2010, ഡിസംബർ 19, ഞായറാഴ്‌ച

മുടിപ്പൂവ്




മലപ്പുറം ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററില്‍ അധ്യാപകപരിശീലന കോഴ്സിന് പഠിക്കുകയാണ്. ചാര്‍ട്ടുകളും ഇന്ത്യന്‍ ഇങ്കും ചെത്തിക്കൂര്‍പ്പിച്ച മുളപ്പേനകളും മാത്രം കണികണ്ടുണരുന്ന കാലം. ചെയ്തുതീര്‍ക്കാനും വരച്ചുണ്ടാക്കാനും ഒരുപാടു വര്‍ക്കുകള്‍ .  ബ്ളൂപ്രിന്റും  അസൈന്റ്റ്മെന്റ്സും പുസ്തകാസ്വാദനവും 'ശ്രമ പരാജയ'വും 'എരുമേലി'യുമൊക്കെ വാക്കിലും നോക്കിലും പ്രവൃത്തി യിലും ചിന്തയിലും കുടികെട്ടിപ്പാര്‍ക്കുകയാണ്. ഇന്ത്യനിങ്ക് പറ്റിപ്പിടിച്ച നഖക്കോണുകളില്‍ നിന്ന് ചുരണ്ടിക്കളഞ്ഞാലും ഉരച്ച് കഴുകിയാലും പിന്നെയും പിന്നെയും അവശേഷിക്കുന്ന കറുത്ത അടയാളങ്ങള്‍ . 


പരിശീലനഘട്ടത്തിലെ ഏറെ പ്രധാനപ്പെട്ട ടീച്ചിംഗ് പ്രാക്ടീസിന്റെ സമയം. ട്രൈനിംഗ് സെന്ററില്‍ നിന്ന് നിശ്ചയിച്ചു തരുന്ന ഏതെങ്കിലും സ്കൂളില്‍ ഇനി ഒരു മാസക്കാലം. 


ഒരു ഡിസിപ്ലിനുമില്ലാത്ത , വില്ലന്‍മാര്‍  ‍വിലസുന്ന സ്കൂളിലേക്കൊന്നും നറുക്കുവീഴരുതേ എന്ന പ്രാര്‍ത്ഥനയായിരുന്നു മനസ്സു നിറയെ. 


പ്രാര്‍ത്ഥനയുടെ ഫലം കൊണ്ടോ എന്തോ, വലിയ കച്ചറയൊന്നുമില്ലാത്ത സ്ക്കൂള്‍ എന്ന ശ്രുതിയുണ്ടായിരുന്ന മലപ്പുറം കോട്ടക്കലിനടുത്ത ഒതുക്കുങ്ങള്‍  ഗവണ്‍മെന്റ് ഹൈസ്കൂളിലേക്കാണ് ഞങ്ങള്‍ മൂന്ന് പേര്‍ക്ക് നറുക്ക് വീണത്. 
ഇന്ത്യനൂരിലെ പി.പി റംല, കാടാമ്പുഴയിലെ വി .ടി. അബ്ദുല്ലക്കോയ തങ്ങള്‍ ഇവരായിരുന്നു എന്റെ സഹട്രൈനികള്‍ .


അധ്യാപക ജീവിതത്തിന്റെ ഒന്നാം ദിവസം .
ഒതുക്കുങ്ങലില്‍ ബസ്സിറങ്ങി സ്ക്കൂളിലേക്ക് നടന്നു പോവുകയാണ്. 
റംല ടീച്ചറുമുണ്ട് കൂടെ. കോട്ടക്കലേക്ക് പോവുന്ന ബസ്സില്‍ നിന്ന് ഞാന്‍ ഇറങ്ങിയതും മഞ്ചേരിയിലേക്ക് പോകുന്ന ബസ്സില്‍ നിന്ന് അവര്‍ ഇറങ്ങിയതും ഒരുമിച്ചായിരുന്നു. കഷ്ടി അര കിലോമീറ്റര്‍ ദൂരമേയുള്ളൂ സ്കൂളിലേക്ക്. ആദ്യത്തെ  ദിവസമെന്ന നിലക്ക് ഞങ്ങള്‍ കുറച്ച് നേരത്തെ ഇറങ്ങിയതാണ്. കുട്ടികള്‍ ഒറ്റയും തെറ്റയുമായി വന്നു കൊണ്ടിരുന്നു. 


ഞങ്ങള്‍  ചെയ്തുതീര്‍ക്കാനുള്ള റിക്കാര്‍ഡ് വര്‍ക്കുകളെക്കുറിച്ച് സംസാരിച്ച് സ്കൂളിന്റെ ഗേറ്റ് കടന്നതേയുള്ളൂ. 


നിര്‍ത്താതെ വര്‍ത്തമാനം പറഞ്ഞുകൊണ്ട് വന്ന  ഒരു കൂട്ടം പെണ്‍കിളികള്‍ പെട്ടെന്ന് ഞങ്ങളെ വളഞ്ഞു . 


കൂട്ടത്തില്‍ ഏറെ സ്മാര്‍ട്ടായ ഒരു കുട്ടി യാതൊരു സങ്കോചവും കൂടാതെ ചോദിച്ചു.
'പുതിയ സാറമ്മാരാണല്ലേ'......?
'അതെ..'
'അല്ല; അത് കണ്ടപ്പോത്തന്നെ മനസ്സിലായി...'


അത് 'ഒരാക്കിയ' പറച്ചിലായിരുന്നു. 
എങ്കിലും ഒരു തമാശ കേട്ടപോലെ ചിരിക്കാന്‍ ശ്രമിച്ചു. വൈകാതെ അടുത്ത ചോദ്യം വന്നു. 
'സാറെ, ഇത് സാറിന്റെ വൈഫാണോ...'?

ആ ചോദ്യംകേട്ട് എന്നെക്കാള്‍ കൂടുതല്‍ ചമ്മിയത് റംല ടീച്ചറായിരുന്നു.
അതിന് മറുപടി പറയാന്‍ നാവെടുക്കും മുമ്പെ ആ ചെല്ലക്കിളികള്‍ ചിറകടിച്ചു പറന്നുപോയി..!

'പെണ്‍കുട്ടികളാണ് ഇക്കോലം. എന്നാപ്പിന്നെ ഇവിടുത്തെ ആണ്‍ കുട്ടികളുടെ കാര്യം പറയാനുണ്ടോ...' ? 
റംല ടീച്ചര്‍ പിറുപിറുത്തു.

അവരാകെ മൂഡ് ഓഫ് ആയെന്ന് മനസ്സിലായി. പുത്തരിയില്‍ തന്നെ കല്ലുകടി.
അവരെ ആശ്വസിപ്പിക്കാനെന്നവണ്ണം ഞാന്‍ പറഞ്ഞു:
'സാരമില്ല . കുട്ടികളല്ലേ..? എങ്ങനെയെങ്കിലും ഒരു മാസമല്ലേ .. നമുക്കങ്ങ് സഹിക്കാം. വിട്ടുകള ടീച്ചറെ..'

സ്കൂളില്‍ ചെന്ന് തുടങ്ങിയതിന്റെ നാലാമത്തെ ദിവസമാണ് ഒമ്പത്- ഇ യിലേക്ക് ക്ളാസ്സെടുക്കാന്‍ പോവുന്നത്. റഗുലര്‍ അധ്യാപകരുടെ പിര്യേഡുകള്‍ വീതം വെച്ച് തന്നതിന്റെ രണ്ടാമത്തെ ദിവസം. 


ക്ളാസ്സിലേക്ക് കേറിച്ചെന്നപാടെ 'ഗുഡ്മോണിംഗ് സാറി'ന്റെ ശ്രുതി മധുരത്തിനിടയില്‍ പെണ്‍കുട്ടികളുടെ ഭാഗത്ത് നിന്ന് രണ്ടാമത്തെ ബെഞ്ചില്‍ അവസാനമിരിക്കുന്ന തിളക്കമുള്ള രണ്ട് കണ്ണുകള്‍ എന്നെ കൊത്തിവലിച്ചു. 
അത് അവളായിരുന്നു..! 
സ്കൂള്‍ഗ്രൌണ്ടില്‍ വെച്ച് എന്നെയും റംല ടീച്ചറെയും നിഷ്ക്കരുണം റാഗ് ചെയ്ത പെണ്‍പടയുടെ നേതാവ് !

ക്ളാസ്സ് തുടങ്ങും മുമ്പെ പതിവുപോലെ എല്ലാവരുടെയും പേര് ചോദിച്ചു. കുട്ടികളുടെ വരിവരിയായുള്ള പേര് പറച്ചിലിനിടയില്‍ ആരുടെ പേര് ഓര്‍ക്കാനാണ് ? വെറുതെ ഒരു ചടങ്ങ്. 
ഒടുവില്‍ ഊഴമെത്തിയപ്പോള്‍  ‍അവള്‍ എണീറ്റു നിന്നു. 
കുസൃതി ഒളിപ്പിച്ച തിളക്കമുള്ള കണ്ണുകള്‍ വിടര്‍ത്തി അവള്‍ പറഞ്ഞു: 'ഷാഹിദ'..!
അന്ന് ക്ളാസ്സ് കഴിഞ്ഞ് ഇറങ്ങുമ്പോള്‍ മനസ്സിന്റെ റജിസ്ററില്‍ ഒരു പേര് മാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളൂ...

നിര്‍ത്താതെ സംസാരിച്ചും ക്ളാസ്സ് സജീവമാക്കിയും ഇടക്കിടെ എന്നെ പ്രകോപിപ്പിച്ചും എന്റെ ശ്രദ്ധ പലപ്പോഴും അവള്‍ കവര്‍ന്നെടുത്തു.

ഒരു ദിവസം ക്ളാസ്സിലേക്ക് കേറിച്ചെല്ലുമ്പോള്‍ , ഒരു നോട്ടു ബുക്കിനുവേണ്ടി പിടിവലി നടക്കുകയാണ്. ഷാഹിദയുടെ വെളുത്തു തുടുത്ത മുഖം ചുവന്നിരിക്കുന്നു. തോറ്റുകൊടുക്കാന്‍ മനസ്സില്ലാതെ അവളും കൂട്ടുകാരികളും നിന്ന്  പൊരുതുകയാണ്. 
എന്നെ കണ്ടപാടെ ഷാഹിദ ഒന്നയഞ്ഞു. ഞാന്‍ നോട്ട് ബുക്ക് പിടിച്ചു വാങ്ങി മറിച്ചു നോക്കുമ്പോള്‍ അവളുടെ കൂട്ടുകാരി പറഞ്ഞു:

'സര്‍ ഇവള് കവിത എഴുതാറുണ്ട്...'

ഞാനാപോജുകള്‍ ഒന്ന് വെറുതെ മറിച്ചുനോക്കി. നല്ല വൃത്തിയുള്ള കയ്യക്ഷരത്തില്‍ അവള്‍ എഴുതിയ കൊച്ചുകൊച്ചു വരികള്‍ ..

അന്ന് ക്ലാസ്സ് കഴിഞ്ഞ് പോകുമ്പോള്‍ ആ നോട്ടുബുക്കും കൂടെ കൊണ്ടു പോന്നു. 
അവള്‍ പ്രതിഷേധിക്കുന്നുണ്ടായിരുന്നെങ്കിലും 'ഞാനൊന്ന് വായിച്ചു നോക്കട്ടെ, നാളെ തിരിച്ചു തരാം...' എന്ന് പറഞ്ഞ് അവളെ ഒരുവിധം സമ്മതിപ്പിച്ചു. 


അന്ന് രാത്രി എല്ലാ വര്‍ക്കുകള്‍ക്കും അവധികൊടുത്ത് അവളുടെ കവിതകള്‍ വായിച്ചു.. കിലുകിലെ ചിലക്കുകയും കുത്തുവാക്കുകള്‍കൊണ്ട് മറ്റുള്ളവരെ മുറിപ്പെടുത്തുകയും ചെയ്യുന്ന ഷാഹിദയല്ല കവിതയിലുള്ളത്. 


ക്ളാസ്സും പരിസരവും കുയിലും പൂച്ചയും പച്ചപ്പും ചോക്കും റിബ്ബണുമൊക്കെയാണ് വിഷയങ്ങളെങ്കിലും നഷ്ടപ്പെടലിന്റെ പെയ്യാന്‍ വിങ്ങുന്ന വിഷാദമാണ് ഒട്ടുമിക്ക വരികളിലും പടര്‍ന്നു കിടക്കുന്നത്. 


ഒമ്പതാംക്ളാസ്സില്‍ പഠിക്കുന്ന ഒരു മുസ്ലിംപെണ്‍കുട്ടിയെഴുതിയ കവിതകളെന്ന നിലക്ക് ആ നോട്ടുബുക്കും അതിലെ കവിതകളും എന്നെ വല്ലാതെ അതിശയിപ്പിച്ചു. 
എങ്കിലും, വിഷാദം ഒരു നിഴല്‍പോലെ വരികളിലൊക്കെയും പടര്‍ന്നു കിടക്കുന്നതെന്തുകൊണ്ടാവും ? ഒരു മാസംമാത്രം ആയുസ്സുള്ള ഈ ഗുരു ശിഷ്യബന്ധത്തിനിടയ്ക്ക് കുട്ടികളുടെ വൈകാരികാവസ്ഥയിലേക്കും കുടുംബപശ്ചാത്തലത്തിലേക്കും ഇറങ്ങിച്ചെല്ലാനൊന്നും കഴിയില്ല. അതൊട്ട് പ്രായോഗികവുമല്ല. 
ഞാന്‍ അങ്ങനെ സങ്കടപ്പെട്ടു.

പ്രതിഭയുടെ മിന്നലാട്ടമുള്ള വരികള്‍ .. 
അക്ഷരത്തെറ്റുകള്‍ ചുവന്നമഷി കൊണ്ട് തിരുത്തിയും ചിലത് കൂട്ടിച്ചേര്‍ത്തും കഴിയുംവിധം ഞാനത് എഡിറ്റ് ചെയ്തു. 


ജീവിതത്തിലുണ്ടാവുന്ന അക്ഷരത്തെറ്റുകള്‍ ഒരാള്‍ക്കും തിരുത്താനോ എഡിറ്റ് ചെയ്യാനോ ആവില്ലെന്ന് അന്നേരം വെറുതെ ഓര്‍ത്തു.

ഒരു കവിതക്ക് കീഴെ ഇങ്ങനെ എഴുതി വച്ചു.

'വീണ്ടും എഴുതുക.. കവിത മനസ്സിന്റെ സംഗീതമാണ്. അത് നഷ്ടപ്പെടുത്തരുത്; എവിടെയാണെങ്കിലും...
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍ ..

പിറ്റേന്ന് ക്ളാസ്സില്‍ ചെല്ലുമ്പോള്‍ ആ നോട്ട് ബുക്ക് അവളെ തിരിച്ചേല്പ്പിച്ചു. ഞാനൊന്നും പറഞ്ഞില്ല. അവളൊന്നും ചോദിച്ചതുമില്ല.

എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ കടന്നുപോയത് ? 

ഇന്നത്തോടെ ഒതുക്കുങ്ങല്‍ സ്കൂളിനോട് വിട പറയുകയാണ്. കുട്ടികളോടൊക്കെ യാത്ര പറഞ്ഞിരുന്നു. നേരത്തെ തന്നെ. 
സ്നേഹത്തില്‍ പൊതിഞ്ഞ വര്‍ണ്ണ മിഠായികളും ചില അലങ്കാരവസ്തുക്കളുമൊക്കെയായി പലക്ളാസ്സുകളിലെ കുട്ടികളും ഇഷ്ടവും സ്നേഹവും പ്രകടിപ്പിച്ചത് ഹൃദയപൂര്‍വ്വം സ്വീകരിച്ചു.

നാലുമണിക്ക് സ്കൂള്‍ വിട്ടതിനു ശേഷം ഞങ്ങള്‍ ട്രൈയിനികള്‍ മൂന്ന് പേരും കൂടി ഒരു ടീപാര്‍ട്ടിക്ക് ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. എല്ലാ അധ്യാപകരെയും നേരിട്ട് ക്ഷണിച്ചിട്ടുമുണ്ട്. ഇന്ന് ഇത്തിരിവൈകിപ്പോയാലും സാരമില്ല. ഇനി ഇതുപോലെ ഒരു സ്കൂളില്‍ എന്നാണാവോ ? അറിയില്ല.

ഉച്ചയ്ക്ക് ശേഷമുള്ള അഞ്ചാം പിര്യേഡ് തുടങ്ങിയിട്ടേയുള്ളൂ. 

സ്ററാഫ്റൂമില്‍ ഞാനൊറ്റക്കാണ്. അധ്യാപകരെല്ലാം ക്ളാസ്സില്‍ പോയിരുന്നു. വീണുകിട്ടിയ ഒരു ലിഷര്‍ പിര്യേഡ് ഉപയോഗപ്പെടുത്തി റിക്കാര്‍ഡ് വര്‍ക്കുകളുടെ കൂട്ടത്തിലെ പ്രധാനപ്പെട്ട ഒരു ഐറ്റം 'ഞാന്‍ വായിച്ച പുസ്തകങ്ങള്‍ : ഒരാസ്വാദനം' തയ്യാറാക്കിയിരിക്കൊണ്ടിരിക്കുകയാണ്. 
വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാല സഖി', എസ്.കെ.പൊറ്റെക്കാടിന്റെ 'ലണ്ടന്‍ നോട്ട് ബുക്ക്', തകഴിയുടെ 'കയര്‍ ', എം.ടി യുടെ 'തിരഞ്ഞെടുത്ത തിരക്കഥകള്‍ '  ഇവ എഴുതിക്കഴിഞ്ഞിരുന്നു. അഞ്ചാമതായി 'കുഞ്ഞുണ്ണിക്കവിതകള്‍ ' എന്ന കവിതാസമാഹാരത്തെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുകയാണ്. 


'പാല്‍പായസം പോലെ വലിച്ചു കുടിക്കാവുന്നതും മഞ്ചാടി മണികള്‍പോലെ എടുത്തോമനിക്കാവുന്നതുമായ, ചിരിക്കും ചിന്തക്കും വക നല്‍കുന്ന കുഞ്ഞുണ്ണിക്കവിതകള്‍ ...'
തുടക്കം ഇങ്ങനെ എഴുതിത്തീര്‍ത്തു.


പെട്ടെന്ന്, 'സര്‍ ' എന്നൊരു പതിഞ്ഞ വിളി.
തലയുയര്‍ത്തി നോക്കുമ്പോള്‍ , അവള്‍ ഷാഹിദ !

നാലുപാടും നോക്കി, ആരുമില്ലെന്ന് ഉറപ്പുവരുത്തി, അവള്‍ അടുത്തേക്ക് വരുന്നു..
'എന്തേ ഷാഹിദാ, ക്ളാസ്സില്ലേ..'
'ഇല്ല; പി.ടി യാണ്..'

അതും പറഞ്ഞ്, അവള്‍ ആരും കാണാതെ, ഞൊറിവുള്ള മഞ്ഞയില്‍ നിറയെ നീല പൂക്കളുള്ള പാവാടയില്‍ മറച്ചു പിടിച്ചിരുന്ന എന്തോ എടുക്കുന്നതും ഞൊടിയിടയില്‍ അതവള്‍ എന്റെ കഴുത്തിലണിയിക്കുന്നതും ഒരു ഞെട്ടലോടെ ഞാനറിഞ്ഞു..!

ഞാന്‍ വല്ലാതായി. ആരെങ്കിലും കണ്ടാല്‍ .. ഞാന്‍ നാലുപാടും നോക്കി. എന്ത് വിഡ്ഢിത്തമാണീ  കുട്ടി കാണിക്കുന്നത് ? 

ഭാഗ്യത്തിന്  ആരും കണ്ടില്ല..

അത് വിവിധ വര്‍ണ്ണക്കടലാസുകളില്‍ പൊതിഞ്ഞ മിഠായികള്‍ കൊണ്ട് കോര്‍ത്തെടുത്ത, ഒരു സ്നേഹമാലയായിരുന്നു..! ഒരു മധുര ഹാരം...!!

വലിയ ഒരു കാര്യം ചെയ്ത നിറഞ്ഞ സംതൃപ്തിയോടെ, അവള്‍ സ്റ്റാഫ് റൂമിന്റെ ഒതുക്കുകല്ലുക
ളിറങ്ങി ഓടിപ്പോവുമ്പോള്‍ , അവളുടെ ചുവന്ന തട്ടത്തിന്റെ കണ്ണുവെട്ടിച്ച് പുറത്തേക്ക് നീണ്ടു കിടന്ന മുടിത്തുമ്പില്‍ ഊഞ്ഞാലാടുന്ന മുടിപ്പൂവ് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..!

27 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. കൊള്ളാം മാഷെ... നന്നായിട്ടുണ്ട്....

    മറുപടിഇല്ലാതാക്കൂ
  2. കീഴെ താങ്കൾ ഇങ്ങനെ എഴുതി വച്ചു.

    'വീണ്ടും എഴുതുക.

    മറുപടിഇല്ലാതാക്കൂ
  3. ഉസ്മാൻ ക്ക...
    പലപ്പോഴും ബ്ലോഗുകളിൽ വന്ന് കഥകളും സംഭവങ്ങളും വായിച്ച് മടങ്ങലാണു പതിവ്.... ഇന്നതെനിക്കായില്ല...
    കലാലയ മുറ്റത്തെ മധുരിക്കുന്ന ഓർമ്മകളെ ഇത്ര സരസമായി കോറിയിട്ടതിനു അഭിനന്ദിക്കുന്നു......ഇനി ഒന്ന് അറിയാനുണ്ടായിരുന്നു... മാഷേ... ആ ഷാഹിദ ഇന്നെവിടെയാണു....അവളുടെ കവിതയെഴുത്ത് ഇപ്പോഴുമുണ്ടോ?

    മറുപടിഇല്ലാതാക്കൂ
  4. മാഷിന്റെ മറ്റൊരു ശിഷ്യന്‍(faisu madeena) പറഞ്ഞിട്ട് വന്നതാണ്..മുന്‍പും വന്നിരുന്നു.അപ്പോള്‍ മലയാളം ഫോണ്ട് കണ്ടില്ല..'ഷാഹിദ' എന്ന കഥയില്‍ ഒരു ദുരൂഹത ഉള്ളത് പോലെ..
    ചിലപ്പോള്‍ തോന്നല്‍ ആവാം..അല്ല ഒരു കുട്ടി (ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന) അധ്യാപകന്റെ കഴുത്തില്‍ മാലയിടുക...അതില്‍ ഒരു അസ്വാഭാവികത..

    മറുപടിഇല്ലാതാക്കൂ
  5. @ juvairiya Salam :
    ഇവിടം വരെ വന്നിട്ട് ഒരു കാപ്പി പോലും കുടിക്കാതെ പോയി അല്ലെ?
    ഒരു ചിഹ്നം വരച്ചു വച്ചത് കൊണ്ട് വന്നെന്നറിഞ്ഞു..
    ചിഹ്നം ചില കാര്യങ്ങള്‍ ചിന്നുന്നുണ്ട് എങ്കിലും അവ
    ചിന്നം വിളികളല്ലെന്ന് വിചാരിക്കട്ടെ..
    സലാം ഉണ്ട്; ജുവൈരിയക്കും സലാമിനും..

    മറുപടിഇല്ലാതാക്കൂ
  6. @ Noushu :
    കൊള്ളാം നൌഷൂ നന്നായിട്ടുണ്ട് ..

    നൌഷുവിനു ഊഷ്മളമായ 'വിഷ് യു' ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. @ മൈപ്:

    വീണ്ടും എഴുന്നി കിട്ടിയാല്‍ എഴുതാം

    വീണ്ടും വന്നു കിട്ടിയാല്‍ വായിക്കാം

    കീഴെ വീണ്ടും എഴുതുന്നു :

    വീണ്ടും വരിക

    മറുപടിഇല്ലാതാക്കൂ
  8. @ Mujeeb:

    ശാഹിദ ഇപ്പോള്‍ എവിടെയുണ്ടാവും? ആ ചോദ്യം ഒരു പിടച്ചിലായി അന്ന് മുതല്‍ ഇന്ന് വരേയ്ക്കും മനസ്സിലുണ്ട്..

    ഒരു പക്ഷെ ഏതെങ്കിലും അടുക്കളയില്‍ അവളും അവളുടെ പിറക്കാത്ത കവിതകളും അടുപ്പായി എരിയുന്നുണ്ടാവും..

    മറുപടിഇല്ലാതാക്കൂ
  9. @ Jazmikkutty :

    അങ്ങിനെ ഒരു അസ്വാഭാവികത ഉണ്ടായതു കൊണ്ടാണ് ഒരു പാട് കുട്ടികളില്‍ നിന്ന് അവള്‍ മാത്രം ഇന്നും പാവാട ഉടുത്ത് മനസ്സില്‍ ഇരുന്നു ചിരിക്കുന്നത് ..

    ചില സ്വാഭാവികതകള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് അത് അസ്വഭാവികമായി തോന്നും അത് സ്വാഭാവികമാണ്..

    മറുപടിഇല്ലാതാക്കൂ
  10. @ Karnnoore:

    ചിഹ്നങ്ങള്‍ കൂടുതല്‍ കണ്ടാല്‍ ഏതു ബ്ലോഗറും ഒന്ന് ചിന്നം വിളിച്ചു പോവും എന്റെ കാര്‍ന്നോരെ..

    മറുപടിഇല്ലാതാക്കൂ
  11. മനോഹരമായി എഴുതി.
    അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  12. നന്നായി എഴുതിരിക്കുന്നു ...അനുഭവം നന്നായി എഴുതി ....ശരിക്കും അനുഭവിപ്പിക്കാന്‍ കഴിയുന്ന്നു ഷാഹിദ

    മറുപടിഇല്ലാതാക്കൂ
  13. ചെറിയൊരനുഭവം തന്നെ വള്രെ മനോഹരമാക്കി എഴുതി..ഷാഹിദയുടെ
    മുഖവും മൊഴികളും മനസ്സില്‍ കുറച്ചു നേരം തത്തിക്കളിച്ചു..നല്ല എഴുത്ത്

    മറുപടിഇല്ലാതാക്കൂ
  14. ഷാഹിദ..വായനക്കാരുടെ മനസ്സിലും അങ്ങനേ മങ്ങാതെ
    നില്ക്കുന്നു.അത് തന്നെ കഥയുടെ വിജയം..അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  15. shanavas chakkupurakkal2011, ജനുവരി 4 3:49 PM

    അവളുടെ ചുവന്ന തട്ടത്തിന്റെ കണ്ണു വെട്ടിച്ച് പുറത്തേക്ക് നീണ്ടു കിടന്ന മുടിത്തുമ്പില്‍ ഊഞ്ഞാലാടുന്ന മുടിപ്പൂവ് vayanakkare ellavareyum nokki chirikkunnu.very good. thanks. proceed..........

    മറുപടിഇല്ലാതാക്കൂ
  16. dear Sir, the story taken me to my school days for a while.
    it is really touching............

    മറുപടിഇല്ലാതാക്കൂ
  17. ഷാഹീദാ നിന്റെ ..............
    ചിലരുടെ കുസ്രതിത്തരങ്ങള്‍ നമ്മുടെ മനസ്സിനെ വല്ലാതെ പിടിച്ചുലക്കും ..........അവരിലേക്ക് അടുപ്പിക്കും ............ഇത് വഴിച്ചപ്പോള്‍ അങ്ങിനെ ചിലരിലെക്ക് എന്റെ മനസ്സും ഒന്ന്‍ ഓടിപ്പോയി ,,,,,, എനക്ക് ബാല്ലാണ്ട് ഇഷ്ടായി .............അടിപൊളി

    മറുപടിഇല്ലാതാക്കൂ
  18. ഇനി ഞാന്‍ വിളി മാഷെ എന്ന് മാറ്റിക്കോട്ടെ.
    മനസിനെ തൊട്ടറിഞ്ഞു വായിച്ചു.
    അനുഭവങ്ങള്‍ അത് മനസില്‍ നിന്നാവുമ്പോള്‍ വരികള്‍ക്ക് മനോഹാരിത കൂടും.
    മാഷിന്‍റെ മനസിന്‍റെ പിടച്ചില്‍ അത് കൊണ്ട് തന്നെയാവും ഞങ്ങള്‍ വായനക്കാരിലേക്കും എത്തിക്കുവാന്‍ കഴിഞ്ഞത്.
    വായന തുടരട്ടെ.

    മറുപടിഇല്ലാതാക്കൂ
  19. ഷാഹിദ ക്ക്മുന്പ് സൂപ്പി പറഞ്ഞ കഥയും ചെയ്ത പണിയും വായിച്ചു.. ഇഷ്ടപ്പെട്ടു.... നന്നായി ഇഷ്ടപ്പെട്ടു .. comments ഒന്നും വേണ്ട എന്ന് തോന്നി . ഇപ്പൊ ഷാഹിദ വായിചു ആസ്വോധിച്ചു നന്നായി ആസ്വോധിച്ചു പെരുത്തിഷ്ടായി ..ഇപ്പൊ ഒന്ന് കാണണം പരിച്ചയപെടനം എന്നൊക്കെ തോന്നുന്നു.....

    മറുപടിഇല്ലാതാക്കൂ
  20. അജ്ഞാതന്‍2011, മാർച്ച് 9 5:08 PM

    evidayo...oru oarmma peduthalukal....thanx.....

    മറുപടിഇല്ലാതാക്കൂ
  21. ഞാനും ഒരു മാഷ് ആയിരുന്നൂ..... ഇന്നും എത്ര ശമ്പളത്തിനു ജോലി ചെയ്താലും എത്ര വലിയ ജോലിയായാലും ‘ടീച്ചിങ്ങ് ഫീല്‍ഡ്’നഷ്ടപ്പെട്ടത് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ്‍.കുട്ടികള്‍ക്ക് നന്മകള്‍ പറഞ്ഞ് കൊടുത്ത് വിടപറയാനാണെനിക്കിഷ്ടം. ഇന്നും എന്‍റെ നല്ല ഓര്‍മ്മകള്‍ ക്ലാസ് റൂമുകളിലാണ്‍.

    മറുപടിഇല്ലാതാക്കൂ
  22. നന്നായിരിക്കുന്നു..എങ്കിലും ഒരു trainee അധ്യാപകന്റെ ജീവിതത്തില്‍ സംഭവിക്കാവുന്ന ഒരു കഥയെന്നേ തോന്നിയുള്ളൂ.....പക്ഷെ, ഏതോ കംമെന്റിനെഴുതിയ "ശാഹിദ ഇപ്പോള്‍ എവിടെയുണ്ടാവും? ആ ചോദ്യം ഒരു പിടച്ചിലായി അന്ന് മുതല്‍ ഇന്ന് വരേയ്ക്കും മനസ്സിലുണ്ട്..

    ഒരു പക്ഷെ ഏതെങ്കിലും അടുക്കളയില്‍ അവളും അവളുടെ പിറക്കാത്ത കവിതകളും അടുപ്പായി എരിയുന്നുണ്ടാവും.." എന്ന മറുപടി ചിന്തിപ്പിക്കുന്നു..
    "അയ്യോ..മാഷ് പറഞ്ഞത് ശരിയാകുമോ..? അഥവാ ശരിയാണെങ്കില്‍ പോലും ശാഹിദയുടെ മനസ്സ് സന്തോഷമായി ഇരിക്കുകയാവണേ.."

    മറുപടിഇല്ലാതാക്കൂ
  23. മനോഹരം ഉസ്മാന്‍, മനോഹരം. ഒരധ്യാപകന്‍ എന്നാ നിലയില്‍ ഏറ്റവും ധന്യമായ നിമിഷം അയാള്‍ ചൊരിഞ്ഞ സ്നേഹത്തിനും അധ്വാനതിനും മരുവാക്കെന്ന നിലയില്‍ വിദ്യാര്‍ഥികള്‍ തിരിച്ചു തരുന്ന ഇത് പോലെയുള്ള സ്നേഹമാലകളാണ്. പഠനമെല്ലാം കഴിഞ്ഞ് പിന്നീട് എവിടെ വെച്ചെങ്കിലും കാണുമ്പോള്‍ അവര്‍ കാണിക്കുന്ന സ്നേഹാദരങ്ങള്‍ പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇതിനു മാത്രം ഇവനോട് ഞാന്‍ ചെയ്തതെന്താനെന്നു ആലോചിച്ചു പോകും. നാം ഒട്ടും ഓര്‍ക്കാത്ത ഒരു കാര്യം അവരുടെ മനസ്സില്‍ പതിഞ്ഞിട്ടുണ്ടാകും. സര്‍ അതൊരിക്കലും മറക്കാനാകില്ല എന്ന് അവര്‍ പറയുമ്പോള്‍ സന്തോഷമുണ്ടാകും. ഇത് പോലെ ഒരു വിദ്യാര്‍ഥിയെ അറിയാതെ ഞാന്‍ മുറിവേല്പിച്ചിട്ടുണ്ടാകില്ലേ എന്നാ ആശങ്കയും. കടന്നു വരും.

    മറുപടിഇല്ലാതാക്കൂ
  24. ഒരു പഴയ പോസ്റ്റ്‌ ആണിത് . ഒരിക്കല്‍ കൂടി വായനക്കാരുടെ മുമ്പില്‍ കൊണ്ട് വരുന്നു .. വായിക്കത്തവര്‍ക്ക് വായിക്കാം എന്ന നിലക്ക് മാത്രം ..
    ജീവിത യാത്രക്കിടയില്‍ കണ്ടുമുട്ടിയ ഓര്‍മ്മയിലെ ഒരു പെണ്‍കുട്ടി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു ഡിസിപ്ലിനുമില്ലാത്ത , വില്ലന്‍മാര്‍ ‍വിലസുന്ന സ്കൂളിലേക്കൊന്നും നറുക്കുവീഴരുതേ എന്ന പ്രാര്‍ത്ഥനയായിരുന്നു മനസ്സു നിറയെ.

      :)..ഏറ്റവും ഇഷ്ടപ്പെട്ട വരി..

      ഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്