2014, നവംബർ 12, ബുധനാഴ്‌ച

ചെറുപ്പകാലങ്ങളിലുള്ള ശീലം
കുട്ടിയായി രിക്കുമ്പോള്‍  ആരുമായിട്ടെങ്കിലും തല്ലു കൂടി വീട്ടില്‍ വന്നു കാര്യം പറഞ്ഞാല്‍ ഉപ്പാന്റെയും ഉമ്മാന്റെയും വക പിന്നെയും കിട്ടും ഒരടി . 'ജ്ജ് ഓനോട്‌ തല്ലു കൂടാന്‍ പോയിട്ടല്ലേ . മേലാല് ആരേറ്റും വക്കാണ ത്തിനു പോകരുത്' 
എന്ന് ഒരു താക്കീതും തരും . ഉപ്പയും ഉമ്മയും .

എന്നാല്‍ എന്റെ സഹപാഠിയായിരുന്ന ഉമ്മറിന്റെ  വീട്ടിലെ കാര്യം നേരെ തിരിച്ചായിരുന്നു . അവന്റെ വീട്ടില്‍ അടിപിടി ഉണ്ടാക്കി ചെന്നാല്‍ അവന്റെ ഉപ്പയും ഉമ്മയും അവനോടു ചോദിക്കും . എന്നിട്ട് നീ അവനു എത്ര അടി കൊടുത്തു ? നിനക്ക് എത്ര കിട്ടി ? ഇനി കിട്ടിയത് ഏറെയും കൊടുത്തത് കുറവും ആണെങ്കില്‍ നാളെ ബാക്കി കൂടി കൊടുത്തിട്ടേ ഇങ്ങോട്ട് വരാവൂ .. എന്ന് പറയും . 
'ആരാന്റെ അടീം മാങ്ങി ചിറീം തോളിലിട്ടു ഇഞ്ഞി ഇങ്ങ് ട്ട് വരരുത്..' എന്നാണു അവനു കിട്ടിക്കൊണ്ടിരുന്ന താക്കീത് !!

പിന്നെപ്പിന്നെ എനിക്ക് തല്ലു കൂടുന്നത് തന്നെ പേടിയാണ് 
പരമാവധി തല്ലു ഉണ്ടാക്കാതിരിക്കാനാണ് ശ്രമിക്കുക 
ഇനി അത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ തോറ്റു കൊടുത്തിട്ട് ആയാലും അടി കിട്ടാതെ യും കൊടുക്കാതെയും രക്ഷപ്പെടും .

എന്നാല്‍ ഉമ്മറാവട്ടെ കച്ചറയുടെ ഉസ്താദ് ആയിരുന്നു . 
എല്‍ . പി . സ്കൂളില്‍ നിന്ന് മാത്രമല്ല ഹൈ സ്കൂളില്‍ നിന്നും അവന്‍ കുറെ അടിപിടി ഉണ്ടാക്കി . കുറെ കൊടുത്തു . കുറെ വാങ്ങി  . ചില അടികളൊക്കെ ഉണ്ടാക്കാന്‍  പിരികയറ്റി . ഒടുവില്‍ തല്ലു മുറുകുമ്പോള്‍ പെട്ടെന്ന് അവിടെ നിന്ന് അവന്‍ തടിയെടുത്തു . 'വെടിമരുന്നിന് തിരി കൊളുത്തി 'കൂട്ടുകാര്‍  തമ്മില്‍  അടി കൂടുന്നത് ദൂരെ നിന്ന് കണ്ടു രസിച്ചു  . കയ്യടിച്ചു . അടി കൂടുന്നവരെ നഖം ഉരസി പ്രോത്സാഹിപ്പിച്ചു . 

പിന്നീട് ജീവിതത്തില്‍ അവന്‍ ഒരുപാട് കേസുകളില്‍ കുടുങ്ങി . ഊരിപ്പോന്നു . പിന്നെയും കുടുങ്ങി . ഇന്ന് പഴയ ശൌര്യം ഒന്നും ഇല്ല . എന്നാലും  അവന്‍  കൊടുത്തതിന്റെ കണക്കുകള്‍ ആരെ കിട്ടിയാലും ഇപ്പോഴും അവന്‍ പറയും .

OO

ഇവിടെ ഏതു രക്ഷിതാക്കളുടെ സമീപനം ആയിരുന്നു ശരി എന്ന്  അറിയില്ല . പക്ഷേ ഒരു കാര്യം എനിക്ക് തോന്നിയത് കുട്ടികളെ ഓരോന്ന് പറഞ്ഞു ചെറുപ്പത്തിലേ  പേടിത്തൊണ്ടന്മാര്‍ ആക്കരുത് എന്നാണ്  . 

'പോത്താമ്പി' വരുന്നുണ്ട് . 'മീശക്കാരന്‍ പോക്കര്' വരുന്നുണ്ട് എന്നൊക്കെ പറഞ്ഞു കുട്ടികളുടെ അപ്പപ്പോഴുള്ള കരച്ചില്‍ മാറ്റാന്‍ ഓരോ 'ഇല്ലാ കഥ 'പറഞ്ഞു അവരുടെ ഉള്ളില്‍ അകാരണമായ ഭീതി വളര്‍ ത്തരുത് . ഇരുട്ടില്‍ പ്രേതം ഉണ്ട് ഭൂതം വരും യക്ഷി വരും എന്നൊക്കെ പറഞ്ഞു കുട്ടികളെ ഒരിക്കലും പേടിപ്പിക്കരുത് . ഉള്ള ധൈര്യം ചോര്‍ത്തി ക്കളയരുത് . പക്ഷേ ഒരു 'റൌഡി' ആയി ചെറുപ്പത്തിലെ അവനെ വളര്‍ത്തുകയും അരുത് .

ചെറുപ്പത്തില്‍ നമ്മുടെ മനസ്സില്‍ കൊത്തിവെ ക്കപ്പെടുന്ന ചില ശീലങ്ങള്‍ നമ്മുടെ ജീവിതകാലം മുഴുവനും കൂടെ കാണും . 
അത് നല്ലതായാലും ചീത്ത ആയാലും . 
വെറുതെയല്ല കവി പറഞ്ഞു വെച്ചത് : 

''ചെറുപ്പകാലങ്ങളിലുള്ള ശീലം 
മറക്കുമോ മാനുഷനുള്ള കാലം..' !

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്