2012, ഏപ്രിൽ 30, തിങ്കളാഴ്‌ച

കണ്ണാരം പൊത്തിപ്പൊത്തി
കളികള്‍ ഏറെയുണ്ടായിരുന്നു ഒരു കാലത്ത്   . പന്ത്  കളി  , കുട്ടിയും കോലും , തൊട്ടുമണ്ടിക്കളി , സാറ്റ് , പമ്പരംഏറ് , ഗോലി കളി , കക്ക്, കൊത്തം കല്ല് ,  വള്ളിച്ചാട്ടം  , അമ്മാനമാടല്‍ , കുറ്റിപ്പുര കെട്ടി ചോറും കറിയും വെക്കല്‍ .. അങ്ങനെയങ്ങനെ .


സ്കൂള്‍ വിട്ടുവന്ന പാടെ വല്ലതും കഴിച്ചെന്നു വരുത്തി , പാടത്തെക്കോ , പറമ്പിലേക്കോ , കളിക്കളങ്ങളിലേക്കോ വീടിന്റെ പിന്‍വശത്തെക്കോ 
ഓട്ടം. പിന്നെ കൂട്ടുകാരോടൊപ്പം മതിമറന്നു കളിച്ചു കൂത്താടി ശരീരം മുഴുവന്‍ മണ്ണും ചെളിയുമായി   കാലിലും തുടയിലുമൊക്കെ പോറലുകളും മുറിയലുകളുമായി സന്ധ്യയോടെ വീട്ടില്‍ എത്തിയിരുന്ന കുസൃതി നിറഞ്ഞ കാലം . മറക്കാന്‍ കഴിയാത്ത ,  ഓര്‍മ്മയില്‍ പോലും മധുരം നിറയുന്ന ബാല്യ കാലം ..


കുട്ടിക്കാലത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു ചിത്രം , ഒരു കവിത , ഒരോര്‍മ്മ ഇതൊക്കെ ആ കാലത്തെ നമ്മുടെ മനസ്സിലേക്ക് കൂട്ടിക്കൊണ്ട് പോകും... നാം അറിയാതെ അല്‍പനേരം അന്നത്തെ ആ  കുട്ടിയായി മാറും . മനസ്സില്‍ നിന്ന് ഒരിക്കലും പടിയിറങ്ങി പോകാത്ത ഗൃഹാതുര സ്മരണയായി ബാല്യകാലം ഉള്ളില്‍ കിടന്നു ഓളം വെട്ടും .

എന്നാല്‍ ഇന്നത്തെ കുട്ടികള്‍ക്ക് ഇത്തരം കളികളെ കുറിച്ചൊന്നും  അറിയില്ല . കാലം മാറിയപ്പോള്‍ കഥ മാത്രമല്ല കളികളും ഏറെ മാറി. 


തികച്ചും യാന്ത്രികമാണ്‌ പുതിയ കാലത്തെ കുട്ടികളുടെ ജീവിതം . 
അടച്ചിട്ട മുറിയില്‍ നിന്ന്  സ്കൂള്‍ ബസ്സിലേക്ക് . അവിടെ നിന്ന് സ്കൂള്‍ മുറികളിലേക്ക് . വീണ്ടും ബസിലേക്ക് . വീട്ടിലേക്ക്.  

സ്വയം ചെറുതായി ചെറുതായി തന്റെ ചതുരങ്ങള്‍ക്കുള്ളില്‍   കറങ്ങുകയാണ്  പുതിയ തലമുറ  .  അവരുടെ വിനോദങ്ങളും വിചാരങ്ങളും വിനിമയങ്ങളും തികച്ചും വ്യക്ത്യാധിഷ്ടിതമാകുന്നു.  


മതിലുകള്‍ക്കുള്ളില്‍ വളരുന്ന  കുട്ടികള്‍ സമീപനങ്ങളിലും പെരുമാറ്റങ്ങളിലും മതിലുകള്‍ ഇല്ലാത്തവരായിപ്പോയി എന്നതാണ്  പുതിയ കാലത്തിന്റെ ഏറ്റവും വലിയ വൈരുധ്യം .  

പണ്ട് വലിയവരെ ബഹുമാനിക്കുക , മുതിര്‍ന്നവരെ ആദരിക്കുക , അവരെ കാണുമ്പോള്‍ മടക്കി കുത്തിയ മുണ്ട് താഴ്ത്തിയിടുക , അവരുടെ സാന്നിധ്യത്തില്‍ മെല്ലെ സംസാരിക്കുക  എന്നിവയൊക്കെ കുട്ടികളുടെ ശീലമായിരുന്നു . ഇന്ന് കുട്ടികള്‍ക്ക് എല്ലാവരും സമന്മാരാണ് . ആരും വലിയവരല്ല ; ആരും ചെറിയവരുമല്ല  എന്ന മട്ട് .. 
മതില്‍ കെട്ടി നിര്‍ത്തി വളര്‍ത്തുമ്പോള്‍ മറ്റു ചില മാനുഷിക  മതിലുകള്‍ 
തകരുന്നുണ്ട്    എന്നര്‍ത്ഥം. 


ഒരു കാര്യം നാം മനസ്സിലാക്കിയേ പറ്റൂ . ഓരോ കാലത്തിനും അനുയോജ്യമായ  തലമുറയാണ് ഇവിടെ ജനിക്കുന്നത് . അവര്‍ക്ക് അവരുടെതായ ശീലങ്ങളും സ്വഭാവങ്ങളും വിനോദങ്ങളും ഉണ്ട് . നമ്മുടെ കാലത്തെ കളികള്‍ നമ്മുടേത്‌ മാത്രമാണ്  . അവ ഓര്‍ക്കുമ്പോള്‍ തന്നെ നമുക്ക്  ഗൃഹാതുരത്വം തോന്നുന്നത്  അത് നമ്മുടെതായിരുന്നു എന്നത് കൊണ്ടാണ്  . പക്ഷെ അക്കാലം മാത്രമായിരുന്നു ശരി , പഴകാല കളികള്‍ മാത്രമാണ് കളി , എന്നൊക്കെ നമുക്ക് തോന്നാമെങ്കിലും പുതിയ തലമുറക്ക് തോന്നില്ല . സാറ്റ് കളിയെക്കുറിച്ച് നമ്മുടെ കുട്ടികളോട് ഒന്ന് പറഞ്ഞു നോക്കൂ .. !! 


കാലം മാറുമ്പോള്‍ തലമുറ മാറുമ്പോള്‍ കളികള്‍ , ശീലങ്ങള്‍ , രീതികള്‍ , ഇവയൊക്കെയും മാറും . നമ്മുടെ കുട്ടിക്കാലത്തെ കളികള്‍ അല്ല നമ്മുടെ കുട്ടികളുടെ കളികള്‍ . അവരുടെ കളികള്‍ ആവില്ല  അവരുടെ കുട്ടികളുടെ കളികള്‍ .
അതിനു ആരും ആരെയും കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല . അങ്ങനെയാണ് ലോകക്രമം . 


നാം തന്നെ എത്രയാണ് മാറിയത് ? അയല്‍പക്കങ്ങളില്‍ പോയി സൊറ പറഞ്ഞിരിക്കാന്‍ ഇന്ന് ആര്‍ക്കെങ്കിലും നേരമുണ്ടോ ? മനുഷ്യന്‍ മനുഷ്യനെ കാണുന്നത്  കൂടുതലും ഉപകരണങ്ങളിലൂടെയാണ് .  വിരല്‍ത്തുമ്പിലാണ് ഭൂഗോളം . തുറക്കുകയെ വേണ്ടാത്ത വാതിലുകള്‍ ആണ്  കൂടുതലും .. ആര്‍ക്കും ആരെയും ആശ്രയിക്കേണ്ടി വരുന്നില്ല . അത് കൊണ്ട് തന്നെ 'നമുക്ക് നാം തന്നെ ധാരാളം ' .


പണ്ടത്തെ കുട്ടികളെ വിരട്ടി നേരെയാക്കാന്‍ പറ്റുമായിരുന്നു . നാമൊക്കെ രക്ഷിതാക്കളില്‍ നിന്ന് അടി മേടിച്ചവരാണ് . അധ്യാപകരില്‍ നിന്നും അതിലേറെ കിട്ടിയവരാണ് . പക്ഷെ ഇന്ന് അടിയും വടിയും ഭീഷണിയും വിരട്ടലും ഒന്നും പുതിയ മക്കളുടെ അടുത്തു വിലപ്പോകില്ല .


അച്ഛനെ അവിടെ കാണുമ്പോള്‍ ഇവിടെ മാറിപ്പോകുന്ന മകനല്ല ഇന്നത്തെ മകന്‍ . അവന്‍ ഇന്ന് അച്ഛന്റെ തോളില്‍ കയ്യിട്ടു നടക്കുന്നവനാണ് . അവര്‍ ഒന്നിച്ചു ഭക്ഷണം കഴിക്കുന്നു , വിനോദങ്ങളില്‍ ഏര്‍പ്പെടുന്നു .. 


പുതിയ അച്ഛന്‍ /അമ്മ / മകന്‍ /മകള്‍ ബന്ധങ്ങളില്‍ ഒരു പാട് മാറ്റം വന്നിരിക്കുന്നു. അത് കൊണ്ട് തന്നെ സൌഹൃദ  അന്തരീക്ഷം 
വീട്ടിലും നമ്മുടെ സമീപനങ്ങളിലും ഉണ്ടായെങ്കില്‍  മാത്രമേ പുതിയ 
മക്കളുമായി നമുക്ക്  സമരസപ്പെട്ടു പോകാന്‍ കഴിയൂ.


പിടിച്ചു വെക്കലല്ല നിയന്ത്രണം വെക്കലാണ് ബുദ്ധി.  
അല്ലെങ്കില്‍ കിട്ടാത്തതു കിട്ടാന്‍ അരുതാത്ത   മാര്‍ഗങ്ങള്‍ അവന്‍ തേടിപ്പോവും.  നമുക്ക് നമ്മുടെ കുട്ടികളെ തന്നെ നഷ്ടപ്പെടാന്‍ ഇത് കാരണമായേക്കും .


പട്ടാളച്ചിട്ടയോടെ മക്കളെ വളര്‍ത്തുന്ന  കാലം കഴിഞ്ഞു . നല്ല സൌഹൃദവും അനുകൂലമായ  കുടുംബാന്തരീക്ഷവും 
പക്വമായ   സമീപനങ്ങളും കൊണ്ട് മാത്രമേ പുതിയ തലമുറയെ  നല്ല മക്കളായി വളര്‍ത്തിക്കൊണ്ടു വരാന്‍ കഴിയൂ. 
കുട്ടികളെ മനസ്സിലാക്കാന്‍ നാം ശ്രമിക്കുമ്പോഴേ കുട്ടികള്‍ നമ്മെ മനസ്സിലാക്കാനും ശ്രമിക്കൂ.

പറയുന്നതെല്ലാം വാങ്ങിക്കൊടുക്കാന്‍ കാണിക്കുന്ന താത്പര്യത്തെക്കാള്‍ കൂടുതല്‍ , വാങ്ങിക്കൊടുത്തവ എങ്ങനെ ഉപയോഗിക്കുന്നു എന്ന് നാം അറിയണം . പുതിയ സംവിധാനങ്ങള്‍ അവന്റെ മാനസിക വികാസത്തിനും വളര്‍ച്ചക്കും അനുഗുണമായ രീതിയില്‍ ഉപയോഗിക്കാനുള്ള ബോധം മക്കളില്‍ വളര്‍ത്തിക്കൊണ്ടു വരണം . 


പുതിയ തലമുറയെ നേര്‍വഴിക്കു നടത്താന്‍ നാം പുതിയ രക്ഷിതാക്കള്‍ ആവുക തന്നെ വേണം .22 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

 1. കാലത്തിനൊപ്പം , മക്കളോടൊപ്പം നടക്കുന്ന കുടുംബങ്ങളില്‍ സ്നേഹവും സമാധാനവും ഉണ്ടാവും.

  ഈ നല്ല ലേഖനത്തിന് അഭിനന്ദനങ്ങള്‍ ...!

  മറുപടിഇല്ലാതാക്കൂ
 2. "പന്ത് കളി , കുട്ടിയും കോലും , തൊട്ടുമണ്ടിക്കളി , സാറ്റ് , പമ്പരംഏറ് , ഗോലി കളി , കക്ക്, കൊത്തം കല്ല് , വള്ളിച്ചാട്ടം , അമ്മാനമാടല്‍ , കുറ്റിപ്പുര കെട്ടി ചോറും കറിയും വെക്കല്‍" ഇതിലെ അവസാനം പറഞ്ഞത് മാത്രേ ഇപ്പൊ നിലവിലുള്ളൂ എന്ന് തോന്നുന്നുഇക്കാ

  മറുപടിഇല്ലാതാക്കൂ
 3. ഉസ്മാന്‍ മാഷ്‌ പറഞ്ഞത് വളരെ ശരിയാണ്.. എന്റെ അഞ്ചു വയസ്സുള്ള മകന് ആവശ്യം ലാപ്ടോപ് ആണ്. അവന്‍ നാട്ടില്‍ സ്കൂളില്‍ പോകുന്നത് തന്നെ ഞാന്‍ ഇവിടെ ഒരു ലാപ്ടോപ് വാങ്ങി വെച്ചിട്ടുണ്ട്, നാട്ടില്‍ വരുമ്പോള്‍ അത് കൊണ്ടുവരാം എന്ന ഉറപ്പിന്മേല്‍ ആണ്..കാലം പോയ ഒരു പോക്കേ...ഉസ്മാന്‍ മാഷിനു അഭിനന്ദനങ്ങള്‍..
  കെ കെ ജലീല്‍ അരീക്കോട്-ജിദ്ദ

  മറുപടിഇല്ലാതാക്കൂ
 4. നല്ലൊരു ലേഖനം ...കാലങ്ങള്‍ മാറിക്കൊണ്ടിരിക്കും കുട്ടികളും ചുറ്റുപാടുകളും അങ്ങിനെ തന്നെ ...അന്നത്തെ കാലത്ത് ഒരു കളിപ്പാട്ടം കിട്ടാക്കനി ആയിരുന്നെങ്കില്‍ ഇന്നത്‌ കൊട്ടക്കണക്കിനു ആയി മാറിക്കഴിഞ്ഞിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 5. മാറിക്കൊണ്ടിരിക്കുക എന്നതാണ് സമൂഹത്തിലെ മാറ്റമില്ലാതെ തുടരുന്ന ഏക സംഗതി എന്ന് പറയാറുണ്ട്‌. ഓരോ കാലത്തിനും ,ഓരോ തലമുറക്കും അതിന്റേതായ നന്മകള്‍ ഉണ്ടായിരിക്കും. സംസ്കാരത്തിന്റെ ഒരു ചിഹ്നം അപ്രത്യക്ഷമാവുമ്പോള്‍ മറ്റൊന്ന് അവിടെ സ്ഥാനം പിടിക്കും. അത് സമൂഹത്തിന്റെ നിയമമാണ്.

  നല്ല ഒരു ചര്‍ച്ചയാണ് മുന്നോട്ടു വെച്ചത്......

  മറുപടിഇല്ലാതാക്കൂ
 6. മാറ്റങ്ങളെ ഉള്‍കൊള്ളണമെന്ന് ചുരുക്കം..

  ലേഖനം നന്നായി..

  മറുപടിഇല്ലാതാക്കൂ
 7. കാലത്തിനനുസരിച്ച് രക്ഷിതാക്കളും മാറണം അതു തന്നെയാണ്‌ ശരി.

  മറുപടിഇല്ലാതാക്കൂ
 8. ഞാനൊക്കെ ഈയിടെയാണ്‌ അച്ഛനായത്‌, ഇത്തരത്തിലുള്ള ലേഖനങ്ങള്‍ എന്നിലെ അച്ഛന്‌ കൂടുതല്‍ ഉത്തരവാദിത്തമുണ്‌ടാക്കുന്നു... :))) ലേഖനത്തിന്‌റെ ആദ്യ ഭാഗങ്ങളില്‍ പറഞ്ഞ പല കാര്യങ്ങളും മനസ്സിനെ ഒന്ന് പുറകോട്ട്‌ കൊണ്‌ട്‌ പോയി... സ്കൂളില്ലാത്ത ദിവസങ്ങള്‍ അന്ന് അര്‍മാദത്തിന്‌റെ ദിവസങ്ങളായിരുന്നു.. ക്ഷീണവും കിതപ്പും വെയിലും കാറ്റുമൊന്നുമൊരു പ്രശ്നമായിരുന്നില്ല. ലക്ഷ്യം മതി മറന്ന് കളിക്കുക. രസിക്കുക...

  മറുപടിഇല്ലാതാക്കൂ
 9. പഴയ ആ ബാല്യ കാല ഓര്‍മ്മകളിലേക്ക് ഒന്ന് എത്തി നോക്കാനും പുതിയ കാലത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഓര്‍മ്മിപ്പിക്കാനും സഹായിക്കുന്ന ലേഘനം ...അഭിനന്ദനങ്ങള്‍ ..

  മറുപടിഇല്ലാതാക്കൂ
 10. "പുതിയ തലമുറയെ നേര്‍വഴിക്കു നടത്താന്‍ നാം പുതിയ രക്ഷിതാക്കള്‍ ആവുക തന്നെ വേണം"

  വളരെ ശരി. കാലം മാറി. രക്ഷിതാക്കളും കാലത്തിനനുസരിച്ച് മാറേണ്ടിയിരിക്കുന്നു. ആധുനിക സംവിധാനങ്ങളെ കുറിച്ച് രക്ഷിതാക്കളും അറിവ് നേടേണ്ടിയിരിക്കുന്നു. നല്ല ലേഖനം.

  മറുപടിഇല്ലാതാക്കൂ
 11. മാറ്റങ്ങള്‍ കാണാതെ പോകുമ്പോഴാണ് രക്ഷിതാക്കളും കുഞ്ഞുങ്ങളും തമ്മിലുള്ള അകലം വര്‍ദ്ധിക്കുന്നത് എന്ന് തോനുന്നു. പുതുതലമുറയുടെ പുതു ശീലങ്ങളില്‍ നല്ലത് ഉള്‍ക്കൊണ്ട്‌ മോശമായത് എന്തെന്ന് അവരെ ബോധ്യപ്പെടുത്തി മുന്നോട്ടു പോകുമ്പോഴേ നല്ല ഒരു കുടുംബാന്തരീക്ഷം ഉണ്ടാവൂ.....അഭിനന്ധനാര്‍ഹാമായ ഒരു ലേഖനം...

  മറുപടിഇല്ലാതാക്കൂ
 12. കാലത്തിനനുസരിച്ചുള്ള മാറ്റം നല്ലതാണ് ...!

  മറുപടിഇല്ലാതാക്കൂ
 13. Good writing. Congrats.

  Please read this post and share it with your friends for a social cause.

  http://www.najeemudeenkp.blogspot.in/2012/05/blog-post.html

  With Regards,
  Najeemudeen K.P

  മറുപടിഇല്ലാതാക്കൂ
 14. കളിയരങ്ങുകളുടെ കാലം ഇന്നത്തെ തലമുറയ്ക്ക് നഷ്ടപ്പെടുകയാണ് , കഥകളിലൂടെ ,കളികളിലൂടെ നന്മയെ ആര്‍ജ്ജിഛെടുത്തിരുന്നു ഇന്ന് എല്ലാം നഷ്ടപെടുന്നു ,മൂല്യങ്ങള്‍ ,ബന്ധങ്ങള്‍
  സാമൂഹിക അവബോധം എല്ലാം. .ഒരു യാഥാര്‍ത്ഥ്യലേക്ക് വിരല്‍ ചൂണ്ടുന്നു ഈ ലേഖനം എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി .

  മറുപടിഇല്ലാതാക്കൂ
 15. ഇത്തരം മനസ്സിലാക്കലുകള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുമ്പോള്‍ ഇന്ന് കാണുന്ന പല വിഷമങ്ങളും ഇല്ലാതാകും.
  നന്നായി.

  മറുപടിഇല്ലാതാക്കൂ
 16. പണ്ടത്തെ കുട്ടികള്‍ ഇല്ലായ്മകള്‍ അറിഞ്ഞുവളര്‍ന്നു. ഇന്ന് ഇല്ലെന്കില്‍ക്കൂടി അതറിയിക്കാതെയാണ് പലരും മക്കളെ വളര്‍ത്തുന്നത്. അപ്പോള്‍ എന്തെങ്കിലും ഒരു ബുദ്ധിമുട്ട് ഉണ്ടാകുമ്പോള്‍, അല്ലെങ്കില്‍ ഒന്ന് മുഖം കടുത്തു വല്ലതും പറഞ്ഞാല്‍, ജീവിതത്തെ ഫേസ്‌ ചെയ്യേണ്ടിവരുമ്പോള്‍ അവര്‍ തളര്‍ന്നുപോകുന്നു. അവര്‍ക്ക് വേണ്ടിയാണ് അവരെ നാം പരിശീലിപ്പിക്കേണ്ടത്. നല്ല ലേഖനം.

  മറുപടിഇല്ലാതാക്കൂ
 17. മുത്തച്ഛന്‍ കോമ്പ്ലെക്സ്..? ..എല്ലാക്കാലത്തെയും കുട്ടികള്‍ മുതിര്‍ന്നതിനു ശേഷം ഇങ്ങനെ തന്നെ പറയും .ഓരോ കുഞ്ഞിനും അവരുടെ ബാല്യകാലം വിട്ടു കൊടുക്കുക ,അതല്ലേ ശരി

  മറുപടിഇല്ലാതാക്കൂ
 18. പുതിയ പോസ്റ്റ് ഒന്നും ഇടാത്തെതെന്താണ്?

  മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്