2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

ഇല


ഇന്ന് ഉച്ചയ്ക്ക് മെസ്സ് റൂമിലേക്ക്‌ ഭക്ഷണം കഴിക്കാന്‍ ചെല്ലുമ്പോള്‍ അവിടെ കാര്യമായി ഒരു ചര്‍ച്ച നടക്കുകയാണ് .

ഒരു സുഹൃത്തിന്റെ വകയായി വലിയ ഒരു തളികയില്‍ ജര്‍ജീര്‍ എന്ന ഇല യുടെ വലിയ ഒരു കൂമ്പാരം . ഉപ്പും നാരങ്ങ നീരുമൊക്കെ ചേര്‍ത്ത് പച്ചയ്ക്ക് തിന്നാന്‍ പാകത്തില്‍ തയ്യാറാക്കി വെച്ചിരിക്കുന്നു . എല്ലാവര്‍ക്കും അവനതു വിതരണം ചെയ്യുന്നുണ്ട് . എനിക്കും കിട്ടി കുറച്ചു ഇലകള്‍ .

അത് കൊണ്ടാവണം ചര്‍ച്ച ഇലകളെ കുറിച്ചാണ് .
ഞാന്‍ ഒരു പ്ലേറ്റില്‍ ഭക്ഷണം എടുത്തു അവരോടൊപ്പം കഴിക്കാനും 'ചര്‍ച്ചിക്കാനും' കൂടി .

ഇപ്പോള്‍ അവര്‍ സംസാരിക്കുന്നതു ആടുകളെ കുറിച്ചാണ്

ജലീല്‍ പറയുന്നു : ഏറ്റവും സുരക്ഷിതമായ വാഹനം ആണ് വിമാനം . ഏറ്റവും അപകടം കൂടിയതും അത് തന്നെ .

അത് പോലെയാണ് ആടും .

ഏറ്റവും ഔഷധപ്രധാനമായ ഇറച്ചി ആണ് ആടിന്റെത്
പക്ഷേ ഏറ്റവും അപകടം ഉള്ള ഇറച്ചിയും അതിന്റെത് തന്നെ

കാരണം ആടുകള്‍ തിന്നുന്നത് മുഴുവനും മരുന്നുകളാണ് . ഔഷധ ഇലകളാണ് . അത് കൊണ്ട് ആ ഗുണം ഇറച്ചിയിലും കാണും . ഗുണം പോലെ തന്നെ അപകടവും ഉണ്ട് . കൊളോസ്ട്രോള്‍ ന്റെ ഉസ്താദ് ആണ് ആട്ടിറച്ചി .

ഞാനും കൂട്ടത്തില്‍ ചേര്‍ന്ന് പറഞ്ഞു :

അത് ശരിയാണ് ആടുകള്‍ എന്തെല്ലാം ഇലകളാണ് കഴിക്കുന്നുന്നത് ? മറ്റു മൃഗങ്ങളെ പോലെ വെറും പുല്ലോ പ്രത്യേക ഇലകളോ മാത്രമല്ല ആടുകള്‍ തിന്നുന്നത് .
മാത്രവുമല്ല വയറു സംബന്ധമായ വല്ല അസ്വസ്ഥതകളും അവയ്ക്ക് ഉണ്ടാവുമ്പോള്‍ അവ ചില ഇലകള്‍ മാത്രം തെരഞ്ഞെടുത്തു തിന്നുന്നത് കാണാം . ചില സമയങ്ങളില്‍ ചില ഇലകള്‍ തിന്നാതെ പോകുന്നതും കണ്ടിട്ടുണ്ട് .

കുട്ടിക്കാലത്ത് വീട്ടില്‍ ആടിനെ വളര്‍ത്തിയിരുന്നു . ചിലപ്പോഴൊക്കെ അവയെ തീറ്റാന്‍ ഞാനും പോയിട്ടുണ്ട് . ആ അനുഭവം വെച്ചും മറ്റു ചിലയിടങ്ങളില്‍ വായിച്ച അറിവ് വെച്ചും ഞാനും ചര്‍ച്ചയില്‍ ഇടപെട്ടു .

ചുരുക്കത്തില്‍ ആടുകള്‍ 'ജീവിക്കുകയും സഞ്ചരിക്കുകയും തിന്നുകയും കുടിക്കുകയും ചെയ്യുന്ന ' കോട്ടക്കല്‍ ആര്യവൈദ്യ ശാലകളാണ് ' ഞാന്‍ പറഞ്ഞു

അപ്പോഴാണ്‌ സിദ്ധീഖിന്റെ കമന്റ് :

'അതൊക്കെ ചെങ്ങായിമാരെ നാട്ടിലെ ആടിന്റെ കാര്യം ല്ലേ . ഇബിടുത്തെ ആടുകള്‍ ഖുബ്ബൂസ് അടക്കം തിന്നും .
പച്ച എലകള്‍ പോയിട്ട് ഒണക്ക എല കൂടി കിട്ടാനില്ല അയ്‌റ്റാക്ക്

ങ്ങള് പറീണ ആ 'കൊണം' കിട്ടണംന്നു ണ്ടെങ്കി
വേറെ ചെലത്‌ തിന്നാല്‍ മതി .
എന്നും പറഞ്ഞു അവന്‍ ഭയങ്കര ചിരി ചിരിക്കുന്നു ..!!!

ഞങ്ങള്‍ക്ക് അവന്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായില്ല !!

ഞങ്ങള്‍ അവന്റെ മുഖത്തേക്ക് നോക്കി , മനസ്സിലായില്ല എന്ന ഭാവത്തില്‍ .

അപ്പോള്‍ അവന്‍ ചിരിച്ചു കൊണ്ട് പറയുന്നു : ആ കൊണം കിട്ടണം ന്നുണ്ടെങ്കില്‍ ഈ നാട്ടിലെ മനുസമ്മാരെ അറുത്തു തിന്നാല്‍ മതി .
കൊട്ടക്കണക്കിനു എല അല്ലെ അവര് തിന്ന്‍ണത്

അപ്പോഴാണ്‌ ഞങ്ങള്‍ക്ക് ബള്‍ബ് കത്തിയത് !!!

പിന്നെ ഒരു കൂട്ടച്ചിരി യാണ് മുഴങ്ങിയത് .

OO

ഒരു ക്രൂരമായ ഫലിതം ആണ് സിദ്ധീഖ് പറഞ്ഞത് എങ്കിലും അതില്‍ ഒരു സത്യമുണ്ട് . നമ്മുടെ നാട്ടിലേക്കാള്‍ ഇവിടുത്തുകാര്‍ ഭക്ഷണത്തോടൊപ്പം ഇലകള്‍ ഒരു പാട് കഴിക്കുന്നുണ്ട് . അതും പച്ചയ്ക്കാണ് തിന്നുക

നമ്മുടെ നാട്ടില്‍ മുരിങ്ങയോ ചീരയോ മത്തന്റെ ഇലയോ ഒക്കെ കറി വെച്ച് വേവിച്ചു കഴിക്കും എന്നല്ലാതെ പച്ചയ്ക്ക് തിന്നുന്നത് കുറവാണ്

ഇവിടെ പച്ചക്കറി വണ്ടികളോടൊപ്പം ഇലകളുടെ മാത്രം വണ്ടികളും യഥേഷ്ടം കാണാം . പല ആകൃതിയിലും രൂപത്തിലും ഉള്ള ഇലകള്‍ . എനിക്കൊന്നും പേരറിയാത്ത , രുചി അറിയാത്ത ഒരു പാട് തരം ഇലകള്‍ .
പച്ചക്കറി വണ്ടിക്കാരെ പോലെ ഇല വില്‍ക്കുന്ന വണ്ടിക്കാര്‍ക്കും നല്ല കച്ചവടമാണ് . കൂടുതലും സ്വദേശികളാണ്‌ വാങ്ങുക .

ഇവരുടെ ഭക്ഷണത്തില്‍ ഇറച്ചിക്ക് നല്ല സ്ഥാനം ഉണ്ട് .
അത് പോലെ ഇലകള്‍ക്കും .

ഓരോ ഇലയും ഒരു പാട് ഔഷധ ഗുണങ്ങളുള്ളവയാണ് എന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു .

പ്രഷര്‍ , ഷുഗര്‍ , കൊളസ്ട്രോള്‍ , തുടങ്ങിയ , വന്നാല്‍ പിന്നെ 'മയ്യിത്ത് ആവും വരെ ഒപ്പം ഉണ്ടാകുന്ന 'രോഗങ്ങളെ നിയന്ത്രിക്കാന്‍ ഇത്തരം ഇലകള്‍ ബെസ്റ്റ് ആണുപോലും .
വിലയും തുച്ചം ഗുണവും മെച്ചം !!

ചുരുക്കി പറഞ്ഞാല്‍ 'നിങ്ങള്‍ക്കും ആവാം കോടീശ്വരന്‍ 'എന്ന് പറഞ്ഞ പോലെ ഒന്ന് മനസ്സ് വെച്ചാല്‍ 'നമുക്കും ആവാം സഞ്ചരിക്കുന്ന കോട്ടക്കല്‍ ആര്യവൈദ്യ ശാല

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്