2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

ധൂര്‍ത്തും ആര്‍ഭാടവും



ധൂര്‍ത്തും ആര്‍ഭാടവും പൊങ്ങച്ചവും നമ്മുടെ സമൂഹത്തെ വല്ലാതെ ബാധിച്ചിരിക്കുന്നു . ജനനം , വിവാഹം , വീട് നിര്‍മ്മാണം മുതല്‍ മരണം വരെ യുള്ള മനുഷ്യ ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ മുഹൂര്‍ത്തങ്ങളിലും ധൂര്‍ത്തിന്റെ അതിപ്രസരം കാണാം .
ഏറ്റവും കൂടുതല്‍ ഇത് പ്രകടമാവുന്നത് വിവാഹ മാമാങ്കങ്ങളില്‍ ആണെന്ന് മാത്രം .

ഈ വിഷയം ഒരു 'സംഭവം ' ആണെന്ന് മനസ്സിലാക്കുകയും ഇതിന് എതിരെ ശ ബ്ദ മു യര്‍ത്താന്‍ വൈകി ആണെങ്കിലും സധൈര്യം മുന്നോട്ടു വരികയും ചെയ്ത മുസ്ലിം ലീഗിന്റെ നിലപാടിന് ആദ്യമായി ഒരു ബിഗ്‌ സല്യൂട്ട് .

കേരളത്തിലെ മറ്റൊരു പാര്‍ട്ടിക്കും തോന്നാത്തതും അജണ്ടയില്‍ പോലും കടന്നു വരാത്തതുമായ , സമൂഹത്തെ മൊത്തം ബാധിച്ച ഒരു വിഷയത്തെ കുറിച്ച് ചിന്തിക്കാനും അതിനെതിരെ കാംപയിന്‍ സംഘടിപ്പിക്കാനും മുന്നോട്ടു വന്ന പാര്‍ട്ടിയെ ശ്ലാഘിക്കതിരിക്കാന്‍ ജന പക്ഷത്തു നില്ക്കുന്ന ആര്‍ക്കും സാധ്യമല്ല .

ജാതി മത ഭേദമന്യേ നിസ്സഹായരും നിരാലംബരും പാവങ്ങളുമായ രോഗികള്‍ക്ക് സാന്ത്വന വര്‍ഷമായി വര്‍ഷങ്ങളായി നിലകൊള്ളുന്ന സി എച്ച് സെര്‍ററുകള്‍ , വീട് ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ച്‌ നല്‍കുന്ന 'കാരുണ്യ ഭവനം ' പദ്ധതി , മദ്യ നിരോധനത്തിന് വേണ്ടി യുള്ള ശ്രമങ്ങളിലെ ചാലക ശക്തി തുടങ്ങിയ ജന പക്ഷ വിഷയങ്ങളില്‍ അസൂയാവഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ മുന്നോട്ടു വരിക എന്നത് ചില്ലറ കാര്യമല്ല .

ഈ സംരംഭങ്ങളുടെ പ്രയോജനം സമുദായത്തിലെ മാത്രം ആളുകള്ക്കോ പാര്‍ട്ടിക്കാ ര്‍ക്കോ അല്ല എന്നതും കൊടിയോ ജാതിയോ മതമോ ഉപജാതിയോ അല്ല അര്‍ഹതയാണ് മാനദണ്ഡം എന്നതും ഈ പദ്ധതികളുടെ മാനുഷിക , മാനവിക പക്ഷം ആണ് വെളിപ്പെടുത്തുന്നത് .
അത് കൊണ്ട് കൂടിയാണ് ഈ പദ്ധതികളൊക്കെയും ശ്രദ്ധേയമായതും . സിനിമ നടി കാവ്യാ മാധവനടക്കം കാരുണ്യ ഭവന പദ്ധതിയില്‍ സഹകരിച്ചതും ഈ മാനവിക ഭാവം മനസിലാക്കിക്കൊണ്ടാവണം .

ഏതായാലും ജനോപകാര പ്രദമായ പ്രവര്‍ത്തങ്ങള്‍ ആര് നടത്തിയാലും
പൊതു സമൂഹം അവരുടെ കൂടെ നില്ക്കണം . കുത്തും കൊലയും വെട്ടും ചതിയും പാരയും വൃത്തികേടും മാത്രം ആണ് രാഷ്ട്രീയം എന്ന് തിരിച്ചറിയപ്പെടുന്ന ഇക്കാലത്ത് ഇത് പോലെയുള്ള പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ ക്ക് നടത്താനാവും എന്ന് പ്രായോഗികമായി തെളിയിച്ചു കാണിച്ച ലീഗ് നേതൃത്വത്തിന് സലാം .

എല്ലാ സമുദായത്തിലും വിവാഹം തികച്ചും ലളിതമാണ് . പക്ഷേ അത് മെല്ലെ മെല്ലെ തങ്ങളുടെ പൊങ്ങച്ചം കാണിക്കാനും മേനി നടിക്കാനുമുള്ള
വേദിയായി മാറി , മാറ്റി .

അത് കൊണ്ട് ഉണ്ടായതെന്താണ് ?
പണ മുള്ളവന്‍ അവന്റെ പക്കലുള്ള പണം വാരി വിതറുന്നു അതിനു മറ്റുള്ളവര്‍ക്ക് എന്ത് കാര്യം എന്ന് തോന്നാം . ഇക്കാര്യത്തില്‍ മാത്രമല്ലല്ലോ വാഹനം , വീട് , വസ്ത്രം , ഭക്ഷണം ഇവയിലൊക്കെ ഇല്ലേ ഇങ്ങനെ എന്നും ചോദ്യം ഉയരാം .

മാത്രമല്ല പണമുള്ള ഒരാള് കോടികള്‍ ചെലവാക്കി നടത്തുന്ന ഒരു വിവാഹം ലക്ഷങ്ങളിലേക്ക് കുറച്ചു കൊണ്ട് വന്നാല്‍ മറ്റുള്ള വര്‍ക്ക് എന്ത് പ്രയോജനം ? ബാക്കി കാശ് അയാളുടെ പോക്കറ്റില്‍ തന്നെ വിശ്രമിക്കും . അല്ലാതെ ആര്‍ ക്ക് എന്ത് കിട്ടാനാണ്‌ ?

വലിയ വിവാഹ മാമാങ്കങ്ങള്‍ നടത്തുമ്പോള്‍ ഒരു പാട് സാധാരണ ക്കാരന് അത് കൊണ്ട് കാര്യമില്ലേ ? ഭക്ഷണം ഉണ്ടാക്കുന്ന വര്‍ മുതല്‍ വാഹനം ഓടിക്കുന്ന , അന്ന് വിവാഹവുമായി ബന്ധപ്പെട്ടു ജോലിചെയ്യുന്ന സാധാരണ ക്കാരന് വരെ അത് കൊണ്ട് ഗുണം കിട്ടുന്നില്ലേ എന്ന ചോദ്യവും ഉയരാം .

എല്ലാം ശരിയാണ് . പക്ഷേ വിവാഹം ഒരു സാമൂഹിക വിഷയമാണ് .
അതിന്റെ പേരില് നടക്കുന്ന എന്തും 'മാമൂല്‍ ' ആയി പരിഗണി ക്കപ്പെടും . സ്ത്രീ ധനം എന്ന ശാപ വ്യവസ്ഥ തന്നെ ഇതിനു
ഉദാഹരണം . 'നാടോടുമ്പോള്‍ നടുവേ ഓടുക' എന്ന നമ്മുടെ എക്കാലത്തെയും 'സാമ്പ്രദായിക മനോരോഗം' കാരണം ഈ രംഗത്ത്‌ പാവങ്ങളും സാധാരണക്കാരും അനുഭവിച്ച വേദനകള്ക്കും ഒഴുക്കിയ കണ്ണീരിനും കണക്കില്ല . നാടോടുമ്പോള്‍ നടുവേ ഓടാന്‍ ശ്രമിച്ചു നടു ഒടിഞ്ഞ എത്രയെത്ര സാധാരണക്കാരുടെ കഥകള്‍ നമുക്കറിയാം .

അത് കൊണ്ട് വൈകി ആണെങ്കിലും ഇങ്ങനെ ഒരു വിപ്ലവ കരമായ തീരുമാനം കൈക്കൊണ്ട ലീഗിന് അഭിവാദ്യങ്ങള്‍ .

വിവാഹ വേളയിലെ ധൂര്‍ത്ത് എല്ലാ മത വിഭാഗങ്ങളുടെയും മുഖ മുദ്ര ആയിട്ടുണ്ട് . എന്നാലും കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹ ആ ര്‍ഭാടം നടക്കുന്നത് മുസ്ലിം സമുദായത്തിലാണ് . അത് കൊണ്ട് തന്നെ ഈ വിഷയത്തില്‍ കാര്യമായി എന്തെങ്കിലും ചെയ്യാനാവുക ലീഗിന് തന്നെയാണ് .

ഇത്തരം വിവാഹങ്ങളില്‍ പങ്കെടുക്കാതെ മാറി നില്ക്കുക യാണ് ആദ്യമായി ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ നടപടി . അതിനു നേതാക്കാളും ഉത്തരവാദ പ്പെട്ടവരും ഇച്ഛാ ശക്തി കാണിച്ചാല്‍ തന്നെ പാതി വിജയിച്ചു . ലളിതമായ വിവാഹം എന്ന ആശയത്തിലേക്ക് സമൂഹത്തെ പെട്ടെന്ന് തിരിച്ചു കൊണ്ട് വരാന്‍ കഴിയില്ല എങ്കിലും
സമയം എടുക്കുമെങ്കിലും ഇത് സാധ്യമാകും എന്നുറപ്പാണ് .

സ്ത്രീധനം എന്ന ശാപം സമൂഹത്തില്‍ എത്രമാത്രം ആഴത്തില്‍ വേരോട്ടം ഉണ്ടായിരുന്ന അനാചാരം ആയിരുന്നു . അതിനു പോലും ഇപ്പോള്‍ മാറ്റം വന്നു തുടങ്ങിയില്ലേ ?

അത് കൊണ്ട് ഇതും സാധിക്കും . സാധിക്കണം .
ഇച്ഛാശക്തിയുള്ള നേതൃത്വത്തിന് സാധിക്കാത്തതായി ഒന്നുമില്ല .
മാനവികവും മാനുഷികവുമായ മൂല്യങ്ങള്‍ ഉയര്‍ ത്തി പ്പിടിക്കാനുള്ള ഏതു ശ്രമവും പൊതു സമൂഹം ഏറ്റെടുക്കും എന്ന കാര്യത്തില്‍ സംശയത്തിനു വകയില്ല . തങ്ങള്‍ക്കു സാധിക്കാത്തത് മറ്റു ചിലര്‍ക്ക് സാധിക്കുമ്പോള്‍ സ്വാഭാവികമായും അസഹിഷ്ണുത ഉണ്ടാകും . നിരുത്സാഹപ്പെടുത്തും . വെളിച്ചം ഊതിക്കെടുത്താന്‍ ശ്രമം നടക്കും . അതൊക്കെ അവഗണിച്ചു കൊണ്ട് മുന്നോട്ടു പോയാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കലും സ്ഥാനം ഉറപ്പിക്കലും എമ്മെല്ലെയും മന്ത്രിയും ആകലും മാത്രമല്ല രാഷ്ട്രീയം എന്ന്
സമൂഹത്തിനു കാണിച്ചു കൊടുക്കാനും സാധിക്കും .

ഈ ഇച്ഛാ ശക്തിക്ക് സിന്ദാബാദ് !!!

OO

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്