2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

കുറ്റം പറയുമ്പോള്‍ കിട്ടുന്ന ആ ഒരു 'സുഖം ' കൊണം പറയുമ്പോ കിട്ടൂല ... !!!


കഴിഞ്ഞ ദിവസം മെസ്സ് റൂമില്‍ ഉച്ചയ്ക്ക് എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഭക്ഷണം ആയിരുന്നു . വെറും ചോറും മോര് കാച്ചിയതും ഇറച്ചി വരട്ടിയതും പിന്നെ 'വല്യപ്പട'വും .

'വല്യപ്പടം' നാട്ടില്‍ നിന്ന് ആരോ അവധി കഴിഞ്ഞു വന്നപ്പോള്‍ കൊണ്ട് വന്നതാണ് . നമ്മുടെ പതിനാലാം രാവിന്റെ അത്ര വലുപ്പത്തില്‍ പൊള്ളച്ചു അവിടെവിടെ കുഞ്ഞു കുത്തുകളുമായി വീര്‍ത്തു കിടക്കുന്ന 'മൂപ്പിലാനെ' ചോറിനു മുകളില്‍ വെച്ചപ്പോള്‍ തന്നെ
വല്ലാത്ത ഒരു സന്തോഷം !

ഞാന്‍ ഇച്ചിരി നേരം , ഒരൊറ്റ ഞെരിക്കലിനു തവിടു പൊടിയാവുന്ന
ആ 'പതിനാലാം രാവി'ന്റെ മൊഞ്ചു ആസ്വദിച്ചു ഇരുന്നു .

പിന്നെ ഒരൊറ്റ കടി . കിരുകിരു എന്ന ഒരു ശബ്ദം കേട്ടതും നാവിലൂടെ ഒരു പ്രത്യേക 'അഭിരുചി ' ഞൊടിയിടയില്‍ കടന്നു പോയതും ഒപ്പമായിരുന്നു .

പിന്നെയാണ് മോര് കാച്ചിയത് അല്പം കയ്യിലെടുത്തു കുടിച്ചത് .
കറി വേപ്പിലയുടെ കൊതിക്കുന്ന ഗന്ധത്തോടൊപ്പം രുചിയുടെ അനുദൈര്‍ഘ്യ തരംഗങ്ങള്‍ എന്റെ നാസാ രന്ധ്ര ങ്ങളിലൂടെ ഊളിയിട്ടു പോയി തലച്ചോറ് വഴി എങ്ങോട്ടൊക്കെയോ പോയി !!

ശേഷം ഒരു കഷ്ണം ഇറച്ചി എടുത്തു നാവിലിട്ടു .
കുരു മുളകിന്റെയും മസാലയുടെയും മറ്റു ചേ രുവകളുടെയും രുചി മേളം , പറഞ്ഞു ഫലിപ്പിക്കാന്‍ വാക്കുകളില്ല .

എനിക്ക് അപ്പോള്‍ തന്നെ ഞങ്ങളുടെ സ്വന്തം കുക്കിനു ഒരു കിടിലന്‍ ലൈക്കും കൂടെ ഹൃദയം തൊടുന്ന ഒരു കമന്റും കൊടുക്കണം എന്ന മോഹമുദിച്ചു .

അടുക്കളയില്‍ ഇരുന്നു നോക്കിയാല്‍ അദ്ദേഹത്തിന്‍ റെ മുറി കാണാം .
ഞാനൊന്നു പാളി നോക്കി . പക്ഷേ വാതില്‍ അടച്ചു കുറ്റി ഇട്ടിട്ടുണ്ട് .

സാധാരണ അദ്ദേഹം അകത്തുണ്ട് എങ്കില്‍ വാതില്‍ ചാരാറെ ഉള്ളൂ .
പുറത്തു പോകുമ്പോഴും ഉറങ്ങുമ്പോഴും ആണ് അടച്ചു കുറ്റിയിടുക .
ചൂടാറും മുമ്പേ ഒരു കമന്റും ലൈക്കും കൊടുക്കാനുള്ള എന്റെ ആ ആവേശം നടന്നില്ല

കുടുംബം പോയതിനു ശേഷമാണ് ഇവിടെ ഭക്ഷണത്തിനു ചേര്‍ന്നത് .
ശ്രീമതി വിളിക്കുമ്പോള്‍ ഒക്കെ ചോദിക്കും ഭക്ഷണം എങ്ങനെ യുണ്ട് എന്ന് . ഞാന്‍ അവളെ പ്രകോപിപ്പിക്കാന്‍ പറയും .

നിന്റെ മീന്‍ കറിയൊക്കെ എന്ത് മീന്‍ കറി . അതിനൊക്കെ ഞങ്ങളുടെ ശംസുക്കാന്റെ മീന്‍ കറി . ഒരു ഒന്നന്നര മൂന്നേ മുക്കാല്‍ കറി യല്ലേ ..
അതാണ്‌ കറി , അത് മാത്രമാണ് കറി !!

'അല്ലെങ്കിലും നിങ്ങള്‍ അങ്ങനെയെ പറയൂ .
എത്ര നല്ലതു ഉണ്ടാക്കി തന്നാലും ഒരു നല്ല വാക്ക് പറയൂലാ .. ' സാധാരണ പരിഭവം !

ഞാന്‍ വെറുതെ പറഞ്ഞതാ .. നിന്റെ മീന്‍ കറി മാത്രമല്ല വെറും താളിപ്പ് പോലും എന്താ സൂപ്പര്‍ !! കഴിഞ്ഞ നോമ്പിന് അത്താഴത്തിന് ഉണ്ടാക്കിയ 'താളിപ്പി'ന്റെ രുചി ഇപ്പോഴും ഉണ്ട് നാവില്‍..
എന്നൊക്കെ പറഞ്ഞ് ആദ്യം പറഞ്ഞത് സോള്വ് ചെയ്യും .
എന്നാലും കുടുംബം കൂടെയില്ലാത്ത സങ്കടം ഭക്ഷണത്തിന്റെ കാര്യത്തിലെങ്കിലും ഇപ്പോഴില്ല എന്ന ആശ്വാസം ഉണ്ട് .

പതിവിലേറെ ചോറ് തിന്നു റൂമിലേക്ക്‌ പോകാനൊരുങ്ങുമ്പോള്‍ മെല്ലെ ശംസുക്കാന്റെ മുറിയുടെ അടുത്തൊന്നു ചെന്ന് നോക്കി . എ സി യുടെ മുരളലിനോപ്പം ശ്രുതിയും നോട്ട് സും ഒന്നും തെറ്റാത്ത 'ഉച്ച ഉറക്ക രാഗം' വാതിലിന്റെ പഴുതിലൂടെ പുറത്തു വരുന്നുണ്ട് .

രാത്രി ഭക്ഷണത്തിന് ചെല്ലുമ്പോഴാണ് ഞാന്‍ പിന്നെ അദ്ദേഹത്തെ കാണുന്നത് . കണ്ട പാടെ ഉച്ച ഭക്ഷണത്തെ കുറിച്ച് ഞാന്‍ ഒരു പാടങ്ങ് പറഞ്ഞു . അടുത്ത കാലത്തൊന്നും ഇത്ര രുചിയുള്ള ഒരു ഭക്ഷണം കഴിച്ചിട്ടില്ല . എല്ലാം സൂപ്പര്‍ ആയിരുന്നു .. വരട്ടും മോര് കാച്ചിയതും പപ്പടവും !!

ഞാന്‍ പറഞ്ഞതൊക്കെ വല്ലാത്ത സന്തോഷത്തോടെ കേട്ട് നിന്ന അദ്ദേഹം എന്നോട് പറഞ്ഞു .
ഇബടെ ഗള്‍ഫില്‍ പണ്ടക്കും പണ്ടേ ഉള്ള ഒരു തമാസണ്ട് . ങ്ങളും കേട്ടിട്ടുണ്ടാവും . മദീന റോഡ്‌ മുറിച്ചു കടക്കുന്നതും മലയാളികള്ക്ക് മെസ്സ് വെക്കുന്നതും ഒരേ പോലെയാ .
അത്രക്കും എടങ്ങേറ് ആണ് എന്ന് പച്ച മലയാളം .

നന്നായാല്‍ ഒരൊറ്റ കുട്ടീം മുണ്ടൂലാ . കുറ്റം പറയാന്‍ കിട്ട്യേ ഒരു അവസരവും ഒട്ടു കളയീം ല്ല . ഇബടെ വന്നിട്ട് ആദ്യാ ഒരാള് വന്നു ഇങ്ങനെ 'കൊണം' പറീണത് ...

എന്തിനും ഏതിനും കുറ്റം കാണാനും അത് പര്‍വതീ കരിച്ചു പറയാനും നമുക്കൊക്കെ ആയിരം നാവാണ് . നല്ലത് നല്ലതാണ് എന്ന് പറയാനോ നമ്മളൊക്കെ വല്യ പിശുക്കന്മാരും .
സത്യം അതാണ്‌ !

ഒരിക്കല്‍ ഈ വിഷയം സംസാരിക്കവേ എന്റെ റൂമിലെ സീനിയര്‍ ആയ ഉമ്മര്‍ക്ക പറഞ്ഞതാണ് കാര്യം !

കുറ്റം പറയുമ്പോള്‍ കിട്ടുന്ന ആ ഒരു 'സുഖം ' കൊണം പറയുമ്പോ കിട്ടൂല ...


0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്