2014, മാർച്ച് 10, തിങ്കളാഴ്‌ച

അപ്പൂപ്പന്‍ താടികള്‍




ഫീസിലേക്ക് പോകുമ്പോള്‍ തൂവലുകള്‍ പോലെ എന്തോ കുറെ എണ്ണം എന്റെ തലയ്ക്കു മീതെ പറന്നു വന്നിരുന്നു.. തലയിലും കഴുത്തിലും കൈകളിലും മൃദുലമായ, ഇക്കിളിപ്പെടുത്തുന്ന തലോടല്‍ .. നോക്കുമ്പോള്‍ നമ്മുടെ അപ്പൂപ്പന്മാരാണ്..
അപ്പൂപ്പന്‍ താടികള്‍.. ..!

വല്ലാത്ത കൌതുകം തോന്നി..
എവിടെ നിന്നാണ് കൊച്ചു പക്ഷികളെ പോലെ ഇവ കൂട്ടം കൂട്ടമായി പറന്നു വരുന്നത്?
നാലുപാടും നോക്കി ..
വലിയ മതില്‍ക്കെട്ടിന്റെ അകത്തേക്ക് എന്റെ ദുര്‍ബലമായ കണ്ണുകള്‍ക്ക്‌ പ്രവേശന മില്ലാത്തത് കൊണ്ട് 'വെള്ളപ്പറവ'കളുടെ കൂട് കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടു..

കൂട്ടത്തില്‍ ഒന്ന് രണ്ടെണ്ണം എടുത്തു ഓമനിച്ചു..
നനുത്ത മിനുമിനുപ്പുള്ള കുഞ്ഞു താടികള്‍ എങ്ങോട്ടോക്കെയോ കൂട്ടിക്കൊണ്ടു പോയി.. ഒന്ന് രണ്ടെണ്ണത്തിനെ പിടിച്ചു വെച്ച് പോക്കറ്റിലിട്ടു..
അവ ഇപ്പോഴും കീശയില്‍ സുഖമായി ഉറങ്ങുന്നുണ്ട്‌!

കുട്ടിക്കാലത്ത് പണ്ടെങ്ങോ കണ്ടതാണ്...
കയ്യില്‍ കിട്ടിയാല്‍ പിന്നെ ഒരു ഊത്താണ്..
പറന്നു പോകുന്നത് കാണാന്‍ നല്ല രസം ..
അതിലേറെ എനിക്കിഷ്ടം ആ പേരാണ്..
നല്ല കാല്പനികമായ ആ പേര് ആരാണാവോ ഇവക്കിട്ടത്...
അപ്പൂപ്പന്‍ താടി..! സൂപ്പര്‍ പേര്..

ഇവ ഏതോ മരത്തിന്റെ കായ പൊട്ടിപ്പിളര്‍ന്ന് വരുന്നതാണ്..
ഏതു ചെടിയാണ് ഈ പറവകളെ പറത്തിവിടുന്നത്?

പിതാവിന് കുഞ്ഞു താടിയെ ഉണ്ടായിരുന്നുള്ളൂ .. അതിന്മേല്‍ ഒന്ന് ഉഴിയാന്‍ മോഹമുണ്ടായിരുന്നു.. നടന്നില്ല.. പേടിയായിരുന്നു..

അപ്പൂപ്പന്‍ ഇല്ലാത്തത് കൊണ്ട് അതും സാധിച്ചില്ല..
വെളുത്ത നൂല് പോലെയുള്ള അപ്പൂപ്പന്റെ താടിയില്‍ സ്നേഹപൂര്‍വ്വം പിടിക്കാന്‍ നല്ല രസം കാണും ...
യഥാര്‍ത്ഥ അപ്പൂപ്പന്റെ താടിയില്‍ ഉഴിയാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ന് ഞാന്‍ ഈ അപ്പൂപ്പന്മാരെ മതിയാവോളം ആസ്വദിച്ചു...
ഇപ്പോള്‍ ഒരു ആശങ്ക : ഇവ കീശയില്‍ കിടന്നു വാടിപ്പോകുമോ?

നാം നടന്നു പോകുന്ന വഴി നീളെ എന്തെല്ലാം കൌതുകങ്ങള്‍ ..
കാഴ്ചകള്‍ .
പക്ഷെ പലതും നാം അറിയുന്നില്ല . കാണുന്നില്ല .
വസ്തുക്കളെ എല്ലാവരും കാണുന്നത് കണ്ണ് കൊണ്ട് . പക്ഷെ മനസ്സുകൊണ്ട് കാണാന്‍
കഴിഞ്ഞാല്‍ ഈ ലോകം കൂടുതല്‍ സുന്ദരമായി തോന്നും .
കടല് എല്ലാവരും ഒരു പോലെയല്ല കാണുന്നത് .
ആകാശവും നക്ഷത്രങ്ങളും മഴയും മഞ്ഞും പൂവും പുല്ച്ചാടിയും മയിലും കുയിലും കിളികളും തുമ്പിയും ഉറുമ്പും അങ്ങനെയങ്ങനെ ..
ഒരു പുഴു ഇഴയുന്നതില്‍ പോലും ഉണ്ട്
ഒരഴക് !! കാണാനുള്ള മനസ്സുള്ളവര്‍ ക്ക് ...!

മഴയിലഴുകി
വഴുതും വഴിയിലൂടിഴയും
പുഴുവിനും
വഴിയുമഴക് !

1 comments:

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്