അഭയമാണ്
ആശ്വാസമാണ്
ആലസ്യം അലിയിച്ചു വീരസ്യം പകരുന്ന ദിവ്യ ഔഷധമാണ് !
ഏതു വിഹ്വലതകള്‍ക്കൊടുവിലും
ഒന്നുറങ്ങി എണീറ്റാല്‍ തീര്‍ന്നു
എല്ലാ അസ്വസ്ഥതകളും
അവിടെ അലിഞ്ഞു തീരാത്ത വിഷമങ്ങളില്ല
ഇറക്കി വെക്കാന്‍ കഴിയാത്ത ഭാരങ്ങളില്ല
അലിഞ്ഞു തീരാത്ത സങ്കടങ്ങളില്ല
പങ്കുവെക്കപ്പെടാത്ത ആധികളില്ല
മെല്ലെ മെല്ലെ കടന്നു വന്ന്
പതുക്കെ പുണര്‍ന്നു
പൊടുന്നനെ സുഷുപ്തിയുടെ
ആഴങ്ങളിലേക്ക് ആനയിച്ചു
അനുഭൂതിയുടെ ലോകത്തൂടെ കൂട്ടിക്കൊണ്ടു പോയി
ഒടുവില്‍
കിനാവിന്റെ ചില്ലയില്‍ കൊക്കുരുമ്മി
ഒരു ദിവസത്തിന്റെ എല്ലാ ബദ്ധപ്പാടുകളും ഇറ്റിത്തീര്‍ന്നു
അവസാനം
പുലര്‍ക്കാലത്തിന്റെ കുളിരിലേക്ക്
ഉന്മേഷത്തിന്റെ
പുതിയ വിഭാതത്തിലേക്ക്
വിളിച്ചുണര്‍ത്തുന്ന നിദ്രാ ദേവീ
നീയും
അവളും ഒരു പോലെയാണ് !!
വീണ്ടും വീണ്ടും ആഗ്രഹിക്കുന്നു ദേവീ നിന്നെ
പിന്നെയും പിന്നേയും കൊതിക്കുന്നു
പ്രിയേ നിന്‍ സാന്നിധ്യം
സാമീപ്യം !
ഉറക്കമില്ലാത്ത രാത്രിയും
അവളില്ലാത്ത ജീവിതവും
സങ്കല്‍പ്പിക്കാനാവുമോ ?
പൂരണ മാണ്
തോരണമാണ്
വസ്ത്രമാണ്
ആഭരണമാണ് !
'അവര്‍ നിങ്ങളുടെ വസ്ത്രമാണ് , നിങ്ങള്‍ അവരുടെയും '
'രാത്രി ഞാന്‍ നിങ്ങള്ക്ക് സുഷുപ്തിയാക്കിയിരിക്കുന്നു
പകല്‍ നിങ്ങള്ക്ക് ഉപജീവന ത്തിനുള്ള സമയവും .'
സത്യത്തില്‍
അവളും നമ്മുടെ സുഷുപ്തിയാകുന്നു ..
ജിവിത വഴിയില്‍ ആവേശം പകരുന്ന സുഷുപ്തി
അടുത്ത ദിവസത്തേക്കുള്ള ഊര്‍ജം പകരുന്ന
ഉന്മേഷ ദായിനി
ഏതു തളര്‍ച്ചയിലും ഒന്ന് കണ്ണടച്ച് കിടക്കാന്‍
ഉറക്കിന്റെ കരവലയങ്ങളില്‍ ഒന്ന് തല ചായ്ക്കാന്‍
നാം ആഗ്രഹിച്ചു പോകും .
ഏതു വിഷമ സന്ധിയിലും പങ്കപ്പാടുകള്‍ക്കിടയിലും
അസ്വസ്ഥ ഭരിതമായ നിമിഷങ്ങളിലും
അവളുടെ അടുത്തെത്താന്‍ കൊതിക്കുന്ന പോലെ !!!
ഉറക്കമേ നീ വല്ലാത്ത ഒരു പ്രതിഭാസമാകുന്നു
സ്വപ്നങ്ങള്‍ക്ക് നിറം പകരുന്ന
അസ്വസ്ഥതകള്‍ക്ക് ശമനമാകുന്ന
ശാരീരിക ആവേശം തിരികെ തരുന്ന
എല്ലാം മറന്നു വിലയം പ്രാപിക്കാവുന്ന
എത്ര ആസ്വദിച്ചാലും മതിവരാത്ത
ഈ ലോകത്തെ
വിസ്മയപ്പെടുത്തുന്ന
സുഖ ദായിനി !
എന്തുണ്ട് സംശയം ,
ഓമല്‍ സഖീ നിന്നെ പോലെത്തന്നെ !!!
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ