എന്തോ അനിഷ്ടം സൃഷ്ടിച്ചു കൊണ്ടാണ് അയാള്‍ അടുത്തു വന്നിരുന്നത്.
ഒരു അറുപതു വയസ്സ് പ്രായം തോന്നിക്കും .
മുകളിലത്തെ ഒന്ന് രണ്ടു കുപ്പായക്കുടുക്കുകള്‍ സ്വതന്ത്രമായി കിടക്കുന്നത് കൊണ്ട്, കയ്യുള്ള മുഷിഞ്ഞ ബനിയന്‍ പകുതിയിലേറെയും പുറത്തു കാണാം .
വാഴക്കറ പോലെ വൃത്താകൃതി യിലുള്ള ചില കറുത്ത അടയാളങ്ങള്‍ കുപ്പായത്തില്‍ പലയിടത്തും ചിതറിക്കിടപ്പുണ്ട് . മടക്കിക്കുത്തിയ ചുളിഞ്ഞു കേറിയ കള്ളിത്തുണിയും കവിഞ്ഞു ഇറങ്ങിക്കിടക്കുന്ന നെടുനീളന്‍ നീലവരയുള്ള ഡ്രോയര്‍ പുറത്തു കാണുന്നുണ്ട് .
യാത്രക്കിടെ വഴിയോരക്കാഴ്ചകളുടെ നാട്ടു പച്ചയിലൂടെ കണ്ണുകള്‍ പായിച്ചു ഞാനിരുന്നു .
‘ജ്ജെങ്ങോട്ടാ ?
സ്ഥലം പറഞ്ഞു കൊടുത്തു
'എന്താ പണി ?'
അതും പറഞ്ഞു .
മറ്റൊരു ചോദ്യം വരും മുന്‍പേ
‘ങ്ങ ളെ ങ്ങോട്ടാ ? എന്ന് തിരിച്ചൊരു ചോദ്യം എറിഞ്ഞു
അദ്ദേഹം ഇറങ്ങേണ്ട സ്ഥലം പറഞ്ഞു .
അന്വേഷണങ്ങളും ചോദ്യങ്ങളും നിഷ്ക്കരുണം വന്നു കൊണ്ടിരുന്നു .
ഇടയ്ക്കിടെ ചില ചോദ്യങ്ങള്‍ അങ്ങോട്ടും ചോദിക്കേണ്ടേ എന്ന് വിചാരിച്ചു ഞാന്‍ ചോദിച്ചു .
'എവിടുന്നാ വരുന്നത് .. ?
'ചന്തീന്ന് ...'
കൊറച്ചു കായി കിട്ടാണ്ടായിരുന്നു .."
അപ്പൊ ങ്ങക്കെന്താ പണി ?
മലഞ്ചരക്ക് കച്ചോടാ .. അടക്ക തേങ്ങ അണ്ടി എഞ്ചി വായക്കൊല .
മക്കളൊന്നും ഇല്ലേ ?
ണ്ട് , നാലാണും മൂന്നു പെണ്ണും
ആണ്‍ കുട്ട്യാളൊക്കെ എന്താ ചെയ്യുന്നത് ?
നാലാളും ഗള്‍ഫിലാ ..
വിശ്വാസം വരാതെ ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കുമ്പോള്‍ ബീഡിക്കറ പുരണ്ട പല്ലുകള്‍ കാട്ടി അയാള്‍ എന്നെ നോക്കി ചിരിച്ചു
'നൊണ യൊന്നും അല്ല മനേ ശര്യന്നെ ...'
നാല് ആണ്കുട്ട്യാ ള് ഗള്ഫില്‍ ഉണ്ടായിട്ടാണോ
ഈ വയസ്സാം കാലത്ത് ങ്ങള് ഇങ്ങനെ കഷ്ടപ്പെടുന്നത് ?
ആ ചോദ്യം അയാളെ ചൊടിപ്പിച്ചെന്ന് തോന്നുന്നു
‘ജ്ജ് പെണ്ണ് കെട്ടീക്ക്ണോ ?'
'ആ ..'
'കുട്ട്യാള് ണ്ടോ'
'ണ്ട് ..'
'ന്നാലെ അനക്ക് മനസ്സിലായിക്കോളും ..'!!
പിന്നേയ് എനിക്ക് ഇന്ന് ഒരാവശ്യം വന്നു . ഞാന്‍ എന്റെ മക്കളോട് അതിനു വേണ്ട കായി ചോദിച്ചു . തന്നു . നാളെ ബേറെ ഒരാവസ്യം വന്നു . അപ്പളും ചോയിക്കും . അപ്പൊ ഓല് ചോയിക്കും . പ്പാ ഇന്നലെ തന്ന കായി
ങ്ങള് എന്തേ കാട്ട്യേത് ? അത് ഇത്തര വേഗം കയിഞ്ഞോ ? ചോയിച്ചൂലെ .. ജ്ജ് പറ .
ഞ്ഞി ചോയിച്ചിലെലും ഉള്ളില് ണ്ടാകും ..
കായിന്റെ കാര്യത്തില്‍ എല്ലാരും കണക്കാ ..
അതോണ്ട് അവനവന് കജ്ജ് ണ കാലത്ത് അവനവനു കയ്യുന്ന പണി ചെയ്യാ .. ആരെയും കാക്കാതെ ..
ഞാന്‍ മെല്ലെ അങ്ങട്ട് ബേക്ക്‌ക്ക് പോട്ടെ .. ച്ച്
എറങ്ങാനായി !!!
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ