2014, മാർച്ച് 11, ചൊവ്വാഴ്ച

ശറഫാക്കപ്പെട്ട ശറഫിയ്യയിലെ നിര്‍ത്തം






ഷറഫിയ്യയിലെ പോരിശയാക്കപ്പെട്ട മുരിങ്ങാമരം നിന്നിരുന്ന സ്ഥലം ആണ്
ഈ ഫോട്ടോയില്‍ കാണുന്നത് .
മറക്കാത്ത ഓര്‍മ്മക്കായി മുരട് മാത്രം അവശേഷിപ്പിച്ചു ഈ മരവും മണ്ണോട് ചേര്‍ന്നു ..

പ്രവാസികളുടെ തേങ്ങലുകള്‍ക്കൊപ്പം മൂകമായി തേങ്ങുകയും
കണ്ണ് നനയുന്നത് കണ്ടു കണ്ണീര്‍ വാര്‍ക്കുകയും ചെയ്ത മലയാളികളുടെ
സ്വന്തം മുരിങ്ങാമരം ..

ടെലെഫോണുകളോ ഇന്റര്‍നെറ്റ്‌ ബന്ധങ്ങളോ , ചാനലുകളോ , പത്രങ്ങളോ ഇല്ലാത്ത
പഴയ കാലത്ത് നാട്ടില്‍ നിന്ന് വരുന്ന കണ്ണീര്‍ വീണു നനഞ്ഞ കത്തുകള്‍
കൈമാറ്റം ചെയ്യപ്പെടുന്നതും നാട്ടിലെ ചൂടാറിയിട്ടും 'ചൂടേറിയ ' വാര്‍ത്തകള്‍
പരസ്പരം പങ്കു വെക്കുകയും ചെയ്തിരുന്നത് ഈ മരച്ചോട്ടില്‍ വെച്ചായിരുന്നു ..

എത്ര എത്ര ജോലിയില്ലാത്തവര്‍ക്കാണ് ഈ മരച്ചുവട്ടിലെ ഒത്തു ചേരലിലൂടെ ജോലി കിട്ടിയത് ?
എത്ര പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കാണ് മംഗല്യ ഭാഗ്യം സിദ്ധിക്കാന്‍ ഈ മരച്ചുവട്ടില്‍ നിന്ന്
പിരിച്ചെടുത്ത സഹായം നാട്ടിലെക്ക് പറന്നു ചെന്നത് ?
എത്രയെത്ര പള്ളികളും മദ്രസകളും , അനാഥാലയങ്ങളുമാണ് ഇവിടെ വെച്ചുള്ള സന്ധിക്ക ലിലൂടെ ഉയര്‍ന്നു വന്നത് .. കേറി ക്കിടക്കാന്‍ ഒരു കൂര പോലുമില്ലാത്ത എത്രഎത്ര നിര്‍ധനര്‍ക്കാണ്
ഈ മുരിങ്ങയ മരം സാക്ഷിയായി വീടുയര്‍ന്നത്‌ .. !!!
എത്ര ഹതഭാഗ്യരുടെ ഒച്ചയില്ലാത്ത നിലവിളികള്‍ക്കാണ് ഈ മുരിങ്ങാമരം കാതോര്‍ത്തത് .. ?

അന്ന് ഇവിടെ കൂടി നിന്ന് വെടി വട്ടം പറഞ്ഞിരുന്നവരും സൊറപറഞ്ഞു ഒരാഴ്ചത്തെക്കുള്ള
ഊര്‍ജ്ജം സംഭരിച്ചു തിരിച്ചു പോയവരും ഇന്നും ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍
അവരുടെ ഓര്‍മ്മകളിലേക്ക് എപ്പോഴെന്കിലും കടന്നു വരുന്നുണ്ടാകും
ഈ മുരിങ്ങാ മരം ..!

കൊച്ചു കൊച്ചു കൂട്ടങ്ങളായി അവിടവിടെ കൂടിനിന്ന് സങ്കടങ്ങളും പരാതികളും
പരിഭവങ്ങളും ഇറക്കി വെച്ച പ്രവാസികളുടെ ഈ 'സങ്കട മരച്ചുവട് '
അവര്‍ക്ക് അത്ര പെട്ടൊന്നൊന്നും മറക്കാനാവുകയില്ല ..

'എന്നാല്‍ അടുത്ത ആഴ്ച ഇതേ ദിവസം ഇതേ സമയം ഇതേ സ്ഥലത്ത് വെച്ചു
വീണ്ടും കണ്ടുമുട്ടാം' എന്ന് പറഞ്ഞു പിരിഞ്ഞു പോകുന്ന പ്രവാസി ശനിയാഴ്ച
ജോലിക്ക് പോകുന്നതെ വെള്ളിയാഴ്ച ഇങ്ങനെ ഒത്തുകൂടാന്‍ വേണ്ടി മാത്രം ആയിരിക്കും .. !!!

വെള്ളിയാഴ്ചകളില്‍ മറ്റൊന്നും നടന്നില്ലെങ്കിലും ഷറഫിയ്യയിലെ നിര്‍ത്തം
'ഫര്‍ള്' ആയ കാര്യമാണ് അന്നും ഇന്നും മലയാളികള്‍ക്ക് ..
ആ ചടങ്ങിനു ഇന്നും കാര്യമായ ഒരു കുറവും വന്നിട്ടില്ല ..

ഇന്നിപ്പോള്‍ മുരിങ്ങാ മരത്തിന്റെ റോള്‍ 'സംസം ' ബൂഫിയ ഏറ്റെടുത്തിരിക്കുന്നു
എങ്കിലും 'ചരിത്രത്തില്‍ നിന്ന് ചരിത്രത്തിലേക്ക് പുറപ്പെട്ടു പോയ ' ഈ മരം
പഴയ കാല പ്രവാസികളുടെ ഗൃഹാതുര സ്മരണകളില്‍ ഇന്നും പൂത്തു തന്നെ നില്‍പ്പുണ്ട് !!!

1 comments:

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്