2014, നവംബർ 12, ബുധനാഴ്‌ച

കത്ത്
അവസാനിക്കാത്ത 
കാത്തിരിപ്പിന്റെ പേരായിരുന്നു 
കത്ത് 

'കത്തി'നോടൊപ്പം 
ഒരു ദീര്‍ഘമിട്ടാല്‍ 
'കാത്ത്' ആയി
ആ നിലക്ക് 
കത്തും കാത്തും 
ഇരട്ടക്കുട്ടികളാണ്!

കത്തുണ്ടോ 
കാത്തിരിപ്പും 
ഉണ്ട്

ഒരു പാട് ദൂരെ നിന്ന് 
പുറത്തെഴുതിയ മേല്‍വിലാസക്കാരനെ തേടി 
കാതങ്ങളേറെ സഞ്ചരിച്ചു 
അലഞ്ഞു തിരിഞ്ഞു 
കൈകളിലെത്തും
പൊട്ടിക്കുന്നതും കാത്ത് 
പറയാന്‍ വെമ്പി
ചാരെ അണയും

അക്ഷരങ്ങളില്‍ നിറയെ 
സ്നേഹവും 
വിരഹവും 
പരിഭവവും 
നെടുവീര്‍പ്പും 
തീരാത്ത വിശേഷങ്ങളുമായിരിക്കും

ചിലത് വല്ലാതെ പൊള്ളിക്കുന്നവ
ചിലത് നുള്ളി നോവിക്കുന്നവ 
ചിലത് ഉള്ളുലയ്ക്കുന്നവ 
ചിലത് ഹൃദയത്തില്‍ കുളിര്‍ മഴയായി 
ഇറ്റി വീഴുന്നവ

ഒട്ടിച്ച് വെച്ച അരികുകളില്‍ പോലും 
എഴുതിയിട്ടുണ്ടാവും 
കുറെ സങ്കടങ്ങള്‍ 
പരിദേവനങ്ങള്‍ 
വിട്ടു പോയതും പറയാന്‍ മറന്നതും 
ഓര്‍മ്മയില്‍ അന്നേരം വന്നു മുട്ടി വിളിച്ചതും 
ഒക്കെ വക്കുകളില്‍ 
ആവും
ശ്വാസം അടക്കിപ്പിടിച്ചു കിടക്കുന്നത്

പിന്നെയും പിന്നെയും വായിക്കാനും 
എടുത്ത് ഓമനിക്കാനും 
തലയണക്കടിയില്‍ വെച്ച് 
കൂടെത്തന്നെയുണ്ടെന്ന് 
സമാധാനിക്കാനും
ഇടയ്ക്കിടെ എടുത്തു നോക്കാനും 
പ്രിയപ്പെട്ടവളുടെ 
ലോല മനസ്സ് 
വായിച്ചെടുക്കാനും

മഷികൊണ്ടല്ല 
മനസ്സ് കൊണ്ടാണ് എഴുത്ത് 
കടലാസ്സല്ല 
ഹൃദയമാണ്  
നാലായി മടക്കി  
അടക്കം ചെയ്തിട്ടുണ്ടാവുക 

ഒരിഞ്ചു സ്ഥലം പോലും ബാക്കിയുണ്ടാവില്ല   
കുനുകുനെ കാണാം 
കുസൃതിക്കണ്ണുകളുമായി 
കുറെ അക്ഷരപ്പൂക്കള്‍ 

ചിലപ്പോള്‍ 
അവള്‍ക്കു കൊടുക്കേണ്ട 
ഉമ്മ പോലും 
കൊടുക്കും  
കത്തിന് !

ചിലത് വായിച്ച് 
ഉറക്കം നഷ്ടപ്പെട്ടിണ്ട് 
ചിലത് വായിച്ചു പരിസരം മറന്നു 
ഉറക്കെ പൊട്ടിച്ചിരിച്ചിട്ടുണ്ട്
ചിലത് വായിച്ചു കണ്ണീര്‍ വീണു 
അക്ഷരങ്ങള്‍ നനഞ്ഞിട്ടുണ്ട്

പോസ്റ്റുമാന്‍ വരുന്നതും കാത്ത്  
അയാളുടെ സൈക്കിളിന്റെ 
മണിയടിക്കു കാതോര്‍ത്ത് 
കാത്തിരുന്നിട്ടുണ്ട്

ഇന്നില്ലെങ്കില്‍ 
നാളെ ഏതായാലും ഉണ്ടാകും എന്ന് 
മനസ്സിനെ പറഞ്ഞു 
പറ്റിച്ചിട്ടുണ്ട്

തപാല്‍ പെട്ടി കാണുമ്പോഴൊക്കെ 
ഒരു ചങ്കിടിപ്പ് 
അറിയാതെ 
ഉണരുന്നത് 
അറിഞ്ഞിട്ടുണ്ട്

കത്തോ 
കാത്തിരിപ്പോ 
ഇല്ലാത്ത ഇന്ന് 
ഞാന്‍ കാത്തിരിക്കുന്നു 
ഒരു കത്തിനായി

എഴുതുമോ 
പ്രിയേ , 
ഒരിക്കല്‍ കൂടി 
എനിക്കൊരു കത്ത്!!

OO 

* കവിതയാണെന്ന് ശരിയായോ തെറ്റായോ ധരിക്കരുത് *

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്