2014, ഏപ്രിൽ 9, ബുധനാഴ്‌ച

കുടുംബത്തിന്റെ ഇമ്പം



കുടുംബ ബന്ധങ്ങളിലും ഭാര്യാഭര്‍തൃ ജീവിതത്തിലും ഒരു പാട് ഗുണകരമായ
മാറ്റങ്ങള്‍ വന്നിട്ടുണ്ട് ഇന്ന് . ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒരേ സീറ്റിലിരുന്നു യാത്ര ചെയ്യുന്നതും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും നാണക്കേടായി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു .
രാത്രി കിടപ്പറയില്‍ വെച്ച് മാത്രം പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്തിരുന്ന
പണ്ടത്തെ ദമ്പതികളും ജീവിതം ഒന്നിച്ചാസ്വദിക്കുന്ന ഇന്നത്തെ ദമ്പതികളും തമ്മിലുള്ള മാറ്റം
എത്ര ആനന്ദകരമാണ് !

ഒന്നിച്ചു യാത്ര ചെയ്യുമ്പോള്‍ പുരുഷന്‍ കുഞ്ഞിനെ എടുക്കുന്നതും ഭാര്യയെ അടുക്കളയില്‍ സഹായിക്കുന്നതുമൊക്കെ 'പെണ്‍ കോന്തന്മാരുടെ ' ലക്ഷണമായി കണ്ടിരുന്ന ഒരു 'അന്ധ'കാലം കടന്ന് ഭാര്യയെ ഇണയായി , തുണയായി , സുഹൃത്തായി , ജീവിത പങ്കാളിയായി കാണുന്ന ഒരു ശുഭകരമായ അവസ്ഥയിലേക്ക് ഇന്ന് നാമെത്തിയിരിക്കുന്നു .

എന്നിട്ടും .. കുടുംബ വഴക്കുകള്‍ക്കും വഴി പിരിയലുകള്‍ക്കും ബന്ധം മുറിക്കലുകള്‍ക്കും
കുറവൊന്നും വന്നിട്ടില്ല . ആരെങ്കിലും ഒരാള്‍ ഒന്ന് തോറ്റു കൊടുത്താല്‍ തീരുമായിരുന്ന എത്രയെത്ര പ്രശ്നങ്ങളാണ് വഷളായി വഷളായി ഒടുവില്‍ ബന്ധം മുറിക്കല്‍ വരെ എത്തിപ്പെടുന്നത് ?

ഒന്ന് തോറ്റു കൊടുത്തു എന്ന് വിചാരിച്ചു ആര്‍ക്ക് എന്ത് നഷ്ടമാണ് വരാനുള്ളത് ?
തനിക്കു വേണ്ടി രാവും പകലും അദ്ധ്വാനിക്കുകയും തന്നെ സംരക്ഷിക്കുകയും ചെയ്യുന്ന
ഭര്‍ത്താവിന്റെ മുമ്പില്‍ ഒന്ന് തോല്ക്കാന്‍ മനസ് കാണിച്ചാല്‍ എന്ത് സംഭവിക്കാനാണ് ?
തന്റെ വീട് സംരക്ഷിക്കുകയും കുട്ടികളെ വളര്‍ത്തുകയും അടുക്കളയില്‍
അടുപ്പായി എരിയുകയും സഹശയനം നടത്തുകയും ചെയ്യുന്ന ഭാര്യക്ക് മുമ്പില്‍ ഭര്‍ത്താവ് തോറ്റു കൊടുത്താലെന്താ ആകാശം ഇടിഞ്ഞു വീഴുമോ ?

നമ്മുടെ ജീവിതത്തില്‍ നടക്കുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളാണ് .
ഒന്ന് സംഭവങ്ങള്‍ മറ്റൊന്ന് സംഭവങ്ങളോടുള്ള പ്രതികരണങ്ങള്‍ . സംഭവങ്ങള്‍ എല്ലാം നമ്മുടെ പരിധിയിലല്ല . പക്ഷേ അവയോടുള്ള പ്രതികരണങ്ങള്‍ നമ്മുടെ വരുതിയില്‍ വരുന്നതാണ് .
ഈ പ്രതികരണത്തിനാണ് നാം പെരുമാറ്റം സ്വഭാവം എന്നൊക്കെ പറയുന്നത് .

ഓരോ മനുഷ്യരും ഓരോ മനുഷ്യരാണ് . ഒരാളും മറ്റൊരാളെ പോലെയല്ല . അത് കൊണ്ട് തന്നെ സ്വഭാവവും വ്യത്യസ്തമാണ് . ഒരേ മാതാപിതാക്കള്ക്ക് ജനിച്ച ഒരേ വീട്ടില് വളര്‍ന്ന കുട്ടികള്‍ പോലും രാവും പകലും പോലെ വ്യത്യാസമുള്ള സ്വഭാവക്കാരായി മാറുന്നത് നാം കാണുന്നുണ്ട് .

നമ്മെ നാം തിരിച്ചറിയുകയും നമ്മെ നാം തന്നെ മാറ്റാന്‍ ശ്രമിക്കുയും ചെയ്താലേ സംതൃപ്തമായ കുടുംബ ജീവിതം മാത്രമല്ല സുഖകരമായ മറ്റു ബന്ധങ്ങളും നില നിര്‍ത്താനും പരസ്പര സ്നേഹത്തോടെയും സൌഹാര്‍ദ്ദ ത്തോടെയും മുന്നോട്ടു കൊണ്ട് പോകാനും കഴിയൂ

പിന്‍ മൊഴി :
ഭാര്യാ ഭര്‍തൃ ബന്ധത്തിന്റെ അടിസ്ഥാന ശില മാനസിക ബന്ധം ആണ്
മാനസിക ബന്ധത്തിന്റെത് ശാരീരിക ബന്ധവും ..!!!

2014, ഏപ്രിൽ 7, തിങ്കളാഴ്‌ച

ശൈശവവും വാര്‍ധക്യവും



ശൈശവവും വാര്‍ധക്യവും മനുഷ്യ ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ടു ഘട്ടങ്ങളാണ് .
രണ്ടും തമ്മില്‍ കുറെ സാമ്യങ്ങളുണ്ട് . ഒരു പാട് അന്തരങ്ങളും .

ഒരു നിലക്ക് രണ്ടു ഘട്ടവും ഒരു പോലെയാണ് .
ബുദ്ധിക്കുറവ് , ക്ഷമക്കുറവ് , വകതിരിവില്ലായ്മ ഇതൊക്കെ രണ്ടു ഘട്ടത്തിലും
പ്രകടമാകുന്നു . അത് കുട്ടിയില്‍ വികൃതിയായും വയസ്സായവരില്‍
വാശിയായും പരിണമിക്കുന്നു .
വ്യത്യാസം ഇവിടെയാണ്‌ .
കുഞ്ഞുങ്ങളുടെ വികൃതി നാം ആസ്വദിക്കുന്നു .
പക്ഷേ വൃദ്ധ രുടെ വാശി നമ്മെ അലോസരപ്പെടുത്തുന്നു .

ജീവിതം തുടങ്ങുന്നത് ശൈശവത്തോടെ ആണെങ്കില്‍ ജീവിതം അവസാനിക്കുന്നത്‌ കൂടുതലും വാര്‍ധക്യത്തോടെയാണ് .
ശൈശവം ഇല്ലാത്ത ജീവിതമില്ല ,
പക്ഷെ വാര്‍ധക്യമാകാതെയും ജീവിതം അവസാനിക്കാം .

ശൈശവ ഘട്ടമാണ് ഒരു മനുഷ്യന്റെ ഏറ്റവും ഹൃദ്യമായ കാലം .
ഓര്‍മ്മകളില്‍ പോലും മധുരം നിറയുന്ന വീണ്ടും തിരിച്ചു വന്നെങ്കില്‍
എന്ന് ഓരോ മനുഷ്യനും ആഗ്രഹിക്കുന്ന ഘട്ടം .
എന്നാല്‍ വാര്‍ധക്യമാകട്ടെ അത് ആരും ഇഷ്ടപ്പെടുന്നില്ല .
ഒരു നര കാണുമ്പോഴേക്കും അസ്വസ്ഥത ആരംഭിക്കുകയായി .

ശൈശവം മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാന്‍ കഴിയാത്ത കാലമാണ് .
വാര്‍ധക്യവും അങ്ങനെ തന്നെ .

കുട്ടിക്ക് എല്ലാവരും കൂടെ വേണം ,
അവനെ എടുക്കണം , കളിപ്പിക്കണം , കുളിപ്പിക്കണം , ഉടുപ്പ് ഇടുവിക്കണം ,
ഉമ്മ കൊടുക്കണം , ഭക്ഷണം കൊടുക്കണം , ഉറക്കണം .
ഇതിനൊക്കെ സ്വാഭാവികമായും ഒരുപാട് കരങ്ങളുണ്ടാകും .
മത്സരമായിരിക്കും കുട്ടിയെ കളിപ്പിക്കാന്‍ , കുളിപ്പിക്കാന്‍ , ഊട്ടാന്‍ ,
ഉറക്കാന്‍.

ഈ പറഞ്ഞതൊക്കെ വാര്‍ധക്യത്തിലും ആവശ്യമാണ്‌ .
ഒരു വൃദ്ധനും വൃദ്ധയും ഇതൊക്കെ അതിയായി ആഗ്രഹിക്കുന്നുണ്ട് . തന്റെ മകന്‍ / മകള്‍ / വേണ്ടപ്പെട്ടവര്‍ ഒക്കെ ഒന്നടുത്തു വന്നിരുന്നെങ്കില്‍ , ഒന്ന് തലോടിയെങ്കില്‍ , ഒന്ന് കുളിപ്പിച്ച് തന്നെങ്കില്‍ , ഒരുരുള വായില്‍ വെച്ച് തന്നെങ്കില്‍ എന്ന് അതിയായി ആഗ്രഹിക്കുന്നുണ്ടാവും ഓരോ വൃദ്ധ മനസ്സും .
പക്ഷേ ഈ 'കുട്ടി'യെ കളിപ്പിക്കാനോ കുളിപ്പിക്കാനോ ഊട്ടാനോ കൂടുതല്‍ കൈകള്‍ ഉണ്ടാവില്ല .
ആര്‍ക്കും താത്പര്യമുണ്ടാവില്ല .

ഇതു കൊണ്ടൊക്കെയാണ് വാര്‍ധക്യം ശാപമാകുന്നത് .
കഷ്ടതയുടെ കാലഘട്ടം ആയി മാറുന്നത്.
മറ്റുള്ളവര്‍ക്ക് ഭാരമാകരുതെ എന്ന് ഓരോ മനുഷ്യനും എപ്പോഴും ഉള്ളുരുകി പ്രാര്‍ഥിക്കുന്നത് .

ശിശു ആവുമ്പോള്‍ ആരെങ്കിലും അവനെ അവഗണിച്ചാല്‍ ഒരു പക്ഷെ അതവനില്‍ വലിയ പ്രത്യാഘാതം ഒന്നും സൃഷ്ടിക്കില്ല .
പക്ഷേ , വാര്‍ ധക്യത്തില്‍ മക്കളുടെ അവഗണന ആ മനുഷ്യന്‍ മരിക്കും വരെ അയാളെ നീറ്റിക്കൊണ്ടിരിക്കും . പക്ഷേ , അവര്‍ എല്ലാം ഉള്ളിലൊതുക്കും .

കുട്ടി ആവശ്യമുള്ളതൊക്കെ അലറിക്കരഞ്ഞു നേടിയെടുക്കും .
എന്നാല്‍ വാര്‍ ധക്യം പുറത്തു കരയില്ല ,
അകത്തു പെയ്യുന്നുണ്ടാകും . പെയ്തു പെയ്തു കണ്ണീര്‍ വറ്റിയിട്ടുണ്ടാവും .

കുട്ടി വളര്‍ന്നു വലുതാവും എന്നും തനിക്കു താങ്ങും തണലും ആവുമെന്നും കരുതി അവനെ കണ്ണിലെണ്ണ ഒഴിച്ച് നാം നോക്കുന്നു . മാതാപിതാക്കളെയോ ഇനി എന്തിനു കൊള്ളാം
എന്ന രീതിയില്‍ അവഗണിക്കുകയും ചെയ്യുന്നു .

നാളെ ഇതേ അവസ്ഥ തനിയാവ ര്‍ ത്തനം പോലെ തനിക്കും വരും എന്ന് ഞാനും നിങ്ങളും മറക്കുന്നു . അപ്പപ്പോഴത്തെ നമ്മുടെ സുഖവും സൌകര്യങ്ങളും നമ്മെ അതിനു പ്രേരിപ്പിക്കുന്നു .

'എന്നെ ചെറുപ്പത്തില്‍ വളര്‍ത്തിയ പോലെ എന്റെ മാതാപിതാക്കള്‍ക്ക് നീ കാരുണ്യം ചൊരിയേണമേ 'എന്ന് പ്രാര്‍ഥിക്കാനും മാതാപിതാക്കളോട് 'ഛെ ' എന്ന വാക്ക് പോലും ഉച്ചരിക്കരുത് അവര്‍ക്ക് നീ കാരുണ്യത്തിന്റെ ചിറകുകള്‍ താഴ്ത്തി കൊടുക്കണം
എന്നും വിശുദ്ധ ഗ്രന്ഥം കര്‍ശനമായി പറഞ്ഞു വെച്ചതും ഇത് കൊണ്ടാവും .

2014, ഏപ്രിൽ 1, ചൊവ്വാഴ്ച

ഇതാ ഒരു മനുഷ്യന്‍



പള്ളിയില്‍ നിന്നിറങ്ങുമ്പോള്‍ മുറ്റത്ത് ഒരു ആള്‍ക്കൂട്ടം .
ഏന്തി വലിഞ്ഞു നോക്കുമ്പോള്‍ രണ്ടു പേര്‍ തമ്മില്‍ പൊരിഞ്ഞ അടി നടക്കുകയാണ് . പലരും പിടിച്ചു വെക്കാന്‍ നോക്കിയിട്ടും കുതറി മാറി പിന്നെയും അടിക്കാന്‍ നോക്കുകയാണ് . രണ്ടു ബംഗാളികലാണ് .

അവരുടെ സംസാരത്തില്‍ നിന്ന് മനസ്സിലായത് ഒരാള്‍ മറ്റെയാള്‍ക്ക്
ആയിരം റിയാല്‍ കൊടുക്കാനുണ്ട് . പല അവധി പറഞ്ഞിട്ടും കൊടുക്കാതെ ഒഴിഞ്ഞു മാറി നടക്കുകയാണ് കടം വാങ്ങിയവന്‍ .

ഒടുവില്‍ അവിചാരിതമായി കണ്ടു മുട്ടിയപ്പോള്‍ ആണ് ഈ സീന്‍ അരങ്ങേറുന്നത് .
അവര്‍ പരസ്പരം തെറി പറയുന്നുണ്ട് . ഇടയ്ക്കിടെ കുതറി മാറി കടം വാങ്ങിയവനെ കടം കൊടുത്ത ആള്‍ അടിക്കുന്നുണ്ട് .
രണ്ടു മൂന്നെണ്ണം ഒക്കെ കിട്ടുമ്പോള്‍ ഒന്നൊക്കെയെ രണ്ടാമന്‍ തിരിച്ചു കൊടുക്കുന്നുള്ളൂ ..

അന്നേരം ആജാനുബാഹുവായ ഒരു മനുഷ്യന്‍ ആളുകളെ വകഞ്ഞു മാറ്റി അങ്ങോട്ട്‌ കടന്നു വന്നു .
അദ്ദേഹം രണ്ടു പേരെയും അടുത്തു വിളിച്ചു പറഞ്ഞു : ''ഇത്തഖില്ലാ ..
(അല്ലാഹുവിനെ സൂക്ഷിക്കുക ) എന്നിട്ട് ചോദിച്ചു : ഇഷ്ഫി മുശ്കില - എന്താ പ്രശ്നം ?

കടം കൊടുത്ത ആള്‍ തന്റെ സങ്കടം പറഞ്ഞു . അവന്‍ ആയിരം റിയാല്‍ കടം വാങ്ങിയിട്ട് കുറെ ആയി . പല അവധിയും പറഞ്ഞു . തന്നില്ല . ഒടുവില്‍ ഫോണ്‍ എടുക്കാതായി ..

അദ്ദേഹം രണ്ടാമനോട് ചോദിച്ചു : അവന്‍ പറഞ്ഞത്ശ രിയാണോ ? അവന്‍ സമ്മതിച്ചു . എന്നിട്ട് എന്തേകൊടുക്കാത്തത് ?

അവന്‍ കരഞ്ഞു കൊണ്ട് പറഞ്ഞു . കൊടുക്കണം എന്നുണ്ടായിരുന്നു . പക്ഷെ അപ്പോഴേക്കും അതിലും വലിയ ആവശ്യം വരും . പറഞ്ഞ അവധിക്കു കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല .. ഇല്ലാഞ്ഞിട്ടാണ് .

അത് കേട്ടപ്പോള്‍ ആ മനുഷ്യന്‍ തന്റെ തോപ്പിന്റെ പോക്കറ്റില്‍ കയ്യിട്ടു . അഞ്ഞൂറിന്റെ രണ്ടു പുത്തന്‍ നോട്ടു എടുത്തു കടം കൊടുക്കാനുള്ള ആളുടെ കയ്യില്‍ കൊടുത്തിട്ട് പറഞ്ഞു . ഇത് കൊടുത്തു നിന്റെ കടം വീട്ടിക്കോളൂ ..

അയാള്‍ അദ്ദേഹം പറഞ്ഞ പോലെ അനുസരിച്ചു .

''കടം കൊടുക്കല്‍ മറ്റൊരാളെ സഹായിക്കലാണ് . ആ സഹായത്തിനു നന്ദി കാണിക്കേണ്ടത് അത് പറഞ്ഞ അവധിക്കു തന്നെ തിരിച്ചു കൊടുത്താണ് . കടം വാങ്ങുമ്പോള്‍ തന്നെ ഒരു ദൃഡ നിശ്ചയം ഉണ്ടെങ്കില്‍ കടം വീട്ടാന്‍ എന്തെങ്കിലും മാര്‍ഗം ഉണ്ടാകും .. '' നിങ്ങള്‍ എവിടെ ആയാലും അല്ലാഹുവിനെ സൂക്ഷിക്കുക .

അതും പറഞ്ഞു ആ നല്ല മനുഷ്യന്‍ ആളുകളെ വകഞ്ഞു മാറ്റി
നടന്നു നീങ്ങി ..

പുറമേ കാണുന്ന ശുഭ്ര വസ്ത്രത്തിന്റെ അകത്തു അതിലും വെളുത്ത
മനസ്സുള്ള ആ മനുഷ്യനെ കണ്ണില്‍ നിന്ന് മറയും വരെ
ഞാന്‍ നോക്കി നിന്നു .
 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്