ആ രംഗം തെളിയും .
ആദ്യമായി പെണ്ണ് കാണുന്നത് നുസൈബയെ .
(ശരിയായ പേരല്ല )
എന്റെ അടുത്ത പ്രദേശത്തുകാരി .
ഒരു റബ്ബര്‍ തോട്ടത്തിന്റെ ഒത്ത നടുക്ക് ആണ് അവളുടെ വീട് .
സുന്ദരി , കവിത എഴുതിയ കണ്ണുകള്‍ .
എനിക്ക് അവളെ ഇഷ്ടമായി .
എന്നെ അവള്ക്കും ഇഷ്ടമായി എന്ന് ആ കണ്ണുകളില്‍ നിന്ന് വായിച്ചെടുത്തു .
അന്ന് ഞാന്‍ വളാഞ്ചേരി മര്‍കസ് ഹൈസ്കൂളിലെ അദ്ധ്യാപകന്‍ ആണ് .
ആഴ്ചയില്‍ ഒരിക്കലെ വീട്ടില്‍ വരൂ .
നുസൈബയെ കണ്ടു ഞാന്‍ സ്കൂളിലേക്ക് പോയി .
ഇനി കുടുംബങ്ങള്‍ തമ്മില്‍ വിശദമായ അന്വേഷണം നടക്കണം .
വാരാന്ത്യ അവധി തുടങ്ങുന്നതിന്റെ തലേന്ന് രാത്രി ഞാന്‍ നല്ല ഉറക്കത്തിലാണ് .
പെട്ടെന്ന് ആ രംഗം കണ്ടു ഞാന്‍ ഞെട്ടി ...!
മുടിയൊക്കെ അഴിച്ചിട്ടു ഒരു സ്ത്രീ എന്റെ അടുത്തേക്ക് മെല്ലെ മെല്ലെ നടന്നു വരുന്നു .
ഞാന്‍ നോക്കുമ്പോള്‍ അത് അവളാണ് . നുസൈബ !
അവള്‍ അടുത്തു വന്നു എന്റെ കഴുത്തില്‍ പിടിച്ചു . പല്ല് ഞെരിച്ചു .
അവളുടെ കണ്ണുകള്‍ രണ്ടു അഗ്നി ഗോളങ്ങള്‍ . ഒരു യക്ഷിയെ പോലെ വന്നു അവളെന്നെ കൊല്ലാന്‍നോക്കുന്നു .
ഞാന്‍ കണ്ണുകള്‍ തുറിപ്പിച്ചു പേടിച്ചു വിറച്ചു നിലവിളിച്ചു .
ശബ്ദം കേട്ട് തൊട്ടടുത്ത ബെഡ്ഡില്‍ കിടക്കുന്ന കോട്ടയം കങ്ങഴക്കാരന്‍
ലൈസല്‍ മാഷ് ലൈറ്റ് ഇട്ടു എന്നെ തട്ടി വിളിച്ചു ..
ഞാന്‍ ഞെട്ടി ഉണര്‍ന്നു . ചുറ്റും നോക്കി .
അവള്‍ എവിടെ ? ഇല്ല ആരുമില്ല !!
അന്ന് ഉറക്കമില്ലാത്ത രാത്രി ആയിരുന്നു ..
നേരം വെളുക്കും വരെ പിന്നെ ഉറങ്ങാനായില്ല .
പിറ്റേന്ന് വീട്ടിലെത്തിയ ഉടനെ ഞാന്‍ പെങ്ങളോട് ചോദിച്ചു :
ആ കല്യാണം മുടങ്ങി അല്ലെ ?
അവള്‍ അദ്ഭുതത്തോടെ ചോദിച്ചു :
അതെങ്ങനെ നീ അറിഞ്ഞു ? നിനക്കെന്താ വഹ് യ് ഉണ്ടോ ?
വഹ് യ് ഒന്നും ഇല്ല , വേറെ നിലക്ക് വിവരം കിട്ടി ..
ഒടുവില്‍ നാലാമത് കണ്ടവള്‍ ആണ് എന്റെ സഹധര്‍മ്മിണി .
ഒരു പാട് ദൂരെ നിന്ന് ആണ് അവളെന്റെ ജീവിതത്തിലേക്ക് വന്നത് .
ഓരോ ധാന്യമണിയിലും അത് കഴിക്കുന്ന ആളുടെ പേര് എഴുതി വെച്ചിട്ടുണ്ടാവും എന്നു പറഞ്ഞ
പോലെ ഓരോ സ്ത്രീയുടെ കഴുത്തിലും കാണും അവള്‍ക്കു വരണ മാല്യം അണിയിക്കുന്ന പുരുഷന്റെ പേര് .
അവള്‍ എവിടെ ആണെങ്കിലും നമുക്ക് വിധിച്ചവള്‍ ആണെങ്കില്
നാം അവിടെ ചെന്ന് അവളുടെ കൈ പിടിച്ചു കൊണ്ട് പോരും .. !
ഈ കഥകളൊക്കെ ഞാന്‍ മറന്നു പോയിരുന്നു .
ഇയ്യിടെയാണ് എന്നെ വീണ്ടും ഞെട്ടിച്ച ആ സംഭവം ഞാനറിഞ്ഞത് .
അവളുടെ - നുസൈബയുടെ - ഭര്‍ത്താവ് ഒരു ആക്സിഡന്റില്‍ പെട്ട് മരണപ്പെട്ടു !
ആ വാര്‍ ത്ത വല്ലാത്ത ഒരു ഷോക്കായിരുന്നു !
കാലം എന്തൊക്കെയാണ് നമുക്ക് കാത്തു വെച്ചിരിക്കുന്നത് എന്ന്
നമുക്കറിയില്ല . ഈ ജിവിതത്തില്‍ നാം വെറും അഭിനേതാക്കള്‍ മാത്രം .
ദൈവത്തിന്റെ തിരക്കഥ ക്കനുസരിച്ച് വേഷം കെട്ടുന്ന നടന്മാരും നടികളും മാത്രമാണ് മനുഷ്യര്‍ .
നമ്മുടെ ഈ ലോകത്തെ റോള്‍ കഴിഞ്ഞാല്‍
എല്ലാ 'വേഷം കെട്ടലും' അഴിച്ചു വെച്ച് നമുക്ക് പോകാം മറ്റൊരു ലോകത്തേക്ക് ..
അത്ര മാത്രം ..!!
* (വഹ് യ് - ദിവ്യ വെളിപാട് )
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ