2014, മാർച്ച് 10, തിങ്കളാഴ്‌ച

നന്മ ആര് ചെയ്താലും നന്മ തന്നെ






രാവിലെ
ഒന്ന് രണ്ടു സാധനങ്ങള്‍ വാങ്ങാന്‍ അടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് ഇറങ്ങിയതാണ് .
നിരത്ത് വിജനമാണ് . തിരക്ക് ആയി വരുന്നതേയുള്ളൂ .

റോഡ്‌ ക്രോസ് ചെയ്യാന്‍ മുതിരവേ ദൂരെ നിന്ന് ഒരു കാര്‍ വരുന്നത് കണ്ടു . അത് ഇടയ്ക്കിടെ നിര്‍ത്തും , പിന്നെയും മുന്നോട്ടെടുക്കും .

ഒന്നുകില്‍ കാറിനു എന്തോ തകാരുണ്ട് .
അല്ലെങ്കില്‍ വഴി ചോദിക്കാനാണ് അങ്ങനെ നിര്‍ത്തിയും മുന്നോട്ടെടുത്തും വരുന്നത് . ഞാന്‍ ഊഹിച്ചു .

പക്ഷെ വഴി ചോദിക്കാനാനെങ്കില്‍ ഇടയ്ക്കിടെ ഇങ്ങനെ നിര്‍ത്തേണ്ട കാര്യമില്ല .
എനിക്ക് ആ കാറിന്റെ വരവില്‍ എന്തോ പന്തികേട്‌ തോന്നി .

ചില വഴിയോര ക്ലീനിംഗ് ജോലിക്കാരും ഖുമാമ ലക്‌ഷ്യം വെച്ച്
വണ്ടിയുന്തി വരുന്ന കറുത്ത വര്‍ഗക്കാരികളായ പാവം സ്ത്രീകളും ഒറ്റയും തെറ്റയുമായി നിരത്തിലുണ്ട് .

ഇപ്പോള്‍ കാര്‍ നിര്‍ത്തിയിരിക്കുന്നത് ഒരു ബംഗാളിയുടെ അടുത്താണ് . റോഡ്‌ ക്ലീനിംഗ് ജീവനക്കാരന്‍ ആണ് അയാള്‍ . വൃത്തിയാക്കാന്‍ ആവശ്യമായ സാമഗ്രികള്‍ ഒക്കെയുണ്ട് അയാളുടെ പക്കല്‍ .

കാര്‍ അയാളുടെ അടുത്തു നിര്‍ത്തി ഡ്രൈവര്‍ അയാള്‍ക്ക്‌ എന്തോ കൊടുക്കുന്നത് കണ്ടു . അയാളത് സന്തോഷത്തോടെ സ്വീകരിക്കുന്നതും . എന്താണ് കൊടുത്തത് എന്ന് വ്യക്തമായി മനസ്സിലായില്ല .

കാര്‍ മെല്ലെ മുന്നോട്ടു വരുന്നു . ഇപ്പോള്‍ എന്റെ തൊട്ടു മുമ്പില്‍ എത്തിയിരിക്കുന്നു .
റോഡിനപ്പുറത്ത് വലിയ ഒരു ഖുമാമപ്പെട്ടിയുണ്ട് . (വേസ്റ്റ് ബോക്സ്‌ )
അതില്‍ നിന്ന് വണ്ണം കുറഞ്ഞ ഒരു കമ്പി ഉപയോഗിച്ച് എന്തൊക്കെയോ കുത്തി എടുക്കുകയാണ് ഒരു പാവം സ്ത്രീ .

കാര്‍ ആ സ്ത്രീയുടെ അടുത്തും നിര്‍ത്തി .
അവര്‍ക്കും എന്തോ കൊടുത്തു .

ആ പൊതി ഇപ്പോള്‍ എനിക്ക് വ്യക്തമായി കാണാം .
അത് ഒരു ഭക്ഷണപ്പൊതിയാണ് . അതിന്റെ ആകൃതിയും പൊതിഞ്ഞ രീതിയുമൊക്കെ കണ്ടിട്ട് നല്ല ഒരു ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണം ആണ് .. ആ സ്ത്രീ സന്തോഷത്തോടെ പൊതി വാങ്ങി ആകാശത്തേക്ക്
കണ്ണും കയ്യും ഉയര്‍ത്തി അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നത്‌ കണ്ടു .

പിന്നെയും ആ കാര്‍ മുന്നോട്ടു പോയി .
ഇടയ്ക്കിടെ നിര്‍ത്തിയും മുന്നോട്ടെടുത്തും നീങ്ങുന്ന ആ കാര്‍ കണ്ണില്‍ നിന്നും മായുന്നത് വരെ ഞാന്‍ നോക്കി നിന്നു .

കാരുണ്യം കാണിക്കല്‍ പലവിധത്തിലുണ്ട്
ചിലത് ചില ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടു കൊണ്ട്
ചിലത് ചെറുത്‌ കൊടുത്ത് വേറെ വഴിയിലൂടെ വലുത് കിട്ടാന്‍ വേണ്ടി
ചിലത് മറ്റുള്ളവരുടെ മുമ്പില്‍ ആളാവാന്‍ വേണ്ടി
വലിയ ഔദാര്യവാന്‍ ആണെന്ന് അറിയിക്കാന്‍ വേണ്ടി
പേരിനും പ്രശസ്തിക്കും വേണ്ടി

അപൂര്‍വ്വം ചിലര്‍ ഇതാ ഇത് പോലെ വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയാതെ ഏറ്റവും അര്‍ഹരായ ആളുകളുടെ അടുത്തു ചെന്ന് ആരും കാണാതെ ആത്മാര്‍ഥമായി കൊടുക്കുന്നവര്‍ . അത്തരം ആളുകളും ഉണ്ട് ഈ ദുനിയാവില്‍ !!!

നന്മ ആര് ചെയ്താലും നന്മ തന്നെ !
പക്ഷെ ഗൂഡ ലക്ഷ്യത്തോടെ ചെയ്യുന്ന നന്മ എവിടെ
ആത്മാര്‍ഥമായി ചെയ്യുന്ന ഇത്തരം നന്മ എവിടെ ?




0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്