2014, നവംബർ 12, ബുധനാഴ്‌ച

നമ്മുടെ കാലം പോലെയല്ല ഇക്കാലം .




നമ്മുടെ കാലം പോലെയല്ല ഇക്കാലം . മത്സര പരീക്ഷകളുടെയും 
കിടമത്സരങ്ങളുടെയും കാലമാണ് . കാലത്തോടൊപ്പം മത്സരിച്ചു നില്‍ക്കണമെങ്കില്‍ ജയിക്കണമെങ്കില്‍ കാലോചിതമായ വിദ്യാഭ്യസം നേടിയിരിക്കണം

അത് കൊണ്ട് കഴിയുമെങ്കില്‍ , സാമ്പത്തിക സ്ഥിതി അനുവദിക്കുമെന്നുണ്ടെങ്കില്‍ നമ്മുടെ മക്കള്‍ക്ക്‌ ഏറ്റവും നല്ല വിദ്യഭ്യാസം നല്‍കുക . മറ്റുള്ളവര്‍ക്ക് മുമ്പില്‍ നമ്മുടെ കുട്ടികള്‍ക്ക് ഒരു സാഹചര്യത്തിലും തല താഴ്ത്തി നില്‍ക്കേണ്ട ഒരു ഘട്ടം സൃഷ്ടിക്കാതിരിക്കുക .

മലയാളം നമ്മുടെ മാതൃഭാഷ തന്നെ . അമ്മയും മാതൃഭാഷയും ഒരു പോലെയാണ് എന്ന കാര്യത്തിലും തര്‍ക്കമില്ല . 

പക്ഷേ  മലയാളം നമ്മുടെ 'ഠ' വട്ടത്തിലെ ഉള്ളൂ എന്ന് നാം മനസ്സിലാക്കണം . കേരളം വിട്ടാല്‍ തീര്‍ന്നു നമ്മുടെ മലയാളം .

നമ്മുടെ കുട്ടികള്‍ ഒരു പക്ഷേ നാം സ്വപ്നം കാണുന്നതിലും അപ്പുറം എത്തേണ്ട കുട്ടിയായിരിക്കും . നമുക്കറിയില്ല ഭാവിയില്‍ അവന്‍ / അവള്‍ / ആരായി തീരുമെന്ന് . അത് കൊണ്ട് ഇക്കാലത്ത് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നല്ല ദീര്‍ഘ ദര്‍ശിത്വം  കാണിക്കുകയാവും മക്കള്‍ക്ക്‌ കൊടുക്കാവുന്ന  ഏറ്റവും നല്ല സമ്മാനം

ഇന്നത്തെ കാലത്ത് ഒരു മനുഷ്യന്‍ അവന്റെ ജീവിത കാലത്തിനിടയില്‍ ഒരുപാട് നാടുകളിലൂടെ സഞ്ചരിക്കേണ്ടി വരുന്നവനാണ് . അത് കൊണ്ട് ഭാഷാ പരിജ്ഞാനം പഴയ കാലത്തേക്കാള്‍ കൂടുതല്‍ അത്യാവശ്യമാണ് പുതിയ കാലത്ത് . 

ഏറ്റവും ചുരുങ്ങിയത് ലോക ഭാഷയായ ഇംഗ്ലീഷില്‍ നല്ല പരിജ്ഞാനം ഉണ്ടെങ്കില്‍ എവിടെയും സുഖകരമായി  സഞ്ചരിക്കാം 

നന്നായി ഇംഗ്ലീഷ് സംസാരിക്കണം എന്നുണ്ടെങ്കില്‍ കുട്ടികളെ  അത്തരം സ്കൂളുകളില്‍ ചേര്‍ക്കുക . അതല്ല നമ്മുടെ കുട്ടി കേരളത്തില്‍ മാത്രം ഒതുങ്ങേണ്ടവനാണ് എങ്കില്‍ മലയാളം മീഡിയം ധാരാളം .

മലയാളം മീഡിയ ത്തില്‍ പഠിച്ച കുട്ടിക്കും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയും . പക്ഷേ വ്യത്യാസമുണ്ട് . മലയാളം മീഡിയ ത്തില്‍ പഠിക്കുന്ന കുട്ടി ഇംഗ്ലീഷ് സംസാരിക്കുന്നതു പരിഭാഷപ്പെടുത്തി ആയിരിക്കും . പറയേണ്ട കാര്യങ്ങള്‍ ആദ്യം മലയാള ത്തില്‍ ചിന്തിച്ചു അത് ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയാണ് പൊതുവെ സംസാരിക്കുക . എന്നാല്‍ പറയുന്ന ഭാഷയില്‍ തന്നെ ചിന്തിക്കാനും കഴിയുമ്പോഴാണ് 'ഫ്ലുവന്റ്' ആയി സംസാരിക്കാനാവുക . 
മലയാളം മീഡിയ ത്തില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന രീതിയിലും ഈ വ്യത്യാസം പ്രകടമായി കാണാം   .

കുട്ടികളെ ഗള്‍ഫ് നാടുകളില്‍ ഒക്കെ പഠിപ്പിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുമ്പോഴും ഇംഗ്ലീഷ് മീഡിയം ആണ് രക്ഷിക്കുക . 

കാരണം ഇംഗ്ലീഷ് മീഡിയ ത്തില്‍ പഠിച്ച ഒരു കുട്ടിക്ക് മലയാളം മീഡിയ ത്തിലേക്ക് മാറേണ്ട ഒരു അവസ്ഥ വന്നാല്‍ അത് വലിയ പ്രയാസം സൃഷ്ടിക്കില്ല . എന്നാല്‍  മലയാളം മീഡിയ ത്തില്‍ പഠിച്ച ഒരു കുട്ടിക്ക് മറ്റൊരു സാഹചര്യത്തില്‍ ഇംഗ്ലീഷ് മീഡിയ ത്തിലേക്ക് മാറേണ്ടി വരുന്നത് ദുഷ്ക്കരമായിരിക്കും .

ഇന്ന് വിദേശരാജ്യങ്ങളി ലൊക്കെ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നത് നമ്മുടെ പുതിയ സ്കൂളുകളില്‍ നിന്ന് വന്ന കുട്ടികളാണ് . 
മുമ്പ് ബഖാല / ബൂഫിയ കളില്‍ ഒക്കെയായിരുന്നു തൊണ്ണൂറു ശതമാനം മലയാളികളും ജോലി ചെയ്തിരുന്നത് . ഇന്ന് അവസ്ഥ ആകെ മാറി . നമ്മുടെ നാട്ടിലുണ്ടായ വിദ്യഭ്യാസ വിപ്ലവത്തിന്റെ പ്രതിഫലനം തന്നെയാണ് ഈ മാറ്റത്തിന് കാരണം . 

ഇന്ന് ഏതൊരു രാജ്യക്കാരനോടും ഒപ്പം തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കാന്‍ പുതു തലമുറയിലെ പ്രവാസിക്ക്  കെല്പുണ്ട് . യോഗ്യതയും .

ഇംഗ്ലീഷ് മീഡിയ ത്തില്‍ പഠിച്ചു നമുക്ക് ശേഷം വന്ന പലരും ഉയര്‍ന്നു ഉയര്‍ന്നു പോകുമ്പോള്‍ ഈ പാവം മലയാളം മീഡിയ ക്കാരന്‍ വല്ലാതെ വിഷമിച്ചിട്ടുണ്ട് . പക്ഷേ എനിക്കറിയാമായിരുന്നു അന്ന് എന്റെ പിതാവിന് അതെ തരാന്‍ കഴിയുമായിരുന്നുള്ളൂ എന്ന് . എന്നാലിന്ന് ആ സങ്കടം ഞാന്‍ എന്റെ മക്കളിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുന്നു . പഠിപ്പിക്കാന്‍ കഴിയുന്നിടത്തോളം പഠിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നു . ഏതൊരു പ്രവാസിയെയും പോലെ !

എന്റെ മൂന്നു മക്കളും പഠിച്ചതും പഠിച്ചു കൊണ്ടിരിക്കുന്നതും ഇംഗ്ലീഷ് മീഡിയ ത്തിലാണ് . ഒരു ഘട്ടത്തില്‍ അവരെ കൂടെ നിര്‍ത്തേണ്ടി വരികയും ഇവിടെ പഠിപ്പിക്കേണ്ടി വരികയും ചെയ്തപ്പോള്‍ ആണ് ആ തീരുമാനം എത്ര നന്നായി എന്ന് ബോധ്യപ്പെട്ടത്.

എന്ന് വെച്ച് മക്കള്‍ ഒരിക്കലും  മലയാളം കൈവിട്ടിട്ടില്ല . 
സെക്കന്റ് ലാങ്ങുവേജ് മലയാളം എടുത്തത് കൊണ്ട് കൂടിയാവണം  
തെറ്റില്ലാതെ മലയാളം എഴുതാനും വായിക്കാനും പറയാനും അവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും  ഇല്ല  . 

മലയാളം നമ്മുടെ മാതൃഭാഷയാണ് എന്ന നിലക്ക് അതുമായി ഉള്ള പൊക്കിള്‍ കൊടി ബന്ധം വേര്‍പെടുത്താതിരിക്കുക . 
നമ്മുടെ ഭാഷയെ അമ്മയെ പോലെ സ്നേഹിക്കുക . കൂട്ടത്തില്‍ 
ലോകത്തോടൊപ്പം , കാലത്തോടൊപ്പം സഞ്ചരിക്കാന്‍ മറ്റു  ഭാഷകളില്‍ കൂടി പ്രവീണ്യം നേടുക . അതിനു താഴെ തട്ടില്‍ നിന്ന് തന്നെ ശ്രമം നടത്തുക .

പറഞ്ഞു വരുന്നത് ഇതാണ് . പഠിപ്പിക്കാന്‍ കഴിവും സാമ്പത്തിക ശേഷിയും ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്കുക . കാലത്തോടൊപ്പം കുട്ടികളും വളരണം എന്നുണ്ടെങ്കില്‍  അതാണ്‌ വേണ്ടത് . 

മലയാളത്തെ അമ്മയെ എന്ന പോലെ സ്നേഹിക്കുക 
മറ്റു ഭാഷകളെ പ്രണയിക്കുക  . 
സ്വന്തമാക്കാന്‍ ശ്രമിക്കുക 
ഒരു ഭാഷയും മറ്റൊരു ഭാഷയ്ക്ക് ഭീഷണി ആണ് എന്ന് കരുതാതിരിക്കുക

ഒരു ഭാഷയും നമ്മുടെ ശത്രു അല്ല 
ഒരു ഭാഷയെയും അകറ്റി നിര്‍ത്തേണ്ടതും അല്ല
ഒരു ഭാഷയും നരകത്തിലെ ഭാഷയും അല്ല 

OO

ന്റെ എന്റെ കുട്ടിയെ മലയാളം മീഡിയ ത്തില്‍ ചേര്‍ക്കണോ ഇംഗ്ലീഷ് മീഡിയ ത്തില്‍ ചേര്‍ക്കണോ ? എന്ന പോസ്റ്റിന് എഴുതിയ കമന്റ് ആണിത് .  

എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ തികച്ചും വ്യക്തിപരമായ ഒരു അഭിപ്രായം മാത്രം .വിരുദ്ധ അഭിപ്രായം ഉള്ളവരുണ്ടാകും . മാന്യമായും പ്രതിപക്ഷ ബഹുമാനം പാലിച്ചും നിങ്ങള്‍ക്കും പറയാം നിങ്ങളുടെ നിരീക്ഷണങ്ങള്‍

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്