2010, ഡിസംബർ 29, ബുധനാഴ്‌ച

ഹിറാസ്ട്രീറ്റില്‍ ഒരു വെളുപ്പാന്‍ കാലത്ത്







വെളിച്ചം കണ്ണ് തിരുമ്മി എഴുന്നേറ്റുവരുന്നേയുള്ളൂ
 വേപ്പുമരങ്ങള്‍  ഉറക്കച്ചടവ് വിട്ടുമാറാതെ 
പുതിയ ഒരു ദിവസത്തിന്റെ ഉന്മേഷത്തിലേക്ക് കണ്ണുതുറന്നു  നില്പ് തുടങ്ങിയിട്ടുണ്ട്. 
ഇരുട്ട് പടിയിറങ്ങി പോയതറിയാതെ സ്ട്രീറ്റ് ലൈറ്റുകള്‍‍ 
വെറുതെ ചിരിച്ചു കൊണ്ടിരിക്കുകയാണ്ചവറ്റുകൊട്ടക്കരികില്‍, 
സമൃദ്ധി കടിച്ചീമ്പിവലിച്ചെറിഞ്ഞ, കോഴിക്കാലുകളില്‍ ‍നിന്ന് ശേഷിച്ച ഇറച്ചി നാരുകള്‍
കടിച്ചു കുടഞ്ഞു, ചിറിതുടക്കുന്നു ഏതാനും പൂച്ചക്കുട്ടികള്‍ ‍.. 
ഖുമാമ (വേസ്റ്റ് ബോക്സ്)യിലേക്ക് തലയിട്ടു ഇന്നലത്തെ വിഴുപ്പില്‍
നിന്ന് ഇന്നത്തെ പകല്‍   പരതുകയാണ്പാറക്കറുപ്പുള്ള  പാവം ഒരമ്മ
പിറകില്‍ കുറുകെകെട്ടിയ അമ്മ ത്തൊട്ടിലില്‍ പരിസരം മറന്നു ഉറങ്ങുകയാണ് അവളുടെ ചുരുണ്ട  മുടിയുള്ള കാര്‍വര്‍ണ്ണന്‍ കുട്ടി.


സുഭിക്ഷതയുടെ എണ്ണപ്പാടങ്ങളില്‍ നാട്ടിലെ  പോലെ പാവങ്ങള്‍
ഉണ്ടാവില്ലെന്നയിരുന്നു വിചാരം. വിശപ്പിനും ദാരിദ്ര്യത്തിനും സ്വന്തമായി ഒരു നാടുമില്ലെന്ന തിരിച്ചറിവുണ്ടാകുന്നത് വളരെ വൈകിയാണ്


നിരത്ത് വിജനമാണ്. ഇടയ്ക്ക്, മടിയനായ കുട്ടി സര്‍ക്കാര്‍ സ്കൂളിലേക്ക് പോകുംപോലെ ചിണുങ്ങി നീങ്ങുന്ന അപൂര്‍വ്വം  ചില വാഹനങ്ങള്‍.  
 . സി. പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും ചൂടിനു കുറവൊന്നുമില്ല.
കാര്‍ ഇത്തിരി പഴയതാണ്. 
അടുത്ത നാട്ടില്‍ പോക്കിന് കിട്ടിയ കാശിനു ആര്‍ക്കെങ്കിലും  കൊടുക്കണം
തിരിച്ചുവന്നിട്ട് ചിന്തിക്കാം ബാക്കി കാര്യങ്ങളൊക്കെ.
കൂട്ടത്തില്‍  രണ്ടു ടയറുകള്‍ തനി മൊട്ടയായിരിക്കുന്നു.
ഒരാള്‍  മുന്നിലുംമറ്റെയാള്‍  പിന്നിലും
എന്നാണാവോ അവര്‍  പാതി വഴിയില്‍ സേവനം മതിയാക്കി 'ടാറ്റാ' പറയുന്നത്. മുമ്പൊരിക്കല്‍ 
ഒരു ടയര്‍ പഞ്ചറായതാണ്. അന്ന് സ്പെയര്‍ ടയര്‍ കൊണ്ട് തല്ക്കാലം രക്ഷപ്പെട്ടു. അതിത് വരെ അടച്ചിട്ടില്ല. 
ഒരു പുതിയടയര്‍ വാങ്ങണമെന്നു കരുതിയിട്ടു കാലം കുറച്ചായി
എല്ലാം നീട്ടിവെക്കുന്ന  ദുശ്ശീലം കൂടപ്പിറപ്പാണ്. എന്നാണാവോ പറ്റെ കുടുങ്ങുക.  
ഇന്ന് എന്ത് കൊണ്ടോ അങ്ങിനെ ഒരു ചിന്ത അകത്തിരുന്ന് മീശ പിരിച്ച് വല്ലാതെ വിരട്ടുന്നുണ്ട്.


ഉഷ്ണകാലം അതിന്റെ സര്‍വവിധ ഐശ്വര്യങ്ങളുമായി പൂത്തുനില്ക്കുന്ന കാലമാണിത്
ഇവിടുത്തെ തണുപ്പിനും ചൂടിനും പ്രത്യേകമായ ഒരു  കാര്‍ക്കശ്യമാണ്
രോമ കൂപങ്ങളില്‍    സൂചിമുനപോലെ തുളഞ്ഞുകയറുന്ന തണുപ്പ്.
തിളച്ചവെള്ളം തലവഴി കോരിയൊഴിക്കും പോലെയുള്ള ചൂട്. 
ഋതുഭേദങ്ങളുടെ  വേഷപ്രച്ഛന്ന മത്സരം എന്തിനാണാവോ എന്ന് പലകുറി ഓര്‍ത്ത്‌  നോക്കിയിട്ടുണ്ട്. ഉത്തരം കിട്ടിയിട്ടില്ല.


നേരെത്തെ ഇറങ്ങിയത് ഇന്നെങ്കിലും അവനെ കാണണമെന്ന  നിര്‍ബന്ധം  കൊണ്ടാണ്. 



അവന്‍  ജോലിക്കിറങ്ങുംമുമ്പ്   അവിടെയെത്തണം. ഇനിയും നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ല.
ഒന്നിച്ചുതാമസിക്കുന്ന കാലത്ത് അവന്റെ കഷ്ടപ്പാടോര്‍ത്ത് ഒരു സഹായമാകട്ടെ എന്ന് കരുതി മനസ്സലിഞ്ഞതാണ്.  
'വാങ്ങുന്ന ഒരാവേശം ആര്‍ക്കും  തിരികെ തരാനുണ്ടാവില്ല. കടം കൊടുക്കുന്നതോടെ ഒരു ശത്രുവിനെ വിലക്ക് വാങ്ങിക്കുകയാണ്എന്നൊക്കെ പറഞ്ഞു പലരും പരമാവധി പിന്തിരിപ്പിക്കാന്‍  നോക്കിയതാണ്.  
തിരികെ ചോദിയ്ക്കാന്‍ വിളിക്കുമ്പോള്‍  ഫോണെടുക്കാതെ കണ്ടു മുട്ടുമ്പോള്‍ നൂറുകൂട്ടം ഒഴികഴിവുകള്‍ 
പറഞ്ഞ് കണ്ടാലും കണ്ടില്ലെന്നു നടിച്ച് മുങ്ങിക്കളയുന്നവരുടെയും പോക്കറ്റിലുള്ള കാശ് കൊടുത്ത്  
അത് തിരികെ കിട്ടാന്‍ ഭിക്ഷയാചിക്കേണ്ടി വന്നവരുടെയുമൊക്കെ ഉള്ളതും
ഇല്ലാത്തതുമായ കഥകള്‍ ഒരുപാടുണ്ട് പറയാന്‍ എല്ലാവര്‍ക്കും .
ചില സന്ദര്‍ഭങ്ങളില്‍  ‘നോ എന്ന് പറയാന്‍ കഴിഞ്ഞാല്‍ തന്നെ പല അബദ്ധങ്ങളില്‍  നിന്നും 
രക്ഷപ്പെടാനാവുമെന്ന തത്വമൊക്കെ അറിയാമായിരുന്നിട്ടും എന്തോ 'ഇല്ല' എന്ന് പറയാന്‍ കഴിഞ്ഞില്ല.
ഇന്ന് അവസാനത്തെ അവധി പറഞ്ഞതാണ്. കഴിയാഞ്ഞത് കൊണ്ടാവും. അവന്റെ അവസ്ഥ തനിക്കാണല്ലോ കൂടുതല്‍  അറിയുക.

ഒരേകദേശധാരണ വെച്ചാണ് പോകുന്നത്. കാരിപ്പോള്‍ ഹിറാ സ്ട്രീറ്റിലൂടെ അബ്ഹൂര്‍ ജനൂബിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഇനിയുമുണ് ഒരുപാട് ഓടാന്‍ . അടുത്തെത്താറാവുമ്പോള്‍ , അവനെ മൊബൈലില്‍ വിളിക്കണം.

പുതിയ പകല്‍ മേക്കപ്പ് കഴിഞ്ഞു അണിഞ്ഞൊരുങ്ങി സുന്ദരിക്കുട്ടിയായി 
ഇറങ്ങിവരുന്നേയുള്ളൂ.. വഴിയോരങ്ങളിലൊന്നും ആരെയും കാണുന്നില്ല. ഏകാന്തത ഇഷ്ടമാണെങ്കിലും ഇത്തരം ഏകാന്തതകള്‍  ഒരു തരം ഭീതിയുടെ 
അനുദൈര്‍ഘ്യ തരംഗങ്ങളാണ് സൃഷ്ടിക്കുക. ചുറ്റും ആള്‍കൂട്ടമുണ്ടാവുമ്പോഴേ തനിച്ചാവലിനു മധുരമുള്ളൂ. അല്ലാത്തപ്പോള്‍ ഏകാന്തത ഭീകരമാണ്.!


പൊടുന്നനെ, കാതടപ്പിക്കുന്ന വലിയ ഒരു ശബ്ദം കേട്ടാണ് ചിന്തക്ക് സഡന്‍ബ്രേക്ക് വീണത്‌. കാര്‍  ഒന്ന് വെട്ടി വലിയ ശബ്ദത്തോടെ ഒന്ന് കുലുങ്ങി. പാമ്പിഴയും മാതിരി ഒന്നുലഞ്ഞു.
പിന്നെ റോഡില്‍ എന്തോ ഉരഞ്ഞതിന്റെ അതി ദയനീയമായ തേങ്ങി കരച്ചില്‍ ‍..!
ബ്രേക്ക് ചവിട്ടാതെ തന്നെ വണ്ടി നിന്നു..! ഡോര്‍  തുറന്നു നോക്കുമ്പോള്‍ 'അവന്റെ' കാറ്റുപോയിരിക്കുന്നു..! മറ്റാരുടേതുമല്ല; പിന്നിലെ മൊട്ടയുടെ...!!!

വരാനിരിക്കുന്ന ഒരു രംഗത്തിന്റെ റിഹേഴ്സലായിരുന്നു അല്പം മുമ്പ് മനസ്സില്‍ നടന്നിരുന്നത് എന്ന് വല്ലാത്ത ഒരു ആധിയോടെ ഓര്‍ത്തു .  വിജനമായ സ്ഥലത്ത് ഇങ്ങിനെ ഒരു അവസ്ഥ വരുമെന്ന് വിചാരിച്ചതല്ല . ഇനി എന്ത് ചെയ്യും? മാറ്റിയിടാനുള്ള ടയറും കാറ്റ് പോയതാണല്ലോ എന്റെ പടച്ചോനെ..

'വര്‍ഷ 'കള്‍ (വര്‍ക്ക്‌ഷോപ്പ് ) തുറക്കാനിനിയുമുണ്ട്  മണിക്കൂറുകള്‍ .  'മഹാനവര്‍കളെ' കെട്ടിവലിച്ചു കൊണ്ട് പോകാനും വേണ്ടേ അതിനു പറ്റിയ  ഒരു വണ്ടിടാക്സി പിടിച്ച് ടയര്‍  കൊണ്ട് പോയി പഞ്ചറടപ്പിക്കാമായിരുന്നു . അതിനു കൊച്ചുവെളുപ്പാന്‍ കാലത്ത് ആരെയാണ് കിട്ടുക? തനിക്കായി ഏത് വര്‍ക്ക്ഷോപ്പാണ് ഇപ്പോള്‍  തുറന്നിട്ടിരിക്കുക? അന്നേരം മനസ്സില്‍  നിന്ന് കടം എന്ന സങ്കടം ഇറങ്ങിപ്പോയി  കസേരയില്‍  ‘ശകടം വന്നു കാലിന്മേല്‍ കാല് കയറ്റി വെച്ച് ഇരിപ്പുറപ്പിച്ചിരിക്കുന്നു.. 
അങ്ങിനെ ചിന്തിച്ചപ്പോള്‍    അസമയത്തും ഉള്ളില്‍  ചിരി പൊട്ടി.

ഒന്ന് രണ്ടു കാറുകള്‍ക്ക്  നേരെ കൈ നീട്ടി. മുഖത്തേക്ക്പോലും നോക്കാതെ അവരൊക്കെ ‘നെവര്‍ മൈന്റിന്റെ' ആക്സിലേറ്ററില്ആഞ്ഞു കാല്‍വെച്ചു. 'ഉജ്റ:' (ടാക്സി ) എന്ന ബോര്‍ഡ്  വെച്ച വല്ല കാറും വരണേ എന്ന് പ്രാര്‍ഥിച്ചു  കൊണ്ട് നില്‍ക്കുമ്പോള്‍  വന്നു ഒന്ന് രണ്ടെണ്ണം
പക്ഷെ രണ്ടിലുമുണ്ട് നേരത്തെ ഇരിപ്പുറപ്പിച്ച യാത്രക്കാര്‍ !

ഒടുവില്‍ , ഇനിയെന്ത് ചെയ്യുമെന്നറിയാതെ നിന്ന് വിയര്‍ക്കുമ്പോള്‍ , അകലെ നിന്ന് ഒരാള്‍ നടന്നു വരുന്നത് കണ്ടു. ഒരു മധ്യവയസ്ക്കന്‍ ‍. പ്രഭാത സവാരിക്കിറങ്ങിയ മട്ടും മാതിരിയും വേഷഭൂഷാദികളും. ആരോഗ്യ ദൃഡഗാത്രന്‍  . സുമുഖന്‍ ‍. വെട്ടി വെടിപ്പാക്കി നന്നായി പരിപാലിച്ചു പോരുന്ന തിങ്ങിയ താടി. മുഖത്ത് കാരുണ്യത്തിന്റെ നിറ പ്രസാദം. നന്മയുടെ പ്രകാഷപ്പോട്ടുകള്‍  ലൈവ് ആയി സംപ്രേക്ഷണം ചെയ്യുന്ന കണ്ണുകള്‍  ഒരു മനുഷ്യനെ കാണുമ്പോഴേക്കും മനസ്സിങ്ങനെ നിറയുന്നോ? എന്തെന്നില്ലാത്ത ആശ്ചര്യം തോന്നി. ‍   


ഹൃദയത്തിലിറ്റി വീഴുന്ന അഭിവാദ്യമധുരവുമായി  അദ്ദേഹം വെളുത്തു തുടുത്ത കരം നീട്ടി.
ഒരു ചൂടുള്ള ഹസ്തദാനത്തിന്റെ സ്നേഹശ്രുതി എന്നോണം : 'കൈഫല് ഹാല്‍..? (എന്തുണ്ട് വിശേഷം) തുളുമ്പി വീണു. 'എഷ് ഫി മുശ്കില .. അയ്യു ഖിദ് : യാ മുഹമ്മദ്‌..? (എന്ത് പറ്റി? വല്ല സഹായവും വേണോ?)
'ശുക്റന്.. ഹയ്യാകല്ലാഹ് .. ( നന്ദി ; ദൈവം താങ്കളെ സുഖമായി ജീവിപ്പിക്കട്ടെ ) എന്ന ഉപചാര വാക്കുകളോടെ വിഷയം ഏതാനും വാചകങ്ങളില്‍ അദ്ദേഹത്തെ ധരിപ്പിച്ചു. വല്ല മെക്കാനിക്കല്‍ പ്രോബ്ലവുമാണ് എന്നാണ് അദ്ദേഹം കരുതിയത്എന്ന് തോന്നുന്നു. എക്സ്ട്രാ ടയര്‍ ‍ ഉണ്ടെങ്കില്‍ മാറ്റിയിടാന്‍ സഹായിക്കാമെന്നായി അദ്ദേഹം. ജാള്യതയോടെ  ഉള്ളത് തുറന്നു പറഞ്ഞു:

'അല്ലാഹുല്‍  മുസ്തആന്‍' (ദൈവം നിങ്ങളെ സഹായിക്കട്ടെ..) 
സലാം പറഞ്ഞ് അദ്ദേഹം നടന്നു നീങ്ങി.

വീണ്ടും അസ്വസ്ഥതയുടെ വിജനമായ തെരുവിലേക്ക്. പിന്നെയും വാഹനങ്ങള്‍ക്ക് കൈകാണിച്ചു പരിഹാസ്യ നായിക്കൊണ്ടിരുന്നു.
ഒരു പത്തുപതിനഞ്ചു മിനിട്ട് കഴിഞ്ഞു കാണും . അകലെ നിന്ന് അതിവേഗം പറന്നുവന്ന ഒരു
ലക്ഷ്വറി കാര്‍  തൊട്ടരികില്‍  നിശ്ശബ്ദതയുടെ ഓരം ചേര്‍ന്ന്  നിന്നു. കാറില്‍ നിന്ന് ശുഭ്രവസ്ത്രത്തിന്റെ കുലീനതയില്‍ നിന്ന് ഒരാള്‍  ഇറങ്ങി വന്ന് സലാം പറഞ്ഞു.  
വിസ്മയത്തിന്റെ ആകാശക്കണ്ണുമായി മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ.. അതയാള്‍  തന്നെ..!
നേരത്തെ വന്ന്കുശലം ചോദിച്ചു പോയ ആള്‍ ...!
കണ്ണുകളില്‍ 'വാഹനമൊന്നും കിട്ടിയില്ല അല്ലെ? ' എന്ന ഒരു ചോദ്യം വീര്‍പ്പുമുട്ടുന്നുണ്ടായിരുന്നു. 'ഫദ്ദല്  ഇര്‍കബിസ്സയ്യാറ:' (പ്ലീസ്, കാറില്‍ കേറൂ)
സ്റ്റെപ്പിനി ടയര്‍ കാറിന്റെ ഡിക്കിലിട്ട് അനുസരണയുള്ള ഒരു കൊച്ചു കുട്ടിയെ പോലെ, വില കൂടിയ സുഗന്ധ ലേപനത്തിന്റെ ഊഷ്മളത മുറ്റി നില്ക്കുന്ന  പതുപതുത്ത സ്നിഗ്ദ്ധതയില്‍ അദ്ദേഹത്തോടൊപ്പം..
ഒരു കാര്യം തീരുമാനിച്ചിരുന്നു. പുതിയ ഒരു ടയര്‍  വാങ്ങുക തന്നെ. അത് അദ്ദേഹത്തോട് 
പറയുക തന്നെ ചെയ്തു.

'നേരത്തെ തുറക്കുന്ന ഒരു 'വര്‍ഷ ' എനിക്കറിയാം..നമുക്ക് അങ്ങോട്ട് പോകാം.
സ്വതസിദ്ധമായ അദ്ദേഹത്തിന്റെ വാക്കുകള്‍ മനസ്സ് അങ്ങിനെ പരിഭാഷപ്പെടുത്തി.
കാര്‍ കുതിച്ചു പാഞ്ഞു.

ഇപ്പോള്‍ , പുലര്‍ക്കാലത്തിന്റെ ഉറക്കച്ചടവില്‍  നിന്ന്തെരുവ് സജീവതയിലേക്ക് 
ഉണര്‍ന്നു  തുടങ്ങിയിരിക്കുന്നു.

ഏറെ നേരത്തെ ഓട്ടത്തിന് ശേഷം ഒരു വര്‍ഷയുടെ  മുമ്പില്‍ കാര്‍ നിന്നു. അദ്ദേഹം പറഞ്ഞത് ശരിയായിരുന്നു. അത് തുറന്നിരിക്കുന്നു. ഹൃദയപൂര്‍വ്വം  നന്ദി പ്രകാശിപ്പിച്ചു സലാം പറഞ്ഞു പിരിയാമെന്നാണ് കരുതിയത്‌. പുതിയ ടയര്‍ വാങ്ങി  ഒരു ടാക്സി പിടിച്ചു പോകാമെന്നും. അതിനു മുതിരുമ്പോള്‍  അതിശയത്തിന്റെ കൊടു മുടിയിലേക്ക് പിടിച്ചുയര്‍ത്തിക്കൊണ്ട് 
അദ്ദേഹം പറഞ്ഞു:
'ടയര്‍ വാങ്ങി വരൂ.. ഞാന്‍  കാറിലിരിക്കാം.'
പഴയ ടയര്‍  അടര്‍ത്തിയെടുത്ത് പുതിയത് ഫിറ്റ്‌ ചെയ്യാന്‍ കുറച്ചു സമയമെടുത്തു.
തിരിച്ചു വീണ്ടും അബ്ഹൂര്‍  ജനൂബിലേക്ക്..
ഇസ്തിരിയുടെ ചൂട് വിട്ടു മാറാത്ത ,  മഞ്ഞു തുള്ളിയുടെ വെണ്മ മുറ്റിയ മേല്ക്കുപ്പായം മടക്കിക്കുത്തി, ടയര്‍ മാറിയിടാന്‍ സഹായിച്ച് അദ്ദേഹം വീണ്ടും വിസ്മയിപ്പിക്കുക തന്നെയായിരുന്നു..!

എല്ലാം കഴിഞ്ഞ്, കയ്യില്‍ പുരണ്ട അഴുക്കു കഴുകാന്‍ , അത്യാവശ്യത്തിനു കാത്തുവെച്ച വെള്ളകാനില്‍ നിന്നു അദ്ദേഹം കൈക്കുമ്പിളിലേക്ക് മെല്ലെ   പകര്‍ന്നത് സ്നേഹമായിരുന്നോ,
കാരുണ്യമായിരുന്നോ, എന്ന് ഇന്നും അറിയില്ല..!

അന്നേരം നന്ദിയുടെയും കടപ്പാടിന്റെയും ഭാരം താങ്ങാനാവാതെ , കുനിഞ്ഞു പോയ ശിരസ്സുയര്‍ത്തി   മുഖത്തേക്ക് നോക്കുമ്പോള്‍  അദ്ദേഹം ഒരു ചിരി ചിരിച്ചു.
ദൈവത്തിനു മാത്രമറിയാവുന്ന ഭാഷ യായിരുന്നു ചിരിക്ക്..!

23 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. എല്ലാ അധിനിനിവേശത്തിന്‍റെയും താത്പര്യം,
    അതിന്‍റെ ആയുധം, സ്നേഹം ആയിരുന്നുവെങ്കില്‍..
    പുഞ്ചിരിക്കുന്ന മുഖങ്ങളില്‍ മറു പുഞ്ചിരിയായ
    അതിനെ പ്രയോഗിച്ചിരുന്നുവെങ്കില്‍..!
    ഞാന്‍ ആശിച്ചു പോകുന്നു ലോകമേ...
    നിന്‍റെ മുഖം പുഞ്ചിരിക്കുന്ന സ്നേഹം ആയെങ്കില്‍ എന്ന്.

    മറുപടിഇല്ലാതാക്കൂ
  2. ഇരിങ്ങാട്ടിരി മനസിലായോ? ദൈവം ഇങ്ങനെയും പ്രത്യക്ഷപെടും!!!!!!!!!!!!!!!!

    മറുപടിഇല്ലാതാക്കൂ
  3. ഇന്നലെ രാത്രി ജോലി കഴിഞ്ഞു റൂമിലേക്ക്‌ പുറപ്പെട്ടപ്പോള്‍ ഇത്തരം ഒരനുഭവം എനിക്കും ഉണ്ടായി ... വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തപ്പോഴേ ഒരു ഏനക്കേട് ഫീല്‍ ചെയ്തെങ്കിലും ടെക്നിക്കല്‍ ആയി ഒന്നും അറിയാത്തതിനാല്‍ കാര്യമാക്കാതെ ചവിട്ടി പിടിച്ചു. പക്ഷെ പോകുന്തോറും ആക്സിലെരടരിനു വണ്ടിയെ സ്പീട് ആക്കുവാന്‍ മടിയുള്ള പോലെ തോന്നി. ട്രാഫിക് ബ്ലോക്കില്‍ പെട്ട് വണ്ടി സ്ലോ ആക്കിയപ്പോള്‍ അവിടെ പണി മുടക്കി. പിന്നെ നോ രക്ഷ ... പിന്നില്‍ നിന്നുള്ള അസഹ്യമായ ഹോണ്‍ അടി പാര്‍ക്ക് ലൈറ്റ് ഇട്ടതോടെ വകമാരി പ്പോയി .. ഇനി എന്ത് ചെയ്യും ? ബോനട്ടു തുറന്നു ന്മോക്കിയപ്പോള്‍ എന്തോ കത്തിയ വാസനയും പുകയും. അപ്പോള്‍ തന്നെ ഡീ വരുന്നു ട്രാഫിക് പോലീസ് ? ശുനു ഫീ ഹാടിസ് ? (എന്ത് പറ്റി accident ?) എന്നാ ചോദിച്ചത് .. ലാ മകീന ഖരാബ് .. യാല്ലാ ഇത്ള ഫോക് (ഫുഡ്‌ പാതിന്‍ മേല്‍ കെട്ടി വെക്കാന്‍ ) എങ്ങിനെ ? ... സഹ മുറിയന് ഫോണ്‍ ചെയ്തു ... ക്രെയിന്‍ കിട്ടുമോന്നു നോക്ക് എന്നായിരുന്നു മറുപടി. ഒരു പാട് ടാക്സി വണ്ടികളെ കൈകാട്ടിയെങ്കിലും സ്ടോപ്പിംഗ് പാടില്ലാത്ത സ്ഥലമായതിനാല്‍ പറന്നു തന്നെ പോയി.

    അപ്പോള്‍ ഒരു ഈജിപ്ഷ്യന്‍ മുല്ല വണ്ടി ചേര്‍ത്ത് നിര്‍ത്തി കാര്യം ചോദിച്ചു ? ക്രെയിന്‍ ഡ്രൈവര്‍ മാരുടെ നമ്പര്‍ വല്ലതും കയ്യില്‍ ഉണ്ടോ എന്ന് chodichappol ഇല്ല എന്ന് പറഞ്ഞു ഞാന്‍ തിരിച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ ഫോണ്‍ നമ്പര്‍ ചോദിച്ചു. ക്രെയിന്‍ കണ്ടാല്‍ കാര്യം പറഞ്ഞു വിടാമെന്നും എന്റെ നമ്പറില്‍ വിളിച്ചു കാര്യം അറിയിക്കാമെന്നും പറഞ്ഞു പോയി ... എന്തോ അത്ര പ്രതീക്ഷ തോന്നിയില്ല
    പിന്നെ ഒരു ബംഗാളി ടാക്സി ഡ്രൈവര്‍ (അവന്റെ വണ്ടി ഫുട് പാത്തില്‍ കയറ്റി നിര്‍ത്തി ) അടുത്ത് വന്നു എന്റെ വണ്ടി തള്ളി മുകളിലെത്തിക്കാന്‍ സഹായിച്ചു. അവന്റെ കൂടെ ചെന്നാല്‍ ക്രെയിന്‍ ഉള്ലെടത് പോയി കൂട്ടി കൊണ്ട് വരാമെന്ന് പറഞ്ഞപ്പോള്‍ അവനൊരു ഓട്ടം കിട്ടാനുള്ള വകയാവുമെന്നു അറിഞ്ഞു കൊണ്ട് തന്നെ കൂടെ പോയി. അര മനിക്കൊരോളം കറങ്ങിയിട്ടും ക്രെയിനിന്റെ പോടീ പോലും ഇല്ല ..അപ്പോള്‍ ടെ വരുന്നു ഒരു ഫോണ്‍ കാള്‍ ക്രെയിന്‍ നമ്പര്‍ തന്നിട്ട് പറഞ്ഞു സ്ഥലം അയാള്‍ പറഞ്ഞിട്ടുണ്ട് ഒന്ന് വിളിച്ചു കണ്‍ഫേം ചെയ്തോളാന്‍. ബന്ഗാളിയോടു വണ്ടി തിരിച്ചു എന്നെ തിരികെ കയറിയെടത്‌ തന്നെ വിടാന്‍ പറഞ്ഞു. അങ്ങിനെ തിരിച്ചു കൊണ്ട് വിട്ടപ്പോഴേക്കും ക്രെയിന്‍ റെഡി . ബംഗാളിക്കു ടാക്സി കൂലി കാണിച്ചപ്പോള്‍ വാങ്ങാന്‍ കൂട്ടാക്കിയില്ല നോ ഭായ് യെ സിര്‍ഫ്‌ മദദ് ഹൈ, ഹംകോ കുച്ച് നഹി ചാഹിയെ. ഒരു വിധം ഒരു ദീനാര്‍ പിടിപ്പിച്ചു താങ്ക്സും പറഞ്ഞു ഇറങ്ങി.
    ആര്‍ ആര്‍ക്കു എപ്പോള്‍ എവിടെയാ ഉപകാരപ്പെടുക എന്ന് ഒരിക്കലും പറയാന്‍ കഴിയില്ല .. അല്ലാഹുവിനു സര്‍വ്വ സ്തുതി

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  5. ഇങ്ങിനെയുമുണ്ട് മനുഷ്യർ

    മറുപടിഇല്ലാതാക്കൂ
  6. ദൈവത്തിനു മാത്ര മറിയാവുന്ന ഭാഷ യായിരുന്നു ആ ചിരിക്ക്.

    ദൈവത്തിനു മാത്രമല്ല താങ്കൾക്കും അറിയാം അതിന്റെ ഭാഷ സത്യമല്ലേ

    മറുപടിഇല്ലാതാക്കൂ
  7. അനുഭവം നന്നായിരുന്നു. ആത്മാര്‍ത്ഥമായ സ്നേഹത്തിന്റെ വാക്താക്കളാവാന്‍ ഇതു വായിക്കുന്നവര്‍ക്കെല്ലം കഴിയട്ടെ ! ഭാവുകങ്ങള്‍ !

    മറുപടിഇല്ലാതാക്കൂ
  8. പലപ്പോഴും നാം അറിയാതിടത് നിന്നും ആവും നമുക്കുള്ള
    സഹായ ഹസ്തം.അത് ദൈവത്തിന്റെ കൈ എന്നോ
    മനുഷ്യന്റെ കൈ എന്നോ വിശ്വസിക്കാം.

    "മാറ്റിയിടാനുള്ള ടയറും കാറ്റ് പോയതാണല്ലോ എന്‍റെ പടച്ചോനെ"..
    വിശാല അര്‍ത്ഥത്തില്‍ പലപ്പോഴും ജീവിതത്തിലെ ഒരു സത്യം. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  9. Vayanakkarkku ithoru prachidhanamakatte.abhinandhangal..

    മറുപടിഇല്ലാതാക്കൂ
  10. നല്ല വായനാ സുഖം തരുന്ന അവതരണം

    പുതുവത്സരാശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  11. നല്ല വായനാനുഭവം.. ഒപ്പം അറബ് മണ്ണിന്റെ നന്മകളെ ഭംഗിയായി കോറിയിട്ടു.

    മറുപടിഇല്ലാതാക്കൂ
  12. - Namoos : സ്നേഹത്തെ കുറിച്ച് വളരെ വാചാലനാകുന്ന നാമൂസ് സ്നേഹം തന്നെയാണ് എല്ലാം ..
    ഇഷ്ടപ്പെടുവാന്‍ ആരുമില്ലേല്‍ കഷ്ടപ്പെടുവാന്‍ പിന്നെന്തു വേണം ?
    - Aylasserikkaran : 'ദൈവം ഇങ്ങിനെയും വരും' എനിക്ക് അന്നേ മനസ്സിലായതാണ്.
    - Shameer Thikkodi : ഇത്തരം അനുഭവങ്ങള്‍ പലര്ക്കുമുണ്ടാവും. പങ്കു വെച്ചതിനു നന്ദി..
    - Juvairiya Salam: നന്മ വറ്റിയില്ല ലോകത്തിപ്പോഴും..!
    - Pavappettavan : ശരിയാണ് ആ ഭാഷ എനിക്കുമറിയാം..
    - Ente lokam : വിശാല അര്‍ത്ഥത്തിലെ സത്യം .. സത്യം..
    - റിയാസ് പ്രിന്ശാദ് ഷാനവാസ്‌ നന്ദി

    മറുപടിഇല്ലാതാക്കൂ
  13. ഈ ലോകവും ഇവിടെ കുറെ മനുഷ്യരും പിന്നെ താങ്കളും. ..

    മറുപടിഇല്ലാതാക്കൂ
  14. mukalil paranjathu angane thanne copy cheythidukayanu...

    നല്ല വായനാനുഭവം.. ഒപ്പം അറബ് മണ്ണിന്റെ നന്മകളെ ഭംഗിയായി കോറിയിട്ടു.

    മറുപടിഇല്ലാതാക്കൂ
  15. സന്തോഷം നൽകിയ വരികൾ.
    നന്നായി.

    മറുപടിഇല്ലാതാക്കൂ
  16. ശിരസ്സുയര്‍ത്തി ആ മുഖത്തേക്ക് നോക്കുമ്പോള്‍, അദ്ദേഹം ഒരു ചിരി ചിരിച്ചു. ദൈവത്തിനു മാത്ര മറിയാവുന്ന ഭാഷ യായിരുന്നു ആ ചിരിക്ക്..!

    "...........ആ ചിരിയാണ് ദൈവമെന്നു വിശ്വസിക്കാന്‍ ഞാന്‍ ഇഷ്ട്ടപ്പെടുന്നു......."

    മറുപടിഇല്ലാതാക്കൂ
  17. മുന്പ് തായിഫ് -മക്ക റോഡില്‍ വെച്ച് ഇതുപോലെ തൈര്‍ പൊട്ടിയപ്പോള്‍ ഒരു മുറൂര്‍ ( ട്രാഫ്ഫിക്) വണ്ടി വന്നു 4 മണിക്കൂറോളം എന്റെ കൂടെ ചിലവഴിച്ചു എന്നെ സഹായിച്ചത് ഞാന്‍ ഓര്‍ക്കുന്നു.

    കര്‍മ്മം ചെയ്യുക നമ്മുടെ ധര്‍മ്മം
    കര്‍മ്മ ഫലം തരുന്നതീശ്വരന്‍ അല്ലോ

    മറുപടിഇല്ലാതാക്കൂ
  18. നല്ല വിവരണം .... അപൂര്‍വമായെങ്കിലും ഇങ്ങനെയുള്ള സന്മനസ്കരെ കണ്ടു മുട്ടാരുണ്ട്...നന്മകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന വിശാല ഹൃദയരെ...നന്ദി ഉസ്മാന്‍ ഭായ്.. !!

    മറുപടിഇല്ലാതാക്കൂ
  19. ഓരോ വാക്കുകളിലൂടെയും നര്‍മ്മത്തിന്റെയും ഭാവനയുടെയും കാറില്‍ കയറിയ വായനാ സുഖം നല്‍കുന്ന കഥ. എന്നാലോ കഥയല്ല എന്ന തോന്നല്‍ ജനിപ്പിക്കാനും കഴിഞ്ഞു. വണ്ടിയുള്ളത് കൊണ്ട് ഇത്തരം നല്ല മനുഷ്യരെ റോഡില്‍ കണ്ടു മുട്ടാറുണ്ട്. അത്തരമൊരു കഥ ചുരുക്കി പറയട്ടെ.
    കഴിഞ്ഞ ബലി പെരുന്നാള്‍ അവധി ദിനങ്ങളിലൊന്നില്‍ തിരക്ക് പിടിച്ച സിത്തീന്‍ റോഡില്‍ വെച്ച് ബാറ്ററി തകരാര് മൂലം കാര്‍ നിന്നു. കഥാ നായകാനെ പോലെ മടിമൂലം ബാറ്ററി മാറ്റാതെ നീണ്ടുപോയതാണ്. കൂടെ കുട്ടികളും ഉണ്ട്. ഒരു കൈ സഹായത്തിനു (ഉന്താന്‍) പല കണ്ണുകളിലേക്കും പ്രതീക്ഷയോടെ നോക്കി. അവസാനം ഞങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ച കുടുംബക്കാരനെ വിളിച്ചു എത്താന്‍ പറഞ്ഞു കാത്തു നിന്നു. അപ്പോഴതാ ഒരു ടൊയോട്ട ഫോര്ച്ചുനര്‍ തൊട്ടരികില്‍ സൈഡ് ആക്കുന്നു. കൈ കാട്ടാതെ തന്നെ. അത്ഭുതം, മലയാളി ആണ്. തിരുവനന്തപുരം സ്വദേശി ആയ ഒരു സാബു, കൂടെ ഫാമിലി ഉണ്ട്. അദ്ദേഹം വണ്ടിയില്‍ കയറി ഞാന്‍ ഉന്തിക്കൊടുത്തു കാര്‍ സ്റ്റാര്‍ട്ട്‌ ആക്കി. പല മലപ്പുറം കാക്കാമാരും കടന്നു പോയ ആ വഴിയില്‍ എന്നെ സഹായിച്ചത് 'സ്റ്റേറ്റ് കാരന്‍' സാബു. നന്ദിപോലും കേള്‍ക്കാന്‍ നില്‍ക്കാതെ അദ്ദേഹം കടന്നു പോയി...അതാണ്‌ നിസ്വാര്‍ത്ഥമായ സ്നേഹം...അറബികളുടെ ഉദാഹരണങ്ങള്‍ വേറെയുമുണ്ട്.
    അതൊക്കെ ഓര്‍മ്മിക്കാന്‍ ഈ കഥ പ്രേരകമായി.

    മറുപടിഇല്ലാതാക്കൂ
  20. നല്ല വായനാനുഭവം ....

    ആ നല്ല മനുഷ്യന് ദൈവം നല്ലത് മാത്രം വരുത്തട്ടെ...

    മറുപടിഇല്ലാതാക്കൂ
  21. സത്യത്തില്‍ എനിക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.... ദൈവത്തിന്റെ അദൃശ്യകരങ്ങള്‍ തലോടിയ ഒരുപാട് അനുഭവങ്ങള്‍... ഞാന്‍ ചിലവയൊക്കെ എന്റെ ബ്ലോഗില്‍ കുറിച്ചിട്ടുമുണ്ട്.... അഭിനന്ദനങ്ങള്‍....

    മറുപടിഇല്ലാതാക്കൂ
  22. അകലെ നിന്ന് അതി വേഗം പറന്നു വന്ന ഒരു
    ലക് ഷ്വ റി കാര്‍ തൊട്ടരികില്‍ നിശ്ശബ്ദതയുടെ ഓരം ചേര്‍ന്ന് നിന്നു. കാറില്‍ നിന്ന്‌ ശുഭ്ര വസ്ത്രത്തിന്റെ കുലീനതയില്‍ നിന്ന്‌ ഒരാള്‍ ഇറങ്ങി വന്ന്‌ സലാം പറഞ്ഞു.
    വിസ്മയത്തിന്റെ ആകാശക്കണ്ണുമായി ആ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ.
    രസകരമായ ഭാഷ. നല്ല വായനാനുഭവം

    മറുപടിഇല്ലാതാക്കൂ
  23. നന്മയുടെ നനവുകള്‍ എവിടെയൊക്കെയോ ബാക്കിയുണ്ടെന്നു ഓര്‍മ്മിപ്പിക്കുന്ന പോസ്റ്റ്‌, ഇരിങ്ങാട്ടിരി ശൈലി നല്‍കുന്ന രസകരമായ വായനാനുഭവം വേറിട്ട്‌ നില്‍ക്കുന്നു

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്