2013, ഏപ്രിൽ 14, ഞായറാഴ്‌ച

കണി ഒരു കെണി !!!




വിഷുവല്ലേ
ഒരു നല്ല കണി കാണണേ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് ആണ് ഓഫീസിലേക്ക് ഇറങ്ങിയത് .

ഫ്ലാറ്റിന്റെ രണ്ടാം നിലയില്‍ നിന്ന് ഒരു വിധം കണ്ണ് ചിമ്മിയാണ് മെല്ലെ മെല്ലെ താഴെ എത്തിയത് .
കണിയില്‍ വിശ്വാസം ഒന്നും ഇല്ല . കെണിയില്‍ നല്ല വിശ്വാസം ഉണ്ട് താനും .

എന്നാലും ഒരു അന്ധവിശ്വാസം . 
അന്ധമായാലും ഊമയായാലും വിശ്വാസം അല്ലെ എല്ലാം !! 

കൊന്ന കാണാന്‍ വഴിയില്ല , എന്നാലും മനസ്സിന് കുളിര്‍മ്മ പകരാന്‍ പറ്റിയ എന്തെങ്കിലും കാണണെ എന്നായിരുന്നു പ്രാര്‍ത്ഥന.

ഫ്ലാറ്റിന്റെ ഗേറ്റ് തുറന്നാല്‍ മെയിന്‍ റോഡ്‌ ആയി ..
വല്ല നല്ല കാറും കണ്ടാലും മതിയല്ലോ ?
സമ്പന്നതയുടെ പ്രതീകം അല്ലെ കാറ് ?
ഏതെന്കിലും ലക്ഷ്വറി കാര്‍ കണി കാണണേ എന്ന് പ്രാര്‍ഥിച്ചു.

ഗേറ്റ് തുറന്നു .
നേരം വെളുത്തു വരുന്നേയുള്ളൂ .
വെയില്‍ നാളങ്ങള്‍ മെല്ലെ മെല്ലെ ഉറക്കില്‍ നിന്നും എഴുന്നേറ്റു 
വന്നു കണ്ണ് തിരുമ്മി കോട്ടുവാ ഇട്ടു അവിടെയും ഇവിടെയും 
കൂനിക്കൂടി ഇരിക്കുന്നു ..

റോഡിലൂടെ കൂടുതല്‍ വാഹങ്ങള്‍ ഒന്നും പായാന്‍ തുടങ്ങിയിട്ടില്ല ... !!!
കേള്‍ക്കാന്‍ ഇമ്പമുള്ള ഒരു കാറിന്റെ ഒച്ച കേള്‍ക്കുമ്പോള്‍ 
കണ്ണ് തുറക്കാം എന്ന് വിചാരിച്ചു കണ്ണ് മുറുകെച്ചിമ്മി 
കടിച്ചു പിടിച്ചു നിന്നു ..!!

അപ്പോഴാണ്‌ അതി ദയനീയമായ ഒരു കരച്ചില്‍ കേള്‍ക്കുന്നത് .. !
ഞാന്‍ കാതു കൂര്‍പ്പിച്ചു .. കണ്ണ് തുറക്കണോ എന്ന് സംശയിച്ചു ..
കരച്ചില്‍ കേള്‍ക്കുന്നതെ ദു:ശകുനം ആണ് . അതും പുലര്‍ക്കാലത്ത് .
അപ്പോള്‍ കണി കാണുന്നത് അതിലേറെ ദു:ശകുനം അല്ലെ ?
ഞാന്‍ അപ്പോള്‍ 'ത്രി ശങ്കു'വും കടന്നു 'ഫോര്‍ ' ശങ്കുവിലായി !

ആറ്റു നോറ്റ് ഭംഗിയുള്ള ഒരു കണി കാണാന്‍ മോഹിച്ചിട്ട് ഒരു കരച്ചില്‍ ആണല്ലോ പടച്ചോനെ ഇന്നത്തെ കണി എന്ന് ഞാന്‍ വേദനയോടെ ഓര്‍ത്തു .

ഒന്നുകില്‍ കരച്ചില്‍ കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കാതെ പോകണം .
അല്ലെങ്കില്‍ ഈ കണി തന്നെ കാണണം ..
ഇനി ഒരു കണി കാണാന്‍ ഒരു വര്‍ഷം കാത്തിരിക്കണം .. !
എന്ത് ചെയ്യണമെന്നറിയാതെ മുറുകെ ചിമ്മിയ കണ്ണുകള്‍ തുറക്കാതെ ഞാന്‍ അന്തിച്ചു നിന്നു !

നിലവിളിയിലേക്ക് തിരിഞ്ഞു നോക്കാതെ പോകുന്ന നീ മനുഷ്യനാണോ ?
എന്ന് ഉള്ളില്‍ നിന്നു മന:സാക്ഷി എന്നോട് ചോദിച്ചു കൊണ്ടിരുന്നു .

ഒടുവില്‍ ആ ചോദ്യം എന്നെ വല്ലാതെ തളര്‍ത്തി ..
മറ്റൊന്നും ആലോചിച്ചില്ല .
വരുന്നത് വരട്ടെ .. എന്ന് കരുതി കണ്ണ് തുറന്നു ... !

നോക്കുമ്പോള്‍ ഒരു പാവം മരണ വെപ്രാളത്തില്‍ കിടന്നു പിടയുകയാണ് ..

ജീവന്‍ കിട്ടാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട് ..
കടിക്കുന്നുണ്ട് , അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുണ്ട് .. കിതക്കുന്നുണ്ട് ..
തേങ്ങുന്നുണ്ട് ..

ഞാന്‍ നാല് പാടും നോക്കി .. ആരെയും കാണുന്നില്ല ..
എല്ലാവരും ഉണര്‍ന്നു വരുന്നേയുള്ളൂ ...

ഒടുവില്‍ ഞാന്‍ അടുത്തേക്ക് ചെന്നു .
അതെന്നെ ദയനീയമായി നോക്കി ..
അതിന്റെ ഭാഷയില്‍ എന്തോ പറയുന്നു..
എന്നെ രക്ഷിക്കണേ എന്നാവും ..
പാവം..!
ഞാന്‍ വല്ലാതെ വിഷമിച്ചു .. 
പടച്ചവനെ ഇന്നത്തെ കണി ഇങ്ങനെ ഒരു 'കെണി ' ആയല്ലോ ..

അത് ഒരു എലിക്കെണി ആയിരുന്നു .....!!!!
അതില്‍ പാവം ഒരു എലി കിടന്നു ജീവന് വേണ്ടി പിടയുന്നു ....

വെയില്‍ ഉദിച്ചു വരുന്നതോടെ സൂര്യ രശ്മികള്‍ ആ പാവത്തെ നിര്‍ദാക്ഷിണ്യം കൊല്ലും ..
കൊന്ന കാണാന്‍ മോഹിച്ച ഞാന്‍ 'കൊന്നത് ' കാണേണ്ടി വരുമല്ലോ എന്നോര്‍ത്ത് സങ്കടപ്പെട്ടു .

ഒടുവില്‍ ഒരു കാര്യം തീരുമാനിച്ചു ..
നാല് പാടും നോക്കി കെണി വെച്ച ആളും സാക്ഷികളും ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തി ..
മെല്ലെ കെണിയുടെ മുഖം തുറന്നു .

കൂട് തുറന്നതും , ഓട്ടത്തിന്റെ ഊക്ക് പോലെയിരിക്കും ആയുസ്സിന്റെ നീട്ടം എന്ന് മനസ്സിലാക്കി ആ പാവം ഒരു ഓട്ടം ഓടി ..!

മരണത്തില്‍ നിന്നു രക്ഷപ്പെടുമ്പോള്‍ അത് കേവലം ഒരു ജീവി ആണെങ്കിലും അതിന്റെ സന്തോഷം എത്രയാണ് !!

7 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. എലിയ്ക്ക് നല്ലൊരു വിഷുക്കൈനീട്ടം.

    (കെണിയിലകപ്പെട്ട എലിയുടെ ചേഷ്ടകള്‍ കാണുമ്പോള്‍ ഒരുമാതിരിപ്പെട്ടവരൊക്കെ അതിനെ തുറന്നുവിടാമെന്ന് തന്നെ ചിന്തിയ്ക്കുമായിരിയ്ക്കും. ഞാന്‍ ആ കൂട്ടത്തിലെ പെട്ട ഒരാളാണ്.)

    മറുപടിഇല്ലാതാക്കൂ
  2. ഒരു ജീവിതം തന്നെയാണല്ലെ കണിയായി കൊടുത്തത്‌..
    എലി തരുന്ന പണി ആലോചിക്കുമ്പോൾ...

    മറുപടിഇല്ലാതാക്കൂ
  3. കൊല്ലരുതേതൊരു ജീവിയേയും അല്ലെ മാഷെ
    ഏതായാലും പുണ്യം കിട്ടും...!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. മനസാക്ഷി എന്നൊന്നുണ്ട് ല്ലേ ... എലീടെ നല്ല ദിവസം

    മറുപടിഇല്ലാതാക്കൂ
  5. നല്ല ഒരു കൈനീട്ടം ..ഉസ്മാനിക്ക ...എലിക്കു കിട്ടിയത് ജീവനും

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്