2014, നവംബർ 12, ബുധനാഴ്‌ച

വീഴ്ച വയ്യ ; വിട്ടു വീഴ്ച കൂടാതെ വയ്യ !! .



നമ്മുടെ ആശയങ്ങള്‍ , കാഴ്ച്ചപ്പാടുകള്‍ , അനുഭവങ്ങള്‍ , സന്തോഷങ്ങള്‍ , സങ്കടങ്ങള്‍ , അഭിനിവേശങ്ങള്‍ , ഇഷ്ടങ്ങള്‍ , ദൌര്‍ബല്യങ്ങള്‍ , ചിന്തകള്‍ ഇവയൊക്കെയാണ് നമ്മുടെ 
വാളില്‍ നാം പറയുന്നത് .

ഈ പറയുന്നതൊക്കെ നമ്മുടെ എല്ലാ സുഹൃത്തുക്കള്‍ക്കും എപ്പോഴും ഇഷ്ടപ്പെട്ടോളണം എന്നില്ല . ചിലതൊക്കെ ഇഷ്ടപ്പെടും , ചിലത് അനിഷ്ടം സൃഷ്ടിക്കും . മറ്റു ചിലത് വെറുപ്പ്‌ ഉണ്ടാക്കും . ചില ഘട്ടങ്ങളില്‍ കട്ട കലിപ്പ് വരെ ഉളവാക്കും . 

എന്നാല്‍ മറ്റു ചിലതൊക്കെ വായിച്ചു അതെഴുതിയ ആളോട് നമുക്ക് വല്ലാത്ത ഒരു ഇഷ്ടവും ആരാധനയും തോന്നും . എല്ലാം സാധാരണം , സ്വാഭാവികം .

നമ്മളൊക്കെ പല മാതാപിതാക്കളുടെ മക്കള്‍ . പല പരിതസ്ഥിതിയില്‍ വളര്‍ന്നവര്‍ , പല ആശയക്കാര്‍ , പല വിശ്വാസങ്ങള്‍ വെച്ച് പുലര്‍ത്തുന്നവര്‍ . അത് കൊണ്ട് തന്നെ എന്റെ എല്ലാ ശരിയും നിന്റെ ശരി അല്ല . തിരിച്ചും അങ്ങനെ തന്നെ .

പൊതു വിഷയങ്ങള്‍ , മതം , രാഷ്ട്രീയം , ആനുകാലിക സംഭവങ്ങള്‍ , എല്ലാം അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് കളമൊരുക്കും . അത് കേവലം നൊസ്റ്റാള്‍ജിയ വായിച്ചു പോകും പോലെ , പ്രവാസം പോലെ , കഥ പോലെ , കവിത പോലെയല്ല ആരും വായിക്കുക .
അവിടെ നമ്മുടെ ഉള്ളിലുള്ള ആശയത്തോടാവും ആ പോസ്റ്റ്‌ കലഹിക്കുക . 
അത് നമ്മെ രോഷാകുലരാക്കും . അസ്വസ്ഥരാക്കും .

കാരണം പ്രത്യക്ഷത്തില്‍ നമ്മളൊക്കെ നിഷ്പക്ഷരാണ് എന്ന് പറയുമ്പോഴും പലപ്പോഴും നാം പക്ഷം പിടിക്കും . ഓരോരുത്തരുടെ ഉള്ളിലും ഉണ്ട് ഒരു 'പക്ഷം '. സമയവും സന്ദര്‍ഭവും ഒത്തു വരുമ്പോള്‍ അത് അറിയാതെ പുറത്തു ചാടും ! ഒരു പക്ഷവും ഇല്ല എന്ന് പറയുന്നത് വെറും കാപട്യം മാത്രമാണ് .

അതിനാല്‍ തമ്മില്‍ തമ്മില്‍ വാളെടുക്കാതെ 'ഒരു പരസ്പര സഹായ സഹകരണ 'സഹന 'സംഘം' ആയാലേ ഇവിടെ മുന്നോട്ടു പോകാനൊക്കൂ എന്ന് തോന്നുന്നു . 

അഭിപ്രായ വ്യത്യസങ്ങളോട് കലഹിക്കുമ്പോള്‍ മാന്യതയും പക്വതയും കൈവിടാതെയും പ്രതിപക്ഷ ബഹുമാനം പാലിച്ചും ആവാന്‍ ശ്രമിക്കുന്നതാണ് നല്ലത് . വാദിച്ചു ജയിക്കാം . പക്ഷെ വാദിച്ചു മറ്റൊരാളുടെ മനസ്സു മറ്റാന്‍ പ്രയാസം തന്നെ . 

എങ്കിലും മാന്യമായ കലഹങ്ങളും സംവാദങ്ങളും ചില തിരിച്ചറിവുകള്‍ക്ക്‌ / മാറി ചിന്തിക്കലു കള്‍ക്ക് വഴി വെച്ചേക്കാം എന്ന് മാത്രം !! അമാന്യമായ കലഹങ്ങള്‍ ആവട്ടെ വിദ്വേഷത്തി ലേക്കും പകയിലേക്കും വഴി പിരിയലിലേക്കും നയിക്കും .

മാന്യമായി ഇടപെടാന്‍ മാത്രമല്ല മാന്യമായി കലഹിക്കാനും നാമൊക്കെ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന് തോന്നും ചില വഴക്കുകള്‍ കാണുമ്പോള്‍ . 
കലി അടക്കലും ഒരു കല തന്നെ ..!!

'കൂടെ പൊറുക്കാന്‍ 
കൂടെക്കൂടെ പൊറുക്കണം ' 

ഈ ചിന്ത ഏതു തരം സൌഹൃദവും സുഗമമായി മുന്നോട്ടു പോകാന്‍ നല്ല മരുന്നാണ് . ദാമ്പത്യത്തിന്റെ ഊഷ്മളതയ്ക്ക് പോലും ഈ 'ഔഷധം' ഏറെ ഫലപ്രദമാണ് എന്ന് തോന്നുന്നു .

പിന്നെ ഒരു നിലക്കും നമ്മളുമായി ഒത്തു പോവില്ല എന്നുണ്ടെങ്കില്‍ - ഇവിടെ എന്നല്ല കുടുംബ ജീവിത്തില്‍ പോലും - വഴി പിരിയുക തന്നെയാവും നല്ലത് . 
മന :സമാധാനത്തിനും സ്വസ്ഥതയ്ക്കും അതാകും അത്തരം ഘട്ടങ്ങളില്‍ നല്ലത് . 
രണ്ടു കൂട്ടര്‍ക്കും . അതിനു 'ഇവിടെയും' 'അവിടെയും' ഒരു പാട് വഴികള്‍ഉണ്ട് താനും !!

വീഴ്ച വയ്യ ;
വിട്ടു വീഴ്ച കൂടാതെ വയ്യ !! .

ചേര്‍ക്കുമ്പോള്‍ സ്നേഹമാണ്  കിനിയുക 
അറുത്തു മാറ്റുമ്പോള്‍ രക്തവും .

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്