പ്രതികരണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പ്രതികരണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ഏപ്രിൽ 20, ശനിയാഴ്‌ച

തത്സമയം ചില കുറിപ്പുകള്‍



എന്റെ പൊന്നേ !
------------------------
ഇടക്ക് അപൂര്‍വം  സമയങ്ങളില്‍ ഞാന്‍  അവളെ 
'എന്റെ പൊന്നേ .. ' എന്ന് വിളിക്കും . 
അന്നേരം അവളുടെ മുഖത്ത് പ്രണയം പൂക്കും . പ്രസാദം ഓളമിടും . 

മിനിഞ്ഞാന്ന് വാര്‍ത്ത  കേള്‍ക്കുന്നതിനിടെ 'സ്വര്‍ണ്ണ  വാര്‍ത്ത 'ക്കിടയില്‍ 
ഞാന്‍  അവളെ 'എന്റെ പൊന്നേ ' എന്നൊന്ന് നീട്ടി വിളിച്ചു . 
രൂക്ഷമായ ഒരു നോട്ടം നോക്കി അവള്‍ , 
ഇത്ര തീവ്രമായ ഒരു നോട്ടം മുമ്പൊന്നും എനിക്ക് 'കിട്ടി'യിട്ടില്ല . :)

സ്മൈലി 
-------------
എനിക്ക് ഫേസ് ബുക്കിലിടാന്‍  ആകെ അറിയാവുന്ന ചിഹ്നം സ്മൈലി മാത്രമായിരുന്നു . 

പിന്നീട് ഇപ്പോള്‍ അടുത്താണ് കൂടുതല്‍  ചിഹ്നങ്ങളെ അറിയുന്നത് .  അക്കൂട്ടത്തില്‍   ഏറെ ഇഷ്ടം തോന്നിയത് രണ്ടു പേരോട് . 

ഒന്ന് അന്നും ഇന്നും വേണ്ടിടത്തും വേണ്ടാത്തിടത്തും, ഇഷ്ടം പോലെയും കഷ്ടം പോലെയും ഉപയോഗിച്ചു വന്നിരുന്ന നമ്മുടെ പ്രിയങ്കരനായ സ്മൈലി . :)

രണ്ടാമത് കണ്ടാല്‍ തന്നെ ഒരു പ്രത്യേക തരം പ്രണയം തോന്നിപ്പിക്കുന്ന ഹൃദയത്തിന്റെ ആകൃതിയിലുള്ള സ്നേഹ ചിഹ്നം . 

സ്മൈലിയിട്ട് മടുത്തിരിക്കുമ്പോള്‍  ആണ് എനിക്ക് 'ഹൃദയം ' കിട്ടുന്നത് . 
പിന്നെ സ്മൈലിയെ തത്ക്കാലം മൊഴി ചൊല്ലി , 'ഹൃദയത്തെ' പിടിച്ചു . 
മൊഴി ചൊല്ലുന്നതിലേറെ എളുപ്പമാണ് ഇപ്പോള്‍  മൊഴി മാറ്റം . അത് കൊണ്ട് നോ പ്രോബ്ലം .

അത് കിട്ടിയ ഊറ്റത്തില്‍  ഞാന്‍  പലയിടത്തും 'അവനെ ' കൊണ്ട് പോയി നിക്ഷേപിച്ചു . പുതിയത് വല്ലതും കിട്ടിയാല്‍  പിന്നെ അങ്ങനെയാണല്ലോ . പഴയത് പിന്നെ ആര്‍ക്കു  വേണം ?

അപ്പോഴാണ്‌ ചില കൂട്ടുകാര്‍  എന്റെ പിറകെ കൂടുന്നത് . ഈ വയസ്സാം കാലത്തും ഇതിന്റെ പിന്നാലെയാണോ നിങ്ങള്‍ എന്നാണ് ചോദ്യം  . അപ്പോഴാണ്‌ എനിക്ക് വയസ്സായി എന്നും നമുക്കൊന്നും ഈ ചിഹ്നത്തിന്റെ അരികത്തു കൂടി പോകാന്‍  പോലും പാടില്ലെന്നും മനസ്സിലാകുന്നത്‌ . ( ഇവിടെ ഒരു സ്മൈലിക്കു സ്കോപ്പ് ഉണ്ട് :) ! ) 

ഞാന്‍  അവരോടു പറഞ്ഞു : മക്കളെ ,  ഇത് ഹൃദയത്തിന്റെ ചിഹ്നം ആണ് . വയസ്സ് കൂടും തോറും അതിനോട് ഇഷ്ടം കൂടും . അത് പണി മുടക്കിയാല്‍  എല്ലാ പണിയും മുടങ്ങും .. 
പിന്നെ ചില പിള്ളേര്‍ക്കും 'പിള്ളി 'കള്‍ക്കും അതിനു ഒരേ ഒരു അര്‍ഥം  മാത്രമേ അറിയൂ ..

ഒരു മനുഷ്യന് ഈ ലോകത്ത് ലഭിക്കാവുന്ന ഏറ്റവും വലിയ സൗഭാഗ്യം മരണം വരെ അവന്റെ അവയവങ്ങള്‍  അവന്റെ കൂടെ നില്ക്കുക എന്നതാണ് . 

നാമറിയാതെ നമ്മുടെ ശരീരത്തില്‍  ആരൊക്കെ എങ്ങനെയൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് നമുക്ക് ഒരു നിശ്ചയവുമില്ല . അതില്‍  ഏതെങ്കിലും ഒന്ന് പണി മുടക്കിയാല്‍ തീര്‍ന്നു  കഥ . 

എത്ര വിലപിടിച്ച അവയവങ്ങളുമായി ആണ് നാം നടക്കുന്നത് ? 

ന്തായാലും നഷ്ടപ്പെടുമ്പോഴേ നഷ്ടത്തിന്റെ വില അറിയൂ .. 
ഹൃദയമേ നിന്നെയല്ലാതെ ഞാന്‍  ആരെയാണ് പ്രണയിക്കേണ്ടത് ? 
നീ ഒരു നിമിഷം ഒന്ന് റസ്റ്റ്‌ എടുത്താല്‍ പിന്നെ ഞാന്‍  കാലാക്കാലം 'റസ്റ്റില്‍ 'ആവില്ലേ ?  

'ഒരാള്‍ തന്റെ ശരീരത്തെ അറിഞ്ഞാല്‍  അവന്‍ അവന്റെ സൃഷ്ടാവിനെ അറിഞ്ഞു '

കുലുങ്ങിച്ചിരി 
-----------------------
ചരിത്രത്തില്‍ ഒരിക്കലും സംഭവിക്കാത്തതും
ഇനി ഒരിക്കലും സംഭവിക്കും എന്ന് പ്രതീക്ഷിക്കാത്തതുമായ ഒരു കാര്യം
സംഭവിച്ചു കാണുമ്പോള്‍ ആരായാലും ഒന്ന് ചിരിച്ചു പോകും :)
ഇന്നലെ ഒരു പക്ഷെ സംഭവിച്ചത് അതാകും .
സ്വര്‍ണ്ണ വില വല്ലാതെ താഴുന്നത് കണ്ടപ്പോള്‍
സ്വയം അറിയാതെ ഒന്ന് 'കുലുങ്ങി' ചിരിച്ചതാവും ഭൂമി !
ഭൂമിയും ഒരു മാതാവാണല്ലോ :)

ഒരു നുള്ള് ശാമ മതി !
-----------------------------
ഒരു പാട് സ്ഥാപനങ്ങളുള്ള ഒരു സമുച്ചയത്തിലാണ് എന്റെ ഓഫീസ് . ഒമ്പതാം നിലയില്‍  . ഓഫീസിന്റെ മെയിന്‍  ഡോറിന് അഭിമുഖമായാണ് എന്റെ ഇരിപ്പിടം . ആര് വന്നാലും അവര്‍  എന്നെയാണ് കണി കാണുക . മിക്ക ദിവസങ്ങളിലും ചില സ്ത്രീകള്‍ വരും . ഫോട്ടോ കോപ്പി എടുക്കാനാണ് . സ്വാഭാവികമായും അവര്‍ എന്നോടാണ് ആ ആവശ്യം പറയുക . ഞാന്‍  ജോലി നിര്‍ത്തി വെച്ച് അവരെ സഹായിക്കും . നമുക്ക് നഷ്ടമൊന്നും ഇല്ലല്ലോ . പിന്നെ ചെറിയ ഒരു സഹായം ചെയ്യലും ആയി.

ഇയ്യിടെ സ്ത്രീകള്‍  വരുന്നത് കാണുമ്പോഴേക്കും ജഹാംഗീര്‍  ഓടിവരും . ഞങ്ങളുടെ 'മുദീര്‍  ഷായ്' ആണ് . ചായ കൊണ്ട് എല്പ്പിക്കപ്പെട്ട മലക്ക് ! ബീഹാരി. ആയിക്കോട്ടെ , അയാള്‍  ചെയ്തോട്ടെ , എന്ന് ഞാനും കരുതി .

ഈ ആവശ്യവുമായി സ്ത്രീകള്‍  വരുമ്പോള്‍  ജഹാംഗീര്‍  ഗ്ലാസ്സും പാട്ടയും ഒക്കെ അവിടെയിട്ട് , ഓടി ചെല്ലും . വല്ലാത്ത ആവേശവും ഇത്തിരി പരവേശവും കാണിക്കും ..
ഇതിനു മാത്രം തിടുക്കം എന്തിന് എന്ന് എനിക്ക് മനസ്സിലായില്ല .
ഇന്ന് അതെനിക്ക് ക്ലിക്ക് ആയി .

സ്ത്രീകള്‍  വരുമ്പോള്‍  അയാള്‍  അവരുടെ അടുത്തേക്ക് ഓടി ചെല്ലും .
ഫോട്ടോ കോപ്പി എടുക്കേണ്ടവ വാങ്ങിക്കും . എന്നിട്ട് പുറത്തു നില്ക്കാന്‍  പറയും .. കോപ്പി എടുത്തു അതുമായി ടിയാന്‍  ചെല്ലും . അത്രയേ എനിക്ക് കാണാന്‍  പറ്റിയിരുന്നുള്ളൂ . ഇന്ന് പാതി തുറന്നു കിടക്കുന്ന ഡോറിലൂടെ നോക്കുമ്പോള്‍  ആണ് ആവേശത്തിന്റെ ഗുട്ടന്സ് പിടി കിട്ടുന്നത് .
ജഹാംഗീര്‍  ഫോട്ടോ കോപ്പി 'കച്ചവടം ' നടത്തുകയാണ് !


'ഒരു നുള്ള് ശാമ മതി ഒരു നല്ല ഭാര്യയാവാന്‍  ' എന്ന് ഒരു കറിമസാലയുടെ പരസ്യത്തില്‍ ശ്വേത മേനോന്‍  പറയും പോലെ  'ഒരു നുള്ള് സേവനം മതി നല്ല ഒരു സമ്പാദ്യമാവാന്‍ ' , എന്ന് നല്ല ഈണത്തില്‍ ഞാനും പറഞ്ഞു !

ആശയും കീശയും 
---------------------------
പ്രവാസികളില്‍ പലരും പുറത്തു നിന്ന് ഒരു ചായ പോലും വാങ്ങികഴിക്കില്ല. ആശയില്ലാഞ്ഞിട്ടൊന്നുമല്ല.
നാട്ടിലെ സംഖ്യ പന്ത്രണ്ടുമടങ്ങായി വര്‍ധിത വീര്യത്തോടെ ഓര്‍മ്മയില്‍ ഓടി എത്തുന്നത് അപ്പോഴായിരിക്കും.
ഇന്നലത്തെ ഉണക്ക പൊറാട്ട കട്ടന്‍ ചായയില്‍ മുക്കി കടിച്ചു ചവച്ചു പ്രാതല്‍ ഒപ്പിക്കും. രണ്ടു റിയാല്‍ കീശയില്‍ തന്നെ വിശ്രമിക്കും. മസാല ദോശക്കൊക്കെ ആശയുണ്ടാവും ഈ കേശവന്മാര്‍ക്ക്.
കീശയില്‍ കാശുമുണ്ട്. പക്ഷെ പിശുമനസ്സ് കീശയില്‍ കയ്യിടാന്‍ അനുവദിക്കില്ല. മീശ പിരിച്ചു മുട്ടന്‍വടിയുമായി നില്‍പ്പുണ്ടാവും കാലമാടന്‍ കീശയോരത്ത്.

ഇരുപത്തഞ്ചു കൊല്ലമായി ഗള്‍ഫിലുള്ള ഒരാളെ അടുത്തറിയാം. വസ്ത്രങ്ങള്‍ സൂക്ഷിക്കാനും തൂക്കിയിടാനും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന , റെക്സിന്‍ കൊണ്ട് നിര്‍മ്മിച്ച ഒരു തോലാബിനു 
( അലമാര) നാല്പതോ അമ്പതോ റിയാല്‍ കൊടുത്താല്‍ മതി. പക്ഷെ ആരെങ്കിലും നാട്ടില്‍ പോവുമ്പോള്‍ ഒഴിവാക്കുന്ന തോലാബാണ് ഇയാളുപയോഗിക്കുക.

ഫ്രൂട്ട് സ് അയാള്‍ക്ക് വലിയ ഇഷ്ടമാണ്. അവ നോക്കിവെള്ളമിറക്കുകയല്ലാതെ ഒരു കിലോ ആപ്പിളോ ബുർ തുഖാലോ (ഓറഞ്ചു) വാങ്ങിക്കഴിക്കില്ല.
ഒരുഹലലക്കും പ്രത്യേകിച്ചൊന്നും അദ്ദേഹം വാങ്ങി കഴിക്കില്ല.
മറ്റുള്ളവരോടൊപ്പംപുറത്തു പോയി എന്തെങ്കിലും കഴിക്കുന്ന കൂട്ടത്തിലും കാണില്ല അയാളെ.
ബ്രഷും പേസ്റ്റും ഏരിയലുമൊക്കെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലാത്തതുകൊണ്ട്വാങ്ങിക്കും. അത്രയും ഭാഗ്യം.! രോഗം വന്നാലും, ഇത് തന്നെയാണ് അവസ്ഥ .

ദിവസങ്ങളോളം ചുമച്ചു ചുമച്ചു ചോര ഛര്‍ദ്ദിച്ചാലും സഹമുറിയന്മാരുടെ പ്രാക്കും മുറുമുറുപ്പും ഏറെ സഹിക്കേണ്ടി വന്നാലും അടുക്കളയില്‍ നിന്ന് വല്ല ഇഞ്ചിയോ കുരുമുളകോ ചെറുനാരങ്ങയോ ഒക്കെയെടുത്ത് തല്‍ക്കാലം ശമനമുണ്ടാക്കാന്‍ നോക്കും. എന്നിട്ട് എ.സി ഇല്ലാത്ത വല്ലവരാന്തയിലും ചുരുണ്ട് കൂടിക്കിടക്കും. ആശുപത്രിയില്‍ പോവില്ല. അപ്പോഴേക്കുംപന്ത്രണ്ടു ഇരട്ടി മുട്ടന്‍ വടിയുമായി കീശയോരത്ത് വന്നു നിന്ന് അയാളെവിരട്ടുന്നുണ്ടാവും.

എന്നിട്ടിപ്പോള്‍, ഷുഗറും പ്രഷറും കൊളസ്ട്രോളും മൂലക്കുരുവും മൂത്രക്കല്ലുമായി അത്യാവശ്യം ഭേദപ്പെട്ട തറവാട്ടില്‍ നിന്ന് വരുന്ന നാലഞ്ച് രോഗങ്ങളോടൊപ്പമാണ് ടിയാന്റെ പൊറുതി.

എന്നാല്‍ ഇത്തരക്കാരുടെ വീടുകളിലെ അവസ്ഥയോ?
'പണം പുല്ലെടീ നമുക്കില്ലെടീ'എന്നായിരുന്നു പണ്ട് നാം പാടിയിരുന്നത്. എന്നാലിപ്പോള്‍ 'പണം പുല്ലെടാ നമുക്കുണ്ടെടാ ..' എന്നാ മട്ടിലാണ് കെട്ട്യോളും കുട്ട്യാളും വാരി വിതറുന്നത്..

അവരെകുറ്റം പറയാനൊക്കുമോ? അവര്‍ക്ക് നോക്കെത്താദൂരത്ത് കണ്ണുംനട്ട് ഇരിക്കുകയൊന്നും വേണ്ട.. 'ആയിരം, നാലായിരം, എണ്ണായിരം പിന്നെ പത്തായിരം ..' എന്ന പാട്ടും പാടി ഇരുന്നാല്‍ മതി. മാസാമാസം കിറുകൃത്യമായി പറന്നു ചെല്ലുകയല്ലേ പള പള മിന്നുന്ന ഗാന്ധിത്തലകള് ..!‍
ഇനി ഓള്‍ക്കോ, കുട്ട്യാള്‍ക്കോ, ഒരു ഏനക്കെടോ, ഓക്കാനമോ, തുമ്മിയാല്‍തെറിക്കുന്ന മൂക്കോ, ഒക്കെ വരുന്നുണ്ടെന്നു വിവരം ലഭിച്ചാലോ?

ടെന്‍ഷന്‍ മരം കിടന്നുലയുകയായി. പിന്നെ വിളിയോട് വിളി..
നാട്ടിലെ ഏറ്റവും വലിയ ഹോസ്പിറ്റലിലേക്ക് തന്നെ വിട്ടോളൂ എന്ന് മൊബൈല്‍ കത്തിച്ചു വിളി. ഓട്ടോക്കൊന്നും പോണ്ട .. കാറ്കിട്ടുമോന്നു നോക്ക്. കാറ്..!

പണം കായ്ക്കുന്ന മരത്തിന്റെ വേര് ദ്രവിക്കുന്നതിലേറെ ഉത്കണ്‍ഠ പണം സ്വീകരിക്കുന്ന കൈകള്‍ക്കുള്ളിലെ കൊച്ചു പനിചൂടിനാണ് എന്നര്‍ത്ഥം ..
ആവശ്യങ്ങള്‍ക്ക് ചെലവാക്കാനുള്ളതാണ് പണം.
ആവശ്യത്തിനു ഉപയോഗിക്കുന്നില്ലെങ്കില്‍ അത് വെറുംകടലാസ്.
നമുക്ക് വേണ്ടി നാം ചെലവാക്കുന്നത് മാത്രമാണ് നമ്മുടേത്‌.
ബാക്കിയുള്ളത് അനന്തരാവകാശികളുടെതാണ്

ഞമ്മക്കും പോസ്റ്റണം !
-------------------------------
അടുത്ത വീട്ടിലെ അടുക്കളയില്‍  നിന്ന് ഇറച്ചി തിളയ്ക്കുന്ന മണം വരുമ്പോള്‍ ഞാന്‍  ഉമ്മാനോട് പറയും :
'ഉമ്മാ ഓല് ന്ന് എറച്ചി വാങ്ങീക്കുണൂ..'
ഉമ്മ അപ്പോള്‍ എന്നെ ഇങ്ങനെ സമാധാനിപ്പിക്കും :
'പെരുന്നാള്‍  ബരട്ടെ ഞമ്മക്കും മാങ്ങണം '

ഇന്നിപ്പോള്‍  ഇറച്ചി വാങ്ങിയതിന്റെയും മീന്‍  വാങ്ങിയതിനെറെയും ഒക്കെ മണം ഫേസ് ബുക്കിലൂടെ യാണ് മൂക്ക് തുളച്ചു വരുന്നത് . നാട്ടില്‍ പോയ ചില വന്‍സ്രാവുകള്‍  തങ്ങളേക്കാള്‍  വലിയ മീനും പിടിച്ചു നില്ക്കുന്ന ഫോട്ടോ ഒക്കെയിട്ട് മണപ്പിക്കുക മാത്രമല്ല കൊതിപ്പിക്കുകയും ചെയ്യുന്നു .. :)

'പെരുന്നാള്‍  വരട്ടെ ഞമ്മക്കും മാങ്ങണം ' എന്ന് ഉമ്മ പറഞ്ഞ പോലെ ,
അടുത്ത വെക്കേഷന്‍ വരട്ടെ ഞമ്മക്കും പോസ്റ്റണം !!!

ആഫ്റ്റര്‍ ട്വന്റി ഇയര്‍സ്
-----------------------------------
ഒരു പത്തിരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ശേഷം അന്നത്തെ അതിനൂതന സംവിധാനം ഉപയോഗിച്ച് എഴുതാന്‍ സാധ്യതയുള്ള 'ഗൃഹാതുരത്വ'മുണണര്‍ത്തുന്ന ഒരു കുറിപ്പ് ഒരു പക്ഷെ 
ഇങ്ങനെയാവും :)
മുമ്പ് ഫേസ് ബുക്ക്‌ എന്ന പേരില്‍ ഒരു സോഷ്യല്‍ നെറ്റ് സംവിധാനം ഉണ്ടായിരുന്നു .
ഓര്‍മ്മയില്‍ പോലും മധുരം നിറക്കുന്ന ' ആ ബുക്കില്‍ ' കളഞ്ഞ സമയത്തിനും ചെലവഴിച്ച
ഒഴിവു വേളകള്‍ക്കും കണക്കില്ല . അന്ന് അത് ഒരു ഹരം മാത്രമല്ല ; ജ്വരം തന്നെ ആയിരുന്നു .

എന്നാലും ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ എത്ര രസകരമായിരുന്നു ആ കാലം എന്ന് തോന്നിപ്പോകും :)

നേരം വെളുത്തു എണീറ്റ്‌ ഓടുന്നത് തന്നെ ബുക്കിലെക്കായിരിക്കും .
'പാത്രീ'ഭൂതനാകുന്നതിനും 'ബ്രഷീ'കരിക്കുന്നതിനും 'കാപ്പി വത്ക്കരണം' നടത്തുന്നതിനും മുമ്പേ വെറും വയറ്റില്‍ ബുക്ക് ഓപ്പണീകരിക്കും. തുറന്ന പാടെ ആദ്യം കണ്ണ് പോകുക കമ്പ്യൂട്ടറിന്റെ ഇടതു വശത്തെ ചെമന്നു കാണുന്ന നമ്പറിലേക്കാണ് :)

അവിടെ രണ്ടോ മൂന്നോ അക്കങ്ങള്‍ ഒന്നിച്ചു കണ്ടാല്‍ അന്നത്തെ ദിവസം ധന്യമായി ..
അതിനും അപ്പുറത്ത് ഉണ്ടാകും മറ്റൊരു ചുവപ്പന്‍ അക്കക്കോളം .
ആരാണിപ്പോള്‍ സ്വകാര്യം പറയാന്‍ വന്നത് എന്ന ഒരു കിന്നരിപ്പുഴ അപ്പോള്‍ മനസ്സില്‍ ഓളം വെട്ടും .

അന്ന് ഇന്നത്തെ പോലെ ചുണ്ടനക്കുമ്പോഴേക്കും അക്ഷരം തെളിയുന്ന പരിപാടിയൊന്നും ആയിട്ടില്ല :)
അക്ഷരങ്ങളെ കുത്തിക്കുത്തി വേണം അടിക്കാന്‍ . കീ ബോര്‍ഡ്‌ എന്ന പേരില്‍ ഒരു കുന്ത്രാണ്ടം ഉണ്ടാകും എല്ലാ കമ്പ്യൂട്ടറിനും . അതിന്മേല്‍ വിരലുകള്‍ കൊണ്ട് അടിയോടടി ..
എന്നാലും ആ എഴുത്തിനു എന്തൊരു ഹരമായിരുന്നു...! :)

ഫേസ് ബുക്ക് കഥകളെ ക്കുറിച്ച് പറയാന്‍ തുനിഞ്ഞാല്‍ കുറെയെറെയുണ്ട് .
ഒരിക്കല്‍ ഒരുത്തന്‍ ഒരു ഫോട്ടോ പോസ്റ്റ്‌ ചെയ്തു .ഒരു കുരങ്ങന്‍ പത്രം വായിക്കുന്നതാണ് രംഗം . ഞങ്ങളുടെ പത്രം കൂടുതല്‍ ആളുകളിലേക്ക് എന്ന 'തലയില്‍ എഴുത്തും' ഉണ്ട് കൂടെ ..
ഒന്ന് രണ്ടു നല്ല കമന്റുകള്ക്ക് ശേഷം പത്രത്തിന്റെ ഒരു ബദ്ധവൈരിയുടെ കമന്റ് വന്നു .
'മനുഷ്യര്‍ ഒഴിവാക്കുന്നത് ആണല്ലോ മൃഗങ്ങള്‍ ഉപയോഗിക്കാറ്‌' ഒരു മൊശകോടന്റെ ആറ്റിക്കുറുക്കിയ കമന്റ് ..
പിന്നെ അവിടെ നടന്നത് തൃശൂര്‍ പൂരം അല്ല 'കോലാഹലമ്പൂര്‍ ' പൂരം ആണ് .

ഇങ്ങനെ ഇണങ്ങിയും പിണങ്ങിയും ചൂടായും ചൂടാക്കിയും തണുപ്പിച്ചും പരസ്പ്പരം പൊക്കി
പ്പറഞ്ഞും സൗഹൃദം നുണഞ്ഞും ദൂരെ എവിടെയോ ഇരിക്കുന്ന ഒരാള്‍ തന്റെ അടുത്ത് തന്നെ ഉണ്ട് എന്ന രീതിയില്‍ 'പെരുമാറിയും ...
അങ്ങനെയങ്ങനെ എന്ത് രസമായിരുന്നു . സമയം പോകുന്നതെ അറിയില്ല 

ഒരു പോസ്റ്റിട്ടാല്‍ പിന്നെ ഒരു സമാധാനവുമില്ല , ലൈക്‌ കിട്ടിയോ കമന്റ് വന്നോ എന്ന ആകാംക്ഷയാണ് പിന്നെ ! 
പ്രസവ റൂമിനു പുറത്തു കാത്തു നില്‍ക്കുന്ന ഭര്‍ത്താവിന്റെ മാനസികാവസ്ഥ :)
ഇടയ്ക്കിടെ എത്തിയും പാളിയും പോയി നോക്കല്‍ .. ഒന്നും പറയണ്ട !

ചിലര്‍ എപ്പോള്‍ നോക്കിയാലും ഉണ്ടാകും ഇതിന്റെ മുമ്പില്‍ . അങ്ങനെ ഇരുപത്തി നാല് മണിക്കൂറും തുറന്നു പ്രവര്ത്തിരക്കുന്ന ഒരു അത്യാഹിക്കാരനെ ഒരിക്കല്‍ ഒരാള്‍ കളിയാക്കി .
നീ ഇരുപത്തി നാല് മണിക്കൂറും ഇവിടെ തന്നെ ആണല്ലോ എന്ന് .. അവനുണ്ടോ വിടുന്നു . ഇരുപത്തി നാല് മണിക്കൂറും ഇവിടെ ആരൊക്കെയുണ്ട് എന്ന് നോക്കാന്‍ രാവും പകലും നീ ഇവിടെ ത്തന്നെയുണ്ടല്ലോ ..

അങ്ങിനെ എത്രയെത്ര മറക്കാനാവാത്ത രസകരമായ അനുഭവങ്ങള്‍ .. ഓർമ്മകൾ .
അതൊക്കെ ഇന്ന് നഷ്ട ബോധത്തോടെയല്ലാതെ ഓര്‍ക്കാന്‍  കഴിയില്ല :)
എന്തു പറയനാണ് ? നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടില്ലല്ലോ :)

ദുഷ്ടതേ നിന്റെ പേരോ ?
------------------------------------
അപകടം പിണഞ്ഞു ചോര വാര്‍ന്നു ബോധമില്ലാതെ കിടക്കുന്ന ഹതഭാഗ്യരെ രക്ഷപ്പെടുത്താന്‍ , അവനവനെ കൊണ്ട് കഴിയുന്നത് എന്തെങ്കിലും ചെയ്യുന്നതിന് പകരം തക്കം നോക്കി അവരുടെ പോക്കറ്റില്‍ കയ്യിട്ടു വാരി കിട്ടിയതൊക്കെ മോഷ്ടിക്കുന്ന ദുഷ്ടന്മാരെ
ഞങ്ങള്‍ കണ്ടിട്ടുണ്ട് . അത്തരം കഥകള്‍ കേട്ടിട്ടുണ്ട് .
ആ ഒരു വൃത്തികെട്ട നിലവാരത്തിലേക്ക് എയര്‍ ഇന്ത്യേ നീ പോകരുതായിരുന്നു .

പെരുന്നാള്‍ പോലുള്ള ആഘോഷ വേളകള്‍
കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ആറ്റു നോറ്റ് ഞങ്ങള്‍ , എങ്ങനെയെങ്കിലും കാശുണ്ടാക്കി പോകാന്‍ നോക്കും . അത്തരം സന്ദര്‍ഭങ്ങളില്‍
അവസരം മുതലെടുത്ത് നീ ഞങ്ങളുടെ പോക്കറ്റടിക്കും . അത് ഞങ്ങള്‍ സഹിക്കും .

അവധിക്കാലങ്ങളില്‍ സ്കൂളുകള്‍ അടക്കുമ്പോള്‍ , നാട്ടിലുള്ള ഞങ്ങളുടെ മാതാപിതാക്കളെയും ബന്ധുക്കളെയും ഒരു നോക്ക് കാണാന്‍ ഞങ്ങള്‍പോകുമ്പോഴും ആര്‍ത്തി പൂണ്ട നിന്റെ കൈകള്‍ വീണ്ടും ഞങ്ങളുടെ പോക്കറ്റിലേക്ക് നീണ്ടു വരും . അതും ഞങ്ങള്‍ സഹിക്കും.

പക്ഷെ , നില്‍ക്കക്കള്ളിയില്ലാതെ , ഗതികേട് കൊണ്ട് ,
തകര്‍ന്ന മനസ്സും ശൂന്യമായ കീശയുമായി ഇനിയെന്ത് എന്ന് ഒരു നിശ്ചയവുമില്ലാതെ ഞങ്ങള്‍ നാട്ടിലേക്ക് 'നിതാഖാത്തി'നെ ഭയന്ന് ജീവനും കൊണ്ട് ഓടുമ്പോള്‍ , ഈ ഒരു പ്രതിസന്ധി ഘട്ടത്തിലെന്കിലും നിന്നില്‍ നിന്ന് ഞങ്ങള്‍ അല്പം കാരുണ്യം പ്രതീക്ഷിച്ചു . പക്ഷെ നീ നിന്റെ തനിനിറം തന്നെ കാണിച്ചു .

എയര്‍ ഇന്ത്യ എന്ന് കേള്‍ക്കുമ്പോള്‍ എന്തൊക്കെപ്പറഞ്ഞാലും , നീ എത്രയൊക്കെ ദ്രോഹിച്ചാലും എവിടെയോ ഒരു നേരിയ ഇഷ്ടം നിന്നോട് ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു .. പക്ഷെ ....................!!!
ദുഷ്ടതേ , നിന്റെ പേരോ എയര്‍ ഇന്ത്യ ?... !!!!

പ്രാര്‍ത്ഥന 
-------------
നിതാഖാത്ത്
നേരിടാന്‍
നാഥാ
നീ താ
താഖത്ത് !!

*എഫ് ബി യില്‍ പല സമയങ്ങളില്‍ എഴുതിയ ചില തത്സമയ സ്റ്റാറ്റസുകള്‍ 




2013 ഏപ്രിൽ 2, ചൊവ്വാഴ്ച

അണ്ണനും തങ്കച്ചിയും







ഇന്നും ഇന്നലെയും നമ്മുടെ ചൂടുള്ള വിഷയം ഗണേഷും തങ്കച്ചിയും ആയിരുന്നു .
ഇനി ഒന്ന് രണ്ടു ദിവസം നമ്മുടെ ഇഷ്ടപ്പെട്ട വിഷയവും അതാവും . അതിനു ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല . ചൂടുള്ളതാണ് എല്ലാവര്‍ക്കും വേണ്ടത് . നമുക്കായാലും ചാനലുകാര്‍ക്ക് ആയാലും . ചൂടുള്ളത്തിന്റെ 'ആസ്വാദന നിലവാരം' മറ്റൊന്നിനും കിട്ടില്ല , അത് എയിഡ്സ് ആയാലും എന്ടോ സൾഫാൻ ആയാലും ക്യാന്‍സര്‍ ആയാലും. വിഷയത്തില്‍ എത്ര കാമ്പുണ്ട് എന്നല്ല എത്രമാത്രം എരിവുണ്ട് എന്നതാണ് എല്ലാവരുടെയും നോട്ടം .

നമുക്ക് കൊള്ളാവുന്ന ഒരു മന്ത്രിയായിരുന്നു ഗണേഷ് , യാമിനിക്ക് കൊള്ളരുതായ്മകൾ ഏറെയുള്ള ഒരു ഭർത്താവും .

ഗണേഷ് മറ്റു രാഷ്ട്രീയ നേതാക്കളിൽ നിന്ന് തികച്ചും വ്യത്യസ്തനാണ് . വിവാദങ്ങളുടെ കാര്യങ്ങളില്‍ അടക്കം . അദ്ദേഹം പേരെടുത്ത ഒരു നടൻ ആണ് എന്നതാണ് ഒന്ന്. കേരളത്തിൽ മറ്റാർക്കും കഴിയാത്ത ഒരു ബഹുമതി എന്ന് വേണമെങ്കിൽ പറയാവുന്ന കാര്യം .

കാരണം നിത്യ ഹരിത നായകന്‍ പ്രേം നസീര്‍ പോലും ഇറങ്ങി മാനം കെട്ട് തിരിച്ചു കേറേണ്ടി വന്ന മേഖല . പക്ഷെ ഗണേഷ് അവിടെയും തിളങ്ങി , സ്വഭാവ നടനായും വില്ലനായും ശത്രു സംഹാരി യായും പിന്നെ കാമുകനായും സ്റ്റണ്ട് വീരനായുമൊക്കെ .. !!

പൊതുവേ പൊതു പ്രവർത്തകരുടെ കുടുംബം ചിത്രത്തിൽ അധികം വരാറില്ല . പ്രത്യേകിച്ചും കേരളത്തിൽ . അപവാദങ്ങൾ ഉണ്ടെങ്കിലും . ആ ചരിത്രവും ഗണേഷ് തിരുത്തി . ഇന്നിപ്പോൾ കേരളത്തിന്റെ നിയമ നിർമ്മാണ സഭ പ്രക്ഷുബ്ദമായത് ഒരു മന്ത്രിയുടെ ഭാര്യയുടെ വെളിപ്പെടുത്തല്‍  കാരണമാണ് . അത് ഒരു പക്ഷെ ഗണേഷിന്റെ കാര്യത്തില്‍  മാത്രം ഉള്ള പ്രത്യേകത ആവും .

കുടുംബ കലഹം പൊതു വിഷയമല്ല , പക്ഷെ പൊതു പ്രവര്‍ത്തകന്റെ വുക്തിജീവിതം പോലും പൊതു വിഷയാകുന്നു എന്ന നിലക്ക് ഇതും 'പൊതു' ആയി വരുന്നു .

പൊതു പ്രവർത്തകരുടെ കുടുംബം പോലും ശത്രു പക്ഷത്തു നില്ക്കുന്നു എന്നത് ഗണേഷിന്റെ മറ്റൊരു പ്രത്യേകത . അച്ഛന്‍ പിള്ളയുടെ നല്ല പിള്ള അല്ല പണ്ടേ ഗണേഷ് . അച്ഛനെ കണ്ടുകൂടാത്ത മകനാണ് ഗണേഷ് എന്നും . പല അഭിമുഖങ്ങളിലും തുറന്നു പറച്ചിലുകളിലും ഇത് വ്യംഗ്യമായും പരസ്യമായും ഗണേഷ് പറഞ്ഞിട്ടുണ്ട് .

പക്ഷെ ഗണേഷിനു വീട്ടിലെ മുഖമല്ല നാട്ടിൽ . നാട്ടിൽ സ്വഭാവ നടന്‍ ആണ് കക്ഷി . സാധാരണ നാട്ടില്‍ പുലികളായ പലരും വീട്ടില്‍ പൂച്ചകൾ ആയിരിക്കും . ഇവിടെ ഗണേഷ് നേരെ തിരിച്ചാണ് . സിനിമാ രംഗത്തും രാഷ്ട്രീയ രംഗത്തും സാംസ്ക്കാരിക രംഗത്തും മന്ത്രി എന്ന നിലയിലും ഒക്കെ തിളങ്ങുന്ന ഗണേഷിനു സഹപ്രവർത്തകരും സുഹൃത്തുക്കളും ഗുഡ് സര്‍ട്ടിഫിക്കറ്റ് ആണ് നല്കുന്നത് പൊതുവേ .

നടി ശ്രീവിദ്യയുടെ സഹോദരനായും സംരക്ഷകനായും സഹായിയായും വരെ പ്രത്യക്ഷപ്പെട്ട ഗണേഷ് നല്ല മതിപ്പാണ് ആ രംഗത്ത് ഉള്ളവരിലും സൃഷ്ടിച്ചത് . ചില ഒച്ചയില്ലാത്ത ശബ്ദങ്ങള്‍ ആ വിഷയത്തിലും കേട്ടിരുന്നു എങ്കിലും .

ഭാര്യ ഭർത്താവിനെ അടിക്കുന്നത് അത്ര വ്യാപകമല്ല , ഇനി അത് നടന്നാലും അതാരും പരസ്യമായി പറയില്ല , ഇവിടെ ആ പതിവും ഗണേഷ് തെറ്റിച്ചു .

സ്വന്തം വീട്ടിൽ മോശക്കാരനായ ഒരാള്‍ക്ക്‌ നാട്ടില്‍  നല്ലവനാകാന്‍  കഴിയുമോ ?
സ്വന്തം ഭാര്യയോടു പോലും നീതി കാണിക്കാത്ത ഒരാൾക്ക്‌ മറ്റുള്ളവരോട് നീതി പാലിക്കാൻ കഴിയുമോ എന്നൊക്കെ നല്ല ചോദ്യങ്ങൾ ആണ് . ചിന്തിപ്പിക്കേണ്ടവയും .

ഗണേഷിന്റെ രാജി സൈബർ ലോകം പോലും 'വേണ്ടത്ര' ആഘോഷിച്ചില്ല എന്നത് ഒരു പൊതു പ്രവർത്തകൻ എന്ന നിലക്ക് ഗണേഷിനു കിട്ടിയ ഒരു ഓസ്ക്കാര്‍ ആണ് . ചില നേരിയ അപശബ്ദങ്ങളെ കേട്ടുള്ളൂ എന്നത് ഗണേഷ് എന്ന മന്ത്രിയെ ജനങ്ങൾ ഇഷ്ടപ്പെട്ടിരുന്നു എന്നത് തന്നെയാണ് കാണിക്കുന്നത് .

ഒരു കാര്യം ഉറപ്പാണ് . പിള്ളയെ പോലെയല്ല പിള്ളയുടെ പിള്ള . നല്ല കാഴ്ചപ്പാടും പരിഷ്ക്കരണ മനസ്ഥിതിയും സജീവതയും കര്‍മ്മകുശലതയും ഗണേഷ് കാണിച്ചിട്ടുണ്ട് . മുന്‍പ് മന്ത്രി ആയപ്പോഴും ഇപ്പോഴും .

എല്ലാം കൂട്ടി വായിക്കുമ്പോള്‍ ചില ദുരൂഹതകൾ എവിടെയൊക്കെയോ മണക്കുന്നുണ്ട് . അത് പുറത്തു വരേണ്ടത് ഗണേഷ് തന്നെ പറഞ്ഞ പോലെ ഒരു പൊതുപ്രവർത്തകൻ എന്ന നിലക്ക് ഗണേഷിന്റെ ആവശ്യമാണ്‌ .

പണവും പദവിയും സ്ഥാനമാനങ്ങളും സുഖസൌകര്യങ്ങളും ഒക്കെയുണ്ടായിട്ടും മനസമാധാനം ഇല്ലെങ്കിൽ പിന്നെ ആ മനുഷ്യൻ തന്നെയല്ലേ ഏറ്റവും വലിയ 'ദാരിദ്രര്‍' ?

ഒരു രാജി യോടെ നമ്മുടെ വിഷയം തീര്‍ന്നു . വിവാഹമോചനത്തി ലൂടെ ഒരു പക്ഷെ തങ്കച്ചിയുടെ വിഷയവും തീരും . നമുക്ക് മറ്റൊരു ചൂടുള്ള വിഷയം കിട്ടിയാല്‍ നാം അങ്ങോട്ട്‌ ചാടും . ഗണേഷിന് മറ്റൊരു ഭാര്യ കിട്ടിയാൽ അദ്ദേഹത്തിന്റെതും തീരും . ഇനിയും ഒരംഗത്തിന് ആല്ല നൂറങ്കത്തിനു അദ്ദേഹത്തിനു ബാല്യമുണ്ട് . അദ്ദേഹം ഇനിയും കൂടുതല്‍ ശക്തിയോടെ തിരിച്ചു വരും . തങ്കച്ചി ക്കും ഒരു പക്ഷെ മറ്റൊരു ജീവിതം ഉണ്ടായേക്കാം .

പക്ഷെ അച്ഛന്റെയും അമ്മയുടെയും ഏറ്റുമുട്ടലുകള്‍ക്കിടയില്‍ നിസ്സംഗരായി നില്ക്കുന്ന മക്കള്‍ക്ക്‌ ഇത് എന്നും ചൂടുള്ള വിഷയം തന്നെയാവും . ആരൊക്കെ എന്തൊക്കെ കൊടുത്താലും മക്കൾ എവിടെയൊക്കെ എത്തിയാലും അച്ഛനും അമ്മയ്ക്കും പകരം ഈ ലോകത്ത് മറ്റെന്താണ് ഉള്ളത് ?

ഓരോ വേര്‍പിരിയലുകളും തീരാത്ത നെടുവീര്‍പ്പുകൾ ആകുന്നത് ഇവിടെയാണ്‌ !!

2013 മാർച്ച് 31, ഞായറാഴ്‌ച

നിതാഖാത്ത് നേരിടാന്‍ വേണം താഖത്ത് !




പത്തു പന്ത്രണ്ടു വര്‍ഷമായി സൌദിയില്‍ ജീവിക്കുന്ന ഒരാളാണ് ഞാന്‍ .
ഒരു അന്യനാട് എന്ന നിലക്ക് ഇവിടെ വന്ന അന്ന് മുതല്‍ ഇവിടുത്തെ നിയമം അനുസരിച്ചാണ് ജീവിച്ചത്. ഇപ്പോഴും ജീവിച്ചു കൊണ്ടിരിക്കുന്നത് . ഒരേ ഒരു സ്പോണ്സര്‍ ക്ക് കീഴില്‍ ആണ് ജോലി ചെയ്തത് .
അനധികൃതമായി ഒന്നും ചെയ്യാന്‍ ശ്രമിച്ചിട്ടില്ല . അതിന്റെ ആവശ്യവും അല്ലാഹുവിന്റെ കൃപയാല്‍ വന്നിട്ടില്ല .

പുറത്തു കേള്‍ക്കുന്നതും പ്രചരിപ്പിക്കുന്നതും മാത്രമല്ല സത്യം .
വിഷയങ്ങളോട് സത്യസന്ധമായി സമീപിക്കുകയും വസ്തുനിഷ്ടമായി മനസ്സിലാക്കുകയും ചെയ്തിട്ടല്ല 'നിതാഖാത്ത്' എന്ന പുതിയ സൗദി നിയമത്തെ പലരും വ്യാഖ്യാനിക്കുന്നതും അതിനെതിരെ തിരിയുന്നതും !

സത്യം പറഞ്ഞാല്‍ ഇന്ന് ഇവിടെ 'നാടുവിടല്‍ ' ഭീഷണി അനുഭവിക്കുന്ന വിദേശികള്‍ ഒക്കെയും സൗദി നിയമം അനുസരിച്ച് ഇവിടെ തങ്ങുന്നവരല്ല , കഫീല്‍ എന്ന ആളെ തീരെ കാണാത്തവര്‍ മുതല്‍ തീരെ ബന്ധപ്പെടാത്തവര്‍ വരെ ഇവിടെ ഉണ്ട് .

ഞാന്‍ വന്ന അന്ന് മുതല്‍ക്കെ കേട്ട് തുടങ്ങിയതാണ് സൗദി വല്‍ക്കരണം . ഏകദേശം പന്ത്രണ്ടു വര്ഷം മുന്‍പ് മുതല്‍ . പക്ഷെ ഇത്ര കാലം ഈ ഗവണ്മെന്‍റ് ആ വിഷയത്തില്‍ ഒരു മൃദു സമീപനം ആണ് സ്വീകരിച്ചത് .. ആ മൃദു സമീപനം നമ്മള്‍ പരമാവധിയും അതിനു അപ്പുറവും ഉപയോഗിച്ചു . സൂചിപ്പഴുതിലൂടെ അകത്ത് കടന്നു അതില്‍ കുന്തം കയറ്റി വലുതാക്കി, ഒടുവില്‍ ഒരു പാട് ആളുകള്‍ക്ക് കടന്നു പോകാന്‍ പരുവത്തില്‍ വലിയ ഗുഹയാക്കി മാറ്റി . ആ ഗുഹയിലൂടെ നുഴഞ്ഞു കയറി , വേണ്ടതും വേണ്ടാത്തതും ചെയ്തു കൂട്ടി . എല്ലാ വൃത്തി കെട്ട പരിപാടികളും ഇവിടെയും തുടങ്ങി . വാറ്റു മുതല്‍ വ്യഭിചാരം വരെ  നടത്തി .
ഏറ്റവും ഒടുവില്‍ താമസ സ്ഥലത്ത് നിന്ന് പെണ്‍കുട്ടിയെ കിഡ്നാപ്പ് ചെയ്യാന്‍ വരെ ധൈര്യം കാണിച്ചു . ഉമ്ര വിസക്ക് വന്നു കാലങ്ങളോളം ഇവിടെ അനധികൃതമായി തങ്ങി . ഒടുവില്‍ ഉമ്ര യുടെ പേരില്‍ വര്‍ഷങ്ങളായി നടന്നു വന്നിരുന്ന അനധികൃത നിയമ ലംഘനം ഫിന്ഗര്‍ പ്രിന്റ്‌ വഴിയും മറ്റു നവീന സാങ്കേതിക മാര്‍ഗങ്ങളും ഉപയോഗിച്ച് സൗദി നിയമത്തിന്റെ വരുതിയില്‍ നിര്‍ത്തി ..
എന്നിട്ടും അനുഭാവ പൂര്‍വമാണ് ഈ ഗവണ്മെന്റ് വിദേശികളോട് പെരുമാറിയത് .

ഇപ്പോള്‍ ഇവിടെയുള്ള യുവാക്കള്‍ക്ക് ജോലിയില്ല , സ്വന്തം പൌരന്മാര്‍ക്ക് പണിയില്ലാതെ വരികയും മറ്റു നാട്ടുകാര്‍ എല്ലാ മേഖലയും കയ്യടക്കുകയും ചെയ്യുമ്പോള്‍ അത് ഏതു രാജ്യമാണ് സഹിക്കുക ? ഏതു രാജ്യക്കാരാന് പൊറുക്കുക ?

തമിഴനും ബംഗാളിയും നമ്മുടെ നാട്ടില്‍ ഈ നിലക്ക് നിറഞ്ഞു കവിഞ്ഞാല്‍ , നമുക്ക് ജോലിയില്ലാതെ വന്നാല്‍ നമ്മുടെ സര്‍ക്കാര്‍ എന്ത് ചെയ്യും എന്ന് ആലോചിച്ചു നോക്കൂ . ഈ വിഷയം സൌദിയെ വലിയ ഒരു അഭ്യന്തര വിപ്ലവത്തിലേക്ക് നയിക്കും എന്ന അകലക്കാഴ്ച യാണ് ഇപ്പോള്‍ നടക്കുന്ന ഈ കര്‍ക്കശ നിലപാടിനു കാരണം .

പിന്നെ പത്തമ്പത് വര്‍ഷം നമ്മെ തീറ്റിപ്പോറ്റുകയും നമ്മുടെ എല്ലാ ധൂര്‍ത്തിനും ആഡംബരങ്ങള്‍ക്കും നില മറന്നുള്ള പെരുമാറ്റങ്ങള്‍ക്കും കാരണമാകുകയും ചെയ്ത ഒരു നാടിനെ അവരുടെ നാടിന്റെ നന്മക്ക് വേണ്ടി അവര്‍ നടപ്പാക്കുന്ന നിയമങ്ങളുടെ പേരില്‍ ആക്രമിക്കുന്നതും ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങള്‍ ബലൂണ്‍ പോലെ ഊതി വീര്‍പ്പിച്ചു പ്രചരിപ്പിക്കുന്നതും സത്യം പറഞ്ഞാല്‍ നന്ദി കേടാണ് .. ഏതായാലും ഇനിയും കൂടുതല്‍ കാലം നമുക്ക് ഇവിടെ നില്‍ക്കാന്‍ കഴിയില്ല , അതിനു പറ്റിയ മാര്‍ഗങ്ങള്‍ നാം ആരായുക ..

പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ധൈര്യ പൂര്‍വ്വം നേരിടുക .. നമുക്ക് ജീവിക്കാന്‍ പറ്റിയ കാലാവസ്ഥയും ചുറ്റുപാടും നമ്മുടെ നാട്ടില്‍ തന്നെ കണ്ടെത്തുക ..

അല്ലാതെ ഇത്ര കാലം നമ്മെ പാലൂട്ടിയ അമ്മയുടെ 'ആരോഗ്യപരമായ ' ചികിത്സയെ പഴിച്ചു പാല്‍ തന്ന ആ അമ്മയുടെ നെഞ്ചത്ത് തൊഴിക്കാതിരിക്കുക !!!

2012 ജനുവരി 2, തിങ്കളാഴ്‌ച

വാമൊഴിക്കു വാരല്‍ മൊഴി






മുറ്റത്ത് കോണ്‍ ക്രീറ്റ് ഇട്ട് മഴ വെള്ളത്തെ ഒഴുക്കി കളയുകയും മലവും മൂത്രവും മലിനജലവും കോണ്‍ ക്രീറ്റ് ടാങ്കിനകത്ത് സൂക്ഷിക്കുകയും ചെയ്യുന്ന തലതിരിഞ്ഞ ആസൂത്രണം തിരുത്താന്‍ സമയമായി.
                                                                                           - എ.പി. അബ്ദുള്ളക്കുട്ടി


  • പുറത്തു വിടുന്നത് സ്വീകരിക്കാനും സൂക്ഷിക്കാനും  ചില 'ടാങ്കുകള്‍' ഉണ്ടായത് ഏതായാലും   നന്നായി .. അല്ലെങ്കില്‍ ഇപ്പോള്‍ എന്താകുമായിരുന്നു കഥ ?


എമ്മെന്നും ടിവിയും തമ്മില്‍ ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു . ഗൌരിയമ്മയെ വിവാഹം കഴിക്കാന്‍ ടി.വി.തോമസ്‌ തയ്യാറായിരുന്നില്ല . വിവാഹത്തിനു തയ്യാറായില്ലെങ്കില്‍ മന്ത്രിയാക്കില്ലെന്നു എം.എന്‍. തീര്‍ത്ത്‌ പറഞ്ഞു.
                                                                                             - പി.ഗോവിന്ദപ്പിള്ള

  • ഒരു മന്ത്രിക്കു ഒരു  ഭാര്യ ഫ്രീ ..



സംവിധായകനായ സലിം അഹ്മദ് ഇനിയും അത്ഭുതങ്ങള്‍ കാണിക്കും . ആദാമിന്റെ മകന്‍ ഒരു സാമ്പിള്‍ വെടിക്കെട്ട്‌ മാത്രമാണ്
                                                                                            - സലിം കുമാര്‍

  • സലിം അഹ്മദ് ഇനിയും അത്ഭുതങ്ങള്‍ കാണിക്കും . സലിം കുമാര്‍ ഇനിയും വളിപ്പുകളും കാണിക്കും .


പുസ്തകം വായിക്കുകയോ സാഹിത്യ സംബന്ധിയായ ആശയങ്ങള്‍ ഒരാധിയായി കൊണ്ട് നടക്കുകയോ ചെയ്യുന്ന ആളുകള്‍ ചാനലുകളില്‍ ഒന്നിലുമില്ല . അപ്പന്‍ തച്ചെത്തിനെ അവര്‍ക്കറിയില്ല . റീമ കല്ലിങ്ങലിനെയും റോമയെയും മാത്രമേ അറിയൂ. ഈ അഭിനവ ജേര്‍ണ ലിസ്റ്റ് കളെ സൃഷ്‌ടിച്ച പ്രസ് അക്കാദമി ഇതിനു സമാധാനം പറയണം
                                                                                         - എം.കെ. ഹരികുമാര്‍

  • ജേര്‍ണലിസ്റ്റുകളുടെ കാലം കഴിഞ്ഞു. ഇപ്പോള്‍ 'ജീര്‍ണ്ണലിസ്റ്റുകളുടെ' കാലമാണ് 



മുല്ലപ്പെരിയാരിനെ ചൊല്ലി പത്രക്കാരും ചാനലുകാരും പരക്കം പായുന്നു. ചില മന്ത്രി മാര്‍ ഏത്തപ്പഴം ബനിയനില്‍ വെച്ച് നിരാഹാരമിരിക്കുന്നു
                                                                                      - പുനത്തില്‍ കുഞ്ഞബ്ദുള്ള 

  • ചിലര്‍ ഗ്യാലറിയില്‍ ഇരുന്ന് വാചകമടിക്കുന്നു



കൈ പൊങ്ങുകേലെന്നു പറയുന്ന ജോസഫ് രണ്ടു കയ്യും ഭയങ്കരമായി പൊക്കി  VEDIO ക്ക് മുമ്പില്‍   നില്‍ക്കുന്നു
                                                                                         - വെള്ളാപ്പള്ളി നടേശന്‍ 

  • ജോസഫ് കൈ പോക്കുന്നു , ചിലര്‍ നാക്ക് കൊണ്ട് മറ്റുള്ളവരുടെ മുണ്ട് പൊക്കുന്നു..


ലോകത്ത് മറ്റേതു ജീവികള്‍ ജനിച്ചാലും പരസഹായമില്ലാതെ സഞ്ചരിക്കാന്‍ സാധിക്കുമെങ്കില്‍ ഒരാളുടെയും സഹായമില്ലാതെ ഒരടി അനങ്ങാന്‍ സാധിക്കാത്തത് മനുഷ്യ കുഞ്ഞിനാണ് ..
                                                                                - ജസ്റ്റിസ് കെ.ടി. തോമസ്‌ 

  • അവന്‍ എണീറ്റ്‌ കഴിഞ്ഞാല്‍ പിന്നെ അടി തുടങ്ങുകയല്ലേ . കുറച്ചു കാലമെങ്കിലും ഒരടി നടക്കാന്‍ കഴിയാതെ കിടക്കട്ടെ എന്ന് സ്രഷ്ടാവ് കരുതിക്കാണും .


മാടമ്പി സംസ്ക്കാരം നിലനില്‍ക്കുന്ന ഒരേയൊരു സ്ഥലം മലയാള സിനിമയാണ്. സൂപ്പര്‍ താരം സെറ്റില്‍ വരുമ്പോള്‍ ഒരു പെണ്‍കുട്ടി എഴുന്നേല്‍ക്കാന്‍ മടിച്ചാല്‍ 'അവളെ പറഞ്ഞു വിട്ടേക്കൂ' എന്ന് പറയും
                                                                                                         - വിനയന്‍ 

  • ആറാം തമ്പുരാന്‍ , നരസിംഹം, താന്തോന്നി, പ്രമാണി, മാടമ്പി എന്നൊക്കെ നിങ്ങള്‍ തന്നെയല്ലേ അവര്‍ക്ക് പേര് വിളിച്ചത്? വളര്‍ത്തു ദോഷം എന്നലാതെ എന്ത് പറയാന്‍?



2011 ഡിസംബർ 25, ഞായറാഴ്‌ച

പ്രതിധ്വനി




< ദൈവം ഉണ്ടെന്നു തെളിഞ്ഞു. മാധ്യമങ്ങള്‍ ഇനിയെങ്കിലും പ്രതികരിക്കാന്‍ കഴിയാത്തവരെ കെട്ടിയിട്ടു നടത്തുന്ന 
വിമര്‍ശം നിര്‍ത്തണം > 
- ടോമിന്‍ തച്ചങ്കരി 

@ പലരും അങ്ങനെയാണ്. സ്വയം രക്ഷപ്പെടുമ്പോള്‍ പറയും : ദൈവം ഉണ്ടെന്ന്.


< എഴുതിയില്ലെങ്കില്‍ മരിച്ചു പോകും എന്നൊന്നും തോന്നിയിട്ടില്ല > 
- അഷ്ടമൂര്‍ത്തി 

@ ചിലര്‍ എഴുതിയാലാണ് മരിച്ചു പോകുക , എഴുത്തുകാര്‍ അല്ല ; വായനക്കാര്‍ 

< മുഖ്യ ധാര പ്രസ്ഥാനത്തില്‍ നിന്ന് കൊണ്ട് സര്‍വതന്ത്ര സ്വതന്ത്രനെ പോലെ പൊതുതാത്പര്യം പറയാന്‍ 
ബുദ്ധിമുട്ടാണ് . മറ്റേതെങ്കിലും പാര്‍ട്ടി യിലായിരുന്നു എങ്കില്‍ ഞാന്‍ പണ്ടേ പുറത്താകുമായിരുന്നു > 
- വി.എം.സുധീരന്‍

@ അളമുട്ടിയാല്‍ കൊണ്ഗ്രസ്സും കടിക്കും 

< ഉമ്മന്‍ ചാണ്ടിയും വി.എസും നല്ല ടീമാണ്. അങ്ങോട്ടുമിങ്ങോട്ടും മത്സരിച്ചു മുന്നേറാന്‍ പറ്റും . ഇത് രണ്ടു 
കൂട്ടര്‍ക്കും ഗുണം ചെയ്യും.. തങ്ങള്‍ മെച്ചപ്പെട്ടത് മറുപക്ഷം കാരണമാണ് എന്ന് അവരറിയുന്നില്ല എന്നേയുള്ളൂ... > 
- ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം 

@ ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല . ഇവരോട് പൊറുക്കേണമേ ...

<ദുരിതമനുഭവിക്കുന്ന വരോട് മുഖ്യ മന്ത്രി ആശ്വാസ വാക്ക് പറയുമ്പോള്‍ വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട പണിയാണ് 
ഉമ്മന്‍ ചാണ്ടി ചെയ്യുന്നതെന്ന് കോടിയേരി പരിഹസിച്ചു. ഇ.കെ. നായനാരും എ.കെ.ആന്റണിയും വി.എസും 
മുഖ്യമന്ത്രി മാരായിരുന്നപ്പോള്‍ വില്ലേജ് ഓഫീസര്‍മാരും ഉദ്യോഗസ്ഥരും കൃത്യമായി ജോലി ചെയ്തിരുന്നെങ്കില്‍ 
ആളുകള്‍ക്ക് പരാതിയുമായി ജന സമ്പര്‍ക്ക പരിപാടിക്ക് പോകേണ്ടിയിരുന്നില്ല > 
- ബി.ആര്‍.പി. ഭാസ്ക്കര്‍

@ ജനതര്‍ക്ക പരിപാടിക്കൊക്കുമോ ജന സമ്പര്‍ക്ക പരിപാടി ?

< വിയറ്റ്നാമിനെപ്പറ്റി ഇന്നും കവിതയെഴുതുന്ന എഴുത്തുകാരും ബുദ്ധിജീവികളും ഇന്ത്യ യുടെ വിവിധ ഭാഗങ്ങളില്‍ 
നടക്കുന്ന വര്‍ഗീയ ഫാസിസം കാണാതെ പോകുകയാണ് .. അവര്‍ ഗുരുതരമായ മൌനം പാലിക്കുകയാണ് > 

- എന്‍.എസ്. മാധവന്‍ 

@ കഥയും എഴുതാമല്ലോ.. കവികളെ ഏല്‍പ്പിച്ചു കഥാകാരന്മാര്‍ എവിടെ പോകുന്നു?

< ഞാന്‍ മുഖ്യ മന്ത്രി ആയാല്‍ ഒറ്റ റോഡും പുതുതായി ഉണ്ടാക്കില്ല . റോഡ്‌ നന്നാക്കലാണ്‌ വികസനം എന്ന് 
കരുതുന്നവരുണ്ട്.. പക്ഷെ ഉള്ള റോഡുകള്‍ ലിങ്ക് ചെയ്തു ഗതാഗതക്കുരുക്ക് പരിഹരിക്കുകയാണ് വേണ്ടത് എന്ന് 
എനിക്കറിയാം.> 

- സന്തോഷ്‌ പണ്ടിട്റ്റ് 

@ 'ലിങ്ക്' ആണല്ലോ പണ്ടിട്റ്റ് നെ സൃഷ്ടിച്ചത്.. മുഖ്യ മന്ത്രി ആയാല്‍ എല്ലാ വകുപ്പും ഞാന്‍ തന്നെ 
കൈകാര്യം ചെയ്തോളും എന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം ..!!!

<നൂറു ദിവസം ഓടുന്ന സിനിമ ഉണ്ടാക്കിയിട്ട് കാര്യമില്ല എന്ന് എനിക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു . നൂറു ദിവസം 
കഴിഞ്ഞും ചര്‍ച്ച ചെയ്യപ്പെടേണ്ട സിനിമകളാണ് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത് > 

- കമല്‍

@ ഇനി അങ്ങനെ പറയലാണ് നല്ലത്. നൂറു പോയിട്ട് ആറ് ദിവസം പോലും ഓടിക്കാന്‍ ഇപ്പോള്‍ പറ്റുന്നില്ല അല്ലെ?














- ചിത്രങ്ങള്‍ക്കും കാരിക്കെച്ചറുകള്‍ക്കും കടപ്പാട്  

2011 ഡിസംബർ 21, ബുധനാഴ്‌ച

പ്രതികരണങ്ങള്‍ പ്രതികാരങ്ങള്‍ ആവാതെ


ഇ- ഇടങ്ങളിലെ എഴുത്തിന്റെ പ്രധാന ഗുണങ്ങളില്‍ ഒന്ന്  വായനക്കാരന്റെ പ്രതികരണം ചൂടോടെ അറിയാം എന്നതാണ്. അച്ചടി മാധ്യമങ്ങളില്‍ വന്ന ഒരു സൃഷ്ടിയെ കുറിച്ച് വായനക്കാരന്റെ മനസ്സറിയാന്‍ എഴുത്തുകാരന്‍ ഏറെ കാത്തിരിക്കണം. ഏറിയാല്‍ ഒന്നോ രണ്ടോ പ്രതികരണങ്ങള്‍ കിട്ടിയാലായി. അത് തന്നെ പത്രാധിപരുടെ ഔദാര്യം ഉണ്ടെങ്കില്‍ മാത്രം..


പക്ഷെ ഇ - ഇടങ്ങളിലെ  പ്രതികരണങ്ങള്‍ എഴുത്തുകാരന്റെ മുമ്പിലേക്ക് തുരുതുരാ വന്നു കൊണ്ടിരിക്കും. ലോകത്തിന്റെ ഏതു ഭാഗത്ത്‌ നിന്നും ഞൊടിയിടയില്‍ പ്രതികരണങ്ങള്‍  വരും.
അതില്‍ ഇഷ്ടങ്ങളുണ്ടാകും. അനിഷ്ടങ്ങളുണ്ടാകും. കുറ്റപ്പെടുത്തലുണ്ടാവും സുഖിപ്പിക്കലും ദു:ഖിപ്പിക്കലും ഉണ്ടാകും .


പ്രതികരണങ്ങള്‍ക്കും കമന്റുകള്‍ക്കും ഇ ഇടങ്ങളിലെ സ്വാധീനം കുറച്ചൊന്നുമല്ല . 
അതുകൊണ്ട് തന്നെ കമന്റിനു വേണ്ടി അതിസാമര്‍ത്ഥ്യം കാണിക്കുന്നവരും യാചന നടത്തുന്നവരും 
ഉണ്ട്  ഇവിടെ. കമന്റു കിട്ടാന്‍ വേഴാമ്പലിനെ പോലെ കാത്തിരിക്കുന്നവര്‍ . കിട്ടിയ കമന്റ് മതിയാവാതെ നിരാശ പൂണ്ടവര്‍ . മറ്റുള്ളവന്റെ കമന്റ് കണ്ട് അസൂയ കൊള്ളുന്നവര്‍ കമന്റിനു വേണ്ടി ചാറ്റിലൂടെയും മെന്‍ഷന്‍ വഴിയും ഉളുപ്പില്ലാതെ ആവശ്യപ്പെടുന്നവര്‍ ,  ഇവിടെ കിട്ടാന്‍ അവിടെ പോയി കൊടുക്കുന്നവര്‍ . ഓരോ കമന്റിനും സ്വയം മറുപടി എഴുതി കമന്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു സായൂജ്യമടയുന്നവര്‍ .. ഇങ്ങനെ ഇ ഇടങ്ങളില്‍  കമന്റിനു വേണ്ടി നടക്കുന്ന കളികള്‍ ഏറെ രസകരമാണ്, വിചിത്രവും. ചിലപ്പോഴൊക്കെ ഈ കളികള്‍ വഴിവിട്ടതാകുന്നു ; ലജ്ജാകരവും .


തികച്ചും ബാലിശമായ തനി തറ പോസ്റ്റുകള്‍ കമന്റുകള്‍ കൊണ്ട് നിറഞ്ഞു കവിയുന്നത് കണ്ടിട്ടുണ്ട് .
മികച്ച  പോസ്റ്റുകള്‍ തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ അനാഥമായിക്കിടക്കുന്നതും കണ്ടിട്ടുണ്ട് . ഇതില്‍ നിന്ന് മനസ്സിലാകുന്നത്‌ പ്രതികരണങ്ങള്‍ ഭൂരിഭാഗവും വെറും ഉപരിപ്ലവമായ  പുറം ചൊറിയലുകള്‍ മാത്രമാണ് എന്നാകുന്നു .


പ്രതികരണങ്ങള്‍ പൊതുവേ സുഖിപ്പിക്കല്‍ , അഭിനന്ദിക്കല്‍ , നിരൂപിക്കല്‍ , വിമര്‍ശിക്കല്‍ എന്നിങ്ങനെ നാലു വിധമുണ്ട് . ഇവ ഓരോന്നും വ്യത്യസ്ത രീതിയിലാണ് ഓരോരുത്തരെയും സ്വാധീനിക്കുക.


സുഖിപ്പിക്കല്‍ വെറുതെ ഒരു പുറം ചൊറിയല്‍ മാത്രമാണ്. അവിടെ ഒരേ ഒരു ലകഷ്യം മാത്രം. അവനെ / അവളെ / ഒന്ന് രസിപ്പിക്കുക .  അത് കൊണ്ട് കാര്യമായ ദോഷം ഒന്നും വരാനില്ല . ഗുണം ഉണ്ട് താനും. 
ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ. അവിടെ കൊടുത്താല്‍ ഇവിടെ കിട്ടും.


പക്ഷേ , ഇത് തികച്ചും കാപട്യമാണ്.. 'ഇങ്ങനെ പറയാന്‍ മാത്രമൊന്നുമില്ല എന്നാലും കിടക്കട്ടെ ...' എന്ന ഒരു ഉള്‍ധ്വനി ഇവിടെ മുഴങ്ങി കേള്‍ക്കാം. വെറും ഉപരിപ്ലവമായ വാചക കസര്‍ത്തുകള്‍ . ഇതിനായി ചില സ്ഥിരം വാചകങ്ങള്‍ തന്നെയുണ്ട്‌ . കിടിലന്‍ , കിക്കിടിലന്‍ , തുടങ്ങി 'നീയൊരു പുലി' തന്നെ വരെ.. !
കമന്റിന്റെ എണ്ണം നോക്കി ആശ്വസിക്കുന്നവര്‍ക്ക് ഈ പരിപാടി ഏറെ ഗുണം ചെയ്യും...! 


പക്ഷെ , അഭിനന്ദനം  അങ്ങനെയല്ല. അത്  നല്‍കുന്നവനും സ്വീകരിക്കുന്നവനും സന്തോഷം പകരുന്ന കാര്യമാണ്.  ഇത് ഇഷ്ടപ്പെടാത്തവര്‍ ആരുമുണ്ടാകില്ല . അഭിനന്ദനം ഉള്ളില്‍ നിന്ന് വരുന്നതാണ്. അതില്‍ കാപട്യത്തിന് പഴുതില്ല . ഇവിടെ വാക്കുകള്‍ ധാരാളം ഉപയോഗിക്കാം . കൂടുതല്‍ ആത്മസംയമനം പാലിക്കേണ്ട കാര്യമില്ല . നല്‍കുന്നവനും സുഖം. കിട്ടുന്നവനും സുഖം . ഒരെഴുത്തുകാരന് കിട്ടുന്ന ഏറ്റവും ഹൃദ്യമായ സമ്മാനം ആണ് അഭിനന്ദനങ്ങള്‍ ..


വിമര്‍ശനം കൂട്ടത്തില്‍ ഏറെ കടുപ്പമേറിയതാണ്‌.. ഇവിടെ നല്ല പക്വതയും ആത്മസംയമനവും പാലിച്ചേ തീരൂ. വ്യക്തി വിരോധം , അസൂയ , ദ്വേഷ്യം , മറ്റുള്ളവരുടെ വളര്‍ച്ചയില്‍ അസഹിഷ്ണുത ഇവയൊക്കെ കടന്നു വരാനുള്ള പഴുതുകള്‍ യഥേഷ്ടം ഉള്ള ഒരു 'മുറിപ്പെടുത്തല്‍' മാര്‍ഗം.
ഇവിടെ തെറ്റ് മാത്രമേ കാണുന്നുള്ളൂ. അത് ചൂണ്ടിക്കാണിക്കുമ്പോള്‍ മനസ്സിന് മുറിവേല്‍ക്കാന്‍  സാധ്യത ഏറെ! പ്രത്യേകിച്ചും പരസ്യമായി ഇത് നിര്‍വഹിക്കുമ്പോള്‍ .


വിമര്‍ശനം എല്ലാവരും ഒരേ പോലെയല്ല ഉള്‍ക്കൊള്ളുക .
അവന്‍ എന്നെ വിമര്‍ശിക്കാന്‍ ആര്? അവന് അതിനുള്ള യോഗ്യത എന്ത് ? തുടങ്ങിയ ആത്മ രോഷത്തില്‍ നിന്നും ഉയരുന്ന ചോദ്യങ്ങള്‍ വിമര്‍ശനത്തിനു ഇരയാകുന്നവന്റെ മനസ്സില്‍ അസ്വസ്ഥത സൃഷ്ടിക്കും.
ഏറെ ശ്രദ്ധയോടെ നടത്തേണ്ടുന്ന ഒരു കാര്യമാണ് വിമര്‍ശനം.
വിമര്‍ശകര്‍ക്ക് ശത്രുക്കള്‍ കൂടുന്നത് ഇത് കൊണ്ടാണ് .


വിമര്‍ശനം നടത്തുന്ന ആളെ കുറിച്ച് വിമര്‍ശിക്കപ്പെടുന്ന ആള്‍ക്ക് വ്യക്തി ബന്ധം ഉണ്ടാകുക , 
ഗുണ കാംക്ഷിയാണ് എന്ന ഉത്തമ ബോധ്യം നില നിലനില്‍ക്കുക , 
ഗുരു തുല്യന്‍ ആകുക , 
വിമര്‍ശിക്കപ്പെടുന്ന ആള്‍ക്ക് വിമര്‍ശകന്റെ കഴിവില്‍ മതിപ്പുണ്ടാകുക,  
അയാളുടെ ആത്മാര്‍ഥത ബോധ്യപ്പെടുക  
ഇത്തരം ഗുണവിശേഷങ്ങള്‍ ഉള്ള വ്യക്തികളില്‍ നിന്ന് എത്ര രൂക്ഷമായ വിമര്‍ശനം ഉണ്ടായാലും അത് സന്തോഷപൂര്‍വ്വം ആരും സ്വീകരിക്കും. അവരുടെ ഭാവിക്ക് അത് കരുത്ത് പകരും...!!

സത്യത്തില്‍ എന്നെ വിമര്‍ശിച്ചോളൂ എന്ന് പറയുന്നവരെ ഒന്ന് കാര്യമായി വിമര്‍ശിച്ചു നോക്കൂ .
അപ്പോള്‍ അറിയാം തനിനിറം. ഇത് ബ്ലോഗില്‍ മാത്രമല്ല ; ഫേസ് ബുക്കിലും ഇങ്ങനെ തന്നെ. അപവാദങ്ങള്‍ ഇല്ലെന്നല്ല .


ഭൂരിഭാഗം ആളുകളും പൊക്കിപ്പറയുന്നത് നന്നായി ആസ്വദിക്കും . വിമര്‍ശനത്തില്‍ അസഹിഷ്ണുത കാണിക്കും. പിന്നെ അവനെ ആ കണ്ണുകൊണ്ട് തന്നെ കാണും. കലാക്കാലം . ഒരേ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ആളുകളാണെങ്കില്‍ പ്രത്യേകിച്ചും. നടപ്പ് രീതി അങ്ങനെയാണ്.


അതിനു വേറെ ഒരു കാരണം കൂടിയുണ്ട്. പലര്‍ക്കും വിമര്‍ശിക്കാന്‍ അറിയില്ല  . സുഖിപ്പിച്ചു പറയുന്ന അത്ര എളുപ്പമല്ല വിമര്‍ശനം. വിമര്‍ശം പലപ്പോഴും മുറിപ്പെടുത്തല്‍ ആകുന്നു.. ഏതൊരു കുഞ്ഞു പക്ഷിക്കും എളുപ്പത്തില്‍ മുറിപ്പെടുന്ന ഒരു മനസ്സുണ്ട്. അത് കൊണ്ട് നയപരമായി കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചാല്‍ പ്രശ്നം ഉണ്ടാവില്ല . മാത്രമല്ല അത് എഴുത്തുകാരന് ഒരു തിരിച്ചറിവിന് കാരണമാകുകയും ചെയ്യും.


നിരൂപണം തിരിച്ചറിവിനുള്ള നല്ല മാര്‍ഗമാണ് .
ഇവിടെ കുറച്ചു കൂടി സംയമനം ആവശ്യമാണ്‌..  വിഷയത്തെ കുറിച്ച് നല്ല ബോധ്യം വേണം ഒന്ന്. രണ്ട് ,  നല്ലതും ചീത്തയും വേര്‍ തിരിച്ചു കാണാനുള്ള കണ്ണ് .
ഒരാളുടെ വളര്‍ച്ചയും അഭ്യുന്നതിയും കാംക്ഷിക്കുന്നവര്‍ ഈ മാര്‍ഗം സ്വീകരിക്കുന്നതാണ് നല്ലത്. നല്ല കയ്യടക്കവും മന:സംയമനവും പാലിക്കേണ്ട രീതിയാണിത്.. ഇവിടെ മുറിപ്പെടുത്തുന്നില്ല , മുറിവുള്ള ഭാഗങ്ങള്‍ സ്നേഹത്തോടെ ചൂണ്ടി ക്കാണിച്ചു കൊടുക്കുകയാണ് .. വളരാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഏറെ ഉപകാരപ്പെടുന്ന ഒരു മാര്‍ഗം .


കുറ്റം മാത്രം കണ്ടു പിടിക്കാന്‍ ഭൂതക്കണ്ണാടി വെച്ച് നടക്കുന്നവരുണ്ട് . ഞാന്‍ കേമന്‍ എന്ന് അവരുടെ അക്ഷരങ്ങളില്‍ നിന്ന് വായിച്ചെടുക്കാം . അവര്‍ മറ്റുള്ളവരെ വിമര്‍ശിച്ചു കൊണ്ടേ ഇരിക്കും . തിരിച്ചു ഒന്ന് കിട്ടിയാല്‍ കോപാന്ധന്‍ ആവുകയും ചെയ്യും. ചില പരിഹാസക്കാര്‍ക്കും ഉണ്ട് ഈ സ്വഭാവം . അവര്‍ എല്ലാവരെയും കളിയാക്കും . തിരിച്ചൊന്നു കിട്ടിയാല്‍ വല്ലാതെ ക്ഷമ കേടു കാണിക്കുകയും ചെയ്യും.

പിന്നെ എന്തൊക്കെ പറഞ്ഞാലും ഗുണകാംക്ഷികളുടെ വിമര്‍ശനം ഏതൊരു എഴുത്തുകാരനെയും നന്നാക്കും .. അത്തരം ഗുണ കാംക്ഷികളുടെ സ്വരം നമുക്ക് പ്രത്യേകം തിരിച്ചറിയാനാവും .....



സോഷ്യല്‍ മീഡിയകളില്‍ അഭിനന്ദനവും , നിരൂപണവും ആവും ആരോഗ്യകരം എന്ന് തോന്നുന്നു .
കാരണം ഒരു പൊതു സമൂഹത്തിന്റെ മുമ്പില്‍ വെച്ച് അവമതിക്കപ്പെടാന്‍ ആരും ഇഷ്ടപ്പെടുന്നില്ല . അതാരും പൊറുക്കുകയും ഇല്ല . എത്ര വലിയ സഹൃദയന്‍ ആണെന്ന് അഹങ്കരിക്കുന്നവനാണ് എങ്കില്‍ പോലും.


മാമ്പൂ കണ്ടും മക്കളെ കണ്ടും അഹങ്കരിക്കരുത് എന്ന് പറഞ്ഞപോലെ കമന്റ് കണ്ടും ഫോളോവേഴ്സിനെ കണ്ടും അഹങ്കരിക്കരുത് എന്ന് മാത്രം..!!!



2011 നവംബർ 3, വ്യാഴാഴ്‌ച

ദേശാടനക്കിളി കരയാറില്ല




സ്വപ്നം നിറയെ ദേശമുള്ള ഞാനും ദേശാടനം മാത്രം ചിന്തിച്ചു പറക്കുന്ന നീയും എങ്ങനെ സമന്മാരാകും...?

നിനക്ക് എങ്ങോട്ടെങ്കിലും പറന്നു എന്തെങ്കിലുമൊക്കെ തിന്ന് എത്തിച്ചെരുന്നിടം ദേശമായി കണ്ടു നടക്കാം..

എന്റെ മനസ്സ് നിറയെ എന്റെ കൂടാണ്...

അവിടെ എന്നെ കാത്ത് കണ്ണില്‍ എണ്ണ ഒഴിച്ച് ഇരിപ്പുണ്ട് എന്റെ പെണ്‍കിളി .. 

എന്നെ മാത്രം സ്വപനം കണ്ട് 

ഉറങ്ങുന്നുണ്ട് എന്റെ കണ്മണികള്‍...

എന്നെ ഞാനാക്കിയ അമ്മിഞ്ഞ തന്നു പാലൂട്ടിയ കുഴിഞ്ഞ കണ്ണുകളിലും എന്നെ പരതുന്ന  അമ്മക്കിളിയുണ്ട് .. 

എന്നെ ഒന്നിനു മാത്രം പോന്നവനാക്കിയ അച്ഛനുണ്ട്‌... 

ഈ വേരുകള്‍ക്ക് സുഖമമായി മണ്ണില്‍ ഇറങ്ങിപ്പോകാനാണ് ഞാന്‍  ഇങ്ങനെ തളരും വരെ എന്റെ ചിറകുകള്‍അടിച്ചു 

പറക്കുന്നത് ... 

നിനക്കറിയുമോ? ഞാന്‍ കിതക്കുമ്പോഴോക്കെ എനിക്ക് കുതിപ്പ് തരുന്നത് എന്റെ ഈ വേരുകളാണ്! ഞാന്‍ വെള്ളവും 

വളവും നല്‍കി വളര്‍ത്തി വലുതാക്കിയ ആ മരം പൂത്തു നില്‍ക്കുന്നത് കാണുമ്പോള്‍ എന്റെ മനസ്സാണ് പൂക്കുക ... 

എനിക്ക് ആ പൂക്കാലം മാത്രം മതി... 

നീ അലയുക... 

ഞാന്‍ എന്റെ വേരുകള്‍ക്ക് വേണ്ടി അഴലിലും അലയട്ടെ... 

സംസാരിച്ചു നില്‍ക്കാന്‍ സമയമില്ല... 

എനിക്ക് നിന്നെപ്പോലെയല്ല ചെയ്യാനും സഫലമാകാനും ഇനിയുമുണ്ട് ഒരു പാട്....

ഗുഡ് ബൈ! 

2011 ഒക്‌ടോബർ 17, തിങ്കളാഴ്‌ച

ഹായില്‍ സ്ട്രീറ്റിലെ അപ്പൂപ്പന്‍ താടികള്‍





ഓഫീസിലേക്ക് വരുമ്പോള്‍ തൂവലുകള്‍ പോലെ എന്തോ കുറെ എണ്ണം എന്റെ തലയ്ക്കു മീതെ പറന്നു വന്നിരുന്നു.. 
തലയിലും കഴുത്തിലും കൈകളിലും മൃദുലമായ, ഇക്കിളിപ്പെടുത്തുന്ന തലോടല്‍ .. 
നോക്കുമ്പോള്‍ നമ്മുടെ അപ്പൂപ്പന്മാരാണ്..
അപ്പൂപ്പന്‍ താടികള്‍.. ..!

എനിക്ക് വല്ലാത്ത കൌതുകം തോന്നി.. 
എവിടെ നിന്നാണ് കൊച്ചു പക്ഷികളെ പോലെ ഇവ കൂട്ടം കൂട്ടമായി പറന്നു വരുന്നത്?
ഞാന്‍ നാലുപാടും നോക്കി .. 
വലിയ മതില്‍ക്കെട്ടിന്റെ അകത്തേക്ക് എന്റെ ദുര്‍ബലമായ കണ്ണുകള്‍ക്ക്‌ പ്രവേശന മില്ലാത്തത് കൊണ്ട് 'വെള്ളപ്പറവ'കളുടെ കൂട് കണ്ടെത്താനുള്ള എന്റെ ശ്രമം പരാജയപ്പെട്ടു..

കൂട്ടത്തില്‍ ഒന്ന് രണ്ടെണ്ണം എടുത്തു ഞാന്‍ ഓമനിച്ചു.. 
നനുത്ത മിനുമിനുപ്പുള്ള കുഞ്ഞു താടികള്‍ എന്നെ എങ്ങോട്ടോക്കെയോ കൂട്ടിക്കൊണ്ടു പോയി.. ഒന്ന് രണ്ടെണ്ണത്തിനെ പിടിച്ചു വെച്ച് ഞാന്‍ എന്റെ പോക്കറ്റിലിട്ടു..
അവ ഇപ്പോഴും കീശയില്‍ സുഖമായി ഉറങ്ങുന്നുണ്ട്‌!

കുട്ടിക്കാലത്ത് പണ്ടെങ്ങോ കണ്ടതാണ്... 
കയ്യില്‍ കിട്ടിയാല്‍ പിന്നെ ഒരു ഊത്താണ്.. 
പറന്നു പോകുന്നത് കാണാന്‍ നല്ല രസം .. 
അതിലേറെ എനിക്കിഷ്ടം ആ പേരാണ്..
നല്ല കാല്പനികമായ ആ പേര് ആരാണാവോ ഇവക്കിട്ടത്...
അപ്പൂപ്പന്‍ താടി..! സൂപ്പര്‍ പേര്..

ഇവ ഏതോ ചെടിയുടെ കായ പൊട്ടിപ്പിളര്‍ന്ന് വരുന്നതാണ്..
ഏതു ചെടിയാണ് ഈ പറവകളെ പറത്തിവിടുന്നത്?

ഇന്ന് എന്റെ ചിന്ത മുഴുവനും അപ്പൂപ്പന്‍ താടികള്‍ ആയിരുന്നു..

പിതാവിന് കുഞ്ഞു താടിയെ ഉണ്ടായിരുന്നുള്ളൂ .. അതിന്മേല്‍ ഒന്ന് ഉഴിയാന്‍ മോഹമുണ്ടായിരുന്നു.. നടന്നില്ല.. പേടിയായിരുന്നു.. 

അപ്പൂപ്പന്‍ ഇല്ലാത്തത് കൊണ്ട് അതും സാധിച്ചില്ല.. 
വെളുത്ത നൂല് പോലെയുള്ള അപ്പൂപ്പന്റെ താടിയില്‍ സ്നേഹപൂര്‍വ്വം പിടിക്കാന്‍ നല്ല രസം കാണും അല്ലെ... 
യഥാര്‍ത്ഥ അപ്പൂപ്പന്റെ താടിയില്‍ ഉഴിയാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ന് ഞാന്‍ ഈ അപ്പൂപ്പന്മാരെ മതിയാവോളം ആസ്വദിച്ചു...
ഇപ്പോള്‍ ഒരു ആശങ്ക : ഇവ കീശയില്‍ കിടന്നു വാടിപ്പോകുമോ?

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്