2014, മാർച്ച് 10, തിങ്കളാഴ്‌ച

ആറു നാട്ടില്‍ നൂറ് മാമൂലുകള്‍ലാവ എന്ന അറബി പദത്തിന് പലഹാരം എന്നാണു അര്‍ഥം .
ഹുലു എന്നാല്‍ മധുരം എന്നും .
ഹലുവക്ക് ആ പേര് വന്നത് ഒരു പക്ഷെ അങ്ങനെയാവണം .
ഹലുവ യോട് വല്ലാത്ത കൊതിയുള്ള ഒരു കാലമുണ്ടായിരുന്നു .
കുട്ടിക്കാലം .

മാങ്ങാക്കാലം , ചക്കക്കാലം , എന്നൊക്കെ പറയും പോലെ
ഹലുവ ക്കാലവും ഉണ്ടായിരുന്നു .
റബീഉല്‍ അവ്വല്‍ മാസം ആണ് ഹലുവക്കാലം!
ഒരു മാസം മുഴുവനും പള്ളിയില്‍ മൌലൂദ് ഉണ്ടാകും .
അത് കഴിഞ്ഞു 'ചീരണി' യും .

മൌലൂദിനേക്കാള്‍ ഇഷ്ടം അത് കഴിഞ്ഞു മുക്രി അലവിക്കുട്ടി ഓരോരുത്തര്‍ക്കും
കൈകളില്‍ വെച്ച് തരുന്ന ഹലുവയോടും തെങ്ങാപ്പൂളിനോടും ആവും .
രണ്ടോ മൂന്നോ കഷ്ണമേ കാണൂ . എന്നാലും അത് കയ്യില്‍ കിട്ടിയാലേ സമാധാനമാകൂ .
എല്ലാവരും വരി വരിയായി പള്ളി വരാന്തയില്‍ ഇരിക്കും .
ഒരു പക്ഷെ എല്ലാവര്‍ക്കും തികഞ്ഞില്ലെങ്കില്‍ അവസാനം ഇരിക്കുന്നവര്‍ ഇളിഭ്യരാവും ..!!

മറ്റു മാസങ്ങളി ലൊന്നും പള്ളിയില്‍ പോകാത്ത ഞങ്ങള്‍ കുട്ടികള്‍ ആ മാസം കൃത്യമായി പോകും .
ഇഷാ നിസ്ക്കരിക്കാന്‍ പോയി മൌലൂദും കഴിഞ്ഞു ചീരണി യുമായി ആണ് തിരിച്ചു പോരുക .

മിക്കപ്പോഴും അലുവയും തേങ്ങയും തന്നെയാവും കൂട്ട് .
നല്ല ചേര്‍ച്ചയാണ് അവരെ രണ്ടാളെയും കാണാന്‍ തന്നെ .
ഒരാള്‍ക്ക്‌ നല്ല വെളുപ്പ്‌ ; മറ്റെയാള്‍ക്ക് നല്ല ചുകപ്പും
രണ്ടാളും കൂടി നാവില്‍ കിടന്നു എരിപിരി കൊള്ളും .
ചിലപ്പോള്‍ അവില്‍ കുഴച്ചതാവും . ബിസ്ക്കറ്റും തേങ്ങയും ഉണ്ടാകും ചില ദിവസങ്ങളില്‍..

സുന്നത്ത് കല്യാണം കഴിഞ്ഞു കിടക്കുമ്പോഴാണ് ഹലുവയുടെ പൂതി മാറിയത് . അന്ന് ആദ്യമായി ഹലുവക്കെട്ടുമായി വന്നത് കൊളപ്പറമ്പിലെ അളിയാക്ക യാണ്
( അദ്ദേഹം ഇന്നില്ല . ഇയ്യിടെയാണ് മരണപ്പെട്ടത് - അദേഹത്തിന്റെ പരലോക ജീവിതം അല്ലാഹു ശോഭനമാക്കട്ടെ . ആമീന്‍ )

കൈതോലപ്പായയില്‍ തികച്ചും ശാന്തയായി കിടക്കുകയാവും ഹലുവക്കെട്ട് .
അവിടവിടെയുള്ള വിടവിലൂടെ അല്പ സ്വല്പം കാണുമ്പോഴേക്കും നാവിലൂടെ നിലംപതിപ്പുഴ ഒഴുകിത്തുടങ്ങും . സുന്നത്ത് കഴിഞ്ഞ മുറിവ് പെട്ടെന്ന് ഉണങ്ങരുതേ എന്ന് പ്രാര്‍ത്ഥിച്ചു കിടക്കും . ഹലുവ തീരും വരെ മുറിവ് ഉണങ്ങരുത് !

പ്രവാസികളുടെ ഇഷ്ടക്കാരില്‍ പഴം നുറുക്ക് - വാഴക്കാപ്പോരി - കഴിഞ്ഞാല്‍ ഹലുവക്കാണ് സ്ഥാനം . ഓരോ പ്രവാസിയും നാട്ടില്‍ നിന്ന് വരുമ്പോള്‍ കൂടെയുണ്ടാകുന്ന ചില വസ്തുക്കളില്‍ ഹലുവക്കുമുണ്ട് മുന്തിയ പരിഗണന .
നമ്മുടെ മിക്ക ചടങ്ങുകളിലും ബേക്കറി തന്നെയാണ് മുന്‍ പന്തിയില്‍ .
കേക്കോ ലഡ്ഡു വോ ഇല്ലാതെ നമുക്ക് എന്ത് ജന്മ ദിന ആഘോഷം ?

വിരുന്നു പോകുമ്പോള്‍ , ആരെങ്കിലും വിരുന്നു വരുമ്പോള്‍ ,
പള്ള കാണാന്‍ പോകുമ്പോള്‍ , അങ്ങനെയങ്ങനെ ..

മിക്ക 'മാമൂലുകളിലും ' ബേക്കറി ക്ക് തന്നെയാണ് ഒന്നാം സ്ഥാനം . ഇക്കാര്യത്തില്‍ ഏറെ സന്തോഷിക്കുന്നത് ഏതായാലും ബേക്കറി ക്കാര്‍ തന്നെയാവും ..
സത്യത്തില്‍ ഈ മാമൂലുകളുടെയൊക്കെ ഉപജ്ഞാതാവ് ഒരു പക്ഷെ ഏതെങ്കിലും ബേക്കറി ഉടമയാവും !!

മാമൂലുകള്‍ എന്ന പേരില് നമ്മുടെ നാട്ടില്‍ നടക്കുന്ന കോപ്രായങ്ങള്‍ക്ക്‌ കയ്യും കണക്കും ഇല്ല .
ഓരോ പ്രദേശത്തും വ്യത്യസ്തവും വിവിധങ്ങളുമായ പല തരം ആചാരങ്ങള്‍ .
ചിലതൊക്കെ കേട്ടാല്‍ നമുക്ക് ചിരി വരും . അദ്ഭുതം തോന്നും .
മാമൂലുകള്‍ എന്ന പേരില് തനി വിഡ്ഢിത്തങ്ങള്‍ പോലും നടക്കുന്നുണ്ട് .
ബുദ്ധിക്കും ചിന്തക്കും യുക്തിക്കും നിരക്കാത്തവ !!

ഇതിന്റെ പേരില് എന്തെല്ലാം വൈകൃതങ്ങള്‍ ആണ് മനുഷ്യര്‍ തകൃതിയായി ചെയ്തു
കൊണ്ടിരിക്കുന്നത് .. ആലോചിച്ചാല്‍ നാം മൂക്കത്ത് വിരല്‍ വെച്ച് പോകും !
ആറു നാട്ടില്‍ നൂറ് മാമൂലുകള്‍ !

'മാറ്റുവിന്‍ ചട്ടങ്ങളെ 'എന്ന് പറഞ്ഞിരുന്ന പോലെ
'മാറ്റുവിന്‍ മാമൂലുകളെ ' എന്ന് മുദ്രാവാക്യം വിളിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ..

അതിനെതിരെ പൊരുതേണ്ട സമയവും!!

1 comments:

  1. മാമൂലുകള്‍ എന്നപേരും പറഞ്ഞ്
    ബിസിനസ്സുകളും പൊടിപൊടിക്കുന്നു!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്