അന്ന് ഞാന്‍ വളാഞ്ചേരി മര്‍ക്കസ് ഹൈസ്കൂളില്‍ ജോലി ചെയ്യുകയാണ് . എന്റെ ജീവിത യാത്രയിലെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു അത് . നഷ്ട്ടപ്പെട്ടതിനെക്കുറിച്ച് ഓര്‍ത്ത് സങ്കടപ്പട്ടത് ആ ഒരു കാലത്തെക്കുറിച്ച് മാത്രമാണ് .
പല ദേശങ്ങളില്‍ നിന്ന് , പല സംസ്ക്കാരങ്ങളില്‍ നിന്ന് , പല ജീവിത ചുറ്റുപാടുകളില്‍ നിന്ന് വന്ന ഒരുപാട് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവരെ പഠിപ്പിച്ചും അവരില്‍ നിന്ന് പഠിച്ചും അവരോടൊപ്പം ഉണ്ടും ഉറങ്ങിയും
സൗഹൃദം പങ്കിട്ടും ഉപദേശിച്ചും ശാസിച്ചും സ്നേഹിച്ചും കഴിഞ്ഞു കൂടിയ അക്കാലം കൊക്കില്‍ ജീവനുള്ള കാലത്തോളം മറക്കാനേ പറ്റില്ല . അത്രമാത്രം നിറമുള്ള ഓര്‍മ്മകളാണ് ആ കാലം സമ്മാനിച്ചത് .
അക്കാലത്തെ കുറിച്ച് പിന്നീട് എഴുതാം
അന്ന് ആഴ്ചയില്‍ ഒരിക്കലാണ് വീട്ടിലേക്കു പോവുക .
റസിഡന്‍ഷ്യല്‍ സ്കൂള്‍ ആയതു കൊണ്ട് വിദ്യാര്‍ഥികള്‍ മാത്രമല്ല അധ്യാപകരും അവിടെ തന്നെ താമസിക്കുന്നവരായിരുന്നു . വാരാന്ത അവധിക്കേ പലരും നാട്ടില്‍ പോകൂ . ചിലര്‍ മാസാന്ത അവധിക്കും .
ഒരു വാരാന്ത്യ അവധിയ്ക്ക് ഞാന്‍ വീട്ടിലെത്തിയ പാടെ ഭാര്യ എന്നോട് ചോദിച്ചു .
'നിങ്ങള്‍ നിങ്ങള്ക്ക് തന്നെ കത്തെഴുതാറുണ്ട് അല്ലേ .. ?
എനിക്ക് കാര്യം മനസ്സിലായില്ല .
'ഞാന്‍ എനിക്ക് തന്നെ കത്തെഴുതുകയോ ? അങ്ങനെ ആരെങ്കിലും ചെയ്യുമോ '?
'എന്നാല്‍ അങ്ങനെ ഒരു അപൂര്‍വ സംഭവം നടന്നിട്ടുണ്ട്' .
എന്നും പറഞ്ഞു അവള്‍ അകത്തു പോയി ഒരു പോസ്റ്റ് കവര്‍ കൊണ്ട് വന്നു എനിക്ക് തന്നു .
ഇതാ നോക്കിന്‍ . അഡ്രസ്സ് എഴുതിയത് കണ്ടാലറിയാം ഇത് നിങ്ങള്‍ നിങ്ങള്ക്ക് തന്നെ എഴുതിയ കത്താണ് .
കയ്യക്ഷരം കണ്ടില്ലേ ... !!!
ഞാന്‍ കവര്‍ വാങ്ങി നോക്കുമ്പോള്‍ ശരിയാണ് . എന്റെ അതെ കയ്യക്ഷരത്തില്‍ അതെ സ്റ്റൈലില്‍ ആണ് മേല്‍വിലാസം എഴുതിയിരിക്കുന്നത് . എനിക്ക് അതെഴുതിയ ആളെ പെട്ടെന്ന് മനസ്സിലായി .
ഞാന്‍ അവളോട് പറഞ്ഞു . ഇത് എനിക്ക് , ഞാന്‍ എഴുതിയ കത്തല്ല . പക്ഷേ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന എന്റെ ഒരു വിദ്യാര്‍ഥി എഴുതിയ കത്താണ് . ഈ കുട്ടി പത്താം ക്ലാസ് വരെ മര്‍ക്കസില്‍ പഠിക്കുകയും ഇപ്പോള്‍ ഉപരി പഠന ത്തിനായി മറ്റൊരു രാജ്യത്ത് - മലേഷ്യയില്‍ - പഠിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന കുട്ടിയാണ് .
ആദ്യം കത്ത് വായിക്കട്ടെ . ആളെ പിന്നെ പരിചയപ്പെടുത്തി തരാം . ഞാന്‍ അവളോട് പറഞ്ഞു .
അധ്യാപകരുടെ നല്ല ഗുണങ്ങള്‍ വിദ്യാര്‍ഥികള്‍ അനുകരിക്കുന്നത് സ്വാഭാവികമാണ് . ഇഷ്ടപ്പെട്ട അധ്യാപകരുടെ ഒപ്പ് , കയ്യക്ഷരം , വസ്ത്ര ധാരണ രീതി , സമീപനം , ശൈലി ഒക്കെ വിദ്യാര്‍ത്ഥികളും അനുകരിക്കാന്‍ ശ്രമിക്കും
ഉള്ളത് പറയാമല്ലോ എന്റെ കയ്യക്ഷരം ഒരുവിധം കൊള്ളാമായിരുന്നു . ഒരു പ്രത്യേക സ്റ്റൈലില്‍ ഒക്കെയായിരുന്നു അന്ന് എഴുത്ത് . ( എന്റെ ഫ്രണ്ട് ലിസ്റ്റില്‍ എന്റെ കുറെ വിദ്യാര്‍ഥികള്‍ ഉണ്ട് . അവര്‍ക്ക് അറിയാം അക്കാര്യം )
ബോര്‍ഡിലൊക്കെ ഒരു പ്രത്യേക രീതിയില്‍ വളച്ചും തിരിച്ചും ആണ് എഴുതുക . എന്റെ പേരിന്റെ ആദ്യത്തെ അക്ഷരമായ 'ഉ ' ഒക്കെ എഴുതുമ്പോള്‍ അതിന്റെ വാല് നമ്മുടെ കപീഷിന്റെ വാല് പോലെ വല്ലാതെ വളഞ്ഞു പുളഞ്ഞു നീണ്ടു കിടക്കുന്ന രീതിയിലാണ് എഴുതുക .
എന്റെ കുട്ടികളില്‍ ചിലരും അതേപോലെ അനുകരിക്കുന്നുണ്ടെന്നു ഞാന്‍ മനസ്സിലാക്കിയിരുന്നു . മിക്ക കുട്ടികളുടെയും നോട്ടു ബുക്കുകള്‍ പരിശോധിക്കുമ്പോള്‍ ആ അനുകരണ ശ്രമം കാണാമായിരുന്നു .
അനുകരിക്കാന്‍ തക്ക മറ്റൊന്നും ഇല്ലാത്തത് കൊണ്ട് ഇതെങ്കിലും അനുകരിക്കട്ടെ എന്ന് ഞാനും കരുതി .
അക്കാര്യത്തില്‍ ഏറെ വിജയിച്ച ഒരു കുട്ടിയുടെ കത്താണ് ഇപ്പോള്‍ എന്റെ കയ്യിലിരിക്കുന്നത് .
ഒരു നിലക്കും മനസ്സിലാക്കാന്‍ പറ്റാത്ത അത്ര കൃത്യമായി ആണ് കയ്യക്ഷരം .
കവര്‍ പൊട്ടിച്ചപ്പോള്‍ അതില്‍ ഒരു ഫോട്ടോ കൂടിയുണ്ട് . പഠിക്കുന്ന സ്ഥലത്ത് നിന്ന് എടുത്തു അയച്ചതാണ് .
സാധാരണ കുട്ടികളെ പോലെ പഠനം കഴിഞ്ഞാല്‍ പഠിപ്പിച്ച അധ്യാപകരെ മറക്കുന്ന പ്രകൃതം ആയിരുന്നില്ല ആ കുട്ടിക്ക് പഠിപ്പിച്ച എല്ലാ അദ്ധ്യാപകരുമായും ഉസ്താദുമാരുമായും ആ കുട്ടി പിന്നെയും പിന്നെയും ബന്ധപ്പെട്ടു
കൊണ്ടേയിരിക്കുന്നു .
ആ സ്വഭാവ ഗുണം ഉള്ളത് കൊണ്ട് കൂടിയാവണം എനിക്ക് ഇടയ്ക്കിടെ ആ കുട്ടിയുടെ കത്ത് വരും .
കൃത്യമായി ഞാന്‍ മറുപടിയും അയക്കും . ഭാവിയിലേക്ക് മുതല്‍ക്കൂട്ടാവുന്ന ചില തിരിച്ചറിവുകളും അറിവുകളും നിര്‍ദ്ദേശങ്ങളും ഞാനെഴുതുന്ന കത്തുകളില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രമിക്കും , ശ്രദ്ധിക്കും .
കാരണം ആ കുട്ടിക്ക് വലിയ ഭാവിയുണ്ട് എന്നും ഒരു കാലത്ത് നമ്മുടെ സാമൂഹിക ചുറ്റുപാടില്‍ വലിയ ഭാഗധേയം നിര്‍വഹിക്കേണ്ട വ്യക്തിയായിരിക്കും ആ കുട്ടി എന്നും നേരത്തെ അറിയാവുന്നത് കൊണ്ട് തന്നെ .
കത്ത് വായിച്ചു തീരുന്നതും നോക്കി ഇരിപ്പാണ് ഭാര്യ . ആളെ അറിയാന്‍ അവള്‍ക്കും ആകാംക്ഷയുണ്ട് .
കത്ത് വായിച്ചു കഴിഞ്ഞ ശേഷം കൂടെ ഉണ്ടായിരുന്ന ആ ഫോട്ടോയിലേക്ക് തന്നെ നോക്കി ഞാന്‍ ഇരിക്കുമ്പോള്‍ അവള്‍ അത് വന്നു തട്ടിപ്പറിച്ചു കൊണ്ട് പോയി .. !!!
അത് , ഇന്ന് കേരളത്തിന്റെ കണ്ണും കാതും കരളും മനസ്സും കവര്‍ന്ന , പഠിക്കുന്ന കാലത്തേ ഹൃദ്യമായ പെരുമാറ്റം കൊണ്ടും കുലീനമായ സമീപനം കൊണ്ടും അന്യാദൃശമായ വിനയം കൊണ്ടും പഠിപ്പിക്കുന്ന അധ്യാപകരില്‍ മാത്രമല്ല വിദ്യാര്‍ഥികളില്‍ പോലും സ്നേഹവും ആദരവും മതിപ്പും സൃഷ്‌ടിച്ച
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെതായിരുന്നു ...!!!
OO
ഇന്ന് വലിയ നേതാവും എല്ലാവര്‍ക്കും പ്രിയങ്കരനും ബഹുമാന്യനും ആയ തങ്ങളുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ അവസരം ഉണ്ടാകുമ്പോള്‍ ഒരു കുഞ്ഞു സന്തോഷവും അതിലേറെ അഭിമാനവും എന്റെ മനസ്സിലുണരും . പല സാഹിത്യ പരിപാടികളിലും കലാ മത്സരങ്ങളിലും പങ്കെടുക്കാനുള്ള പ്രസംഗം എഴുതിക്കൊടുക്കാന്‍ എനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ടല്ലോ എന്നോര്‍ത്ത്
അക്ഷരം പഠിപ്പിച്ച ഗുരുക്കളോട് ഇക്കാലത്തും ഇത്രയേറെ സ്നേഹവും കടപ്പാടും വിനയവും കാണിക്കുന്ന ഒരു കുട്ടി വേറെ ഉണ്ടാവുമോ എന്നെനിക്കറിയില്ല . ഉന്നത സ്ഥാനത്ത് എത്തിയിട്ടും വലിയ നേതാവായിട്ടും ഗുരുക്കന്മാരെ വന്ദിക്കുന്ന ആ വലിയ മനസ്സ് എന്നെ പലപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടുണ്ട് .
ഇപ്പോഴും സൗദി അറേബ്യയില്‍ വരുമ്പോള്‍ എത്ര തിരക്കുണ്ടെങ്കിലും ഒന്ന് വിളിക്കുകയെങ്കിലും ചെയ്യും . കാണാനുള്ള അവസരം സൃഷ്ടിക്കും .
കഴിഞ്ഞ ആഴ്ച എങ്ങോട്ടോ ഉള്ള യാത്രയില്‍ എന്റെ വീടിനു മുമ്പിലൂടെ കടന്നു പോകുമ്പോള്‍ കാര്‍ നിര്‍ത്തി വീട്ടിലിറങ്ങി കുട്ടികളെ കണ്ടു സംസാരിച്ചിട്ടാണ് പോയത് . എന്റെ ഉപ്പ സുഖമില്ലാതെ കിടപ്പിലായിരുന്ന സമയത്ത് എന്റെ തറവാട്ട് വീട്ടിലും പലപ്പോഴും തങ്ങള് വന്നിട്ടുണ്ട് . ഉപ്പയെ കാണാന്‍ . എന്റെ ജീവിതത്തിലുണ്ടായ എല്ലാ അസുലഭ അവസരങ്ങളിലും - വിവാഹം , ഗൃഹ പ്രവേശം തുടങ്ങി - ആ സാന്നിധ്യം ഉണ്ടായിട്ടുണ്ട് .
മഹത്വം മൂന്നു വിധം ഉണ്ട്
ജന്മനാ ലഭിക്കുന്നത്
പ്രവൃത്തിയിലൂടെ നേടിയെടുക്കുന്നത്
ആരോപിക്കപ്പെടുന്നത്
ഈ കൂട്ടത്തില്‍ ആദ്യത്തെയും രണ്ടാമത്തെയും ഗണത്തില്‍ ഒന്നിച്ചു ഉ ള്‍പ്പെടുന്നവര്‍ അപൂര്‍വമായിരിക്കും . ആ അപൂര്‍വതയുടെ ഒരു ആധുനിക പേരാണ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്
