2014, നവംബർ 12, ബുധനാഴ്‌ച

വട്ട്




കുട്ടിക്കാലത്ത് എന്റെ പ്രധാന ഹോബി വട്ടുരുട്ടലായിരുന്നു 
ഇരിങ്ങാട്ടിരിയില്‍ നിന്ന് പുഴക്കല്‍ വരെയും പുഴക്കല്‍ നിന്ന് സ്കൂള്‍ പടി വരെയും  വട്ടിന്റെ പിന്നാലെ ഓടും . 

ഒടുവില്‍ വിയര്‍ ത്തു കുളിച്ചു വീട്ടില്‍ എത്തും . വട്ട് വീടിന്റെ ഒരൊഴിഞ്ഞ കോണില്‍ 
'പാര്‍ക്ക്' ചെയ്തു ഉമ്മാനോട് കിതപ്പോടെ പറയും . ''മ്മാ വെള്ളം ...''

ഉമ്മ ഒരു പാട്ട നിറയെ വെള്ളം തരും . 
അത് കുടുകുടാ കുടിക്കും . 
കുറെ പള്ളയിലൂടെ നനഞ്ഞിറങ്ങി നിക്കര്‍  പോലും നനയ്ക്കും 

അപ്പോള്‍ ഉമ്മ ചോദിക്കും . 
'എന്തിനാ കുട്ട്യാ ഐന്റെ പിന്നാലെ ഇങ്ങനെ ഓട്ണത് ? 
അനക്ക് ഇബടെ ഒരു പാത്ത് ഇരുന്നൂടെ ?

അപ്പോള്‍ ഞാന്‍ പറയും : ഒരു രസത്തിന് !

ഇന്നും എന്റെ ഹോബി വട്ടുരുട്ടലാണ് 
തക്കം കിട്ടുമ്പോഴൊക്കെ ഉരുട്ടും . 
ജിദ്ദയില്‍ നിന്ന് ഉരുട്ടി പുറപ്പെട്ടു ചിലപ്പോള്‍ അമേരിക്ക യിലെത്തും 
പിന്നെ ആഫ്രിക്ക , ബ്രിട്ടണ്‍ , ദുബായ് , ഇറാഖ് , ആസ്ത്രേലിയ , മലേഷ്യ സിംഗപ്പൂര്‍ വരെ ഒക്കെ പോയി വരും . 

ചിലപ്പോള്‍ കേരളത്തിലേക്ക് 'വണ്ടി' വിടും . 
വടക്കാഞ്ചേരി , കാഞ്ഞിരപ്പുഴ , വയനാട് , മലപ്പുറം ഒക്കെ കറങ്ങിത്തിരിഞ്ഞു വരും !!


ഇരിക്കുന്നിടത്ത്‌ നിന്ന് മെയ്യനങ്ങാതെ ഞൊടിയിടയില്‍ 
അവിടെയൊക്കെ പോയി വരും . കുറെ പേരെ കാണും .
എത്ര ഉരുട്ടിയാലും മതിയാവില്ല . 
പിന്നെയും പിന്നെയും ഉരുട്ടും .

ചൂണ്ടു വിരല്‍ കൊണ്ടാണ് ഉരുട്ട് 
മൌസിലാണ് വട്ട് 
ഫേസ് ബുക്കാണ് എന്റെ റൂട്ട് 
നിങ്ങളൊക്കെയാണ് എന്റെ കൂട്ട് 
ചിലപ്പോള്‍ തോന്നും ഇത് വെറും 'വട്ട് '
ബട്ട് ഒരിക്കലും പറ്റില്ലെന്ന് തോന്നുന്നു 
ലോഗ് ഔട്ട്‌ !!


കാലം മാറുന്നു 
അതിനനുസരിച്ച് വിനോദോപാധിയും !!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്