2014, മാർച്ച് 11, ചൊവ്വാഴ്ച

'ട്യൂബ് ലൈറ്റ്‌ '




റഫിയ്യ അങ്ങാടിയില്‍ കിട്ടാത്തതായി ഒന്നും ഇല്ല .
പച്ചക്കറിക്കടയില്‍ ചെന്നപ്പോള്‍ നമ്മുടെ 'ട്യൂബ് ലൈറ്റ്‌ ' ഉണ്ട് നീണ്ടു നിവര്‍ന്നു കിടക്കുന്നു .
വില ചോദിച്ചു . അഞ്ചു റിയാല്‍ .!
എഴുപത്തഞ്ചോളം രൂപ .. !!!
പച്ചക്കറിക്കടയിലെ 'ട്യൂബ് ലൈറ്റ്‌ 'മനസ്സിലായില്ലേ ?
നമ്മുടെ വാഴപ്പിണ്ടി തന്നെ !
ഞങ്ങളുടെ നാട്ടിലെ 'ഇണ്ണിത്തണ്ട്' !

മുതിരയും വാഴ പിണ്ടിയും ചേര്‍ത്തു ഉപ്പേരി വെച്ച് കഴിച്ചാല്‍ നമ്മുടെ 'വയറീക ' മായ എല്ലാ പ്രശ്നവും 'ഖലാസ്‌' !
വയറു ശുദ്ധീകരിക്കാന്‍ പറ്റിയ നല്ല ഔഷധം .

നാക്കിലയും കിട്ടും ഇവിടെ .
ഒരു കഷണത്തിന് ഒരു റിയാല്‍ !!!!!
നമ്മുടെ നാട്ടില്‍ വെറുതെ കൊത്തിഅരിഞ്ഞു പീസ് പീസാക്കി കളയുന്ന പിണ്ടി , വാഴച്ചുണ്ട് , നാക്കില , മുരിങ്ങ , കറുമൂസ , ചക്ക ഒക്കെ ഇവിടെ എത്തിയാല്‍ വലിയ രാജാക്കന്മാര്‍ ആണ് .. !!!
നാട്ടില്‍ ഒരു വിലയുമില്ല ; മറുനാട്ടില്‍ എന്താ ഇവന്‍മാരുടെയൊക്കെ ഒരു പവര്‍ !
ചില ആളുകളെ പോലെത്തന്നെ !!!!

ഇവിടെ ഒരു പിടി മുരിങ്ങ കിട്ടാനും കൊടുക്കണം രണ്ടു റിയാല്‍ !

വീടിനു സ്ഥലമെടുത്ത ഉടനെ അതിരുകളില്‍ ഒക്കെ മുരിങ്ങക്കമ്പു നടുകയാണ് ചെയ്തത് .
ഇന്ന് അവയൊക്കെ വലുതായി കൊമ്പുകളും ചില്ലകളുമായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു ..

ഒരു മസാലയും വേണ്ട .
അല്പം മുരിങ്ങയില , കുറച്ചു ചുവന്നുള്ളി , അല്പം വെളിച്ചെണ്ണ , കുറച്ചു കഞ്ഞി വെള്ളം ..
പോഷക സമൃദ്ധമായ ഒരു ഉഗ്രന്‍ മുരിങ്ങാച്ചാറു റെഡി .
നാക്കിനും കൊള്ളാം , വയറിനും കൊള്ളാം , ആരോഗ്യത്തിനും കൊള്ളാം ..
രാവിലെ മുടങ്ങാതെ നടക്കുന്ന 'ശോധനാ ' പരീക്ഷണത്തിനും കൊള്ളാം .. കണ്ണിനും നല്ലത് .
രക്തസമ്മര്‍ദ്ദത്തിനും വിട ..!!!
''മുരിങ്ങാ മരം രണ്ടെണ്ണം വീട്ടില്‍ ലാസിമാ (നിര്‍ബന്ധം )
കൂട്ടാന്റെ മുട്ടറിയെണ്ടതില്ലാ പാത്തുമ്മാ ..''
ഉപ്പ ഇടയ്ക്കിടെ ഈ പാട്ട് പാടുന്നത് കേട്ടിട്ടുണ്ട് !

നമ്മുടെ എല്ലാ കാര്യവും ഇങ്ങനെ തന്നെ ..
ഇഷ്ടം പോലെ കിട്ടാനുണ്ടാവുമ്പോള്‍ ,
കണ്മുമ്പില്‍ എപ്പോഴും കാണുമ്പോള്‍ ഒന്നിനും
ഒരു വിലയും ഉണ്ടാവില്ല ..
അതൊക്കെ കിട്ടാതാവുമ്പോഴാണ് ,
നഷ്ടപ്പെടുമ്പോഴാണ്
അവയുടെയൊക്കെ യഥാര്‍ത്ഥ വില അറിയുക !

ജീവിതത്തില്‍ ഉമ്മ , ഉപ്പ , വല്യുമ്മ , വല്യുപ്പ , ഭാര്യ , മക്കള്‍ ...
ഈ അനുഗ്രഹങ്ങള്‍ ഒക്കെ നമ്മോടൊപ്പം ഉണ്ടാവുമ്പോള്‍ നമുക്ക് അവരുടെയൊന്നും വില അറിയില്ല .
നഷ്ടപ്പെട്ടാലോ ?

പ്രകൃതി തരുന്ന വസ്തുക്കള്‍ നമുക്ക് വില കൊടുത്ത് വാങ്ങാനെങ്കിലും പറ്റും ..
പക്ഷെ പടച്ചവന്‍ നല്‍കിയ ചില 'അനുഗ്രഹങ്ങള്‍ ' നഷ്ടപ്പെട്ടാല്‍ അത് റിയാല് കൊണ്ടോ ദിര്‍ഹം കൊണ്ടോ ഡോളര്‍ കൊടുത്തോ ഒന്നും പിന്നീട് സ്വന്തമാക്കാന്‍ കഴിയില്ല .
നഷ്ടപ്പെട്ട ഉമ്മയെയും ഉപ്പയെയും തരാന്‍ ഈ ലോകത്ത്
ഒരു കറന്‍സിക്കും കഴിയില്ലല്ലോ ...!!!

1 comments:

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്