2012, ജനുവരി 29, ഞായറാഴ്‌ച

ബസ്മവിദേശരാജ്യക്കാര്‍ക്ക് ഫിംഗര്‍പ്രിന്റും കണ്ണടയാളവും നിര്‍ബന്ധമാക്കിയ സമയം. ഇഖാമ (താമസ രേഖ ) പുതുക്കല്‍ , റീഎന്ട്രി തുടങ്ങിയകാര്യങ്ങള്‍ക്ക് ഇത് രണ്ടും അനിവാര്യമാണെന്ന ഗവണ്‍മെന്റ് ഉത്തരവ് വന്നിട്ട് അധികകാലമായിട്ടില്ല.


നിയമം പ്രാബല്യത്തില്‍ വന്നത് മുതല്‍ സ്വാഭാവികമായും ഇതിന്  തിക്കുംതിരക്കും തിടുക്കവും വര്‍ധിച്ചു. നാട്ടില്‍പോകേണ്ട ഏതെങ്കിലും  സന്നിഗ്ധഘട്ടം വന്നാല്‍ കുടുങ്ങിയത് തന്നെ!
അത്കൊണ്ട് എത്രയും പെട്ടെന്ന് സംഗതി നടത്തണമെന്ന ചിന്തയായിരുന്നു.
രാവിലെപോയി ക്യൂ നിന്നാല്‍  ഒരപക്ഷെ വൈകുന്നേരത്തോടെയേ തിരിച്ചെത്താന്‍ പറ്റൂ എന്ന് പല അനുഭവസ്ഥരും പറഞ്ഞു . ചിലരോട് പിറ്റേ ദിവസം വരാന്‍പോലും പറയുന്നുമുണ്ട്  ..


ഫിംഗര്‍പ്രിന്റിന് പ്രത്യേകകേന്ദ്രങ്ങള്‍ക്ക് പുറമേ വലിയ കണ്ടയ്നറുകളില്‍ എല്ലാവിധ സജ്ജീകരണങ്ങളുമായി മൊബൈല്‍കേന്ദ്രങ്ങളും ഉണ്ട് പലയിടങ്ങളിലും.
എന്നിട്ടും തിരക്കിനുകുറവൊന്നും ഇല്ല. വെക്കഷന്‍ അടുത്ത് വരുന്നു. അതിനുമുമ്പ് കാര്യം സാധിച്ചില്ലെങ്കില്‍ ആകെ കുഴയും..
ക്യൂനില്‍ക്കുന്നതും കാത്തിരിക്കുന്നതും ഹരമുള്ള കാലമുണ്ടായിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ്ഗോപിയും കാവ്യാമാധവനും മീരാജാസ്മിനും ഒക്കെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ 'ക്യൂ'വിലല്ല 'വൈ'യിലും 'സെഡ് ' ലുംവരെ നില്‍ക്കും മണിക്കൂറുകളോളം . ഇക്കാര്യത്തില്‍ പടുകിളവനും തനി ഇളവനും 'സവസവ'യാണ് .. പക്ഷെ, ആ ക്യൂ അല്ലല്ലോ ഈ ക്യൂ .
നല്ല ചൂടുള്ള കാലമാണ്. എ.സിയില്‍ ഇരുന്നിട്ട് തന്നെ ചൂട് സഹിക്കാന്‍ പ്രയാസം. പിന്നെ പുറത്തെ കാര്യം പറയണോ? പ്രത്യേകിച്ച് നട്ടുച്ച നേരത്തൊക്കെ  ചൂട് കഠിനകഠോരമായിരിക്കും .. സൂര്യനും മനുഷ്യനുമിടയില്‍ തിരശ്ശീലയില്ലാത്ത ആത്മബന്ധത്തിന്റെ രതിമൂര്‍ച്ചയാവും അന്നേരങ്ങളില്‍ നടക്കുക. ( ആടുജീവിതക്കാരും നജീബുമാരും പൊറുക്കുക .. ഞങ്ങള്‍ക്ക് ഞങ്ങളുടെ സുഖവും അസൌകര്യങ്ങളും അല്ലെ അറിയൂ..!! )


ഫിംഗര്‍പ്രിന്റ്‌ എടുക്കാന്‍പോകാന്‍ പറ്റിയ ഒരവസരവും കാത്തിരുന്നു . അവസരം നമ്മെതേടി വരില്ലെന്നും ടിയാനെ  നാം  അങ്ങോട്ട്‌ തേടിചെല്ലണമെന്നും മറ്റുമായിരുന്നു മനസ്സിലാക്കി വെച്ചിരുന്നത്. എന്നാല്‍ ആ ധാരണ തകിടം മറിച്ചു കൊണ്ട് പറ്റിയ  ഒരു അവസരം ഇങ്ങോട്ട് തേടി വന്നു.. !


ഒരു നല്ല  തിങ്കളാഴ്ച  ദിവസം . ഏകദേശം രാവിലെ പത്തു മണി ആയിക്കാണും . ഞങ്ങളുടെ ചീഫ് അക്കൌണ്ടന്‍റും സുഡാന്‍കാരനും കലാഭവന്‍ മണിയുടെ ചര്‍മ്മസൌന്ദര്യവും വി.ആര്‍ കൃഷ്ണയ്യരുടെ മുഖ ച്ഛായയുമുള്ള ത്വലബ് അബ്ബാസ് എങ്ങോട്ടോ പോകാനൊരുങ്ങുന്നു .  ഓഫീസിലെ ഏറ്റവും മാന്യനും എല്ലാവരോടും ഹൃദ്യമായി ഇടപെടുന്നയാളുമായ അദ്ദേഹത്തോട് വല്ലാത്ത ഒരു അടുപ്പം കാത്തുസൂക്ഷിച്ചു പോന്നിരുന്നു. അദ്ദേഹം ചിരിച്ചേ സംസാരിക്കൂ .. ഒരു ജാടയുമില്ലാത്ത  പച്ച മനുഷ്യന്‍ . ഓഫീസിലെ ഓള്‍ഡസ്റ്റ് ജന്റില്‍മാന്‍ .


പുറത്തു പോകാനുള്ള ഒരുക്കം കണ്ടു വെറുതെ അദ്ദേഹത്തോട്  ചോദിച്ചു:
'യാ അബൂ അബ്ദുല്‍ അസീസ്‌ ഫൈന്‍ റൂഹ് ഇന്‍ത..?
( അബ്ദുല്‍ അസീസിന്റെ പിതാവേ,  നിങ്ങള്‍ എവിടെ പോകുന്നു? )
മക്കളുടെ പേര് ചേര്‍ത്ത് അഭിസംബോധന ചെയ്യുന്നത് ഇവര്‍ക്ക് വലിയ ഇഷ്ടമുള്ള കാര്യമാണ്!
'അന റൂഹ് ലില്‍  ബസ്മ .. തബ്ഗ ഇന്‍ത തആല്‍ മഅ നാ '
( വിരലടയാളം എടുക്കാന്‍ പോകുന്നു . താത്പര്യമുണ്ടെങ്കില്‍ നിനക്കും വരാം ..)


രോഗി ഇച്ഛച്ചതും വൈദ്യന്‍ കല്പിച്ചതും 'മില്‍മ ' എന്ന് പറഞ്ഞ പോലെ ഇത് തന്നെ തക്കമെന്നു കരുതി ഒന്ന് സജീവമായി. കിട്ടിയാല്‍ ഒരു തെങ്ങ് പോയാല്‍ ഒരു പൊങ്ങ് എന്ന നമ്മുടെ പഴകിട്ടും പുളിച്ചു പോകാത്ത പഴഞ്ചൊല്ലിന്റെ മരിക്കാത്ത ഓര്‍മ്മയ്ക്ക്‌ മുമ്പില്‍ ഒരു 'ഹായ്‌ ' പറഞ്ഞു കൊണ്ട്  ത്വലബിനോടൊപ്പം  പോകാനുറച്ചു.


ടാക്സിക്കൂലി , യാത്രാദുരിതം, സമയനഷ്ടം, വഴിതെറ്റല്‍ എന്നിങ്ങനെ മൂന്നു നാല് ഗുണങ്ങളുണ്ട് ഈ പോക്കിന്. ഞാനും ഒരു മലയാളി ആയതുകൊണ്ടും എന്തിലും ഏതിലും എന്തുണ്ട് ലാഭം എന്ന് ചിന്തിക്കുന്ന നല്ല തങ്കപ്പെട്ട സ്വഭാവം എനിക്കും ഉള്ളത് കൊണ്ടും ഇത് തന്നെ തക്കം എന്ന് തീരുമാനിച്ചുറച്ചു ..


ചുളുവില്‍ പോയി പോയവണ്ടിയില്‍ തന്നെ ചൂളമടിച്ചു കറങ്ങിത്തിരിഞ്ഞു ചോലക്കിളിയായി തിരിച്ചു പോരാം ... എല്ലാം കൂടെ കൂട്ടിക്കിഴിച്ചു ഹരിച്ചു ഗുണിച്ചു നോക്കിയപ്പോള്‍ എല്ലാം കൊണ്ടും ഉഷാര്‍ തന്നെ!
തിരക്കൊഴിയാന്‍ കാത്തിരുന്നാല്‍ ഒരു പക്ഷെ വെക്കേഷന്‍ നീളും .
അത് നീണ്ടാല്‍ പല പദ്ധതിയും പൊളിയും . വാങ്ങിവെച്ച നിഡോ കട്ടപിടിക്കും ; കൊണ്ഫ്ലെക്സ് തണുക്കും .. ഉടനെ മറുപടി കൊടുത്തു . 'ത്വയ്യിബ്, അന ഈജി മഅക്..' (ശരി ഞാനും വരുന്നു താങ്കള്‍ക്കൊപ്പം.. )


അപ്പോഴാണ്‌ അസിസ്റ്റന്റ് അക്കൌണ്ടന്റും പാക്കിസ്ഥാനിയും  തടിയന്റവിട നസീറിന്റെ ഫേസ് കട്ടുള്ളവനുമായ മസ്ഹര്‍ ഖാനും വരുന്നുണ്ടെന്ന് അറിയുന്നത്.
ഇന്ത്യന്‍ പൂമ്പൊടിയേറ്റു കിടക്കും    പാക്കിസ്ഥാനിക്കും ഉണ്ടാവുമല്ലോ ഒരു സൌരഭ്യവും സൌന്ദര്യവും ഒക്കെ!
കാര്യം കിട്ടുന്ന എന്തിലും ഇന്ത്യാ  പാക്കിസ്ഥാനീ ഭായീഭായിമാരും ബഹുത്ബഡാ ദോസ്തുക്കളും ആണല്ലോ .. തീവ്രവാദത്തിന്റെ കാര്യത്തിലും പാരവെപ്പിന്റെ മുഹൂര്‍ത്തങ്ങളിലും ആണല്ലോ ദുശ്മനും കശ്മലനും പച്ചയും ഒണക്കയും ഒക്കെയുള്ളൂ ..
അവരോടൊപ്പം  ഇറങ്ങി. എപ്പോള്‍ തിരിച്ചു പോരാന്‍ കഴിയും എന്നതിന് ഒരു നിശ്ചയവും ഇല്ല.. അല്ലെങ്കിലും എന്തിനാണ് ഒരു നിശ്ചയം ഉള്ളത് ? കല്യാണത്തിനല്ലാതെ ..!


കാര്‍  ലക്‌ഷ്യം വെച്ച് ഒഴുകി. 
ഏതാണ്ട് ഒരു അര മുക്കാല്‍ മണിക്കൂറിനുള്ളില്‍ സ്ഥലത്തെത്തി . 
കാറില്‍ നിന്നിറങ്ങി നോക്കുമ്പോള്‍ അതി ഭീകരമായ ക്യൂ ആണ് കാണുന്നത് .
ക്യൂ എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റെ പിറകില്‍ കാണുന്ന ആ വളഞ്ഞ വാല് കപീഷിന്റെ വാല് പോലെ വളഞ്ഞു പുളഞ്ഞു നീണ്ടു നീണ്ടു പോകുന്നു .. അറ്റം കാണാനാവാതെ ..
നഗ്നമായ സൂര്യതാണ്ഡവത്തിന് ഇരകളായി മഹ്ശറയിലെന്ന പോലെ രണ്ടു വരികളിലായി ഒരു പാട് പേര്‍ കാത്തു നില്‍ക്കുന്നു .. അതിനും പുറമേ അകത്തു കൌണ്ടറിനു മുമ്പില്‍ ഒരു  നെടു നീളന്‍ ലൈന്‍ വേറെയും..
ഇവരില്‍ പകുതിയിലേറെ പേര്‍ക്ക് ഫിംഗര്‍ പ്രിന്റ്‌ എടുക്കാന്‍ കഴിയാതെ ചളുങ്ങിയ ഫിഗറുമായി തിരിച്ചു പോവേണ്ടി വരും . തീര്‍ച്ച .
ഇന്ന് കാര്യം നടക്കുന്ന ഒരു ലക്ഷണവും കാണുന്നില്ല . ഇവരെയൊക്കെ പോലെ ഒരു ദിവസം പുലരും മുന്‍പേ എത്തുക തന്നെ വഴിയുള്ളൂ .. 
ആശങ്ക ത്വലബിനെ അറിയിച്ചു . ആശങ്കയും മൂത്ര ശങ്കയും തടഞ്ഞു വെക്കുന്നത് അപകടം ആണ് ! 
'മുംകിന്‍ മാ ഇഖ്ദര്‍ അല്‍ യും '
( ഇന്ന് നടക്കും എന്ന് തോന്നുന്നില്ല )
പക്ഷേ ത്വലബിന്റെ മുഖത്തു ഭാവഭേദങ്ങളൊന്നുമില്ല..
കൊച്ചാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു :
'ഇസ്ബിര്‍ ശുവയ്യ യാ അഖീ .. '
( അല്പം ക്ഷമിക്കു സഹോദരാ.. )

പൊടുന്നനെ ,  തികച്ചും അദ്ഭുതപ്പെടുത്തിക്കൊണ്ട് അകത്തു നിന്ന് ഒരാള്‍ പുറത്തേക്കു വന്നു  .
അയാള്‍ ഉറക്കെ വിളിച്ചു ചോദിക്കുന്നു :
'ഫൈന്‍ ത്വലബ് വാ ജമാഅ' ?
(എവിടെ ത്വലബും സംഘവും) 
ഇതെന്തു പുതുമ? 
അപ്പോഴേക്കും ത്വലാബ് അകത്തു കടന്നിരുന്നു .
ത്വലബിനു പിന്നാലെ അച്ചടക്കമുള്ള അനുയായികളായി 'മുമ്പിലെ മാപ്പള ചെയ്യും പോലെ ' അകത്തേക്ക് കൂളായി കടന്നു ചെന്നു.
ഈ  പോക്ക് കണ്ടു അസൂയ പൂണ്ടു കലിപ്പ് പുറത്തു കാണിക്കാതെ നില്‍പ്പാണ് ക്യൂവിലെ പാവങ്ങള്‍ .
അവരുടെ കണ്ണുകളിലെ അവജ്ഞ യും പുച്ഛവും ദൈന്യതയും വല്ലാതെ  ഒന്ന് നുള്ളി നോവിച്ചു .

പൊരിവെയിലത്ത് കട്ടിച്ചട്ടകളും കാര്‍ട്ടന്‍ കഷണങ്ങളുമായി തലയ്ക്കുമീതെ പൊക്കിപ്പിടിച്ച് വെയില്‍ പെയ്യുന്ന പങ്കജനാഥന്റെ ഭീകരാക്രമണത്തില്‍ നിന്ന് വല്ലവിധേനയും രക്ഷനേടാന്‍ വിഫലശ്രമം നടത്തുന്ന പാവങ്ങള്‍ . . നേരംവെളുക്കും മുമ്പേ വന്നു നില്‍പ്പ് തുടങ്ങിയതാവും . കൊച്ചുബോട്ടിലുകളില്‍ കുടിവെള്ളവുമായി അവര്‍ തങ്ങളുടെ ഊഴവും കാത്തിരിക്കുകയാണ് . അപ്പോഴാണ്‌ ചില വരുത്തന്മാര്‍ സകലമര്യാദകളും മണല്‍ക്കാട്ടില്‍ ധൂളികളാക്കി പറത്തിവിട്ട് ഇങ്ങനെ ഞെളിയുന്നത് . അവരുടെ മനസ്സ്‌ അങ്ങനെ പറയുന്നുണ്ടാവണം.

കൂടുതല്‍ സഹതാപത്തിനൊന്നും നില്‍ക്കാതെ  ത്വലബിനോപ്പം അകത്തേക്ക് കേറിപ്പോയി .
ഇത്തരം ഘട്ടങ്ങളിലെ സഹതാപത്തിന് എന്തുണ്ട് വില എന്നും വെറുതെ ഗ്യാലറിയില്‍ ഇരുന്നു സഹതപിക്കാന്‍ ചെലവൊന്നുമില്ലല്ലോ. ചെലവില്ലാത്ത സഹതാപത്തിന് എന്തൊരു മാര്‍ക്കറ്റ് ആണിപ്പോള്‍ ..
ലോകത്തിലെ ഏറ്റവും വലിയ കാര്യം സ്വന്തം കാര്യം തന്നെ .
സ്വന്തം കാര്യം സിന്ദാബാദ് !
പണ്ടെന്നോ വിളിച്ചു മറന്നു പോയ എക്കാലത്തും പ്രസക്തമായ ആ പഴയ മുദ്രാവാക്യം ഒച്ചയില്ലാതെയും മുഷ്ടി ചുരുട്ടാതെയും പരിസരം മറക്കാതെയും വിളിച്ചു പറഞ്ഞു ..!
അകത്തു നിന്ന് കൂട്ടിക്കൊണ്ടു പോകാന്‍ വന്നയാളുടെ പിറകെ അല്പം 'ജാട'യോടെ നടന്നു..
അയാള്‍ അകത്തെ ലൈനിന്റെ ഏറ്റവും മുമ്പില്‍ കൊണ്ട് പോയി നിര്‍ത്തി. മാത്രവുമല്ല 'ഹര്‍റിക്ക് ശുവയ്യ വറാ..' - പിന്നിലേക്ക്‌ മാറിനില്‍ക്ക് - എന്ന് മുമ്പേ ലൈനില്‍ നില്‍ക്കുന്നവരോട് കടുപ്പിച്ചു പറയുന്നത് കേട്ടു.


ഇദ്ദേഹം നടത്തിയ ഈ ചെറിയ എഡിറ്റിംഗ് കൊണ്ട് ഏറ്റവും മുമ്പില്‍ നിന്നിരുന്ന അടുത്ത ഒന്നാമന്‍ നിമിഷനേരം കൊണ്ട് നാലാമനായി മാറി .
ആ നാലാമന്‍ ഒരു മലയാളി ആയിരുന്നു .


പിറകില്‍നിന്ന് വല്ല ഇരുട്ടടിയോ കോളറിനു പിടിത്തമോ പ്രതീക്ഷിച്ചു പിറകിലേക്ക് നോക്കാതെ , ജനഗണമന സമയത്ത് അസംബ്ലിയില്‍ നില്‍ക്കുന്ന കുട്ടികളെ പോലെ  അടങ്ങിയൊതുങ്ങി നിന്നു.
ആരോടൊക്കെയോ ഉള്ള പ്രതിഷേധവും രോഷവും ആ 'തെങ്ങോലത്തലപ്പിന്റെ' മുഖത്ത്‌ തിളച്ചുമറിയുന്നുണ്ട് എന്ന്  കാണാപ്പാഠം ആണ് ..തിരിഞ്ഞു നോക്കിയില്ല . നോക്കിയാലല്ലേ കാണൂ . കണ്ടാല്‍ അല്ലെ പ്രശ്നം ഉള്ളൂ...!!


'അന്യനാടായിപ്പോയി അല്ലെങ്കില്‍ ഈ കരിങ്കാലിപ്പണിക്ക് എന്ത് വേണം എന്ന് എനിക്കറിയാം..'
അവന്‍ പിറുപിറുക്കുന്നത് കേട്ടു.
'കരിങ്ങാലി' വെള്ളത്തെ കുറിച്ചായിരിക്കും അവന്‍ പറയുന്നത് . നമ്മുടെ പ്രസിദ്ധമായ ദാഹശമനിയില്ലേ? വെള്ളത്തില്‍ ഇട്ടു തിളപ്പിച്ചാല്‍  ചായയുടെ നിറം വരുന്ന ഔഷധ ശാലയില്‍ നിന്നും കിട്ടുന്ന ആ സാധനം അതാവും അവന്‍ ഉദ്ദേശിച്ചത് !


വെറും പത്തു പതിനഞ്ചു മിനിറ്റിനുള്ളില്‍ കണ്ണും ഫിംഗറും ഫിഗറും കമ്പ്യൂട്ടറിന് സമര്‍പ്പിച്ചു മൂന്നു പേരും പുറത്തിറങ്ങി 'ഹാവൂ ...' എന്ന് ദീര്‍ഘശ്വാസം വിട്ടു .
'ഹാര്‍ മര്‍ ശദീദ്' (എന്തൊരു ചൂട് ) ! ഡയലോഗ് പാക്കിസ്ഥാനിയുടെ വകയാണ് ..
അത് കേട്ട്‌ 'ഇതൊക്കെ എന്നാ ചൂടാ , ചൂടൊക്കെ അങ്ങ് സുഡാനിലല്ലയോ..' എന്ന മട്ടില്‍ ത്വലബ് ഒരു ചിരി ചിരിച്ചു.


തിരിച്ചു പോരുന്നതിനിടെയാണ് ഈ 'എളുപ്പവഴിയില്‍ ക്രിയ' ചെയ്തതിന്റെ ഗുട്ടന്‍സ് മനസ്സിലായത്‌ ..
ത്വലബിനോട് ചോദിച്ചു : ഇതെങ്ങനെ സാധിച്ചു ?
'അതാണ്‌ റെക്കമെന്റിന്റെ പവറ്' !
ഒറ്റവാചകത്തില്‍ ത്വലാബ് പറഞ്ഞതിന്റെ പച്ചമലയാളം അതായിരുന്നു .


ഞങ്ങളുടെ സ്ഥാപനത്തിലെ Human resource Manager ആഖീല്‍ സമദാനിയുടെ പവറാണ് അവിടെ കണ്ടത്..
അദ്ദേഹം വിളിച്ചു പറഞ്ഞത് കൊണ്ടാണ് ഞങ്ങള്‍ പൊരിവെയിലത്തെ വി.ഐ.പികള്‍ ആയത്‌.. .    
എല്ലാം കഴിഞ്ഞു പന്ത്രണ്ടു പത്തിന് ഓഫീസില്‍ തിരിച്ചെത്തുമ്പോള്‍ ഒരു ചോദ്യം മനസ്സില്‍ ദഹിക്കാതെ കിടപ്പുണ്ടായിരുന്നു . 
ഇങ്ങനെയൊരു കഥ നാട്ടിലാണ് അരങ്ങേറിയത് എങ്കില്‍ എന്താവും കഥ ?
---------------------------------------------------------------------------
* ബസ്മ = വിരലടയാളം   

56 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

 1. ഹ ഹ ഹ നല്ല ബസ്മക്കഥ...
  ഞാനിതിനു ഉറക്കമൊഴിച്ച് പുലര്‍ച്ചെ മൂന്നുമണിക്ക് ടാക്സി പിടിച്ച്
  ജവാസാത്തില്‍ ചെല്ലുമ്പോള്‍ അരകിലോമീറ്റര്‍ ആയി വന്നിരുന്നു നീളം..
  പാക്ക്സ്ഥാനികളുടേയും മസ്രികളുടേയും ബംഗാളികളുടേയും കലപില സഹിച്ച് ഉന്തും തള്ളും ഏറ്റ്
  പോലീസുകാരന്‍ കുറേ അങ്ങോട്ട് നീക്കി പിന്നെ കുറേ ഇങ്ങോട്ട് നീക്കി അവസാനം സ്വതവേ
  കറുത്ത മുഖം വെയിലു കൊണ്ട് ഒന്നൂടെ കറുപ്പിച്ച് ക്യമറക്ക് മുന്നില്‍ നിന്നപ്പോള്‍ ഉള്ളില്‍ ആഥിയായിരുന്നു..ലൈറ്റും കുന്തവുമില്ലാതെ പിടിക്കുന്ന ഈ പടം പിടുത്തത്തിനു നാട്ടീ പോവുമ്പോഴുള്ള പത്രാസ് തേച്ച് പിടിപ്പിച്ച മുഖവുമായി എയര്‍പോര്‍ട്ടില്‍ വല്ല സാദൃശ്യവുമുണ്ടാവുമോ എന്ന ആഥി!

  (പതിവുപോലെ പുതിയ ചില പ്രയോഗങ്ങളുമായി നന്നായ് എഴുതി മാഷേ!)

  മറുപടിഇല്ലാതാക്കൂ
 2. ഓ..നാട്ടിലാണെങ്കില്‍?

  അവിടെ ചുളുവില്‍ ഒപ്പിച്ച് തരാന്‍ ഏജന്റും കൈക്കൂലിയും ഒക്കെ ഉണ്ടാവും.
  അവരിങ്ങനെ നമ്മെ ചുറ്റിപ്പറ്റി നടക്കും..
  "ഞാന്‍ ശരിയാക്കി തരാം..ഞാന്‍ ശരിയാക്കിത്തരാം.."
  എന്ന് ഇങ്ങനെ പിറുപിറുത്ത് കൊണ്ട്..

  പിന്നെ ചുറ്റുവട്ടത്തായി നാലഞ്ചു പെട്ടിപീടികകള്‍..
  തണ്ണിമത്തന്‍,കരിമ്പ് ജ്യൂസ് കടകള്‍ വന്നിട്ടുണ്ടാവും..

  അതിനിടയില്‍ അണ്ണന്മാര്‍ തെണ്ടാനിറങ്ങിയിട്ടുണ്ടാവും..
  ക്യൂവില്‍ നില്‍ക്കുന്നവര്‍ ലാലിന്റേയും മമ്മൂട്ടിയുടേയും സിനിമാ ചരിത്രം പറഞ്ഞ് കലപില കൂട്ടുന്നുണ്ടാവും..
  ചിലരൊക്കെ ചൂടു സഹിക്കാന്‍ വല്ലതും അകത്താക്കിയിട്ടുണ്ടാവും..
  ഇടയില്‍ ചിലര്‍ തമ്മില്‍ തല്ലി പോലീസ് വണ്ടി അരികത്ത് വന്ന് നിന്നിട്ടുണ്ടാവും...
  അങ്ങനെയങ്ങനെ....................

  മറുപടിഇല്ലാതാക്കൂ
 3. കുറച്ചു കായ്‌ ചെലവാക്കിയാല്‍ ഇതിലും എളുപ്പമാ നാട്ടില്‍ .

  മറുപടിഇല്ലാതാക്കൂ
 4. അല്ലേലും, കാര്യത്തില്‍ വല്യ കാര്യം അവനോന്റെ കാര്യം തന്നെയാ.. അതിനി ഏത് കാരിച്ചി പറഞ്ഞാലും അതാണ്‌ കാര്യം.!

  മറുപടിഇല്ലാതാക്കൂ
 5. ഹ ഹ ... കൊള്ളാം...
  എനിക്ക് പിന്നെ ഇങ്ങനെ വരിക്കു നില്‍ക്കേണ്ടി വന്നിട്ടില്ല ....
  വരുമ്പോള്‍ തന്നെ എല്ലാ കഴിച്ചാണ് എയര്‍ പോര്‍ട്ടില്‍ നിന്നും വിട്ടത് ....
  അത് കൊണ്ട് ഇങ്ങനെ ഒരു അവസരം നഷ്ട്ടപ്പെട്ടു ...
  കഥ തുടരട്ടെ .....

  മറുപടിഇല്ലാതാക്കൂ
 6. നാട്ടിലായിരുന്നെങ്കില്‍ ങ്ങള് ബസ്മ എടുക്കാന്‍ വരെ പോകേണ്ടി വരില്ല..അതും പൈസ എണ്ണി കൊടുത്താല്‍ ആരെങ്കിലും ഒക്കെ കൊടുത്തോളും

  മറുപടിഇല്ലാതാക്കൂ
 7. എന്റെ മാഷേ ബസ്മ കഥ നന്നായി, നാട്ടിലാ നിങ്ങള്‍ ക്യൂ തെറ്റിക്കുന്നത് എങ്കില്‍ ചുളുവില്‍ ബസ്മ എടുക്കുന്നതിനു മുമ്പ് തന്നെ നിങ്ങള്‍ ഭസ്മമായി പോകുമായിരുന്നു.

  "ഇന്ത്യന്‍ പൂമ്പൊടിയേറ്റു കിടക്കും പാക്കിസ്ഥാനിക്കും ഉണ്ടാവുമല്ലോ ഒരു സൌരഭ്യവും സൌന്ദര്യവും ഒക്കെ"

  ഇത് കലക്കീട്ടോ..
  ആശംസകളോടെ..

  മറുപടിഇല്ലാതാക്കൂ
 8. അനുഭവം ഹൃദ്യമായി എഴുതി മാഷേ ...
  കരിങ്കാലി വെള്ളം ഇഷ്ടപ്പെട്ടു

  മറുപടിഇല്ലാതാക്കൂ
 9. നീതിമാനായ ഖലീഫയുടെ ഭരണം ആയിരുന്നെങ്കില്‍ ?..ആയിരുന്നെങ്കില്‍ ...? ആ ..വേറെന്തു ചെയ്യാനാണ് ...? സ്വന്തം കാര്യം തന്നെ ഇപ്പോഴും എപ്പോഴും സിന്ദാബാദ്..:)

  മറുപടിഇല്ലാതാക്കൂ
 10. ഇരിങ്ങാട്ടിരി ഇച്ഛിച്ചതും കറുപ്പന്‍ കല്പിച്ചതും “ബസ്മ” എന്ന് പറഞ്ഞപോലെ എന്ന് തോന്നാന്‍ തോന്നിയെങ്കിലും... ബസ്മക്കഥയിതു “വാസ്ത”വമായിരുന്നു അല്ലെ മാഷേ......:)(വാസ്ത =സ്വാധീനം)

  മറുപടിഇല്ലാതാക്കൂ
 11. മനോഹരമായി എഴുതി. :) നാട്ടിലായിരുന്നെങ്കിൽ.... അലൊചിക്കുമ്പോഴേ കുളിർ കോരുന്നു.. :)

  മറുപടിഇല്ലാതാക്കൂ
 12. കൈക്കൂലി കൊടുത്താല്‍ വീട്ടില്‍ വന്നെടുക്കും വിരലടയാളം നമ്മുടെ നാട്ടില്‍ ,നമ്മുടെ നാട്ടുകാര്‍ അറബികളെ ക്കൂടി നാശാക്കിയല്ലേ ?സന്തോഷം,വരട്ടെ അങ്ങനെയൊരു സോഷ്യലിസം ,.........

  മറുപടിഇല്ലാതാക്കൂ
 13. വായിച്ചപ്പോള്‍ ഒന്ന് രണ്ടു കാര്യങ്ങള്‍ ഓര്‍മ്മ വരുന്നു.
  കാവ്യമാധവന്‍ ജാടയില്‍ വോട്ടു ചെയ്യാന്‍ വന്നത്:
  നമ്മുടെ ഡിഫി, യൂത്ത്‌കോണ്‍ഗ്രസ്‌, എ. ബി. വി.പി. പിളെരോടാണോ കളി.മന്യമായിട്ടു പുരകില്പോയി നില്‍ക്കാന്‍ പറഞ്ഞു.ആളു തൊലിയുരിഞ്ഞു വോട്ടുചെയ്യാതെ വിട്ടു വീട്ടിലേയ്ക്ക്.

  പിന്നെ ഇവിടെ ദുഫായിലും എമിരേറ്റ്സ് ഐ.ഡി.കാര്‍ഡ് എന്നൊരു പരുപാടിയുണ്ട്.
  അതിനു അപ്പോയിന്റ്മെന്റ് കിട്ടിയാലേ പോകാന്‍ പറ്റൂ, പോയാല്‍ തന്നെ മേല്പടി ക്യൂവിന്റെ കളിയാ...
  ആദ്യം മോന്തായ ഫോട്ടോം പിടിക്കും പിന്നെ വൃത്തികെട്ട നമ്മുടെ കൈയില്‍ ഗ്ലൌസ് എട്ടു ചൂണ്ടുവിരല്‍ എടുത്തു സ്കാന്‍ ചെയ്തു വിരലടയാളം എടുക്കും.പിന്നെ അടുത്ത വിരല്‍, നമ്മള്‍ വിചാരിക്കും ഇപ്പോള്‍ കഴിയുമെന്ന്, അതുകഴിഞ്ഞ് മറ്റേ കയ്യുടെ ഓരോ വിരലില്‍ തുടങ്ങും.
  തൊക്കെ കണ്ട് പതിയെ ശൂ ഊരി സോക്സ് അഴിച്ചു കാലുകൂടി വച്ചുകൊടുക്കാന്‍ തോന്നും.
  ഇത്രെയുമൊക്കെ കഴിയുമ്പോള്‍ കഴുത്തില്‍ പിടിച്ചു കുനിച്ചുനിര്‍ത്തി "മോന്ത"കൂടി ഒന്ന് സ്കാന്‍ ചെയ്തിരുന്ണേല്‍ സമാധാനമയേനെ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
  അല്ലാതെ ഇതൊക്കെ കണ്ടും അനുഭവിച്ചും തീര്‍ക്ക്കാനല്ലേ.....നമ്മുടെയൊക്കെ വിധി!

  മറുപടിഇല്ലാതാക്കൂ
 14. വിവരണ ശൈലി വളരെ നന്നായി മാഷേ ..... ഒറ്റ ഇരുപ്പില്‍ തന്നെ വായിച്ചു . സൗദി അറേബ്യയില്‍ ആദ്യമായി വന്ന ദിവസം തന്നെ ആറ് മണിക്കൂര്‍ ക്യൂ-വില്‍ നിന്നും ഇരുന്നും കിടന്നും ആ ചടങ്ങ് കഴിച്ചിട്ടാണ് എയര്‍ പോര്‍ട്ടിനു വെളിയില്‍
  ഇറങ്ങിയത്‌ ...... അന്ന് ഇവിടുത്തെ സമ്പ്രദായത്തോട് തോന്നിയ വെറുപ്പ്‌ പിന്നീട് ജവാസാതിനു മുന്നില്‍ ആളുകള്‍ കിലോമീറ്റെര്‍ കണക്കിന് ദൂരത്തില്‍ ക്യൂ നില്‍ക്കുന്ന കണ്ടപ്പോള്‍ ക്രൂരമായ ആനന്ദമായി മാറി..... :)

  മറുപടിഇല്ലാതാക്കൂ
 15. വിവരണ ശൈലി വളരെ നന്നായി മാഷേ ..... ഒറ്റ ഇരുപ്പില്‍ തന്നെ വായിച്ചു . സൗദി അറേബ്യയില്‍ ആദ്യമായി വന്ന ദിവസം തന്നെ ആറ് മണിക്കൂര്‍ ക്യൂ-വില്‍ നിന്നും ഇരുന്നും കിടന്നും ആ ചടങ്ങ് കഴിച്ചിട്ടാണ് എയര്‍ പോര്‍ട്ടിനു വെളിയില്‍ ഇറങ്ങിയത്‌ ...... അന്ന് ഇവിടുത്തെ സമ്പ്രദായത്തോട് തോന്നിയ വെറുപ്പ്‌ പിന്നീട് ജവാസാതിനു മുന്നില്‍ ആളുകള്‍ കിലോമീറ്റെര്‍ കണക്കിന് ദൂരത്തില്‍ ക്യൂ നില്‍ക്കുന്ന കണ്ടപ്പോള്‍ ക്രൂരമായ ആനന്ദമായി മാറി..... :)

  മറുപടിഇല്ലാതാക്കൂ
 16. "ഇങ്ങനെയൊരു കഥ നാട്ടിലാണ് അരങ്ങേറിയത് എങ്കില്‍ എന്താവും കഥ ..?"

  അവിടെ നിന്നവരുടെ ഫിംഗര്‍ പ്രിന്റു ദേഹത്തു കണ്ടേനെ

  മറുപടിഇല്ലാതാക്കൂ
 17. നാട്ടിലാണെങ്കില്‍ വീട്ടില്‍ കൊണ്ടുവന്നു തരാന്‍ ആളുകള്‍ ഉണ്ടാവും.... കാശ് കൊടുത്താല്‍ മതി.... :)

  മറുപടിഇല്ലാതാക്കൂ
 18. നന്നായി മാഷെ .. ബസ്മ എടുക്കാന്‍ പോയ ഒരു പ്രതീതി ഇത് വായിച്ചപ്പോള്‍ ....
  എന്റെ അനുഭവം നേരെ തിരിച്ചാണ് .. ആദ്യദിവസം വരിയില്‍ നിന്ന് നടക്കാതെ വൈകിട്ട് തിരിച്ചു പോയി
  അടുത്ത ദിവസം രാവിലെ തന്നെ പോയി വരി നിന്ന് ഉച്ചയായപ്പോള്‍ ഉള്ളില്‍ കയറിപ്പ...റ്റി .. ഉള്ളില്‍ ചെന്ന് പാസ്പോര്‍ട്ട്‌
  കൊടുക്കാന്‍ നോക്കിയപ്പോള്‍ ഫോട്ടോ എടുക്കാന്‍ നില്ക്കുന്ന ആള്‍ നല്ല പരിചയമുള്ള ആള്‍ - "ലീഷ് ഇതാ അവ്വല്‍ കലാം ഇന്ത ഈജി ഇന"
  (എന്തെ നീ ഇങ്ങോട്ട് വരുന്ന വിവരം എന്നോട് നേരത്തെ പറഞ്ഞില്ല) എന്നാ അയ്യാളുടെ ചോദ്യം കൂടി കേട്ടപ്പോള്‍ കൊണ്ട വെയിലിനെ ക്കളും അധികം
  വിയര്‍ത്തു .. ഈ പഹയന്‍ ഇവിടെ ഉണ്ടായിട്ട ണല്ലോ രണ്ടു ദിവസം ഞാന്‍ വെയില്‍ കൊണ്ടത്‌ ..
  ഞങ്ങളുടെ ഗ്രൂപിലെ മുഹകിബ് ( ഒഫീഷ്യല്‍ കാര്യങ്ങള്‍ ചെയ്യാന്‍ അധികാര പെടുത്തുന്ന ആള്‍ ) ആയിരുന്നു അയാള്‍.. ബസ്മ എടുക്കുന്ന
  സ്ഥലത്ത് വളരെ തിരക്കായതിനാല്‍ മുന്‍പ് ജവസാതില്‍ ജോലി ചെയ്തു പരിചയം ഉള്ള അയാളെ അവിടെ താല്‍കാലികമായി നിര്‍ത്തിയത് ആയിരുന്നു
  ഏതായാലും അയാള്‍ ഫോട്ടോ എടുത്തത്‌ എന്റെ ഇഖ്‌ആമയില്‍ ഇപ്പോഴും കാണാന്‍ ഉണ്ട് .. ആകാശത്തേക്ക് നോക്കി അന്തം വിട്ടു നില്‍കുന്ന ചിത്രം !!

  മറുപടിഇല്ലാതാക്കൂ
 19. സത്യത്തില്‍ ഇത്തരം സംവിധാനങ്ങള്‍ നമുക്ക് തന്നെ സുരക്ഷ പ്രധാനം ചെയ്യുന്നില്ലേ ?
  ഇതിലേറെ സ്വാധീനം നാട്ടില്‍ നടക്കും .. വഴിവിട്ട കാര്യങ്ങള്‍ക്കും പിന്‍ വാതില്‍ നിയമനങ്ങള്‍ക്കും കേളി കേട്ട നമ്മുടെ നാട്ടില്‍ പക്ഷെ , പരസ്യമായി ഇത്തരം നിയമ ലംഘനങ്ങള്‍ നാട്ടില്‍ നടന്നാല്‍ റോസാ പൂക്കള്‍ പറഞ്ഞ പോലെ ഫിംഗര്‍ പ്രിന്റ്‌ പതിയുന്നത് ഒരു പക്ഷെ കവിളത്തു ആയിരിക്കും

  മറുപടിഇല്ലാതാക്കൂ
 20. നാട്ടിലായിരുന്നെങ്കിൽ ഫിംഗർ പ്രിന്റും ഫൂട്ട്പ്രിന്റും മൊത്തമായി ലഭിക്കും ;)

  മറുപടിഇല്ലാതാക്കൂ
 21. @ നൗഷാദ് അകമ്പാടം :
  ക്യൂക്കിടയിലെ കാഴ്ചകള്‍ രസകരമായി

  @ രമേശ്‌ അരൂര്‍ :
  നീതിമാനായ ഖലീഫയുടെ ഭരണം ആയിരുന്നെങ്കില്‍ ?..ആയിരുന്നെങ്കില്‍ ...? ആ ..വേറെന്തു ചെയ്യാനാണ് ...? സ്വന്തം കാര്യം തന്നെ ഇപ്പോഴും എപ്പോഴും സിന്ദാബാദ്..:)
  ഹഹ കലക്കി

  @ജോസെലെറ്റ്‌ എം ജോസഫ്‌ :
  കാവ്യാമാധവന്റെ ക്യൂ കഥ ഓര്‍മ്മിപ്പിച്ചതിനു നന്ദി
  VIJAYAKUMAR :

  << അന്ന് ഇവിടുത്തെ സമ്പ്രദായത്തോട് തോന്നിയ വെറുപ്പ്‌ പിന്നീട് ജവാസാതിനു മുന്നില്‍ ആളുകള്‍ കിലോമീറ്റെര്‍ കണക്കിന് ദൂരത്തില്‍ ക്യൂ നില്‍ക്കുന്ന കണ്ടപ്പോള്‍ ക്രൂരമായ ആനന്ദമായി മാറി..... :)>> ക്രൂരമായ ആനന്ദം !!!

  അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ : << അയാള്‍ ഫോട്ടോ എടുത്തത്‌ എന്റെ ഇഖ്‌ആമയില്‍ ഇപ്പോഴും കാണാന്‍ ഉണ്ട് .. ആകാശത്തേക്ക് നോക്കി അന്തം വിട്ടു നില്‍കുന്ന ചിത്രം !!>> താങ്കള്‍ 'വട്ടപ്പോയില്‍' ആണെന്ന് അദ്ദേഹം മനസ്സിലാക്കി കാണും !!!

  മറുപടിഇല്ലാതാക്കൂ
 22. സ്വജന പക്ഷപാതത്തിനു ദേശാന്തരങ്ങളില്ല. പിന്നെ ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ നമ്മുടെ വ്യവസ്ഥിതിയെ വിമര്‍ശിക്കുന്നു എന്ന മട്ടില്‍ സ്വന്തം നാടിന്നും നാട്ടാര്‍ക്കും ഇട്ട് ഒന്നു കുത്തുന്ന ആ ഒരു ശീലം ഇവിടെയും ദര്‍ശിക്കാം.

  മറുപടിഇല്ലാതാക്കൂ
 23. adipoli......ithrayum valiya q ente ponnoo....enthaayaalum chuluvil kaaryam saadhichallo..athalla aa sudaani illaayirunnenkil ningale kaarya bastha pustha ente ponnoo..

  മറുപടിഇല്ലാതാക്കൂ
 24. വായിച്ചു വിശദമായ കമെന്ട് വൈകാതെ ഇടാം

  മറുപടിഇല്ലാതാക്കൂ
 25. നാം ഇപ്പോഴും ഇങ്ങിനെയാണ് ..സ്വന്തം കാര്യം വരുമ്പോള്‍ ...മണിക്കൂറുകളായി ക്യൂ നില്‍ക്കുന്നവര്‍ ...സുബഹിക്ക് മുന്നേ എത്തിപ്പെട്ടവര്‍ ..അവരും ക്യൂവില്‍ തന്നെ ..ഒരു ഫോണ്‍ വിളി ...അതും മനുഷ്യാവാശം കൈകാര്യം ചെയ്യുന്ന വ്യെക്തി ..ഇവിടെ മനുഷ്യാവകാഷമാണോ നടന്നത് ..എന്നാല്‍ ഞാനായാലും ഒരു പക്ഷെ കാവ്യാ മാധവനാകും ...എന്താ ചൂടെല്ലേ ...:ലോകത്തിലെ ഏറ്റവും വലിയ കാര്യം സ്വന്തം കാര്യം തന്നെ ..അല്ലെ മാഷേ

  മറുപടിഇല്ലാതാക്കൂ
 26. എഴുത്ത് കാരുടെ കടമ സമൂഹത്തിലെ തിന്മയെ വെളിച്ചത്ത് കൊണ്ടു വരികയെന്നതാണു, ആ കടമ മാഷ് കൃത്യമായി നിർവ്വഹിച്ചു.

  മറുപടിഇല്ലാതാക്കൂ
 27. എന്തും ലാഭേച്ചയിലൂടെ മാത്രം കാണുന്ന മനുഷ്യന്‍ തനിക്കു നെട്ടമുണ്ടാകുന്നതിനെ മുഴുവന്‍ അനുകൂലിക്കുകയും ..മറ്റൊരുത്തന്റെ നേട്ടത്തെ പരമാവധി തടയാന്‍ ശ്രമിക്കുകയും ചെയ്യുന്ന മനുഷ്യന്‍ .......നമ്മളെന്തിനു മറ്റുള്ളതില്‍ ആവശ്യമില്ലാതെ തലയിടണം അത് കൊണ്ട് നമുക്കെന്തു നേട്ടം...ഇപ്പോഴും തനിക്കെന്തു നേട്ടമെന്ന് മാത്രമുള്ള ചിന്ത....ഇത് മാറ്റിയില്ലേല്‍ ഒരിക്കലും നന്നാവാന്‍ പോവുന്നില്ല ........muhammed kutty maavoor...

  മറുപടിഇല്ലാതാക്കൂ
 28. 'ഇതിലപ്പുറം ഇനിയെന്ത് വേണം?

  മറുപടിഇല്ലാതാക്കൂ
 29. ചെറിയൊരു അനുഭവം രസകരമായി എഴുതി.. എല്ലാരും പറഞ്ഞത് പോലെ നാട്ടിലാണേല്‍ , പണം കൊടുത്താല്‍ നമ്മുടെ ഫിന്‍ഗര്‍ പ്രിന്റ്‌ പോലും കൊടുക്കാന്‍ ആളുണ്ടാകും...

  മറുപടിഇല്ലാതാക്കൂ
 30. ഏറെ വൈകിയാണ്...ഈ...ക്യൂവില്‍ ..എത്തിയത്....
  നല്ല വിവരണം....ആശംസകള്‍....

  മറുപടിഇല്ലാതാക്കൂ
 31. ആളൊഴിഞ്ഞ ജവാസാത്ത് ഓഫീസില്‍ നിന്നും വെറും പത്തു മിനുട്ട് കൊണ്ട് 'ബസ്മ'യും 'സൂറ'യും കഴിഞ്ഞു ഇറങ്ങി പോരുമ്പോള്‍ ഓര്‍ത്തിരുന്നില്ല ആ വിശ്വോത്തര'സൂറ'യായിരിക്കും ഇഖാമയില്‍ പതിയ്ക്കുക എന്ന്. വല്ലാത്ത കൊലച്ചതിയായിപ്പോയി! ഇപ്പോള്‍ ചെക്ക്പോയന്റില്‍ ഇഖാമ പരിശോധിക്കുമ്പോള്‍ ആ ഫോട്ടോയിലേക്ക് പോലീസുകാരന്റെ ഒരു നോട്ടമുണ്ട്. ചാരായം വാറ്റ് കേസില്‍ പിടിക്കപ്പെട്ട 'ഏഷ്യന്‍ വംശജന്‍' ആണെന്ന് ഏതു പോലീസുകാരനും തോന്നാവുന്ന രീതില്‍ മഹാ ഫോട്ടോജെനിക്‌ ആയിപ്പോയി ആ കാലന്‍ ക്യാമറയിലെ സീറോ മെഗാപിക്സല്‍ സൂറ

  മറുപടിഇല്ലാതാക്കൂ
 32. ബസ്മയുടെ കാലമെല്ലാം കഴിഞഞല്ലോ? ഇത്കുറെ മുമ്പുണ്ടായ അനുഭവം തന്നെയാവും എന്ന് കരുതുന്നു. എനിക്കും ഇതു പോലെ ഒരനുഭവമുണ്ടായി. ക്യൂ നിൽക്കാൻ കഴിയാത്തതൊണ്ട് സനയ്യയിലെ ക്യാമ്പിലേക്ക് കൂട്ടുകാരുടെ നിർദ്ദേശത്തെ തുടർന്ന് ചെന്നു. അവിടെ എത്തിയപ്പോളാണറിയുന്നത് ഇഖാമ മാത്രം പോര, പാസ്പോർട്ട് ക്ഊടി ഈ ഏർപ്പാടിന് വേണമെന്ന്, കമ്പനിയിൽ പോയി പാസ്പോർട്ട് വാങ്ങണമെങ്കിൽ കുറെ നൂലാമാലകളുണ്ട്. അതിൽ നിന്ന് രക്ഷപ്പെടാനായി ഒരു കള്ളത്തരം ചെയ്തു. പേഴ്സിൽ പാസ്പോറ്ട്ട് ഉണ്ട് എന്ന് തോന്നിക്കും വിധം ഇഖാമ പേഴ്സിന്ടെ മുകളിൽ വെച്ച് കാര്യം സാധിച്ചു...ആ അനുഭവം ഇത് വായിച്ചപ്പോൾ ഓർത്തുപോയി ഭായ്...ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 33. അപ്പോ സ്വാധീനം എല്ലായിടത്തും സ്വാധീനം തന്നെ.....കൊള്ളാം, നന്നായി എഴുതി.

  മറുപടിഇല്ലാതാക്കൂ
 34. നാട്ടിലും ഇത്തരം വാസ്ഥകള്‍ നടക്കാറുണ്ട്.ഒരു പക്ഷെ ലോകത്ത് ആദ്യ മായി തുവ്വാല കൊണ്ട് ബസില്‍ സീറ്റ് പിടുത്തവും രാഷ്ട്രീയക്കാരുടെ ബന്ധുക്കള്‍ വോട്ട് ചെയ്യുന്നതും തിണ്ണ ബലത്തില്‍തന്നെ.
  ഇതൊന്നും പക്ഷെ ഉസ്മാന്‍റെ കഥ പറച്ചിലിന്നു ഒരു കോട്ടവും വരുത്തിയിട്ടില്ല.നല്ല ഭാഷ നല്ല ഹാസ്യം ....തുടരുക ,,,,മംഗളം നേരുന്നു.

  മറുപടിഇല്ലാതാക്കൂ
 35. ഭാഗ്യവാന്‍...അപ്പൊ നിങ്ങള്‍ ആണ് അവിടുന്ന് ഈ പരിപാടി ഇങ്ങോട്ട്
  പറഞ്ഞു വിട്ടത് അല്ലെ?ഇവിടെയും ഇപ്പൊ ഒരു പ്രത്യേക കാര്‍ഡ്‌ ഞങ്ങള്‍ക്കൊക്കെ തരുന്നുണ്ട്.ഇത് പോലെ കണ്ണും കയ്യും ഒക്കെ കാണിച്ചിട്ട്..നന്നായി എഴുതി..രസിച്ചു വായിച്ചു..

  നാട്ടില്‍ കാവ്യ മാധവന്‍ വോട്ട് ചെയ്യാന്‍ കുവില്‍ നിന്ന കഥ ഓര്മ വന്നു..
  നാട്ടില്‍...പരസ്യമായ ഒരു 'വാസ്തയും' നടപ്പില്ല അല്ലെ? ...

  മറുപടിഇല്ലാതാക്കൂ
 36. നാട്ടിലാണെങ്കില്‍ കാര്യം ഇതിലും ഈസി ..നമ്മുടെ സ്വന്തം ഗാന്ധിയുടെ ഫോട്ടോ ഒന്ന് പൊക്കിക്കാണിച്ചാല്‍ പോരേ..
  ഉപമകള്‍ എല്ലാം പതിവുപോലെ അപാരം...

  മറുപടിഇല്ലാതാക്കൂ
 37. ഇങ്ങനെയൊരു കഥ നാട്ടിലാണ് അരങ്ങേറിയത് എങ്കില്‍ എന്താവും കഥ ? viraladayaalathinu (basma)viralu poyittu, kaikal thanne undaavilla.....:)

  മറുപടിഇല്ലാതാക്കൂ
 38. ഹിഹി ഞമ്മന്‍റെ കഫീലിന്‍റെ മച്ചുന്യാന്‍ ജവാസാത്തിലെ മുദീറായതോണ്ട് ഞമ്മക്ക്‌ ഇത്രേം വേണ്ടി വന്നിട്ടില്ല

  മറുപടിഇല്ലാതാക്കൂ
 39. ഇതില്‍ നമ്മുടെ ഒരു പോരാതരവും വ്യക്തമാണ്.. എന്ത് കാര്യം വന്നാലും അത് അവസാന നിമിഷത്തേക്ക് മാറ്റി വെക്കുന്ന സ്വഭാവം... അതാണ്‌ ഇതിനൊക്കെ കാരണം.. ബസാമയുടെ തുടക്കത്തില്‍ ഈ പറഞ്ഞ ഒരു പ്രയാസവും ഇല്ലായിരുന്നു.. മുഴു സമയവും ഒഴിവു തന്നെയായിരുന്നു.. ഇത് കൂടാതെ കഴിയില്ല എന്നാ അവസ്ഥ വന്നപ്പോഴാണ് ഈ അസാധാരണ തിരക്ക് വന്നത്.. തുടക്കത്തില്‍ ചെയ്തവര്‍ക്ക് ഒരു പ്രയാസവും ഉണ്ടായിട്ടില്ല..

  മറുപടിഇല്ലാതാക്കൂ
 40. <>
  sidheek Thozhiyoor :
  ഇതിലും വലിയ സ്വാധീന- പിന്‍വാതില്‍ കഥകള്‍ നമ്മുടെ നാട്ടില്‍ നടക്കും . ഗാന്ധിത്തല കുറെ 'ഉരുണ്ടാല്‍'.
  പക്ഷെ പരസ്യമായി ഇങ്ങനെ നടന്നാല്‍ Ramsh Thekkepurakkal പറഞ്ഞപോലെ വിരല്‍ മാത്രമല്ല കയ്യും പോകും ചിലപ്പോള്‍ !!!അല്ലെ ?

  മറുപടിഇല്ലാതാക്കൂ
 41. @ sulaiman : താങ്കള്‍ പറഞ്ഞത് ഒരു പ്രധാനപ്പെട്ട പോയിന്റ്‌ ആണ് .. എന്തും ഏതും അവസാന നിമിഷം വരെ നീട്ടിക്കൊണ്ടു പോകുന്നത് നമ്മുടെ ദുശീലം ആണ് . ഒടുവില്‍ ഓടിക്കിതച്ചു വിയര്‍ത്തു കുളിച്ചു ടെന്‍ഷന്‍ അടിച്ചു പ്രഷര്‍ വര്‍ധിപ്പിക്കും ..
  പക്ഷെ ഇവിടെ വേറെ ഒരു മാനസിക വശം കൂടിയുണ്ട് .. തുടക്കത്തില്‍ ഭയങ്കര തിരക്ക് ഉണ്ടാകും കുറച്ചു കഴിഞ്ഞാല്‍ തിരക്ക് കുറയും എന്നും കരുതാറുണ്ട്‌ നാം ഇത്തരം വിഷയങ്ങളില്‍

  മറുപടിഇല്ലാതാക്കൂ
 42. നമ്മുടെ നാട്ടിലാണെങ്കില്‍ ത്വലബിനെ കോളറിനു പിടിച്ചു വലിച്ചിട്ടു നിലത്തിട്ടു ചവിട്ടിയേനെ .... എന്നാല്‍ പിന്‍വാതില്‍ വി ഐ പികള്‍ നമ്മള്‍ അറിയാതെ കാര്യം സാദിച്ചു പോകുന്നത് ഗാന്ധിയുടെ പവറ് കൊണ്ട് തന്നെ ... ഗാന്ധിയുടെ ഒരു പാവറെ ....

  മറുപടിഇല്ലാതാക്കൂ
 43. നല്ല രുചിയുണ്ട് പ്രയോഗങ്ങള്‍ക്ക് , പുതുമയും. 'ബസ്മ' സൗദിയില്‍ കുറച്ചു പഴയതാണെങ്കിലും എഴുത്ത് പതിവുപോലെ മനോഹരം.
  (തലസ്ഥാന വാസി ആയതിന്റെ ആനുകൂല്യമാവം, ഏറെ പ്രയാസങ്ങളൊന്നും സഹിക്കാതെ തന്നെ ഈയുള്ളവന്‍ ബസ്മന്‍ ആയിരുന്നു)

  മറുപടിഇല്ലാതാക്കൂ
 44. പറ്റിക്കുന്നെങ്കില്‍ ഇങ്ങനെ വേണം. ഫിംഗര്‍ പ്രിന്റും സമദാനിയും തമ്മില്‍ എന്താ ബന്ധമെന്ന ആകാംക്ഷയിലാണ് വായിച്ചത്...
  ഉഗ്രന്‍...

  മറുപടിഇല്ലാതാക്കൂ
 45. വിരലടയാള കഥ ഉഗ്രനായി. വളരെ നന്നായി അവതരിപ്പിച്ചു. പിന്നെ ഈ മാതിരി തെമ്മാടിത്തരം ഇവിടെങ്ങാനുമായിരുന്നേൽ 'കൂമ്പ്' എപ്പ വാടീ ന്ന് ചോദിച്ചാ മതി. ആശംസകൾ. എനിക്കേറ്റവും ഇഷ്ടായത് നല്ലൊരു പ്രയോഗം കിട്ടി, അത് ഇതാ.

  സൂര്യനും മനുഷ്യനുമിടയില്‍ തിരശ്ശീലയില്ലാത്ത ആത്മബന്ധത്തിന്റെ രതിമൂര്‍ച്ചയാവും അന്നേരങ്ങളില്‍ നടക്കുക.

  ഒരിക്കൽ കൂടി ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 46. മാഷേ നാട്ടില്‍ ആണെങ്കില്‍ ബസ്മ ശെരിക്കും പതിയും, വീട്ടില്‍ ചെന്ന് ചൂടുവെള്ളം പിടിക്കുമ്പോള്‍ എത്ര മാത്രം ബസ്മകളായിരിക്കും

  ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 47. മാഷേ നാട്ടില്‍ ആണെങ്കില്‍ ബസ്മ ശെരിക്കും പതിയും, വീട്ടില്‍ ചെന്ന് ചൂടുവെള്ളം പിടിക്കുമ്പോള്‍ എത്ര മാത്രം ബസ്മകളായിരിക്കും

  ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 48. അപ്പോൾ ബസ്മ എടുത്ത് ഇനിപേടിക്കണ്ട

  മറുപടിഇല്ലാതാക്കൂ
 49. <>
  ഇത്തരം മേത്തരം ഇരിങ്ങാട്ടിരിത്തരങ്ങള്‍ കൊണ്ടുണ്ടാക്കിയ പോസ്റ്റ്‌ വെയിലറിയാതെ വായിക്കാം....:)

  മറുപടിഇല്ലാതാക്കൂ
 50. നാട്ടിലാണങ്കില്‍ .....ഭസ്മമായേനെ

  ഭാവുകങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 51. ഞാന്‍ ബസ്മ കൊടുക്കാന്‍ പോയത്‌ പേടിച്ച് പേടിച്ചാണ്.കാരണം മുമ്പ്‌ ഒരു തവണ ചെറിയ ഒരു അടിപിടി കേസിലും.പിന്നെ കടലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്പെട്ടപ്പോഴും (തീര സേന വന്നാണ് കരക്ക്‌ എത്തിച്ചത്‌)വിരലടയാളം എടുത്തിരുന്നു.നിര്‍ഭാഗ്യത്തിന് അതൊന്നും കമ്പ്യൂട്ടറില്‍ ഇല്ലായിരുന്നു അത് കാരണം ഇപ്പോഴും ഇവിടെ തന്നെ ഭാസ്മമാവുന്നു.

  മറുപടിഇല്ലാതാക്കൂ
 52. നന്നായിട്ടുണ്ട് മാഷേ..പിന്നെ നാട്ടിലാണെങ്കില്‍ എപ്പോ കിട്ടി എന്ന് ചോദിച്ചാ മതി!!എന്തെന്ന് മനസ്സിലായല്ലോ അല്ലെ !!

  മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്