2014, മാർച്ച് 10, തിങ്കളാഴ്‌ച

മഴ ഭാവങ്ങള്‍

മാര്‍ച്ച്‌ കഴിയുന്നേരം
വിടപറയാന്‍ വെമ്പി
വാക്കുകള്‍ മുറിഞ്ഞു
മുനിഞ്ഞു കത്തുന്ന
നിന്റെ കണ്ണുകളില്‍ നിന്ന്
ഞാന്‍ വായിച്ചെടുത്ത
പേരറിയാ മഴ

ഇറങ്ങാന്‍ നേരം
കരിമഷി പടര്‍ത്തിയ
കണ്ണുകളില്‍
കണ്മുനകള്‍ കൊണ്ടുമ്മ വെക്കുമ്പോള്‍
പെയ്യാന്‍ കനത്ത്
നിന്റെയുള്ളില്‍
ഉരുണ്ടു കൂടിയ
വിരഹ മഴ

പ്രസവറൂമിന് പുറത്ത്
ആകാംക്ഷയുടെ
ഇടുങ്ങിയ ബെഞ്ചില്‍
ഇരുന്നുരുകുമ്പോള്‍
വെളുത്ത മാലാഖ
കൈകളില്‍ ഏല്‍പ്പിച്ച
കുഞ്ഞു പൂവിനുമ്മ
കൊടുക്കുമ്പോള്‍
കണ്ണില്‍ പൂത്ത
ഹര്‍ഷ മഴ

വിരല്‍ ത്തുമ്പില്‍ നിന്ന്
പിടി വിടുവിച്ചു
തിരിഞ്ഞു നോക്കാതെ നടന്നു പോകുമ്പോള്‍
അവന്റെ കണ്ണില്‍ പൊടിഞ്ഞ
പാതി നനഞ്ഞ
കൊഞ്ചല്‍ മഴ

വിഹ്വലതകള്‍ക്കൊടുവില്‍
വലത് കാല്‍ വെച്ച്
നീ പടിയിറങ്ങുമ്പോള്‍
പിടിച്ചു നില്‍ക്കാന്‍ കഴിയാതെ
തേങ്ങലടക്കുമ്പോള്‍
മകളേ
നിന്റെ കണ്ണില്‍ കണ്ട
മുല്ല മഴ

പൊന്നുമ്മയുടെ
കണ്ണുകള്‍
അമര്‍ത്തി അടക്കുമ്പോള്‍
നിയന്ത്രണം വിട്ട്
ഭംഗിയുള്ള ആ മുഖത്തേക്ക്
തുളുമ്പി തൂവിയ
അശ്രു മഴ !!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്