2014, മാർച്ച് 10, തിങ്കളാഴ്‌ച

പ്രണയ ലേഖനം



പ്രണയ ലേഖനം എഴുതിയിട്ടില്ല
പ്രണയക്കുറിപ്പുകള്‍ എഴുതിയിട്ടുണ്ട് .
പക്ഷെ അത് ഒരേ ഒരാളെ വായിച്ചിട്ടുള്ളൂ .
അതവളല്ല താനും ...!

ആദ്യത്തെ പ്രണയം കണ്ണും മൂക്കും ഇല്ലാത്ത പ്രണയം ആയിരുന്നു .
പറയാതെ പോയ പ്രണയം .

ദിവസവും അവളെ ക്കുറിച്ച് എഴുതിക്കൊണ്ടിരുന്നു .
ഒരു ഡയറിയില്‍ നിറയെ .
തിയ്യതി വെച്ച് ആയിരുന്നു എഴുത്ത് .
ഓരോ ദിവസവും അവളെക്കുറിച്ച് എന്തെങ്കിലും എഴുതാനുണ്ടാകും .. അങ്ങനെ എഴുതി എഴുതി ഒരു തടിച്ച പുസ്തകം നിറയെ 'അവള്‍' ആയി മാറി .

സത്യത്തില്‍ വല്ലതും എഴുതാന്‍ കഴിയുമെന്ന് എന്നെ പഠിപ്പിച്ചത് അവളോടുള്ള പ്രണയം ആയിരുന്നു .

ഒടുവില്‍ ഒരു ദിവസം എന്റെ 'ലവ് ബുക്ക്' കാണാതായി .
ഹൃദയം തകരുന്ന അവസ്ഥയില്‍ എത്തി .

അത് എന്റെ ഒരു അദ്ധ്യാപകന്‍ പിടിച്ചെടുത്തതായിരുന്നു !!

ഒരു ദിവസം അദ്ദേഹം എന്നെ അടുത്തു വിളിച്ചു പറഞ്ഞു :
തെറ്റ് പറ്റും . പക്ഷെ അവയൊക്കെയും രേഖപ്പെടുത്തി വെക്കരുത് .

ആദ്യം പഠനം ,പിന്നെ പ്രണയം , പിന്നെ പരിണയം .
എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ..

ഈ ഡയറി ഞാന്‍ തിരിച്ചു തരുന്നില്ല .
കത്തിക്കാന്‍ പോകുന്നു . എന്ത് പറയുന്നു ?

അങ്ങനെ എന്റെ ആദ്യത്തെ യും അവസാനത്തെയും
പ്രണയാക്ഷരങ്ങള്‍ 'അഗ്നി ശുദ്ധി ' വരുത്തി വെറും ഒരു പിടി ചാരമായിക്കാണും !!
വല്ലാത്ത വേദനയോടെ ഞാന്‍ മൌനം സമ്മതം എന്ന രീതിയില്‍ മിണ്ടാതെ നിന്നു .

അദ്ദേഹത്തിന്‍റെ അടുത്തു നിന്ന് പോരാന്‍ നേരം അദ്ദേഹം എന്നോട് പറഞ്ഞു .

നിനക്ക് എഴുതാനുള്ള കഴിവ് ഉണ്ട് . ചപലമായ പ്രണയം വിട്ടു അക്ഷരങ്ങളെ പ്രണയിക്കുക
അക്ഷരങ്ങള്‍ ഒരിക്കലും നമ്മെ വഞ്ചിക്കില്ല .

അന്നും ഇന്നും എന്തെങ്കിലും എഴുതാന്‍ കഴിയുന്നുണ്ടെങ്കില്‍
അതിന്റെ മുഴുവന്‍ ക്രെഡിറ്റും എന്റെ ആ അധ്യാപകനും
അവള്‍ക്കും അവകാശപ്പെട്ടതാണ് .

ആ അധ്യാപകന്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്
അവള്‍ ഇപ്പോള്‍ എവിടെയാവും ?
അറിയില്ല ..!!!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്