2014, മാർച്ച് 10, തിങ്കളാഴ്‌ച

കാഴ്ച
ചൂട്
അസഹ്യമായത് കൊണ്ട് എ സി ക്ക് പുറമേ ഫാനും ഇട്ടാണ് അന്ന് കിടന്നത് . എന്നിട്ടും ഉറക്കം ശരിയാവാത്തത് കൊണ്ട് ഉറക്കച്ചടവോടെയാണ് ഓഫീസിലേക്ക് പോകുന്നത് .

ദിവസം തോറും ഇങ്ങനെ ചൂട് കൂടിയാല്‍ എന്താവും അവസ്ഥ
എന്നൊക്കെ ചൂടിനെക്കുറിച്ച് തന്നെ ഓര്‍ത്തു കൊണ്ടാണ്
നടത്തം .
അപ്പോഴാണ്‌ ആ കാഴ്ച കാണുന്നത് .

വഴിയരികില്‍ വെറും നിലത്ത് , സൂര്യന്റെ ചോട്ടില്‍ ഒരു വൃദ്ധന്‍ പരിസരം മറന്ന് സുഖമായി ഉറങ്ങുന്നു ..!

അഴുക്കു പുരണ്ട ശരീരവും വസ്ത്രവും .
അലക്ഷ്യമായി നീണ്ടു വളര്‍ന്ന താടി മുഴുവനും നരച്ചിരിക്കുന്നു .
പകുതിയിലേറെ കഷണ്ടി ബാധിച്ച അയാളുടെ തലയില്‍ നിറയെ അഴുക്കാണ് . ദിവസങ്ങളും മാസങ്ങളും ആയിക്കാണും ആ ശരീരം വെള്ളം കണ്ടിട്ട് ..

ഞാന്‍ അദ്ദേഹത്തിന്‍റെ ആ കിടപ്പ് കണ്ടു സങ്കടത്തോടെ നടന്നു പോകുമ്പോഴാണ് അത് ശ്രദ്ധിച്ചത് .
അദ്ദേഹത്തിന്റെ നഗ്നത മുഴുവന്‍ വെളിക്കു കാണുന്നുണ്ട് .

എന്ത് ചെയ്യണം എന്നറിയാതെ ഞാനൊന്നു പരുങ്ങി .
മറ്റൊന്നും ചെയ്യാന്‍ കഴിയില്ലെങ്കിലും ആ വസ്ത്രമൊന്നു നേരെയിടാന്‍ എങ്കിലും കഴിയുമല്ലോ . അത് പോലും ചെയ്യാതെ ഞാന്‍ എങ്ങനെ ഈ മനുഷ്യനെ കടന്നു പോകും ?

പക്ഷെ എനിക്ക് പേടിയായി .
കണ്ടിട്ട് ആള്‍ക്ക് മാനസികമായി എന്തോ കുഴപ്പമുണ്ട് !
ആ നിലക്ക് അദ്ദേഹം ഉണര്‍ന്നാല്‍ ഒരു പക്ഷെ അക്രമാസക്തന്‍ ആയാലോ ?
സുഖമായി ഉറങ്ങുന്ന അയാളുടെ ഉറക്കം മുറിഞ്ഞാലോ ?
ഉറങ്ങുന്ന ആരെയും ശല്യപ്പെടുത്തുന്നത് എനിക്ക് ഇഷ്ടമല്ല .

ഏതായാലും ആ നഗ്നത മറക്കാതെ കടന്നു പോകുന്നത് ശരിയല്ല എന്ന് തീരുമാനിച്ചു .
മെല്ലെ അഴുക്കു പുരണ്ട അദ്ദേഹത്തിന്‍റെ വസ്ത്രം അയാളെ ഉണര്‍ത്താതെ ശരിയാക്കിക്കൊടുത്തു .
ഭാഗ്യത്തിന് അപ്പോഴും അദ്ദേഹം സുഖമായി ഉറങ്ങുകയാണ് !!

സത്യത്തില്‍ ഇന്നലെ എന്നെ അലട്ടിയ 'ഒരു ചെറിയ അസ്വസ്ഥത ക്ക് ' പറ്റിയ നല്ല ഒരു ഒറ്റമൂലി യായിരുന്നു ഈ കാഴ്ച !!

സ്വന്തമായി ഒരു കൂരയില്ലാത്തവര്‍ , കയ്യും കാലും ഇല്ലാത്തവര്‍ , കാഴ്ച നഷ്ടപ്പെട്ടവര്‍ , പ്രാഥമിക ആവശ്യങ്ങള്‍ പോലും മറ്റുള്ളവരെ ആശ്രയിക്കാതെ നീര്‍വഹിക്കാന്‍ കഴിയാത്തവര്‍ , മാറാവ്യാധികളുമായി നരകിച്ചു ദിവസങ്ങള് കഴിക്കുന്നവര്‍ ..

ചെറിയ ഒരസുഖം വരുമ്പോഴേക്കും അസ്വസ്ഥ രാവുന്ന നാം , ഒരു നിരാശ ഉണ്ടാവുമ്പോഴേക്കും തളരുന്ന നാം , വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കാതെ പോകുമ്പോള്‍ ആരെയൊക്കെയോ ശപിക്കുന്ന നാം , നമ്മെക്കാള്‍ കഷ്ട പ്പെടുന്നവരെ , നമ്മെക്കാള്‍ ദുരിതം അനുഭവിക്കുന്നവരെ കുറിച്ച് നാം ഓര്‍ക്കാതെ പോകും . നാം നിരാശരാവും .


കിട്ടിയ സൌഭാഗ്യങ്ങളെ ഓര്‍ത്ത്‌ അതില്‍ തൃപ്തരായി അത് നല്കിയ നാഥനെ ഓര്‍ത്തും അവനോടു നന്ദിയുള്ള വരായും മുന്നോട്ടു പോകാനാണ് നാം ശ്രമിക്കേണ്ടത് .
ധനം കൊണ്ടുള്ള ഐ ശ്വര്യം അല്ല യഥാര്‍ത്ഥ ഐശ്വര്യം . മാനസിക ഐശ്വര്യം ആണ് !

"'നിങ്ങള്‍ നിങ്ങളെക്കാള്‍ മീതെ യുള്ളവരിലേക്ക് നോക്കാതെ താഴെയുള്ള വരിലേക്ക് നോക്കുക ; നാഥന്‍ നിങ്ങള്ക്ക് നല്കിയ അനുഗ്രഹങ്ങള്‍ കുറച്ചു കാണാതിരിക്കാന്‍ അതാണ്‌ ഏറ്റവും നല്ലത് ..." (തിരുവരുള്‍ )

1 comments:

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്