2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

മുന്തിരി



ഇന്നലെ നാട്ടിലേക്ക് വിളിക്കുമ്പോള്‍ പതിവിനു വിപരീതമായി മോനാണ് ഫോണെടുത്തത് . എല്ലാ ദിവസവും മക്കളോടും അല്‍പ സമയം സംസാരിക്കാറുണ്ട് . സ്കൂളില്‍ പോക്ക് തുടങ്ങിയതോടെ മോന് സംസാരിക്കാന്‍ ഏറെ ഇഷ്ടമാണ് .

ടീച്ചറെ കുറിച്ചും ഫ്രണ്ട്സിനെ കുറിച്ചും ക്ലാസ്സ് റൂമിലെ ചുമരില്‍ വരച്ചു വെച്ച ചിത്രങ്ങളെ കുറിച്ചും ഒക്കെയായി കുറെ വിശേഷങ്ങള്‍ പറയാനുണ്ടാവും .

ടീച്ചര്‍ പഠിപ്പിച്ച ഒരു പാട്ട് പാടിത്തരുമോ ?
എന്ന് ഞാന്‍ ചോദിച്ചു .
അപ്പോള്‍ പെങ്ങളോട് പറയുന്നത് കേട്ടു .
'ഇത്താ ഇതൊന്നു പിടിക്ക്'
മൊബൈല്‍ പിടിക്കാനാണ് പറയുന്നത് എന്നും പാടുന്നത് ആംഗ്യ പ്പാട്ട് ആണ് എന്നും ആംഗ്യം കാണിച്ചാണ് പാടുന്നത് എന്നും അതിനാണ് മൊബൈല്‍ പെങ്ങളോട് പിടിക്കാന്‍ പറയുന്നത് എന്നും പിന്നെയാണ് മനസ്സിലാവുന്നത് .


അവന്റെ വിചാരം ആംഗ്യം കാണിക്കുന്നതും ഉപ്പ കാണുന്നുണ്ടാവും എന്നാവും .

പാട്ട് പാടിക്കഴിഞ്ഞപ്പോള്‍ ഞാന്‍ കയ്യടിച്ചു . ഒച്ച അവനെ കേള്പ്പിച്ചു . വെരി ഗുഡ് എന്നൊക്കെ പറഞ്ഞു അഭിനന്ദിച്ചു .

ഇനി ഒരു കഥ പറഞ്ഞു തരാമോ ? എന്നായി ഞാന്‍ .
ഇപ്പോഴത്തെ പുതിയ ജനറേഷന് എന്ത് പുതിയ കഥയാണ് സ്കൂളുകളില്‍ നിന്ന് പഠിപ്പിച്ചു കൊടുക്കുന്നത് എന്നും കൂടി ഒന്ന് അറിയാമല്ലോ എന്ന് കരുതിയാണ് അങ്ങനെ ഒരു ചോദ്യം ചോദിച്ചത് .

ഉടനെ അവന്‍ പറഞ്ഞു തുടങ്ങി .
തുടക്കം കേട്ടപ്പോഴേ ഒടുക്കം മനസ്സിലായി !!
എനിക്ക് അദ്ഭുതമാണ്‌ തോന്നിയത് .

നമ്മുടെ യൊക്കെ കുട്ടിക്കാലത്തു പഠിച്ച അതെ കഥ തന്നെ .
കുറുക്കനും മുന്തിരിയും !!!
പഴഞ്ചൊല്ലുകള്‍ മാത്രമല്ല 'പഴങ്കഥ' യും ഇന്നും നിറഞ്ഞ സദസ്സില്‍
'ഓടുന്നുണ്ട്' എന്നര്‍ത്ഥം !!

സംസാരം അവസാനിപ്പിച്ചപ്പോഴാണ് ഇവയുടെയൊക്കെ എക്കാലത്തെയും പ്രസക്തി യെ കുറിച്ച് ഓര്‍ത്തത്‌ .

പഴഞ്ചൊല്ലായാലും പഴയ കഥയായാലും അതിലൊക്കെ മനുഷ്യന്റെ സ്വഭാവവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളാണല്ലോ പ്രമേയമായി വരുന്നത് . കഥാപാത്രം കുറുക്കനായാലും കാക്കായാലും കുരുവി ആയാലും !

കാലം മാറിയാലും കോലം മാറിയാലും കഥ മാറിയാലും കവിത മാറിയാലും മനുഷ്യന്റെ ചില സ്വഭാവങ്ങളൊന്നും മാറില്ല .
അന്നും ഇന്നും എന്നും അത്തരം ചിലത് കൂടെ കാണും .

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും തല കുത്തി മറിഞ്ഞിട്ടും കിട്ടണം എന്ന് ആഗ്രഹിക്കുന്ന ഒരു സംഗതി കിട്ടുന്നില്ല എങ്കില്‍ മുന്തിരി മാത്രമല്ല എന്തും ഇത്തിരി 'പുളിക്കും ..!!! '

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്