2014, മാർച്ച് 10, തിങ്കളാഴ്‌ച

പണം പുല്ലെടാ നമുക്കുണ്ടെടാ ..'





ഡോക്ടറുടെ റൂമില്‍ ഊഴവും കാത്തിരിക്കുമ്പോഴാണ് എന്റെ തൊട്ടു മുമ്പത്തെ
രോഗിയും ഡോക്ടറും തമ്മിലുള്ള സംസാരം കേള്‍ക്കുന്നത് .
ഒരു മധ്യ വയസ്ക്കനാണ് . ഭാഷ കേട്ടാലറിയാം രോഗിയുടെ ജില്ല ഏതെന്ന് !
'എനിക്ക് എല്ലാകാര്യത്തിലും ഭയങ്കര ബേജാറാ .
കുടീല്‍ ആര്‍ക്കേലും വല്ല ദീനം വന്നാല്‍ പോലും എന്റെ ഒറക്കം പോകും .
ടെന്‍ ഷന്‍ അടിക്കും ..!!

ഡോക്ടര്‍ : ജലദോഷം പോലെയോ പനി പോലെയോ ഒന്നുമല്ല ടെന്‍ഷന്‍
അതിനു കാര്യമായ മരുന്നൊന്നും ഇല്ല .
വെറുതെ നിങ്ങള്‍ ഇവിടെ കിടന്നു ടെന്‍ഷന്‍ അടിച്ചിട്ട് ഒരു കാര്യവും ഇല്ല .
ടെന്‍ഷന്‍ അടിച്ചു ടെന്‍ഷന്‍ അടിച്ചു നിങ്ങള്‍ക്ക് വലിയ രോഗം വന്നാല്‍ പിന്നെ
കലാക്കാലം നിങ്ങളുടെ കുടുംബം ടെന്‍ഷന്‍ അടിക്കേണ്ടി വരും .
നിങ്ങള്‍ ബേജാറായാലും ഇല്ലെങ്കിലും നടക്കാനുള്ളത് നടക്കും .

***
പ്രവാസികളില്‍ പല ആളുകളും പുറത്തു നിന്ന് ഒരു ചായ പോലും
വാങ്ങികഴിക്കില്ല.
ആശയില്ലാഞ്ഞിട്ടൊന്നുമല്ല.
നാട്ടിലെ സംഖ്യ പന്ത്രണ്ടുമടങ്ങായി വര്‍ധിത വീര്യത്തോടെ ഓര്‍മ്മയില്‍ ഓടി എത്തുന്നത് 
അപ്പോഴായിരിക്കും. ഇന്നലത്തെ ഉണക്ക പൊറാട്ട കട്ടന്‍ ചായയില്‍ മുക്കി കടിച്ചു ചവച്ചു പ്രാതല്‍ ഒപ്പിക്കും. 
രണ്ടു റിയാല്‍ കീശയില്‍ തന്നെ വിശ്രമിക്കും.
മസാല ദോശക്കൊക്കെ ആശയുണ്ടാവും ഈ കേശവന്മാര്‍ക്ക്.
കീശയില്‍ കാശുമുണ്ട്. പക്ഷെ പിശുമനസ്സ് കീശയില്‍ കയ്യിടാന്‍ അനുവദിക്കില്ല.
മീശ പിരിച്ചു മുട്ടന്‍വടിയുമായി നില്‍പ്പുണ്ടാവും കാലമാടന്‍ കീശയോരത്ത്.

ഇരുപത്തഞ്ചു കൊല്ലമായി ഗള്‍ഫിലുള്ള ഒരാളെ അടുത്തറിയാം.
വസ്ത്രങ്ങള്‍ സൂക്ഷിക്കാനും തൂക്കിയിടാനും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന , റെക്സിന്‍ കൊണ്ട് നിര്‍മ്മിച്ച ഒരു തോലാബിനു ( അലമാര) നാല്പതോ അമ്പതോ റിയാല്‍ കൊടുത്താല്‍ മതി.
പക്ഷെ ആരെങ്കിലും നാട്ടില്‍ പോവുമ്പോള്‍ ഒഴിവാക്കുന്ന 'തോലാബാ'ണ് ഇയാളുപയോഗിക്കുക.

ഫ്രൂട്ട് സ് അയാള്‍ക്ക് വലിയ ഇഷ്ടമാണ്. അവ നോക്കിവെള്ളമിറക്കുകയല്ലാതെ ഒരു കിലോ ആപ്പിളോ ബുര്‍തുഖാലോ (ഓറഞ്ചു) വാങ്ങിക്കഴിക്കില്ല.
ഒരുഹലലക്കും പ്രത്യേകിച്ചൊന്നും അദ്ദേഹം വാങ്ങിത്തിന്നില്ല .
റൂമില്‍ എന്താ ഉള്ളത് അത് കൊണ്ട് തൃപ്തി അടയും ..!!

ബ്രഷും പേസ്റ്റും ഏരിയലുമൊക്കെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലാത്തതുകൊണ്ട് വാങ്ങിക്കും .
അത്രയും ഭാഗ്യം.! രോഗം വന്നാലും, ഇത് തന്നെയാണ് അവസ്ഥ .

ദിവസങ്ങളോളം ചുമച്ചു ചുമച്ചു ചോര ഛര്‍ദ്ദിച്ചാലും സഹമുറിയന്മാരുടെ പ്രാക്കും മുറുമുറുപ്പും ഏറെ സഹിക്കേണ്ടി വന്നാലും അടുക്കളയില്‍ നിന്ന് വല്ല ഇഞ്ചിയോ കുരുമുളകോ ചെറുനാരങ്ങയോ ഒക്കെയെടുത്ത് തല്‍ക്കാലം ശമനമുണ്ടാക്കാന്‍ നോക്കും. ആവി പിടിച്ചു രക്ഷപ്പെടാന്‍ നോക്കും .
എന്നിട്ട് എ.സി ഇല്ലാത്ത വല്ലവരാന്തയിലും ചുരുണ്ട് കൂടിക്കിടക്കും. ആശുപത്രിയില്‍ പോവില്ല. അപ്പോഴേക്കുംപന്ത്രണ്ടു ഇരട്ടി മുട്ടന്‍ വടിയുമായി കീശയോരത്ത് വന്നു നിന്ന് അയാളെവിരട്ടുന്നുണ്ടാവും.

എന്നിട്ടിപ്പോള്‍, ഷുഗറും പ്രഷറും കൊളസ്ട്രോളും മൂലക്കുരുവും മൂത്രക്കല്ലുമായി അത്യാവശ്യം ഭേദപ്പെട്ട തറവാട്ടില്‍ നിന്ന് വരുന്ന നാലഞ്ച് രോഗങ്ങളോടൊപ്പമാണ് ടിയാന്റെ പൊറുതി.

എന്നാല്‍ ഇത്തരക്കാരുടെ വീടുകളിലെ അവസ്ഥയോ?
'പണം പുല്ലെടീ നമുക്കില്ലെടീ'എന്നായിരുന്നു പണ്ട് നാം പാടിയിരുന്നത്. എന്നാലിപ്പോള്‍ 'പണം പുല്ലെടാ നമുക്കുണ്ടെടാ ..' എന്നാ മട്ടിലാണ് കെട്ട്യോളും കുട്ട്യാളും വാരി വിതറുന്നത്..

അവരെകുറ്റം പറയാനൊക്കുമോ? അവര്‍ക്ക് നോക്കെത്താദൂരത്ത് കണ്ണുംനട്ട് ഇരിക്കുകയൊന്നും വേണ്ട.. 'ആയിരം, നാലായിരം, എണ്ണായിരം പിന്നെ പത്തായിരം ..' എന്ന പാട്ടും പാടി ഇരുന്നാല്‍ മതി.
മാസാമാസം കിറുകൃത്യമായി പറന്നു ചെല്ലുകയല്ലേ പള പള മിന്നുന്ന ഗാന്ധിത്തലകള് ..!‍
ഇനി ഓള്‍ക്കോ, കുട്ട്യാള്‍ക്കോ, ഒരു ഏനക്കെടോ, ഓക്കാനമോ, തുമ്മിയാല്‍തെറിക്കുന്ന മൂക്കോ,
ഒക്കെ വരുന്നുണ്ടെന്നു വിവരം ലഭിച്ചാലോ?

ടെന്‍ഷന്‍ മരം കിടന്നുലയുകയായി. പിന്നെ വിളിയോട് വിളി..
നാട്ടിലെ ഏറ്റവും വലിയ ഹോസ്പിറ്റലിലേക്ക് തന്നെ വിട്ടോളൂ എന്ന് മൊബൈല്‍ കത്തിച്ചു വിളി. ഓട്ടോക്കൊന്നും പോണ്ട .. കാറ്കിട്ടുമോന്നു നോക്ക്. കാറ്..!

പണം കായ്ക്കുന്ന മരത്തിന്റെ വേര് ദ്രവിക്കുന്നതിലേറെ ഉത്കണ്‍ഠ പണം സ്വീകരിക്കുന്ന കൈകള്‍ക്കുള്ളിലെ കൊച്ചു പനിച്ചൂടിനാണ് എന്നര്‍ത്ഥം ..

സ്വയം ഉരുകി മറ്റുള്ളവര്‍ക്ക് വെളിച്ചം പകരുന്നവനാണ് പ്രവാസി എന്നതൊക്കെ ശരി തന്നെ .
നാം ഇവിടെ കഷ്ടപ്പെട്ടാലും അവിടെ കുടുംബം സന്തോഷത്തോടെ കഴിയണം എന്ന ചിന്തയും നല്ലത് തന്നെ

പക്ഷെ ആ സന്തോഷം നമ്മെ ആശ്രയിച്ചാണ് എന്നും നമുക്ക് ആരോഗ്യം ഉണ്ടെങ്കിലെ അവിടെ ആരോഗ്യവും സന്തോഷവും ഉണ്ടാകൂ എന്നും നാം മനസിലാക്കണം .
ഡോക്ടര്‍ പറഞ്ഞ പോലെത്തന്നെ ...!!!

ആഗ്രഹിക്കുന്നതും ഇഷ്ടമുള്ളതും വാങ്ങിക്കഴിക്കണം . നമ്മുടെ ഈ ഭൂമിയിലെ ആയുസ്സ് എന്ന് തീരും എന്നറിയില്ല . അത് കൊണ്ട് കയ്യില്‍ പണമുണ്ടായിട്ടും ആഗ്രഹമുണ്ടായിട്ടും
സ്വയം പിശുക്കുന്നവനില്‍ പരം മറ്റൊരു പിശുക്കന്‍ ഈ ലോകത്ത് വേറെ ഉണ്ടോ ?

ആവശ്യങ്ങള്‍ക്ക് ചെലവാക്കാനുള്ളതാണ് പണം.
ആവശ്യത്തിനു ഉപയോഗിക്കുന്നില്ലെങ്കില്‍ അത് വെറുംകടലാസ്.
നമുക്ക് വേണ്ടി നാം ചെലവാക്കുന്നത് മാത്രമാണ് നമ്മുടേത്‌.
ബാക്കിയുള്ളത് അനന്തരാവകാശികളുടെതാണ്..


0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്