2014, നവംബർ 12, ബുധനാഴ്‌ച

നിര്‍മ്മാണം




ഒന്ന് രണ്ടു ദിവസമായി ഓഫീസിലേക്ക് പോകും വഴി കണ്ടുകൊണ്ടിരിക്കുന്ന ഒരു രംഗം .

വലിയ ഒരു കെട്ടിട സമുച്ചയം പൊളിക്കുന്ന പണിയിലാണ് 
ജെ സിബിയും അതിന്റെ  ഡ്രൈവറും . ദൂരെ നിന്ന് തന്നെ കാണാം പൊടി പടലങ്ങള്‍ . വലിയ ഒച്ചയും കേള്‍ക്കാം .

ഞാന്‍ അത് വഴി കടന്നു പോകുമ്പോള്‍ ആലോചിക്കും . ഈ കെട്ടിടം ഇത് പോലെ പണിതുയര്‍ത്താന്‍ എത്ര പേര്‍ എത്രകാലം അധ്വാനിച്ചി ട്ടുണ്ടാവും ? എത്ര വിയര്‍പ്പു ഒഴുക്കിയിട്ടുണ്ടാവും . 
എത്ര ശ്രദ്ധിച്ചും സൂക്ഷിച്ചും ആവേശത്തോടെയും ആവും അതിന്റെ പണി നടന്നിട്ടുണ്ടാവുക . 

എവിടെ നിന്ന് എത്രയെത്ര സാധനങ്ങള്‍ ആവും ഇതിന്റെ  നിര്‍മ്മാണത്തിനു വേണ്ടി കൊണ്ട് വന്നിട്ടുണ്ടാവുക ? ചിലപ്പോള്‍ മാസങ്ങളോളം ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ എടുത്തിട്ടുണ്ടാകും പൂര്‍ത്തീകരിക്കാന്‍ . 

കൊച്ചു കൊച്ചു ചാക്കുകളിലായി എത്ര സിമന്റ് , വലിയ കണ്ടയ്നറുക ളില്‍ എത്ര കമ്പി , ആരുടെയൊക്കെ പ്രയത്നം , എത്രഎത്ര വിദഗ്ദരുടെ 
മേല്‍നോട്ടം .. ?

നിര്‍മ്മാണത്തിന് എന്തൊരു പ്രയാസം ആണ് ? 
എത്രയൊക്കെ ശ്രദ്ധ വേണം ? എത്ര പണം മുടക്കണം . 
ഇന്ന് വെറും ചണ്ടി പോലെ കമ്പികള്‍ കൂടിക്കുഴഞ്ഞു കിടക്കുന്നു . സിമന്റ് പൊടിപൊടിയായി താഴെ വീഴുന്നു . 
ജെസിബി എന്ന ഭീകരന്റെ തുമ്പിക്കൈ കൊണ്ട് തകര്‍ത്തും പിഴുതും കോരിയെടുത്തും എത്ര പെട്ടന്നാണ് അതൊക്കെ നിലം പൊത്തുന്നത്  .

നാളെയോ മറ്റന്നാളോ ഒരു പക്ഷേ മുമ്പ് ഒരു കെട്ടിടം അവിടെ ഉണ്ടായിരുന്നു എന്ന് തോന്നുക പോലുമില്ല . 

നിര്‍മ്മാണത്തിനും അത് നന്നായി മൈന്റൈന്‍ ചെയ്തു കൊണ്ട് പോകാനും എന്ത് പ്രയാസമാണ് ? എത്ര അധ്വാനമാണ് വേണ്ടത് .
തകര്‍ത്ത് തരിപ്പണമാക്കാനോ കേവലം കുറഞ്ഞ ദിവസം . 
വികൃതമായ ഒരു തുമ്പിക്കൈ മാത്രം മതി . 

ബന്ധങ്ങളുടെ കാര്യവും ഇങ്ങനെ തന്നെ . എത്ര സുദൃഡമായ പഴക്കമേറിയ ബന്ധം ആണെങ്കില്‍ പോലും വികൃതമായ 'ഒരു തുമ്പിക്കൈ' മതി അത് തകര്‍ത്ത് തരിപ്പണമാക്കാന്‍ . 
അത് നിലം പൊത്താന്‍ .

പ്രകൃതിയിലെ പല പ്രതിഭാസങ്ങളും മനുഷ്യന്റെ ജീവിതവുമായി 
ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് സാമ്യമുണ്ട്‌ . ബന്ധവും . 

തകര്‍ക്കാന്‍ പറ്റാത്ത കെട്ടിടമില്ല 
തകര്‍ക്കാന്‍ പറ്റാത്ത ബന്ധവും ഇല്ല 

എത്ര ശക്തവും സുഭദ്രവും ആണെന്ന് നമുക്ക് തോന്നുമെങ്കിലും 
അതും ഒരു നാളില്‍ തകരാം . കുറെ കമ്പികളും കല്ലുകളും കട്ടകളും മാത്രമായി അവശേഷിക്കാം . 

അത് കൊണ്ട് പരസ്പരം ഒന്നിച്ചു നിന്ന് ഒരു കെട്ടിടം പോലെ മുന്നോട്ടു പോകാം . ബന്ധങ്ങള്‍ തകര്‍ക്കാന്‍ വലിയ ശബ്ദവും തുമ്പിക്കയ്യും പല്‍ചക്രങ്ങളുമായി ജെ സി ബി എന്ന ഭീകരന്‍  നമ്മിലേക്ക്‌ ഇടിച്ചു കയറാതെ നോക്കാം  

നിര്‍മ്മാണം എത്ര സുന്ദരവും ആകര്‍ഷകവും  ആണ് 
സംഹാരമോ എത്ര ദുസ്സഹവും  ക്രൂരവും ആണ് !!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്