കൂടെ കാറ്റുമുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട .
മിന്നല്‍ പേടിച്ചു അകത്തെ അറയില്‍ കണ്ണുമടച്ചു കൂനിക്കൂടി
ഇരിക്കും .
ഉമ്മ പറയും : 'ലാ ഹൌല വലാ ഖുവ്വത്ത ചൊല്ലിക്കോ .. '
ഞാന്‍ ഉറക്കെ ചൊല്ലിക്കൊണ്ടേയിരിക്കും .
കൂമ്പന്‍ മലയിറങ്ങി കുന്നത്തങ്ങാടി വഴി
വെളിപ്പാടവും കടന്നു സ്കൂള്‍ പറമ്പിലൂടെ
ആരോടൊക്കെയോയുള്ള വാശി തീര്‍ക്കാനെന്നവണ്ണം
തെമ്മാടിക്കാറ്റ് മദമിളകി വരും .
അപ്പോള്‍ പേടിച്ചു വിറച്ചു എന്റെ മുറ്റത്തെ
വയസ്സന്‍ 'അണ്ണക്കര ' മരം പിടിച്ചു നില്‍ക്കാനാവാതെ
ആടിയാടി ഉലയും .
അന്നേരം ഉമ്മ പ്രാര്‍ഥിക്കുന്നുണ്ടാവും.
'പടച്ചോനെ .. ന്നേം ന്റെ കുട്ട്യാ ളേം നീ കാത്തു രക്ഷിക്കണേ
ആകെയുള്ള ഈ ഇരിക്കക്കൂര നീ കാക്കണേ ...
ബദ്രീങ്ങളെ പോരിശ കൊണ്ട്
ശുഹദാക്കളുടെ ശുജാഅത്ത് കൊണ്ട്
മുത്തു റസൂലിന്റെ 'ഹഖ് ജാഹ് ബര്‍ക്കത്ത്' കൊണ്ട്
ഇന്നീം ഇന്റെ കുട്ട്യാളീം ഞങ്ങളെ ഈ പൊരീം
നീ കാക്കണേ അല്ലാഹ് ....
ഞാന്‍ ഉറക്കെയുറക്കെ ആമീന്‍ പറയും !
വൈക്കോല്‍പ്പുരയില്‍ നിലാവുള്ള രാത്രിയില്‍
ഒറ്റ നാണയത്തിന്റെ വട്ടത്തില്‍
ആകാശം കണ്ട് ഉറക്കം വരുന്നതും കാത്തു കിടക്കുമ്പോള്‍
ഉള്ളില്‍ ഇങ്ങനെ ദുആ ഇരക്കും
മഴ പെയ്യല്ലേ !
കാറ്റ് അടിക്കല്ലേ
അണ്ണക്കര മരം വീഴല്ലേ ...
നിലാവ് കാണുന്ന വിടവിലൂടെ ഒളിച്ചു കടന്നു അകത്തേക്ക് തല നീട്ടുന്ന
മഴ നൂലുകള്‍ എന്റെ കൈതോലപ്പായ
നനയ്ക്കും പിന്നിക്കീറിയ പറ്റെ നരച്ച എന്റെ പുതപ്പ് ഈറനണിയിക്കും
ചോരാത്ത ഇത്തിരിയിടത്തു ചടഞ്ഞു കൂടിയിരുന്നു
അറിയാവുന്നതൊക്കെ ചൊല്ലിപ്പറഞ്ഞു
നേരം വെളുപ്പിക്കും
ഉമ്മയപ്പോള്‍ കവുങ്ങിന്‍ പാളയുടെ കുഞ്ഞു ചീളുകള്‍ കൊണ്ട്
അകത്തു തളം കെട്ടിക്കിടക്കുന്ന മഴക്കുഴികളില്‍ നിന്ന്
വെള്ളം തേവിത്തേവി കിതക്കുന്നുണ്ടാവും ...
ആ ആഴമുള്ള കണ്ണുകളില്‍ നിന്ന്
കൊച്ചു കൊച്ചു അരിച്ചാലുകള്‍ ...
ഉറവ പൊട്ടി ഒഴുകിയിറങ്ങുന്നുണ്ടാവും !
ഞാന്‍ ആ കണ്ണുകളിലേക്കു നോക്കുമ്പോള്‍
തട്ടം കൊണ്ട് ഉമ്മ കണ്ണ് തുടയ്ക്കും .
കെട്ടി മേയാന്‍ കഴിയാത്ത വീടിന്റെ മോന്തായത്തിലേക്ക്
കൈകള്‍ ഉയര്‍ത്തി നെടുവീര്‍പ്പിടും ... !!!
ഇന്നും മഴ എനിക്ക് ആധിയാണ്
ഓര്‍മ്മകളില്‍ നിര്‍ത്താതെ പെയ്യുന്ന
നെടുവീര്‍പ്പാണ്
ഉമ്മയുടെ
ഭംഗിയുള്ള കവിളിലൂടെ
ഒലിച്ചിറങ്ങുന്ന
അരിച്ചാലാണ് !!!
ചോര്‍ന്നോലിക്കുന്നവര്‍ക്ക് മഴ
ഒരു പേക്കിനാവ്
വിള കരിഞ്ഞവര്‍ക്ക് സംഗീതം
സമൃദ്ധിയുടെ മെത്തകളില്‍ കിലുകിലെ ചിരിക്കുന്ന
വളകിലുക്കം .
ചിലര്‍ക്ക്
മഴ നിലക്കാത്ത നിലവിളി
നിലത്തിറങ്ങി പൊട്ടുന്ന ഇടിമിന്നല്‍
നിമിഷം നേരം കൊണ്ട് എല്ലാം ഒലിച്ചു പോകുന്ന
ഉരുള്‍ പൊട്ടല്‍ !!
ചിലര്‍ക്കോ , ഭൂവിലിറങ്ങുന്ന
അനുഗ്രഹത്തിന്റെ
ഹര്‍ഷ വര്‍ഷം !
ഭൂമിപ്പെണ്ണിന്റെ ഗര്‍ഭാശയത്തിലേക്ക് ആകാശമിറ്റിക്കും
ജീവജല കുളിര്‍ ബിന്ദുക്കള്‍ !
പ്രവാസിക്ക്
പറഞ്ഞിട്ടും എഴുതിയിട്ടും വര്‍ണ്ണിച്ചിട്ടും
മതിവരാത്ത ഒടുക്കത്തെ നൊസ്റ്റാള്‍ജിയ!
ഒരു ചിത്രം കാണുമ്പോഴേക്കും
സടകുടഞ്ഞുണരുന്ന
റീ എന്‍ട്രി !!!
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ