2014, നവംബർ 12, ബുധനാഴ്‌ച

മണിയും കൂട്ടരും




മറ്റുള്ളവരെ അനാവശ്യമായി പരിഹസിക്കുകയും തേജോവധം ചെയ്യുകയും വേദനിപ്പിക്കുകയും ചെയ്യുന്നത് 
ചില ആളുകള്‍ക്ക് ഒരു ഹോബിയാണ് . 
ഇവരോട്  സ്വീകരിക്കാവുന്ന മൂന്നു തരം സമീപനങ്ങളുണ്ട്

ഒന്ന് :  മൈന്റ് ചെയ്യാതിരിക്കുക . ഇതിനു ഒരു ദോഷം ഉണ്ട് . പിന്നെയും പിന്നെയും അത് ആവര്‍ത്തിക്കാന്‍ 
അത്തരക്കാരെ പ്രേരിപ്പിക്കും . കാരണം ഇങ്ങോട്ടൊന്നും പറയില്ലല്ലോ എന്ന തോന്നല്‍ അവര്‍ക്കു വളമാകും . 

രണ്ട് : കയര്‍ക്കുക . . ഇതിനും ഉണ്ട് ഒരു  ദോഷം . 
അത് ഒടുവില്‍ ഒരു പക്ഷേ കയ്യാങ്കളിയിലാവും  കലാശിക്കുക 

മൂന്ന് :  മധുരതരമായി പകരം വീട്ടുക 

ഈ പറഞ്ഞവയില്‍  ഇത്തരക്കാരോട് സ്വീകരിക്കാവുന്ന ഏറ്റവും ഇഫക്റ്റീവ് ആയ സമീപനം മൂന്നാമത്തേതാണ്  . 

തനിക്കു നേരെ വരുന്ന  പരിഹാസ ശരങ്ങള്‍ പുഷ്പം പോലെ പിടിച്ചെടുത്ത് ഇങ്ങോട്ട് വന്നതിലേറെ മൂര്‍ച്ച കൂട്ടി തിരിച്ചു എയ്യാന്‍ കഴിയണം . അത് വല്ലാത്ത ഒരു സിദ്ധി തന്നെയാണ് . 
അതിനാണ് പ്രത്യുല്പന്ന മതിത്വം എന്ന് പറയുക . 
ഈ സിദ്ധി കുറെ വിദ്യഭ്യാസം ഉണ്ടായതു കൊണ്ടോ യോഗ്യതകള്‍ ഒരുപാട് ഉള്ളത് കൊണ്ടോ കിട്ടില്ല . 

ഈ തമാശക്കഥയിലെ 'കാക്ക'യെ  പോലെ സാധാരണക്കാരില്‍ സാധാരണക്കാര്‍ക്ക് പോലും ഒരു പക്ഷേ അത് സാധിക്കും 
ഒരു സുഹൃത്ത്‌ പറഞ്ഞു തന്ന കഥയാണ് . എന്റെ ഭാഷയിലും ശൈലിയിലും എഴുതുന്നു .

OO 

മണിയും കൂട്ടരും ബീഡി തെറുപ്പുകാരാണ് .

നഗരത്തിലെത്തുന്നതിന്റെ അല്പം മുമ്പ് ഒരു കയറ്റത്തില്‍ സ്ഥിതിചെയ്യുന്ന ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലെ വരാന്തയിലാണ് അവര്‍ ബീഡി തെറുക്കുന്നത് .
മണിയുടെ സംഘത്തില്‍ നാലഞ്ചു പേരുണ്ട് . 

റോഡിനു അഭിമുഖമായി നില്‍ക്കുന്ന ആ കെട്ടിടത്തിന്റെ മുകളിലിരുന്നു നോക്കിയാല്‍ റോഡിലൂടെ പോകുന്ന എല്ലാവരെയും കാണാം .
വഴിയാത്രക്കാരും സൈക്കിള്‍ യാത്രക്കാരും കാല്‍നടക്കാരും അത് വഴി കടന്നു പോകുമ്പോള്‍ അവരെയൊക്കെ വെറുതെ ഒന്ന് കളിയാക്കുന്ന സ്വഭാവം ഉണ്ടായിരുന്നു അവര്‍ക്ക് .

പാവങ്ങളായ ആളുകളെയാണ് ഇങ്ങനെ പരിഹസിക്കുക . ഒരു ശബ്ദം ഉണ്ടാക്കും . ഒച്ച കേട്ടു തിരിഞ്ഞു നോക്കുമ്പോള്‍ എല്ലാവരും സീരിയസ് ആയി ബീഡി തെറുക്കുകയായിരിക്കും .
ആരാണ് വിളിച്ചത് എന്നറിയാതെ തിരിഞ്ഞു നോക്കിയ ആള്‍ ഇളിഭ്യരാവുന്നത് കണ്ട് സന്തോഷിക്കലാണ് അവരുടെ പ്രധാന ഹോബി .

ഒരു ദിവസം . ഒരു കാക്ക സൈക്കിളും ഉന്തി വരികയാണ് . കയറ്റം ആയത് കൊണ്ട് സൈക്കിളില്‍ നിന്നിറങ്ങി നടക്കുകയാണ് കാക്ക .
ഈ കെട്ടിടത്തിന്റെ അടുത്തു എത്താറായപ്പോള്‍ മണിയുടെ കൂട്ടത്തിലെ ഒരാള്‍ ഒരു ശബ്ദം ഉണ്ടാക്കി .

ശ് ശ് ശ് ...!!!

കാക്ക ഒച്ച കേട്ടു നാലുപാടും നോക്കി . ആരെയും കാണുന്നില്ല . സംഘം കാര്യമായ തെറുപ്പിലാണ് . അവരുടെ കണ്ണു കളൊക്കെ മടിയിലുള്ള മുറത്തിലാണ് .
കാക്ക അല്പം കൂടി മുന്നോട്ടു പോയി . 
ഉടന്‍ മറ്റൊരാള്‍
ശ് ശ് ശ് ..

കാക്ക വീണ്ടും തിരിഞ്ഞു നോക്കി . വിളിച്ച ആളെ കാണുന്നില്ല .

പിന്നെയും മുന്നോട്ടു നടന്നു . കയറ്റം അവസാനിക്കാറായപ്പോള്‍ മറ്റൊരാള്‍ ശബ്ദം ഉണ്ടാക്കി . കാക്ക തിരിഞ്ഞു നോക്കി .
അപ്പോഴാണ്‌ അയാള്‍ക്ക്‌  ഒച്ചയുടെ  ഉറവിടം മനസ്സിലായത് .

അയാള്‍  ഒന്നും മിണ്ടാതെ സൈക്കിളില്‍ കേറി നീട്ടിച്ചവിട്ടി .

ഒരു അരമണിക്കൂര്‍ കഴിഞ്ഞു അയാള്‍ തന്റെ ആവശ്യം കഴിഞ്ഞു  തിരിച്ചു വരികയാണ് . 

മണിയും സംഘവും ബീഡി തെറുക്കുന്ന കെട്ടിടത്തിന്റെ അടുത്തു എത്തിയപ്പോള്‍ അയാള്‍  സൈക്കിളില്‍ നിന്ന് ഇറങ്ങി . 
സൈക്കിള്‍ സ്റ്റാന്റില്‍ കേറ്റി വെച്ച് 
അയാള്‍ അരിച്ചു പെറുക്കി തെരയാന്‍ തുടങ്ങി .

മണിയും കൂട്ടരും അയാളെ ശ്രദ്ധിച്ചു . 
മണി മറ്റുള്ളവരോട് പറഞ്ഞു . ആ കാക്കാന്റെ എന്തോ വീണു പോയിരിക്കുന്നു എന്ന് തോന്നുന്നു . 
എല്ലാവരും നോക്കി . ശരിയാണ് എന്തോ പോയിരിക്കുന്നു . 

കാക്ക തെരയുക തന്നെയാണ് .

ഒടുവില്‍ മണി വിളിച്ചു ചോദിച്ചു . 
കാക്കേയ് എന്താ പോയത് ?

കാക്ക മിണ്ടുന്നില്ല . 
തിരച്ചില്‍ തുടരുകയല്ലാതെ  !!!

മണി മടിയില്‍ നിന്ന്മു റം മാറ്റി വെച്ച് താഴെ ഇറങ്ങി വന്നു . 

എന്നിട്ട് ചോദിച്ചു : കാക്കേയ് എന്താ പോയത് എന്ന് പറയിന്‍ . ഞാനും കൂടാം തെരയാന്‍ .. സാധനം എന്താണ് എന്നറിഞ്ഞാലല്ലേ തെരയാന്‍ പറ്റൂ .

കാക്ക മിണ്ടുന്നില്ല 
പൊരിഞ്ഞ തെരച്ചില്‍ തന്നെ !!!

ഒടുവില്‍ സംഘത്തിലെ ഓരോരുത്തരായി മുറവും തെറുപ്പും ഒക്കെ മാറ്റി വെച്ച് ഇറങ്ങി വന്ന് എല്ലായിടത്തും തെരയാന്‍ തുടങ്ങി .

മണിയുടെ സംഘത്തിലെ അവസാനത്തെ ആളും ഇറങ്ങി വന്നു തെരച്ചില്‍ തുടങ്ങിയപ്പോള്‍  സഹികെട്ട്‌ മണി പറഞ്ഞു :

കാക്കേയ് പോയ സാധനം എന്താണെന്ന് പറയിന്‍ . ഞങ്ങളും കൂടി തെരഞ്ഞാല്‍ ഏതായാലും കിട്ടും .

അപ്പോള്‍ കാക്ക എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി . എന്നിട്ട് പറഞ്ഞു .
എങ്കില്‍ നിങ്ങള്‍ തെരയിന്‍ . 

എനിക്ക് പോയിട്ട് അത്യാവശ്യമുണ്ട്‌ . കിട്ടിയാല്‍ എടുത്തു വെക്കിന്‍ . നാളെ ഇത് വഴി വരുമ്പോള്‍ തന്നാല്‍ മതി ... 

അതും  പറഞ്ഞു കാക്ക സൈക്കിളില്‍ കേറി .

അപ്പോള്‍ മണി പറഞ്ഞു . തെരഞ്ഞ് കിട്ടിയാല്‍ എടുത്തു വെക്കാം പക്ഷേ പോയത് എന്താണ് എന്ന് പറയാതെ എങ്ങനെ തെരയും . 
എന്റെ കാക്കേയ് എന്താ വീണു പോയത് ?

അതോ.... ?
മറ്റൊന്നും അല്ല . ഞാന്‍ അങ്ങോട്ട്‌ പോകുമ്പോള്‍ ഇവിടെ എവിടെയോ വീണു പോയി ..

എന്ത് എന്ന് പറയിന്‍ ന്റെ കാക്കാ ..
മറ്റൊന്നും അല്ല . ന്റെ ഒരു രോമം  !!!

:) :) :)

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്