2010, ഡിസംബർ 21, ചൊവ്വാഴ്ച

ഒറ്റ വരപ്പാത

അകം തകര്‍ന്ന ഒറ്റ വരപ്പാതയില്‍
ഒരു വണ്ടിയില്‍ ഒരു പാടുറുമ്പുകള്‍
മൈല്‍ക്കുറ്റി പോലും അടയാളപ്പെടുത്താത്ത
പശിയുടെ ഓലത്തടുക്കില്‍ ഞാഞ്ഞൂലുകളുടെ പ്രലോഭനത്തില്‍
ചൂണ്ടയില്‍ കുരുങ്ങിയ വരാലുകളുടെ പുളപ്പ് .

ചാഴി തിന്നു തീര്‍ത്ത അമരപ്പടര്‍പ്പിന്റെ മച്ചിന്‍പുറത്തു
മുനിഞ്ഞു കത്തുന്ന വയലറ്റ് പൂക്കളുടെ നിറംകെട്ട ചിരി.
തൊഴുത്തില്‍ പുലരുന്ന പൈദാഹങ്ങള്‍ക്ക്
പൂവരശിന്റെ പച്ച മണം ചാലിച്ച കാടി വെള്ളം.

ചേറില്‍ മുങ്ങി നിവര്‍ന്നു പുലരിയിലേക്ക് തുറക്കുന്ന പീള കെട്ടിയ കണ്ണുകളില്‍
പടര്‍ന്നു കിടക്കുന്നതത്രയും ചോര നാരുകള്‍..
എന്നിട്ടും,
ചെവി കൊട്ടിയടച്ചു,
കണ്ണ് പൊത്തിപ്പിടിച്ചു,
ആകാശം മുട്ടെ കൊടി തോരണങ്ങള്‍ പറക്കുകയാണ്
നിവര്‍ന്നു തന്നെ...!

1 comments:

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്