2014, നവംബർ 12, ബുധനാഴ്‌ച

വരി വളയാതെ




വരി വളയാതെ എഴുതി പഠിക്കാന്‍ നാല് വര , രണ്ടു വര കോപ്പി ഉണ്ടായിരുന്നു അന്ന് 
പഠിക്കുന്ന കാലത്ത് . വരി വിട്ടു അക്ഷരങ്ങള്‍ ഒന്ന്  ഇറങ്ങുകയോ കേറുകയോ ചെയ്താല്‍  അവയ്ക്ക്  കീഴെ ടീച്ചര്‍ ചെമന്ന മഷി കൊണ്ട് രണ്ടു വര വരക്കും . ഒടുക്കം പേജിനു കുറുകെ നല്ല വലുപ്പത്തില്‍ ഒരു ശരിയും തരും . ചുവന്ന ശരികള്‍ കാണുന്നതോടെ മുഖം പ്രകാശിക്കും 
കൂടെ , ഗുഡ് എന്നോ വെരി ഗുഡ് എന്നോ കിട്ടിയാല്‍ അന്ന് 'ബല്യ 'പെരുന്നാള്‍ !!

കണക്ക് ,  സയന്‍ സ് നോട്ടു ബുക്കുകള്‍  വരയില്ലാത്തത് ആയിരിക്കണം . 
കുറെ ചിത്രങ്ങളൊക്കെ വരക്കാനുണ്ടാകും . അതുകൊണ്ട്  
വരകളുള്ള ബുക്ക് പറ്റില്ല . വരയില്ലാത്ത ബുക്കിലൂടെ വളയാതെ എഴുതുന്നത്‌ വലിയ ബുദ്ധിമുട്ടുള്ള കാര്യം തന്നെയായിരുന്നു .

പിന്നെയാണ് വരയില്ലാത്ത നോട്ടു ബുക്കില്‍ എഴുതാന്‍ 
ഒരു സൂത്രം കിട്ടിയത്  . എന്റെ കൂട്ടുകാരന്‍ വിജയനാണ് 
ആ തന്ത്രം പറഞ്ഞു തന്നത് . വിജയന് അവന്റെ ചേച്ചി പറഞ്ഞു കൊടുത്തതാണ് . 

സൂത്രം ഇതാണ് . നല്ല കട്ടിയില്‍ പേനകൊണ്ട് കടുപ്പിച്ചു വരച്ച ഒരു പേജ് വരയില്ലാത്ത പേജിന്റെ അടിയില്‍ വെക്കുക . മുകളിലെ പേജിലെഴുതുമ്പോള്‍ താഴെയുള്ള പേജിലെ വരകള്‍ കൃത്യമായി നിഴലിക്കും . അതിന്റെ മീതെ കൂടി എഴുതി ശീലിച്ചു വളയാതെ . 
പിന്നെപ്പിന്നെ  വരയില്ലാത്ത പേജിലും തീരെ വളയാതെ എഴുതാം എന്നായി . 

എന്തിനായിരുന്നു അന്ന് അങ്ങനെ കോപ്പി എഴുതി പഠിച്ചത് എന്ന് ഇന്നും  ഞാനാലോചിക്കാറുണ്ട് . ഇക്കാലത്ത് പേപ്പറോ , പേനയോ , മഷിയോ ,
ഒന്നും ഇല്ലാതെ എഴുതുമ്പോള്‍ , ആര് എഴുതിയാലും ഒരേപോലെ യുള്ള അക്ഷരങ്ങള്‍ ആയി മാറുമ്പോള്‍ പ്രത്യേകിച്ചും . 

പിന്നെയാണ് എഴുത്ത് മാത്രമല്ല ജീവിതവും അങ്ങനെയാണെന്ന് 
വായിച്ചെടുത്തത് .

ജീവിതമെന്ന ബുക്കിലെ വരയില്ലാത്ത കടലാസ്സിലൂടെ തെറ്റാതെ വളയാതെ എഴുതി പോകാനുള്ള ഒരു  പാഠം കൂടി  ആയിരുന്നു അത് എന്ന് പിന്നീടാണ് മനസ്സിലാവുന്നത് 

ജീവിതം എന്ന ബുക്കിലെ   എഴുത്തും ,  അതിലെ അക്ഷരങ്ങളും തെറ്റിപ്പോവുകയോ വളഞ്ഞു പോവുകയോ ചെയ്യല്ലേ എന്ന ഒരു പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ . അന്നും ഇന്നും . ലൈന്‍ തെറ്റാതെ വളയാതെ കേറിയോ ഇറങ്ങിയോ ആവാതെ മന:സാക്ഷിയുടെ ചെമന്ന മഷി കൊണ്ട് ശരിയും  ഗുഡ് എന്നോ വെരി ഗുഡ് എന്നോ ഉള്ള 'അഭിനന്ദനവും ' കിട്ടി മുന്നോട്ടു പോകണം എന്ന ആഗ്രഹവും . 

സത്യത്തില്‍ ജീവിതത്തില്‍ ഒരു പാട്  'ലൈനുകള്‍' കടന്നാണ് നാം കടന്നു പോകുന്നത് .
ആദ്യം കോപ്പി ബുക്കിലെ ലൈന്‍ 
പിന്നെ അസംബ്ലിയില്‍ നില്‍ക്കുമ്പോഴുള്ള ലൈന്‍
വീട്ടിനു അകത്തേക്ക് കറന്റ് എത്തിക്കുന്ന  ലൈന്‍
പിന്നെ അവളോടുള്ള ലൈന്‍ !!!

മാവേലി സ്റ്റോറിനു മുമ്പില്‍
ആശുപത്രിക്ക് മുമ്പില്‍,
കുടി വെള്ളത്തിന്  ,
മറ്റേ 'വെള്ളം കുടിക്ക്‌ '
സിനിമാ ടിക്കറ്റിന് 
യാത്രാ  ടിക്കറ്റിന് ...

ചുരുക്കത്തില്‍ ലൈനില്ലാത്ത ജീവിതം ഇല്ല . ഒരു ലൈനിലൂടെയും കടന്നു പോകാത്ത ഒരു മനുഷ്യനും ഇല്ല . നമ്മുടെ ജീവിതം അറിഞ്ഞോ അറിയാതെയോ ലൈനുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു .

ഇപ്പോഴിതാ ഈ ലൈനുകളെ കുറിച്ച് ഇങ്ങനെയൊക്കെ ഓര്‍ക്കാനും പറയാനും പങ്കു വെക്കാനും നാം ഉപയോഗിക്കുന്നതും മറ്റൊരു ലൈന്‍ തന്നെ . ടൈം ലൈന്‍ !!!

OO

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്