2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

സൗഹൃദം സ്ഥാപിക്കാനല്ല പ്രയാസം നിലനിര്‍ത്താനാണ് !!!


സ്കൂളില്‍ പഠിക്കുന്ന കാലത്ത്
ബ്ലാക്ക് ബോര്‍ഡിന്റെ ഒരു മൂലയില്‍
ക്ലാസ്സ് , ഡിവിഷന്‍ , സ്ട്രെങ്ങ്ത്ത് ,
ആണ്‍കുട്ടികള്‍ എത്ര ,
പെണ്‍കുട്ടികള്‍ എത്ര തുടങ്ങിയ
വിവരങ്ങള്‍ ഒരു ചതുരത്തിലാക്കി എഴുതി വെക്കാറുണ്ടായിരുന്നു .


കുറെ ദിവസം കഴിയുമ്പോള്‍
ആ അക്ഷരങ്ങള്‍ നിറം മങ്ങും .
മാഞ്ഞു പോകും .
അന്നേരം അവയുടെ മീതെ
പിന്നെയും പിന്നെയും എഴുതും .
ഒടുവില്‍ മായ്ക്കാന്‍ കഴിയാത്ത വിധം
അക്ഷരങ്ങള്‍ ഉറച്ചു പോകും !!

സൌഹൃദം ഇങ്ങനെയാണ് .
കാലം കഴിയും തോറും നിറം മങ്ങും .
ഇടയ്ക്കിടെ തെളിയിച്ചില്ലെങ്കില്‍
മിനുക്കിയില്ലെങ്കില്‍
ഊഷ്മളത കുറയും .
ഒരു വേള
പറ്റെ മാഞ്ഞു പോകും

OO

സൗഹൃദം സ്ഥാപിക്കാനല്ല പ്രയാസം
നിലനിര്‍ത്താനാണ് !!!

OO

ഇവിടെയും അത് തന്നെ അവസ്ഥ .
ഈ യാത്രയില്‍ കൂടെ ഉണ്ടായിരുന്ന പലരും പല വഴിയെ പോയി .
വഴി പിരിഞ്ഞു . പുതിയ കുറെ പേര്‍ വന്നു .
കൂട്ടത്തില്‍ പണ്ടെന്നോ നഷ്ടപ്പെട്ട ഒരു പാട് സൌഹൃദങ്ങളെ തിരിച്ചു കിട്ടുകയും ചെയ്തു .

നാം എല്ലാവരും യാത്രക്കാര്‍ .
അവനവന്റെ സ്റ്റോപ്പ്‌ എത്തിയാല്‍ ഇറങ്ങും .
വേറെ ചിലര്‍ കേറും .
അവരും ഇറങ്ങും .
നമ്മളും നമ്മുടെ സ്റ്റോപ്പ്‌ എത്തുമ്പോള്‍ ഇറങ്ങേണ്ടി വരും .

എല്ലാ യാത്രയ്ക്കും ഉണ്ട് ഒരു തുടക്കം ഒടുക്കവും
ആ നിലക്ക് നമ്മളൊക്കെയും യാത്രക്കാരാവുന്നു .

എല്ലാ യാത്രയും സഫലമാകട്ടെ .
ഇത്തിരി നേരം നമ്മോടൊപ്പം യാത്ര ചെയ്ത വര്‍ക്ക്
എന്തെങ്കിലും ഒരു നന്മ
വാക്ക് കൊണ്ടോ
നോക്ക് കൊണ്ടോ
കരുതല്‍ കൊണ്ടോ
ഒന്നിച്ചിരുന്നു സന്തോഷം പങ്കു വെച്ചോ
മറക്കാത്ത ഓര്‍മ്മകള്‍ പകര്‍ന്നു നല്കാം .
ആ ഓര്‍മ്മകളും ഒരു പക്ഷെ
കാലത്തിനു മായ്ക്കാന്‍ കഴിയില്ല !!

OO


0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്