2011, ജനുവരി 31, തിങ്കളാഴ്‌ച

വിതാനം


ശൂന്യതയില്‍ 

മുറിയുന്ന  
വാതില്പ്പുറക്കാഴ്ച.
ആകാശച്ചൊരുക്ക്.
വന്ധ്യമേഘസത്ക്കാരം.
ജാലകങ്ങള്ക്കപ്പുറം
മതി വരെ കണ്ടു തീരാത്ത കുറിഞ്ഞി


പുണര്ന്നു പുലരാതെ ഊരിപ്പോയ
മുടിപ്പിന്ന്
മിഴിയിലെ വറ്റാത്ത പുഴയായി
നാട്ടുപച്ച.
മയില്പ്പീലിക്കണ്ണില്
പടര്ന്നിറങ്ങിയ
മഷിക്കറുപ്പമര്ത്തി ത്തുടച്ച്
ജീവിതച്ചുണ്ടിലൊരുമ്മ!
ഇനി

വിലാസമില്ലാത്ത
ഊഷരതയിലേക്ക് 

ചിറകു താഴ്ത്തി ഒരിറക്കം..!

2011, ജനുവരി 29, ശനിയാഴ്‌ച

എഴുത്തിന്റെ ആഴവും ഉപരിതല വായനയും / സംഭാഷണം



Mohamad Imthiyaztk
ഇപ്പോള്‍ കവിതകളില്‍ അധികവും സാധാരണ ജനങ്ങള്‍ക്ക്‌ മനസ്സിലാകുന്നതല്ല എന്ന് പറഞ്ഞാല്‍ ..അത് കൊണ്ടാണോ കവിതകള്‍ അധികവും വിമര്‍ശിക്കപ്പെടാത്തത്? താങ്കള്‍ക്കു ഇഷ്ട്ടപ്പെട്ട കവിത ഏത്..കവി ആര്..?



ഉത്തരം: 1) എഴുത്ത് പ്രധാനമായും . ലേഖനം, കഥ,കവിത എന്നിങ്ങനെ മൂന്നു വിധത്തിലാണ് നടക്കുന്നത്. ഇതില്‍ ലേഖനം എഴുതാനാണ് എന്ത് കൊണ്ടും എളുപ്പം. മലയാള ഭാഷയില്‍ പരിമിതമായ അറിവുള്ള ആര്‍ക്കും ലേഖനം എഴുതാം. ഒരു സാധാരണക്കാരന്‌ പോലും അതാവാം എന്നാണ് എന്റെപക്ഷം. കാരണം ലേഖനമെഴുത്തിനു വിശദാംശങ്ങള്‍ മാത്രം മതി . പക്ഷെ കഥക്കും കവിതക്കും അത് പോര. അവിടെ പ്രതിഭ, ഭാവന, ഭാഷ, ശില്പ ഭദ്രത, ബിംബങ്ങള്‍ .. തുടങ്ങി അനേകം പ്രതിഭാവിലാസം ആവശ്യമാണ്. ലേഖനമെഴുതുന്നയാളെ എഴുത്തുകാരന്‍ എന്ന് പറയാമെന്നല്ലാതെ സാഹിത്യകാരന്‍ എന്ന് പറയാന്‍ കഴിയാത്തത് അത് കൊണ്ടാണ്. പറഞ്ഞു വരുന്നത് ലേഖനം എഴുതാന്‍ എളുപ്പമാണെന്ന പോലെ വായിക്കാനും എളുപ്പമാണ്. അത് മനസ്സിലാക്കാനും പ്രയാസം വരുന്നില്ല.
കഥയും കവിതയുമാവുമ്പോള്‍ അവിടെ വായനക്കാരനും ഒരു പടി ഉയര്‍ന്നു ചിന്തിക്കുകയും മേല്‍ പറഞ്ഞതൊക്കെ ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ള ഒരു സഹൃ ദയത്വം വളര്‍ത്തിക്കൊണ്ടു വരികയും വേണം.
ഒടുവില്‍ കവിതയിലെത്തുമ്പോള്‍, ഈ ആസ്വാദന ക്ഷമത ഒന്ന് കൂടി തീവ്രതരമാ ക്കേണ്ടി വരും. അതായതു കവിത്വമുള്ള ഒരു മനസ്സിനെ കവിത വായിച്ചു ആസ്വദിക്കാനാവൂ.. പൊതുവേ നമ്മുടെ ശീലം നമുക്കറിയാത്ത തിനെ നാം അടച്ചാക്ഷേപിക്കും.. എന്തെങ്കിലുമൊക്കെ വാക്കുകള്‍ മുറി ച്ചെഴുതുന്നു, കവിക്ക്‌ പോലും മനസ്സിലാവുന്നില്ല എന്നൊക്കെ ഒരു കവിത്വമുള്ള ആള് പറയില്ല. കവിത അറിയാത്തവര്‍ പറയുന്നു, പറഞ്ഞിട്ടുണ്ട്. ഇപ്പോഴും പറയുന്നുമുണ്ട്. പിന്നെ സാധാരണക്കാരന്‌ വേണ്ടി ഒരു കവിക്ക്‌ താഴെക്കിറങ്ങാന്‍ ആവില്ല. വായനക്കാരന്‍ കവിയിലേക്ക്‌ അങ്ങോട്ട്‌ കേറി ചെല്ലുകയെ നിര്‍വാഹമുള്ളൂ.
പുതു തലമുറയിലെ ശ്രദ്ധേയനായ കവി
പി നാസിമുദ്ധീന്റെ കല്ല്‌ എന്ന കവിതയിലെ ചില വരികള്‍ :
പട്ടണത്തില്‍ നിന്ന് പോരുമ്പോള്‍,
ഒരു മാസിക തേടി
പീടികയെല്ലാം കേറി
ഒന്നും കിട്ടാതെ
ഒരു കല്ലെടുത്ത്‌
കീശയിലിട്ടു.
വീട്ടിലെത്തിയ ഉടനെ
അത് നിവര്‍ത്തി വായിക്കാന്‍ തുടങ്ങി..

ഇത് ഒരു സാധാരണക്കാരന്‍ വായിക്കുന്ന പോലെയല്ല കവിത്വമുള്ള ഒരാള്‍ വായിക്കുക.
സാധാരണക്കാരന്‌ ഇത് വെറും ഭ്രാന്തു എന്നെ തോന്നൂ.. കല്ല്‌ വായിക്കുകയോ? എന്ന് തോന്നും.. അവരാണ് കവിത മനസ്സിലാവുന്നില്ല എന്ന് പറഞ്ഞു ബഹളം വെക്കുന്നത്. കല്ല്‌ ഒരു ബിംബമാണെന്നും അത് പ്രകൃതി യാണെന്നും പ്രകൃതിയാണ് ഏറ്റവും നല്ല പുസ്തകമെന്നും തുടങ്ങി വിശാലമായ വായനയിലെക്കാണ് അത് കവിത മനസിലുള്ള ഒരാളെ കൊണ്ട് പോവുക .

കവിതകള്‍ വിമര്ശിക്കപ്പെടുന്നില്ല എന്നത് അബദ്ധ ധാരണയാണ്. അത് നന്നായി നടക്കുന്നുണ്ട്. നമ്മുടെ വൃത്തം ചെറുതാവുകയും നാം കാണുന്നിടത്ത് കാണപ്പെടതിരി ക്കുന്നതിനെ ഇല്ലെന്നു പറയുകയും ചെയ്യുന്നത് ശരിയല്ല. മിക്ക ആനുകാലികങ്ങളിലും വിമര്‍ശനവും വിലയിരുത്തലും നടക്കുന്നുണ്ട്. മുഖ്യധാര പ്രസിദ്ധീകരണ ങ്ങളിലും ഓണ്‍ ലൈന്‍ മാഗസിനുകളില്‍ വരെ ഇത് ഭംഗിയായി നടക്കുന്നുണ്ട്.

2) എനിക്ക് ഇഷ്ടപ്പെട്ട ഒരു പാട് കവികളും കവിതയുമുണ്ട്.
റഫീക്ക് അഹമ്മദ്‌ , അന്‍വര്‍ അലി, നിരഞ്ജന്‍, തുടങ്ങി കൊച്ചു കവയത്രി അഭിരാമിയുടെ കവിത വരെ എനിക്കിഷ്ടമാണ്. ഇയ്യിടെ വായിച്ച ഏറ്റവും മനോഹരമായ കവിത റഫീക്ക് അഹമ്മദി ണ്ടെ 'തോരാ മഴ' യാണ്.
മാതൃഭൂമി ആഴ്ചപ്പതില്‍ പ്രസിദ്ധീകരിച്ച താണിത്.

Muhammed Kunhi
1. താങ്കളുടെ കവിതകള്‍ക്ക് അന്തരിച്ച 'കുട്ടികളുടെ കവി' കുഞ്ഞുണ്ണിമാഷുടെ കവിതകളുമായി സാമ്യമുണ്ടെന്നു തോന്നുന്നു. എന്തു പറയുന്നു.?



2. പുതിയ ബ്ളോഗുഗളിലെ 'ചെറുകഥ' കളും കവിതകളും നിലവാരം പുലര്‍ത്തുന്നവയാണൊ?



ഉത്തരം:1 എന്റെ എല്ലാ കവിതകള്‍ക്കും കുഞ്ഞുണ്ണി മാഷിന്റെ കവിതകളോട് സാമ്യം ഉണ്ടെന്നു തോന്നുന്നില്ല.വലിയ കവിതകളും (?) എന്റെതായുണ്ട്.
( എന്റെ കവിതകളെ 'കവിതകള്‍' എന്ന് വിളിക്കാന്‍ പറ്റുമോ എന്ന് എന്നിലെ വായനക്കാരന്‍ എന്നോടെപ്പോഴും ചോദിക്കാറുണ്ട്. അത് കൊണ്ടാണ് പല കവിതയ്ക്ക് മുകളിലും ഞാന്‍ കവിത എന്ന് ചേര്‍ക്കാത്തത്) പക്ഷെ എന്റെ കൊച്ചു കവിതകള്‍ക്ക് സാമ്യം ഉണ്ട്. എന്റെ വിചാരം കുഞ്ഞുണ്ണി മാഷ്‌ എഴുതിയത് പഴംചൊല്ലുകള്‍ രീതിയിലാണെ ന്നാണ്. പക്ഷെ പിന്നീട് ആരും ആ വഴിയെ പോയില്ല. അതിനു ഞാന്‍ മനസ്സിലാക്കുന്ന ഒരു കാരണം 'കുഞ്ഞി' വിശേഷിപ്പിച്ച പോലെ കുട്ടികളുടെ കവി എന്ന പേര് വീഴുമോ എന്ന് ഭയന്നാകണം. കുഞ്ഞുണ്ണി മാഷ്‌ വലിയവര്‍ക്കു വേണ്ടിയും ഒരു പടെഴുതിയിട്ടുണ്ട്.
'ഒരു ബീഡി തരൂ..' തുടങ്ങിയ അനേകം കവിതകള്‍. പക്ഷെ എല്ലാവരും അദ്ദേഹത്തെ കുട്ടിക്കവിയായിക്കണ്ടു. അതുകൊണ്ടാവണം ആ രംഗത്ത് പിന്നെ ആരും വരാതിരുന്നത്.പിന്നെ കുഞ്ഞുണ്ണി മാഷെന്ന
കപ്പലെവിടെ ഞാനെന്ന കപ്പലണ്ടിയെവിടെ?
‘ഞാനൊരു മാഷ്‌
എന്നുണ്ണി യുമൊരു മാഷ്‌
ഉണ്ണിയുടെ ഉണ്ണിയുമൊരു മാഷ്‌
എന്നിട്ടും കുഞ്ഞുണ്ണി മാഷാവില്ലല്ലോ..’


 നിലവാരം അളക്കാന്‍ ഞാനാരുമല്ല. എന്റെ നിലവാരമില്ലായ്മ യോര്‍ത്തു അതിനു ഞാന്‍ മിനക്കെടാ റുമില്ല. പിന്നെ പുതിയ ബ്ലോഗുകള്‍ എല്ലാം ഞാന്‍ സന്ദര്ശിച്ചിട്ടില്ല. സന്ദര്‍ശിച്ചവ തന്നെ വിശദമായി വായിച്ചിട്ടുമില്ല. കാരണം ഞാന്‍ അടുത്ത് വഴി തെറ്റി വന്നതാണ്‌ ഇവിടെ. ചോറ് വെന്തോ എന്ന് നോക്കാന്‍ ഒരു വറ്റെടുത്തു നോക്കിയാല്‍ മതി എന്ന് പറയുമ്പോലെ ചില ബ്ലോഗുകളില്‍ പ്രതിഭ ഓളം വെട്ടുന്നത് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. '

Komban Moosa
താങ്ങള്‍ക്ക്‌ അവാര്‍ഡിനോട് ഒരു വല്ലാത്ത ആസക്തി ഉണ്ടെന്നു തോന്നുന്നു

വഴി പിഴച്ചു വല്ല ന്ജ്ജാന പീഡ വും കിട്ടിയാല്‍ ഇരിങ്ങാട്ടിരി പുഴയില്‍ ഒഴുക്കുമോ?
എന്റെ ആരാധ്യ കഥാ കൃത്തും നിങ്ങളുടെ ബഹുമാന്യ ചേട്ടനും ആയ വലിയ ഇരിങ്ങാട്ടിരി താങ്കളെ എയുത്തുകളെ ഇതു രീതിയില്‍ ആണ് വിലയിരുത്താരുള്ളത്



‎ഉത്തരം: 1) എന്റെ സ്വപ്നത്തില്‍ പോലും അവാര്‍ഡ്‌ ഇല്ല. കാരണം അത് കിട്ടാനുള്ള ശക്തിയില്ല പിന്നെ ആസക്തി യുണ്ടായിട്ട് എന്ത് കാര്യം?
ഇനി കിട്ടിയാല്‍ (അന്ന് ലോകാവസാനം) ഇരിങ്ങാട്ടിരി പുഴയില്‍ ഒഴുക്കുമ്പോള്‍ കൊമ്പനെ വിളിക്കാം .
ഐലാശേരി പുഴയില്‍... നിന്ന് താങ്കള്‍ക്ക് നീന്തിപ്പിടിക്കാം.

‎2)  അദ്ദേഹം എന്റെ എഴുത്തില്‍ ഇടപെടാറില്ല. കവിതാ വിരോധിയാണ്‌.
പിന്നെ എന്നോട് പലപ്പോഴും ഉടക്കാറുണ്ട്. നീ ഏതിലെങ്കിലും ഒന്ന് ഉറച്ചു നില്‍ക്ക്. ഒന്നുകില്‍ കവിത, അല്ലെങ്കില്‍ കഥ, അല്ലെങ്കില്‍, ലേഖനം..
ഞാന്‍ കളിയാക്കി പറയും: ഞാന്‍ ഒരു ബാലചന്ദ്ര മേനോനാണ് കഥ, തിരക്കഥ, സംഭാഷണം , സംവിധാനം.. തുടങ്ങി എന്തും ചെയ്യും.  വെറും കഥ എഴുതാന്‍ എന്നെ കിട്ടില്ല .. ധൈര്യ മുണ്ടെങ്കില്‍ ഒരു കവിത എഴുതൂ.. ഞാന്‍ വെല്ലു വിളിക്കും..



Ismail Chemmad

1) കവിയായതാണോ , മാഷായതാണോ കൂടുതല്‍ സംതൃപ്തി നല്‍കിയത്?
2) ബ്ലോഗ്‌ കവികളെ / കവയത്രികളെ ഒന്ന് വിലയിരുത്താമോ ?
3) ബ്ലോഗിന് പുറത്തെ സാഹിത്യകാരന്മാര്‍ ?




ഉത്തരം‎ :  മാഷായത് ജീവിക്കാന്‍ വേണ്ടിയാണ്.
കവിത എഴുതുന്നത്‌ ജീവിക്കുന്നുണ്ടെന്ന് അറിയിക്കാനും .
സര്‍ഗ സൃഷ്ടിക്കു കിട്ടുന്ന സന്തോഷമല്ല അധ്യാപനത്തിന് കിട്ടുക.
രണ്ടും രണ്ട് നിലക്കുള്ള നിര്‍വൃതി തരും.
മാഷാവും മുന്‍പേ എഴുത്ത് ഒരു ബാധയായി കൂടെയുണ്ട്.
കവിതയിലേക്കുള്ള യാത്ര തുടരുമ്പോഴും അധ്യാപനം ഞാനിപ്പോഴും ആഗ്രഹിക്കുന്നുണ്ട്.
പിന്നെ ബ്ലോഗു കവികള്‍, കവയത്രികള്‍. കവിത എഴുതുന്നവരെ ആരെയും എനിക്ക് വല്ലാത്ത ഇഷ്ടമാണ്.
പക്ഷെ എന്നോടും അവരോടും ഞാന്‍ പറയാ നിഷ്ടപ്പെടുന്നത് മിനിമത്തില്‍ നില്‍ക്കാതെ മാക്സിമത്തിനു ശ്രമിക്കണം എന്നാണ്. അതിനു നാം ബ്ലോഗ്‌ വിട്ടു വിശാലമായ വായനയുടെ ആകാശത്തേക്ക് പറക്കുകയെ നിര്‍വാഹമുള്ളൂ.. കമന്റു കണ്ടു അതില്‍ അഭിരമിച്ചു ഞാന്‍ ഒരു കവിയായി കവയത്രിയായി എന്ന് വിചാരിച്ചു പോയാല്‍ അവിടെ നിന്ന് നാം മുന്നോട്ടല്ല, പിറകോട്ടാണ് പോവുക.
നമ്മുടെ ചര്‍ച്ചകള്‍ ബ്ലോഗിലോതുങ്ങുന്നത് തന്നെ ഒരു പരിമിതിയാണ് എന്നെനിക്കു തോന്നുന്നു..
ബ്ലോഗിന് പുറത്തെ സാഹിത്യകാരന്മാരെ എല്ലാവരെയും പറയാന്‍ കഴിയില്ലല്ലോ.. കവിതയില്‍ റഫീക്ക് അഹമ്മദും , കഥയില്‍ സുഭാഷ്‌ ചന്ദ്രനും എന്റെ ഇഷ്ടപ്പെട്ട എഴുത്തുകാരാണ്. കഥാകാരികളില്‍ കെ ആര്‍. മീര, കെ രേഖ. കവയത്രികള്‍ : അനിത തമ്പി , വി.എം.ഗിരിജ .



Kannan Arunkumar PrabhakaranPillai
1.മാഷ്‌ ആദ്യ.എഴുതിയ കവിത ഏതാണ്? എന്നാണു? എഴുതാനുണ്ടായ സാഹചര്യം?
2.കവിത എഴുതി ആദ്യമായി ഒരു പ്രശംസ/വിമര്‍ശനം ആരുടെ വക ആയിരുന്നു?
3.കവി ഓ എന്‍ വി കുറുപ്പ് ബ്ലോഗില്‍ വരുന്ന കവിതകളെ വിമര്‍ശിച്ചതായി ഞാന്‍ കേട്ടു(എവിടെയോ വായിച്ചതായിട്ട് ഓര്‍ക്കുന്നു,അങ്ങനെ ഇല്ലെങ്കില്‍ ക്ഷമികണേ!)..അതിനോടുള്ള മാഷിന്റെ അഭിപ്രായം?



 ആദ്യം എഴുതിയ കവിത ഇപ്പോഴും മനസ്സിലുണ്ട്.. അതിങ്ങിനെ: എട്ടാം
ക്ലാസിലെ കുട്ടിയാണ് കേട്ടോ..

വട്ട പൂജ്യം

മൊട്ടത്തലയന്‍ ബാപ്പുട്ടിക്കു
മുട്ടന്‍ വടി  കൊണ്ടെ ട്ടടി കിട്ടി
കൂട്ടത്തല്ലില്‍ കൂടീട്ടല്ല
ക്ലാസ്സില്‍ പട്ടം വിട്ടിട്ടല്ല
ടീച്ചറെ കൂക്കി വിളിച്ചിട്ടല്ല
ടോണിയെ തട്ടി മറിച്ചിട്ടല്ല
എട്ടാം ക്ലാസിലെ എട്ടു പരീക്ഷയില്‍
ബാപ്പുട്ടിക്കു കിട്ടിയ മാര്‍ക്ക്
എട്ടും കൂട്ടിയാല്‍ കിട്ടുമോരെട്ടു
വമ്പന്‍ (കൊമ്പനല്ല കേട്ടോ) വട്ടപ്പൂജ്യക്കെട്ട്!
ഇതെഴുതാന്‍ ഒരു ചെറിയ കാരണമുണ്ടായിരുന്നു.
അന്ന് ഞങ്ങള്‍ ഒരു കയ്യെഴുത്ത് മാസിക പുറത്തിറക്കിയിരുന്നു. അതിലാണ് ഇത് വന്നത്. ഞാന്‍ തന്നെ എഴുതി ചേര്‍ത്തു.
കവിതയ്ക്ക് പ്രശംസ യൊന്നും കിട്ടിയിട്ടില്ല. പക്ഷെ ജ്യേഷ്ടന്‍ അബ്ദുക്കാക്കു എന്നെയും അബുക്കയെയും വല്ലാതെ പ്രോത്സാഹിപ്പിക്കും.
എന്തെഴുതിയാലും നമ്മള്‍ ഇപ്പോള്‍ മറ്റുള്ളവരുടെ പൊട്ട സാധനത്തിനും കിടിലന്‍ എന്ന് പറയുമ്പോലെ അവന്‍ പറയും: ഉഷാറായിട്ടുണ്ട് എന്ന്.
പ്രശംസ കിട്ടിയത് ഗള്‍ഫില്‍ വന്നിട്ടാണ്. ഇവിടെ നിന്നിറങ്ങുന്ന മലയാളം ന്യൂസ്‌ ഇല്‍ അക്കാലത്തു മികച്ച കവിത, കഥ, ലേഖനം, കത്ത് എന്നിവയ്ക്ക് ഗോള്‍ഡ്‌ കോയിന്‍ സമ്മാനം നല്‍കുമായിരുന്നു. എന്റെ 'വീട്' എന്ന കവിതയ്ക്ക് അങ്ങിനെ ഒരു സമ്മാനം കിട്ടി. എന്തൊക്കെ ആവശ്യമുണ്ടായിട്ടും അതെടുക്കാന്‍ സമ്മതിക്കാതെ സഹധര്‍മ്മിണിയുടെ കസ്റ്റ ടിയില്‍ അതിപ്പോഴും വെളിച്ചം കാണാതെ ഉറങ്ങുന്നുണ്ട്.(എനിക്ക് കിട്ടിയതോടെ ആ പരിപാടി അവര്‍ നിര്‍ത്തി)
മറ്റൊരു പ്രശംസ മഹാ കവി മോയിന്‍ കുട്ടി വൈദ്യരുടെ സ്മരണാര്‍ത്ഥം ജിദ്ദ കൊണ്ടോട്ടി സെന്റര്‍ ഒരു കവിത മത്സരം സംഘടിപ്പിച്ചു. അതില്‍ എനിക്ക് ഒന്നാം സ്ഥാനം കിട്ടി. ആയിരം റിയാല്‍ കാശ് അവാര്‍ഡും പ്രശസ്തി പത്രവും കിട്ടി. ആയിരം റിയാല്‍ ഏകദേശം ഒരു പതിനയ്യായിരം രൂപയോളം വരും. അന്ന് ജ്യേഷ്ടന്‍ അബു പറഞ്ഞു: ഇത്രകാലം നിരന്തരംമായി ഞാന്‍ എഴുതിയിട്ടും എനിക്ക് ആയിരം പോയിട്ട് ഒരു അഞ്ഞൂറ് പോലും കിട്ടിയില്ല. ഇത് നിന്റെ എട്ടു വരി പോട്ടക്കവിതക്ക് ആയിരം റിയാലോ..?
ഓ.എന്‍.വി. അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനെന്താ? അതിനു അര്‍ഹതയുള്ള ആളല്ലേ അദ്ദേഹം.. ? വിമര്‍ശനങ്ങള്‍ കിട്ടാ തിരിക്കുന്നത് വളര്‍ച്ച മുരടിപ്പിക്കും എന്നാണ് എനിക്ക് തോന്നുന്നത്.. നാം എന്ത് എഴുതിയാലും നമുക്ക് തോന്നും അത് കേമമാണെന്ന്.. പക്ഷേ അത് അറിയാവുന്ന ഒരാള്‍ വായിക്കുമ്പോഴാണ് നമ്മുടെ 'കേമത്തം' മനസിലാവുക.. പ്രശംസകള്‍ നമ്മുടെ മിത്രമല്ല ശത്രുവാണ് എന്ന് തിരിച്ചറിയണം ..


Rasheed Punnassery


താങ്കളെ കാവ്യ ലോകത്തേക്ക് കൈ പിടിച്ചാനയിച്ചത് ആരാണ് ? എന്താണ് ?
  



‎ആനയിക്കാലോ നയിക്കാലോ ഒന്നും ഉണ്ടായിട്ടില്ല . ജ്യേഷ്ടന്‍ കഥ എഴുതുന്നത്‌ കണ്ടപ്പോള്‍, എനിക്കും എന്തെങ്കിലും എഴുതണമെന്നു തോന്നിക്കാണണം. കഥാ രംഗത്ത് അദ്ദേഹം ഉള്ളപ്പോള്‍, കഥയെഴുതി ഞാന്‍ അദ്ദേഹത്തിന് ഭീഷണിയാവേണ്ട എന്നും തോന്നിയിരിക്കാം. ഫലത്തില്‍ ഇപ്പോള്‍, കഥയുമുണ്ട്,കവിതയുമുണ്ട്, എന്നാല്‍ രണ്ടും ഇല്ല താനും..!


Prajosh Kumar
ഇന്നത്തെ കവിത വാസ്തവത്തില്‍ വായനക്കാരന്‍റെ സമയം നഷ്ട്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. വായനക്കാരെ പരിഹസിക്കല്‍ ആണ് ഇപ്പോളത്തെ കവിതകള്‍ എന്നു പറയേണ്ടിയിരിക്കുന്നു അക്കിത്തം (മാതൃഭൂമി ജനവരി 22 ).
ഇരിങ്ങാട്ടിരി മാഷേ ഇത് ഈ കാലത്തെ കവികളെ മൊത്തം   അടച്ചാക്ഷേപിക്കല്‍ അല്ലെ.
ഇതിനോട് എങ്ങിനെ പ്രതികരിക്കുന്നു?



‎കവി അക്കിത്തം (ഞാന്‍ ഇത് വായിച്ചിട്ടില്ല) അങ്ങിനെ എഴുതിയിട്ടുണ്ടെങ്കില്‍ അതിനു അദ്ദേഹത്തിന്റെതായ കാരണം ഉണ്ടാവും. ആ അഭിപ്രായത്തെ ആദരിക്കുന്നു. അതോടൊപ്പം വ്യക്തിപരമായി ഒരു വിയോജിപ്പുമുണ്ട് എനിക്ക്. പഴയ പ്രാസവും വൃത്തവും ഇനിയും
കൊണ്ട് നടക്കണമെന്ന് വാശി പിടിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് എന്റെ പക്ഷം. കുഞ്ചന്‍ നമ്പ്യാര്‍, ചങ്ങമ്പുഴ, കുമാരനാശാന്‍, ചെറുശ്ശേരി, ഉള്ളൂര്‍, മുതല്‍ അക്കിത്തം വരെയുള്ളവരുടെ പദ്യങ്ങള്‍ മനപ്പാഠം ആക്കി പരീക്ഷ എഴുതിയവരാണ് നമ്മള്‍. ഇന്നും ആ രീതിയില്‍ തന്നെ തുടരണം എന്നാണാവോ അദ്ദേഹം ഉദ്ദേശിച്ചത്? ബഷീര്‍ എഴുതിയ പോലെ ഇന്ന് കഥയെഴുതണമെന്ന് പറയാന്‍ കഴിയുമോ? അദ്ദേഹം എന്താണ് എഴുതിയത് എന്ന് കൃത്യമായി വായിക്കാതെ അഭിപ്രായം പറയുന്നതില്‍ അര്‍ത്ഥമില്ല .

Saleem Ep
1) ഉസ്മാനിക്ക, എനിക്ക് തീരെ വശമില്ലാത്ത ഒന്നാണ് നീന്തലും കവിതയും. കവിതയെഴുത്ത് തുടങ്ങാന്‍ ഞാന്‍ ഒരു ഗുരുവിനെ തേടുന്നു. അങ്ങയെ ഒരു ഗുരുവായി സ്വീകരിച്ചാല്‍ തരുന്ന ഉപദേശം എന്തായിരിക്കും...? 2) കവിത എഴുതണമെങ്കില്‍ ഭാവന മാത്രം മതിയോ...ആധുനിക കവിതകള്‍ (താന്കളുടെതടക്കം) വായിച്ചാല്‍ മനസ്സിലാവുന്നു, അതോരു കുറവാണോ..? 3)താങ്കള്‍ എഴുതുമ്പോഴും പ്രസംഗിക്കുമ്പോഴും ധാരാളം കഥകള്‍ ഉദ്ധരിക്കുന്നു. ഇത്രയധികം കഥകള്‍ എവിടുന്നു കിട്ടിയതാണ് (എനിക്കും അടിച്ചു മാറ്റാനാണ്)


 : നീന്തല്‍ എനിക്കും വശമില്ല. അത് വലിയ ഒരു ന്യൂനതയായി ഇന്നും അനുഭവപ്പെടുന്നു. കവിത എഴുത്തിനു ഗുരുവിനെ കിട്ടിയാല്‍ എന്നോടും പറയണം. ഞാന്‍ അയാളെ തെരഞ്ഞു തെരഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട് കാലമേറെ ആയി. കിട്ടിയാല്‍ നമുക്ക് ക്ലാസ് മേറ്റ്സ് ആവാം. പിന്നെ ശിഷ്യനെ വിരട്ടുകയോ പ്രഹരിക്കുകയോ ചെയ്യാത്ത ചില ഗുരുക്കന്മാരെ എനിക്കറിയാം. അവരെ അങ്ങോട്ട്‌ ചെന്ന് കാണണം എപ്പോഴും..അത് പുസ്തകങ്ങളാണ്. ആനുകാലികങ്ങളിലും മറ്റും വരുന്ന കവിതകള്‍ മനസ്സിലായാലും ഇല്ലെങ്കിലും വായിക്കുക. എ.അയ്യപ്പന്‍റെ കവിതകള്‍ ആദ്യ കാലങ്ങളില്‍ എനിക്ക് മനസ്സിലായിരുന്നില്ല. എന്നിട്ടും കഷായം കുടിക്കുന്ന പോലെ ഞാന്‍ വായിച്ചു കൊണ്ടിരുന്നു. അങ്ങിനെ സച്ചിദാ നന്ദന്‍ , വിനയചന്ദ്രന്‍.. ഇപ്പോള്‍, നിരഞ്ജന്‍ .. ഇവരെയൊക്കെ കിട്ടിയാല്‍ ഗുരുക്കളാക്കും. തിരിഞ്ഞാലും ഇല്ലെങ്കിലും വായിക്കും. ആ ഗുരുക്കളെ താങ്കള്‍ക്കും ഞാന്‍ നിര്‍ദേശിക്കുന്നു.
കവിതയ്ക്ക് എന്തൊക്കെ വേണമെന്ന് കവിത വായിച്ചു മനസ്സിലാക്കേണ്ട കാര്യമാണ്.
ആധുനിക കവിതകളുടെ കൂട്ടത്തില്‍ എന്റേത് ഉള്‍പ്പെടുത്തിയതോടെ എന്നെ പോലെ താങ്കള്‍ക്കും ആധുനിക കവിത മനസ്സിലായിട്ടില്ലെന്നു വേണം കരുതാന്‍. എന്നിലെ വായനക്കാരനെ സന്തോഷിപ്പിക്കാന്‍ പറ്റിയ ഒരു കവിത പോലും എനിക്ക് എഴുതാന്‍ പറ്റിയിട്ടില്ല.
ഞാന്‍ ഒരു പാട് പിറകെ ഓടുന്ന വണ്ടിയാണ് എന്ന് തോന്നിയിട്ടുണ്ട്. കാലത്തിനു മുന്‍പേ സഞ്ചരിക്കാന്‍ കഴിയണം. അല്ലെങ്കില്‍ കാലത്തോ ടോപ്പമെങ്കിലും .. എന്റെ വല്ലാത്ത ഒരു പരിമിതി ഇതാണെന്നാണ് എന്റെ വിചാരം.
കവിത വായിച്ചാല്‍ മനസ്സിലാകുന്നു എന്നത് നല്ല ഗുണമാണ്. അതിനര്‍ത്ഥം താങ്കളുടെ ഉള്ളില്‍ കവിതയുണ്ട് എന്ന് തന്നെയാണ്.
കഥകള്‍ കിട്ടാന്‍ എളുപ്പമാര്‍ഗ മൊന്നുമില്ല . എന്നാല്‍ നോക്കുന്നിടതൊക്കെ കഥയുണ്ട് താനും. പിന്നെ ആ രഹസ്യം പറഞ്ഞു തന്നാല്‍ എന്നെ ഇനി നിങ്ങള്‍ പ്രസംഗിക്കാന്‍ വിളിക്കില്ല .
Ajeesh Kumar


കവിതകളിലൂടെയും കഥ കളിലൂടെയും പറയുന്ന കാര്യങ്ങള്‍ വായനക്കാരനെ ആസ്വാദനത്തിന്റെ
 അപ്പുറം എത്രത്തോളം സ്വാധീനിക്കുന്നുണ്ട് ? പ്രത്യേകം കുട്ടികളെ..


‎ : കഥകളും കവിതകളും പഴയ പോലെ ആരെയും സ്വാധീനിക്കുന്നുന്ടെന്നു തോന്നുന്നില്ല. ഇന്നത്തെ കുട്ടികള്‍ വേറെ ചിലതിന്റെയൊക്കെ കൂടെയാണ്. വായിക്കുന്ന കുട്ടികള്‍ വളരെ കുറവാണ്. ഏതായാലും ഒരു കാര്യം ഉറപ്പാണ്. ഏതു പ്രായത്തില്‍, ആര് വായിച്ചാലും
അതവന് ഗുണമേ ചെയ്യൂ. മരണം വരെ


Toms Konumadam

താങ്കളുടെ കഥകളും മിനി കഥകളും നുറുങ്ങു കഥകളും ഞാന്‍ വായിച്ചു.
അതില്‍ ഏറെ ഇഷ്ടപ്പെട്ടത് കുഞ്ഞു കഥകള്‍ ആണ്. നല്ല വായനാനുഭവം നല്‍കി.
താങ്കള്‍ക്ക് ഏതാണ് എഴുതുമ്പോള്‍ ഏറ്റവും കൂടുതല്‍ സുഖം തരുന്നത്..?(വായനക്കാരന്റെ കണ്ണ് കാണാതെ പോകരുത്)


‎: എത്ര ചെറിയ എഴുത്തുകാരനാ ണെങ്കിലും നന്നേ ചെറിയ ഒരു വര്‍ക്ക്‌ ചെയ്താല്‍ പോലും അത് തീരുമ്പോള്‍, ഒരു നിര്‍വൃതി സാധാരണമാണ്. ആ നിലക്ക് എനിക്കും
ഈ പറഞ്ഞതില്‍ എന്തെഴുതിയാലും ചെറിയ ഒരു സംതൃപ്തി കിട്ടാറുണ്ട്. . കൊച്ചു കഥകള്‍ കവിതയുടെ കുടുംബക്കാരനാണ്. അത് കൊണ്ട് തന്നെ അത് നന്നായി വറ്റിച്ചെടുക്കണം. പച്ചയായി പറഞ്ഞാല്‍ അതിന്റെ കരുത്തു നഷ്ടപ്പെടും. പറക്കടവിന്റെ കഥകളില്‍ ഏറിയ പങ്കും ഈ ഗണത്തില്‍ വരുന്നതാണ്.
കുഞ്ഞു കഥകളെ എന്റെ കവിതകളെ പോലെ കാണാനാണ് എനിക്കിഷ്ടം

Noushad Koodaranhi
1) ചെറുപ്പ കാലത്തെ തീക്ഷ്ണമായ അനുഭവങ്ങള്‍ ഒരഹങ്കാരമായി കൂടെ കൊണ്ട് നടക്കുന്നുണ്ടോ താങ്കള്‍..? 2) ചന്ദ്രിക ദിനപ്പത്രത്തില്‍ നുറുങ്ങു കവിതകളുടെ പംക്തി കൈകാര്യം ചെയ്തു കൊണ്ടിരിക്കെ കൂടെ ജോലിയിലുണ്ടായിരുന്ന കുഞ്ഞുണ്ണി മാഷുടെ അപരനെന്ന ഖ്യാതിയോ
 അപഖ്യാതിയോ നേരിട്ട ആ സംഭവം ഒന്ന് വിശദമാക്കാമോ..? അതെങ്ങിനെ താങ്കളുടെ ജീവിതത്തെ സ്വാധീനിച്ചുവെന്നും..? ഈ ലോക ജീവിതത്തിലെ പരമമായ ലക്‌ഷ്യം എന്താണ്...? 

 : ചെറുപ്പ കാലത്തെ അനുഭവങ്ങള് അഹങ്കാരമായി കൊണ്ട് നടക്കാന് പറ്റിയവ ആയിരുന്നില്ല. 'തീക്ഷ്ണമായ' എന്നൊന്നും പറയാന് കഴിയില്ല. എങ്കിലും ഇത്തിരി പ്രയാസമുള്ള കുടുംബത്തിലാണ് പിറന്നു വീണത്. അനുഭവങ്ങള് അനുഭവിക്കുമ്പോഴേ വേദനയുണ്ടാകൂ. പിന്നീട് അതൊക്കെ ഓര്ക്കുമ്പോള്, ഒരു കഥ പോലെ തോന്നും. ഈ അനുഭവങ്ങള് കൂടെ കൊണ്ട് നടക്കാന് തുടങ്ങിയിട്ട് കാലമേറെ യായി. ഇയ്യിടെയാണ് അവയ്ക്ക് അക്ഷര രൂപം കൊടുത്തത്. അക്കൂട്ടത്തില് ചില ത് മനോരമയിലും, ഗള്‍ഫ് മാധ്യമത്തിലും, മലയാളം ന്യൂ സിലും നാട്ടില്‍ നിന്നിറങ്ങുന്ന വര്‍ത്തമാനം, സന്തുഷ്ട കുടുംബം എന്നിവയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ ഒന്നിച്ചു ചേര്‍ത്ത് ഒരു പുസ്തകമാക്കാനുള്ള ശ്രമത്തിലാണ് ഞാനിപ്പോള്‍.  ഇയ്യിടെ മനോരമ ഓണ് ലൈനില് വന്ന 'നളന്ദ കോളേജും മഴവില്ലിന്റെ ഏഴു നിറങ്ങളും' അക്കൂട്ടത്തില് പെട്ട ഒന്നാണ്. മനോരമയില് തന്നെ വന്ന 'ഉമ്മ സ്വര്ഗത്തിലാണ് ' എന്ന കുറിപ്പിലും എന്റെ കുട്ടിക്കാലത്തിന്റെ ചില മറക്കാ നാവാത്ത ചിത്രങ്ങള് ഉണ്ട്. ഇത് എന്റെ മാത്രം അനുഭവമോന്നുമല്ല. അക്കാലത്തു മിക്ക വീടുകളിലെയും പ്രധാന പ്രശ്നം വിശപ്പ് തന്നെയായിരുന്നു.
2) ചന്ദ്രിക ദിന പത്രത്തിലല്ല. ആഴ്ചപ്പതിപ്പിലാണ്. ഞാന് കുഞ്ഞുണ്ണി
മാഷോടൊപ്പം ജോലി ചെയ്തിട്ടുമില്ല.
അന്ന് കുഞ്ഞുണ്ണി മാഷ് ചന്ദ്രിക ആഴ്ച പ്പതിപ്പില് 'എന്നിലൂടെ' എന്ന ഒരു
പംക്തി കൈകാര്യം ചെയ്യുന്നുണ്ട്. ആയിടെ എന്റെ ഒരു ചെറിയ സാധനം 'അരുളും പൊരുളും' എന്ന പേരില് തുടര്ച്ചയായി പ്രസിദ്ധീകരിച്ചിരുന്നു. ഇന്നത്തെ രണ്ടു വരി ഒറ്റവരി ക്കവിതകളുടെ ഒരു പഴയ പതിപ്പ്. ഏകദേശം ഇരുപത്തി നാല് ലക്കങ്ങളിലായി വന്നു കൊണ്ടിരിക്കുന്ന സമയം. ഇടയ്ക്കു കമന്റുകള് വന്നു കൊണ്ടിരുന്നു. പറഞ്ഞു പറഞ്ഞു ചിലര് വല്ലാതെ അതിശയോക്തി കൂട്ടി 'കുഞ്ഞുണ്ണി ക്കവിതകളെ പോലും കടത്തി വെട്ടുന്നുണ്ട്‌ എന്റെ കവിതകള്‍ എന്ന് പ്രതികരിച്ചു . മിക്ക ആഴ്ചകളിലും ഇങ്ങിനെ ഒന്ന് രണ്ട് പ്രതികരണം വന്നു. സത്യത്തില്‍ ആ പ്രതികരണം എനിക്ക് കൂടി ഇഷ്ടപ്പെട്ടില്ല. മാഷ്‌ എന്ന കവിതാ കിരീടത്തോട് ഉപമിക്കാന്‍ വെറുമൊരു കീടമായ എന്റെ വരികള്‍ക്ക് കെല്‍പ്പില്ലെന്നു മറ്റാരെക്കാളും ബോധ്യമുള്ള ആളാണ് ഞാന്‍. അങ്ങിനെയിരിക്കെ ഒരു ദിവസം എന്റെ പേരില്‍ ഒരു പോസ്റ്റ്‌ കാര്‍ഡ് വന്നു.! ഫ്രം ഇങ്ങിനെയായിരുന്നു. ഉണ്ണി വാരസ്യാര്‍, അതിയാരം പി.ഓ. വലപ്പാട് . തൃശൂര്‍ .
അതില്‍ എഴുതിയത് വായിച്ചു ഞാന്‍ വല്ലാതായി. ' കുഞ്ഞുണ്ണി മാഷിന്റെ പേര് ഉസ്മാന്‍ ഇരിങ്ങാട്ടിരി എന്നാക്കിയത് ഞങ്ങള്‍ വലപ്പാടുകാര്‍ അറിഞ്ഞില്ല.. ഇത്ര മാത്രം.ആ പോസ്റ്റ്‌ കാര്‍ഡ് ഇന്നും ഞാന്‍ സൂക്ഷിക്കുന്നുണ്ട്.
കുഞ്ഞുണ്ണി മാഷുടെ കവിതകളുടെ പിതൃത്വം ഞാന്‍ എടുക്കുന്നു എന്ന പരിഹാസമാണ് പോസ്റ്റ്‌ കാര്ടിലുള്ളത് എന്ന് മനസ്സിലായി. അങ്ങിനെയെങ്കില്‍ ഏത് വരികള്‍, എന്ന് പറയണ്ടേ? മോഷണം എന്നെ സ്വകാര്യമായി അറിയിക്കുക അല്ലല്ലോ വേണ്ടത്? ആഴ്ചപ്പതിപ്പില്‍ കൊടുത്തു എല്ലാ വായനക്കാരെയും ബോധ്യപ്പെടുതുകയല്ലേ വേണ്ടത്? എനിക്കങ്ങനെയൊക്കെ തോന്നിയെങ്കിലും ഞാന്‍ അതിനു മറുപടി പോലും അയച്ചില്ല.. കുഞ്ഞുണ്ണി മാഷെന്ന നക്ഷത്രമെവിടെ ഞാനെന്ന പുല്‍ക്കൊടി എവിടെ? പിന്നെയും ഏറെ കാലം 'അരുളും പൊരുളും തുടര്‍ന്നു. അന്ന് കെ.പി.കുഞ്ഞി മൂസയാണ് ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍. പിന്നീട് കോഴിക്കോട് നിന്നിറങ്ങുന്ന 'സത്യധാര ' മാസികയില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ പലപ്പോഴും കെ.പി.യോട് ഇക്കാര്യം പറയണമെന്നുണ്ടായിരുന്നു. ഞാന്‍ പറഞ്ഞില്ല. അത് എന്റെ ഒരു സ്വകാര്യമായി മാത്രമിരിക്കട്ടെ എന്ന് കരുതി.
അന്ന് രണ്ട് വരികളോട് വിട പറഞ്ഞ ഞാന്‍ , ഫേസ് ബുക്കില്‍ വന്നപ്പോഴാണ് വീണ്ടും പഴയ രണ്ട് വരിയിലേക്ക് തിരിച്ചു പോവുന്നത്.
3) ഈ ലോക ജീവിതത്തിന്റെ പരമമായ ലക്‌ഷ്യം എന്ത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ അര്‍ഹനല്ല ഞാന്‍. പ്രത്യയ ശാസ്ത്രത്തിനും ജീവിത വീക്ഷണ ങ്ങള്‍ക്കും അനുസരിച്ചാവും ലക്‌ഷ്യം. നന്മയാണ് ലക്ഷ്യമെന്നും ലകഷ്യത്തിലേക്കുള്ള വഴിയും നന്മയാവണ മെന്നും ഞാന്‍ കരുതുന്നു.

Prinsad Parayi


താങ്കള്‍ക്കു കുഞ്ഞു കവിതയോ ഇമ്മിണി വലിയ കവിതയാണോ ഇഷ്ട്ടം

‎ : അങ്ങിനെ ചോദിച്ചാല്‍ രണ്ടും ഇഷ് ടമാണ് എന്നാണ് ഉത്തരം. കുഞ്ഞ് കവിത ഒരു പക്ഷെ വലിയ കവിത സംവദിക്കുന്നതിലേറെ മൂര്‍ച്ചയോടെ സംവദിക്കും. കുഞ്ഞുണ്ണി മാഷ്‌ ഇന്നും ജീവിച്ചിരിക്കുന്നത്‌ ഈ കുഞ്ഞ് കവിതകളുടെ ശക്തി കൊണ്ടാണ്. അദ്ദേഹത്തിന്‍റെ കാലക്കാരോ, സമശീര്‍ഷരോ, ഓര്‍മ്മിക്കപ്പെടുന്നതിലേറെ അദ്ദേഹം ഒര്മിക്കപ്പെടുന്നു. വലുതിനും ചെറുതി നുമുണ്ട് സൌന്ദര്യം. ഉറുമ്പിനും ആനക്കും സൌന്ദര്യമുള്ള പോലെ.
ഒരു പക്ഷെ ഉറുമ്പിനു ആനയുടെ മസ്തകത്തില്‍ കേറി നന്നയി ഒരു കടി കൊടുക്കാനാവും. പക്ഷെ ആനക്ക് ഉറുമ്പിന്റെ മസ്തകത്തില്‍ കുത്താന്‍ കഴിയില്ല. ഇത് പോലെ ഉറുമ്പിന്റെ ധര്‍മമല്ല ആനയ്ക്ക് ; ആനയുടെ ധര്‍മ്മമല്ല ഉറുമ്പിന്. ആന കുറുമ്പെടുതാല്‍ നാലാളറിയും ഉറുമ്പ് കുറുമ്പെടുത്താല്‍ ഒരാളും അറിയില്ല.
++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
Shanavas Elayodan

1. കഥകളും, കവിതകളും എഴുതുന്ന മാഷ്‌, കഥകളോട് ആണോ കവിതകളോട് ആണോ കൂടുതല്‍ പ്രണയം.
2. ബ്ലോഗില്‍ കവികള്‍ കുറവായ കാരണം, കവിതയ്ക്ക് കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ?
3. കവിതയ്ക്ക്
 വായനക്കാരും കമന്റര്‍ മാരും പൊതുവേ കുറവാകാന്‍ കാരണം...?


‎ : രണ്ടിനോടും പ്രണയം ഉള്ളത് കൊണ്ടാവും രണ്ടും എഴുതാന്‍ ശ്രമിക്കുന്നത്. പ്രണയത്തിനു കണ്ണും മൂക്കുമില്ല എന്ന് പറയാറുണ്ട്‌.
പലതും എഴുതുന്നത്‌ കൊണ്ട് ഒന്നിനും കണ്ണും മൂക്കുമില്ല എന്നും തോന്നുന്നുണ്ട്.
കവിതയ്ക്ക് വിമര്‍ശനം നേരിടുന്നുണ്ടോ എന്നതും കവികള്‍ കുറവായതും ഒന്നിച്ചു പറയേണ്ടതല്ല എന്നെനിക്കു തോന്നുന്നു. നേരത്തെ സൂചിപ്പിച്ച  പോലെ, കവിത സാഹിത്യത്തിന്‍റെ മൂന്നാം ഫ്ലോറിലാണ്. അവിടേക്ക് അല്പം വിയര്‍ത്താലെ എത്താന്‍ പറ്റൂ. എഴുതാനായാലും വായിക്കാനായാലും. ബ്ലോഗില്‍ കവികള്‍ കുറവായത്, വിയര്‍ക്കാന്‍ താല്പര്യമില്ലാത്തവര്‍ കൂടിയത് കൊണ്ടാണ്. പൊതുവേ ലൈറ്റ് റീടിങ്ങും ലൈറ്റ് റൈറ്റിങ്ങും ആണ് എല്ലാവര്ക്കും താല്പര്യം. ബ്ലോഗ്‌ രംഗത്ത് കവിത വിമര്‍ശനമല്ല നേരിടുന്നത്. തിരസ്ക്കാരമാണ്. സാമാന്യം ലളിതമായ കവിതയ്ക്ക് പോലും എനിക്ക് കിട്ടിയ കമന്റുകള്‍ 'ഒന്നും മനസ്സിലായില്ല' , 'കവിതയായതു കൊണ്ട് ഞാന്‍ ഓടി' എന്നൊക്കെയാണ്. ഇതിനു വിമര്‍ശനം എന്നല്ല പറയുക . പുറം തിരിഞ്ഞു നില്‍ക്കല്‍ എന്നാണ്. ഈ കാരണം കൊണ്ടാണ് കവിതയ്ക്ക് വായനക്കാര്‍ കുറയുന്നതും കമന്റുകള്‍ ശുഷ്കമാവുന്നതും എന്നാണ് എന്റെ വിചാരം

Sidheek Thozhiyoor
ചോദിക്കാന്‍ കരുതിയ മിക്കവാറും ചോദ്യങ്ങള്‍ പലരായി ചോദിച്ചു കഴിഞ്ഞു , ഇനി ഒരു കൊച്ചു ചോദ്യം മാത്രം , പ്രവാസത്തെ കുറിച്ചും മലയാളീ പ്രവാസികളെ കുറിച്ചും താങ്കളുടെ കാഴ്ചപ്പാട് എന്താണ് ?


 :  പ്രവാസത്തെ കുറിച്ച് ഇങ്ങിനെ പറയാമെന്നു തോന്നുന്നു.
'ദരിദ്ര വാസം അവസാനിപ്പിക്കാന്‍ പ്രവാസം
പ്രയാസം വര്‍ധിക്കാനും പ്രവാസം.'
അര നൂറ്റാണ്ടുകാലത്തെ പ്രവാസം കൊണ്ട് നാം എന്ത് നേടി എന്ന് തിരിഞ്ഞു നോക്കുമ്പോള്‍, ശുഭകരമായ ഒരു ചിത്രമാണ് നമുക്ക് കിട്ടുന്നത്. പ്രവാസി കറവപ്പശു, മെഴുകുതിരി, സ്വയം കത്തി അന്നം വേവിക്കുന്ന തീക്കൊള്ളി എന്നൊക്കെ പറയാറുണ്ട് നാം. പക്ഷെ അതിനപ്പുറത്തെ പച്ചപ്പ്‌ കാണാതെ പോവാ റാണ് പതിവ്. വിശപ്പിന്റെ ഊഷരത്തില്‍ നിന്ന് പുറപ്പെട്ടു പോന്ന് സ്വന്തം നാട്ടില്‍
സമൃദ്ധിയുടെ വസന്തം സൃഷ്ടിച്ചവനാണ് പ്രവാസി. നാട് നേടിയ ഏതൊരു കുതിപ്പിന്റെ പിന്നിലും പ്രവാസിയുടെ കിതപ്പ് ഉയര്‍ന്നു കേള്‍ക്കാം. സാമൂഹ്യ സാംസ്ക്കാരിക ബൌദ്ധിക തലങ്ങളില്‍ ഉണ്ടായ പുരോഗതിയും വികാസവും ഈ മെഴുകിതിരികള്‍ കത്തിച്ച വെളിച്ചമാണ്. പശുക്കള്‍ ചുരത്തിയ പാലാണ്. ഈ തീക്കൊള്ളികള്‍ എരിഞ്ഞെരിഞ്ഞു വേവിച്ചെടുത്ത അന്നമാണ്. അന്ന് ഗള്‍ഫിലേക്ക് പോരുന്നവരുടെ പക്കല്‍ പ്രാരാ ബ്ധത്തിന്റെ കീറിയ ബാഗ് മാത്രമാണ്
  ഉണ്ടായിരുന്നത്. എഴുത്തും വായനയും പോലും ഇല്ലായിരുന്നു. ഇന്ന് അവരുടെ പുതിയ തലമുറ വരുന്നത് ഏതു നാട്ടുകരോടോപ്പവും തലയുയ ര്‍ത്തി പിടിച്ചു നില്‍ക്കാവുന്ന തരത്തിലാണ്. ഈ ഒരു മാറ്റം തന്നെ മതി ഓരോ പ്രവാസിക്കും അഭിമാനിക്കാന്‍. പിന്നെ ചില നഷ്ടങ്ങളോ ന്നുമില്ലാതെ നേട്ടങ്ങള്‍ ഉണ്ടാവില്ല. കുട്ടികളെയും ഭാര്യയെയും കെട്ടിപ്പിടിച്ചിരുന്നാല്‍ കിട്ടുമായിരുന്നോ ഈ നേട്ടങ്ങളൊക്കെ?
അത് കൊണ്ട് പ്രവാസി പ്രാരാബ്ധം പറഞ്ഞു സ്വയം ശപിക്കേണ്ടവനല്ല. അഭിമാനത്തോടെ തല ഉയര്‍ത്തിപ്പിടി ക്കേണ്ടവനാണ്.
2) പ്രവാസി മലയാളികള്‍ മറ്റു രാജ്യക്കാരെ പോലെ വെറ്റില തിന്നു തുപ്പി നടക്കുന്നവരല്ല. സംഘടനകളും കൂട്ടായ്മ കളുമായി അവര്‍ അവരുടെ ഭാഗധേയം നിര്‍വഹിക്കുന്നുന്ടെന്നാണ് എന്റെ ബോധ്യം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ക്കായി കോടിക്കണക്കിനു രൂപയാണ് ഓരോ വര്‍ഷവും ഇവിടെ നിന്ന് നാട്ടിലെക്കൊഴുകുന്നത്. നാട്ടിലെ ഓരോ നിലവിളിയും മുഴങ്ങുന്നത് പ്രവാസികളുടെ കാതിലാണ്. മറ്റുള്ളവരുടെ പ്രയാസങ്ങളിലേക്ക് തുറന്നു പിടിച്ച കാതുകളെ ക്കാള്‍ മഹത്തരമായി ലോകത്ത് ഏതു അവയവമാണുള്ളത്?


Zephyr Zia

വളര്‍ന്നു വരുന്ന കുട്ടികളുടെ വായനയെക്കുറിച്ചും അവരുടെ സര്‍ഗശേഷികളെക്കുറിച്ചും ഉള്ള അഭിപ്രായം? ഒരു അധ്യാപകനെന്ന നിലക്ക് അവരെ പ്രോത്സാഹിപ്പിക്കാന്‍ മാഷിന് അവസരങ്ങള്‍ കൂടുതലല്ലേ? അതെത്രത്തോളം ഫലവത്താകുന്നുണ്ട്?



പുതിയ തലമുറ വായനയില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നും അകന്നു പോകുന്നു
എന്നത് നേരാണ്. കുട്ടികള്‍ക്ക് എക്കാലത്തും ഇഷ്ടപ്പെട്ട കളികളില്‍ പോലും
അവര്‍ക്കിന്നു താല്പര്യമില്ല. സ്ക്രീനിലേക്ക് കണ്ണും നട്ടിരിക്കുന്ന
പുതിയ ജനറേഷന്‍ കുട്ടിക്കാലത്തു തന്നെ 'ഇരുത്തം' വന്ന കുട്ടി
വൃദ്ധന്‍മാരാവുകയാണ്. അതിനു അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
അവര്‍ക്ക് കാണാനും ആസ്വദിക്കാനും ഇന്ന് കാര്യങ്ങ ളേറെ യാണ്. നമ്മുടെ കുട്ടിക്കാലത്ത് ഈ സംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ നാമും അങ്ങിനെയേ ആവൂ.
വായനയിലേക്ക് അവരെ കൊണ്ട് വരാന്‍ ഒരു മാര്‍ഗമേ ഉള്ളൂ.
വീട്ടിലും സ്കൂളിലും മറ്റും ഒരു വയനാന്തരീക്ഷം സൃഷ്ടിക്കുക..
അധ്യാപന ജീവിതത്തില്‍ ഇക്കാര്യങ്ങളില്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം

Anju Aneesh
പ്രാസഗംഭീരനായ കവി... മലയാളം ഐഛികവിഷയമായി എടുത്ത് പഠിച്ചിട്ടുണ്ടോ എന്നറിയാൻ താല്പ്പര്യമുണ്ട്. ഇഷ്ടപ്പെട്ട പുസ്തകങ്ങൾ ഏതൊക്കെയാണ്?




‎:  അഞ്ചു വിന്റെ പ്രയോഗം അത്യുക്തിയോ അതിശയോക്തിയോ എന്തായാലും
മലയാളം ഐച്ചിക വിഷയമായി എടുക്കാത്ത ത്തിലുള്ള ഇച്ഛാ ഭംഗം ഇന്നും നിലനില്‍ക്കുന്നു.
ഒന്നും നമ്മുടെ ഇ ച്ഛ ക്കനുസരിച്ചല്ലോ നടക്കുന്നത്.
ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ ഒരു പാടുണ്ട്. ഇയ്യിടെ വായിച്ച  പുസ്തകങ്ങള്‍ പൌലോ കൊയ്‌ലോ ആല്ക്കമിസ്റ്റ്, ടി.ഡി. രാമകൃഷ്ണന്റെ 'ഫ്രാന്‍സിസ് ഇട്ടിക്കോര' , ബിന്യമിന്റെ 'ആട് ജീവിതം', വി.മുസഫര്‍ അഹ്മദി ന്‍റെ ' മരുഭൂമിയുടെ ആത്മ കഥ' . അവസാനം പറഞ്ഞ - കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടിയ - രണ്ട് പുസ്തകങ്ങളും വല്ലാത്ത ഒരു അനുഭൂതിയിലേക്ക്‌ കൊണ്ട് പോയ പുസ്തകങ്ങളാണ്.ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്നത് ' പ്രസിദ്ധ കാന്‍സര്‍ രോഗ വിദഗ്ധനായ ഡോക്ടര്‍ വി.പി. ഗംഗാധരന്റെ ' ജീവിത മെന്ന അത്ഭുതം ' എന്ന പുസ്തകമാണ്. അത് സത്യത്തില്‍ എന്നെ കരയിപ്പിച്ചു കൊണ്ടിരിക്കുന്ന ഗ്രന്ഥമാണ്. പിന്നെ പത്താം ക്ലാസില്‍ നിന്നേ വായിച്ചതും അസ്വസ്ഥത യുണ്ടാവുമ്പോള്‍ വായിച്ചിരുന്നതുമായ ഒരു പുസ്തകമായിരുന്നു; കെ.പി.കേശവ മേനോന്റെ ' നാം മുന്നോട്ടു' ദൌര്‍ഭാഗ്യകരമെന്ന് പറയാം. എന്റെ കുറെ പുസ്തകങ്ങള്‍ ' സൂപ്പിക്ക' കൊണ്ട് പോയി വെസ്റ്റ് ബോക്സില്‍ ഇട്ടു. ആ കൂട്ടത്തില്‍ കാലമേറെയായി ഒരു ധൈര്യത്തിന് കൂടെ കൊണ്ട് നടന്നിരുന്ന 'നാം മുന്നോട്ടും' നഷ്ടപ്പെട്ടു. ഈ സങ്കടം ഞാന്‍ എഴുതി തീര്‍ത്തിട്ടുണ്ട്. ഇത് താല്പര്യമുണ്ടെങ്കില്‍ ഇവിടെ വായിക്കാം : http://iringattiridrops.blogspot.com/2010/12/blog-post.html

Noushad Akampadam
(1) "തിളക്കുന്ന പദ സമ്പത്ത് " എന്നു ഉപമിപ്പിക്കാനുതകുമാറ് എഴുത്തിലും കമന്റ് കോളങ്ങളിലും വാക്യപ്രയോഗങ്ങള്‍ കൊണ്ടും കാച്ചിക്കുറുക്കിയ ശൈലി കൊണ്ടും അനുഗ്രഹീതനായ താങ്കള്‍ ഒരു സാദാ ബ്ലോഗ്ഗ് വായനക്കാരനെ അമ്പരപ്പിക്കുന്ന വാഗ്‌വിലാസം കാണിക്കുന്നത...് പരന്ന വായനയിലൂടെ നേടിയെടുത്ത കഴിവാണെങ്കില്‍ വായന എത്രത്തോളം പ്രാധാനപ്പെട്ടതാണു എഴുത്ത്കാരനു എന്നത് പ്രത്യേകിച്ചും വായനാ ശീലം,സാഹിത്യാഭിരുചിയുടെ അഭാവം,ഭാഷാശുദ്ധി -വൈകല്യങ്ങള്‍ തുടങ്ങിയവ കൈമുതലായ നവ ബ്ലോഗ്ഗ്ര്മാര്‍ക്ക് ഒരു പാഠമാവേണ്ടും വിധം വായന,മനനം,സര്‍ഗ്ഗത്മകത,ഭാവന,ഭാഷാവൈദഗ്ധ്യം തുടങ്ങി നല്ല എഴുത്തുകാരന്റെ /എഴുത്തിന്റെ ആത്മാവിലേക്ക് വെളിച്ചം വീശും വിധം
താങ്കളുടെ "സാഹിത്യ- വായനാ ചരിതം" ഒന്നു വിശദീകരിക്കാമോ?

(2) എഡിറ്റിംഗ് എന്ന കത്രിക കടമ്പ ഇല്ലാതെ എന്തെഴുതിയും പബ്ലിഷ് ചെയ്യാം എന്ന ബ്ലോഗ്ഗ് തരുന്ന വിശാലത ഒരുപാടു പുതിയ എഴുത്തുകാരെ (പ്രത്യേകിച്ചും ഗള്‍ഫ് മേഖലയില്‍)സൃഷ്ടിച്ചുവെങ്കിലും അതേകാരണം കൊണ്ട് തന്നെ സര്‍ഗ്ഗാത്മകത നിറഞ്ഞ പ്രകടനം പലപ്പോഴും ഇവിടെ അന്യമാവുകയല്ലേ ചെയ്യുന്നത്?
ഒരു താല്‍ക്കാലിക ഹോബിയോ സമയം പോക്കോ പോലെയാണു ബ്ലോഗ്ഗ് സാഹിത്യം പലര്‍ക്കും പലപ്പോഴും.
ഈ എഴുത്തിനെ അവര്‍ണ്ണമാക്കുന്ന മുഖ്യ ധാരയുടെ നിരാസത്തിന്റെ സുപ്രധാന ഘടകവും അതു തന്നെ.
ബ്ലോഗ്ഗ് സാഹിത്യത്തിന്റെ മികവല്ല മറിച്ച് അതൊരു ചേരുവ പോലെ പത്ര മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല തന്നെ.
ബ്ലോഗ്ഗ് എഴുത്ത് കമന്റ് കോളത്തിലെ എണ്ണത്തിനെ ആശ്രയിച്ച് പോപ്പുലറാവുമ്പോള്‍ പലപ്പോഴും നല്ല എഴുത്ത് അവഗണിക്കപ്പെടുന്നതിന്റെ കാരണം ഗൗരവമാര്‍ന്ന എഴുത്ത് മാത്രമല്ല വായനയും ഇവിടെ നടക്കുന്നില്ല എന്നതിന്റെ തെളിവല്ലേ..?
അക്കാരണത്താല്‍ അപൂര്‍‌വ്വം ചിലരൊഴിച്ചാല്‍ ബ്ലോഗ്ഗ് സാഹിത്യം പടച്ചുവിടുന്നത് വെറും നാലാം തരം സാഹിത്യമാണെന്നു വിമര്‍ശനം വരികില്‍ അതില്‍ താങ്കള്‍ കാണുന്ന ന്യായാന്യായങ്ങള്‍ എന്ത്?

(3) "ഞാന്‍ ചെറുകഥയേ എഴുതൂ" എന്ന് വീമ്പിളക്കുന്ന നമ്മുടെ പ്രിയപ്പെട്ട ചെറുകഥാകൃത്ത് സത്യത്തില്‍ ഒരു നോവലിന്റെ ബൃഹത് ക്രാഫ്റ്റ് തനിക്ക് വഴങ്ങില്ല എന്ന തന്റെ പരിമിതിയേയല്ലേ വിളിച്ചു കൂവുന്നത്..
യഥാര്‍ത്ഥ കലാകാരനു തന്നിലെ സര്‍ഗ്ഗചേതന കഥയായോ കവിതയായോ നോവലായോ മിനിക്കഥയായോ ഒക്കെ പ്രകടിപ്പിക്കാമെന്നിരിക്കെ കലാകാരനെ ചെറുകഥാകൃത്ത്,നോവലിസ്റ്റ് എന്നിങ്ങനെ പരിമിതപ്പെടുത്തുന്നത് ശരിയോ..ഒരു തരം തിരിവിന്റേയോ ലേബല്‍ ചുമക്കലിന്റേയോ അതി ബാധ്യത തനി കലാകാരനു ഭൂഷണമോ?
ചുരുക്കത്തില്‍ സര്‍ഗവൈഭവം തനി കലാകാരനില്‍ എങ്ങിനേയും പ്രകടമാവാം എന്ന എന്റെ കാഴപ്പാടിനോട് താങ്കളുടെ മറുപടി എന്താവും? വിശദീകരിക്കാമോ?




: വായന മനനത്തിലേക്കുള്ള അയനം എന്ന ഒറ്റ വരി കവിത കൊണ്ട് തന്നെ തുടങ്ങാം. എഴുതാന്‍ കയ്യൊന്നും വായിക്കാന്‍ കണ്ണ് രണ്ടും ആയതു ഒരു പക്ഷെ കൂടുതല്‍ വായിക്കാനുള്ള ഒരു ചിന്തയിലേക്ക് നമ്മെ കൊണ്ട് പോകുമെന്ന് തോന്നുന്നു. പൊതുവേ വ...ായന കുറയുകയും എഴുതുന്നവര്‍ പോലും വായിക്കാതിരിക്കുകയും ചെയ്യുന്ന കാലമാണിത്. വായന എഴുത്തിനെ ഏത്
നിലക്കെല്ലാം ശക്തമാക്കുമെന്ന് നാം തിരിച്ചറിയണം. നിരന്തരമായ വായനയുള്ള
ഒരാളോട് സംസാരിക്കുമ്പോള്‍ പോലും നമുക്കീ വ്യത്യാസം അറിയാന്‍ കഴിയും. വായനയിലൂടെ നാം ആര്ജിക്കുന്നത് ജ്ഞാനം മാത്രമല്ല. ഭാഷ, പദസമ്പത്ത്, ശൈലി, പ്രയോഗങ്ങള്‍ തുടങ്ങി വിശാലമായ ഒരു പുതിയ ലോകം വായന നമുക്ക് മുമ്പില്‍ തുറന്നിടുന്നു. ഈ വ്യത്യാസം സ്വയം അനുഭവിക്കാവുന്നതെ
യുള്ളൂ. വായന തുടങ്ങി ഏറെ മുന്നോട്ടു പോകുമ്പോള്‍, നമ്മുടെ പഴയ രചനകളില്‍ നമുക്ക് തന്നെ ഒരു 'പുളിപ്പ്' തോന്നിതുടങ്ങും. നമ്മെ നാം തന്നെ മറികടക്കാനും, നമ്മെ നാം തന്നെ പരിഷ്ക്കരിക്കാനും ശ്രമിച്ചാലേ ഏത് രംഗത്തും പിടിച്ചു നില്‍ക്കാനാവൂ. നന്നേ ചുരുങ്ങിയ ഒരു സാഹിത്യ / വായന ചരിതം(?) മാത്രാണ് എനിക്കുള്ളത്. വായന വേണ്ടവിധം നടക്കാത്ത ദുഃഖം മനസ്സിനെ വല്ലാതെ മഥിക്കാറുണ്ട് പലപ്പോഴും.

2) ബ്ലോഗെഴുത്ത് എന്റെ വീക്ഷണത്തില്‍ ഒരു പ്രൈമറി വിദ്യാലയമാണ്. ചോദ്യത്തില്‍ സൂചിപ്പിച്ച തിരുത്തലും വെട്ടലും തിരിച്ചയക്കലും നടക്കാത്തിടത്തോളം ഒരെഴുത്തുകാരനും കൂടുതല്‍ മുന്നോട്ടു പോകാന്‍ കഴിയില്ല. ഇന്ന് നമ്മുടെ മുമ്പില്‍ എഴുത്തുകാരായി തലയുയര്‍ത്തി നില്‍ക്കുന്നവരൊക്കെ കത്രിക ക്ക്‌ ഇരയായവരാണ്.
ആ കത്രിക തന്നെയാണ് അവര്‍ക്ക് കരുത്തേകിയത്. ഇവിടെ ബ്ലോഗില്‍ എഴുത്തുകാരനും, പ്രൂഫ്‌ റീഡറും , എഡിറ്ററും, പബ്ലിഷറും ഒക്കെ ഒരാള്‍ തന്നെയാണ് . ബ്ലോഗിന്റെ വല്ലാത്ത ഒരു പരിമിതി തന്നെയാണിത്. നമ്മുടെ മിക്ക ബ്ലോഗര്‍മാര്‍ക്കും അക്ഷരത്തെറ്റ് കൂടാതെ എഴുതാന്‍ പോലും കഴിയുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. അവര്‍ സ്വയം തിരിച്ചറിയാതെ ഒരു തിരുത്ത്‌ ഇവിടെ സാധ്യമാകുന്നില്ല. അത് കൊണ്ട് നാലാം കിടയിലേക്ക് മാത്രമല്ല, അഞ്ചും ആറും കിടയിലേക്ക് വരെ എഴുത്ത് താഴ്ന്നു പോകാനും സാധ്യതയുണ്ട്. പക്ഷെ ബ്ലോഗില്ലായിരുന്നുവെങ്കില്‍
നമ്മുടെ കൂട്ടത്തില്‍ എത്ര പേര്‍ ഇങ്ങനെ എഴുതുമായിരുന്നു? വിരലിലെണ്ണാവുന്നവര്‍ മാത്രം .. അത് തന്നെ ഒരു വലിയ കാര്യമല്ലേ? സ്വയം നവീകരിക്കാന്‍ കഠിനമായി ശ്രമിച്ചാല്‍ ബ്ലോഗര്‍ മാര്‍ക്കും മുഖ്യധാരയിലെത്താന്‍ കഴിയും എന്നാണ് എന്റെ വിശ്വാസം.

3) ഈ വിഷയത്തെ രണ്ട് നിലക്ക് കാണാനാണ് എനിക്കിഷ്ടം. കഥ എഴുതുന്നവന്‍ മറ്റൊന്നും എഴുതരുത് ഒന്നില്‍ തന്നെ ഉറച്ചു നില്‍ക്കണം എന്ന ഒരു വാദം ഒരു വശത്ത്. നമ്മുടെ മിക്ക വലിയ എഴുത്തുകാരും ഇങ്ങനെ ഉറച്ചു നിന്നവരാണ്. ബഷീര്‍ കവിത എഴുതിയട്ടില്ല, എം.ടി.യോ, പത്മനാഭനോ മുകുന്ദനോ, സക്കറിയോ, കവിത എഴുതിയിട്ടില്ല, കവികളായി അറിയപ്പെടുന്നവരും ഇങ്ങിനെ തന്നെ. ഒന്നില്‍ ഉറച്ചുനില്‍ക്കാന്‍ മാത്രം കരുത്തുണ്ടായത്
കൊണ്ടാവാം അവരൊക്കെ രണ്ട് തോണിയില്‍ കാല് വെക്കാഞ്ഞത്.
രണ്ടാമത്തെ വശം , മറ്റൊരു രംഗത്ത് അവര്‍ പരാജയപ്പെടുന്ന് എന്നതാണ്. കവിത എഴുതാനറിയാത്ത കഥാ കൃത്ത്, കഥ എഴുതാനറിയാത്ത കവി.. അത് മറച്ചു വെക്കനനുള്ള ശ്രമം നടക്കുന്നു എന്നും വേണമെങ്കില്‍ വാദിക്കാവുന്നതാണ്‌.
എന്നാല്‍ രണ്ടും എഴുതുകയും അതില്‍ വിജയിക്കുകയും ചെയ്തവരുമുണ്ട് അപൂര്‍വ്വം. പുതിയ തലമുറയിലെ ശിഹാബുദ്ധീന്‍ പൊയ്ത്തും കടവ് അക്കൂട്ടത്തില്‍ ഒരാളാണ്. അദ്ദേഹവും ഇയ്യിടെയായി കഥ മാത്രമേ എഴുതുന്നുള്ളൂ.

Sundar Raj Sundar

 .കമന്റുകളെ കുറിച്ച് എന്താണ് അഭിപ്രായം? ....
ബ്ലോഗന്മാരെക്കാള്‍ ബ്ലോഗിണി കള്‍ക്ക് കൂടുതല്‍ കമന്റു കിട്ടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? കമന്റുകള്‍ പരസ്പരം
പുറം ചോറിയലാവുന്നത് നല്ല പ്രവണതയാണോ? ഇത് അവസാനിപ്പിക്കാന്‍ താങ്കള്‍ക്കു എന്ത് നിര്‍ദേശമാണ് മുന്നോട്ടു വെക്കാനുള്ളത് ?

: അഭിയുടെ ചോദ്യത്തിന് നല്‍കിയ ഉത്തരത്തില്‍ ഈ ചോദ്യത്തിനുള്ള ഉത്തരം വിശദമായി പറഞ്ഞതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല. (ആ ചോദ്യവും ഉത്തരവും താഴെ വായിക്കാം)
 ബ്ലോഗിണികള്‍ക്ക്‌ കമന്ട് കൂടുതല്‍ കിട്ടുന്നുണ്ടാവാം. ബ്ലോഗര്‍ മാര്‍
ആണുങ്ങ ളായത് കൊണ്ടും ആണുങ്ങള്‍ 'കമന്റടിയുടെ' കാര്യത്തില്‍ പണ്ടെ മിടുക്കന്മാരായത് കൊണ്ടും ഒരു പക്ഷെ അങ്ങിനെ സംഭവിക്കുന്നുണ്ടാവാം.

Mukthar Udarampoyil
1.അല്ല കോയാ എന്താപ്പോ കഥ, അല്ല കവിത? ഇങ്ങളു ബല്യ കവിയാണെന്നു കേട്ടു. കഥകളൊക്കെ എഴുതൂന്നും കേട്ടു. ഇച്ചിരി നര്‍മോം ഉണ്ടെന്ന് പറയണ് , സത്യത്തില്‍ ഇങ്ങളാരാ.. കഥന്റെ പിരാന്തോ, കവിതന്റെ കിറുക്കോ ഇങ്ങള്‍ക്കിപ്പോ..?
2.അല്ല, ഞമ്മടെ ഏറനാടന്‍ എഴുത്തു...കാരൊക്കെ ഏറനാടന്‍ ഭാഷീം ശൈലീം ഒക്കെ വാരിക്കോരി ഉപയോഗിക്ക്ണ്, അതൊക്കെ ജാഡയല്ലേ. അങ്ങനെങ്കി, ഇരിങ്ങാട്ടിരിക്കാര്‍(ഇക്കയും അനിയനും) ബല്യ ജാഡക്കാരല്ലേ..?
3.ഞമ്മക്ക് ഉസ്മാ'നിക്ക'യോട് ഭയങ്കര അസൂയയാണെന്നാണ് ചെല ബ്ലോഗര്‍ ചെങ്ങായ്മാര് പറീണത്, സത്യത്തില്‍ ഇങ്ങക്ക് ഇഞ്ഞോടല്ലേ
കോയാ, ഞമ്മടെ ചോദ്യത്തിനും കൂടി മണിമണിയായി ഉത്തരം തന്നിട്ട് പോയാമതി. അല്ല പിന്നെ.. ഹായ് കൂയ് പൂയ്!

കഥ , കവിത, നര്‍മം, പിരാന്ത്, കിറുക്ക്.. ഉദരം നിറയെ ഇതൊക്കെ ഉള്ള കോയാക്കാ ങ്ങള് ആളെ മക്കാറാക്കാനും ആളെ മയക്കാനും ബല്യേ താമര്ത്യക്കാരനാണെ ന്ന് 'ഹായ് കൂയ് പൂയ് എന്ന കിത്താബില്‍ ഈര്‍ക്കിലി എന്ന ഖോജ പറഞ്ഞിട്ടുണ്ട്.
ഇത് നീ ബുജൈരിമി നോക്കിയാല്‍... കാണുന്നതാ
കാണാത്ത പക്ഷം പിന്നെയും നോക്കെണ്ടാതാ..

ജാഡ മാത്രമല്ല താടിയും ഉള്ള ചില ഉദരം പോയവര്‍ ഗള്‍ഫില്‍ വന്ന് ഉദരം നിറച്ചു ഇപ്പോള്‍ നാട്ടിലെ ഉദരം നിറക്കാ നിറങ്ങിയ 'വര്‍ത്തമാനം' ഞമ്മക്ക് കിട്ടീട്ടുണ്ട്..

അസൂയ മൂത്ത് കുശുമ്പായെന്നും കുശുമ്പു ഒടുവില്‍ മൂച്ചിപ്പിരന്തായെന്നും ഇപ്പൊ മൂച്ചിമ്മക്ക് നോക്കി
 നെടും ചാതം വിടലാണ് പണിയെന്നും
  ചില മൂരാച്ചി കളുടെ സഹീഹായ ഒരു രിവായത് ഞമ്മക്ക്
കിട്ടീട്ടുണ്ട്.

Nahana Sidheek


വളരെ ആലോചിച്ചശേഷം ചോദിക്കുന്ന ഒരു ചോദ്യമാണ് ഇത്.
ഇക്കാ ബൂലോകത്തേക്ക് വരാനുണ്ടായ സാഹചര്യം ഒന്ന് പറയാമോ ?

 : സത്യം പറയാമല്ലോ.ബ്ലോഗ്,ബ്ലോഗര്‍മാര്‍ എന്നൊക്കെ കേള്‍ക്കുന്നതെ ഒരുതരം അലര്‍ജിയായിരുന്നു എനിക്ക്. 'എന്റെ പുതിയ പോസ്റ്റ്‌ ഉണ്ട്.. ഒന്ന് വരൂ..' എന്ന യാചന എന്റെ മെയിലില്‍ വരുന്നതോടെ നിഷ്കരുണം ഞാന്‍ അവ ഡിലീറ്റ്
ചെയ്യുമായിരുന്നു. ആകെ സന്ദര്‍ശിച്ചിരുന്നത് വള്ളിക്കുന്നിന്റെ ബ്ലോഗ്‌
മാത്രമായിരുന്നു. അവിടെ പോയി ഇഷ്ടപ്പെട്ടാല്‍ നല്ല ഒരു വാചകമടി നടത്തും.
ആ വാചക മടി ഇഷ്ടപ്പെടുന്നത് കൊണ്ടാകണം അടുത്തുണ്ടായിട്ടും അകലെയായിരുന്ന ഞങ്ങള്‍ വല്ലാതെ അടുക്കുന്നത്. എനിക്ക് പുള്ളിയെ നന്നായി അറിയാം. മിക്ക പരിപാടികളിലും അദ്ദേഹം പ്രസംഗിക്കാനുണ്ടാവും. അത് കൊണ്ട് തന്നെ വള്ളിക്കുന്നിനെ വേദിയില്‍ വെച്ച് കാണാറെ ഉള്ളൂ. സ്ഥിരമായി അദ്ദേഹത്തിന്റെ ബ്ലോഗില്‍ പോകുകയും അഭിനന്ദിക്കുകയും ചിലപ്പോഴൊക്കെ അദ്ദേഹത്തെ ചൊടിപ്പിച്ച് വിയോജിച്ചു കമന്റ് എഴുതുകയും ചെയ്തപ്പോള്‍ അദ്ദേഹം എന്നെ പിടികൂടുകയായിരുന്നു. ഫേസ് ബൂക്കെന്ന പുറം കാട്ടില്‍ ചില സാഹിത്യ 'കലാപ' പരിപാടികളുമായി അലഞ്ഞു തിരിഞ്ഞു നടന്ന എന്നെ അദ്ദേഹമാണ് ഒരു ദിവസം
കിടുവക്കൂട്ടിലേക്ക് ( മലയാളം കടുവ ഗ്രൂപ്പ് ) കൊണ്ട് പോയി നിഷ്കരുണം വലിച്ചെറിയുന്നത് . അന്ന് ഫേസ് ബൂക്കിലിട്ട എന്റെ ഒരു തല്ലിപ്പൊളി 'പൂതിക്കവിത' ഗ്രൂപ്പിലിട്ടു അദ്ദേഹം നിഷ്കരുണം തിരിഞ്ഞു നടന്നു. എന്റെ
ബ്ലോഗിന്റെയും ഗ്രൂപിന്റെയും ആദ്യ രാത്രിയായിരുന്നു അത്. ഏതായാലും ഇറങ്ങിയില്ലേ ഒന്ന് മുങ്ങി പോവാം എന്ന് കരുതിയിരിക്കുമ്പോള്‍, വടക്കേല്‍ നിന്ന് ഒരു ഉടക്കല്‍ കേറി വന്ന് എന്റെ കഴുത്തിന്‌ പിടിക്കുന്നത്‌. എന്റെ ഒറ്റ
വരി, പൊട്ടവരിക്കവിതകളെ , ഭാര്യയെ പോലും പ്രേമിക്കാത്ത അദ്ദേഹം പ്രേമിക്കുന്നുണ്ടെന്നും 'ഐ ലവ് യു ശ്രീമതി ഒറ്റവരീ' എന്നും പറഞ്ഞു പിറകെ നടക്കുന്നുണ്ടെന്നും പിന്നീടാണ്‌ ഞാനറിയുന്നത്. മാത്രമല്ല ഈ പ്രണയിനിക്ക്
സസുഖം വാഴാന്‍ പറ്റിയ ഒരു മണി മേട പണിയാനാണ് അദ്ദേഹം എന്റെ ഇഷ്ടം പോലും നോക്കാതെ തീരുമാനിച്ചത്. പണ്ട്ഷാജഹാന്‍ താജ് മഹല്‍ പണിതത് പോലെ. അങ്ങിനെയാണ് ഇരിങ്ങാട്ടിരി ഡ്രോപ്സ്
എന്ന 'മണി മന്ദിരം' (ഇവിടെ നമുക്കൊരു ചിരി ചിരിക്കാം) ഉയരുന്നത്. നിങ്ങള്‍ ഒന്നും അറിയേണ്ടെന്നും എഴുതിയത്പോസ്റ്റ്‌ ചെയ്‌താല്‍ മാത്രം മതിയെന്നുമായിരുന്നു മഹാനവര്കളുടെ ഉത്തരവ്.
ചുരുക്കത്തില്‍ ഈ രണ്ടാളുമാണ് എന്നെ ഈ പരുവത്തിലാക്കിയത്. അല്ലായിരുന്നെങ്കില്‍ എനിക്കു ആകെ ഒരു നേനയെ മാത്രമേ അറിയുമായിരുന്നുള്ളൂ. അതു എന്റെ നാലാമത്തെ പെങ്ങള്‍ നേനയെ മാത്രം.. അകമ്പാടത്തിനെ, വടക്കേലിനെ, കൂടരഞ്ഞിയെ, ഇംതിയെ, കൊമ്പനെ, ചെമ്മാടിനെ, കണ്ണനെ.. തുടങ്ങി മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിലെ
 ആരെയും എനിക്ക് അറിയുമായിരുന്നില്ല..

Abbas Ali (Abhi)
1..ഇപ്പോള്‍ ബ്ലോഗുകളില്‍ കമന്റുകള്‍ വെറും ഭംഗി വാക്കോ ..ഒരു നേര്ച്ച പോലെയോ ആയിട്ടുണ്ട്‌ എന്ന് പറഞ്ഞാല്‍ ..കമന്റുകളെ എങ്ങിനെ വിലയിരുത്തുന്നു..? 2) താങ്കളെ ഒരു കവി ആയാണ് കണ്ടത് പക്ഷെ താങ്കളുടെ ബ്ലോഗില്‍ വന്നാല്‍ പ്രതീക്ഷിച്ചതാവില്ല കാണുന്നത്..താന്കള്‍ ഒരു കവി എന്ന നിലയില്‍ മാത്രം അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞാല്‍?


: ഈ അഭിപ്രായം വായിച്ചാല്‍ കൂടുതല്‍ ലൈക്‌ ഒന്നും വരില്ലെന്ന് ഉറപ്പിച്ചു കൊണ്ട് എഴുതട്ടെ: ' മദ്വചനങ്ങള്‍ക്ക് മാര്ദ്ധവമില്ലെങ്കില്‍ ഉദ്ദേശ ശുദ്ധിക്ക് മാപ്പ് നല്കിന്‍ ' എന്ന മുഖവുരയോടെ:
ബ്ലോഗിലെത്തിയിട്ട് ഒരു മാസം പോലും ആയില്ല. എല്ലാ ബ്ലോഗുകളിലും   എത്താന്‍ കഴിഞ്ഞിട്ടുമില്ല. ഒന്ന് ഓടിപ്പോയി നോക്കി പോന്നതില്‍ നിന്ന് എനിക്ക് മനസ്സിലായത് കമന്റുകള്‍ വെറും ചടങ്ങുകളോ ചവറുകളോ ആണെന്നാണ്. (അപവാദങ്ങള്‍ ഇല്ലെന്നല്ല)
കിടിലന്‍ , കിക്കിടിലന്‍, മനോഹരം, ഗംഭീരം എന്ന് തുടങ്ങി ജീവനില്ലാത്ത ആവര്‍ത്തിച്ചു പറഞ്ഞു അര്‍ത്ഥ ലോപം വന്ന് ഒടുവില്‍ അര്‍ത്ഥ ഭംഗം വരെ വന്ന വാക്കുകള്‍. സുഖിപ്പിക്കലാണോ, 'ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണ' എന്ന നിലക്കോ ആണ് പലരും കമന്റു ഇടുന്നത്. അനുഭവക്കുറി പ്പിന് കീഴെ കഥ അതി ഗംഭീര മായി എന്ന് പോലും എഴുതി വെച്ചത് കാണാനിടയായി. കമന്റ് കിട്ടിയാല്‍ ഒരു നിധി കിട്ടിയ സന്തോഷമാണ് ചിലര്‍ക്ക്. ചിലര്‍ ഭിക്ഷക്കാരെ പോലെ യാചിക്കുന്നു : ഒരു കമന്റ് തരണേ.. എന്ന്. കമന്ട് എന്നത് സ്വന്തം മനസ്സില്‍ നിന്ന് വരേണ്ട ഒന്നാണ്. അത് ഇരന്നു വാങ്ങുന്നതിനോട് എനിക്ക് യോജിപ്പില്ല. സ്നേഹം പോലെ. ചിലര്‍ ഒരു കമന്റിട ണെ എന്ന് പറഞ്ഞു സൈക്കിള്‍ എടുത്തു പിറകെ കൂടുന്നു. കമന്റ് ഇട്ടില്ലെങ്കില്‍ ദ്വേഷ്യം ഉണ്ടാവുന്നു. ഇതൊന്നും ആരോഗ്യകരമല്ല എന്നാണ് എന്റെ എളിയ അഭിപ്രായം. എഴുതുക, ഇങ്ങിനെ ഒരു പോസ്റ്റുണ്ട്, താത്പര്യമുണ്ടെങ്കില്‍ വന്ന് വായിക്കുക. ഇത്രയും പറഞ്ഞാല്‍ തന്നെ ധാരാളം.
ചിലര്‍ കമന്റ് കോളത്തില്‍ കാക്ക കാഷ്ടിച്ച പോലെ :) ഇങ്ങിനെ ഒരു ചിഹ്നം ഇടുന്നു. അത്തരം ആള്‍ക്കാരോട് എനിക്ക് പുച്ഛം തോന്നിയിട്ടുണ്ട്. ആ അടയാളത്തിന് എന്ത് അര്‍ഥം ഉണ്ടെന്നു വാദിച്ചാലും അതൊരു അവഹേളിക്കലായി തോന്നി എനിക്ക്. ഇതെല്ലാം എന്റെ മാത്രം അഭിപ്രായമാണ്. വിയോജിപ്പും യോജിപ്പും ഉണ്ടാവാം. ഉണ്ടാവണം.
കമന്റു നമ്മുടെ വ്യക്തിത്വം അളക്കുന്ന ഒരു വ്യക്തിത്വ മാപിനിയാണ്. അത് കൊണ്ട് കമന്റ് എഴുതുന്നെങ്കില്‍ മാന്യമായി വായിച്ചിട്ട് ആത്മാര്‍ഥമായി എഴുതുക. അല്ലെങ്കില്‍ മൌനം പാലിച്ചു വിദ്വാന്‍ ആവുക.
ഇനി കൂടുതല്‍ കമന്ട് കിട്ടിയാല്‍ അത് മഹാ സംഭവമാണ് എന്ന് വിചാരിക്കും നമ്മള്‍. എനിക്ക് തോന്നിയത് കമന്റ് ഒരു അളവ് കോലെ
അല്ല എന്നാണ്. നൂറോളം കമന്റുള്ള ഒരു 'മഹാ സാധനം' എനിക്ക് കാണാന്‍ പറ്റി. ആവേശത്തോടെ വായിച്ചപ്പോള്‍, എനിക്ക് തോന്നി ഈ മനുഷ്യന്മാര്‍ക്കൊക്കെ എന്താ ഭ്രാന്തുണ്ടോ എന്ന്. എന്നാല്‍ അതീവ ഹൃദ്യമായ ചില രചനകള്‍ ആരും തിരിഞ്ഞു നോക്കാനില്ലാതെ 'അവാര്‍ഡ് പടം' പോലെ തികച്ചും വിജനമായും കണ്ടു. മറ്റൊരു കാര്യം കമന്ട്,
എഴുതുന്നവന് ഒരു ഊര്‍ജം നല്‍കുന്നുണ്ട് എന്നത് സത്യമാണ്. നന്നായി വായിച്ചു ആരോഗ്യകരമായ രീതിയില്‍ ‍പ്രതികരിക്കുക. സുഖിപ്പിക്കലും, പുറം ചൊറിയലും ഒഴിവാക്കി വസ്തുനിഷ്ടമായി കമന്റ് എഴുതുക. വല്ലാതെ പുകഴ്ത്താതെ വല്ലാതെ ഇകഴ്ത്താതെ തന്മയത്വത്തോടെ യുള്ള കമന്റുകള്‍ എഴുത്തുകാരന് തിരിച്ചറിവിനും, സര്‍ഗപരമായ വളര്‍ച്ചക്കും ഗുണം ചെയ്യും
2) എന്നെ ഒരു കവിയായി കണ്ടത് തെറ്റായി എന്ന് മനസ്സിലായില്ലേ ? കവി എന്ന നിലയില്‍ മാത്രം അറിയപ്പെടാന്‍ ആഗ്രഹിച്ചിട്ടു കാര്യമില്ലല്ലോ. നടക്കണ്ടേ? എല്ലാറ്റിലും പരാജയപ്പെടുന്നവനാണ് പലതിനും ശ്രമിച്ചു നോക്കാറ്' എന്ന് എന്നെ കുറിച്ച് ഞാന്‍ തന്നെ വിചാരിക്കുന്ന പോലെ താങ്കളും കരുതിക്കോളൂ .

Noushad Vp Vadakkel
1. വാക്കുകള്‍ കുറുക്കി രണ്ടു വരിയില്‍ ഇത്ര മനോഹരമായും വാചാലമായും എഴുതുവാന്‍ 'കുറുക്കു ' വഴികള്‍ വല്ലതും ഉണ്ടോ ?
2. അറിവ് ആര്‍ജ്ജിച്ചു പകരണം ,പകര്‍ന്നു ആര്‍ജ്ജിക്കണം
അറിവ് ആര്ജ്ജിക്കുക , പകരുക ..
അറിവ് പകരുക , ആര്ജ്ജിക്കുക
ഇതൊരു കവിതയാക്കി തരുമോ ?
3. കവിതകളുടെ ആധിക്യം ആണോ, കവികളുടെ ആധിക്യം ആണോ
നിലവാരമില്ല്യായ്മയുടെ ആധിക്യത്തിന് കാരണമായി താങ്കള്‍ക്കു തോന്നുന്നത് ..


വളാഞ്ചേരി എം.ആര്‍ഹൈസ്കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്ന കാലത്ത് ഒരിക്കല്‍ പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു. താനൂരിലെ ഒരു സാംസ്ക്കാരിക സംഘടന 'റോഡപകട നിവാരണ വാരം ' എന്ന പേരില്‍ ഒരു ആഴ്ച നീണ്ടു നില്ക്കുന്ന വ്യത്യസ്ത മായ ഒരു പരിപാടി നടത്തുന്നു. ക...ൂട്ടത്തില്‍ റോഡോരങ്ങളില്‍ എഴുതി വെക്കാന്‍
പറ്റിയ, ഡ്രൈവര്‍മാരെ അപകടങ്ങളെ കുറിച്ച് ഉണ ര്‍ത്താ നുതകുന്ന
വാചക മത്സരവുമുണ്ടായിരുന്നു. ('റോഡ് ആക്സിഡന്റ്
സ്ലോഗന് ' ) ഒരു പോസ്റ്റ് കാര്‍ഡില്‍ എഴുതി അയച്ചാല്‍ മതി. വെറുതെ ഒരു രസത്തിനു കുറച്ചു വാചകങ്ങള്‍ എഴുതി. അവ യില്‍ ഓ ര്‍മ്മയിലുള്ളത് ഇവയാണ്:

വേഗത മൂകതയിലേക്ക്
കുതിപ്പ് കിതപ്പിലേക്ക്.
മുന്പേ പോകുന്ന വാഹനത്തെ മറികടക്കാം
പിറകെ വരുന്ന മരണത്തെയോ?
അറിയുക: ഈ വളയത്തില് ഒരു പാട് ജീവിതം തുടിക്കുന്നുണ്ട് !
ഡ്രൈവര് മാരോട്: നിങ്ങളെയും കാത്തിരിക്കുന്നുണ്ട് കണ്ണിലെണ്ണ ഒഴിച്ച് ഒരു പെണ്ണും കുറെ കണ്ണുകളും.

കൂടുതല് ആരും പങ്കെടുക്കാത്തതു കൊണ്ടാവണം എനിക്കായിരുന്നു ഒന്നാം സ്ഥാനം..!
അന്ന് മുതല് കുറച്ചു കാലം എന്നെ ബാധിച്ച രോഗമാണീ 'അക്ഷര രതി ക്രീഡാ മാനിയ ' അന്ന് മുതല്‍ വായനക്കിടെ ഏതു പദം കണ്ടാലും ഒന്ന് പൊട്ടിച്ചു നോക്കും. രണ്ടു കഷ്ണമാക്കാന് വെറുതെ ശ്രമിക്കും . വേറെ ചില അക്ഷരങ്ങള്‍ചേര്ത്ത് മറ്റൊന്നാക്കാന്‍ നോക്കും. അതിന്റെ ബാക്കി പത്രമായിരുന്നു മുന്‍പ് സൂചിപ്പിച്ച 'അരുളും പൊരുളും' .
ഈ കുറുക്കു വിദ്യ ഉപയോഗിച്ച് ഒന്ന് എഴുതി നോക്കൂ. രണ്ടാമത്തെ ചോദ്യത്തിന് ഉത്തരമാവും.
നിലവാരമില്ലായ്മ ഏതു മേഖലയിലാണ് ഇല്ലാത്തത്? മതം, രാഷ്ട്രീയം, സാംസ്ക്കാരികം, സാമൂഹ്യം എല്ലാ മേഖലയിലുമുള്ള പോലെ നിലവാരമില്ലായ്മ കഥയിലും കവിതയിലും ഉണ്ടാവാം. പിന്നെ വാളെടുത്തവരൊക്കെ വെളിച്ചപ്പാടുകളും പേന പിടിച്ചവരൊക്കെ കവികളും എന്ന ഒരു രീതിയില്ലെന്നു പറയാനാവില്ല. പക്ഷെ കരുത്തുണ്ടെങ്കില്‍ അതി ജയിക്കും.
ഇല്ലെങ്കില്‍ അത് നടക്കും കവിയുടെ മരണം. അതോര്‍ത്തു വിഷമിക്കേണ്ട .


(ഒരു പൊതു വായന എന്ന നിലക്ക് തികച്ചും വ്യക്തിപരം മാത്രമായ ചില ചോദ്യങ്ങളും ആവര്‍ത്തിച്ചു വരുന്ന  ഉത്തരങ്ങളും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ട്ടുണ്ട്.  അത് ആ രീതിയില്‍ മാത്രം കാണണമെന്ന്  ചോദ്യങ്ങള്‍ ഉന്നയിച്ച ബഹുമാന്യരായ വ്യക്തികളോട് അഭ്യര്‍ത്ഥിക്കുന്നു ) 
 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്