2016, ഫെബ്രുവരി 6, ശനിയാഴ്‌ച

വിധി വൈപരീത്യങ്ങൾ





ഏറെ ദൂരം ഓടാനുണ്ട്.
എന്നാലും ആ യാത്ര മുഷിപ്പിക്കുന്നില്ല . എങ്ങനെ മുഷിയാനാണ് ? വർഷങ്ങളോളം ഒന്നിച്ചു ഒരു റൂമിൽ തൊട്ടടുത്ത ബെഡ്ഡിൽ കിടന്നും സന്തോഷങ്ങളും സങ്കടങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും പരസ്പരം പങ്കുവെച്ചും ഒരുമിച്ചു ഭക്ഷണം കഴിച്ചും ജീവിച്ച അവനെ വർഷങ്ങൾക്കു ശേഷം കാണാൻ പോവുകയാണല്ലോ.

ഓർമ്മകളിൽ അവൻ തന്നെയാണ്.

എന്തൊരു സന്തോഷമുള്ള ജീവിതം ആയിരുന്നു. കുറച്ചു കാലമെങ്കിലും ഭാര്യയേയും കുട്ടികളെയും കൂടെ കൊണ്ട് വന്നു നിർത്തണം എന്ന് അവന്റെ വലിയ സ്വപ്നമായിരുന്നു.
എല്ലാം സാധിച്ചു. സ്നേഹവും സന്തോഷവും കളിയാടുന്ന അവരുടെ ജീവിതത്തിലേക്ക് ചില നേരങ്ങളിൽ അവന്റെ നിരന്തരമുള്ള വിളിയും നിർബന്ധവും കാരണം പോവും. അവരുടെ സന്തോഷം നിറഞ്ഞ ജീവിതം കണ്ട് മനസ്സ് നിറഞ്ഞു തിരിച്ചു പോരും.

ഭാര്യയേയും കുട്ടികളെയും അവന് ജീവനായിരുന്നു. ഭാര്യയെ കുറിച്ച് അവൻ എപ്പോഴും പറയും.
അവൾ എനിക്ക് കിട്ടിയ സൌഭാഗ്യമാണ്. ഞാൻ അവളെ ജീവനു തുല്യം സ്നേഹിക്കുന്നു. അവൾ എന്നെയും..

പെട്ടെന്ന് ഓർമ്മകളെ മുറിച്ചു കൊണ്ട് ഒരു കാർ പിറകിൽ നിന്ന് ഒന്ന് ഹോണടിക്കുക പോലും ചെയ്യാതെ ഓവർടേക്ക് ചെയ്തു കേറി വന്നു. ഒരു നിലക്കും മറികടക്കാൻ പറ്റാത്ത ഒരു ഏരിയയിൽ വെച്ചാണ് അത് ചെയ്തത്.

മുന്നിൽ നിന്ന് കയറ്റം കേറി വന്ന മറ്റൊരു വാഹനം തൊട്ടുതൊട്ടില്ല എന്ന മട്ടിൽ നിന്നു. എന്തോ ഭാഗ്യത്തിനാണ്
രക്ഷപ്പെട്ടത്. ആർക്കും ക്ഷമയില്ല. മുൻപിൽ പോകുന്നവനെ മറികടന്നാലേ സമാധാനമുള്ളൂ. ഒരാളുടെ അക്ഷമയും അശ്രദ്ധയും മതി ഒരുപാട് പേരുടെ ജീവിതം ഇരുളടയാൻ.

അതൊക്കെ ആര് ഓർക്കാൻ ..

ഇത് പോലെയുള്ള മറ്റൊരുത്തന്റെ അശ്രദ്ധയാണല്ലോ എന്റെ സുഹൃത്തിന്റെ ജീവിതവും അവതാളത്തിലാക്കിയത്.

ഏറെ നേരം ഓടിയിട്ടാണ് അവന്റെ വീട്ടിലെത്തിയത്. അവധിക്ക് വരുമ്പോഴൊക്കെ അവന്റെ വീട്ടിൽ പോകും. ആ പതിവ് ഒരിക്കലും തെറ്റിച്ചിട്ടില്ല. അവൻ നാട്ടിൽ ഉണ്ടെങ്കിലും ഇല്ലങ്കിലും.

പക്ഷേ അങ്ങനെയുള്ള ഒരു സന്ദർശനം അല്ല ഇത്. പരസഹായം കൂടാതെ ഒന്ന് എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാതെ, പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ഒറ്റയ്ക്ക് പോകാൻ കഴിയാതെ..
ഈ അവസ്ഥയിൽ എങ്ങനെ ആ മുഖത്തേക്ക് നോക്കും എന്നറിയില്ല.

വണ്ടി വീടിനു മുമ്പിൽ പാർക്ക് ചെയ്ത് ഇറങ്ങി. അടഞ്ഞു കിടക്കുന്ന ഗേറ്റിന്റെ സമീപമുള്ള കൊച്ചു ഗേറ്റിലൂടെ മുറ്റത്തേക്ക്‌ കടന്നു. മുറ്റം കാട് പിടിച്ചു കിടക്കുന്നു. ഒന്ന് അടിച്ചു വാരിയിട്ടു തന്നെ ദിവസങ്ങളായിട്ടുണ്ട് എന്ന് തോന്നി. മുമ്പ് ഈ മുറ്റത്തേക്ക്‌ കേറുമ്പോഴേ ഒരു ഐശ്വര്യത്തിന്റെ മണം വരുമായിരുന്നു. എവിടെ നോക്കിയാലും സന്തോഷം കളിയാടുന്ന പ്രതീതി.

ഇന്ന് ആകെ മാറിയിരിക്കുന്നു. വീട്ടിൽ ഒരാൾ എഴുന്നേൽക്കാനോ എണീക്കാനോ കഴിയാതെ
വർഷങ്ങളോളം കിടന്നാൽ പിന്നെ ആ വീട്ടിൽ എന്ത് സന്തോഷം. സമാധാനം.?

കോളിംഗ് ബെൽ അടിച്ചു. അല്പം കാത്തിരുന്നിട്ട് ആണ് വാതിൽ തുറക്കപ്പെട്ടത്‌. മുന്നിൽ അവൾ. അവന്റെ ഭാര്യ. എന്നെ കണ്ടപ്പോൾ 'നിങ്ങളായിരുന്നോ 'എന്ന ചോദ്യം.
'എന്ന് വന്നു.എന്ന് പോകും ' തുടങ്ങി അവിടെയും ഇവിടെയും തൊടാത്ത ചില കുശലാന്വേഷണം.

പിന്നെ അവൻ കിടക്കുന്ന റൂമിലേക്ക്‌ കൈചൂണ്ടി
'അവിടെയാണ് കിടക്കുന്നത്.'

എന്നെ കണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു.
ഞാൻ ആ കൈകൾ മുകർന്നു.
അവൻ എന്റെ കൈകളിൽ അമർത്തിപ്പിടിച്ചു.

കണ്ണുകളിലൂടെ , വാക്കുകളില്ലാതെ അവൻ കുറെ സംസാരിച്ചു. അകത്തു അവളുടെയും കുട്ടികളുടെയും വർത്തമാനവും ചിരിയും കേൾക്കുന്നുണ്ട്. അവന് എന്തൊക്കെയോ പറയണം എന്നുണ്ട്.

പക്ഷേ ആരെയോ പേടിക്കുന്ന പോലെ...!

ഒടുവിൽ അവൾ ഒരു ക്ലാസ് നാരങ്ങാ വെള്ളം കൊണ്ടു വന്നു തന്നു.

അവളുടെ മുഖത്ത് നിന്ന് ഞാൻ ചിലതൊക്കെ വായിച്ചെടുത്തു. കൂടുതലൊന്നും സംസാരിക്കുന്നില്ല അവൾ. പറയുന്നതിൽ തന്നെ പരിഭവത്തിന്റെയും അവനെ കൊച്ചാക്കിക്കാണിക്കുന്നത്തിന്റെയും ധ്വനികൾ. പഴികൾ.

എനിക്ക് വല്ലാതെ വീർപ്പുമുട്ടി.

മറ്റു ചിലയിടങ്ങളിൽ കൂടി പോകണം എന്ന് കള്ളം പറഞ്ഞ് ഇറങ്ങാൻ ഞാൻ വെറുതെ തിടുക്കം കൂട്ടി.

അവൻ അവളോട്‌ ബാത്ത് റൂമിൽ പോകണം എന്ന് പറഞ്ഞു.
വീൽചെയറിലേക്ക് എന്റെ കൂടി സഹായത്തോടെ കേറ്റിയിരുത്തി.
അപ്പോഴേക്കും തുണി നനഞ്ഞു തുടങ്ങിയിരുന്നു.

വീൽ ചെയർ ഉന്തി പോകുന്ന അവളുടെ മുഖത്തേക്ക് ഞാൻ ഒന്ന് പാളി നോക്കി.
അവിടെ പുച്ഛത്തിന്റെയും വെറുപ്പിന്റെയും ഭാവങ്ങൾ മിന്നി മറയുന്നത് കണ്ടു.

എന്തോ ഇഷ്ടപ്പെടാത്ത ഒരു ഭാരം തള്ളിക്കൊണ്ട് പോകുന്ന പോലെ.

പെട്ടെന്ന് ഒരു ശബ്ദം കേട്ടു. ബാത്ത് റൂമിന്റെ വാതിലിൽ അവന്റെ തല ഇടിച്ച ശബ്ദം ആയിരുന്നു അത്. അതിനോടൊപ്പം 'അള്ളോ...' എന്ന ഒരു നിലവിളിയും.

ഞാൻ ഓടിച്ചെന്നു അവളുടെ മുഖത്തേക്ക് രൂക്ഷമായി ഒന്ന് നോക്കി.
'ഒന്ന് ശ്രദ്ധിക്കേണ്ടേ 'എന്ന ഭാവത്തിൽ.
പക്ഷേ ഇതൊക്കെ ഇവിടെ പതിവാണ് എന്ന മട്ടിൽ അവൾ.

അവന്റെ നെറ്റി മുഴച്ചിരിക്കുന്നു. അവളൊന്നു ഉഴിഞ്ഞു കൊടുക്കും എന്ന് ഞാൻ കരുതി.
അതുണ്ടായില്ല. ഒടുവിൽ ഞാൻ ഉഴിഞ്ഞു കൊടുത്തു. അപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..!



2016, ജനുവരി 24, ഞായറാഴ്‌ച

ഒന്നിങ്ങോട്ടു വിളിക്കുമോ ?



ഒന്നിങ്ങോട്ടു വിളിക്കുമോ ?എന്ന മെസ്സേജ് കണ്ടപ്പോൾ ഞാൻ അവനു വിളിച്ചു .

അടുത്ത കാലത്ത് സുഹൃത്തുക്കളായവരാണ് ഞങ്ങൾ . ഒന്ന് രണ്ടു വട്ടം കണ്ടിട്ടുണ്ട് .

ഒരിക്കൽ ഒന്നിച്ചു ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട് .
ഒരു സന്തോഷ വാർത്ത പറയാനുണ്ട്‌ എന്ന മുഖവുരയോടെയാണ്‌ അവൻ സംസാരിച്ചു തുടങ്ങിയത് . ഒരു ഷോപ്പ് തുടങ്ങിയിട്ടുണ്ട് . കാർ അക്സസ്സറീസ് . നല്ല നിലയിൽ പോകുന്നു .

ഉദ്ഘാടനം ഇന്നലെയായിരുന്നു.

എല്ലാം ഭംഗിയായി കഴിഞ്ഞു .

നല്ല ആളുണ്ടായിരുന്നു .

തൊട്ടടുത്ത്‌ ഒരു ബിൽഡിംഗ് ഉദ്ഘാടനവും ഉണ്ടായിരുന്നു അതെ സമയത്ത് തന്നെ .

ഒരു സിനിമാ നടിയാണ് ബിൽഡിംഗ് ഉദ്ഘാടനത്തിന് വന്നിരുന്നത് .

പക്ഷേ അവിടെ കൂടിയതിലേറെ ആളുകൾ നമ്മുടെ കടയുടെ 
ഉദ്ഘാടന ത്തിനു വന്നിരുന്നു .

അപ്പോൾ ഞാൻ ചോദിച്ചു .

'ആരാണ് ഷോപ്പ് ഉദ്ഘാടനം ചെയ്തത് '

ഞാൻ വല്ല വി ഐ പിയോ സെലിബ്രിറ്റി യോ ഒക്കെ വന്നു കാണും എന്ന് വിചാരിച്ചാണ് ചോദിച്ചത് .

നമ്മുടെ നാട്ടിലെ രീതി അതാണല്ലോ .

ആ ചോദ്യം കേട്ടപ്പോൾ അവൻ ഒരു പ്രത്യേക ചിരി ചിരിച്ചു .

അഭിമാനത്തിന്റെയും സംതൃപ്തിയുടെയും ചിരി .

എന്നിട്ട് അവൻ പറഞ്ഞു . അതിനു മറുപടി പറയാം . പക്ഷേ സമയം ഉണ്ടെങ്കിൽ കുറച്ചു ഫ്ലാഷ് ബാക്ക് പറയാനുണ്ട്‌ .

അത് കേട്ടിട്ട് പോരെ ?

ഞാൻ സമ്മതിച്ചു .

ഒരു പന്ത്രണ്ടു കാരി പെൺകുട്ടി.
അവളുടെ ഉമ്മ അകാലത്തിൽ മരിച്ചു
കുഞ്ഞിലേ അവൾ ഉമ്മയില്ലാത്ത കുട്ടിയായി . അവളുടെ ഉപ്പ വേറെ പെണ്ണ് കെട്ടി . ഉപ്പ കെട്ടിക്കൊണ്ടു വന്ന ഭയങ്കര ക്രൂരയായിരുന്നു . ഈ കുട്ടിയെ വല്ലാതെ പീഡിപ്പിക്കുന്ന സ്ത്രീ . ഒടുവില്‍ ഭക്ഷണത്തിനും ഈ സ്ത്രീയുടെ ക്രൂരതയില്‍ നിന്ന് രക്ഷപ്പെടാനും വേണ്ടി നന്നേ ചെറുപ്പത്തിലെ അവൾ നാടൻ പണിക്കു പോകാൻ തുടങ്ങി.

ഒരു വീടിന്റെ വാർപ്പ് പണിക്ക് ഹെൽപ്പർ ആയാണ് ആദ്യം ചെന്നത് .
ഒരു കൊച്ചു പെൺകുട്ടി ജോലിക്ക് വന്നത് കോണ്ട്രാക്റ്ററുടെ ശ്രദ്ധയിൽ പെട്ടു.

അദ്ദേഹത്തിന് ആ കുട്ടിയോട് എന്തോ അലിവും സഹതാപവും തോന്നി. അവളുടെ
അവസ്ഥ ആരോടൊക്കെയോ ചോദിച്ചറിഞ്ഞു.
അവൾ ഉമ്മയില്ലാത്ത കുട്ടി ആണെന്നും
മറ്റൊരു വഴിയും ഇല്ലാത്തത് കൊണ്ട്
നാടൻ പണിക്കു ഇറങ്ങിയതാണ് എന്നും
അയാൾ മനസ്സിലാക്കി . എങ്ങനെയെങ്കിലും ആ കുട്ടിയെ രക്ഷക്കണം എന്ന് അയാള്‍ തീരുമാനിച്ചു .
ദിവസങ്ങൾ കഴിയവേ ഒരിക്കൽ മറ്റൊരാളെയും കൂട്ടി അയാൾ അവളുടെ വീട്ടിലേക്ക് ചെന്നു.

എന്നിട്ട് അവളുടെ വീട്ടു കാരോട് അയാൾ ചോദിച്ചു . എനിക്ക് അവളെ
കെട്ടിച്ചു തരുമോ ?
ആ ചോദ്യം കേട്ടപ്പോള്‍ ആ വീട്ടുകാര്‍ അന്ധാളിച്ചു . കാരണം നല്ല സാമ്പത്തിക ശേഷിയും ഉയര്‍ന്ന തറവാടിത്തവും പ്രൌഡിയും ഉള്ള കുടുംബത്തിലെ അംഗമായിരുന്നു അയാള്‍ . അത്തരം ഒരാള്‍ ഒന്നുമില്ലാത്ത ഒരു കുട്ടിയെ ഭാര്യയാക്കുകയോ ?

അയാള്‍ പറഞ്ഞു . അവളെ എന്റെ ഭാര്യക്കി തരാന്‍ നിങ്ങള്‍ക്ക് സമ്മതമാണോ ?

അവര്‍ക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ .
അയാള്‍ വീട്ടില്‍ ചെന്ന് വിവരം പറഞ്ഞു . അയാളുടെ ഉമ്മ ഒരു ജഗജില്ലി ആയിരുന്നു . ഉപ്പ പാവവും . ഉമ്മ പൊട്ടിത്തെറിച്ചു .

അങ്ങനെ ആളും ഉടമയും ഇല്ലാത്ത ഒരു പെണ്ണിനെ എനിക്ക് മരുമോളായി വേണ്ട . അവളെയും കൊണ്ട് നീ ഇങ്ങോട്ട് വരികയും വേണ്ട . ഉപ്പാക്കും ആ വിവാഹത്തോട് യോജിപ്പില്ലായിരുന്നു
എന്നിട്ടും എല്ലാവരെയും ധിക്കരിച്ചു അയാള്‍ അവളെ കെട്ടി .

വീട്ടിലേക്കു കൊണ്ട് ചെന്നു . ഉമ്മ അവരെ വീട്ടില്‍ കേറാന്‍ സമ്മതിച്ചില്ല .

ഒടുവില്‍ ഉപ്പാന്റെ കാലു പിടിച്ചു കരഞ്ഞു ഉപ്പ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു .
പക്ഷേ ആ വീട് അവള്‍ക്ക് നരകമായിരുന്നു . എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാതെ ഭക്ഷണം പോലും കൊടുക്കാതെ അയാളുടെ ഉമ്മ അവളെ പീഡിപ്പിച്ചു കൊണ്ടിരുന്നു . ഒരു വേലക്കാരിയോട് എന്നതിനേക്കാള്‍ മോശമായി ആ ഉമ്മ അവളോട്‌ പെരുമാറി . ഒന്നും അയാളെ അറിയിക്കാതെ അവള്‍ അവിടെ കഴിച്ചു കൂട്ടി . അങ്ങനെ അവള്‍ ഗര്‍ഭിണിയായി .

ഒരു ദിവസം നനഞ്ഞ തുണി ഒന്ന് മാറ്റി ഉടുക്കാന്‍ മറ്റൊന്നും ഇല്ലാതെ അവള്‍ മൂത്തച്ചിയുടെ തുണി തത്ക്കാലം ഉടുത്തു . വലിയ വീട്ടില്‍ നിന്ന് വന്ന മൂത്തച്ചിക്ക് അത് ഇഷ്ടമായില്ല . അതിന്റെ പേരില്‍ അവിടെ പൊരിഞ്ഞ വഴക്ക് നടന്നു . ഇത് കേട്ട് കൊണ്ടാണ് അയാള്‍ വന്നത് .

ഒന്നും അറിയിക്കാതിരുന്ന അയാളോട് അവള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് എല്ലാം തുറന്നു പറഞ്ഞു .
അന്ന് തന്നെ അയാള്‍ അവളെയും കൊണ്ട് ആ വീട്ടില്‍ നിന്നിറങ്ങി .
അയാള്‍ അവളോട്‌ ചോദിച്ചു . നിനക്ക് മരിക്കാന്‍ പേടിയുണ്ടോ ?
അവള്‍ പറഞ്ഞു : ഇല്ല
എങ്കില്‍ വരൂ . ജീവിക്കാനല്ലേ ഇവരൊന്നും അനുവദിക്കാത്തെ .
മരിക്കാന്‍ ഇവരുടെ അനുവാദം വേണ്ടല്ലോ .

ഒടുവിൽ രണ്ടു പേരും പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു.
പുഴക്കരയിൽ എത്തി. അവിടെ പശുവിനെ തീറ്റിക്കുന്ന ഒരു സ്ത്രീ ഇവരെ കണ്ടു.
രംഗം പന്തിയല്ലെന്ന് തോന്നിയ ആ സ്ത്രീ ഓടിച്ചെന്നു.
അവരെ സ്വന്തം വീട്ടിലേക്കു കൂട്ടി കൊണ്ട് പോയി. അയാളുടെ ബന്ധത്തില്‍ പെട്ട ഒരു സ്ത്രീയായിരുന്നു അവര്‍. അവിടെ താമസിച്ചു അയാൾ പണിക്കു പോയി അവരുടെ ജീവിതം മെല്ലെ മെല്ലെ പച്ച പിടിച്ചു. അവരും സമ്പന്നരായി. മക്കളും കുട്ടികളുമായി ജീവിച്ചു.

അവസാനം അയാളുടെ ക്രൂരയായ ഉമ്മാക്ക് തൊണ്ടയിൽ കാന്സർ വന്നു മക്കളും മരുമക്കളും തിരിഞ്ഞു നോക്കാതിരുന്ന സമയത്ത് അവരെ സ്വന്തം ഉമ്മയെ പോലെ പരിചരിച്ചത് അവളായിരുന്നു .
അന്ന് ആ ഉമ്മ അവളോട്‌ പറഞ്ഞു . മോളെ നിന്നെ ഞാൻ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട് .
എനിക്ക് പൊറുത്തു തരണം . നീ എനിക്ക് പിറക്കാതെ പോയ മകളാണ്
ഇതെല്ലാം കേട്ടപ്പോൾ എന്തൊക്കെയാണ് ഇവൻ പറയുന്നത് എന്ന് എനിക്ക് തോന്നി .
ഞാൻ ചോദിച്ചത് എന്ത് ?
ഇവൻ പറയുന്നത് എന്ത് ?
ഞാൻ ചോദിച്ചു . സുഹൃത്തേ നിന്റെ കടയുടെ ഉദ്ഘാടനവും ഈ കഥയും തമ്മിൽ എന്ത് ബന്ധം ?
ബന്ധം ഉണ്ട്. അഭേദ്യമായ ബന്ധം.
എന്തു ബന്ധം ?
എന്റെ ഷോപ്പ് ഉദ്ഘാടനം ചെയ്തത് ഈ കഥയിലെ പെൺകുട്ടിയാണ് !
അത് കേട്ട് ഞാന്‍ ഞെട്ടി .

എനിക്ക് വിശ്വാസം വരുന്നില്ല.
ആ പെൺകുട്ടിയോ ?
അതെ. ആ പെൺകുട്ടി തന്നെ .
അവരാണ് എന്റെ ഉമ്മ !
എന്റെ ഉമ്മയല്ലാതെ ആരാണ് എന്റെ ഷോപ്പ് ഉദ്ഘാടനം ചെയ്യുക ?
എനിക്ക് വാക്കുകൾ കിട്ടുന്നില്ല.
അവൻ തുടരുകയാണ്.
പലരും എന്നോട് പറഞ്ഞു ഏതെങ്കിലും വി ഐ പിയെ വിളിക്കാൻ.
ആരെ വേണമെങ്കിലും എനിക്ക് വിളിക്കാൻ ഇന്ന് കഴിയും. മന്ത്രിയോ സിനിമ നടനോ നടിയോ
ആരെ വേണമെങ്കിലും. പക്ഷേ ഈ ലോകത്ത് എനിക്ക്
എന്റെ ഉമ്മയെക്കാൾ വലിയ മറ്റൊരു വി ഐ പി ഇല്ല .
ഉമ്മയെക്കാളും വലുത് എനിക്ക് മറ്റാരും ഇല്ല .
എന്റെ ഉമ്മയാണ് എന്റെ എല്ലാം .
അത് കൊണ്ട് എന്റെ പ്രിയപ്പെട്ട ഉമ്മയുടെ വിശുദ്ധമായ കരം കൊണ്ട് എന്റെ ഷോപ്പ് ഉദ്ഘാടനം കഴിഞ്ഞു.
അവിടെ എന്റെ കണ്ണ് നിറഞ്ഞു.
വാക്കുകൾ മുറിഞ്ഞു.

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്