2014, നവംബർ 12, ബുധനാഴ്‌ച

കുറ്റവും കുറവും




അല്പം മുമ്പ് , നല്ല ഒരു ചിന്താശകലം എഴുതി അതിനു താഴെ 'ശുഭ ദിനം ' എന്ന് ചേര്‍ത്ത് ഒരു പോസ്റ്റ്‌ കണ്ടപ്പോള്‍ ഞാന്‍ ആ കുട്ടിയോട് ഇന്‍ബോക്സില്‍ പോയി പറഞ്ഞു . ആ 'ശുഭ ദിനം ' ഒഴിവാക്കിയേക്കൂ . എങ്കിലേ ആ പോസ്റ്റിനു ഭംഗി കൂടൂ .

അത് കേട്ടപാടെ ആ കുട്ടി അത് തിരുത്തി എന്നിട്ട് എന്നോട് പറഞ്ഞു : ശരിയാ ഇപ്പോള്‍ ആണ് അത് ഒരു പോസ്റ്റ്‌ ആയത് . 
നന്ദി മാഷേ .

നിരതെറ്റാത്ത നല്ല വെളുത്ത പല്ലുകള്‍ക്കിടയില്‍ ഭക്ഷണത്തിന്റെ 
എന്തോ ഒരവശിഷ്ടം കുടുങ്ങിയത് കാണുമ്പോള്‍ , കാണുന്ന ആളുകളില്‍ അത് ഒരനിഷ്ടം സൃഷ്ടിക്കും . മനോഹരമായ പല്ലിന്റെ ഭംഗി അല്ല കാഴ്ചക്കാരുടെ കണ്ണിലുടക്കുക .  
ആ അഭംഗിയാണ് 

അഭംഗി പെട്ടെന്ന് നമ്മളൊക്കെ കണ്ടു പിടിക്കും . അതിന്റെ കൂടെയുള്ള ഒരുപാട് ഭംഗികള്‍ നമ്മുടെ കണ്ണില്‍ പെടുകയെ ഇല്ല 
എന്തെങ്കിലും ഒരു അപാകത,  ന്യൂനത ഒരാളില്‍  നിന്ന് ഉണ്ടാകുമ്പോള്‍ അതില്‍ പിടിച്ചു നമ്മള്‍ ആഘോഷിക്കും . അത് വരെ അയാള്‍ ചെയ്ത നന്മ , ഗുണം , ശ്രേഷ്ഠത , ഒക്കെ തല്‍ക്കാലം മറക്കും . 

നൂറു കൂട്ടം നന്മ യുള്ള ഒരാളെ കുറിച്ച് ഒരേ ഒരു തിന്മ കണ്ടെത്തിയാല്‍ നമുക്ക് സന്തോഷമായി !!!  

ഒരാളെ നമസ്ക്കരിക്കാനുള്ളതിലേറെ താത്പര്യം  നമുക്ക് 
തമസ്ക്കരിക്കാനാണ് . 

നമ്മുടെ കുറ്റവും കുറവും നമുക്കറിയില്ല 
പക്ഷേ  ഗുണ കാംക്ഷിയായ ഒരാള്‍ ചെയ്യേണ്ടത് 
അക്കാര്യം അവനെ / അവളെ / സ്വകാര്യമായി അറിയിക്കുക എന്നതാണ് . 

എന്റെ അപാകത എനിക്കറിയില്ല . നിനക്ക് നന്നായി അറിയാം . പക്ഷേ നീ എന്നോട് അത് പറയില്ല . മറ്റു എല്ലാവരോടും പറഞ്ഞു നടക്കും . നാറ്റിക്കും . അവരും അത് കിട്ടിയ പാടെ മറ്റൊരാള്‍ക്ക്‌ കൈമാറും . ഇവിടെ ഗുണ കാംക്ഷ യല്ല നടക്കുന്നത് .  പരദൂഷണം ആണ് . ഒരാളുടെ  നന്മ കാംക്ഷിക്കുന്ന ഒരാളും ഈ വഴി അല്ല തെരഞ്ഞെടുക്കുക .

അപാകത മനസ്സിലാക്കി കൊടുക്കലും ന്യൂനത ചൂണ്ടി  കാണിച്ചു കൊടുക്കലും അടുത്തു വിളിച്ചു സ്വകാര്യമായി ആവട്ടെ 
അഭിനന്ദിക്കലും നല്ലത് പറയലും പ്രശംസിക്കലും 
പരസ്യമായും ആവട്ടെ 

നല്ലത് ഉറക്കെ പറയുക 
ചീത്ത മെല്ലെ പറയുക 

കാരണം മറ്റൊരാളുടെ ന്യൂനത കേള്‍ക്കാനും അത് ആഘോഷിക്കാനും പ്രചരിപ്പിക്കാനും ആണ് ഇവിടെ ആളുകളുടെ വല്ലാത്ത തിരക്ക് അനുഭവപ്പെടുന്നത് 

നന്മ കണ്ടാല്‍ അത് തുറന്നു പറയാനും    ആഘോഷിക്കാനും 
നല്ലത് പറയാനും ആളുകള്‍ കുറവാണ് !

കാരണം മറ്റൊന്നുമല്ല 
കുറ്റം പറയുമ്പോള്‍ കിട്ടുന്ന മന:സുഖം ഗുണം പറയുമ്പോള്‍ 
കിട്ടില്ല . അത് തന്നെ !!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്