2014, നവംബർ 12, ബുധനാഴ്‌ച

അരുവി

ജിദ്ദ ലക്കി ദര്‍ബാറില്‍ നടന്ന പെരിന്തല്‍മണ്ണ എന്‍ ആര്‍ ഐ കുടുംബവേദിയുടെ പരിപാടിയില്‍ വെച്ചാണ് അശ്രഫിനെ രണ്ടാം വട്ടം കാണുന്നത് . 

ഞങ്ങള്‍ ഫ്രണ്ട്സ് ആയിട്ട് അധിക കാലമൊന്നും ആയില്ല . എന്നിരുന്നാലും ഇന്‍ബോക്സിലൂടെ പലപ്പോഴും സംസാരിക്കാറുണ്ടായിരുന്നു . കഴിഞ്ഞ ആഴ്ച നേരില്‍ കാണാനും 'കാര്യമായി' പരിചയപ്പെടാനും അവസരവും കിട്ടിയതുമാണ് . 

യോഗം കഴിഞ്ഞ ഉടനെ അദ്ദേഹം വന്നു കൈപിടിച്ച് എന്നെ കൂട്ടിക്കൊണ്ടു പോയത് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അടുത്തേക്കാണ് . ഭാര്യയെയും കുട്ടികളെയും ഒക്കെ പരിചയപ്പെടുത്തിത്തന്നിട്ട് അദ്ദേഹം പറഞ്ഞു . 
'എന്നെക്കാള്‍ നിങ്ങളെ വായിക്കുന്നത് ഇവളാണ് ..' 

'വായിക്കാറുണ്ട് . പക്ഷേ അഭിപ്രായം ഒന്നും എഴുതാറില്ല .. '

എന്റെ മക്കളെ കുറിച്ചും ഭാര്യയെക്കുറിച്ചും ഒക്കെ ചോദിച്ചറിഞ്ഞ ശേഷം അവള്‍ പറഞ്ഞു . 
'ഒരു ദിവസം വീട്ടിലേക്കു വരണം ..' 
അപ്പോള്‍ അശ്രഫും കൂടി പറഞ്ഞു . ഞാന്‍ വിളിക്കാം . നിങ്ങളുടെ റൂമിന്റെ ലൊക്കേഷന്‍ ഒക്കെ എനിക്കറിയാം . അന്നങ്ങനെ പറഞ്ഞു പിരിഞ്ഞു . 

ഇന്നലെ രാത്രി ഏകദേശം ഒരു എട്ടര മണിക്കുണ്ട് 
അഷ്‌റഫ്‌ വിളിക്കുന്നു . ഞാന്‍ നിങ്ങളുടെ റൂമിന് താഴെയുണ്ട് . ഒന്ന് വസ്ത്രം മാറ്റി വരൂ . നമുക്ക് വീട് വരെ ഒന്ന് പോകാം . 

അപ്രതീക്ഷിതമായ വിളി ആയിരുന്നു എങ്കിലും ഞാന്‍ പെട്ടെന്ന് ഇറങ്ങി . അശ്രഫിന്റെ കാറില്‍ കേറി . അദ്ദേഹത്തിന്‍റെ കൂടെ ഒരു സുഹൃത്തും ഉണ്ടായിരുന്നു . 

ഒരു പത്തിരുപത് മിനിറ്റ്  നേരത്തെ ഓട്ടത്തിന് ശേഷം കാര്‍ ഒരു ഹോട്ടലിനു മുമ്പില്‍ നിര്‍ത്തി . 
ഞാന്‍ ആ ഹോട്ടലിന്റെ പേര് ഇങ്ങനെ വായിച്ചു : 
മത്അം മബ്രൂക് . 

കാര്‍ പാര്‍ക്ക് ചെയ്തു അഷറഫ് പറഞ്ഞു . 
വരൂ ഇറങ്ങൂ ഈ ഹോട്ടലിലാണ് എനിക്ക് ജോലി . 

താമസം ഇതിന്റെ മുകളില്‍ തന്നെ . ഹോട്ടലിന്റെ സൈഡിലുള്ള ഒരു ഇരുമ്പുവാതില്‍ തുറന്ന് ഞങ്ങള്‍ അകത്തു കടന്നു . ആദ്യമായി ഒരു ഇരുമ്പു കോണിയാണ് കണ്ടത് . കുത്തനെയാണ് കോണിയുടെ കിടപ്പ് . അഷ്‌റഫ്‌ പറഞ്ഞു . ശ്രദ്ധിച്ചു കേറിക്കോ ളിന്‍ . ഞങ്ങള്‍ക്ക് പിന്നെ എക്സ്പെര്‍ട്ട് ആയതാണ് . പറഞ്ഞ പോലെ തന്നെ സൂക്ഷിച്ചു കേറിയില്ലെങ്കില്‍ വീഴാനുള്ള സാധ്യത ഏറെയാണ്‌ .
ഞാന്‍ സൂക്ഷിച്ചാണ് കേറിയത്‌ . 

കേറി ചെല്ലുന്ന ഭാഗത്ത്‌ തന്നെ വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നു  . 

അഷ്‌റഫ്‌ അകത്തു കേറി എന്നെ അകത്തേക്ക് ക്ഷണിച്ചു . 
വിശാലമായ ഒരു ഡൈനിംഗ് ഹാളിലേക്കാണ് കടന്നു ചെന്നത് . ഒരു പ്രത്യേക ലോകത്ത് എത്തിയ പ്രതീതിയായിരുന്നു എനിക്ക് . ചുമരുകള്‍ നിറയെ വര്‍ണ്ണ വിസ്മയം . നിറക്കൂട്ടുകളുടെ മായിക പ്രപഞ്ചം എനിക്ക് മുമ്പില്‍ തുറക്കപ്പെട്ട പോലെ . 
നിറയെ ഒരു പാട് വര്‍ണ്ണ ചിത്രങ്ങള്‍ . നിറങ്ങളുടെ മനോഹരമായ സംലയനം . 
ഇരിക്കും മുമ്പേ ഞാന്‍ ആ ചിത്രങ്ങള്‍ ആസ്വദിക്കുകയാണ് ചെയ്തത് . 
ആശയ നിര്‍ഭരവും അര്‍ത്ഥ സമ്പുഷ്ടവുമായ ചിത്രങ്ങളിലൂടെ ഞാന്‍ ഒരു വേള സ്വയം മറന്നു ലയിച്ചു നിന്ന് പോയി . 

വര്‍ണ്ണങ്ങളില്‍ ഗഹനമായ അര്‍ഥതലങ്ങള്‍ ഒളിപ്പിച്ചു വെച്ച കവിതയൂറുന്ന നൂറുക്കണക്കിനു ചിത്രങ്ങള്‍ . ഇത്രയേറെ ചിത്രങ്ങള്‍ വരച്ചു വെച്ചത് മറ്റാരുമല്ല . അഷ്‌റഫ്‌ തന്നെ !!! 

ഹോട്ടല്‍ ജീവനക്കാരനായ ഒരു മനുഷ്യന്‍ വര്‍ണ്ണങ്ങള്‍ കൊണ്ട് മായാ ജാലങ്ങള്‍ സൃഷ്ടിച്ചു വെച്ചിരിക്കുകയാണ് . കണ്ണെടുക്കാന്‍ തോന്നാത്ത നിരവധി ചിത്രങ്ങള്‍ . ചിത്രങ്ങളില്‍ ദേശീയ അന്തര്‍ദേശീയ സമകാലിക വിഷയങ്ങള്‍ സന്നിവേശിപ്പിച്ചിരിക്കുന്നു . 
അമേരിക്കയും ഇസ്രയേലും ഫലസ്തീനും കണ്ണ് കെട്ടിയ നീതി ദേവതയും പവിത്രമായ സ്ത്രീ എന്ന തലം വിട്ട് ഉപഭോഗ വസ്തു മാത്രമായി പെണ്ണിനെ കാണുന്ന അഭിനവ മനസ്സിന്റെ ചിത്രീകരണം വരെ അഷ്‌റഫിന്റെ കരങ്ങളിലൂടെ നിറഞ്ഞു കവിഞ്ഞു വിരിഞ്ഞു 
നില്‍ക്കുന്നു . എവിടെ നോക്കിയാലും അവിടെയൊക്കെ ചിത്രങ്ങളും ചിത്രങ്ങള്‍ വരക്കാനുള്ള ഉപകരണങ്ങളും . 

അഷ്‌റഫ്‌ വെറും ഒരു പത്താം ക്ലാസ്സുകാരനാണ് . പത്താം ക്ലാസ് പഠിക്കുമ്പോഴാണ് ഉമ്മാക്ക് അസുഖം പിടി പെട്ട് കിടപ്പിലായത്‌ . ഉപ്പ ഒരു വൈദ്യരായിരുന്നു . ഉമ്മയെ ശുശ്രൂഷിക്കാന്‍ അഷ്‌റഫ്‌ തന്നെ മുന്നിട്ടിറങ്ങുക യായിരുന്നു . രണ്ടര കൊല്ലമാണ് ഉമ്മ കിടന്നത് . ഉമ്മയുടെ ഒരു നിഴലായി അഷ്‌റഫ്‌ കൂടെ നിന്നു . ഒപ്പം അടുക്കളപ്പണിയും ചെയ്തു കൊണ്ടിരുന്നു . ഉപ്പാക്ക് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ ഉണ്ടാക്കി കൊടുക്കും അഷ്‌റഫ്‌ . ഉമ്മയോട് ചോദിച്ചറിഞ്ഞും മനസ്സിലാക്കിയും പാചകം പഠിച്ചു . 

അന്ന് ഉമ്മയുടെ ക്ലാസ്സില്‍ നിന്ന് പഠിച്ച ആ പാഠങ്ങള്‍ ആയി പിന്നെ ഗള്‍ഫില്‍ വന്ന ശേഷം ഉപജീവന മാര്‍ഗം . ഇന്ന് വലിയ ഒരു ഹോട്ടലിന്റെ നടത്തിപ്പുകാരനായി സ്വയം മാറിയപ്പോഴും ഉമ്മ പഠിപ്പിച്ചു കൊടുത്ത കൈപുണ്യവും ഉമ്മയെ സേവിച്ച പുണ്യവുമായി 
നിറഞ്ഞ സംതൃപ്തിയോടെ അഷ്‌റഫ്‌ ജീവിതം നയിക്കുന്നു . 

ചിത്രകാരന്‍ മാത്രമല്ല കവിയും കൂടിയാണ് അഷ്‌റഫ്‌ . ബില്‍ എഴുതുന്ന പേപ്പറിന്റെ പിറകിലും മറ്റു കടലാസ് കഷ്ണങ്ങളിലും ഒക്കെയാണ് കവിത എഴുതുക . 

വേണ്ടത്ര വായനയോ വിദ്യാഭ്യാസമോ ഇല്ലാതിരുന്നിട്ടും അഷ്‌റഫ്‌ ആരെയും അറിയിക്കാതെ , ആരോടും പറയാതെ തന്റേതായ ലോകത്ത് വരച്ചും എഴുതിയും കഴിഞ്ഞു കൂടി . 

പത്തിരുപതു വര്‍ഷങ്ങളോളം ജിദ്ദയില്‍ കഴിഞ്ഞിട്ടും ആശ്രഫ് എന്ന പ്രതിഭയെ ആര്‍ക്കും അറിയില്ലായിരുന്നു . ഇയ്യിടെയാണ് അഷ്‌റഫിനെ ഒരു സംഘം സുഹൃത്തുക്കള്‍ കണ്ടെത്തുന്നതും അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും ആദരിക്കുന്നതും   . 

ജിദ്ദയിലെ സാംസ്ക്കാരിക സംഘടയായ ഗ്രന്ഥപ്പുരയാണ് അഷ്‌റഫിനെ രംഗത്ത്‌ കൊണ്ട് വരുന്നത് . ആ ആദരിക്കല്‍ ചടങ്ങ് കഴിഞ്ഞി ട്ട് ഒരാഴ്ച ആവുന്നേയുള്ളൂ . പക്ഷേ ഇപ്പോഴും ജിദ്ദയ്ക്ക് അഷ്‌റഫ്‌ എന്ന് പറഞ്ഞാല്‍ ആരാണെന്ന് അറിയില്ല . പക്ഷേ വേറെ ഒരു പേര് പറഞ്ഞാല്‍ ഇപ്പോള്‍ എല്ലാവരും അറിയും . 
അരുവി മോങ്ങം !!! 

അരുവി ചിത്രം വരക്കുന്നത് ബ്രഷ് കൊണ്ട് മാത്രമല്ല , സ്കൈല്‍ , കത്തി , നഖം , കൈവിരലുകള്‍ , കാല്‍വിരലുകള്‍ , സ്പോഞ്ച് അങ്ങനെ എന്തും ഏതും അരുവിയുടെ പണി ആയുധം ആണ് . 

ചിത്രങ്ങളുടെ മാസ്മരികതയില്‍ ലയിച്ചു അങ്ങനെ ഇരിക്കുമ്പോഴേക്കും ജ്യൂസുമായി അരുവിയുടെ മകന്‍ സമീഹ് എത്തി . അധികം വൈകാതെ പത്തിരിയും കോഴിക്കറിയും . സ്നേഹത്തിന്റെ തളികകളില്‍ 'പൂവി'യുടെ പാചക മിടുക്കിന്റെ രുചി ഭേദങ്ങള്‍ . 

പ്രതിഭ വളരാനും വികസിക്കാനും അവസരങ്ങള്‍ക്ക് നല്ല സ്വാധീനം ഉണ്ട് . അവസരം കിട്ടാതെ  എത്രയെത്ര പ്രതിഭകള്‍ വിടരും മുമ്പേ കരിഞ്ഞു പോകുന്നു . 
കൂട്ടത്തില്‍ 'കട്ടയില്‍ കിടന്നു കതിര് വരുന്ന' ഇത്തരം അത്ഭുതങ്ങളും നമ്മുടെ മുമ്പിലുണ്ട് . 

സഹധര്‍മ്മിണിയുടെ സപ്പോര്‍ട്ടും പിന്തുണയും ആണ് അരുവിയുടെ ഏറ്റവും വലിയ ശക്തി . വിമര്‍ശിച്ചും അഭിനന്ദിച്ചും നിരൂപിച്ചും പൂവി അരുവിക്കൊപ്പം ഒരു നിഴലായി കൂടെ തന്നെയുണ്ട് . പൂവിയെ കുറിച്ച് പറയുമ്പോള്‍ അരുവിയ്ക്ക് ആയിരം നാക്കാണ് . 

രണ്ടു ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും അടങ്ങുന്ന അരുവിയുടെ കുടുംബം 'ഒരു അരുവി' പോലെ ബഹള ങ്ങളൊന്നും ഇല്ലാതെ ശാന്തമായി ഒഴുകുന്നു . 

Aruvi Mgm
Sune Ashraf Sune

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്