്‍ കണ്ടു.. അച്ഛന്‍ ..!

ഒരു നിമിഷം!

അവള്‍ വല്ലാതാവുന്നതും പേടിച്ചരണ്ട്‌, അവളുടെ അമ്മ കിടക്കുന്ന മുറിയിലേക്ക് ഓടിക്കേറുന്നതും വാതില്‍ വലിച്ചടച്ചു കുറ്റിയിടുന്നതും അയാള്‍ ഒരു ഞെട്ടലോടെ അറിഞ്ഞു..!!!!

ഒരു മിന്നല്‍ പിണര്‍ അയാളുടെ ഹൃദയവും തകര്‍ത്ത് പൊട്ടിച്ചിതറി..

(Re-Post)


2012, ഫെബ്രുവരി 21, ചൊവ്വാഴ്ച

ശലഭയാനം / കഥ




ലാറം ശബ്ദിച്ച ഉടനെ സുപ്രിയ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. 
അത് പതിവില്ലാത്തതാണ്. പുതപ്പ് തലവഴി ഒന്നുകൂടിമൂടി ചുരുണ്ടുകൂടലാണ് അവളുടെ പ്രകൃതം. എന്തുകൊണ്ടോ അന്ന് അവള്‍ക്കതിന് കഴിഞ്ഞില്ല. 


കട്ടിലിന്റെ ഒരുഭാഗത്ത് മൂടിപ്പുതച്ചുകിടക്കുന്ന ലച്ചുമോനെ സ്നേഹപൂര്‍വ്വം ഒന്നുനോക്കി. ഉറക്കത്തില്‍ തിരിഞ്ഞുംമറിഞ്ഞുംകിടന്ന് അവനെവിടെയൊക്കെയോ എത്തിയിട്ടുണ്ട് .  അരികില്‍കിടത്തി കഥ പറഞ്ഞുകൊടുത്ത് ഉറക്കിയതാണ്. ഇപ്പോള്‍ കട്ടിലിന്റെ ഒരറ്റത്ത് വിലങ്ങനെ കിടക്കുന്നു.. 
പാവം...!! അമ്മയോടൊപ്പമല്ലാതെ കിടക്കാത്ത കുട്ടിയാണ്... 

അടുക്കളയില്‍ പാത്രങ്ങളുടെ ശബ്ദം കേള്‍ക്കുന്നുണ്ട്. 
പ്രിയേ ,  എന്ന് നീട്ടിവിളിച്ചു കൊണ്ട് അമ്മ ഇപ്പോള്‍ വരുമെന്നും തന്നെ തട്ടിവിളിക്കുമെന്നും അവള്‍ക്ക് തോന്നി.. അതോര്‍ത്തപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു. 
'മോളെ ഒന്ന് എഴുന്നേല്‍ക്ക്.. ആരാന്റെ വീട്ടില്‍  പോവേണ്ട കുട്ടിയല്ലേ നിയ്യ് .. ഇങ്ങനെ ഉറങ്ങി ശീലിച്ചാലെങ്ങനാ .. എന്നെയാവും എല്ലാരും കുറ്റം പറയുക.. വളര്‍ത്തു ദോഷം ന്ന്..' 


അവള്‍ അഴിഞ്ഞുലഞ്ഞ മുടി മാടിയൊതുക്കി കട്ടിലില്‍ നിന്നിറങ്ങി . അടുക്കളയില്‍ ആരാണാവോ? അമ്മായിയോ, എളേമ്മയോ അതോ അച്ഛമ്മയോ? 


ബ്രഷില്‍ പേസ്റ്റ് പുരട്ടുമ്പോള്‍ , " മോളെ ലച്ചുവിനെ ഒന്ന് വിളിച്ചേ , അവന്റെ സ്കൂള്‍ബസ്സ്‌ ഇതാ ഇപ്പൊ ഇങ്ങെത്തും..." അമ്മ വിളിച്ചു പറയുന്നതായി അവള്‍ക്കു തോന്നി. 
ഇല്ല; ആ വിളിയും ശാസിക്കലും ഇനിയുണ്ടാവില്ലെന്ന തിരിച്ചറിവ് അവളില്‍ വല്ലാത്തൊരു ഭീതി വളര്‍ത്തി. അവള്‍ കണ്ണുകള്‍ അമര്‍ത്തിത്തുടച്ചു.


സ്കൂളില്‍ പോയിട്ട് ദിവസങ്ങളായി.. ഇന്ന് മുതല്‍ പോയി തുടങ്ങണം. അമ്മയില്ലാത്ത വീട്ടില്‍ നിന്നിറങ്ങിപ്പോയി അമ്മയില്ലാത്ത വീട്ടിലേക്കുള്ള തിരിച്ചുവരവ്.. ഓര്‍ക്കാനേ കഴിയുന്നില്ല .


അമ്മയ്ക്ക് എന്തെല്ലാം സ്വപ്നങ്ങളായിരുന്നു.. 'നിന്നെ അത്ര വേഗമൊന്നും കെട്ടിക്കില്യ . നന്നായിപഠിച്ച് വല്യ ഒരുജോലിക്കാരി ആയിട്ടെ കെട്ടിക്കൂ.. പ്ലസ്‌ടു കഴിയുമ്പോഴേക്കും കുട്ട്യാളെ അങ്ങ്ട് കെട്ടിക്കും. അടുത്തകൊല്ലം കുട്ടിയായി.. പ്രരാബ്ധമായി . പിന്നെ എവിടെ കുട്ട്യാള്‍ക്ക് ജീവിക്കാന്‍ നേരം? ഇന്നത്തെ കാലത്ത് സ്വന്തംകാലില്‍ നില്‍ക്കാന്‍ ഒരുയോഗ്യതയൊക്കെ ണ്ടാകുന്നത് നല്ലതാ .. ഒരു ധൈര്യത്തിന്.. 
ആര് കൈവിട്ടാലും ജീവിക്കാമല്ലോ...'


അവള്‍ , ബാത്ത് റൂമിലേക്കു കയറുമ്പോള്‍ 'മോളെ നിന്റെ അടിയുടുപ്പുകളൊക്കെ ഒന്ന് കഴുകിയിട്ടേര്‌ , അതിനി അവിടെയെവിടെയെന്കിലും ചുരുട്ടിക്കൂട്ടിയിടല്ലേ .. '' എന്ന ഓര്‍മ്മപ്പെടുത്തല്‍ മനസ്സില്‍ വന്നു തൊട്ടു വിളിച്ചു.


നല്ലകൂട്ടായിരുന്നു. എല്ലാംപറയാനുള്ള സ്വാതന്ത്ര്യം തന്നിരുന്നു.. ക്ലാസ്സിലും സ്ക്കൂളിലും ഉണ്ടാവുന്ന ചെറിയ വിശേഷംപോലും അമ്മയോട് പറയും. പറഞ്ഞില്ലെങ്കില്‍ ചോദിച്ചറിയും. ഒന്നും മറച്ചു വെച്ചില്ല , മറച്ചുവെക്കാന്‍ ഒന്നും ഇല്ലായിരുന്നു . എന്നാലും ..


കൌമാരം മനസ്സിലും ശരീരത്തിലും ചിത്രംവരച്ചു തുടങ്ങിയപ്പോഴേ അമ്മ ഓര്‍മ്മപ്പെടുത്തിയിരുന്നു . ഒരു മുന്‍ധാരണ ഉണ്ടായിരുന്നു . പതറാതിരുന്നതും പേടിതോന്നാതിരുന്നതും അതുകൊണ്ടാണ് . ഇത്തരം ഘട്ടങ്ങളില്‍ ഏതുകുട്ടിയും ഒന്ന് വിറളും. ഋതുഭേദങ്ങള്‍ പൂവിടുകയാണ് എന്നൊന്നുമറിയാതെ പെട്ടന്നൊരു നാള്‍ ..!!


കൂട്ടുകാരി ആസിഫാക്ക് വല്ലാത്ത അദ്ഭുതമായിരുന്നു . 
'അയ്യേ എനിക്ക് അതൊക്കെ ഉമ്മാനോട് പറയാന്‍ നാണമാണ് . ' അവള്‍ ജ്യേഷ്ഠത്തിയോടാണത്രേ എല്ലാം പറയുക. തനിക്ക് ചേച്ചിയും കൂട്ടുകാരിയും അമ്മയും പിന്നെയും ആരൊക്കെയോ ആയിരുന്നു അമ്മ ..


ഹൗസ്‌ ലീഡര്‍ സൂരജ് കൂടക്കൂടെ തികച്ചും ബാലിശമായ ഓരോ കാരണവും പറഞ്ഞു 
അമിതമായ ഇടപെടലിന് ശ്രമം നടത്തുന്നതു മനസ്സിലായിതുടങ്ങിയപ്പോള്‍ തന്നെ അമ്മയോട് വിഷയം അവതരിപ്പിച്ചു. വലിയ പണക്കാരനാണ്. ബൈക്കിലൊക്കെയാണ്  വരവ്. രക്ഷിതാക്കള്‍ ഗള്‍ഫില്‍ എവിടെയോ ആണ്. ഒരു ബന്ധുവിന്റെ വീട്ടില്‍നിന്ന് പഠിക്കുകയാണ്. 
വിവരങ്ങളൊക്കെ പലരുംപറഞ്ഞു അറിയാം . വലിയവീട്ടിലെ കുട്ടികളുടെ വിശേഷങ്ങള്‍ പറയാനും പ്രചരിപ്പിക്കാനും ആളുകളേറെ ഉണ്ടാകും.


'ആണ്‍കുട്ടികളോട് തീക്കായുംപോലെ നിന്നാമതി . ഇത്തരം അടുത്തുകൂടലും സ്നേഹം ഭാവിക്കലും ഇനി ജീവിതത്തില്‍ ഒരുപാട് ഉണ്ടാകും . ഒരു പെണ്ണിന്റെ മരണം വരെ അത് പ്രതീക്ഷിക്കണം . പ്രലോഭനങ്ങളില്‍ വീണു പോകരുത് .. എങ്ങനെ പോയാലും നഷ്ടം പെണ്ണിന് തന്നെയാവും .. അതിജയിക്കാനുള്ള ത്ന്റെടമാണ് പ്രധാനം..' അമ്മ പറഞ്ഞു തന്നു.


ചില കലാകായിക മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു .  റെഡ്‌ ഹൌസിലെ കുട്ടികളില്‍ കൂടുതല്‍ പോയിന്റ്‌ നേടിയത് താനായിരുന്നു . പലപ്പോഴും അവന്‍ ഓടിവന്നു അഭിനന്ദിച്ചു. അതൊരു പാലമിടലാണ് എന്ന് മനസ്സിലായപ്പോഴാണ് അമ്മയോട് പറഞ്ഞത്. പിന്നീട് അവനോടു വലിയ അടുപ്പം കാണിച്ചില്ല. അവന്‍ മെല്ലെ മറ്റൊരു കുട്ടിയിലേക്ക് ഒരു വികൃതിച്ചാട്ടം ചാടുന്നതാണ് പിന്നെ കണ്ടത്. അമ്മ പറഞ്ഞപോലെ ഇവരൊക്കെ പഠനംപൂര്‍ത്തിയാക്കുന്നതിനിടക്ക് എത്രകുട്ടികളെ ഇങ്ങനെ വലവീശി 
പിടിക്കാന്‍ നോക്കും ?


പിന്നീടാണ് അറിഞ്ഞത് . സൂരജിനെയും മീരയെയും പട്ടണത്തിലെ ഒരു ലോഡ്ജില്‍ വെച്ച് പോലീസ് പിടികൂടിയതും മീര ടി.സി. വാങ്ങി വേറെ സ്കൂളിലേക്ക് പോയതും.


തറവാട്ടിലായിരുന്ന കാലത്ത് അമ്മയെ തിരക്കില്ലാതെ കണ്ടിട്ടേയില്ല . തിരുമ്മലും തുടക്കലും അലക്കലും വെച്ചുണ്ടാക്കലുമൊക്കെയായി ഓടിനടക്കുക തന്നെയാവും. ഇടയ്ക്കു തലവേദനയെന്നും പറഞ്ഞുപോയി കുറച്ചുനേരം കിടക്കും . പലപ്പോഴും നെറ്റിയില്‍ തുണിനനച്ചിട്ട് താനും ഒപ്പം ചെല്ലും . 
''തലേടെ അകത്ത് എന്തോ വല്ലാത്ത ഒരു കൊളുത്തല്‍ . തല രണ്ടു കഷ്ണമായി ഇപ്പൊ പൊട്ടിത്തെറിക്കും ന്നു തോന്നുണൂ ..'' അമ്മ ഇടയ്ക്കിടെ പറയും.. 
കുറച്ചു നേരം കിടന്നു ചെറിയ ഒരു സമാധാനം  കിട്ടുമ്പോള്‍ വീണ്ടും അമ്മ സജീവമാകും .   


സ്വന്തമായി വീടായപ്പോള്‍ അമ്മ പറഞ്ഞു: 
" ഇനി ഞാനങ്ങട് ചത്താലും വേണ്ടില്ല ..' 


ആറു മാസമേ ആയുള്ളൂ  വീട്ടിലേക്കു താമസം മാറിയിട്ട്.. 
പിന്നെപ്പിന്നെ അമ്മയ്ക്ക് തലവേദന ശക്തമായി  വന്നുതുടങ്ങി.. ഒടുവില്‍ താനാണ് അച്ഛനോട് പറഞ്ഞത്.. ''അച്ഛാ അമ്മയെ നല്ല ഒരു ഡോക്ടറെ കാണിക്കണം .. ഇതിങ്ങനെ വെച്ചോണ്ടിരിക്കാന്‍ പറ്റില്ല ..'' 
സുപ്രിയയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അമ്മ ചെക്കപ്പിനു പോയത്.  അന്ന് വൈകിയാണ് അമ്മയും അച്ഛനും വന്നത് .. എത്തിയ പാടെ ഓടിച്ചെന്ന് അമ്മയോട് ചോദിച്ചു. 
 'എന്ത് പറഞ്ഞു ഡോക്ടര്‍ ' 
'സാരമില്ല; ചെന്നിക്കുത്തിന്റെ കുഴപ്പമാണ് . സ്കാന്‍ ചെയ്തു. വെറുതെ കുറെ കാശ്  കളഞ്ഞു.. '
പക്ഷെ, അച്ഛന്റെ മുഖത്തെ പ്രകാശം പറ്റെ കെട്ടിരുന്നു . പിന്നീട് പലപ്പോഴും അച്ഛന്‍ ചിരിക്കാന്‍ പാടുപെട്ടു പരാജയപ്പെടുന്നത് കാണാമായിരുന്നു.


അമ്മ മെല്ലെമെല്ലെ നഷ്ടപ്പെടുകയാണ് എന്നൊരു ആധി മനസ്സിലെങ്ങനെയോ വളരാന്‍ തുടങ്ങി. വിട്ടു കൊടുക്കില്ല . ഹൈസ്കൂള്‍ പോലും പിന്നിടാത്ത തന്നെയും യു.കെ..ജിയില്‍ പഠിക്കുന്ന ലച്ചുവിനെയും തനിച്ചാക്കി അമ്മ ഒറ്റയ്ക്ക് എങ്ങോട്ട് പോകാനാണ്..? സമ്മതിക്കില്ല ഞാന്‍ ...


ഒരുചെറിയ ഓപ്പറേഷന്‍ ഉണ്ടെന്നു പറഞ്ഞാണ് അമ്മയെ കൊണ്ടുപോയത് . കളിച്ചു ചിരിച്ചു തനിക്കു ഉമ്മയൊക്കെത്തന്നാണ് ഇറങ്ങിപോയത്. നല്ലൊരുമ്മ കിട്ടിയിട്ട് കാലമേറെയായിരുന്നു. അന്ന് മുഴുവനും കവിളില്‍ നിന്ന് ആ ഉമ്മ  മാഞ്ഞുപോകാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചു.! 


പിറ്റേന്ന് , ഹൃദയം നടുക്കുന്ന വാര്‍ത്തയാണറിഞ്ഞത്. ചിരിച്ചിറങ്ങിപ്പോയ അമ്മ എല്ലാവരെയും കരയിപ്പിച്ചാണ് തിരിച്ചു വന്നത്. വെള്ളത്തുണിയില്‍ പൊതിഞ്ഞു മായാത്ത പുഞ്ചിരിയുമായി .. ഉറങ്ങിക്കിടക്കുംപോലെ ..!


കുളികഴിഞ്ഞു ബാത്ത്റൂമില്‍ നിന്ന് പുറത്തിറങ്ങി ലച്ചുമോനെ വിളിച്ചുണര്‍ത്താന്‍ ചെല്ലുമ്പോള്‍ അവനെ കാണുന്നില്ല . ഇവനിതെവിടെ പോയി കിടക്കുന്നു എന്ന് വിചാരിച്ചു നോക്കുമ്പോള്‍ മുറ്റത്തെ പൈപ്പിന് കീഴെ കുന്തിച്ചിരുന്നു അവന്‍ ബ്രഷ് ചെയ്യുന്നു.! അമ്മ പേസ്റ്റ് പുരട്ടി ബ്രഷ് കയ്യില്‍ കൊടുത്താലും മടിപിടിച്ച് വാശി കാണിക്കുന്ന അവനും എല്ലാം മനസ്സിലായി തുടങ്ങിയിരിക്കുന്നു. 
ബ്രഷ് ചെയ്തു കഴിഞ്ഞു കുളിമുറിയിലേക്കോടിപോകുന്ന ലച്ചുവിനെ അവള്‍ അദ്ഭുതത്തോടെ നോക്കി നിന്നു..!! 


പതിവിലും നേരത്തെ അവന്‍ സ്കൂളിലേക്ക് പോകാന്‍ റെഡിയായിയിരിക്കുന്നു. അവനെ ബസ്സ്‌ കേറ്റി വിട്ടു സ്വയം ഒരുങ്ങലിലേക്ക് തിരിയുമ്പോഴും അവളുടെ കണ്ണുകള്‍ നനഞ്ഞു തന്നെയിരുന്നു . .
മുടി മെടയുമ്പോള്‍ പിന്നില്‍ നിന്നു ഒരു കൈ അവളെ തലോടുന്നതും 'നീ മെടയാന്‍ നിന്നാല്‍ ബസ്സ് അങ്ങ് പോകും ' എന്നും പറഞ്ഞു അമ്മ വന്നു മുടി മെടഞ്ഞു തരുന്നതായി അവള്‍ക്കു അനുഭവപ്പെട്ടു.


വര : ഇസ്ഹാഖ് നിലമ്പൂര്‍ 


ബസ്സ്റ്റോപ്പിലെത്തുമ്പോള്‍ മൈമൂനത്താത്ത എത്തിയിട്ടില്ല. സാധാരണ താനെത്തും മുമ്പേ അവരെത്തിയിടുണ്ടാവും . ഇന്ന് പക്ഷെ താന്‍ നേരത്തെയാവും.. ബസ്സ്‌ വരാന്‍ ഇനിയുമുണ്ട് ആറേഴു മിനിറ്റ്.. ബസ്സിനു കൊടുക്കാന്‍ ചില്ലറയില്ലെങ്കില്‍ അവരാണ് സഹായിക്കുക..     


മൈമൂനത്താത്ത ദൂരെ നിന്നു നടന്നു വരുന്നത് കണ്ടു. അക്കരപ്പുരത്താണ് അവരുടെ വീട് . പട്ടണത്തിലെ ഒരാശുപത്രിയിലെ ജീവനക്കാരിയാണ് . 
കണ്ടപാടെ അവര്‍ ചോദിച്ചു:  " ഇന്ന് ഇന്റെം മുമ്പിലെത്തിയോ ഇയ്യ്‌... ..?


തലയാട്ടി , തികച്ചും ദുര്‍ബലമായ ഒരു ചിരി ചിരിച്ചു . 
'നാലഞ്ചു ദിവസായിട്ട് അന്നെ കാണണ് ല്ലല്ലോ എന്ത് പറ്റി ? അസുഖം എന്തേലും ഉണ്ടായിരുന്നോ?'


ആ ചോദ്യം അവളില്‍ ഒരു തേങ്ങലാണ് സൃഷ്ടിച്ചത്. 
എത്ര അടക്കിപ്പിടിച്ചിട്ടും  അവള്‍ക്കു നിയന്ത്രിക്കാനായില്ല .
അവള്‍ നിന്നു വിതുമ്പി.
അവര്‍ അവളെ ആശ്വസിപ്പിച്ചു . 
'എന്ത് പറ്റി ന്റെ കുട്ടിക്ക് ..?''
'അമ്മ ..'
'അമ്മ ..?'
'പോയി ..'!


അവരുടെ കണ്ണുകളും  നിറഞ്ഞു.. അവരവളെ ചേര്‍ത്ത് പിടിച്ചു സമാധാനിപ്പിച്ചു .


യാത്രയിലൊക്കെയും അവള്‍ വിതുമ്പുകയായിരുന്നു. കണ്ടക്റ്റ ര്‍ക്ക്  ചാര്‍ജ്ജ് കൊടുത്തത് പോലും സ്വയമറിയാതെയാണ്. 
ഒറ്റയ്ക്കുള്ള ജീവിതയാത്ര തുടങ്ങുകയാണ് ..


ബസ്സില്‍ നിന്നിറങ്ങി സ്കൂളിലേക്ക് നടക്കുമ്പോള്‍ കൂട്ടുകാരികള്‍ സഹതാപത്തോടെ അവളെ നോക്കുന്നത് കണ്ടു. ആരും ഒന്നും ചോദിച്ചില്ല ..
ക്ലാസ് ടീച്ചര്‍ വിജി അവളെ അടുത്ത് വിളിച്ചു പറഞ്ഞു:
'വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ല. നന്നായി പഠിച്ചു ഒരു നിലയിലെത്തണം . എല്ലാം മറന്നേ പറ്റൂ.. ഞങ്ങള്‍ ഉണ്ടാകും കുട്ടിയുടെ കൂടെ..'


ഇന്റര്‍വെല്ലിനു കൂട്ടുകാരി ജമിന അവളുടെ അടുത്തേക്ക് ചേര്‍ന്നിരുന്നു പറഞ്ഞു:
'നീയും ഇപ്പൊ എന്നെപോലെ ആയി .. അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു .
'ഇനി അന്റെ അച്ഛന്‍ പുത്യ പെണ്ണ് കെട്ടും .. പിന്നത്തെ കാര്യം ഒന്നും പറയാണ്ടിരിക്ക്യാ നല്ലത് .. നിനക്ക റിയോ..എനിക്ക് ഇപ്പൊ വീട്ടിലേക്കു ചെല്ലുന്നതെ ഇഷ്ടല്ല ...!! അവള്‍ കണ്ണ് തുടച്ചു പൊട്ടിപ്പൊട്ടിക്കരഞ്ഞു..



ഒരു ദീര്‍ഘ നിശ്വാസത്തോടെ  കഥയ്ക്ക്  'ശലഭായനം ' എന്ന ശീര്‍ഷകമെഴുതി  നീരജ   എഴുന്നേറ്റു.   കഥയുടെ പേര് അത് തന്നെയിരിക്കട്ടെ . അകാലത്തില്‍ വേദനയില്ലാത്ത ലോകത്തേക്ക് പറന്നുപോയ യുവകവയിത്രി രമ്യാആന്റണിയുടെ കവിതാസമാഹാരത്തിന്റെ പേര് തന്നെയാണ് തന്റെ ഈ കഥയ്ക്ക്‌ നല്ലത് .. 


നീരജ അടുക്കളയിലേക്കു നടന്നു . തൊണ്ടയില്‍ ഒരു മുറുകെപ്പിടുത്തം കിടന്നു പിടക്കുന്നുണ്ട് . ഫ്രിഡ്ജില്‍ നിന്ന് തണുത്ത വെള്ളമെടുത്തു കുടുകുടെ കുടിച്ചു . ദാഹം തീരുന്നില്ല . വാഷ്ബേസിനരികെ ചെന്ന് മുഖം കഴുകാന്‍ ഒരു കുമ്പിള്‍ വെള്ളമെടുക്കുമ്പോള്‍ അവള്‍  കണ്ണാടിയില്‍ തന്റെ മുഖം കണ്ടു! 
കണ്ണുകള്‍ കലങ്ങിയിരിക്കുന്നു .. കൊഴിഞ്ഞു തീരാറായ മുടിയികള്‍ അവിടവിടെ ചിതറിക്കിടക്കുന്നു .. തലക്കകത്ത് വല്ലാത്ത ഒരു പുകച്ചില്‍  .. 


മകള്‍ അഷിത വരാന്‍ ഇനിയും സമയമെടുക്കും .. 
നീരജ എഴുത്ത് മുറിയിലേക്ക്  മെല്ലെ നടന്നു . തലക്കകത്ത് പെരുപ്പ്‌ വര്‍ധിച്ചിരിക്കുന്നു .. 
അവള്‍  കസേരയിലേക്ക് ചാഞ്ഞു . അവളുടെ  കണ്ണുകള്‍ മെല്ലെ  അടഞ്ഞു .
അന്നേരം , കോളിംഗ്ബെല്‍ നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു!! 





 .     
     

2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച

ഏയ്‌ മിസ്റ്റര്‍ , ഒന്ന് ചിരിക്കൂന്നേ...




ര്‍മ്മബോധമുള്ളവനാവുക  എന്നത്  ഒരു നല്ല ഗുണവിശേഷമാണ് . 
ഏതു പ്രതിസന്ധിഘട്ടങ്ങളെയും പുഷ്പംപോലെ   മറികടക്കാന്‍ നര്‍മ്മബോധമുള്ളവര്‍ക്ക് സാധിക്കും . 

ഇന്ന് മസില് ഇല്ലാത്തവരും മസില് പിടിക്കുന്നു
എല്ലാവരും വലിയ ഗൌരവക്കാരാണ്. 
ഒന്ന് ചിരിക്കാന്‍ ഒരു ചെലവുമില്ല . 
എന്നിട്ടും നമുക്കൊക്കെ  എന്തൊരു പിശുക്കാണ് ചിരിക്കാന്‍..!

നര്‍മ്മം  ജീവിതത്തിന്റെ ഭാഗമാക്കാന്‍ കഴിയുന്നവര്‍ എത്ര ഭാഗ്യവാന്മാര്‍ !

'രസം പറയാനും രസം 
കേള്‍ക്കാനും രസം 
കാണാനും രസം 
കുടിക്കാനും രസം 
എല്ലാ രസങ്ങളും രസം..'

ഇവിടെ ചില തമാശകള്‍ വായിക്കാം.
ഇവയില്‍ കേട്ടതുണ്ട് ; വായിച്ചതുണ്ട്,  
സ്വയം ക്രിയേറ്റ് ചെയ്തതുമുണ്ട്. 
ഒരു പക്ഷെ, നിങ്ങളും കേട്ടതുണ്ടാകും ; വായിച്ചതും.


പിണക്കം 

ഭാര്യയും ഭര്‍ത്താവും തമ്മില്‍ പൊരിഞ്ഞ വാക്കേറ്റം നടക്കുകയാണ്. പറയാന്‍ പാടില്ലാത്തതും മറക്കാന്‍ പറ്റാത്തതുമൊക്കെ വിളിച്ചു പറഞ്ഞിട്ടൊടുവില്‍ ഭാര്യ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു: 
''നിങ്ങളോടൊപ്പം ഇനി എനിക്ക് വയ്യ. ഞാന്‍ എന്റെ വീട്ടിലേക്കു പോകുകയാ... എന്റെ തല വിധി .. 
എത്ര നല്ല അന്വേഷണങ്ങള്‍ വന്നതാ..'' 
മൂക്കൊലിപ്പിച്ചും തേങ്ങിക്കരഞ്ഞും അവള്‍ തന്റെ കീറിയ ബാഗിലേക്ക് സാരിയും മാക്സിയുമൊക്കെ വാരിവലിച്ചു വെക്കുകയാണ്. പുറത്ത് ഒന്നും സംഭവിക്കാത്ത മട്ടില്‍ പത്രംവായിച്ചിരിപ്പാണ് അയാള്‍ . ഒന്നും മിണ്ടുന്നില്ല. 


അവസാനം അവള്‍ ബാഗും തോളിലിട്ട്‌ ഇറങ്ങി. 
ഇടയ്ക്കിടെ അവള്‍ അയാളെ തിരിഞ്ഞു നോക്കുന്നുണ്ട്. 
ഇപ്പോള്‍ തിരിച്ചു വിളിക്കും എന്ന പ്രതീക്ഷയിലാണ്  നോട്ടം ! 
അയാള്‍ക്കുണ്ടോ വല്ല കുലുക്കവും? 
അയാള്‍ കൂടുതല്‍ സീരിയസായി പത്രം വായിച്ചു കൊണ്ടിരിക്കുകയാണ്.. 
ഒടുവില്‍ സഹികെട്ട് അവള്‍ പറഞ്ഞു : 
'ങ്ങള് വിളിക്ക് ണ് ണ്ടങ്കി അങ്ങട് വിളിക്യാ .. അല്ലെങ്കി ഞാനങ്ങ്ട് കേറി വരും..'
ഇത് കേട്ടപ്പോള്‍ അയാള്‍ക്ക്‌ ചിരി പൊട്ടി ..
'ന്നാ ന്റെ മോള് ങ്ങട് പോര്..'!..

 ചാറ്റിംഗ് 


വന്‍ കേറിവരുമ്പോള്‍ അവള്‍ താടിക്ക് കയ്യും കൊടുത്തിരിക്കുകയാണ്.  
എന്ത് പറ്റി ?
'ഒരു ചെറ്റ എന്നോട് ചാറ്റാന്‍ വന്നു .. ആള് ഫെയ്ക്ക്  ആണ് .. എന്നെ പോലെ  അവനും ഫോട്ടോ ഒന്നും വെച്ചിട്ടില്ല ..
മെല്ലെ മെല്ലെ അവന്‍ അവന്റെ തനി സ്വഭാവം കാണിക്കാന്‍ തുടങ്ങി. 
ഞാന്‍ അവന്റെ അമ്മയ്ക്കും അച്ഛനും ഒക്കെ തെറി പറഞ്ഞു ..
അവന്‍ എന്റെ മരിച്ചുപോയ അമ്മയെ അസഭ്യം  പറഞ്ഞു ..
അത് കേട്ട് എനിക്ക് സഹിച്ചില്ല . ഞാന്‍ അവനെ എനിക്ക് അറിയാവുന്ന തെറി മുഴുവനും പറഞ്ഞു.. അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത നാറി.
എല്ലാം കേട്ട് ചമ്മിയ മുഖവുമായി അവന്‍ പറഞ്ഞു : 
ഓഹോ , അത് നീയായിരുന്നോ...? 


പച്ചപ്പായല്‍ 


ള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ അയാള്‍ക്ക്‌  നാടന്‍ കോഴി തിന്നാന്‍ ഒരു മോഹം . 
അങ്ങനെയാണ്   ഭാര്യ വളര്‍ത്തുന്ന പൂവന്‍കോഴിയെ 
പിടിക്കാന്‍ കോഴിയുടെ പിറകെ ഓടുന്നത്. 
ഒടുവില്‍ കോഴി  അദ്ദേഹത്തിന്‍റെ കണ്ണ് വെട്ടിച്ചു പുരപ്പുറത്തു കയറി : എന്നിട്ട് വലിയ ഉച്ചത്തില്‍ ഒന്ന് കൂവിയിട്ടു  ഈണത്തില്‍ ഇങ്ങനെ പാടി..
'പച്ചപ്പായലിന്‍ പലവിധ ശല്യം പണ്ടേ പോലെ ഫലിക്കുകുകയില്ലിനി..' 


നിസംഗത

പ്രസിദ്ധ തത്വ ചിന്തകന്‍ സോക്രട്ടീസിന്റെ ഭാര്യ ഒരു മുന്‍ കോപക്കാരിയായിരുന്നു.
ഒരു ദിവസം ഭര്‍ത്താവിനോട് അവര്‍ കുറെ കയര്‍ത്തു. എല്ലാം നിസംഗനായി കേട്ടിരുന്നു സോക്രട്ടീസ്.
ഒരു കുലുക്കവുമില്ലാതെ ഇരിക്കുന്ന ഭര്‍ത്താവിനെ കണ്ടു അവര്‍ക്ക് കലി കേറി.
ഒരു കുടം വെള്ളം കൊണ്ട് വന്നു തലയിലൂടെ അങ്ങോട്ടൊഴിച്ചു!
എന്നിട്ടും അക്ഷോഭ്യനായി  സോക്രട്ടീസ് നിലകൊണ്ടു.
ഒടുവില്‍ ആ കൂസലില്ലായ്മക്ക് മുമ്പില്‍ അവര്‍ തോറ്റുപോയി.

ആകെ നനഞ്ഞു കുതിര്‍ന്ന സോക്രട്ടീസ് ഭാര്യയോട്‌ ചിരിച്ചു കൊണ്ട് പറഞ്ഞു:
നിന്റെ കോപവും ശകാരവും കണ്ടപ്പോഴേ എനിക്ക് തോന്നി. ഇടിയും മിന്നലും ഒന്നിച്ചു വരുന്നുണ്ടെന്ന്.
അത് കഴിഞ്ഞ് ഒരു മഴയും ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ഇതാ അതും സംഭവിച്ചിരിക്കുന്നു...!!!


അധിക പ്രസംഗം


ടുട്ടു മോന്‍  ലച്ചു മോന്റെ രണ്ടു കവിളിലും ആഞ്ഞടിച്ചു . 
കരഞ്ഞു കൊണ്ട് ലച്ചു മോന്‍ ടീച്ചറോട്പറഞ്ഞു :
'ന്നെ  ടുട്ടു അടിച്ചു ടീച്ചറെ.. ഇതാ ഇവിടെയും ഇവിടെയും .. ' 
അവന്‍ ടീച്ചര്‍ക്ക് തന്റെ രണ്ടു കവിളും കാണിച്ചു കൊടുത്തു .. 
ടീച്ചര്‍ നോക്കുമ്പോള്‍ വെളുത്ത മുഖത്ത് അഞ്ചു വിരലും  പതിഞ്ഞ അടയാളം ..
ടീച്ചര്‍  ദേഷ്യത്തോടെ ടുട്ടുവിനോട് ചോദിച്ചു
'നീ എന്തിനാണ് ടുട്ടു ലച്ചുവിന്റെ  മോന്തക്ക് അടിച്ചത്..'?


'അവന്‍ നല്ലവനാണോ എന്ന് നോക്കിയതാ ടീച്ചറെ..' 
ടുട്ടു ഒട്ടും കൂസലില്ലാതെ പറഞ്ഞു..
'അധിക പ്രസംഗി ! നല്ലവനാണോ എന്ന് നോക്കാന്‍ അടിക്കുകയാണോ ചെയ്യുക... ?
'എങ്കില്‍ ടീച്ചറും അധിക പ്രസംഗി തന്നെ...
'ഒരു കവിളത്തു അടി കിട്ടിയാല്‍ മറ്റേ കവിളും കാണിച്ചു കൊടുക്കണം,   യേശു അങ്ങനെ പറഞ്ഞിട്ടുണ്ട് . എന്നൊക്കെ ടീച്ചര്‍ ഞങ്ങളോട് പ്രസംഗിച്ചത് ഇത്ര പെട്ടെന്ന് മറന്നു പോയോ ...?


പുസ്തകപ്പുഴു 


ദ്യോഗാര്‍ഥിയോട് ഇന്റര്‍വ്യൂ നടത്തുന്ന ഉദ്യോഗസ്ഥന്‍ :
നിങ്ങള്‍ അടുത്തിടെ വായിച്ച നിങ്ങള്ക്ക് ഏറെ ഇഷ്ടപ്പെട്ട ബുക്ക്‌ ഏതാണ്?
ഉദ്യോഗാര്‍ഥി : മൂന്നു നാല് വര്‍ഷമായി ഞാന്‍ ഒരേ ഒരു ബുക്ക്‌ മാത്രമേ വായിക്കുന്നുള്ളൂ.. നേരം പുലര്‍ന്നത് മുതല്‍ ഉറങ്ങും വരെ ആ ബുക്കിനു മുമ്പില്‍ തന്ന്യാവും.
അത് വായിച്ചിരുന്നാല്‍ സമയം പോകുന്നത് പോലും അറിയില്ല ..
ഓഹോ , അപ്പോള്‍ നിങ്ങള്‍ ഒരു പുസ്തകപ്പുഴു ആണല്ലോ , ആട്ടെ എന്താണ് പുസ്തകത്തിന്റെ പേര്?
'ഫേസ് ബുക്ക്‌ '!!

ഇഷ്ടം 


                      
ഭാര്യ : അയല്‍പ്പക്കത്തെ ലതികയുടെ ഭര്‍ത്താവിനു അവളെ എന്തിഷ്ടമാണെന്നോ .. കരളേ... എന്നെ വിളിക്കൂ. ഓഫീസിലേക്ക് പോകുമ്പോള്‍ അവള്‍ക്കു ഉമ്മ കൊടുത്താണ് അങ്ങേരു  പോകാറ്; നിങ്ങളെ പോലെയൊന്നുമല്ല.


ആര് പറഞ്ഞു ഞാന്‍ അങ്ങനെ അല്ല എന്ന് ? ഞാനും അവളെ അങ്ങനെത്തന്നെയാ വിളിക്കാറ്..! 


അക്കേഷ്യ 


ടീച്ചര്‍ : റഷ്യ , മലേഷ്യ , ഇന്തോനേഷ്യ , തുണീഷ്യ ഇത് പോലെ ഒരു സ്ഥലപ്പേര് പറയൂ 
പിങ്കി മോള്‍ : അക്കേഷ്യ .... !!


                 ന്യായം 

കുറ്റ വിസ്താരം നടക്കേ , ജഡ്ജി അയാളോട് ചോദിച്ചു : നിങ്ങളുടെ ഭാര്യയോടൊപ്പം അവളുടെ കാമുകനെ കൂടി പിടികൂടിയിട്ടും നിങ്ങള്‍ എന്ത് കൊണ്ട് അവളെ  കൊന്നു; കാമുകനെ വെറുതെ വിട്ടു?
" അത് മറ്റൊന്നിനുമല്ല കൊലപാതകത്തിന്റെ എണ്ണം കുറക്കാന്‍ ആയിരുന്നു '
''മനസിലായില്ല ''
'അവള്‍ക്ക് പകരം അവനെയാണ്‌ കൊന്നത് എങ്കില്‍ ആഴ്ചയില്‍ ഒരു മൂന്നു നാലു പേരെ എങ്കിലും കൊല്ലേണ്ടി വന്നേനെ ....'


ചെക്കിംഗ് 


ടുക്കളയില്‍ ചെന്ന്  ഇടയ്ക്കിടെ പഞ്ചസാരപ്പാത്രം തുറന്നു നോ ക്കുന്ന ഭര്‍ത്താവിനോട് ഭാര്യ : നിങ്ങള്‍ക്കെന്തു പറ്റി മനുഷ്യാ ..
'ഇന്നലെ ഡോക്ടറെ കാണാന്‍ പോയില്ലേ അദ്ദേഹം പറഞ്ഞതാ ..'
'എന്തോന്ന്..' ?
'ഇടയ്ക്കിടെ ഷുഗര്‍   ഉണ്ടോ എന്ന് നോക്കണം ..' !!!


കൃമിശല്യം 
രു മദ്യനിരോധന ക്ലാസ് നടക്കുകയാണ്  
ക്ലാസ്‌ എടുക്കുന്ന വേദിയില്‍ മേശപ്പുറത്ത് രണ്ടു ഗ്ലാസ്സുകള്‍ വെച്ചിട്ടുണ്ട്; എല്ലാവര്‍ക്കും കാണത്തക്ക വിധത്തില്‍ .
ക്ലാസ്സ്‌ എടുത്തു കൊണ്ടിരിക്കെ അവതാരകന്‍ പറഞ്ഞു : 
ദേ, ഇങ്ങോട്ടു  നോക്കൂ.. ഇവിടെ രണ്ടു ഗ്ലാസ്സുകള്‍ . ഇതില്‍ ഒന്നില്‍  പച്ചവെള്ളമാണ്  . മറ്റേതില്‍ മദ്യവും. 
എന്നിട്ട്  രണ്ടു ഗ്ലാസുകളിലെക്കും അദ്ദേഹം ഓരോ മണ്ണിരയെ ഇട്ടു .
ക്ലാസ്സ്‌ തുടര്‍ന്നു . കുറെ കഴിഞ്ഞതിനു ശേഷം അദ്ദേഹം  പറഞ്ഞു : ഇപ്പോള്‍ നോക്കൂ ..
നോക്കുമ്പോള്‍ വെള്ളമൊഴിച്ച ഗ്ലാസിലെ  
മണ്ണിര കൂളായി വളഞ്ഞു പുളഞ്ഞു  കളിച്ചു ചിരിച്ചു നടക്കുന്നു  ..
മദ്യം നിറച്ച ഗ്ലാസിലെ മണ്ണിര ദ്രവിച്ചു  പൊടിഞ്ഞു പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ പരുവത്തിലായിരിക്കുന്നു.
ഉടന്‍ അവതാരകന്‍ സദസ്സ്യരോട് ഒരു ചോദ്യം ചോദിച്ചു .
ഇതില്‍ നിന്ന് നിങ്ങള്‍ക്ക് എന്താണ്  മനസ്സിലായത്?
പൊടുന്നനെ സദസ്സില്‍ നിന്ന്  ഒരാള്‍  ചാടി എഴുന്നേറ്റു പറഞ്ഞു:
മദ്യം കഴിച്ചാല്‍ വയറ്റിലെ വിരകളും  കൃമികളും ഒക്കെ ഇത് പോലെ നശിച്ചു പോകും...!!!


ലൈക്‌


കുവൈത്തിലുള്ള സൂസി ഭര്‍ത്താവിനു വിളിക്കുമ്പോള്‍ പറഞ്ഞു .. 'എനിക്ക് ഇന്നലെ എന്റെ ഗ്രൂപ്പില്‍  നിന്ന് നൂറിലേറെ കമന്റ് കിട്ടി .. ഇത് കേട്ട് ഞെട്ടിയ അവളുടെ ചേട്ടന്‍ തിരിച്ചു ചോദിച്ചു .. 
'എന്നിട്ട് നീ എന്ത് ചെയ്തു.. ?
'ഞാന്‍ അവര്‍ക്കൊക്കെ ലൈക്‌ കൊടുത്തു ..'
അമ്പടി കള്ളീ .. അവന്റെ യൊക്കെ ചെകിട്ടത്തു ചെരിപ്പൂരി അടി ക്കുന്നതിനു പകരം നീ അവര്‍ക്ക് ലൈക്‌ കൊടുത്തു അല്ലെ .. 
വെറുതെയല്ല നീ നാട്ടിലേക്ക് വരാത്തത് !!


സത്യസന്ധന്‍ 

ഞാനും അയാളും ഒരേ സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുകയാണ് . ഒരു മധ്യവയസ്ക്കന്‍ . വര്‍ത്തമാനം പറയുന്നതിനിടക്ക് അയാള്‍ എന്നോട് പറഞ്ഞു . എനിക്ക് ഒരു മകന്‍ ഉണ്ട് . പേര് ഹരിശ്ചന്ദ്രന്‍ . അവന്‍ നടന്നു പോകും വഴി ഒരു നൂറു രൂപ താഴെ കിടക്കുന്നത് കണ്ടാല്‍ പോലും അവന്‍ അതെടുക്കില്ല ..
അവന്‍ അത്ര സത്യസന്ധന്‍ ആയതു കൊണ്ടൊന്നും അല്ല .
പിന്നെ ? ഞാന്‍ ചോദിച്ചു:
'അതെടുക്കാന്‍ കുനിയണ്ടേ എന്ന് വിചാരിച്ചിട്ടാണ് ..'

കടം 

നജ കുളികഴിഞ്ഞു ബാത്ത് റൂമില്‍നിന്ന് ഇറങ്ങിയപാടെ സുരേഷ് കുളിക്കാന്‍ കയറി .. 
അവള്‍ മുട്ടോളം  എത്തുന്ന ഒരു ടവ്വല്‍  മാത്രമുടുത്ത് കണ്ണാടിക്ക് മുമ്പില്‍നിന്ന് മുടി ചീകുമ്പോഴാണ്  കാളിംഗ് ബെല്‍ ശബ്ദിക്കുന്നത്.. 
അടുത്ത റൂമിലെ  ചിഞ്ചുമോള്‍ ആയിരിക്കും എന്ന് കരുതി അവള്‍ വാതില്‍ തുറന്നു നോക്കുമ്പോള്‍  സുരേട്ടന്റെ സുഹൃത്ത്‌ അനൂപ്‌ ..!!
അവള്‍ ആകെ ചമ്മിപ്പോയി ..
സുരേട്ടന്‍ ഇല്ലേ?
അവള്‍ വാതില്‍ പൊളിക്കു മറഞ്ഞു നിന്ന് കൊണ്ട് പറഞ്ഞു.
കുളിക്കാന്‍ കേറി .. ഇപ്പോള്‍ കേറിയതെ  ഉള്ളൂ..
എങ്കില്‍ ഞാന്‍ പിന്നെ വരാം ..
ഓകെ.. 
തിരിച്ചു പോകാന്‍ ഒരുങ്ങും മുമ്പ്  അനൂപ്‌ അവളോട്‌ മെല്ലെ  പറഞ്ഞു:
ആ ടവ്വല്‍ ഒരു നിമിഷം ഒന്ന് മാറ്റാമോ ? വെറുതെ വേണ്ട,   
അഞ്ഞൂറ് റിയാല്‍ തരാം.. മറ്റാരും അറിയില്ല.
ഒരു നിമിഷം മാത്രം മതി ..

അവള്‍ ഒന്നാലോചിച്ചു ..
വെറുതെ അഞ്ഞൂറ് കിട്ടുകയല്ലേ ? 
അവന്‍ അവളുടെ കയ്യില്‍ അഞ്ഞൂറ് റിയാല്‍ വെച്ച് കൊടുത്തു..
ഒരു നിമിഷം ടവ്വല്‍ മാറ്റി. 
പെട്ടെന്ന് വാതില്‍ അടച്ചു..!

കുളി കഴിഞ്ഞു സുരേഷ് പുറത്തിറങ്ങി..
ആരാ വന്നത്? 
അത് അനൂപ്‌ ആയിരുന്നു.
നിങ്ങള്‍ കുളിക്കുകയാണ് എന്ന് പറഞ്ഞപ്പോള്‍ പിന്നെ വരാം എന്ന് പറഞ്ഞു പോയി.

അവനു ഒരു അഞ്ഞൂറ് റിയാല്‍ കടം കൊടുത്തിരുന്നു.
അത് ഇന്ന് തരാം എന്ന് പറഞ്ഞിരുന്നു..!!!


പൂച്ചെണ്ട് 


സീതിഹാജിക്കഥകള്‍ ഏറെ പ്രസിദ്ധമാണ് .. ഇവയില്‍ കൂടുതലും അദ്ദേഹത്തിന്റെ പേരില്‍ ആരോപിക്കപ്പെട്ട കഥകള്‍ ആണ് . 
ഇക്കാര്യം ജീവിച്ചിരിക്കുന്ന കാലത്തെ അദ്ദേഹത്തിനു അറിയാമായിരുന്നു. എന്നിട്ടും അവ കേട്ടു അദ്ദേഹം  ആസ്വദിച്ചു ചിരിക്കും . 
അത്തരം ഒരു കഥ . 
സീതി ഹാജി ഒരു തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു . നാട് നീളെ ആഹ്ലാദപ്രകടനം നടക്കുകയാണ് .. പച്ച ഹാരമണിഞ്ഞു ഹാജിയും ഉണ്ട് പ്രകടനത്തില്‍ ..
അനുയായികള്‍ ഉറക്കെ വിളിക്കുകയാണ്‌ 
'പൂച്ചെണ്ട് പൂച്ചെണ്ട് ആയിരമായിരം പൂച്ചെണ്ട് 
സീതി ഹാജിക്ക് പൂച്ചെണ്ട് ..'
ഇത് കേട്ടു ദേഷ്യം വന്ന സീതി ഹാജി മുദ്രാവാക്യം വിളിക്കുന്ന ഒരുത്തനെ  അടുത്തു വിളിച്ചു പറഞ്ഞു..
എടാ പൂച്ചണ്ട് പൂച്ചണ്ട്‌  എന്ന് വിളിച്ചു കൂവാതെ 
സീതിഹാജിക്ക് ആന ണ്ട് ആന ണ്ട് ആനണ്ട് ന്നു വിളിക്കെടാ ഹമുക്കേ..!! 



2012, ഫെബ്രുവരി 5, ഞായറാഴ്‌ച

നീലക്കുപ്പായം



കണ്ണുകള്‍ ഇറുകെ അടച്ചിട്ടും  ഉറക്കം വരുന്നില്ല .
നാളെ നടക്കാന്‍പോകുന്ന രംഗങ്ങള്‍  മിഴിവുള്ള ചിത്രങ്ങളായി മനസ്സിലൂടെ  വന്നുപോയിക്കൊണ്ടിരുന്നു. 
അവന്‍  പഠിച്ചുവെച്ച പ്രസംഗം ഒന്നുകൂടി പറഞ്ഞു നോക്കി.

എത്ര കാണാതെപഠിച്ചാലും ജനങ്ങള്‍ക്ക് മുമ്പില്‍ എഴുന്നേറ്റു  നില്‍ക്കുമ്പോള്‍ ഒരുപക്ഷെ പറ്റെ മറക്കും . ഒരായിരം കണ്ണുകള്‍ ഒരാളെത്തന്നെ തുറിച്ചുനോക്കുമ്പോള്‍ ആരായാലും ഒന്ന് വിരണ്ടു പോകും .
കാല്‍മുട്ടുകള്‍ തമ്മില്‍ കൂട്ടിയിടിക്കും . തൊണ്ട വരളും.
ഇടക്കെങ്ങാനും വല്ലതും മറന്നുപോയാല്‍ പിന്നെ എത്ര റീ അടിച്ചാലും കിട്ടില്ല . ആകെ ചമ്മിപ്പോകും .
ഒടുവില്‍ നാണംകെട്ട് സ്റ്റേജില്‍ നിന്ന് ഇറങ്ങിപ്പോരേണ്ടി വരും.

പാട്ടാണെങ്കില്‍  അത്ര പേടിയില്ല  . നോക്കിപ്പാടാം . കൂടെ പാടാന്‍ ബാപ്പുട്ടിയും ഉണ്ട്.
രണ്ടാളാകുമ്പോള്‍ പേടി പാതിയായി കുറയും . പാടിപ്പാടി പാട്ടും കാണാപ്പാഠം ആയിട്ടുണ്ട്‌. ... .......
'ആനക്കലഹം കഴിഞ്ഞതിന്‍ പിന്‍ 
അമ്പത്തി ഒന്നാം ദിനമതിലെ..'

പ്രസംഗം പഠിച്ചു കിട്ടാന്‍ ഇത്തിരി പാടാണ്‌... ; എന്നാലും ഇപ്പോള്‍ കുറച്ചു ധൈര്യം ഒക്കെ വന്നിട്ടുണ്ട്. 
വീടിനുപിറകിലെ പുളിമരച്ചോട്ടില്‍ , ആനക്കുട്ടികളെ പോലെ കിടക്കുന്ന  പാറക്കൂട്ടങ്ങള്‍ക്കു മീതെ കേറി നിന്ന് തെങ്ങിന്‍ മട്ടലുകൊണ്ട് പ്രത്യേകം സജ്ജമാക്കിയ  'റെഡി മെയ്ഡ് മൈക്കി'നു മുമ്പില്‍ വെച്ച് ആരും കാണാതെ പ്രസംഗിച്ചു  പരിശീലിച്ചിട്ടുണ്ട്; പലവട്ടം .
അത് കൊണ്ടാവും  ഒരാത്മവിശ്വാസം ഒക്കെ വന്നിട്ടുണ്ട് .

തോരണങ്ങളും ഈന്തോലകളും കൊണ്ട് മദ്രസ്സയും പരിസരവും പരമാവധി അലങ്കരിച്ചിട്ടുണ്ട്.
മുറ്റവും ചുറ്റുവട്ടവും ചെത്തിക്കോരി വെടിപ്പാക്കി . കാട് പിടിച്ചു കിടന്ന വരാന്തകളും മുക്കുമൂലകളും അടിച്ചു വാരി വൃത്തിയാക്കി .
എവിടെ നോക്കിയാലും ഒരു പുത്തന്‍ ഉണര്‍വ്വ് ; ഉന്മേഷം .

രാവിലെ ഏഴുമണിക്കുമുമ്പേ എല്ലാവരും എത്തണമെന്നാണ് ഉസ്താദിന്റെ നിര്‍ദേശം .
മിക്ക കുട്ടികള്‍ക്കും ഇന്ന് തന്നെപ്പോലെ ഉറക്കം വരില്ല.
എല്ലാ ആഘോഷങ്ങളുടെയും തലേന്ന് അങ്ങനെയാണ്.

വര്‍ണ്ണക്കടലാസ് പ്രത്യേക ആകൃതിയില്‍ വെട്ടിയെടുത്ത് പൂച്ചെടിക്കമ്പില്‍ പശ തേച്ചു  ഒട്ടിച്ചാണ് കൊടിനിര്‍മ്മാണം . പച്ച, ചുവപ്പ്, നീല , മഞ്ഞ , വയലറ്റ്  നിറങ്ങളില്‍ തീര്‍ത്ത കൊടികള്‍ കാണാന്‍ നല്ല രസമാണ്. കൊടിയുണ്ടാക്കലും അരങ്ങുകെട്ടലും ആയിരുന്നു  ഇന്നത്തെ പ്രധാന പരിപാടികള്‍ ..
മിക്ക ക്ലാസ്മുറികളിലും കലാപരിപാടികളുടെ റിഹേഴ്സലും നടക്കുന്നുണ്ടായിരുന്നു.

നാളെ അതിരാവിലെ കുട്ടികള്‍ കുളിച്ചൊരുങ്ങി പുത്തന്‍ ഉടുപ്പുകളുമിട്ട് എത്തും. ഓരോരുത്തര്‍ക്കും ഓരോ കൊടി കിട്ടും.  പിന്നെ അവയുമേന്തി വരിവരിയായി നീങ്ങും . കൂടെ മുതിര്‍ന്നവരും ഉണ്ടാകും .
മൈക്ക് സെറ്റ് ഘടിപ്പിച്ച വാഹനം ഒച്ചിന്റെ വേഗതയില്‍ ജാഥയോടൊപ്പം മെല്ലെ ചലിക്കും . 
റോഡിനു ഇരുവശത്തും  സ്ത്രീകളുംകുട്ടികളും ജാഥകാണാന്‍ കൌതുകപൂര്‍വ്വം നില്‍പ്പുണ്ടാകും . 
വിവിധ സംഘങ്ങള്‍ തയ്യാറാക്കിയ  അവിലുംവെള്ളവും  പലതരം മിഠായികളും കുട്ടികളെ കാത്തിരിക്കുന്നുണ്ടാവും.

മദ്രസ്സയില്‍ നിന്ന് പുറപ്പെട്ടു കവല വരെയും തിരിച്ചു പുഴക്കല്‍ പാലം വരെയും ജാഥ പോകും . 
എല്ലാം കഴിഞ്ഞു രാത്രിയിലാണ് കലാപരിപാടികള്‍ . പാട്ട്, പ്രസംഗം , സംഘഗാനം, സംഭാഷണം  തുടങ്ങി വിവിധ പരിപാടികള്‍ നേരംപുലരും വരെ നടക്കും . ഉമ്മമാരും രക്ഷിതാക്കളും തങ്ങളുടെ കുട്ടികളുടെ കലാപ്രകടനം കാണാന്‍ നേരത്തെത്തന്നെ എത്തി സ്ഥലം പിടിച്ചിട്ടുണ്ടാവും .

നാളെ  ഒരു പുതുപുത്തന്‍ മണം മദ്രസ്സയാകെ ഒഴുകിപ്പരക്കും . മിക്ക കുട്ടികളും പുത്തന്‍ ഉടുപ്പുകളിട്ടാവും  വരിക. പുതിയ വസ്ത്രങ്ങളുടെ മണം തന്നെ എന്ത് രസമാണ്.

അതോര്‍ത്തപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു.

കൂട്ടത്തില്‍ ഭേദപ്പെട്ട ഒന്ന്  ഉമ്മ അലക്കി ഉണക്കാനിട്ടിട്ടുണ്ട് .
പഴയതാണ് . പറ്റെ നരച്ച , ചുവന്ന നിറമുള്ള ഒരു കള്ളിക്കുപ്പായം .
സ്കൂളിലേക്കും മദ്രസ്സയിലേക്കും മിക്കപ്പോഴും അതുതന്നെയാണ് ഇടാറ്.
ഏറ്റവും അടിയിലെ ഒരു കുടുക്ക് പൊട്ടിപ്പോയിട്ടുണ്ട്.
പുതിയ ഒരെണ്ണം  എവിടെ നിന്നോ സംഘടിപ്പിച്ച്   തത്ക്കാലം തുന്നിപ്പിടിപ്പിച്ചിട്ടുണ്ട് ; ഉമ്മ.

അയല്‍ക്കാരനും കൂട്ടുകാരനും ബന്ധുവും സഹഗായകനുമൊക്കെയായ  ബാപ്പുട്ടിക്ക്  കുപ്പായങ്ങള്‍ ഒരുപാടുണ്ട്. അവന്റെ മിക്ക കുപ്പായങ്ങളും പുതിയത് പോലെയാണ് .
പോരാത്തതിന് നാളേക്കുവേണ്ടി അവനു  പ്രത്യേകം തുണിയും കുപ്പായവും എടുത്തിട്ടുമുണ്ട് .

ബാപ്പുട്ടി  അതൊക്കെ  കാട്ടിത്തന്നിരുന്നു .  ഒന്ന് മെല്ലെ പിടിച്ചു നോക്കി . പിന്നെ ഒന്ന് മണത്തു . നല്ല മിനുമിനുപ്പ് . വല്ലാത്ത തിളക്കം . കൊതിയൂറുന്ന പുത്തന്‍ മണം.
നീല നിറത്തില്‍ മെലിഞ്ഞ കരകളുള്ള  വെള്ളത്തുണി. പിന്നെ പുതിയ മോഡല്‍ വള്ളിചെരുപ്പ്.
'മാണെങ്കി ജ്ജൊന്ന് ഇട്ടു നോക്കിക്കോ ..'
ബാപ്പുട്ടി  പറഞ്ഞു.

ചെളിപുരണ്ട തികച്ചും ദരിദ്രമായ അവന്റെ   കാലുകള്‍  ഒരു പാമ്പ് മാളത്തിലേക്ക്‌ എന്ന പോലെ  ചെരിപ്പിനകത്തേക്ക് കേറിപ്പോയി.
'ഹായ്‌ , എന്ത് ചൊറുക്ക് എന്ത് സുഖം  ..'!! ഊരാന്‍ തന്നെ തോന്നുന്നില്ല .
'മ്മ കണ്ടാ ഞ്ഞെ ചീത്ത പറീം..' ബാപ്പുട്ടിക്ക് പേടി .

മനമില്ലാമനസ്സോടെ  കാലുകള്‍   വലിച്ചെടുത്തു.
ഇങ്ങനെയൊരു ചെരുപ്പ് ഒരിക്കലെങ്കിലും എന്നാണാവോ ഒന്നിടാന്‍ പറ്റുക ..?
എവിടെ നിന്നോ ഒരു നെടുവീര്‍പ്പ് പൊടുന്നനെ വന്നു തൊണ്ടയില്‍ കുരുങ്ങി ശ്വാസം മുട്ടിച്ചു.
ബാപ്പുട്ടി  ചെരുപ്പുകള്‍ വാങ്ങി, അരുമയോടെ പാക്കറ്റില്‍ ഇട്ടു പാത്തുവെച്ചു .
'നാളെ ഇടാനുള്ളതാ.. '


അതൊക്കെയണിഞ്ഞു നല്ല ശുജായി ആയിട്ടായിരിക്കും നാളെ ബാപ്പുട്ടിയുടെ വരവ്. അവന്റെ കൂടെ നിന്ന് പാടേണ്ട ആളാണ്‌ ഞാന്‍ .. വേദനയോടെ ഓര്‍ത്തു.


ബാപ്പുട്ടിയുടെ  ഉപ്പ മാനുക്കാക്കുവിന് ചായക്കച്ചവടം ആണ്.  
അവിടെ ദോശയും ചട്ട്ണിയും കലത്തപ്പവും ഉഴുന്നുവടയും  പുട്ടും പഴവും 
പൊക്കാവടയും  നെയ്യപ്പവുമൊക്കെ  ചില്ലലമാരയിലിരുന്നു കാണികളോട് ചിരിക്കുന്നുണ്ടാവും . പിന്നെ നല്ല വലുപ്പമുള്ള ഉണ്ടയുമുണ്ടാകും. ഒരുണ്ട തിന്നാല്‍ തന്നെ പള്ള നിറയും . ഉണ്ടയോടാണ് ഏറെ ഇഷ്ടം .
പെങ്ങള്‍ മാളുവിന്റെ കോഴികള്‍ ചിലപ്പോള്‍ കൂട്ടില്‍ത്തന്നെ മുട്ടയിടും . മിക്കപ്പോഴും മുട്ടയിടാനാവുമ്പോള്‍ കോഴി വീട്ടിനകത്തൂടെ കൊക്കിപ്പാറി നടക്കും . അന്നേരം മാളു കോഴിയെ പിടിച്ചു ഒരു കൊട്ടക്കടിയില്‍ ഇടും . കാര്യം സാധിച്ചു കഴിഞ്ഞാല്‍ വലിയ ബഹളം കേള്‍ക്കാം . അപ്പോള്‍ കോഴിയെ തുറന്നു വിടും.


കൂട്ടില്‍ മുട്ടയിടുന്നതാണ് അവനിഷ്ടം . അങ്ങനെയാവുമ്പോള്‍ മാളു കാണാതെ മുട്ട കട്ടെടുക്കാം . പീടികയില്‍ കൊണ്ട്പോയി മുട്ട വിറ്റുകിട്ടിയ കാശിനു ഉണ്ട വാങ്ങാം.. മുട്ടതിന്നാല്‍ പള്ള നിറയില്ല . ഉണ്ട തിന്നാല്‍ നിറയും...!!


ബാപ്പുട്ടിയുടെ വല്ലിമ്മയാണ് ഉണ്ട ചുടുക . തിളച്ചു പൊങ്ങുന്ന വെളിച്ചെണ്ണയിലേക്ക് ചുരുട്ടിപ്പിടിച്ച വിരലുകള്‍ക്കിടയിലൂടെ മാവുരുളകള്‍ ഞെങ്ങിഞെരുങ്ങി പുറത്തേക്കു ചാടും. ച്ശീ .. എന്ന ശബ്ദത്തോടെ എണ്ണക്കുളത്തിലേക്ക് ഒന്ന് താഴ്ന്നു പോയി പൊടുന്നനെ മുങ്ങി നിവരും . അപ്പോഴേക്കും വെളുത്ത നിറം മാറി ആളാകെ ചെമന്നിരിക്കും. പൊള്ളച്ചു വീര്‍ത്തു വലുതായി കൊതിപ്പിക്കുന്ന ഗന്ധവുമായി അവന്‍ എണ്ണയില്‍ കിടന്നു പുളയും . അപ്പോഴേക്കും അടുത്ത ഉരുള  എണ്ണക്കുളത്തിലേക്ക്  ചാടാന്‍ വെമ്പി നില്‍ക്കുന്നുണ്ടാവും . പഞ്ചായത്തു കുളത്തിലേക്ക് പിറന്നപടി എടുത്തുചാടാന്‍ കാത്തുനില്‍ക്കുന്ന വികൃതിക്കുട്ടികളെപോലെ .


ബാപ്പുട്ടി സ്നേഹമുള്ളവനാണ്. അവന്റെ ഉപ്പ പള്ളിയിലേക്ക് നിസ്ക്കരിക്കാന്‍ പോകുമ്പോള്‍ മക്കാനിയുടെ ചുമതല ഇത്തിരിനേരം അവനായിരിക്കും . ബാപ്പ പോയാല്‍ പിന്നെ സൂപ്പി മൂപ്പന്‍ ! മഗ് രിബു നിസ്ക്കാരത്തിന് മാനുക്കാക്കു പള്ളിയില്‍ പോകുന്ന തക്കം നോക്കി മെല്ലെ അങ്ങാടിയിലേക്ക് കേറും . ബാപ്പുട്ടിയാണ് മക്കാനിക്കാരന്‍ എങ്കില്‍ അവന്‍ എന്നെ മാടിവിളിക്കും . എന്റെ ഉണ്ടക്കണ്ണുകള്‍ അപ്പോള്‍ ഉണ്ടയിലായിരിക്കും . അത് കണ്ടറിഞ്ഞു അവന്‍ ഒന്നെടുത്തു തരും. എന്നിട്ട് അവന്‍ പറയും :
'പ്പ വരണീന്റെ മുമ്പ് തിന്നോ..' 
നിമിഷനേരംകൊണ്ട് ഉണ്ട എത്തേണ്ടിടത്ത് എത്തും..

മിക്കപ്പോഴും രാവിലെ അരി വറുത്തത്  ആയിരിക്കും .ചായക്ക് കടി. ദോശയും ചട്ട്ണിയും പോരാത്തതിന് ഒരു ഗ്ലാസ് പശുവിന്‍പാലും കുടിച്ചു വലിയ വയറുമായി വരുന്ന ബാപ്പുട്ടിയും അവനും  തമ്മില്‍ ശാരീരികമായി ഒരു ചേര്‍ച്ചയും ഇല്ലായിരുന്നു . നെയ്യൊഴിച്ച കഞ്ഞിയും ചോറും  വിവിധയിനം കൂട്ടാനും ഇറച്ചിയും മീനും ഒക്കെ മതിയാവോളം കഴിച്ചിട്ടും അവന്‍  വെളുത്തിട്ടല്ല . ഒരു കരുമാടിക്കുട്ടന്‍ . കറുത്ത ചുണ്ടുകളും ഇരുണ്ട നിറവും . പക്ഷെ പുറമെ കറുത്തവനാണെങ്കിലും അവന്റെ അകം വെളുപ്പാണ്‌ . 

ഇടക്കെപ്പോഴോ ഒന്ന് മയങ്ങി . ഉപ്പ സുബഹിക്ക് പള്ളിയിലേക്ക് പോകാന്‍ എഴുന്നേറ്റിരിക്കുന്നു . 
ഉമ്മ അടുക്കളയിലാണ് . പെട്ടെന്ന് മുഖവും കൈകാലുകളും കഴുകി വന്നു. ഉണക്കാന്‍ വേലിപ്പുറത്ത് ഇട്ടിരുന്ന കുപ്പായം എടുത്തുകൊണ്ടു വന്നു . 
ഇന്നും ഇത് തന്നെയിട്ടു എങ്ങനെ പോകും ..
മനസിനകത്ത് ഒരു കുഞ്ഞു പക്ഷി തലതല്ലിക്കരഞ്ഞു .


അപ്പോഴാണ്‌ ഒരു ആശയം തോന്നിയത് .
അടുക്കളയിലേക്കു ഓടിച്ചെന്ന് ഉമ്മയോട് പറഞ്ഞു:
'മ്മാ ബാപ്പുട്ടിന്റെ പയേ ഒര് കുപ്പായം തര്വോ ന്നാവോ .. ങ്ങളൊന്നു പോയി നോക്ക്വോ ..?

അത് കേട്ട് ഉമ്മ വല്ലാതായി. പ്രായവും പ്രാരാബ്ദങ്ങളും നിഷ്ക്കരുണം വരച്ചുവെച്ച പ്രയാസങ്ങളുടെ രേഖാചിത്രങ്ങള്‍ക്ക് മായ്ച്ചു കളയാനാവാത്ത മനോഹരമായ ആ മുഖം മെല്ലെ മെല്ലെ ഇരുളുന്നതും ആ കണ്ണുകളില്‍ സ്നേഹവും നിസ്സഹായതയും ഇഴചേര്‍ന്നു തുളുമ്പി തൂവുന്നതും വീര്‍പ്പുമുട്ടലോടെ നോക്കി നിന്നു. അവര്‍ അവനെ  ഇറുകെ പിടിച്ചു ഒരുപാട് ഉമ്മ കൊടുത്തു. എന്നിട്ട് ഉമ്മ ബാപ്പുട്ടിയുടെ വീട്ടിലേക്കു ഓടിപ്പോയി ..
'അവന്റെ പഴയതായാലും മതി . എനിക്ക് അതും പുതിയതാണല്ലോ..' 
മനസ്സില്‍ അത് മാത്രമേ  ഉണ്ടായിരുന്നുള്ളൂ .

ഉമ്മ തിരിച്ചു വരുമ്പോള്‍ ആ മുഖത്തെ പ്രകാശം പറ്റെ കെട്ടിരുന്നു. 
ഒരു നീലക്കുപ്പായം ഉമ്മാന്റെ കൈകളിലിരുന്നു ചിരിക്കുന്നുണ്ട്.
'എത്തര നല്ല കുപ്പായം ണ്ട് ? ന്നിട്ട് ഓള് തന്നതാണിത് ...' 
ഉമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
'റബ്ബേ ജ്ജ് ഇതൊക്കെ കാണുണ് ല്ലേ..' ? 

ഉമ്മാന്റെ കയ്യില്‍  നിന്നു കുപ്പായം വാങ്ങി തിരിച്ചും മറിച്ചും നോക്കി. 
അവിടവിടെ ഒന്നുരണ്ടു ചെറിയ കീറലുണ്ട് ..!! അത്രേയുള്ളൂ .
ആ കീറിയ ഭാഗത്ത്  വിരലുകള്‍ കൊണ്ട് അവന്‍ മെല്ലെ തലോടി.   
'ന്നാലും മ്മാ ഇതെന്നെ നല്ലത് ; ന്റീനെക്കാളും.. '
അന്നേരം കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഉമ്മ വരുന്നത് കണ്ടു. 
കയ്യില്‍ സൂചിയും നൂലുമായി !!




 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്