ഉമ്മയുണ്ടാക്കിയ
ഉണ്ണിയപ്പം
ഇത്രയേറെ മധുരിക്കുന്നത്
ചക്കരക്കൊപ്പം
അരുമയോടെ മാവിലൊഴിച്ച
സ്നേഹാമൃത് കൊണ്ടാവണം !
ഉപ്പ വാങ്ങിച്ച
തോര്‍ത്തു മുണ്ട്
ഇത്രയേറെ പരുക്കനായത്
വിയര്‍പ്പിന്റെ വില
നന്നായി
അറിയുന്നത് കൊണ്ടാവണം !
അവളുണ്ടാക്കിയ
നെയ്യപ്പം
ഇത്രയേറെ കരുവാളിച്ചത്
അവളുടെ കണ്ണീര്‍ കൂടി
ചീനച്ചട്ടിയില്‍ വീണു
പൊള്ളിയിട്ടാവണം !
മോന്‍ വരച്ചു കൊടുത്തയച്ച
'വീട്ടില്‍'
അമ്മയും
അവന്റെ കുഞ്ഞു പെങ്ങളും
അമ്മൂമ്മയും മുത്തശ്ശനും
മാത്രമായത്
എന്തു കൊണ്ടാവും ?
മിടുക്കനാണവന്‍
ഒരു വീടിന്റെ ചിത്രത്തിലും
വിരുന്നുകാരെ
ആരും
വരച്ചു വെക്കില്ലല്ലോ ..!!!
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ