2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

ആഗസ്റ്റ്‌ - 16



ഒരു ആഗസ്റ്റ്‌ പതിനാറിന് ആയിരുന്നു അത് .

അദ്ദേഹം , എന്റെ 'പാതി'യുടെ പിതാവ് - ഇന്ന് ജീവിച്ചിരിപ്പില്ല - എന്റെ കൈ പിടിച്ചു ഇണയാക്കി തുണയാക്കി എന്ന് പറഞ്ഞു അവളെ എന്റെ കയ്യില്‍ എല്പ്പിച്ച ദിനം .

അവളുടെ നാട്ടിലെ പള്ളിയിലെ ഉസ്താദ് അദ്ദേഹത്തിനു
നിക്കാഹ് വചനങ്ങള്‍ ചൊല്ലിക്കൊടുത്തു . അദ്ദേഹം അത് ഏറ്റു പറഞ്ഞു .


എനിക്ക് ചൊല്ലി തരും മുമ്പേ ഞാന്‍ ആ വാക്യങ്ങള്‍ സ്വയം പറഞ്ഞു .
ഏറ്റു ചൊല്ലുന്നതിലേറെ സ്വയം പറയുന്നതാണ് കൂടുതല്‍ ഹൃദ്യം എന്ന് തോന്നി . അത് കൊണ്ട് തന്നെ !!

അന്ന് ചടങ്ങ് കഴിഞ്ഞു പോരുമ്പോള്‍ ആ ഉസ്താദ് എന്നെ അദ്ദേഹത്തിലേക്ക്‌ ചേര്‍ത്ത് പിടിച്ചു ആശ്ലേഷിച്ചു . എന്റെ ആ സമീപനം അദ്ദേഹത്തിനു ഇഷ്ടമായത് കൊണ്ടോ ഇങ്ങനെ ഒരു രൂപവും ഭാവവും വേഷവും ഉള്ള ഒരാളില്‍ നിന്ന് അങ്ങനെ ഒരു അനുഭവം പ്രതീക്ഷിക്കാത്തത് കൊണ്ടോ എന്തോ ആ ആശ്ലേഷത്തിനു വല്ലാത്ത ഒരു ഊഷ്മളത ഉണ്ടായിരുന്നു .

പറഞ്ഞു വരുന്നത് അവള്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത് ഇത് പോലെ ഒരു ആഗസ്റ്റ്‌ 14 ന് ആണ് .

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് ആഗസ്റ്റ്‌ പതിനഞ്ചിന് നിന്റെ സ്വാതന്ത്ര്യം ഇല്ലായത് ആഗസ്റ്റ്‌ പതിനാലിന് എന്ന് ഇടയ്ക്കിടെ അവളോട്‌ തമാശ പറയാറുണ്ട് ഞാനിപ്പോഴും .

നികാഹ് മാത്രമാണ് അന്ന് നടന്നത് . പിന്നെയും ഒരു മാസം കഴിഞ്ഞിട്ടാണ് കല്യാണം . സെപ്റ്റമ്പ ര്‍ എട്ടിന് . നിയമ പരമായി അവളെന്റെ ആയതു ഇത് പോലെ ഒരു ആഗസ്റ്റ്‌ പതിനാലിന് .

ഓരോ ധാന്യ മണിയിലും അത് കഴിക്കുന്ന ആളുടെ പേര് എഴുതി വെച്ചിട്ടുണ്ടാവും എന്ന പോലെ ഓരോ സ്ത്രീയുടെ കഴുത്തിലും അവളെ സ്വന്തമാക്കുന്ന പുരുഷന്റെ പേര് എഴുതി വെച്ചിട്ടുണ്ടാവും എന്നും പറയാം എന്ന് തോന്നുന്നു .

കാരണം കരുവാരകുണ്ട് എന്ന ഗ്രാമത്തിലെ ഇരിങ്ങാട്ടിരി എന്ന കുഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ഒരാള് ഒരു പാട് കിലോമീറ്റര്‍ താണ്ടി മലപ്പുറം മുണ്ടക്കോടിലെ ഉമ്മത്തൂ രില്‍ ജനിച്ച ഒരു പെണ്‍കുട്ടിയെ സ്വന്തമാക്കണം എന്നുണ്ടെങ്കില്‍ ധാന്യ മണിയില്‍ കഴിക്കുന്ന ആളുടെ പേരെഴുതി വെച്ച പോലെ 'പെണ്‍ മണി'യിലും അവളെ 'കഴിക്കുന്ന ' - കല്യാണം - ഒരാളുടെ പേര് എഴുതി വെച്ചിട്ടുണ്ടാവും എന്ന് അര്‍ഥം

പിന്നീടു അങ്ങോട്ട്‌ ഒരു മാസക്കാലം പ്രണയ ലേഖനങ്ങളുടെ പ്രവാഹം ആയിരുന്നു . 'ഒരു അച്ഛന്‍ മകള്ക്ക് എഴുതിയ കത്തുകള്‍' എന്ന പോലെ
'ഒരു ഭര്‍ത്താവ് ഭാര്യയ്ക്ക് എഴുതിയ പ്രണയ ലേഖനങ്ങള്‍' എന്ന പരിവേഷത്തില്‍ അവയൊക്കെ ഇന്നും സൂക്ഷിക്കുന്നുണ്ട് . കൃത്യമായി കിട്ടിയ മറുപടികളും .

ഏതായാലും ജീവിത യാത്ര തുടങ്ങും മുന്‍പേ അക്ഷരങ്ങളിലൂടെ ഒരു സ്നേഹപ്പാലം തീര്‍ത്തിരുന്നു എന്ന് ആദ്യ രാത്രി തന്നെ ഞങ്ങള്ക്ക് ബോധ്യമായി !!!

ഭാര്യയെ കുറിച്ച് ഏതൊരു ഭര്‍ത്താവും പ്രശംസിച്ചു പറയുന്നത് മറ്റുള്ളവരില്‍ ആരോചകത സൃഷ്ടിക്കും . അത് കൊണ്ട് ഒരൊറ്റ വാചകം മാത്രം ..!!!

'അവള്‍ വന്നതിനു ശേഷമാണ് ഞാന്‍ 'ജീവിതം' തുടങ്ങുന്നത് '


0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്