2014, നവംബർ 12, ബുധനാഴ്‌ച

പ്രവാസ ജീവിതത്തിന്റെ ആദ്യരാത്രി





പ്രവാസ ജീവിതത്തിന്റെ ആദ്യരാത്രി ജിദ്ദ എയര്‍ പോര്‍ട്ടില്‍ വിമാനമിറങ്ങുമ്പോള്‍ , ഒരു പുതുപെണ്ണി ന്റെ മനസ്സുപോലെ ആകാംക്ഷാ നിര്‍ഭരമായിരുന്നു എന്റെ മനസ്സ് .

ജീവിതം പുതിയ ഒരു വഴിത്തിരിവിലേക്ക് പ്രവേശിക്കുകയാണ് . ആദ്യത്തെ വിമാന യാത്ര മുതല്‍ കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമൊക്കെ പുതുമയുടെ ഹരവും അസാധാരണ ത്വത്തിന്റെ കുളിരും പകരുന്നതായിരുന്നു .

വിമാനം ലാന്റ് ചെയ്യുന്നതിന്റെ തൊട്ടു മുമ്പ് ജിദ്ദ എന്ന വല്യുമ്മയുടെ ( ജദ്ദ എന്ന അറബി വാക്കിന്റെ അര്‍ത്ഥം മുത്തശ്ശി എന്നാണ് . മനുഷ്യ മാതാവ് ഹവ്വ അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലം ഇവിടെ ആയതു കൊണ്ട് ആണ് ഈ നഗരത്തിനു ആ പേര് വന്നത് ) നിറ വാത്സല്യം മുറ്റിയ മടിത്തട്ടിലേക്ക് പറന്നിറങ്ങുമ്പോള്‍ ഒരായിരം ചെമന്ന പൂക്കള്‍ ഒന്നിച്ചു വിരിഞ്ഞു നി ല്‍ക്കുന്ന ഒരു പൂന്തോട്ടത്തിലേക്കാണോ പറന്നു ചെന്നിറങ്ങുന്നത് എന്ന് തോന്നിപ്പോയി .

പ്രകാശ പ്രളയത്തില്‍ പൂത്തു നില്‍ക്കുന്ന നഗരവും ജിദ്ദ ഇന്റര്‍ നാഷണല്‍ എയര്‍ പോര്‍ട്ടും മറക്കാനാവാത്ത ഒരു ആകാശ ക്കാഴ്ചയാണ് സമ്മാനിച്ചത്‌ .

വെറും ഒരു ‘വാദ്ധ്യാര്‍ പണി ‘ മാത്രം അറിയാവുന്ന ഒരാള്‍ക്ക്  ‌എന്ത് ജോലിയാണ് തരപ്പെടുക എന്ന വലിയ ഒരാശങ്ക ഏതൊരു പ്രവാസിയെയും പോലെ എന്നെയും അലട്ടുന്നുണ്ടായിരുന്നു . 
ഏറെ കാലം ഇവിടെയുള്ള ജ്യേഷ്ഠന്‍  പകര്‍ന്നു തന്ന ഒരു ആത്മ വിശ്വാസത്തിന്റെ ബലം മാത്രമായിരുന്നു കൈമുതല്‍ .

വിസ ശരിയായി എന്നറിഞ്ഞ പാടെ എന്റെ ആധിയും തുടങ്ങി . 
‘ഞാനവിടെ വന്നിട്ട് എന്ത് ചെയ്യാനാ .. ‘ എന്ന എന്റെ ആകാംക്ഷയോട് ജ്യേഷ്ഠന്‍ പ്രതികരിച്ചത് ഇങ്ങനെയാണ് .

‘നിനക്കായി ഇവിടെ എവിടെയെങ്കിലും ഒരു കസേര ഉണ്ടാവും . അവിടെ വേറെ ആരും കേറി ഇരിക്കില്ല . ഒരു പക്ഷേ ആ കസേരയില്‍ എത്താന്‍ സ്വല്പം സമയമെടുക്കും . ലക്ഷോപ ലക്ഷം പ്രവാസികള്‍ക്കിടയില്‍ നിനക്കും ഉണ്ടാകും ഒരിടം . നീ ധൈര്യമായി ഇങ്ങ് പോര്..

സ്കൂളും കുട്ടികളും കലാപരിപാടികളും ഇത്തിരി സാഹിത്യവും ഒക്കെയായി ‘ഠ’ വട്ടത്തില്‍ കറങ്ങി കൊണ്ടിരിക്കുന്നതിനിടയില്‍ വിശാലമായ ഒരു ലോകത്തേക്ക് പൊടുന്നനെ എടുത്തെറിയപ്പെട്ട വല്ലാത്ത ഒരു വിഭ്രമാവസ്ഥ യിലായിരുന്നു ജിദ്ദയില്‍ വന്നിറങ്ങിയിട്ടും കുറെ നാള്‍  .

ജോലി അന്വേഷണ ഘട്ടത്തിലും ജ്യേഷ്ഠന്‍ ധൈര്യം തന്നു . ‘നാം പ്രതീക്ഷിക്കുന്ന ആളുകളൊന്നും ആയിരിക്കില്ല നമുക്ക് ജോലി ശരിയാക്കിത്തരിക . ഒരു പക്ഷേ മുമ്പ് അറിയുകയോ കാണുകയോ പരിചയപ്പെടുകയോ ചെയ്യാത്ത ഒരാള്‍ക്കായിരിക്കും ആ യോഗം .
അങ്ങനെ ഒരാഴ്ചയോളം ജ്യേഷ്ഠനോടൊപ്പം കഴിച്ചു കൂട്ടി .

അന്ന് ഖുന്ഫുദയിലായിരുന്ന , നാട്ടുകാരനും സഹപാഠിയും സുഹൃത്തും ആയ പുളിയക്കുത്ത് അബ്ദുസ്സലാം (ഫൈസി ) നാട്ടില്‍ പോകാനായി ജിദ്ദയിലെത്തിയിരുന്നു .

അദ്ദേഹത്തോ ടൊപ്പമാണ് പലതു കൊണ്ടും ശറഫാക്കപ്പെട്ട 'ശറഫിയ്യ ' ആദ്യമായി കാണുന്നത് . അതൊരു വെള്ളിയാഴ്ചയായിരുന്നു . 

അറഫയിലെ നിര്‍ത്തം (ഹജ്ജിന്റെ പ്രധാനപ്പെട്ട കര്‍മ്മം ) പോലെ ആഴ്ച തോറും നടത്തി വരാറുള്ള 'ശറഫിയ്യ യിലെ നിര്‍ത്തം' ആണ് നീയിപ്പോള്‍ കാണുന്നത് എന്ന് അദ്ദേഹം എന്നോട് തമാശ രൂപേണ പറഞ്ഞത് ഇന്നും മനസ്സില്‍ നിന്ന് പോയിട്ടില്ല .
ആ പ്രയോഗത്തിന്റെ അര്‍ത്ഥ തലങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ അന്ന് കഴിഞ്ഞിരുന്നില്ല എങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് അത് നന്നായി മനസ്സിലാവുന്നുണ്ട് .

ശറഫിയ്യ യില്‍ നിന്ന് നാട്ടുകാരും മുന്‍പരിചയക്കാരുമായി കുറെ പേരെ കാണാനിടയായി .  കൂട്ടത്തില്‍ മറ്റൊരാളെ പരിചയപ്പെടുകയും ചെയ്തു . രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകനായ കുഞ്ഞി മുഹമ്മദ്‌ പട്ടാമ്പിയെ . സംസാരിച്ചു വന്നപ്പോള്‍ വളാഞ്ചേരി മര്‍കസ് ഹൈസ്കൂളിലെ എന്റെ ഒരു ശിഷ്യനാണ് അദ്ദേഹത്തിന്റെ മകന്‍ .

പലരോടുമെന്ന പോലെ പട്ടാമ്പിയോടും ജോലി ക്കാര്യം പറഞ്ഞു . നമ്പര്‍ കൊടുത്തു .

ഒന്ന് രണ്ടു ദിവസങ്ങള്‍ കഴിഞ്ഞു . ഒരുച്ച നേരത്ത് കുഞ്ഞി മുഹമ്മദ്‌ പട്ടാമ്പിയുണ്ട് വിളിക്കുന്നു . ഒരു ജോലി സാധ്യതയുണ്ട് . കമ്പനിയും ലൊക്കേഷനും ഒക്കെ പറഞ്ഞു തന്നു .

പിറ്റേന്ന് രാവിലെ ഇന്റര്‍വ്യൂ വിനു ചെന്നു . ഗള്‍ഫില്‍ എത്തിയ ശേഷമുള്ള ആദ്യത്തെ ഇന്റര്‍വ്യൂ .

ആദ്യത്തെ ഇന്റര്‍വ്യൂവില്‍ തന്നെ വിജയിക്കാനായതും പിന്നീട് ഇത് വരെ മറ്റൊരു ഇന്റര്‍വ്യൂവിന് പോവേണ്ടി വരാഞ്ഞതും ഒരു ഭാഗ്യമായിട്ടാണ് ഇന്നും കരുതുന്നത് .

പിറ്റേന്ന് തന്നെ ജോലിയില്‍ പ്രവേശിച്ചു . സത്യം പറഞ്ഞാല്‍ ജ്യേഷ്ഠന്‍ പറഞ്ഞ രണ്ടു കാര്യങ്ങളും അക്ഷരം പ്രതി സംഭവിക്കുകയായിരുന്നു .

OO 

ഞാനവിടെ ജോലിക്ക് ചെല്ലുമ്പോള്‍ , എന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരു മലയാളിയുണ്ടായിരുന്നു എന്റെ സെക്ഷനില്‍ . സൌകര്യത്തിന് വേണ്ടി ആ കഥാപാത്രത്തെ നമുക്ക് നജീബ് എന്ന് വിളിക്കാം . അവന് മറ്റൊരു സെക്ഷനിലേക്ക്  പ്രമോഷന്‍ നല്‍കാനും അവന്റെ പോസ്റ്റില്‍ എന്നെ നിയമിക്കാനും ആണ് പരിപാടി .

ആദ്യത്തെ ദിവസം പ്രശ്നമേതുമില്ലാതെ  കടന്നു പോയി . രണ്ടാമത്തെ ദിവസം ഒരു തുടക്കക്കാരന്റെ എല്ലാ ഭാവഹാവാദികളോടെയും അങ്കലാപ്പോടെയും  ഓഫീസിലെത്തിയ എന്നെ വളരെ സ്വകാര്യമായി വിളിച്ചു ഒരു മുഖവുരയും കൂടാതെ നജീബ്  ഞെട്ടിക്കുന്ന ഒരു കാര്യം പറഞ്ഞു .

‘നിങ്ങള്‍ എനിക്ക് പാര വെക്കില്ല എന്ന് മുസ്ഹഫ് തൊട്ട് സത്യം ചെയ്യണം’. 
ഞാനാകെ സ്തബ്ധനായി .

മുസ്ഹഫ് തൊട്ടു സത്യം ചെയ്യുകയോ ? അതിനു മാത്രം എന്ത് പ്രശ്നം ആണ് ഇവിടെയുള്ളത് ? 
ഞാനൊന്നും മനസ്സിലാവാതെ അവനോടു ചോദിച്ചു .

‘മലയാളികള്‍ മലയാളികള്ക്ക് പാരയാണ് . എന്റെ ജ്യേഷ്ഠന്മാരുടെയൊക്കെ അനുഭവം അങ്ങനെയാണ് . അത് കൊണ്ട് സത്യം ചെയ്തെ പറ്റൂ .

സുഹൃത്തേ , മുസ്ഹഫ് നമ്മുടെ കുട്ടിക്കളിക്ക് ഉള്ളതല്ല . മുസ്ഹഫ് തൊട്ട് സത്യം ചെയ്യേണ്ട കേസൊക്കെ വേറെയാണ് . എന്റെ ചെറിയ വിവരം വെച്ച് ഞാന്‍ പറഞ്ഞു . 

ഈ ജീവിതത്തിനിടക്ക് ഞാന്‍ ആര്‍ക്കും ഇത് വരെ പാര വെച്ചിട്ടില്ല . അത് കൊണ്ടാവും എനിക്കും ഇത് വരെ ആരും പാര വെച്ചിട്ടില്ല . ഇനിയും അതിനു ഒരു ഉദ്ദേശ്യവും ഇല്ല . നമ്മള്‍ ഒരാളെ പാര വെച്ചാല്‍ നമ്മെ പാര വെക്കാന്‍ വേറെ ആളുകളുണ്ടാവും . ഞാനതിനു സമ്മതിച്ചില്ല . 

നജീബിന്റെ ഇംഗിതത്തിനു വഴങ്ങാത്തതു കൊണ്ടാവണം ഒരു ശത്രുവിനോട് എന്നപോലെയാണ് പിന്നെ അവനെന്നോട് പെരുമാറി ക്കൊണ്ടിരുന്നത് .

വര്‍ഷങ്ങള്‍ ഒരു പാട് കഴിഞ്ഞു . ഇന്ന് നജീബ് ഞങ്ങളുടെ സ്ഥാപനത്തിലില്ല . സ്ഥാപനത്തിന്റെ ഉന്നത സ്ഥാനത്തു എത്തിയിരുന്ന നജീബിന്   കമ്പനി വിട്ടു പോവേണ്ടി വന്നു . 
വല്ലാത്ത വേദനയോടെയാണ് ആ വിവരം അറിഞ്ഞത് . ഒരാളുടെ ജോലി നഷ്ടപ്പെടുന്നതു എന്തായാലും വലിയ മനോവിഷമം ഉണ്ടാക്കുന്ന കാര്യം തന്നെ .

തികച്ചും യാദൃശ്ചികം എന്നല്ലാതെ എന്ത് പറയാന്‍ ? 
മറ്റാരും  പാര വെച്ചിട്ടല്ല നജീബിന്  പോകേണ്ടി വന്നത്. 
അവന് അവന്‍ തന്നെ പാരയാവുകയായിരുന്നു എന്ന് വേണം പറയാന്‍..!! 

നോക്കണേ പടച്ചവന്റെ ഓരോ തിരക്കഥകള്‍ ..............!!!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്