2014, നവംബർ 12, ബുധനാഴ്‌ച

അനുകരണം




അനുകരണം , അനുധാവനം , ചോരണം , കോപ്പിയടി ഇങ്ങനെ ജീവിതത്തിലും സാഹിത്യത്തിലും ചില പകര്‍ത്തലുകളുണ്ട്‌ . 

ജീവിതത്തില്‍ ഇവ ആശാസ്യമാണ് ആവശ്യവും . പക്ഷേ സാഹിത്യത്തില്‍ , എഴുത്തില്‍,  സര്‍ഗ പ്രക്രിയകളില്‍ , ഇവ പലപ്പോഴും മോഷണം പോലെ മാന്യതക്കും മര്യാദക്കും നിരക്കാത്തതും .  

ജിവിതത്തില്‍ ഒരാളെ അനുകരിക്കാം . അയാളുടെ നല്ല സ്വഭാവ വിശേഷങ്ങള്‍ നമുക്കും പകര്‍ത്താം . അവരെ അനുധാവനം ചെയ്യാം . അവരുടെ നല്ല ഗുണങ്ങള്‍ കോപ്പി അടിക്കാം . 
അധ്യാപകരെ , രക്ഷിതാക്കളെ , നല്ല സുഹൃത്തുക്കളെ ഒക്കെ അനുകരിക്കുന്നത്, നല്ല ഗുണം ആയിട്ടാണ് പരിഗണിക്കപ്പെടുന്നത് .

ലോകത്ത് ആദ്യമായി നടന്ന കുറ്റം ,  കൊലപാതകം ആണ് . 
ആദമിന്റെ മകന്‍ മറ്റൊരു മകനെ പെണ്ണിന്റെ പേരില് കൊലപ്പെടുത്തി . അതാണ്‌ ലോക ചരിത്രത്തിലെ ആദ്യത്തെ കൊല . കൊലപാതകം നടന്ന് മരിച്ച സഹോദരനെ ഇനി എന്ത് ചെയ്യും എന്നറിയാതെ  മൃത ദേഹവും തോളിലേറ്റി 
അയാള് നടന്നു . നടന്നു നടന്ന് ഒടുവില്‍ ക്ഷീണിച്ചു ഒരിടത്ത് ഇരുന്നു . 

അപ്പോഴാണ്‌ രണ്ട് കാക്കകള്‍ കൊത്തു കൂടുന്നതും ഒരു കാക്ക മറ്റൊന്നിനെ കൊത്തി  കൊല്ലുന്നതും അയാള് കാണുന്നത് . എന്നിട്ട് ചത്ത കാ ക്കയെ മറ്റേ കാക്ക കാലു കൊണ്ട് മാന്തി ഒരു കുഴിയുണ്ടാക്കി അതിലേക്കു വലിച്ചിഴച്ചു കൊണ്ട് പോയി മണ്ണിട്ട്‌ മൂടി . ഇത് കണ്ടു നിന്ന അയാള്ക്ക് അപ്പോഴാണ്‌  മരിച്ച ഒരാളെ എന്ത് ചെയ്യണം എന്ന് മനസ്സിലാവുന്നത് . ഇത് ദൈവം കാണിച്ചു കൊടുത്തതാവാം . 

അന്ന് മുതല്‍ ഇന്ന് വരെ മനുഷ്യന്‍ മറ്റു പലരില്‍ നിന്നും കണ്ടും കൊണ്ടും അനുകരിച്ചും അനുധാവനം ചെയ്തും കോപ്പി അടിച്ചും തന്നെയാണ് ജീവിക്കുന്നത് . അനുകരിച്ചാണ് മുന്നോട്ടു പോകുന്നത് . ഇത് ജിവിതത്തിലെ കഥ 

പക്ക്ഷേ സാഹിത്യത്തില്‍ , സര്‍ഗാത്മക വഴികളില്‍ എത്തുമ്പോള്‍ ഈ അനുകരണം അനീതിയും അരുതാത്തതും ചോരണവും  മോഷണവും ആയി മാറുന്നു . കാരണം ഒരാളുടെ ഭാവനയില്‍ ഒരുത്തി രിഞ്ഞ ഒരു ആശയം അയാളുടെ സ്വത്ത് പോലെ , മകനെ പോലെ അയാളുടേത് മാത്രമാണ് . അത് മൊത്തമായോ അതിന്റെ സത്തയോ അനുകരിക്കുന്നതോ അപ്പടി സ്വന്തമാക്കുന്നതോ മേലെ പറഞ്ഞ ജീവിതത്തിലെ  അനുകരണത്തില്‍ പെടില്ല . അതിനു ചോരണം എന്നെ പറയാനാവൂ . ഈച്ച കോപ്പി മാത്രമല്ല 'സത്ത' കോപ്പി അടിക്കുന്നതും കോപ്പി അടി തന്നെ . 

ഇവിടെ ഇന്ന് കാണുന്ന ഏറ്റവും വലിയ ദുരന്തം കോപ്പി അടിയാണ് . 
ആരുടെതും ആര്‍ക്കും കട്ടെടുക്കാം . സ്വന്തമാണ് എന്ന വ്യാജേന കയ്യടി നേടാം . വാട്ട് സ് ആപ്പ് കൂടി വന്നതോടെ ഈ പരിപാടി ഇവിടെ വ്യാപകമാണ് . കുളത്തില്‍ നിന്ന് പോയാല്‍ വലയിലേക്ക് വലയില്‍ നിന്ന് പോയാല്‍ കുളത്തിലേക്ക് എന്ന പോലെ ഫേസ് ബുക്കില്‍ നിന്ന്  
വാട്ട് സ് ആപ്പിലേക്ക് വാട്ട് സ് ആപ്പില്‍ നിന്ന് ഫേസ് ബുക്കിലേക്ക് . 
അങ്ങനെ അങ്ങനെ ചോരണവും മോഷണവും ഈച്ച കോപ്പിയും ഇവിടെ ഒരു നിയന്ത്രണവുമില്ലാതെ നടക്കുന്നു . 

ഒരാളോട് ഇന്നലെ  ഒരു പോസ്റ്റുമായി ബന്ധപ്പെട്ടു  ഈ അരിശവും സങ്കടവും പോയി പറഞ്ഞപ്പോള്‍ എന്നോട് അവന്‍ പറഞ്ഞത് : നിങ്ങള്‍ ഇവിടെ പോസ്റ്റ്‌ ഇടുന്നതോടെ അത് ഞങ്ങളുടെതായി മാറി .  മട്ടം പോലെ കൂട്ടിക്കോ എന്നാണ് . 

എന്ന് പറഞ്ഞാല്‍ നോക്കിക്കോ ഇനിയും എടുക്കും  . നിനക്ക് തടുക്കാന്‍പറ്റുമെങ്കില്‍ തടുക്ക്  എന്നൊക്കെയാണ് ധ്വനി . വേറെ ഒരാള് പറഞ്ഞത് അത് നീ എഴുതിയതല്ല നീയും കട്ടതാണ് . ചുരുക്കി പറഞ്ഞാല്‍ ഇത് ചോദ്യം ചെയ്യുന്നത് പോലും ശരിയല്ല എന്ന് അര്‍ഥം .
പറ്റിയാല്‍ വാദിയെ പ്രതിയാക്കുക കൂടി ചെയ്യും  .

എന്നാല്‍ എല്ലാവരും അത്തരക്കാരല്ല . എനിക്ക് അറിയില്ലായിരുന്നു . എനിക്ക് വാട്ട് സ് ആപ്പില്‍ നിന്ന് കിട്ടിയതാണ് . ഇഷ്ടം തോന്നി . അപ്പോള്‍ എന്റെ വാളില്‍ ഇട്ടു . എന്ന് മാത്രം .

ഇതില്‍ നിന്ന് ഒരു കാര്യം മനസ്സിലായി . ഒരു വിഭാഗം ഇതിനു കച്ച കെട്ടി ഇറങ്ങിയതാണ് . അവര്‍ പറ്റിയത് കണ്ടാല്‍ കോച്ചും . ചോദ്യം ചെയ്‌താല്‍ തെറി വിളിക്കും . അമ്മയ്ക്കും ഉമ്മയ്ക്കും വിളിക്കും . അടിയുടുപ്പിനു അകത്തുള്ളത് വരെ പറഞ്ഞു ഭരണി പാട്ട് പാടും .
അവരോടു വല്ലതും പറയാന്‍ പോകുന്നതില്‍ ഭേദം മൌനം പാലിക്കലാണ് 

രണ്ടാമത്തെ മാന്യരായ സുഹൃത്തുക്കളോട് മാത്രമേ നമുക്ക് സംസാരിക്കാന്‍ പറ്റൂ . 
അവരില്‍ ഭൂരിഭാഗം ആളുകള്ക്കും ഇങ്ങനെ ഇഷ്ടപ്പെട്ട ഒന്ന് കിട്ടിയാല്‍ എന്ത് ചെയ്യണം എന്ന് അറിയില്ല . അവരോടു മാത്രം രണ്ടു വാക്ക് .

ഒരാളുടെ സൃഷ്ടി നമുക്ക് ഇഷ്ടപ്പെട്ടാല്‍ അത് മറ്റുള്ളവരോട് പങ്കു വെക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കില്‍ ചെയ്യാവുന്നവ ഇതൊക്കെയാണ് . 

ഒന്ന് ഷയര്‍  ചെയ്യാം . അങ്ങനെ ആവുമ്പോള്‍ അത് നിങ്ങള്‍ ഇന്ന ആളുടെ ഇന്ന പോസ്റ്റ്‌ ഷയര്‍ ചെയ്തു എന്ന് മറ്റുള്ളവര്‍ ക്കും മനസ്സി ലാകും . ഏറ്റവും മാന്യമായ സമീപനം ഇതാണ് 

മറ്റൊന്ന് കോപ്പി പേസ്റ്റ് . ഇത് പോസ്റ്റ്‌ അപ്പടി കോപ്പി ചെയ്തു നമ്മുടെ വാളില്‍ ഇടാം . എന്നിട്ട് പോസ്റ്റിന്റെ തുടക്കത്തിലോ ഒടുക്കത്തിലോ എഴുതിയ ആളുടെ പേര് വെക്കുക . അതും മാന്യമായ സമീപനം തന്നെ .

വേറെ ഒന്ന് : നമുക്ക് ഒരു സൃഷ്ടി കിട്ടി . പക്ഷേ എഴുതിയ ആളെ അറിയില്ല .നമുക്ക് നമ്മുടെ സുഹൃത്തുക്ക ള്‍ക്ക് അത് എത്തിക്കുകയും വേണം 
അപ്പോള്‍ ചെയ്യാവുന്നത് . പോസ്റ്റ്‌ ന്റെ മീതെയോ താഴെയോ 'കടപ്പാട്' എന്ന് വെക്കുക . അതും, മാന്യമായ സമീപനം .

അതും അല്ലെങ്കില്‍ ഇങ്ങനെ ഒരു വാചകം ചേര്‍ക്കുക . 'ഇത് എന്റെതല്ല '

മാന്യമായ , മര്യാദയുള്ള ആളുകള്ക്ക് ചെയ്യാവുന്ന മാര്‍ഗങ്ങള്‍ ഇതൊക്കെയാണ് . 
അതല്ലാതെ മറ്റൊരാളുടെ 'കുട്ടിയെ ' സ്വന്തമായി അവതരിപ്പിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ 'എട്ടുകാലി മമ്മൂഞ്ഞി'ന്റെ പണിയാണ് 

ഇവിടെ കണ്ടു വരുന്ന മറ്റൊരു പ്രവണത ഇത്തരം മോഷ്ടാക്കളെ സപ്പോര്‍ട്ട് ചെയ്യാനും ഇവിടെ ഒരു പാട് ആളുകളുണ്ട് എന്നതാണ് . തെറ്റ് ചെയ്യുന്നത് പോലെ തന്നെ യാണ് തെറ്റിനെ ന്യായീകരിക്കുന്നതും തെറ്റിന്റെ കൂടെ നില്‍ക്കുന്നതും .

ഏതായാലും ഏക ആശ്വാസം ഇത്തരം പ്രവണതകളെ കണ്ടിടത്തു വെച്ച് ചോദ്യം ചെയ്യുന്ന ഒരു വലിയ വിഭാഗം ആളുകളും ഇവിടെ ഉണ്ട് എന്നതാണ് . നീതിയുടെയും ന്യായത്തിന്റെയും പക്ഷത്തു നില്ക്കാനും അര്‍ഹ തയില്ലാത്ത അവകാശ വാദങ്ങളെ ധൈര്യ പൂര്‍ വം എതിര്‍ക്കാനും ഒരു പാട് സുഹൃത്തുക്കളെ ഇവിടെ കാണുന്നുണ്ട് എന്നത് അഭിമാനം മാത്രമല്ല മൌലികമായ എഴുത്തിനോടുള്ള പ്രതിബദ്ധതയും കൂറും വെളിവാക്കുന്നതുമാണ് . 

സത്യത്തില്‍ ഏതൊരു ഓണ്‍ ലൈന്‍ എഴുത്തുകാരന്റെയും ശക്തിയും കരുത്തും പ്രചോദനവും ആയി വര്‍ത്തിക്കുന്നത് അക്ഷരങ്ങളെ നെഞ്ചോട്‌ ചേര്‍ ക്കുന്ന ഇത്തരം സുമനസ്സുകളാണ് .

ഇത്തരം 'മമ്മൂഞ്ഞിമാരെ' പൊതുജന മധ്യത്തില്‍ കൊണ്ട് വരാ നു ള്ള ഒരു കൂട്ടായ ശ്രമം ആണ് ഇവിടെ നീതി ബോധമുള്ള, മൌലികമായ എഴുത്തുകളോട് പ്രതിബദ്ധതയുള്ളവര്‍
ചെയ്യേണ്ടത് . 

കാരണം ഒരു എഴുത്തുകാരനേ സ്വന്തം സൃഷ്ടി മറ്റൊരാള്‍ 
കട്ട് കൊണ്ട് പോകുന്നതിന്റെ വേദന മനസ്സിലാകൂ . ഇന്ന് എന്റേത് ആണെങ്കില്‍ നാളെ നിങ്ങളുടേത് ആവും അടിച്ചു മാറ്റുക . ഒടുവില്‍ വൈശാലി സിനിമയില്‍ അംഗ രാജ്യത്തെ രക്ഷിക്കാന്‍ മുനിയുടെ തപസ്സിളക്കി കൊണ്ട് വന്നു മഴ പെയ്തപ്പോള്‍ 
അതിന്റെ യഥാര്‍ഥ അവകാശികളായ വൈശാലിയും അമ്മയും ചവിട്ടി മെതിക്കപ്പെടു കയും കയ്യൂക്കുള്ള വന്‍ കാര്യം നേടുകയും  ചെയ്ത പോലെ യഥാര്‍ത്ഥ അവകാശി ചവിട്ടി അരക്കപ്പെടുകയും വ്യാജന്മാര്‍ അരങ്ങത്ത് വാഴുകയും ചെയ്യും . അല്പം പോലും വിയര്‍ക്കാതെ 

ഒരൊറ്റ കാര്യം കൂടി . ആരാന്റെത് ആയിരം വരി എടുത്തു എന്റെ സ്വന്തമാണ് എന്ന് പറഞ്ഞു അവതരിപ്പിക്കുന്നതിലേറെ എന്ത് കൊണ്ടും നല്ലതും ഹൃദ്യവും സംതൃപ്തി നല്കുന്നതും ആയിരിക്കും സ്വന്തമായി എഴുതുന്ന കേവലം രണ്ടു വരി .

ആരാന്റെ ബിരിയാണി കട്ടെടുത്തു തിന്നുന്നതിനേക്കാള്‍ നല്ലത് സ്വന്തം കൈകൊണ്ടു അധ്വാനിച്ചു ഉണ്ടാക്കിയ കുറിയരിക്കഞ്ഞിയും ചമ്മന്തിയും തന്നെയാണ് . 
വിശപ്പ്‌ മാറാനും ദഹനത്തിനും !!!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്